Thoughts & Arts
Image

ലിബറലിസം തൊപ്പിയിടുന്നു

06-07-2023

Web Design

15 Comments


ലിബറലിസം തൊപ്പിയിടുന്നു



ഞങ്ങളുടെ നാട്ടിൽ നോള എന്ന ഒരു നാടൻ വാക്കും പ്രയോഗവുമുണ്ട്. നോള അന്തമില്ലാത്തവനോ വിവരമില്ലാത്തവനോ പരിഷ്കാരമില്ലാത്തവനോ ഒന്നുമല്ല. ജനങ്ങളെയൊക്കെ താൻ കോൾമയിർകൊള്ളിക്കുന്നു എന്ന് സ്വയം കരുതി ഒരു നിലവാരവുമില്ലാത്ത തമാശ പറഞ്ഞോ ചെയ്തോ അതിൽ സ്വയം അഭിരമിക്കുന്ന ഒരു കഥാപാത്രമാണ് നോള. നോള പറയുന്നതിനോ ചെയ്യുന്നതിനോ ഒരു മൂല്യവും നിലവാരവും ഉണ്ടാവില്ല. തലച്ചോറിൽ മൂല്യ - നിലവാര ചിന്തകൾ വളരെ പിന്നിലും തമാശ മുന്നിലും ക്രമം തെറ്റി നിൽക്കുന്നതിനാലാണിത്. നിലവാര ചിന്തകൾ വിവേകത്തെയും തമാശ വികാരത്തെയും പ്രതിനിധാനം ചെയ്യുന്നു. രണ്ടും ഒപ്പത്തിനൊപ്പമായി അതേസമയം വിവേഗം നിയന്ത്രണ സ്ഥാനത്ത് മുകളിലുമായിട്ടാണ് നിൽക്കേണ്ടത്. അപ്പോഴാണ് നിലവാരമുണ്ടാകുക. ചാപ്ലിനും ബീൻസും ഒക്കെ കാണിക്കുന്ന തമാശകളുടെ നിലവാരം അതാണ്. പറഞ്ഞു വരുന്നത് തൊപ്പി എന്ന കഥാപാത്രത്തെ കുറിച്ചാണ് എങ്കിൽ എന്നിട്ടെന്താ ഇത്ര ആരാധകർ കക്ഷിക്കുണ്ടായത് എന്ന് ചിലർ എടുത്തുചാടി ചോദിച്ചേക്കും. ചാടി പേടിപ്പിക്കുകയൊന്നും വേണ്ട. അത്തരം ചോദ്യങ്ങൾ തന്നെയാണ് അതിന് മറുപടി. അങ്ങനെ ചോദിക്കാൻ കുറേ പേരുണ്ടായത് നോളയുടെ മഹത്വമല്ല, നോളമാരുടെ ആധിക്യമാണ് കുറിക്കുന്നത്. അന്തമില്ലാതെ പുതിയതെങ്കിൽ ഏത് കോപ്രായത്തെയും പിന്തുണക്കുന്നവർ നമ്മുടെ ചുറ്റിലും കൂടിവരികയാണ് എന്നത് ഒരു ദുഖ സത്യം.



ആദ്യം നോള എങ്ങനെ ഉണ്ടായി എന്ന് നോക്കാം. കണ്ണൂർ ജില്ലയിലെ ഒരു നിഹാൽ ആണ് കക്ഷി. നിഹാലുമാരാണ് പൊതുവെ കോപ്രായങ്ങളിൽ ജീവിതത്തെ ഹോമിക്കുന്നതും പിന്നെ മുകളിലേക്ക് നോക്കി ജീവിതകാലം മുഴുവനും വാപൊളിച്ച് ഇരിക്കേണ്ടി വരുന്നതും എന്നത് മറ്റൊരു നീറ്റൽ. ഇത്തരം കോപ്രായങ്ങൾ ഒക്കെ ഉണ്ടാകുന്ന പശ്ചാതലത്തിൽ തന്നെയാണ് ഈ കക്ഷിയുടേതും ഉണ്ടായത്. ഡിജിറ്റൽ ഗെയിമിൽ ആകൃഷ്ടനായ നിഹാൽ ഏതോ ഒരു പ്രത്യേക ഡിജിറ്റൽ ഗെയിം ഡിവൈസ് വാങ്ങുവാൻ ആഗ്രഹിക്കുന്നു. അതിന് കാശില്ലാതെ വന്നപ്പോൾ ഒരു കടയിൽ നിന്ന് പരസ്യമായി പണം തട്ടിയെടുത്ത് ഓടുന്നു. നാട്ടുകാർ കയ്യോടെ പിടികൂടുന്നു. അധ്യാപകനായ പിതാവിനെ വിവരം അറിയിക്കുന്നു. പിതാവ് അവനെ കൂട്ടിക്കൊണ്ടുപോയി വീട്ടിനുള്ളിൽ ഒരു മുറിയിൽ അടച്ചുപൂട്ടിയിടുന്നു. ആ റൂമിന്റെ ഉള്ളിലാണ് നോള ജനിക്കുന്നത്. സ്വന്തം താൽപര്യം പോലെ ഗെയിമിലൂടെ ഇ-സ്പോർട്സിലേക്കാണ് നിഹാൽ കടക്കുന്നത്. കുശാഗ്ര ബുദ്ധിയും തന്ത്രവും ഉള്ളവർക്ക് മത്സരിച്ച് ആസ്വദിക്കാനുള്ള ഒരു വലിയ പ്ലാറ്റ്ഫോം ആണ് ഇ-സ്പോർട്സ്. അതിനുവേണ്ട മെയ് വഴക്കം നിഹാലിന് കുട്ടിക്കാലത്തേ ഉണ്ടായിരുന്നു എന്നത് ഒരു കാര്യം. പക്ഷേ ഈ സ്പോർട്സിൽ അല്ല നിഹാൽ എത്തിച്ചേർന്നത്. സ്പോർട്സിലെ ഒരു ഗെയിം തോൽക്കുമ്പോൾ അവൻ തന്റെ കീബോർഡോ ഗെയിം ഡിവൈസോ സ്വാഭാവികമായും കോപത്തിന്റെ പേരിൽ തല്ലി തകർക്കുമായിരുന്നു. അത് അവൻ തന്നെ വീഡിയോ എടുത്ത് കണ്ട് ആസ്വദിക്കുമായിരുന്നു. തനിക്ക് രസം തോന്നിയ അത് പിന്നീട് അവൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഏതോ മൂഢ ശിരോമണികൾ അത് ലൈക്കോ ഷെയറോ ചെയ്തതോടെ താൻ വലിയ യൂട്യൂബറായി എന്ന തോന്നൽ കക്ഷിയുടെ തലയിൽ കയറി.



ഇത് ഇക്കാലത്തിന്റെ ഒരു പൊതു താളപിഴയാണ്. അതായത്, സ്വന്തം കയ്യിലുള്ള മൊബൈൽ ഫോൺ വഴി പറഞ്ഞും അഭിനയിച്ചും അവതരിപ്പിച്ചും ഏത് വിഷയത്തിലും ഇടപെടാനുള്ള വഴി ഇന്ന് ഉണ്ട്. അത് ഉപയോഗപ്പെടുത്തി നിലവാരമോ മൂല്യമോ ഒന്നും പരിഗണിക്കാതെ ഓരോന്ന് ഇലക്ട്രോണിക് മീഡിയയുടെ വെളിമ്പുറത്തേക്ക് വാരിവലിച്ചിടുന്നത് ഇന്നത്തെ ഒരു പ്രധാന പണിയായി മാറിയിരിക്കുന്നു. എന്നിട്ട് അതേ മനസ്ഥിതിക്കാരോ അതിനു താഴെ മാത്രം നിലവാരമുള്ളവരോ ആയ ആൾക്കാർ ലൈക്കോ ഷെയറോ ചെയ്തുകഴിഞ്ഞാൽ ഉടനെ താൻ വലിയ പത്രപ്രവർത്തകനും അവതാരകനും സാമൂഹ്യ പരിഷ്കർത്താവും ഒക്കെ ആയി തീർന്നു എന്ന് നിനക്കുന്ന പ്രവണത. ഇതുകൊണ്ട് ഉണ്ടാകുന്നത്, നിലവാരമില്ലാത്ത അഭിപ്രായങ്ങൾ പൊതു ചർച്ചകളായി വളർന്ന് മനുഷ്യന്റെ സമയം മെനക്കെടുക്കുക എന്നത് മാത്രമാണ്. ഇങ്ങനെയാണ് സമൂഹത്തിലെ ചർച്ചകളൊക്കെയും ഓരോ കണ്ണികളായി വേറിട്ട് വേറിട്ട് വലുതാകുന്നത്. സമുദായത്തിലും മതത്തിലും പ്രസ്ഥാനത്തിലും ഉണ്ടാകുന്ന സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങൾ ഇക്കാലത്ത് പെട്ടെന്ന് പാർട്ടിയോ കക്ഷിയോ ഗ്രൂപ്പോ ഒക്കെയായി മാറുന്നത് ഈ മീഡിയയുടെ മറപിടിച്ചാണ്. ഇതേ ക്രമത്തിലാണ് നിഹാലും യൂട്യൂബർ ആയതും സെലിബ്രേറ്റിയായതും. അവന് പക്ഷേ, അറിയാമായിരുന്നു താൻ ഗിരിപ്രഭാഷണം നടത്തിയാലോ സത്യസന്ധമായ നിരൂപണം നടത്തിയാലോ പാടിയോ പ്രസംഗിച്ചോ അവതരിപ്പിക്കുകയോ ചെയ്താലൊന്നും ആരും തന്നെ ശ്രദ്ധിക്കുകയില്ല എന്നും അങ്ങനെ ഒന്നിനും തനിക്ക് കഴിയുകയുമില്ല എന്നും. അതിനാൽ അവൻ കോപ്രായങ്ങളെ കൂട്ടുപിടിച്ചു.



ക്രമേണ കോപ്രായങ്ങൾ വളരുകയും വ്യത്യസ്ത രൂപം പ്രാപിക്കുകയും ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കാര്യം കൂടി അവൻ നിരീക്ഷിച്ചിട്ടുണ്ടാകും. അവന്റെ കാട്ടിക്കൂട്ടലുകളിൽ രണ്ട് ചേരുവകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന്, ഭ്രാന്തൻ ചെയ്തികൾ. രണ്ടാമത്തേത് തന്റെ ചെയ്തികളിലും വാക്കുകളിലും ഉള്ള അസഭ്യതയും അശ്ലീലവും. ഇവ കലരുമ്പോൾ തനിക്ക് കൂടുതൽ ലൈക്കും ഷെയറും കിട്ടുന്നുണ്ട് എന്നതായിരിക്കണം അവന്റെ പുതിയ നിരീക്ഷണം. അതുകൊണ്ട് കോപ്രായങ്ങളിൽ അസഭ്യതയും അശ്ലീലതയും അളവിൽ കൂടുതൽ നൽകുവാനുള്ള ഒരു ത്വര അവനിൽ ഉണ്ടായി. അതോടെ പ്രേക്ഷകർ വർദ്ധിച്ചു. പൊതുവെ പരസ്യമായി പറയാൻ പറ്റാത്ത വാക്കുകളും പ്രയോഗങ്ങളും ഉളുപ്പില്ലാതെ പറയുവാൻ തുടങ്ങിയപ്പോൾ പ്രേക്ഷകർ വീണ്ടും കൂടി. അതും അവന്റെ പ്രായക്കാർ. അവരുടെ എണ്ണം മില്യണുകൾ കടന്നപ്പോൾ അവൻ തെറ്റിദ്ധരിച്ചു തന്റെ കോപ്രായങ്ങൾ ലോകത്തെ മുഴുവനും ഹരം കൊള്ളിക്കുന്നു എന്ന്. കോപ്രായങ്ങളെ ലൈക്ക് ചെയ്യുന്നവരിൽ ചിലർ തങ്ങളുടെ കടയോ മറ്റു സംരംഭങ്ങളോ തുടങ്ങുമ്പോൾ ഇവനെ ഉദ്ഘാടകൻ ആക്കുവാൻ കരുതുന്നത് സ്വാഭാവികം. കാരണം ജനശ്രദ്ധയാണ് എല്ലാ സംരംഭകർക്കും ആദ്യം വേണ്ടത്. അത് എമ്പാടും കിട്ടാനുള്ള ഒരു വഴിയായി അത്രതന്നെ ചിന്താശേഷിയില്ലാത്ത ചില പണക്കാർ ഇവനെയും ഇവന്റെ കോപ്രായങ്ങളെയും കണ്ടു. ഏതായാലും അത് നന്നായി. കാരണം ഈ വിഷയം സാരമായി നിരൂപണം ചെയ്യപ്പെട്ടത് ഇതിനെ തുടർന്നാണല്ലോ.



ഏതായാലും തൊപ്പി എന്നപേരിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന നിഹാലിന് താരപരിവേഷം കിട്ടി. ലൈവുകളിൽ വന്ന് ഒരു മടിയും കൂടാതെ ആരെയും തെറി വിളിക്കുകയും സ്ത്രീകളുടെ വീഡിയോകൾ അശ്ലീലച്ചുവയോടെ റിയാക്ട് ചെയ്യുകയും വളരെ നീചമായി പെരുമാറുകയും അറപ്പുളവാക്കുന്ന രീതിയിൽ വീഡിയോകൾ നിർമിക്കുകയും വെർബൽ റേപ്പ് നടത്തുകയും ചെയ്യുന്ന ഈ പേക്കൂത്തിന് ഇന്ന് ഏകദേശം എഴുപതിനായിരം സബ്സ്ക്രൈബേഴ്‌സുണ്ട് എന്നത് ആരെയും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. തൊപ്പിയുടെ ആരാധകരിൽ കൂടുതലും കുട്ടികളാണ്. കുട്ടികളുടെ കാര്യം പറയാനില്ലല്ലോ, അവർക്ക് എന്തും തമാശയാണ്. പ്രത്യേകിച്ചും നീറ്റലുള്ള തമാശകൾ. അത് കഴിഞ്ഞാൽ കൗമാരക്കാരാണ്. യൗവനത്തിലേക്ക് എത്തുന്നതിന്റെ തൊട്ടുമുമ്പുള്ള ഘട്ടത്തിൽ ചിന്തയിലേക്കും മറ്റും എത്തിച്ചേർന്നിട്ടില്ലാത്ത ഒരു കൂട്ടം ആൾക്കാർ. അവരിൽ ഇതിന് ലൈക്ക് ചെയ്യുന്നവരാകട്ടെ, വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ പുറകിൽ നിൽക്കുന്ന ചില പിൻ ബഞ്ചുകാരുമാണ്. മനസ്സിന് വളർച്ചയില്ലാത്ത, സാംസ്കാരിക വളർച്ച നേടിയിട്ടില്ലാത്ത ഒരാൾ ചെയ്യുന്ന കോപ്രായങ്ങളെ അതേപോലെയുള്ള കുറേ ആൾക്കാർ ഇഷ്ടപ്പെടുന്നു എന്നതാണ് മൊത്തത്തിലുള്ള കാഴ്ച. ഇതിനെയെല്ലാം ഇത്തിരി അൽഭുതത്തോടെയാണെങ്കിലും സ്വാഭാവികം എന്ന് വിളിക്കാം. പക്ഷേ അതിനേക്കാളും അപ്പുറം ചിലതുണ്ട്.



പ്രബുദ്ധ കേരളം ഈ ശുദ്ധ നോളത്തരത്തെ പരിപൂർണ്ണമായ അറപ്പും വെറുപ്പും രേഖപ്പെടുത്തി തന്നെ തള്ളിക്കളയുകയും വേണ്ടവിധം കൈകാര്യം ചെയ്യുകയും ചെയ്തു. അതേസമയം അവിടെയും മറ്റൊരു കാഴ്ചപ്പാട് ഉണ്ട്. അയാൾ ചെയ്യുന്നതെല്ലാം അയാളുടെയും അയാളെ ലൈക്ക് ചെയ്യുന്നതെല്ലാം അത് ചെയ്യുന്നവരുടെയും സ്വാതന്ത്ര്യമാണ് എന്ന വാദവുമായി ചെറുതെങ്കിലും ആയ ഒരു വിഭാഗത്തിന്റെ നിലപാട്. അതും സാംസ്കാരിക ലോകത്തു നിന്ന്. ഇങ്ങനെ പറയുന്നത് കഴിഞ്ഞദിവസം കണ്ട ഒരു വാർത്താശകലത്തെ ഉപജീവിച്ചാണ്. ഈ നിഹാൽ സിനിമയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് അത്. വാർത്ത ഇങ്ങനെയായിരുന്നു. സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച തൊപ്പി എന്ന നിഹാൽ സിനിമയിലേക്ക്. വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ തൊപ്പി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. നിഹാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ലോക്കോയിലൂടെയാണ് പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ഇയാൾ വെളിപ്പെടുത്തിയത്. വാർത്ത ശരിയാണോ അല്ല നിഹാലിന്റെ മറ്റൊരു നമ്പർ ആണോ എന്നൊന്നും കിട്ടുന്നില്ല താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നത് താൻ തന്നെ പറഞ്ഞ് താൻ തന്നെ ആസ്വദിക്കുന്ന മറ്റൊരു കോപ്രായമാണോ എന്നെന്നും ഉറപ്പില്ല. പക്ഷേ, വാർത്ത ശരിയാവാനുള്ള സാധ്യത തള്ളിക്കൂടാ. കാരണം അവർക്കും വേണ്ടത് ജനശ്രദ്ധയാണല്ലോ. അതിന് ഇത്തരം ഒരാളെ പേറുന്നത് പ്രതീക്ഷിക്കാവുന്നതു തന്നെയാണ്.



ഇതു ശരിയാണെങ്കിൽ ലിബറലിസം തൊപ്പിയിട്ടിരിക്കുകയാണ് എന്ന് തന്നെ നാം പറയേണ്ടിവരും. ഇതൊക്കെ ലിബറലിസത്തിന്റെ ഭാഗമാണ്. ലിബറലിസം സമൂഹത്തിൽ അതിവേഗം വളർന്നുവരികയാണ്. മനുഷ്യൻ പല വഴികളിലൂടെ ആർജിച്ച സാംസ്കാരികതയും ധാർമികതയും പറിച്ചെറിഞ്ഞ്, ഞാൻ എനിക്ക് എന്റെ ഇഷ്ടങ്ങൾ എന്ന സൂത്രവാക്യത്തിലേക്ക് സംഗതികൾ ചുരുങ്ങുകയാണ്. എന്നിട്ടതിനെ സ്വാതന്ത്ര്യം എന്നു വിളിക്കുകയും നവോത്ഥാനത്തിന്റെ പട്ടികയിൽ കെട്ടുകയും ചെയ്യുകയാണ്. മതങ്ങളും ചിന്താ ദർശനങ്ങളും മനുഷ്യന് നേർന്ന സാംസ്കാരികാംശങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ലിബറലിസത്തിന്റെ ദൗത്യം. യൂറോപ്യന്‍ നവോത്ഥാന കാലത്ത് ക്രൈസ്തവ സഭകളുടെ അധികാരങ്ങളെയും ജന്മിമാരുടെ കുടിയാന്മാരോടുള്ള ക്രൂരതകളെയും രാജാക്കന്മാരുടെ ദൈവദത്താധികാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജോണ്‍ ലോക്ക് ഈ ആശയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. യൂറോപ്പിലുണ്ടായ നവോത്ഥാനത്തിന്റെ ബാക്കി പത്രമാണ് ലിബറലിസം എന്ന് വീക്ഷണമുണ്ട്. മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തില്‍നിന്ന് വ്യക്തിയെ പരമാവധി മോചിപ്പിക്കുകയും ശേഷം സ്റ്റേറ്റ് വ്യക്തിയുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ് ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ഇതിൽ, ശേഷം സ്റ്റേറ്റ് വ്യക്തിയുടെ എന്നതു മുതൽ ഉള്ള ഭാഗം സോഷ്യലിസ്റ്റുകളുടെയും ആദ്യ ഭാഗം ക്യാപ്പിറ്റലിസ്റ്റുകളുടെയും മനോഗതിയാണ്. ആ നിലക്കാണ്, ലിബറലിസം കിഴക്കും പടിഞ്ഞാറും അഥവാ ക്യാപ്പിറ്റലിസവും സോഷ്യലിസവും കൂടി പടച്ചെടുത്ത ഒരു ജാരസന്തതിയാണ് എന്ന് പറയാറുള്ളത്. പക്ഷെ, ഈ ശ്രമം വിജയിച്ചില്ല.



അതിനു കാരണം അതിന്റെ അടിസ്ഥാന തത്വങ്ങളുടെ പരാജയമാണ്. അവ പ്രധാനമായും രണ്ടാണ്. ഒന്ന്, ഹാം പ്രിന്‍സിപ്പ്ൾ ആണ്. ലിബറല്‍ ധാര്‍മികതയുടെ ഏറ്റവും ശക്തിയും വ്യാപകത്വവുമുള്ള അടിത്തറ ഇതാണ്. മറ്റൊരാള്‍ക്ക് ദോഷകരമാവാത്ത തരത്തില്‍ വ്യക്തികള്‍ക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ട് എന്നാണ് ഈ മൗലിക തത്വം സിദ്ധാന്തിക്കുന്നത്. അതില്‍ മറ്റു വ്യക്തികളോ സമൂഹമോ രാഷ്ട്രമോ ഇടപെടരുത് എന്നതാണീ തത്വം. ഇത് കേൾക്കാൻ രസമാണ്. അതെ, ശരിയാണല്ലോ, എന്ന് കേട്ട് മാത്രം എല്ലാവരും പറഞ്ഞു പോവുകയും ചെയ്യും. പക്ഷേ ആലോചിക്കുമ്പോൾ അതിന്റെ അപ്രായോഗികത ആർക്കും ബോധ്യമാകും. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. എനിക്ക് ആരുടെയും സഹായം വേണ്ട. എന്നൊക്കെ അഹങ്കരിച്ചു പറഞ്ഞാലും ഒരാളിൽ നിന്ന് അല്ലെങ്കിൽ മറ്റൊരാളിൽ നിന്ന് ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഏതെങ്കിലും ഒരു ജീവിതഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ സഹായം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോൾ അതിന് സാധ്യമാകണമെങ്കിൽ തീർച്ചയായും അവരുടെ താൽപര്യങ്ങളെ കൂടി പരിഗണിക്കേണ്ടതായി വരും. മറ്റൊരാൾക്ക് ദോഷമാകുന്നില്ല എന്നതുകൊണ്ട് മാത്രം അത് ചെയ്യാൻ കഴിയില്ല. മറിച്ച് മറ്റൊരാൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് അത് ഉപദ്രവം ചെയ്യുന്നുണ്ടായേക്കും. പിന്നെ തന്റെ സ്വാതന്ത്ര്യം, തന്റെ ഇഷ്ടം എന്നൊക്കെ പറയുന്ന അഹങ്കാരത്തിനും അതിന്റേ തായ കാലവും പ്രായവും ഉണ്ട്. എല്ലാകാലത്തും എല്ലാ പ്രായത്തിലും അത് പറയാൻ കഴിയില്ല. കാലവും പ്രായവും ആണെങ്കിലോ പ്രപഞ്ചത്തിന്റെ അസ്ഥിവാരങ്ങളാണ് താനും. ഇവിടെയാണ് ലിബറലിസം പരാജയപ്പെട്ടതും പെട്ടുകൊണ്ടിരിക്കുന്നതും.



രണ്ടാമത്തേത് സന്തോഷ സിദ്ധാന്തം അല്ലെങ്കില്‍ സുഖസിദ്ധാന്തമാണ്. ഒരു പ്രവൃത്തിയുടെ ഫലം മൊത്തത്തില്‍ ദുഃഖത്തേക്കാള്‍ സന്തോഷമാണ് നല്‍കുന്നതെങ്കില്‍ അത് ശരിയാണ് എന്നതാണ് ഈ സിദ്ധാന്തം സമർഥിക്കുന്നത്. ഒരു പെണ്‍കുട്ടിയെ ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയാണ്. ഇവിടെ 10 പേരും അനുഭവിച്ച സുഖത്തേക്കാള്‍ കടുപ്പമേറിയ വേദന ആ പെണ്‍കുട്ടി അനുഭവിക്കുന്നില്ല എന്ന് പറയുവാൻ പ്രേരിപ്പിക്കുന്ന തത്വമാണിത്. മേൽ പറഞ്ഞ ഉദാഹരണം തന്നെ തെറ്റാണ്. കാരണം അതിൽ പറഞ്ഞ പത്തു പേർ അനുഭവിച്ച സുഖം ഒരിക്കലും ആ പെൺകുട്ടി അനുഭവിച്ച വേദനയേക്കാൾ വലുതല്ല. ആ പെൺകുട്ടി അനുഭവിച്ച വേദന തന്നെയാണ് ഏറ്റവും വലുത്. കാരണം, ഒരു ബലാത്സംഗത്തിൽ ലൈംഗികബന്ധം അവസാനിക്കുന്നതുവരേക്കും അവളുടെ കൈകളും കാലുകളും കൂട്ടി കെട്ടിയിടുന്നതിനാൽ ഉണ്ടാകുന്നതോ അവളുടെ ഇഷ്ടാനുസരണമല്ലാതെ ജനേന്ദ്രിയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതോ ആയ വേദനകൾ മാത്രമല്ല അവൾ അനുഭവിക്കുന്നത്. ഒരു പെൺകുട്ടി എന്ന നിലയിൽ, ഒരു സ്ത്രീ എന്ന നിലയിൽ അവളുടെ ജീവിതത്തിന്റെ ഭാവി മുഴുവനും ഇതിലൂടെ ഇരുളടയുകയാണ്. ആ ഭാഗം തികച്ചും മാനുഷികവും മാനസികവുമാണ്. അത് കാണാൻ ഉള്ള മനസ്സ് ലിബറലിസത്തിന് നഷ്ടപ്പെടുകയാണ്. ഇതാണ് രണ്ടാമത്തെ തത്വത്തിലും ലിബറലിസം പരാജയപ്പെട്ടതും പെടുന്നതും. ചുരുക്കത്തിൽ ലിബറലിസം എന്ന് പറഞ്ഞാൽ ഒരർത്ഥവും ഇല്ലാത്ത ഒരു വാദമാണ്. തൊപ്പി നിഹാൽ ചെയ്യുന്ന കോപ്രായങ്ങളെ പോലെ തന്നെ. ലിബറലിസത്തിന്റെ ഭാഗമായി തൊപ്പിയെ നാം കാണുമ്പോൾ അതിന്റെ നിരർത്ഥകത ഒന്നുകൂടി മനസ്സിലാക്കുവാൻ സമൂഹത്തിന് ഇവനൊരു വഴിയായി എന്നു കരുതാം.



മനുഷ്യനെ മൃഗത്തിൽ നിന്നെ വേർതിരിക്കുന്ന ഏറ്റവും പ്രധാന ഘടകം ഔചിത്യ ബോധമാണ്. തന്റെ സ്വത്വത്തിനും നന്മയ്ക്കും നിലവാരത്തിനും വില കൽപ്പിക്കാത്തതും അതിനെ സംരക്ഷിക്കുവാൻ സഹായകമല്ലാത്തതുമായ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുവാൻ പ്രേരിപ്പിക്കുന്ന വികാരമാണ് ഔചിത്യബോധം. ഇതാണ് ഇസ്ലാമിക സംസ്കൃതി പഠിപ്പിക്കുന്ന ലജ്ജ. ഒരു മനുഷ്യന്റെ വിശ്വാസത്തിന്റെയും സദാചാര ബോധത്തിന്റെയും കവചമാണ് ലജ്ജ. ലജ്ജയില്ലെങ്കില്‍ വിശ്വാസം കാത്തുസൂക്ഷിക്കുവാനോ ധാര്‍മികത ജീവിതത്തില്‍ നിലനിര്‍ത്തുവാനോ സാധിക്കുകയില്ലെന്നത് വ്യക്തമാണ്. പ്രവാചകന്‍ (സ) പറഞ്ഞു: സത്യവിശ്വാസവും ലജ്ജാശീലവും പരസ്പരം കൂട്ടുകാരാണ്. അതിലൊന്ന് നഷ്ടപ്പെട്ടാല്‍ മറ്റെതും നഷ്ടപ്പെട്ടു പോകും. ലജ്ജയെന്നു പറഞ്ഞാല്‍ ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയില്‍ നാണിച്ചിരിക്കുകയെന്നതല്ലെന്ന് മേലുദ്ധരിച്ച വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒരു വിശ്വാസി ഇടപെടുന്ന മുഴുവന്‍ മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്വഭാവ സംസ്‌കാരമാണത്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ അമിതജ്വരം ബാധിച്ച ഇക്കാലത്ത് ലജ്ജയെന്ന ഈ മഹദ്‌സ്വഭാവം പലരില്‍നിന്നും ഏറെ വിദൂരതയിലാണെന്ന് നിസ്സംശയം പറയാം. അതിന്റെ ഉദാഹരണമാണ് തൊപ്പിയുടെ ഉളുപ്പില്ലായ്മകൾ. ഉളുപ്പില്ലെങ്കിൽ നീ എന്തു വേണമെങ്കിലും ചെയ്തു കൊള്ളൂ എന്ന് നബി തിരുമേനി(സ).



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso