![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/download.png)
ഖുർആൻ പാഠം. / അൽ മുംതഹിന - 1
26-06-2023
Web Design
15 Comments
പരീക്ഷിക്കപ്പെട്ടവരുടെ പരിവേദനങ്ങൾ
വിശുദ്ധ ഖുർആനിലെ അറുപതാമത്തെ അദ്ധ്യായമാണ് സൂറത്തുൽ മുംതഹിന. പരിപൂർണ്ണമായും മദീനയിൽ അവതരിച്ച ഈ സൂറത്തിൽ 13 ആയത്തുകളാണ് ഉള്ളത്. എല്ലാ ആയത്തുകളും നീണ്ട ആയത്തുകളുടെ ഇനത്തിൽ പെട്ടതാണ്. മുംതഹിന എന്ന വാക്കിന് പരീക്ഷിക്കപ്പെട്ടവൾ എന്നാണ് അർഥം. ഇങ്ങനെ ഒരു അർത്ഥം ഈ സൂറത്തിന് കൈ വരുവാനുള്ള പ്രധാനപ്പെട്ട കാരണം ഹുദൈബിയ സന്ധിക്ക് ശേഷം മുസ്ലിം സമൂഹത്തിൽ ഉണ്ടായ ചില രാഷ്ട്രീയ വിഷയങ്ങളാണ്. ഹിജ്റ ആറാം വർഷം ഉംറ തീർഥാടനം നിർവഹിക്കുവാൻ വേണ്ടി മക്കയിലേക്ക് പോയ നബി(സ)യേയും 1400 അനുയായികളെയും മക്കക്കാർ ശത്രുതയുടെ പേരിൽ അതിർത്തിയിൽ തടഞ്ഞിരുന്നു. അതിനെ തുടർന്ന് പരസ്പരം ദൂതന്മാർ മുഖേന സന്ധി സംഭാഷണങ്ങൾ നടക്കുകയും അവസാനം ചില വ്യവസ്ഥകളോടുകൂടെ തൽക്കാലം മടങ്ങുവാൻ നബിയും മക്കയിലെ മുശ്രിക്കുകളും ധാരണയായി. ഈ സംഭവത്തെ ഹുദൈബിയ സന്ധി എന്നു പറയുന്നു. ഇസ്ലാമിക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഒരു ചരിത്ര അധ്യായമാണ് ഹുദൈബിയ സന്ധി. ഈ സന്ധിയിലെ വ്യവസ്ഥകൾ പലതും മുസ്ലിംകൾക്കും നബി(സ)ക്കും വിരുദ്ധവും അവരുടെ താൽപര്യങ്ങൾക്ക് വിഘാതവുമായിരുന്നു. എന്നിട്ടും സമാധാന പ്രേമിയായ നബി തങ്ങൾ വരാനിരിക്കുന്ന നന്മകളെ ഓർത്ത് തൽക്കാലം സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ഹുദൈബിയ സന്ധിയിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു വ്യവസ്ഥ ഓരോരുത്തരുടെയും പക്ഷക്കാരെ കൈമാറുന്നത് സംബന്ധിച്ചായിരുന്നു. അത് മുസ്ലിമീങ്ങൾക്ക് തികച്ചും പ്രതികൂലമായിരുന്നു. കാരണം മദീനയിലേക്ക് പുതിയ മതം സ്വീകരിച്ച് പോയവരിൽ ആര് തിരിച്ചു മക്കയിലേക്ക് വന്നാലും അവരെ സ്വീകരിക്കുമെന്നും അതേസമയം മക്കയിൽ നിന്ന് ഇനി ആരെയും വിട്ടുകൊടുക്കുകയില്ല എന്നും ആയിരുന്നു കരാറിൽ ഉണ്ടായിരുന്നത്. സന്ധി പ്രാബല്യത്തിൽ വന്നതോടുകൂടി മക്കയിൽ എല്ലാം സഹിച്ചു കഴിയുകയായിരുന്ന സത്യവിശ്വാസികൾ പലരുടെയും അവസ്ഥ വളരെ ദയനീയമായി. അവർക്ക് നേരെയുള്ള പീഡനങ്ങൾ ഒരു ഭാഗത്ത് വർദ്ധിച്ചു വന്നപ്പോൾ അതിൽ നിന്ന് മോചിതരാവാനുള്ള മാർഗങ്ങൾ അവർക്ക് മുമ്പിൽ തൽക്കാലം ആയിട്ടെങ്കിലും കൊട്ടിയടക്കപ്പെട്ടു. അതിനാൽ പലരും അനുഭവിക്കേണ്ടിവന്ന ദയനീയമായ യാതനകളുടെ കഥകൾ അവർണ്ണനാതീതമാണ്. ഈ കഥകളിൽ അധികവും ഉണ്ടാവാറുള്ളത് പുരുഷന്മാരാണ്. അതേസമയം വിശ്വാസം മാറിൽ ഒതുക്കിപ്പിടിച്ച് ജീവിക്കുന്നവർ മക്കയിൽ അപൂർവ്വമായിട്ടാണെങ്കിലും വിശ്വാസിനികളും ഉണ്ടായിരുന്നു. അത്തരം വിശ്വാസിനികളിൽ ചിലർ ഹുദൈബിയ സന്ധിയുടെ ശേഷം വളരെ കഷ്ടപ്പെട്ട് മദീനയിൽ എത്തിപ്പെട്ടപ്പോൾ അവരെ അവിടെ സ്വീകരിക്കേണമോ വേണ്ടയോ എന്ന ഒരു ക്രമപ്രശ്നം ഇസ്ലാമിക സമൂഹത്തിന്റെ മുമ്പിൽ ചോദ്യചിഹ്നമായി ഉയർന്നു. കരാറിന്റെ അന്തസത്ത പാലിക്കുമ്പോൾ അവരെ മദീനയിൽ സ്വീകരിക്കുകയോ അവർക്ക് അഭയം നൽകുകയും ചെയ്യുന്നത് കരാറിന് എതിരായി തീരും. അതേസമയം വളരെ ദയനീയമായിരുന്നു അത്തരം സ്ത്രീകളുടെ അവസ്ഥകൾ. ആ സാഹചര്യത്തിൽ കഷ്ടപ്പാടുകൾ സഹിച്ച് മദീനയിലെത്തിയിട്ടും അവരെ സ്വീകരിക്കാതെ മടക്കി അയക്കുക എന്നത് വളരെ വിഷമകരമായ ഒരു കാര്യമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത് ഈ സൂറത്തിന്റെ ആയത്തിലാണ്. പരീക്ഷണത്തിന് വിധേയരായ വിശ്വാസിനികൾ താങ്കളുടെ മുമ്പിൽ വന്നാൽ അവരെ അവരുടെ വിശ്വാസം പരീക്ഷിച്ചു ഉറപ്പുവരുത്തി സംരക്ഷിക്കുവാനാണ് അല്ലാഹു കൽപ്പിച്ചത്.
വിശ്വാസിനികളായി മക്കയിൽ ഉണ്ടായിരുന്ന എല്ലാ വിശ്വാസികളുമാണ് ഈ ആയത്തിന്റെ പരിധിയിൽ വരുന്നത് എന്നാണ് പൊതുവേയുള്ള വ്യാഖ്യാനം. എന്നാൽ ഈ വിഷയത്തിന്റെ ആധാരം ഒരു പ്രത്യേക വിശ്വാസിനിയാണ് എന്ന് ചില തഫ്സീറുകളിലും ചരിത്രഗ്രന്ഥങ്ങളിലും എല്ലാം കാണാം. അത് ഉഖ്ബത്തു ബിൻ അബീ മുഐത്തിന്റെ മകൾ ഉമ്മുകുൽസൂമിനെ ചുറ്റിപ്പറ്റിയുള്ളതാണ് എന്നാണ്. അങ്ങനെയാണെങ്കിൽ അത് സവിശേഷമായ ഒരു അധ്യായം തന്നെയാണ്. കാരണം മഹാനായ നബിയുടെ ഏറ്റവും നീചരായ ശത്രുക്കളിൽ ഒരാളായിരുന്നു ഉഖ്ബത്തു ബിൻ അബീ മുഐത്ത്. നബിയോട് ഏറെ അമാന്യമായി പെരുമാറിയ ആളായിട്ടാണ് അയാൾ വിലയിരുത്തപ്പെടുന്നത്. ദിവസങ്ങൾക്കു മുമ്പ് അറുത്തിട്ട ഒട്ടകത്തിന്റെ ആന്തരിക അവയവങ്ങളും പ്രസവാവശിഷ്ടങ്ങളും വലിച്ചുകൊണ്ടുവന്ന് സുജൂദിൽ കിടക്കുന്ന നബിയുടെ കഴുത്തിലേക്ക് വലിച്ചിടുന്നത് നബി ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ഒരു രംഗമാണല്ലോ. അത് ചെയ്തിരുന്നത് ഈ പറഞ്ഞ ആളാണ്. എല്ലാവർക്കും ശത്രുതയുണ്ടായിരുന്നുവെങ്കിലും അവരൊക്കെ തന്നെയും ഏതെങ്കിലും ഒരു നിലവാരമുള്ള മാന്യത പുലർത്തുമായിരുന്നു. എന്നാൽ ഒരു മാന്യതയും തൊട്ടു തീണ്ടാത്ത സമീപനം നടത്തിയിരുന്ന ആൾ ഉഖ്ബത്തു ബിൻ അബീ മുഐത്താണ്. മറ്റൊരിക്കൽ ഇയാൾ തന്നെ നബി(സ)യെ കഴുത്തിന് മുണ്ടിട്ട് വധിക്കുവാൻ വരെ ശ്രമിക്കുകയുണ്ടായി. നബി(സ)യോട് കഠിനമായ ശത്രുത വെച്ചുപുലർത്തിയിരുന്ന ഉഖ്ബ കൊല്ലപ്പെട്ടത് ഹിജ്റ രണ്ടിൽ നടന്ന ബദർ യുദ്ധത്തിന് ശേഷമായിരുന്നു. അന്ന് തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇയാളും ഉണ്ടായിരുന്നു. അയാൾ തുടർന്ന് വധിക്കപ്പെടുകയായിരുന്നു. നബിയോടും ആദർശത്തോടും ഇത്രയേറെ വിരോധം ഉണ്ടായിരുന്ന ഒരാൾക്ക് ജനിച്ച മകൾ പക്ഷേ നമ്മെ ഞെട്ടിപ്പിക്കുകയാണ്. കാരണം അവർ നേരത്തെ തന്നെ വിശ്വാസിനിയായിരുന്നു.
മറ്റൊരു പ്രലോഭനവുമില്ലാതെ മനസ്സുകൊണ്ട് ഇസ്ലാമിനെ വരിച്ച ഒരു സ്ത്രീരത്നം ആയിരുന്നു ഉമ്മുകുൽസും. അവർ പക്ഷേ തന്റെ ജനതയെയും പ്രത്യേകിച്ച് തന്റെ പിതാവിനെയും ഭയന്ന് അത് സമർത്ഥമായി ഒളിപ്പിച്ചുവെച്ചു. തന്റെ മകൾ തന്റെ എതിരാളിയുടെ ആളായി മാറി എന്ന് പറഞ്ഞാൽ അറിഞ്ഞാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ അവർക്കറിയാമായിരുന്നു. പ്രത്യേകിച്ചും ഉമ്മുക്കുൽസൂം ഉഖ്ബയുടെഏക മകളായിരുന്നു ഹിജ്റയുടെ സമയമാകുമ്പോൾ താനും സഹാബിമാരുടെ കൂടെ കൂടിയാലോ എന്ന് അവർ ആലോചിച്ചിരുന്നതാണ്. പക്ഷേ ആ സമയത്തൊക്കെ തന്റെ പിതാവ് അടക്കമുള്ള മക്കയിലെ നേതാക്കന്മാർ തീപാറക്കുന്ന കണ്ണുകളുമായി നടക്കുന്ന കാലമായിരുന്നു. മാത്രമല്ല അവർക്ക് അപ്പോൾ 17 വയസ്സായിരുന്നു പ്രായം. ഇത്രയും ചെറിയ യൗവനവുമായി ഏകാകിയായി ഒരു സുന്ദരി മക്കയിൽ നിന്ന് 400 കിലോമീറ്റർ അപ്പുറത്തെ അകലെ മദീനയിലെത്തുക എന്നത് സാങ്കേതികമായി പ്രയാസകരവുമായിരുന്നു. ആയതിനാൽ ഉമ്മുക്കുൽസൂം തന്റെ ആ താൽപര്യം മനസ്സിൽ ഒളിപ്പിച്ചുവെച്ചു. ഹിജ്റ രണ്ടിൽ ബദർ യുദ്ധം നടന്നു. അതിൽ തന്റെ പിതാവ് ദാരുണമായി കൊല്ലപ്പെട്ട വിവരം മകൾ അറിഞ്ഞു. മക്കായിലെ പ്രമുഖരും ധനികരുമായ പലരും ഉമ്മുകുൽസൂമിനെ വിവാഹം ചെയ്യുവാൻ താല്പര്യത്തോടെ മുന്നോട്ട് വന്നു. പക്ഷേ അവരെയെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ഉമ്മുകുൽസൂം മടക്കി അയക്കുകയായിരുന്നു. പ്രധാനമായും പറഞ്ഞ കാരണം പിതാവിന്റെ മരണത്തിലുള്ള ദുഃഖവും മറ്റുമെല്ലാം ആയിരുന്നു. വലിയൊരു നേതാവിന്റെ വിരഹം ആയതിനാൽ വിവാഹം അന്വേഷിച്ചു വന്ന ആൾക്കാർ അത് ശരിയായിരിക്കും എന്ന് വേഗത്തിൽ കരുതുകയും ചെയ്തു. അതിനാൽ അവർ തൽക്കാലം മംഗല്യത്തിൽ നിന്ന് രക്ഷപ്പെട്ടു.
പിന്നെയും വർഷങ്ങൾ മുന്നോട്ടുപോയി. അതിനിടയിലാണ് ഹുദൈബിയ സന്ധി വന്നതും ആ വിവരം ഉമ്മു കുൽസൂം അറിഞ്ഞതും അതോടെ അവർ തീരാ സങ്കടത്തിലേക്കും നിരാശയിലേക്കും എടുത്തറിയപ്പെട്ടു. എന്നെങ്കിലുമൊരിക്കൽ ഇസ്ലാമിക കുടുംബത്തിൽ എത്തിച്ചേരുവാൻ കഴിയുമെന്ന് കഠിനമായ പ്രതീക്ഷ അവർ വെച്ച് പുലർത്തിയിരുന്നു. ആ പ്രതീക്ഷക്കാണ് ഹുദൈബിയയോടെ മങ്ങലേറ്റിരിക്കുന്നത്. മാത്രമല്ല കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നത് എങ്കിലും ഇനി മറ്റൊരു സാഹചര്യം വരും എന്ന പ്രതീക്ഷയും അവർ പുലർത്തുന്നുണ്ടായിരുന്നില്ല. കാരണം ഹുദൈബിയ സന്ധി കഴിഞ്ഞതോടുകൂടെ അറേബ്യ മുഴുവനും സമാധാനം കൈവന്ന സുസ്ഥിരമായ ഒരു സാഹചര്യം സംജാതമായി. അടുത്ത പത്ത് വർഷത്തേക്ക് പരസ്പരം യുദ്ധങ്ങൾ പാടില്ല എന്നത് സന്ധിയുടെ വ്യവസ്ഥകളിൽ ഒന്നായിരുന്നുവല്ലോ. അതിനാൽ അറേബ്യയിൽ നിർഭയത്വം കൈവരികയും എല്ലാവരും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു ഭയമോ നിയന്ത്രണമോ ഇല്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായി. യുദ്ധങ്ങൾ അവസാനിച്ചു. ആയതിനാൽ ഇനി ഇതിൽനിന്ന് ഭിന്നമായ ഒരു സാഹചര്യം ഉണ്ടാവില്ല എന്നായിരുന്നു ഉമ്മുകുൽസും കരുതിയത്. ആയതിനാൽ അവർ ഒരു ജീവൻ മരണ തീരുമാനത്തിലേക്ക് പോകുവാൻ തന്നെ തീരുമാനിച്ചു. നബിയും ഇസ്ലാമിക സമൂഹവും സ്വീകരിച്ചില്ലെങ്കിൽ പോലും മക്കയിൽ നിന്നും എല്ലാം വിട്ടു സധൈര്യം മദീനയിലേക്ക് പോവുക എന്നതായിരുന്നു ആ തീരുമാനം. സുന്ദരിയായ യുവതിയായ അവർ പിന്നെ ഒട്ടും താമസിയാതെ ഇരുട്ടിന്റെ മറവിൽ കുന്നുകളെയും മലകളെയും മറയായി പിടിച്ച് 400 കിലോമീറ്റർ അകലെയുള്ള മദീനയിലേക്ക് പുറപ്പെട്ടു. അവരുടെ അകത്തളങ്ങളിലെ ഈമാനിക ആവേശം അവരെ അതിന് ധൈര്യപ്പെടുത്തി എന്നു പറയുന്നതാവും ശരി.
ഉമ്മുകുൽസൂം(റ) മദീനയിൽ നബിയുടെ മുമ്പിലേക്ക് ചെന്നു കയറി. അവരെ കണ്ടതും നബിയും സഹാബിമാരും ആശ്ചര്യഭരിതരായി. അവരുടെ അകത്തളങ്ങളിൽ വലിയ സംഘർഷം തന്നെ ഉണ്ടായി. കാരണം ഹുദൈബിയയിൽ മുശ്രിക്കുകയുയി ചെയ്ത സന്ധിയുടെ ലംഘനമായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെടുക. മക്കയിൽ നിന്ന് വിശ്വാസത്തിന്റെ പേരിലാണെങ്കിലും അല്ലെങ്കിലും ആരു വന്നാലും അവരെ സ്വീകരിക്കാൻ പാടില്ല എന്ന് സന്ധിയുടെ വ്യവസ്ഥകൾ പറയുന്നുണ്ട്. മഹാനായ നബി തിരുമേനി തങ്ങൾ പക്ഷേ പെട്ടെന്ന് പ്രതികരണം ഒന്നും നടത്തിയില്ല. സഹാബിമാരാവട്ടെ അവരിൽ പ്രധാനികൾ തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു നമ്മുടെ സംസ്കാരം വെച്ച് നമ്മൾ ഉമ്മു കുൽസൂമിനെ സ്വീകരിക്കാതെ തിരിച്ചയക്കുകയാണ് വേണ്ടത് എന്ന് ചിലർ പറഞ്ഞു. അതേസമയം മറ്റു ചിലർ ഒന്നും പറയാൻ കഴിയാത്ത ഒരു നിസ്സംഗത പാലിക്കുകയായിരുന്നു. മഹാനായ നബിയും മൗനത്തിൽ ആയിരുന്നു. പക്ഷേ നബി തന്റെ മൗനത്തിനിടെ ഒരു കാത്തിരിപ്പിലായിരുന്നു. ഈ വിഷയത്തിലുള്ള തീർച്ചയുമായി ഉടനെ വഹ്‌യ് വരും എന്ന പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പ്രതീക്ഷിച്ചത് പോലെ വഹ്‌യ് വന്നു. അതിൽ ഉണ്ടായിരുന്നത് സത്യവിശ്വാസിനികളായ സ്ത്രീകൾ എല്ലാം ഉപേക്ഷിച്ച് നിങ്ങളുടെ അടുത്തേക്ക് വന്നാൽ നിങ്ങൾ അവരുടെ വിശ്വാസത്തിന്റെ ദാർഢ്യത്തെ പരിശോധിച്ച് ഉറപ്പുവരുത്തുകയും അവർ നല്ല വിശ്വാസിനികൾ ആണ് എങ്കിൽ അവരെ ഒരിക്കലും അമുസ്ലീങ്ങൾക്കിടയിലേക്ക് പറഞ്ഞയക്കാതിരിക്കുകയും ചെയ്യണം എന്നായിരുന്നു അല്ലാഹുവിന്റെ താല്പര്യവും കൽപ്പനയും. അതനുസരിച്ച് ഉഖ്ബത്ത് ബിൻ അബീ മുഐഥിന്റെ മകൾ നബിയുടെ മദീനയിൽ ഒരു പുതിയ ജീവിതത്തിന് നാന്ദി കുറിച്ചു. അപ്പോഴേക്കും തങ്ങളുടെ പെങ്ങളെ തിരിച്ചുകൊണ്ടു പോകുവാൻ മക്കളായ വലീതും ഉമാറയും മദീനയിലെത്തി. ഹുദൈബിയ്യ കരാറിന്റെ വ്യവസ്ഥയനുസരിച്ച് തങ്ങളുടെ സഹോദരിയെ പറഞ്ഞയച്ചു തരണം എന്ന് അവർ ആവശ്യപ്പെട്ടു. പക്ഷേ നബി(സ) പറഞ്ഞു അത് അല്ലാഹു സമ്മതിക്കുന്നില്ല എന്ന് .
മദീനയിൽ വച്ചായിരുന്നു അവരുടെ കുടുംബജീവിതത്തിന്റെ ആരംഭവും. അവരെ ആദ്യം വിവാഹം ചെയ്തത് സൈദ് ബിൻ ഹാരിസ(റ) ആയിരുന്നു മുഅ്ത്തത്ത് യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. തുടർന്ന് അവരെ വിവാഹം ചെയ്തത് സുബൈർ ബിൻ അവ്വാം (റ) ആയിരുന്നു. ആ ദാമ്പത്യം പക്ഷേ നീണ്ടില്ല. അദ്ദേഹം ഉമ്മുകുൽസൂമിനെ ഒഴിവാക്കിയപ്പോൾ അവരെ വിവാഹം ചെയ്യുവാൻ അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) മുന്നോട്ടുവന്നു. ആ ബന്ധവും മുന്നോട്ടു പോയില്ല. തുടർന്ന് അവരെ വിവാഹം ചെയ്തത് അംറ് ബിൻ ആസ്(റ) ആയിരുന്നു. ഇതിനിടയിൽ അവർക്ക് ഏതാനും കുട്ടികളും ജനിച്ചു. അംറ് ബിൻ ആസ്(റ) വിന്റെ ഭാര്യയായിരിക്കെ അവർ ഇഹലോകവാസം വെടിഞ്ഞു. ഈ വിഷയത്തെക്കുറിച്ചാണ് ഈ സൂറത്ത് പ്രതിപാദിക്കുന്നത്. 13 ആയത്തുകളാണ് ആകെ ഇതിലുള്ളത്. പക്ഷേ അതിൽ ഓരോ ആയത്തിനും വലിയ ചരിത്ര പശ്ചാത്തലങ്ങളാണ് ഉള്ളത്. ആദ്യത്തെ മൂന്ന് ആയത്തുകൾ തന്നെ ഒരു ചരിത്രത്തിലേക്കാണ് വാതിൽ തുറക്കുന്നത്. അത് മക്കാ വിജയവുമായി ബന്ധപ്പെട്ടതാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso