വൈവിദ്ധ്യമാണ് നമ്മുടെ ശക്തിയും സൗന്ദര്യവും
06-07-2023
Web Design
15 Comments
ഒരു ഒറ്റക്കളർ ചിത്രവും ഒരു പാട് കളറുകളുളള ഒരു ചിത്രവും മനസ്സിലൊന്നു സങ്കൽപ്പിച്ചു നോക്കൂ! ബഹുവർണ്ണ ചിത്രമായിരിക്കും മനോഹരവും ആകർഷകവുമായി നമുക്കു തോന്നുക. ഒന്നുകൂടി വ്യക്തമാകുവാൻ ഒറ്റപ്പെട്ടു ഒരിടത്ത് നിൽക്കുന്ന ഒരു ഒറ്റ നിറമുള്ള പൂവിനെക്കൂടി നമുക്ക് സങ്കൽപ്പിക്കാം. അത് നമ്മെ അത്ര തന്നെ ആകർഷിക്കില്ല. എന്നാൽ ആ പൂവ് ഒരു ആകാശ നീലയുടെ പശ്ചാതലത്തിൽ പച്ച നിറമുളള ഇടതൂർന്ന ഇലകൾക്കും ചാരനിറമുള കൊമ്പുകൾക്കും മഞ്ഞ നിറമുള്ള ഞെട്ടിനും ഇടയിലായിരുന്നു എങ്കിൽ അകത്തേക്ക് ഇരുണ്ടിറങ്ങുന്ന ചുവപ്പു നിറമുളള അതിന്റെ ദളങ്ങൾക്ക് വല്ലാത്തൊരു അഴകായിരിക്കും. വൈവിദ്ധ്യം എന്ന പ്രതിഭാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ നമ്മുടെ സ്വന്തം പരിസരത്തു നിന്ന് തന്നെ പറിച്ചെടുക്കാൻ ഇങ്ങനെ ധാരാളമുണ്ട് ഉദാഹരണങ്ങൾ. വൈവിദ്ധ്യം പ്രകൃതിയുടെ നിയമങ്ങളിൽ ഒന്നാണ് എന്ന് പറയും ചിന്തകൻമാരും കലാകാരൻമാരും. പക്ഷെ, വിശ്വാസികൾക്ക് അത് അല്ലാഹുവിന്റെ സൃഷ്ടി രഹസ്യങ്ങളിൽ ഒന്നാണ്. ഒന്നിനുള്ളിൽ ഒരു പാട് തരങ്ങൾ കൊണ്ട് വൈവിധ്യം തീർക്കുക എന്നത് സൃഷ്ടാവിന്റെ ഒരു സൃഷ്ടി രഹസ്യമാണ്. അങ്ങനെ, ഒന്നിന് ഒരു പാട് നിറങ്ങളും രൂപങ്ങളും ഭാവങ്ങളും നൽകുന്നതോടെ അത് മനോഹരവും ആകർഷകവുമായിത്തീരുന്നു. പ്രപഞ്ചത്തിലെ ഘടകങ്ങളെ മുഴുവനും അവൻ ഇങ്ങനെ ആകർഷകമാക്കുന്നത് മനുഷ്യ ചിന്തയെ ആകർഷിച്ച് തന്റെ സൃഷ്ടാവിനെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയാണ്. ഈ മനോഹരമായ കര കൗതുകം കണ്ടുകണ്ടിരിക്കുമ്പോൾ മനുഷ്യന്റെ മനസ്സ് സൃഷ്ടാവിലേക്ക് തിരിയും. ഇങ്ങനെ ഒരാമുഖം എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നുണ്ടാവും ചിലരെങ്കിലും. വൈവിദ്ധ്യങ്ങളെ കണ്ടില്ലാ എന്നു നടിച്ച് ഏകീകരിക്കാൻ കഴിയാത്ത കാര്യങ്ങളെ ബലപ്രയോഗം വഴി ഏകീകരിക്കുവാൻ ഭരണകൂടം തന്നെ ശ്രമിക്കുന്ന പുതിയ വർത്തമാനങ്ങൾക്കിടയിൽ ചില തത്വങ്ങളിലേക്ക് വിരൽ ചൂണ്ടുവാനാണ് ഈ ആമുഖം.
തുടക്കത്തിൽ പറഞ്ഞ അതേ തത്വം മനുഷ്യനിലുമുണ്ട്. അഥവാ അവന്റെ ഒറ്റ സൃഷ്ടിയായി പടച്ചു. പിന്നെ അവനിൽ വൈവിദ്ധ്യം നിക്ഷേപിച്ചു. സൃഷ്ടാവ് പറയുന്നു: മാനവകുലം ഒറ്റ സമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ വിധി കല്‍പിക്കാന്‍ വേണ്ടി ശുഭവാര്‍ത്താ വാഹകരും താക്കീതുകാരുമായി പ്രവാചകന്മാരെ അല്ലാഹു അയക്കുകയും സത്യസമേതം അവരൊന്നിച്ചു ഗ്രന്ഥമവതരിപ്പിക്കുകയും ചെയ്തു. (അൽ ബഖറ: 213). മാനവൻ എന്ന ഏകത്വത്തിൽ പിന്നീട് വൈവിദ്ധ്യം നിറച്ചത് മറ്റൊരിടത്ത് ഇങ്ങനെ സൂചിപ്പിക്കുന്നു: ഭുവന-വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാ-വര്‍ണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് (റൂം: 22). ആദ്യത്തെ സൂക്തം മനുഷ്യന്റേത് ഏകസത്തയാണ് എന്ന് പറയുമ്പോൾ രണ്ടാമത്തെ സൂക്തം പറയുന്നത് ആ ഏക സ്വത്വത്തിന് ബഹുവർണങ്ങൾ ചാർത്തിയതാണ്. ഈ ആയത്തുകളുടെ പശ്ചാതലത്തിൽ മുഫസ്സിറുകൾ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: ഈ വൈവിദ്ധ്യം അല്ലാഹുവിന്റെ അപാരമായ ഒരു അനുഗ്രഹമാണ്. കാരണം വൈവിദ്ധ്യം ഉണ്ടായത് കൊണ്ടാണ് അവരിൽ പരസ്പര ആകർഷണമുണ്ടായത്. ആണും പെണ്ണും സൗന്ദര്യമുള്ളവരും ഇല്ലാത്തവരും മെലിഞ്ഞവരും തടിച്ചവരും എല്ലാം ഉണ്ടായത് ഈ വൈവിദ്ധ്യത്തിന്റെ ഒരു ഉദാഹരണം. എന്നിട്ട് ഇവ ഓരോന്നിനോടും ഉള്ള ഇഷ്ടമുണ്ടാക്കുവാനും അത് ഉറപ്പു വരുത്തുവാനും ഓരോരുത്തരുടേയും ഗ്രഹണ ശക്തിക്കും ഇതേ വൈവിദ്ധ്യം നൽകി. ചിലർക്ക് കറുപ്പ് അഴകാണ്. മറ്റു ചിലർക്ക് വെളുപ്പ് അഴകാണ്. ഇതോടെ ലിംഗം, നിറം, ഗുണം, കാഴ്ച, സമീപനം തുടങ്ങിയവയിൽ ഒന്നും അവഗണിക്കപ്പെടാതെ എല്ലാറ്റിനും പരിഗണ ലഭിക്കാനുള്ള വഴി ഉണ്ടായി. ഇതുണ്ടായത് വൈവിദ്ധ്യം ഉണ്ടായതു കൊണ്ടാണ്. ഈ അർഥത്തിൽ വൈവിദ്ധ്യമാണ് ഓരോന്നിനും മൂല്യം നൽകുന്നത് എന്ന് പറയാം. ആണില്ലെങ്കിൽ പെണ്ണിന് വിലയില്ല, പകലില്ലെങ്കിൽ രാവിന് ചന്തമില്ല, കറുത്തവളില്ലെങ്കിൽ വെളുത്തവൾക്ക് ഭംഗിയില്ല... ഒന്നിനെ സവിശേഷമാക്കുന്നത് മറ്റൊന്നാണ് എന്ന തത്വമാണ് ഇതിലൂടെ പുലരുന്നത്.
മനുഷ്യന്റെ വ്യവഹാര മേഖലകളിലും ജീവിത സന്ധാരണ മാർഗ്ഗങ്ങളിലുമെല്ലാം ഈ വൈവിദ്ധ്യം ഉണ്ട്. അതുകൊണ്ട് കംപ്യൂട്ടറ് കൊണ്ട് പണിയെടുക്കുന്നവരും കലപ്പ കൊണ്ട് പണിയെടുക്കുന്നവരും ഉണ്ടായി. പൊന്ന് കച്ചവടം ചെയ്യുന്നവരും ഉപ്പു കച്ചവടം ചെയ്യുന്നവരും ഉണ്ടായി. ഇല്ലായിരുന്നു എങ്കിൽ എല്ലാവരും ഒന്ന് തന്നെ ചെയ്തും ഒന്നു തന്നെ വിറ്റും വാങ്ങിയും ഒരു ഭാഗത്ത് വിരസതയും മറുഭാഗത്ത് ദൗർലഭ്യതയും ഉണ്ടാകുമായിരുന്നു. ചുരുക്കത്തി ൽ വൈവിദ്ധ്യമാണ് മനുഷ്യന്റെയും അവന്റെ ലോകത്തിന്റെയും നിലനിൽപ്പിന്റെയും വളർച്ചയുടെയും നിദാനം. അതിനാൽ അത് മനുഷ്യന്റെ ഗുണത്തിന് വേണ്ടി സൃഷ്ടാവ് ചെയ്ത കടാക്ഷമാണ്. വിശ്വാസികളുടെ വിശ്വാസത്തിൽ സൃഷ്ടാവ് വിധിച്ചതോ അല്ലാത്തവരുടെ കാഴ്ച്ചപ്പാടിൽ പ്രകൃത്യാ ലഭിച്ചതോ ആയ ഈ സൃഷ്ടിവൈഭവങ്ങളിൽ കൈ വെക്കുകയോ അതിനെ മാറ്റം വരുത്തുവാൻ ശ്രമിക്കുകയോ ചെയ്താൽ അതിന് കനത്ത വില നൽകേണ്ടിവരും. വിശുദ്ധ ഖുർആൻ അത് ഇങ്ങനെ പറയുന്നു: മനുഷ്യന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത് (റൂം: 41). പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഈ സവിശേഷതകൾ അവനിലൂടെ അവൻ കേന്ദ്രീകൃതമായ എല്ലാ സംവിധാനങ്ങളിലേക്കും പകരുന്നു. സമൂഹം, സമുദായം, രാഷ്ട്രം തുടങ്ങിയവ എല്ലാറ്റിലേക്കും. അവയുടെയൊക്കെ ശക്തിയും സൗന്ദര്യവും വൈവിദ്ധ്യം തന്നെ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. ലോകത്തിന് മുമ്പിൽ ഇന്ത്യയെ അഭിമാനത്തോടെ തലയുയർത്തുവാൻ സഹായിച്ചതും സഹായിക്കുന്നതും ഇന്ത്യയുടെ വൈവിദ്ധ്യം പകർന്ന ശക്തിയും സൗന്ദര്യവുമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വൈവിദ്ധ്യം തന്നെയാണ്. വൈവിധ്യമാർന്ന ചരിത്രം, പാരമ്പര്യങ്ങൾ, മതങ്ങൾ, ഭാഷകൾ എന്നിവയുടെ രസകരമായ സംയോജനഭൂമി. വിവിധ മതങ്ങളുടെ രാജ്യമാണ് ഇന്ത്യ. ഗോത്ര സമൂഹങ്ങൾക്ക് പുറമേ 82.41% ഹിന്ദുക്കൾ, 11.6%മുസ്ലീങ്ങൾ, 2.32% ക്രിസ്ത്യാനികൾ, 1.99% സിഖുകാർ 0.77% ബുദ്ധമതക്കാർ, 0.41% ജൈനർ എന്നിവരടങ്ങിയതാണ് ഇന്ത്യൻ ജനസംഖ്യ. , അവയിൽ ഹിന്ദുക്കൾ വൈഷ്ണവർ, ശൈവർ, ശാക്തർ, സ്മാർത്തർ എന്നിങ്ങനെ പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രവർത്തനപരമായ വ്യത്യാസമനുസരിച്ച്, സമൂഹത്തെ വർണ്ണ എന്ന് വിളിക്കുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയായി. കൂടാതെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തികഞ്ഞ വ്യത്യസ്ഥത പുലർത്തുന്ന ജാതികളും ഉപജാതികളും വേറെയും. അതുപോലെ, ഷിയാകൾ, സുന്നികൾ, അഹമ്മദികൾ തുടങ്ങി വിവിധ മുസ്ലീം വിഭാഗങ്ങളുണ്ട്. ക്രൈസ്തവരിലും ഒരു പാട് വിഭാഗങ്ങൾ ഉണ്ട്. ഇതു മതങ്ങളുടെ കാര്യം. മതമില്ലാത്തവർ വേറെയുണ്ട്. ഇന്ത്യയിലെ മാതൃഭാഷകൾ 1961 ലെ സെൻസസ് ഓഫ് ഇന്ത്യ കണക്കെടുപ്പ് പ്രകാരം 1,652 ആണ്. 2001 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന 29 ഭാഷകൾ ഇന്ത്യയിലുണ്ട്. പതിനായിരത്തിൽ കൂടുതൽ ആൾക്കാർ സംസാരിക്കുന്ന 122 ഭാഷകളുണ്ട്. ഇന്ത്യൻ സംസ്കാരം അങ്ങേയറ്റം വൈവിദ്ധ്യമുള്ളതും മറ്റ് പല സംസ്കാരങ്ങളുടെ സംയോജനവുമാണ്. ഓരോ പ്രദേശത്തിനും ജാതിക്കും മതത്തിനും അതിന്റേതായ പാരമ്പര്യവും സംസ്കാരവുമുണ്ട്. തൽഫലമായി, കല, സംഗീതം, നൃത്തം, നാടകം, വാസ്തുവിദ്യ എന്നിവയിൽ വ്യത്യാസങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായി 3.28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യ, വരണ്ട മരുഭൂമികൾ, നിത്യഹരിത വനങ്ങൾ, ചെങ്കുത്തായ മലകൾ, വറ്റാത്തതും വറ്റാത്തതുമായ നദീതടങ്ങൾ, നീണ്ട തീരങ്ങൾ, ഫലഭൂയിഷ്ഠമായ സമതലങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളുള്ള ഒരു വലിയ രാഷ്ട്രമാണ്. ഇതിനകം സൂചിപ്പിച്ച വൈവിദ്ധ്യത്തിന്റെ പ്രധാന രൂപങ്ങൾക്ക് പുറമേ, ഗോത്രവർഗ, ഗ്രാമ, നഗര ആവാസ വ്യവസ്ഥകൾ, വിവാഹ രീതികൾ, മതപരവും പ്രാദേശികവുമായ ബന്ധങ്ങൾ എന്നിവയിലും ഇന്ത്യയ്ക്ക് വൈവിധ്യമുണ്ട്.
അതിനാൽ നാനാത്വത്തിന്റെ മഹോത്സവമാണ് ഇന്ത്യൻ സംസ്കാരമെന്ന് ഓരോ ഭാരതീയനും അഭിമാനത്തോടെ പറയും. നമ്മുടെ ഡി എൻ എ-യിൽ അനേകം ജീനുകളുണ്ട്. അതിൽ ലോകത്തിന്റെ മുഴുവൻ സാംസ്കാരിക വൈവിദ്ധ്യവുമുണ്ട്. അവയെല്ലാം ഒരുക്കുന്ന ഈ നിറച്ചാർത്ത് ആരേയും വേദനിപ്പിക്കുന്നില്ല, ആരുടെ വളർച്ചയേയും തടയുന്നില്ല, ആർക്കും വിലങ്ങുതടിയാകുന്നില്ല. പത്യുത ഓരോരുത്തർക്കും വളരാനും വളർത്താനും കാണാനും കാണിക്കാനും അവസരമാകുകയാണ് വൈവിദ്ധ്യങ്ങളുടെ ഇന്ത്യ. അതില്ലാതെയാക്കുവാനുളള ശ്രമമാണ് സിവിൽ കോഡ് ഏകീകരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ബാലിശമായ ബലപ്രയോഗം. ഇന്ത്യയെ സ്നേഹിക്കുന്നവർക്കും ഇന്ത്യ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക തന്നെ വേണ്ടിവരും. അത് അതിന്റെ വഴിക്കു നടക്കും. അതേ സമയം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഒരു തെറ്റിദ്ധാരണ പൊതുമണ്ഡലത്തിൽ ഉണ്ട്. ഇതൊരു മുസ്ലിം പ്രശ്നമാണെന്നും ഏക സിവിൽക്കോഡ് വന്നാൽ അപകടപ്പെടുക അവരാണെന്നുമുള്ള തെറ്റുധാരണ. അതു ശരിയല്ല. ബഹുസ്വരതയിൽ ജീവിക്കുവാൻ മുസ്ലിംകൾക്ക് പ്രയാസമേയില്ല. മതങ്ങൾക്കിടയിൽ മതേതരത്വത്തെ വരിക്കുന്നതിന് ഇസ്ലാമിൽ വിഖാതമായി ഒന്നുമില്ല. അത്തരം വൈവിദ്ധ്യങ്ങൾ ഇസ്ലാമിന്റെ പ്രകാശം തെളിഞ്ഞു കാണുവാൻ സഹായകമാകും എന്നതിനാൽ അത് കൂടുതൽ പ്രോത്സാഹനാർഹവുമാണ്. എന്നാൽ മുസ്ലിംകൾക്ക് മുമ്പിൽ ചില ഗുരുതര ആശങ്കൾ ഉണ്ട് എന്നത് ശരിയാണ്. കാരണം, ഏകീകൃത സിവിൽ കോഡിനു വേണ്ടി അചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ അതനുവദിച്ചു കൊടുക്കുവാൻ മുസ്ലിമിന് കഴിയില്ല. മറ്റുള്ള മതങ്ങൾക്കൊന്നും അതിൽ അത്ര പ്രയാസുണ്ടാവില്ല. കാരണം ഇസ്ലാമിൽ ദൈവ നിർദ്ദിഷ്ടതക്കാണ് അപ്രമാദിത്വം. അതു വിട്ട് കളഞ്ഞാൽ പിന്നെ ഇസ്ലാമും മുസ്ലിമുമില്ല. അതിനാൽ രാഷ്ട്രീയക്കാരെ പോലെയല്ല മതവിശ്വാസികൾ. അവർക്ക് ഇതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. കാരണം അതവരുടെ അസ്തിത്വമാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso