Thoughts & Arts
Image

SYS@70-7/ എസ് വൈ എസ് നായകർ

15-06-2023

Web Design

15 Comments





സമസ്ത മുശാവറ അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, മലപ്പുറം ജില്ലാ പ്രസിഡണ്ട്, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, മുസ്‌ലിംലീഗ് സംസ്ഥാന സമിതിയംഗം, പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വഖഫ് കൗണ്‍സിലിലെ ആദ്യമലയാളി അംഗം, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പ്രസിഡണ്ട്, ജാമിഅഃ നൂരിയ്യ മാനേജിങ് കമ്മിറ്റിയംഗം, വയനാട് ജില്ലാ ഖാസി, മേല്‍മുറി ട്രെയിനിങ് കോളജ് ചെയര്‍മാന്‍, കുണ്ടൂര്‍ മര്‍ക്കസ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് തുടങ്ങിയ പദവികളിലൂടെ അവിശ്രാന്തം ജനസേവന മണ്ഡലത്തില്‍ കര്‍മനിരതനായി അദ്ദേഹം.



ബാല്യം നല്‍കിയ ജീവിതാനുഭവ പാഠങ്ങളില്‍നിന്നു രൂപപ്പെട്ടതായിരുന്നു മെയ്ക്കരുത്തും മനക്കരുത്തുമുള്ള ആ വ്യക്തിത്വം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉറച്ച മനസ്സും ഉറച്ച പേശികളും ഉപകാരപ്പെടുമെന്നത് ഉമറലി ശിഹാബ് തങ്ങളുടെ നിലപാട് തന്നെയായിരുന്നു.
കടലുണ്ടിപ്പുഴയോരത്തെ വൈദ്യുതിയും വഴിവെളിച്ചവുമില്ലാത്ത പാണക്കാടിന്റെ ഗ്രാമ്യപ്രകൃതിയില്‍ കൊടപ്പനക്കല്‍ വീടിന്റെ ചുറ്റിലും ഭയംകലര്‍ന്ന ഒരനാഥത്വം കുറഞ്ഞ കാലത്തേക്കാണെങ്കിലും അനുഭവിച്ചറിഞ്ഞ ഒരു കുട്ടിക്കാലമുണ്ടായിരുന്നു. 1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലം. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു. ആറാംതരം വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠനത്തിനായി കോഴിക്കോട്ടായിരുന്നു. വീട്ടില്‍ ക്ഷയരോഗത്തിന്റെ മൂര്‍ധന്യതയില്‍ ഉമ്മ ശയ്യാവലംബിയായിരുന്നു. അനിയന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ് മാത്രമായിരുന്നു പ്രായം. ഇടയില്‍ രണ്ടു പെങ്ങന്മാര്‍. ജ്യേഷ്ഠന്‍ വാരാന്ത്യത്തില്‍ വരുന്നതുവരെ വീട്ടിലെ മുതിര്‍ന്ന ആളായി എല്ലാവര്‍ക്കും ധൈര്യംകൊടുക്കാനുള്ളത് ഉമറലി ശിഹാബ് എന്ന ആറു വയസ്സുകാരന്‍ മാത്രമായിരുന്നു. ആ ഒന്നാംതരത്തിലെ വിദ്യാര്‍ഥി ബാപ്പ എന്നു ജയില്‍മോചിതനാകുമെന്നുപോലും അറിയാത്ത അനിശ്ചിതത്വത്തിന്റെ നാളുകള്‍. സ്‌കൂളില്‍ കൂട്ടുകാര്‍ പറയുന്ന പേടിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍. മഴയും കാറ്റും വെള്ളപ്പൊക്കവും. വീട്ടില്‍ ഉമ്മയുടെ രോഗം കലശല്‍. ബന്ധുക്കളെ വിളിക്കണമെങ്കില്‍പോലും ചൂട്ടുംമിന്നിച്ച് പുറത്തുപോകാനുള്ളത് മുത്തുമോന്‍ എന്ന ഈ കൊച്ചുകുട്ടി മാത്രം. ആ ഒറ്റപ്പെടലില്‍ നിന്നുറവയെടുക്കുന്ന ഒരു ആത്മധൈര്യമുണ്ട്.
മറുകരപറ്റാന്‍ ഒറ്റക്കു തുഴയേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ആറു വയസ്സുകാരന്റെ അന്തിമനിശ്ചയം. ആ കൂസലില്ലായ്മയാണ് തനിക്കു അഭിമുഖം നില്‍ക്കേണ്ടിവന്ന സര്‍വപ്രശ്‌നങ്ങളോടും ഉമറലി തങ്ങള്‍ കൈക്കൊണ്ട സുനിശ്ചിത തീരുമാനങ്ങളുടെ അകക്കാമ്പ്.



ബാബരി മസ്ജിദ് വിഷയം കത്തിനില്‍ക്കെ 1990ന്റെ ആദ്യം സുന്നി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തി യാത്ര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമാണ്. ഓരോ കേന്ദ്രത്തിലും തങ്ങള്‍ ചെയ്ത പ്രസംഗം മലയാളത്തിലെ പ്രബുദ്ധ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു.
1973ല്‍ ഉമറലി തങ്ങള്‍ ഏറനാട് താലൂക്ക് എസ്.വൈ.എസ് പ്രസിഡണ്ടായിരിക്കെ മത, ഭൗതിക പഠനത്തിനായി നിര്‍ധനരായ രണ്ടുപേര്‍ക്ക് വിദ്യാഭ്യാസ കാലം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ അക്കാലത്തെ സാമ്പത്തിക സ്ഥിതി പദ്ധതി തുടര്‍ന്നുപോകുന്നതിനു തടസ്സമായി. കുട്ടികളുടെ ഭാഗത്തുനിന്നും പിന്നീട് ആവശ്യങ്ങളുണ്ടാവാത്തതിനാല്‍ അതങ്ങനെ മറവിയിലേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ ഫൈസി ബിരുദവും മറ്റൊരാള്‍ അലീഗഡില്‍നിന്ന് പി.ജിയും കഴിഞ്ഞു പുറത്തിറങ്ങി. നന്ദി പറയാന്‍ ഓഫീസിലെത്തിയപ്പോഴാണറിയുന്നത് ഒരിക്കലും മുടക്കം വരാതെ മുഴുവന്‍ തുകയും കുട്ടികള്‍ക്ക് ഉമറലി ശിഹാബ് തങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു എന്ന്. അതായിരുന്നു ആ കാവലും സ്‌നേഹവും.



പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബര്‍ 28 ഹി. 1360 ദുല്‍ഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്കായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ജനിച്ചത്. നാടും കുടുംബവുമായി അഗാധമായ ബന്ധം സ്ഥാപിച്ചിരുന്ന ഉമറലി ശിഹാബ് തങ്ങളുടെ ജീവിതവും പെരുമാറ്റവും എന്നന്നേക്കും എല്ലാവര്‍ക്കും ഒരു മാതൃക കൂടിയാണ്. പുറത്തെ ഗൗരവത്തിനപ്പുറം അകത്ത് വലിയൊരു സ്‌നേഹ സാഗരം സൂക്ഷിച്ചിരുന്ന ബഹുവന്ദ്യരായ ഉമറലി ശിഹാബ് തങ്ങള്‍ 2008 ജൂലൈ 3 റജബ് മാസം ഒന്നിന് വ്യാഴാഴ്ച രാത്രി 10.10 ന് നമ്മോട് വിട പറഞ്ഞു. പാണക്കാട്ട് പള്ളി മഖ്ബറയിൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു. (കടപ്പാട്)



9 എം എം ബഷീർ മുസ്ലിയാർ



നല്ല പ്രാസംഗികൻ, പ്രവർത്തകൻ, പ്രബോധകൻ, അധ്യാപകൻ, ആസൂത്രകൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായി ചേരുന്ന ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു മൗലാനാ എംഎം ബഷീർ മുസ്ലിയാരുടേത്. അപാരമായ ബുദ്ധി ശക്തിയും ശാസ്ത്രീയമായ ആവിഷ്കരണങ്ങളും കൊണ്ട് വ്യത്യസ്ഥനായ അദ്ദേഹം സമസ്തയുടെ കമ്പ്യൂട്ടർ എന്നാണ് പരിചയപ്പെടുത്തപ്പെടുന്നത്. കൈവച്ച മേഖലകളിൽ എല്ലാം അദ്ദേഹം തന്റെ പ്രതിഭ പ്രകടിപ്പിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാണ്ടോട്ടിൽ വലിയ അഹമ്മദ് കുട്ടി മുസ്ലിയാർ കല്ലൻ കദിയ എന്നിവരുടെ മകനായി 1929 ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. തികഞ്ഞ ദീനി ചുറ്റുപാടിലാണ് അദ്ദേഹത്തെ മാതാപിതാക്കൾ വളർത്തിയത്. പ്രാഥമിക മതവിദ്യാഭ്യാസങ്ങൾ എല്ലാം സ്വന്തം പിതാവിൽ നിന്ന് തന്നെയായിരുന്നു. ചെറുപ്പത്തിൽ തന്നെ അനിതര സാധാരണമായ പക്വതയും പഠനത്തിൽ പ്രത്യേക താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ചേരൂർ ഗവൺമെൻറ് എൽ പി സ്കൂൾ, വേങ്ങര യുപി സ്കൂൾ, കോഴിക്കോട് ജെ ഡി ടി ഇസ്ലാം എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ഭൗതിക വിദ്യാഭ്യാസം നേടിയത്. അച്ഛനമ്പലം പള്ളി ദർസിൽ വച്ചായിരുന്നു ദർസ് പഠനത്തിന്റെ തുടക്കം. പിന്നീട് പൊന്മുണ്ടം അവറാൻ കുട്ടി മുസ്ലിയാർ, കാട്ടിലങ്ങാടി ബാപ്പു മുസ്ലിയാർ, മൗലാന കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഉസ്താദുമാരുടെ ദർസുകളിൽ ചേർന്ന് മതപഠനം പൂർത്തിയാക്കുകയും വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് റാങ്കോടുകൂടെ വിജയിച്ചു പഠനം പൂർത്തിയാക്കുകയും ചെയ്തു.



1958 ൽ വി എം മൊയ്തീൻകുട്ടി ഹാജിയുടെ മകൾ സൈനബയെ വിവാഹം ചെയ്തു. അബ്ദുസമദ്, അബ്ദുസ്സലാം, ഉസ്മാൻ, അബ്ദുറഷീദ്, ഷുക്കൂർ എന്നിങ്ങനെ 5 ആൺമക്കൾ ജനിക്കുകയുണ്ടായി. ഈ ദാമ്പത്യത്തിൽ മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു. പഠനകാലത്ത് സംഘടനാ രംഗത്തും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. യുവജന വേദിയായ ചേറൂർ ഇർഷാദുൽ മുസ്ലിമീൻ സംഘം സ്ഥാപിച്ചതും അതിന്റെ അധ്യക്ഷനായി പ്രവർത്തിച്ചതും അതിന്റെ തെളിവാണ്. ഉപരിപഠനം കഴിഞ്ഞതിനുശേഷം ദർസ് പഠനം ആരംഭിച്ച അച്ഛനമ്പലം പള്ളിയിൽ തന്നെ ദർസ് ഏറ്റെടുത്തു കൊണ്ടായിരുന്നു അധ്യാപക സേവനം ആരംഭിച്ചത്. വെളിമുക്ക്, മറ്റത്തൂർ എന്നിവിടങ്ങളിലും കൊണ്ടോട്ടി പഴയ ജുമാഅത്ത് പള്ളിയിലും ദർസ് നടത്തിയിട്ടുണ്ട്. ദർസ് രംഗത്തേക്ക് ശാസ്ത്രീയമായ പുരോഗമനങ്ങൾ കൊണ്ടുവന്നത് എം എം ബഷീർ മുസ്ലിയാരാണ്. പരമ്പരാഗത പാരമ്പര്യങ്ങളെ ഉപേക്ഷിക്കാതെ ദർസുകളെ നവീകരിക്കുകയായിരുന്നു അദ്ദേഹം.



പ്രയാസകരമായ ഫിഖ്ഹ് മസ്അലകളും ഭാഷാശാസ്ത്രവും ലളിതവും സരസവുമായി വിശദീകരിക്കാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ തന്നെ പല ഭാഗങ്ങളിൽ നിന്നും മതവിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ദർസ് തേടി വരുമായിരുന്നു. അതോടൊപ്പം തന്നെ നാടാകെ നടന്ന് ഖണ്ഡന പ്രസംഗങ്ങൾ നടത്തി ബിദ്അത്തിനെ പ്രതിരോധിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. സ്ത്രീകളുടെ ജുമുഅ - ജമാഅത്ത് തന്നെയായിരുന്നു ഈ രംഗത്ത് അദ്ദേഹത്തിന്റെ പ്രധാന വിഷയം.



പല കാരണങ്ങളാലും ദർസിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോകുന്ന ദയനീയമായ സ്ഥിതിവിശേഷം കണ്ട അദ്ദേഹം ദർസീ രംഗത്ത് കാലികവും ശാസ്ത്രീയവുമായ അധ്യയന - അധ്യാപന രീതികൾക്ക് രൂപം നൽകി. അന്നത്തെ കാലത്തെ ഏറ്റവും വലിയ പുരോഗമനമായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ ഇത്തരം വേറിട്ട ചിന്തകളാണ് 1972 ൽ അദ്ദേഹത്തെ കടമേരി റഹ്മാനിയ്യയിൽ എത്തിച്ചത്. 1987 ജനുവരി 22ന് മരണപ്പെടുന്നത് വരെ പിന്നെ ആ പദവി അദ്ദേഹം തന്നെ വഹിക്കുകയുണ്ടായി. മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിലെ സുന്നി കേരളത്തിന്റെ ആദ്യത്തെ ചുവടുവെപ്പായിട്ടാണ് കടമേരി റഹ്മാനിയ അറബിക് കോളേജ് പരിഗണിക്കപ്പെടുന്നത്. സമസ്ത മുശാവറ മെമ്പർ, സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡൻറ്, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ സ്ഥാപക പ്രസിഡണ്ട് തുടങ്ങി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. തന്റെ കാഴ്ചപ്പാടും ജീവിതവും സമർപ്പിച്ച രണ്ട് സ്ഥാപനങ്ങളാണ് കടമേരി റഹ്മാനിയയും ചെമ്മാട് ദാറുൽ ഹുദായും. ആയതിനാൽ ഇവ രണ്ടും അദ്ദേഹത്തിന്റെ നിത്യ സ്മാരകങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്.



കോട്ടുമല ദര്‍സില്‍ പഠിതാവായിരിക്കുമ്പോള്‍ തന്നെ ബിദ്അത്തിന്റെ മുള്‍ചെടികളെ വേരൊടെ പിഴുതെടുക്കാനും അഹ് ലുസുന്നയുടെ വൈജ്ഞാനിക സന്ദേശം പകരാനും ആണ് ഉസ്താദ് ചേറൂരില്‍ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ എന്ന സംഘടന സ്ഥാപിച്ചത്. സമസ്ത യുവജന മുന്നേറ്റത്തിനുള്ള സംഘ ബോധത്തെ കുറിച്ച് ചിന്തിക്കുന്നതിന്റെ മുമ്പായിരുന്നു ഉസ്താദിന്റെ ഈ നീക്കം. 1954 ലാണ് സമസ്ത യുവ ജനങ്ങളുടെ ധാര്‍മ്മിക പോഷണത്തിനായി എസ്.വൈ.എസ് എന്ന ഘടകത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ 1952 ല്‍ ബഷീര്‍ മുസ് ലിയാര്‍ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ എന്ന സംഘടന രൂപീകരിച്ച് ദീര്‍ഘവീക്ഷണത്തിലുള്ള പ്രവർത്തകരുടെ കര്‍മ്മ മണ്ഡലവും പ്രവര്‍ത്ഥന ഗോഥയും വിശാലമാക്കി കഴിഞ്ഞിരുന്നു. ഇര്‍ഷാദുല്‍ മുസ് ലിമീന്റെ കീഴില്‍ മഅ് ദിനുല്‍ ബയാന്‍ മദ്രസ സ്ഥാപിച്ചു കൊണ്ട് വൈജ്ഞാനിക മുന്നേറ്റത്തിന് നാന്ദി കുറിച്ചു. ശൈലി. ഭാഷ ശുദ്ധി, വശ്യത, വിഷയ ക്രമീകരണം, ശബ്ദ സ്വാധീനം എന്നീ ഗുണങ്ങളെല്ലാം ഉസ്താദിന്റെ പ്രഭാഷണ മേന്മക്ക് കാരണങ്ങളായി. ആദര്‍ശ - ആശയ സംരക്ഷണത്തനായി അക്ഷീണ അവിശ്രമം നടത്തിയിരുന്ന ബഹുമാന്യര്‍ക്ക് തന്റെ ഗഹനമായ പഠനങ്ങളും ഭൗതികമായ ദര്‍ശനങ്ങളും ആദര്‍ശ ഖണ്ഡന പ്രസംഗങ്ങള്‍ക്ക് ഏറെ ഉപകാരമായിട്ടുണ്ട്. മുസ് ലിം പൊതു വിഷയങ്ങളില്‍ ദീനിന്റെ സംരക്ഷണത്തിന് സ്ഥാനം നല്‍കികൊണ്ടുള്ള നിലപാടായിരുന്നു ഉസ്താദിന്റെത്. ഇസ് ലാമിന്റെ ഉണ്‍മ നഷ്ടപ്പെടുമെന്ന് തോന്നുന്ന സമസ്യകളിലെല്ലാം ദീനിനെ സംരക്ഷിക്കാന്‍ സകല വിമര്‍ശനങ്ങളും മറി കടന്ന് ദീര്‍ഘ വീക്ഷണതയോടെ മുജാഹിദുകളോട് വരെ വേദി പങ്കിടാന്‍ ഉസ്താദ് മടിച്ചില്ല.



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോടൊപ്പം സഞ്ചരിച്ച ഉസ്താദ് താന്‍ വഴി നടത്തിയ കാലഘട്ടത്തെ ചരിത്ര താളുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചാം തരം മാത്രം ഉണ്ടായുരുന്ന മദ്രസ സംവിധാനത്തെ എട്ടാം തരം വരെ ഉയര്‍ത്താന്‍ ഉസ്താദിനായി. കൃത്യമായ പരിഷ്‌കരണങ്ങള്‍ വ്യവസ്ഥാപിതമായി ഉസ്താദ് നിറവേറ്റികൊണ്ടിരുന്നു. വിസ്മയകരമായ ആ കാലയളവിലാണ് ജംഇയ്യത്തുല്‍ മുദരിസ്സീനും പാഠ പുസ്ത പരിഷ്‌കരണങ്ങളും ദര്‍സ്സ് സിലബസ്സ് എകീകരണവും മുഅല്ലിം ട്രൈനിംങ് തുടങ്ങി നവോന്മേഷകരമായ നിരവധി പദ്ധതികള്‍ ഉദയം കൊള്ളുന്നത്. ഉസ്താദ് നടത്തിയ വൈജ്ഞാനിക സമ്മേളനങ്ങളെല്ലാം മാസ്മരിതകള്‍ ഉള്‍കൊള്ളുന്നതായിരുന്നു. ജന ബാഹൂല്യവും മാനവ ശക്തിയും ആള്‍ ബലവും കാണിക്കുന്നതിലേറെ കൃത്യമായ ക്ലാസ് സംവിധാനങ്ങളോടെ അറിവ് വിതറുന്ന സംഗമങ്ങളായി സമ്മളനങ്ങൾ മാറുന്നത് അക്കാലയളവിലാണ്.



1987 ജനുവരി 21 ന് പ്രൗഢമായ ഓർമ്മകൾ ബാക്കിവെച്ച് മഹാനവർകൾ യാത്രയായി.



10 സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ



പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാനരില്‍ മൂന്നാമനായി 1947 ജൂണിലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. ഒത്തുപള്ളിയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേർന്ന് പത്താംക്ലാസ് വരേയുള്ള പഠനം പൂർത്തിയാക്കി. പത്താംക്ലാസ് പഠനത്തിന് ശേഷമാണ് പൂർണ്ണമായ മതപഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോന്നല്ലൂർ ദർസ്, പൊന്നാനി മഊനത്തില്‍ ഇസ്ലാം, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ പഠനം തുടർന്നു.



1975 ല്‍ ഫൈസി ബിരുദം സ്വന്തമാക്കി. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു സംഘടന പ്രവർത്തനത്തിലെ ആദ്യ കാല്‍വെല്‍പ്പ്. 1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. പിതാവ് പി എം എസ് എ പൂക്കോയ തങ്ങളുടെ മരണത്തോടെ രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമാവാന്‍ തുടങ്ങി. 2008 ല്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് സമസ്തയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ല്‍ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ പാർട്ടി അധ്യക്ഷനായും അദ്ദേഹം സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെട്ടു.



18 വർഷത്തോളം മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം 2009 ലാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. സമുന്നതനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷം ലീഗിനെ നയിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ സംശയമുനകള്‍ ഉയർത്തിയവർ പാർട്ടിക്ക് അകത്തും പുറത്തും ഏറെയായിരുന്നു. എന്നാല്‍ മുന്‍ഗാമികളുടെ അതേ മാതൃകയില്‍ തന്നെ അദ്ദേഹത്തിന് പാർട്ടിയെ നയിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയപരമായി ലീഗിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ പാർട്ടിയെ നയിച്ചത്.



പിതാവ് പാണക്കാട് പൂക്കോയ തങ്ങളുടെ വിശാലമായ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സഹജീവി സമാശ്വാസത്തിന്റെയും പാത അതേപടി പിന്തുടരാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരെപ്പോലെതന്നെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഏതൊരു സങ്കീര്‍ണ സാഹചര്യത്തിലും അനുരജ്ഞനമെന്നതായിരുന്നു തങ്ങളുടെ പക്ഷം. ഏറെ കലുഷമായേക്കുമെന്ന് ഭയപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പോലും അനുരജ്ഞനത്തിന്റെ സന്ദേശം പാര്‍ട്ടി അണികളിലേക്ക് നല്‍കുക വഴി സംസ്ഥാനത്തിന്റെ സര്‍വ മേഖലകളില്‍ നിന്നുമുള്ള ആദരവും സ്‌നേഹവും അദ്ദേഹത്തെ തേടിയെത്തി. ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്ന മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റായി കാല്‍ നൂറ്റാണ്ട് കാലം അദ്ദേഹം തിളങ്ങി നിന്നു.



വിദ്വേഷ പ്രചാരകര്‍ക്കും ധ്രുവീകരണ ശക്തികള്‍ക്കും ഇടം നല്‍കാത്ത വിധം ജില്ലയിലെയും പിന്നീട് സംസ്ഥാനത്തിലെ തന്നെയും മുസ്ലിം രാഷ്ട്രീയത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയതില്‍ തങ്ങളുടെ പങ്ക് സ്മരണീയമാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെന്ന രാഷ്ട്രീയ ഉത്തരവാദിത്തവും സമസ്തയുടെ മതപരമായ ഉത്തരവാദിത്തവും നിറവേറ്റുമ്പോള്‍ തന്നെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുമായും മതസംഘടനാ നേതൃത്വങ്ങളുമായും അടുപ്പവും സൗഹൃദവും ഹൈദരലി ശിഹാബ് തങ്ങള്‍ കൂത്തുസൂക്ഷിച്ചു. സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ മുസ്‌ലിം അവാന്തര വിഭാഗങ്ങളുമായി കൂട്ടായ ചര്‍ച്ചകള്‍ക്കും കൂട്ടായ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പൊതു പ്രശ്‌നങ്ങളില്‍ എന്നും സമുദായത്തോടൊപ്പം ഐക്യപ്പെടുകയെന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തി പിടിച്ച സന്ദേശം. ഏറ്റവും ഒടുവില്‍ വഖഫ് ബോര്‍ഡിന്റെ വിഷയം വന്നപ്പോള്‍, രോഗാവസ്ഥയിലും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുസ്‌ലിം സംഘടനകളെ ഒരുമിച്ചിരുത്താനുള്ള യോഗം വിളിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ കേവലം അധികാര രാഷ്ട്രീയം മാത്രമല്ലെന്നും വേദനയനുഭവിക്കുന്നവന്റെ വേദനയകറ്റലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകലും കൂടിയാണെന്ന് അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃക കാണിച്ചു. ജാതിമതഭേദമന്യെ അനേകായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും അദ്ദേഹം നേതൃത്വം നല്‍കി. തൂക്കുകയര്‍ വിധിക്കപ്പെട്ട ഇതര സമുദായക്കാര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാന്‍ കാരുണ്യത്തിന്റെ സഹായഹസ്തം ചൊരിഞ്ഞ മഹാവ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.



സംസ്ഥാനത്തെ ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയായ ഹൈദരലി തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ നിരവധി ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു. സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. മക്കള്‍: സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ. 2022 മാർച്ച് ആറിന് അങ്കമാലിയിൽ വെച്ച് മഹാനവർകൾ വഫാത്തായി. പാണക്കാട്ട് പള്ളി മഖ്ബറയിലാണ് അന്ത്യനിദ്ര.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso