SYS@70-6/ സമുന്നത സാരഥികൾ
15-06-2023
Web Design
15 Comments
പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ പഠിപ്പിക്കാന്‍ ആദ്യമായി മുന്നിട്ടിറങ്ങിയത് അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിന് സ്വന്തമായ ഒരു ഓഫീസ് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു. 1970-ല്‍ ഇത് സാക്ഷാത്കൃതമായതോടെ പരപ്പനങ്ങാടിയില്‍ നിന്നും ചേളാരിയിലേക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറി. ഇതോടെ ഉസ്മാന്‍ സാഹിബ് കുടുംബസമേതം സമസ്താലയത്തിന് ഏറെ അകലെയല്ലാതെ ക്രസന്റ് ഹൗസിലേക്ക് താമസം മാറ്റി. 1998 ആഗസ്റ്റ് 7-ന്(റബീഉല്‍ ആഖര്‍ 15) വെള്ളിയാഴ്ച ആ കർമ്മയോഗി ഈ ലോകത്തോട് യാത്രപറഞ്ഞു. വസ്വിയ്യത്തനുസരിച്ച് തന്റെ പിതാമഹന്‍ ശൈഖ് നൂറുദ്ദീന്‍ അവര്‍കളുടെ ചാലിയത്തെ മഖ്ബറയിലാണ് അന്ത്യവിശ്രമമൊരുക്കിയത്.
5 പി എം എസ് എ പൂക്കോയ തങ്ങൾ
പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ എന്ന പേര് കേൾക്കാത്തവരായി കേരളക്കരയിൽ ഒരാളുമുണ്ടാവില്ല.
അവര്‍ണ്ണനീയമായ വ്യക്തിത്വം, ആത്മീയ ഗുരു, മതനേതാവ്, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, ആതുരശുശ്രൂഷകന്‍, മൂല്യമുള്ള രാഷ്ട്രീയക്കാരൻ, സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തവും, പ്രഗത്ഭവുമായിരുന്നു ആ ബഹുമുഖ വ്യക്തിത്വം. അന്ത്യപ്രവാചകനായ റസൂല്‍ കരീം(സ)യുടെ 36-ാമത്തെ പേരക്കിട്ടുവാണ് മര്‍ഹും തങ്ങള്‍. പാണക്കാട് സയ്യിദ് വംശപരമ്പരയിലെ മലബാറില്‍ കുടിയേറിപ്പാര്‍ത്ത ഈ ആദ്യത്തെ കണ്ണിയുടെ പ്രപിതാക്കൾ 18-ാം നൂറ്റാണ്ടില്‍ അറേബ്യയിലെ ഹളര്‍മൗത്തില്‍ നിന്നാണ് കേരളത്തില്‍ വന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ അവരിലെ സയ്യിദലി ശിഹാബുദ്ദീന്‍ തങ്ങള്‍ വളപട്ടണത്തു വന്നു താമസമാക്കി. അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ കണ്ണൂര്‍ അറക്കല്‍ വീട്ടില്‍ നിന്ന് വിവാഹം ചെയ്ത് കുടുംബസമേതം കോഴിക്കോട്ട് താമസമാക്കി. പൂക്കോയ തങ്ങളുടെ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്നത്തെ പണ്ഡിതന്മാരില്‍ പ്രമുഖനും മഹാനുമായിരുന്നു.
സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് മുസ്‌ലിങ്ങള്‍ക്കാകമാനം ആവേശവും, പ്രചോദനവും നല്‍കി. ഈ കാരണത്താല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ തടങ്കലില്‍ വെക്കാനുത്തരവിട്ടു. ഹിജ്‌റ 1302-ല്‍ നിര്യാതനായ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു. ഈ സ്വാതന്ത്ര്യസമര സേനാനിയുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയ ഞ്ഞിതങ്ങളുടെ പുത്രനാണ് പാണക്കാട് തങ്ങള്‍ എന്ന പേരില്‍ വിഖ്യാതനായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ അഥവാ പി.എം.എസ്.എ. പൂക്കോയ തങ്ങള്‍.
എല്ലാ അര്‍ത്ഥത്തിലും ഒരാത്മീയ നേതാവായിരുന്നു മര്‍ഹും തങ്ങള്‍. എൺപതോളം പള്ളികളിലെ മേല്‍ ഖാളിയായിരുന്ന അദ്ദേഹത്തിന്റെ ആശീര്‍വ്വാദങ്ങളോടെ കേരളമൊട്ടുക്കും പണിതീര്‍ത്ത പള്ളികളുടേയും, മദ്‌റസകളുടേയും എണ്ണത്തിന് കയ്യും കണക്കുമില്ല. അദ്ദേഹത്തില്‍ നിന്നും തബര്‍റുക്ക് സ്വീകരിച്ചാരംഭിച്ച സ്ഥാപനങ്ങളുടെ എണ്ണവും തിട്ടമായി പറയാന്‍ ആര്‍ക്കും കഴിയില്ല. ഇതര മതസ്ഥരിലും അദ്ദേഹത്തിന്റെ ആത്മീയതയെ ആദരിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. അഹ്‌ലസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശങ്ങളിലാണ് തങ്ങള്‍ നിലകൊണ്ടിരുന്നതെങ്കിലും മുസ്‌ലിംങ്ങളിലെ സകല വിഭാഗവും പാണക്കാട് തങ്ങളെ ആത്മീയ നേതാവായിത്തന്നെ ആദരിച്ചുപോന്നു. നാലുപതിറ്റാണ്ട് കേരളത്തിലെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ നിര്‍ണ്ണായകവും, നിസ്തൂലവുമായ സേവനമനുഷ്ഠിച്ച മഹാനായിരുന്നു പാണക്കാട് പൂക്കോയ തങ്ങള്‍. 1959 ജനുവരി 29, 30 തീയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ സമ്മേളനോത്ഘാടകന്‍ തങ്ങളായിരുന്നു. 24/02/1973 നു ചേര്‍ന്ന സമസ്ത മുശാവറ അദ്ദേഹത്തെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. സമസ്തയുടെ കക്കാട്, തിരുനാവായ സമ്മേളനങ്ങളുടെ സ്വാഗതസംഘം അദ്ധ്യക്ഷന്‍, സമസ്തയുടെ കീഴില്‍ സ്ഥാപിതമായ പ്രഥമ സനദ്ദാന കോളേജ് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, മുസ്‌ലിം ലീഗ് സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ വേദികളില്‍ വെട്ടിത്തിളങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. പരശ്ശതം പള്ളി മദ്‌റസകളുടേയും, അനാഥശാല, അറബിക് കോളേജുകളുടേയും പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ അവിടുന്ന് വഹിച്ചിരുന്നു.
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഏറെ വൈകാതെ തന്നെ അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഏറനാട് താലുക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ല രൂപീകരണ ശേഷം മലപ്പുറം ജില്ല പ്രസിഡന്റ്, 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ രാഷ്ട്രീയ മേഖലയിൽ അദ്ദേഹം വഹിക്കുകയുണ്ടായി. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.
അദ്ദേഹത്തിന്റെ ആസ്ഥാനമായ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട് ഒരിക്കലെങ്കിലും ആളൊഴിഞ്ഞ സന്ദര്‍ഭമുണ്ടായിട്ടില്ല. ഏവരുടേയും ഒരഭയ കേന്ദ്രമായിരുന്നു ആ ഭവനം. കാലത്തു മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ അവിടെ സന്ദര്‍ശകരുടെ തിരക്കായിരിക്കും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതിനും, ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും ലക്ഷിക്കുന്നതിനും നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടെത്തും. ദിനംപ്രതി എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍വ്വശക്തനായ അള്ളാഹു അദ്ദേഹത്തിന് പ്രത്യേക കഴിവു തന്നെ നല്‍കിയിരുന്നു. വിവാദപരമായ പല കേസുകള്‍ക്കും തങ്ങള്‍ വിധി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. കോടതികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത കുടിപ്പകയും, വിവാഹപ്രശ്‌നങ്ങളും മാന്യമായ രീതിയില്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്ന നൂറുകണക്കിനു ഉദാഹരണങ്ങളുണ്ട്. വിവിധ കോടതികളില്‍ നടക്കുന്ന കേസുകള്‍ പാണക്കാട്ടു നിന്നും കക്ഷികള്‍ തമ്മില്‍ യോജിപ്പിലായാല്‍ വിവരം കോടതിയെ അറിയിച്ച കേസ് പിന്‍വലിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്.
മാനസികവും മറ്റുമായ രോഗമുള്ളവരുമായി നിത്യേന തങ്ങളുടെ ചികിത്സയ്ക്കായി പാണക്കാട്ടെത്തുന്നവരില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധന്മാരും തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നാനാജാതി മതസ്ഥരും ഉള്‍പ്പെടുന്നു. ദീനീ സ്ഥാപനങ്ങളായാലും, വ്യാപാര-വ്യവസായ സ്ഥാപനങ്ങളായാലും, വിവാഹ നിശ്ചയമായാലും, ഗൃഹപ്രവേശനമായാലും തങ്ങളോട് അന്വേഷിച്ചു ചെയ്യുക എന്നത് മുസ്‌ലിംകളുടെ മാത്രമല്ല, ഇതര സമുദായങ്ങളുടെ ശീലമായിരുന്നു. ആ തിരുസന്നിധിയില്‍ വെച്ച് കീരിയും പാമ്പും പോലെ വന്ന ശത്രുക്കള്‍ എല്ലാംമറന്ന് മിത്രങ്ങളായി മാറി. കൊടുമ്പിരികൊള്ളുന്ന മാനസിക രോഗികള്‍ ശാന്തചിത്തരായി മാറി. തര്‍ക്കങ്ങള്‍ ഒത്തുതീരുന്നു. നിഷ്‌കളങ്കമായ സ്‌നേഹം, നിസ്വാര്‍ത്ഥമായ സേവനതല്‍പ്പരത, നിര്‍മ്മലമായ സ്വഭാവ വൈശിഷ്ഠ്യം, അചഞ്ചലമായ വിശ്വാസദാര്‍ഢ്യം, അടിപതറാത്ത ആദര്‍ശ സ്ഥിരത തുടങ്ങിയ ഗുണങ്ങളുടെ വിളനിലമായിരുന്ന ആ ‘ന്യായാധിപന്റെ’ നിഷ്പക്ഷമായ മദ്ധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തവരോ, സ്വീകരിക്കാത്തവരോ ഉണ്ടായിരുന്നില്ല.
1975 ഏപ്രില്‍ 27ന് തീയ്യതി ബാംഗ്ലൂര്‍ക്കു പോകുമ്പോഴാണ് തങ്ങള്‍ക്ക് ആദ്യമായി രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കോഴിക്കോട്ടും, ബോംബൈയിലും, അദ്ദേഹത്തിന് ആധുനിക രീതിയിലുള്ള ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും തന്റെ ജനസേവനം നിര്‍ത്തി തിരിച്ചുപോകേണ്ട സമയമായിക്കഴിഞ്ഞിരുന്നു. സമകാലീന ചരിത്രത്തില്‍ പൂക്കോയ തങ്ങളുടെ സാന്നിധ്യം മുസ്‌ലിം സമൂഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേക അനുഗ്രഹമായിരുന്നു. മുഴുസമയം ദീനീ സേവകനായിരുന്ന മഹാനുഭാവന്‍ 1975 ജൂലൈ 6 ന് (ജമാദുല്‍ ഉഖ്‌റാ 26) വഫാത്തായി. പാണക്കാട് ജുമാമസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
6 ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ
ഹിജ്റ 1334 റമളാൻ പതിനാലാം തീയതിയാണ് ചാപ്പനങ്ങാടി കടുത്ത പറങ്കിമൂച്ചിക്കൽ ഏരിയാടൻ വെള്ള ഹസ്സൻ മുസ്ലിയാരുടെ പുത്രനായി ശൈഖുനാ മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാർ ജനിച്ചത്. കൊല്ലംതൊടി ബിയ്യ എന്ന സ്വാലിഹത്താണ് മാതാവ്. പിതാവ് ഹസ്സൻ മുസ്‌ലിയാർ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരിൽ ഒരാളായിരുന്നു. മതപ്രസംഗരംഗത്ത് അന്നത്തെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയുമായിരുന്നു അദ്ദേഹം. വിവിധ വിജ്ഞാന ശാഖകളിൽ പ്രത്യേകിച്ചും സാമർത്ഥ്യം നേടിയിരുന്ന അദ്ദേഹത്തിന്റെ ആകർഷകമായ മതപ്രസംഗം ധാരാളം ആളുകൾക്ക് സന്മാർഗവും വിജ്ഞാനവും പ്രധാനം ചെയ്തിരുന്നു. താനൂർ അബ്ദുറഹ്മാൻ ശൈഖ് അവർകളുടെ ശിഷ്യത്വം നേടാൻ ഭാഗ്യം ലഭിച്ച അദ്ദേഹം അറിയപ്പെട്ട ഒരു ശഖ്ശബന്ധി ത്വരീഖത്തുകാരനായിരുന്നു പിതാവിനെ പോലെ തന്നെ ശ്രേഷ്ഠതയുടെ ഉടമയായിരുന്നു ശൈഖുനായുടെ മാതാവ്. തഹജ്ജുദ് നിസ്കാരം പതിവാക്കിയിരുന്ന മഹതി മിക്കപ്പോഴും സുന്നത്ത് നോമ്പ് അനുഷ്ഠിക്കുകയും മറ്റു ആരാധനാകർമങ്ങളിൽ വ്യാപൃതയാവുകയും ചെയ്തുപോന്നു.
അനുഗ്രഹീതരായ മാതാപിതാക്കളെ കൊണ്ട് സൗഭാഗ്യം നേടിയ ശൈഖുനാക്ക് പക്ഷേ ബാപ്പയുടെ ശിക്ഷണം കൂടുതൽ കാലം ലഭിക്കുകയുണ്ടായില്ല. മാപ്പിള ലഹളയുടെ ഏതാനും മാസങ്ങൾക്കു മുമ്പ് പിതാവ് ഹസ്സൻ മുസ്ലിയാർ വഫാത്തായി. അന്ന് കേവലം ആറു വയസ്സായിരുന്നു ശൈഖുനായുടെ പ്രായം. ദീർഘദർശിനിയായ മാതാവ് കുട്ടിയെ വീട്ടിൽ നിന്ന് തന്നെ ഖുർആനും മറ്റു പ്രാഥമിക കാര്യങ്ങളും പഠിപ്പിച്ചു. പിന്നീട് ഒമ്പതാം വയസ്സിൽ ഒതുക്കങ്ങൾ ദർസിൽ കൊണ്ടുപോയി ചേർത്തു. മുഹിയുദ്ദീൻ മുസ്ലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അതിനുശേഷം പാലച്ചിറമാട്, മമ്പാട്, നാദാപുരം, മണ്ണാർക്കാട്, ചാപ്പനങ്ങാടി, കരിങ്കപ്പാറ എന്നീ സ്ഥലങ്ങളിലെ പ്രധാന ദർസുകളിൽ നിന്നും ഉപരിപഠനം നേടുകയുണ്ടായി. ഇക്കാലയളവിൽ പണ്ഡിതശ്രേഷ്ഠരായ മുഹമ്മദ് ഹസ്സൻ മുസ്ലിയാർ, മമ്മൂഞ്ഞി മുസ്ലിയാർ, കുഞ്ഞലവി മുസ്ലിയാർ, പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ, കാടേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവരുടെ പക്കൽ നിന്ന് വിജ്ഞാനം കരഗതമാക്കി ഓരോ വിഷയങ്ങൾ പഠിക്കാൻ അതിൽ പ്രാവീണ്യം നേടിയ ആളുകളെ സ്വീകരിക്കുന്ന അക്കാലത്തെ സമ്പ്രദായം ശൈഖുനാ സ്വീകരിച്ചിരുന്നു.
വർഷങ്ങളോളം വിവിധ ദർസുകളിൽ ചെലവഴിച്ച ശൈഖുനയോട് വെല്ലൂർ ബാഖിയാത്തിലേക്ക് പോകാൻ മർഹൂം പറവണ്ണ ഉസ്താദ് നിർദ്ദേശിക്കുകയുണ്ടായി. ഇതനുസരിച്ച് അദ്ദേഹം ഉപരിപഠന യാത്രക്ക് ഒരുങ്ങിയെങ്കിലും ടൈഫോയിഡ് ബാധിച്ചതിനാൽ യാത്ര മുടങ്ങിപ്പോയി. എങ്കിലും മഹാന്മാരായ പണ്ഡിത ശ്രേഷ്ഠരിൽ നിന്ന് ആർജിച്ചടുത്ത വൈജ്ഞാനിക കലവറ അടച്ചുപൂട്ടി വെക്കാൻ അല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രധാനപ്പെട്ട പല പലസ്ഥലങ്ങളിലും അദ്ദേഹം മുദരിസായി സേവനമനുഷ്ഠിച്ചു. കോട്ടക്കൽ, പാലപ്പറ്റ, മാനന്തേരി, പാനൂർ മുതലായ സ്ഥലങ്ങൾ അദ്ദേഹം മുദരിസായി സേവനം ചെയ്ത മഹല്ലുകളാണ്. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരിൽ നിന്ന് എല്ലാ ഇജാസുകളും വാങ്ങി ആത്മീയ മേഖലയിൽ ബഹുമാനപ്പെട്ടവർ സജീവമായി. മക്കയിലെ പ്രസിദ്ധനായ ഹസ്ബുല്ല(റ) ആയിരുന്നു പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരുടെ ശൈഖ്.
ആലുവ അബൂബക്കർ മുസ്ലിയാർ, ശൈഖ് ബർദാൻ തങ്ങൾ തുടങ്ങിയവരുമായി ബന്ധപ്പെടാൻ വേണ്ടി മാത്രം ശൈഖുനാ അവരുടെ നാടുകളിൽ മദ്രസ മുഅല്ലിം ആയി പോലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയതയോടുള്ള അദ്ദേഹത്തിന്റെ അനുരാഗമാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി മസാറുകൾ ശൈഖുനാ സന്ദർശിച്ചിട്ടുണ്ട്. പദയാത്രകൾ ആയിരുന്നു അധികവും. അവിയൂരിലെ സയ്യിദ് ദാല്‍ അവര്‍കളാണ് ആത്മീയതയില്‍ പ്രധാന ഗുരു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിതങ്ങള്‍, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍ തുടങ്ങിയ സാദാത്തുക്കള്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അടുത്ത കൂട്ടുകാരായിരുന്നു. ഖാദിരി, രിഫാഈ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്നു ബാപ്പു മുസ്ലിയാർ. പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക യത്തീംഖാന ചേറൂർ, കരുവാരകുണ്ട് ദാറുന്നജാത്ത്, മണ്ണാർക്കാട് ദാറുന്നജാത്ത്, കാവനൂർ മജ്മഅ്, തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും നേതൃത്വവും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1398 ദുൽഹിജ്ജ 26 ന് (1978 നവംബർ 27) തിങ്കളാഴ്ച ശൈഖുനാ വഫാത്തായി. പറങ്കിമൂച്ചിക്കൽ പള്ളിയുടെ സമീപമാണ് മഖ്ബറ.
7 സി എച്ച് ഹൈദ്രോസ് മുസ്ലിയാർ
മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രധാനിയായ സി എച്ച് ഹൈദ്രോസ് മുസ്ലിയാർ ചീരങ്ങന്‍ മുഹമ്മദ് മുസ്ലിയാരുടെ മകനായി വാളക്കുളം പറപ്പൂരിലാണ് ജനിച്ചത്. കോട്ടക്കല്‍ പാലപ്ര പള്ളിയിലെ മുദരിസ്സും, ഖത്വീബുമായിരുന്ന കരിപ്പള്ളി ഹൈദ്രോസ് മുല്ലായുടെ മകള്‍ ഫാത്വിമയാണ് മാതാവ്. പ്രസവിച്ചതിന്റെ പിറ്റേദിവസം തന്നെ മാതാവ് മരണപ്പെട്ടതിനാല്‍ അദ്ധേഹത്തിന് മുലകുടി ബന്ധത്തില്‍ ഒന്നിലധികം ഉമ്മമാരുണ്ടായിരുന്നു. അവരോടെല്ലാമുള്ള കടപ്പാടുകള്‍ യഥാവിധി വീട്ടുന്നതില്‍ ആ മഹാന്‍ അതീവ ശ്രദ്ധാലുവായിരുന്നു. അക്കാലത്ത് അബ്ദുല്‍ ബാരി ഉസ്താദിന്റെ സാനിധ്യത്തില്‍ സമസ്തയുടെ മുശാവറ യോഗങ്ങള്‍ പുതുപ്പറമ്പിലാണ് ചേരാറുണ്ടായിരുന്നത്. അത് കൊണ്ട് ചെറുപ്പത്തില്‍ തന്നെ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുമായി ഇടപഴകാനും, അവര്‍ക്ക് ഖിദ്മത്ത് ചെയ്യാനും സി.എച്ച് ഉസ്താദിന് ഭാഗ്യം ലഭിച്ചു. അഭിമാനത്തോടെ പലപ്പോഴും അദ്ദേഹമത് പലപ്പോഴും പറയാറുണ്ടായിരുന്നു. സ്വദേശത്തുവെച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ക്ലാരി മൂച്ചിക്കല്‍ സി കെ മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും ശേഷം ചേറൂരില്‍ പ്രസിദ്ധ പണ്ഡിതന്‍ പുവ്വാടന്‍ മൊയ്തീന്‍ ഹാജിയുടെയും ദര്‍സില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബിരുധം കരസ്ഥമാക്കി.
ബാഖിയാത്തില്‍ നിന്ന് വന്ന ശേഷം ഊരകം കോണിത്തോട് പള്ളിയില്‍ മുദരിസായി സ്ഥാനമേറ്റു. വര്‍ഷം തോറുമുള്ള മത പ്രസംഗ പരമ്പരയില്‍ മുമ്പെ പങ്കാളിയാകുന്നതിനാല്‍ കോണിത്തോട്ടുകാര്‍ക്ക് സി.എച്ച് ഉസ്താദ് സുപരിചിതനായിരുന്നു. കോണിത്തോട് മുസ്ലിയാര്‍ എന്ന പേരിലാണ് പിന്നീടദ്ധേഹം അവിടെ അറിയപ്പെട്ടിരുന്നത്.1960 ന്റെ തുടക്കത്തിൽ തന്നെ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായ ഉസ്താദ് 1969ല്‍ സ്മസ്ത ഓര്‍ഗനൈസറായി ചാര്‍ജ്ജെടുക്കുന്നത് വരെ കോണിത്തോട് തന്നെ സേവനം ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം എടക്കുളത്ത് മുദരിസായി സ്ഥാനമേറ്റു.1977ല്‍ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ അദ്ദേഹം കര്‍മ്മ രംഗത്തിറങ്ങി. ദര്‍സിന്റെ ചുമതല തന്റെ പ്രധാന ശിഷ്യനും, നാട്ടുകാരനുമായിരുന്ന ടി.അഹ്മദ് ഹാജി ഫൈസിയെ ഏല്‍പിക്കുകയായിരുന്നു. യാത്രയില്‍ ഏതു വാഹനത്തിനും കൈകാണിക്കുക അദ്ധേഹത്തിന്റ സ്വഭാവമായിരുന്നു. ഒരിക്കല്‍ പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി എന്താ പോലീസ് ജീപ്പാണെന്നറിഞ്ഞ് കൂടെ എന്ന ഉദ്യോഗസ്ഥന്റെ ഗൗത്തോടെയുള്ള ചോദ്യത്തിന് പോലീസിലും ഇല്ലേ മനുഷ്യര്‍ എന്ന പുഞ്ചിരിച്ചുള്ള മഹാന്റെ പുഞ്ചുരിച്ചുള്ള മറുപടി കേട്ട് അവര്‍ ആദരവോടെ അദ്ധേഹത്തെ ജീപ്പില്‍ കയറ്റുകയും ഉദ്ദിഷ്ട സ്ഥലത്ത് ഇറക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്.
പണ്ഡിതര്‍,സാധരണക്കാര്‍, കുട്ടികള്‍ തുടങ്ങി എല്ലാവര്‍ക്കും സുപരിചിതനായ ഉസ്താദ് സുന്നി യുവജന സംഘം, മഹല്ല് ഫെഡറേഷന്‍, എസ്,കെ, എസ്,എസ്,ഫ്, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅമീന്‍, മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി, മത പ്രസംഗ വേദി മുതലായ സര്‍വ്വ വേദികളിലും പങ്കെടുക്കുക ഉസ്താദിന്റെ പതിവായുരുന്നു. പ്രശ്‌നം പറഞ്ഞൊതുക്കുന്നതില്‍ അദ്ദേഹത്തിനുള്ള പാടവം പ്രസിദ്ധമാണ്. വാക്ക് കൊടുത്ത പരിപാടിക്ക് ആരെയും പ്രതീക്ഷിച്ച് നില്‍ക്കാതെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരുക ഉസ്താദിന്റെ പ്രത്യേകതയായിരുന്നു. മഹല്ലു ഫെഡ്രേഷന്റെ ഭാരവാഹി ആയിരുന്ന അദ്ധേഹം പ്രഖ്യാപിത ആശയങ്ങള്‍ തന്റെ സ്വന്തം മഹല്ലില്‍ ആദ്യമായി നടപ്പില്‍ വരുത്തിയിരുന്നു. ആരാധനാ കാര്യങ്ങളിലുള്ള കൃത്യനിഷ്ഠ, പ്രായഭേദമന്യേ വിനയത്തോടെയുള്ള പെരുമാറ്റം, ദീനിസ്ഥാപനങ്ങളോടും, സംഘടനകളോടുമുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം മുതലായവ ആ മഹാനുഭാവന്റെ മുഖമുദ്രകളായിരുന്നു.
മകളുടെ വിവാഹ ദിവസം അദ്ദേഹം പതിവുപോലെ ബാഗുമെടുത്ത് നിശ്ചയിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ പോവുകാൻ തുനിയവെ, നിക്കാഹിന് ആര്‍ക്കെങ്കിലും വക്കാലത്ത് കൊടുത്തു പോകുന്നതല്ലെ നല്ലത്, അല്ലാതെ നിങ്ങളെക്കാത്ത് എല്ലാവരും ബുദ്ധിമുട്ടില്ലെ? എന്ന് സമപ്രായക്കാരനായ ഒരാള്‍ അദ്ധേഹത്തോട് ചോദിച്ചു. അല്‍പം ആലോചിച്ച ശേഷം പകരം ഒരാളെയയച്ച് ആ യാത്ര വേണ്ടന്ന് വെച്ചു. സംഘടനക്കു വേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായിക്കണ്ട് വീട്ടുകാരെയെല്ലാം ഒന്നിച്ചിരുത്തി കൂട്ടുപ്രാര്‍ത്ഥന നടത്തല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു. വസ്ത്രത്തിലും, ഭക്ഷണത്തിലും അല്‍പം പോലും ആഢംബരം ഇഷ്ടപ്പെടാത്ത ഉസ്താദ് തികഞ്ഞ സൂഫീ വര്യനായിരുന്നു. തന്റെ ദിനചര്യകള്‍ക്കൊന്നും യാത്രയോ, മറ്റോ തടസ്സമാകാറില്ല. വാഹനം കാത്തുനില്‍ക്കുമ്പോഴും, വാഹനത്തില്‍ വെച്ചും ദിക്‌റുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ അധരങ്ങള്‍ ചലിക്കുമായിരുന്നു. എല്ലാം അള്ളാഹുവിലര്‍പ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. തന്റെ മകളുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ അന്ന് വിദേശത്തായിരുന്ന മകന്‍ ത്വയ്യിബ് ഫൈസി സാമ്പത്തിക പ്രശ്നങ്ങള്‍ അന്വഷിച്ചു കൊണ്ട് കത്തെഴുതി. അതിനു മറുപടിയായി അദ്ദേഹം എഴുതിയത് ബാഖിയാത്തിലെ എന്റെ ഉസ്താദ് ശൈഖ് ആദം ഹസ്രത്ത് എനിക്കു തന്ന ഉപദേശം, മന്‍കാന ലില്ലാഹി കാനല്ലാഹു ലഹു എന്നാണ്. അത് കൊണ്ട് അതെല്ലാം വിധിപോലെ നടന്ന് കൊള്ളും നീ വേവലാതിപ്പെടേണ്ട എന്നായിരുന്നു.
മഹാനുഭാവന്റെ മൂത്ത മകള്‍ മരണപ്പെട്ട ദിവസം അദ്ദേഹം എവിടെപ്പോയി എന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. എല്ലാരും അക്കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അദ്ധേഹത്തിന്റെ പിതാവ് മുഹമ്മദ് മുസ്ലിയാരെ വിവരം അറിയിക്കാന്‍ ചിലര്‍ കോട്ടക്കല്‍ പാലപ്ര പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോഴതാ വളരെ ധൃതിപ്പെട്ടു ഹൈദ്രൂസ് മുസ്ലിയാര്‍ വരുന്നു.ദൂഃഖഭാരത്തോടെത്തന്നെ!!. ഇബാദത്തിന്റെ കാര്യത്തില്‍ അദ്ധേഹത്തിന് വലിയ കൃത്യനിഷ്ഠയായിരുന്നു. വിവാഹനന്തരം മകളെ കാണാനെത്തിയ പിതാവ് ഹദ്ദാദ് മുടങ്ങാതെ ചെല്ലാനും, നിസ്‌കാരം ജമാഅത്തായി തന്നെ നിര്‍വ്വഹിക്കാനും ഉപദേശിച്ചു കൊണ്ടാണ് മടങ്ങിയത് എന്ന് ചരിത്രം.
1989 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുന്നി യുവജന സംഘം പുനസ്സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സംഘടനയും സംഘടനയുടെ പത്രവും വിഘടിതർ തട്ടിയെടുത്തതാണ് പുനസ്സംഘടനയിലേക്ക് എത്തിച്ചത്. അത്തരം ഒരു സാഹചര്യത്തിൽ സംഘടനക്ക് ആദ്യം വേണ്ടിയിരുന്നത് ഒരു പത്രമായിരുന്നു. അതിനു വേണ്ടി പാണക്കാട്ട് നൂർ മഹലിൽ പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത സെക്രട്ടരിയേറ്റ് യോഗത്തിൽ കർക്കശക്കാരനായ തങ്ങൾ പറഞ്ഞത് പത്രം തുടങ്ങണമെങ്കിൽ ആദ്യം അതു മുടങ്ങിപ്പോകാതിരിക്കാൻ അൻപതിനായിരം രൂപ ആദ്യം ഇവിടെ കൊണ്ടുവന്നു വെക്കണം എന്നായിരുന്നു. അക്കാലത്ത് എല്ലാവരും ഭയപ്പാടും ആശങ്കയും പുലർത്തിയ ആ യോഗത്തിൽ അൻപതല്ല, ഒരു ലക്ഷം രൂപ ഇവിടെ എത്തിക്കാം എന്നു പറഞ്ഞ് ആ ദൗത്യം ഏറ്റെടുത്തത് സി എച്ച് ഉസ്താദായിരുന്നു. മറ്റു നേതാക്കളുടെ സഹായത്തോടും സഹകരണത്തോടും കൂടി അതദ്ദേഹം പൂർത്തിയാക്കുകയും വാക്കു പാലിക്കുകയും ചെയ്തു. സുന്നിയുവജ സംഘം മുഖപത്രമായ സുന്നി അഫ്കാർ വാരികയുടെ തുടക്കം അങ്ങനെയായിരുന്നു. ജീവിത കാലം മുഴുവന്‍ സമസ്തക്കും ദീനിനും വേണ്ടി ഇഖ്‌ലാസോടെ പ്രവര്‍ത്തിച്ച ആ മഹാന്‍ 1994 മെയ് 7 ന് (ദുൽഖഅദ് 26) വഫാത്തായി.
8 ഉമറലി ശിഹാബ് തങ്ങൾ
ഇന്ത്യയിലെ രണ്ടാം താജ്മഹല്‍ എന്ന് വിളിക്കപ്പെടുന്ന മഹൽ അംബാനി കുടുംബത്തിന്റെ ഭവനമായ മഹാരാഷ്ട്രയിലെ ആന്റിലിയയാണ് എന്നാണ് കരുതപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാർ ഓശാരമായി നൽകിയ സ്ഥലത്താണ് ഈ കെട്ടാരം നിൽക്കുന്നത്. സർക്കാർ നൽകിയത് വഖഫ് ബോർഡിന്റെ ഭുമിയാണ്. അംബാനിയെയോ മഹാരാഷ്ട്ര ഗവൺമെന്റിനെയോ നിരൂപിക്കുകയല്ല, യു.പിയിലും ബംഗാളിലും ബീഹാറിലും മറ്റു മിക്ക സംസ്ഥാനങ്ങളിലും വഖഫ് ഭൂമി കയ്യേറ്റം സമ്പന്ന-മാഫിയ ഗ്രൂപ്പിന് അനായാസം സാധ്യമാകുന്ന അവസ്ഥയാണ്. പശ്ചിമബംഗാളില്‍ വഖഫ് ഭൂമിയില്‍ മദ്യകമ്പനികള്‍പോലും പ്രവര്‍ത്തിക്കുന്നത് വാര്‍ത്തയായതാണ്. വിവിധ ജീവിത നിലവാരത്തില്‍ കഴിയുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസപരവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി സമൂഹത്തിലെ ഉദാരമതികള്‍ മതപരമായ ബാധ്യതയായി കണ്ട് ദാനം ചെയ്ത കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതര സംസ്ഥാനങ്ങളിലെപോലെ സ്വകാര്യ വ്യക്തികളോ സംഘങ്ങളോ കൈപ്പിടിയിലൊതുക്കുന്നതൊഴിവാക്കാന്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. ആ നിതാന്ത ജാഗ്രതയെയും പൊതുമുതലിന്റെ കാര്യത്തിലെ കാര്‍ക്കശ്യത്തെയും കേരള വഖഫ് ബോര്‍ഡിന്റെ മുഖമുദ്രയാക്കി മാറ്റി എന്നത് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ പൊതുജീവിതത്തിനു നല്‍കിയ സമ്മാനമാണ്.
2008 ജൂലൈ 3ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത് മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം അചഞ്ചലമായ നിലപാടുകള്‍കൊണ്ടും പ്രതിസന്ധികളിലെ ധീരമായ നേതൃത്വം കൊണ്ടും വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭാധനനായ നേതാവിനെയായിരുന്നു. മതരംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെയും സംഘടനാതലത്തിലും ഖാസി പദവികളിലൂടെയും മറ്റു സ്ഥാനങ്ങളിലൂടെയും കേരളത്തിലെ മുസ്‌ലിം സാമുദായിക രംഗത്തും പാണക്കാട് മേഖലയിലെ കുടുംബപരിസരങ്ങളിലും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സാന്നിധ്യം തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പൂര്‍ണവിരാമംകുറിക്കുന്ന അച്ചടക്കത്തിന്റെ മെതിയടിശബ്ദമായിരുന്നു. സങ്കീര്‍ണമായ എല്ലാ സന്ദര്‍ഭങ്ങളിലും അവസാന തീര്‍പ്പിന്റെ കേന്ദ്രസ്ഥാനത്ത് ഉമറലി ശിഹാബ് തങ്ങളുണ്ടായിരുന്നു. ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി പുറത്തുവന്നയുടന്‍ 1969ല്‍ പാണക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ പൊതുജീവിതത്തിലെ ആ പ്രഥമപദവി അന്ത്യംവരെയും തുടര്‍ന്നു. പിതാവ് പാണക്കാട് പൂക്കോയ തങ്ങളും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുമ്പോഴും പാണക്കാട്ടെ പ്രസിഡണ്ട് ഉമറലി തങ്ങള്‍ തന്നെ. അതുകൊണ്ട് പാണക്കാട്ടുകാര്‍ എപ്പോഴും ഞങ്ങളുടെ പ്രസിഡണ്ട് എന്ന് വിളിച്ചു. 1970ല്‍ പാണക്കാട് മഅ്ദിനുല്‍ ഉലൂം സംഘത്തിന്റെ സെക്രട്ടറിയായി മതരംഗത്തെ പ്രവര്‍ത്തനത്തിലും ആദ്യ പദവി വഹിച്ചു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso