ഇഅ്ജാസ് / ടൈറ്റൻ ഏറ്റുപറഞ്ഞത്..
06-07-2023
Web Design
15 Comments
ഒരു മാസത്തോളമായി ലോകത്തിന്റെ ശ്രദ്ധയുടെ ഒരു ഭാഗം അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലായിരുന്നു. അവിടെ 110 വർഷങ്ങൾക്കു മുമ്പ് തകർന്ന് ആണ്ട് പോയ ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാൻ വേണ്ടി ഒരു ജലപേടകത്തിൽ യാത്ര തിരിച്ച അഞ്ചു സാഹസിക സഞ്ചാരികളുടെ സഞ്ചാരവും തിരോധാനവും ആയിരുന്നു ശ്രദ്ധാകേന്ദ്രം. ലോക ചലനങ്ങൾ ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ ശ്വാസങ്ങളെ പിടിച്ചു നിർത്തിയ സംഭവങ്ങളായിരുന്നു ഉണ്ടായതെല്ലാം. കഴിഞ്ഞ ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തർവാഹിനി കാണാതായത്. ഓഷ്യൻ ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ സബ്‌മെർസിബിളിലായിരുന്നു അവർ അറ്റ്ലാന്റിക്കിലേക്ക് ഊളയിട്ടത്. ഒരു കനേഡിയൻ കപ്പലിലായിരുന്നു മുങ്ങേണ്ട പോയിന്റ് വരെ സഞ്ചാരം. അവിടെയെത്തി മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്‍റെ ഉടമസ്ഥനായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.
12,500 അടി വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണുവാനായിരുന്നു സാഹസികമായ ഈ യാത്ര. ഇന്നും ഒരു പഠനമാണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന ഭീമൻ കപ്പൽ തകർന്നത് എങ്ങിനെയാണ് എന്നത് പരിപൂർണ്ണമായ ഒരു ഉത്തരം കിട്ടാതെ കിടക്കുന്ന ഒരു ചോദ്യമാണ്. ഒരിക്കലും തകരുകയോ മുങ്ങുകയോ ചെയ്യില്ല എന്ന പ്രഖ്യാപനത്തോടു കൂടെ ആയിരുന്നു ടൈറ്റാനിക് നീറ്റിലിറക്കിയത്. 1909 മാർച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാകാൻ നാല് വർഷമെടുത്തതാണ്. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് അത് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളളാണ് നിർമ്മാണച്ചെലവ്. എല്ലാ അത്യന്താധുനിക സൗകര്യങ്ങളും കപ്പലിലുണ്ടായിരുന്നു. വെള്ളം കടക്കാത്ത പതിനാറു അറകള്‍, കൂടാതെ അത്യാധുനിക സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ജല കൊട്ടാരമായിരുന്നു അത്. 1912 ഏപ്രില്‍ 10 ന് ആയിരുന്നു ടൈറ്റാനിക്കിന്റെ യാത്രയുടെ തുടക്കം. മൂന്നു ക്ലാസ്സുകളിലായി 2500 യാത്രക്കാരെയും, ആയിരത്തോളം ജോലിക്കാരെയും വഹിച്ച് തുടങ്ങിയ ആ യാത്ര ലോകത്തെ നടുക്കിയ എക്കാലത്തെയും വലിയ ദുരന്തത്തിലേക്കായിരുന്നു. ആ ഭീമൻ കപ്പൽ 1912 ഏപ്രിൽ 14-ന് രാത്രി ഒരു മഞ്ഞുമലയിൽ ചെന്നിടിക്കുകയും ഏപ്രിൽ 15-ന് കപ്പൽ മുങ്ങുകയും ആ മഹാദുരന്തത്തിൽ 1,500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ടൈറ്റൻ പേടകത്തിന്റെ യാത്രയും ടൈറ്റാനിക്കിന്റേതു പോലെ കണ്ണീരിലേക്കായി.
ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ പേടകം തകർന്നു എന്നും സഞ്ചാരികൾ അഞ്ചു പേരും മരണപ്പെട്ടു എന്നും തെളിഞ്ഞു. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാറിനെ തുടർന്ന് ഉണ്ടായ ഉൾസ്ഫോടനമാണ് കാരണമായെന്നാണ് നിഗമനം. സമുദ്രോപരിതലത്തിൽനിന്ന് 3.8 കിലോമീറ്റർ ആഴത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടത്തിന് സമീപമായിരുന്നു സ്ഫോടനം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സംഭവം ഉണ്ടാക്കിയ നടുക്കവും പകർന്ന ചിന്തകളുമെല്ലാം അവിടെ നിൽക്കട്ടെ, ഈ സംഭവം ഉണർത്തുന്ന ചില ചിന്തകളുണ്ട്. അത് സമുദ്രം, അതിന്റെ അടിത്തട്ടിന്റെ വിസ്മയങ്ങൾ തുടങ്ങിയവയിലേക്കുള്ള ഖുർആനിക സൂചനകളാണ്. ഈ ചിന്തകൾ തുടങ്ങുന്നത് സമുദ്രം ഒരു ചിന്താവിഷയമാണ് എന്നതിൽ നിന്നാണ്. അല്ലാഹു അവന്റെ കിതാബിൽ പലയിടത്തും സമുദ്രത്തെ ഒരു ചിന്താ വിഷയമായി അവതരിപ്പിക്കുന്നുണ്ട്. പരസ്പരം ചേരാതെ വേറിട്ട സാന്ദ്രതയും ഗുണങ്ങളും കാത്തുസൂക്ഷിക്കുന്ന കടലുകൾ, സമുദ്രോപരിതലത്തിലെ കപ്പലുകൾ, തിരമാലകൾ, മത്സ്യങ്ങൾ, രത്നങ്ങൾ തുടങ്ങി കടലുമായി ബന്ധപ്പെട്ട പലതും ഖുർആനിൽ പല രൂപത്തിലായി വരുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമുദ്രാന്തർഭാഗത്തെ ഇരുട്ട്. ഇത് സാധാരണ ജനങ്ങളുടെ മാത്രമല്ല, ശാസ്ത്രത്തിന്റെ കണ്ണിൽ പോലും കുറേ കാലം മറഞ്ഞു കിടക്കുകയായിരുന്ന വസ്തുതയാണ്. പക്ഷെ, ഈ അടുത്ത കാലത്ത് ഓഷ്യനോളജി ശാസ്ത്രജ്ഞർ ഇതു ശരിയാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി.
ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സമുദ്ര ശാസ്ത്ര രംഗത്തെ അതികായനുമായ പ്രൊഫ. ദുര്‍ഗ റാവുവിനോട് ഒരിക്കല്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഈ കാര്യം പറയുന്ന ആയത്തിനെക്കുറിച്ച് ചോദിക്കപ്പെട്ടു. ആ ആയത്ത് ഇതാണ്: അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുന്നില്ല. അല്ലാഹു ആരെത്തൊട്ട് പ്രകാശം തടഞ്ഞുവോ അവര്‍ക്ക് വെളിച്ചം ലഭിക്കുന്നതല്ല (24:40).
പ്രൊഫ. റാവു ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്: വികസിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിനുമാത്രമേ സമുദ്ര ഗര്‍ഭത്തിലെ ഇരുട്ടിനെ മനസ്സിലാക്കാനാവുകയുള്ളൂ. കാരണം, പരസഹായമില്ലാതെ ഒരു മനുഷ്യന് 20-30 മീറ്ററുകളെക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഊളിയിടുക സാധ്യമല്ല. 200 മീറ്ററിലധികം സമുദ്രാഴിയില്‍ ചുറ്റിക്കറങ്ങാനും കഴിയില്ല. ഇക്കാര്യത്തിൽ പറയുവാനുള്ള ഒരു പ്രധാന കാര്യം, ലോകത്തുള്ള എല്ലാ സമുദ്രങ്ങളും ഇരുളടഞ്ഞതല്ല എന്നതാണ്. ഖുര്‍ആന്‍ പറഞ്ഞപോലെ, ആഴമേറിയ കടലുകള്‍ മാത്രമേ ഇവിടെ പ്രതിപാദിക്കപ്പെടുന്നുള്ളൂ. ഇങ്ങനെ ഒന്നിനു മുകളില്‍ ഒന്നായി കട്ടപിടിച്ചു കിടക്കുന്ന സമുദ്രാന്ധകാരത്തിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത്, പ്രകാശ രശ്മി ഏഴു നിറങ്ങളാല്‍ നിര്‍മിതമാണ്. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുകപ്പ് (VIBGYOR) എന്നിവയാണവ. പ്രകാശ രശ്മി ജലോപരിതലത്തില്‍ പതിക്കുമ്പോള്‍ അത് വ്യതിയാനത്തിന് വിധേയമാകുന്നു. ജലോപരിതലത്തില്‍നിന്നും പത്തുമുതല്‍ പതിനഞ്ചുവരെ മീറ്റര്‍ മാത്രമേ ചുകപ്പ് നിറം കടന്നുചെല്ലുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഒരു നീന്തല്‍ക്കാരന് 25 മീറ്റര്‍ അടിയില്‍നിന്നും മുറിവ് പറ്റിയാല്‍ ചുവന്ന രക്തം കാണുക അവന് സാധ്യമല്ല. കാരണം, ഇത്രമാത്രം, താഴ്ചയിലേക്ക് ചുവന്ന പ്രകാശ രശ്മി കടന്നുവരുന്നില്ല. അതേസമയം, ഓറഞ്ചു നിറത്തിലുള്ള പ്രകാശ രശ്മി 30 മുതല്‍ 50 മീറ്റര്‍ വരെയും മഞ്ഞ 50 മുതല്‍ 100 മീറ്റര്‍ വരെയും പച്ച 100 മുതല്‍ 200 മീറ്റര്‍ വരെയും നീല 200 മീറ്ററുകള്‍ക്കപ്പുറവും വയലറ്റും ഇന്‍ഡിഗോയും അതിലപ്പുറവും കടന്നെത്തുന്നു. പാളികള്‍ക്കനുസരിച്ച് ഓരോന്നില്‍നിന്നും ഓരോ പ്രകാശം അപ്രത്യക്ഷമാകുമ്പോള്‍ അവിടെ ഇരുളടയുകയാണ്. അതനുസരിച്ച് ആയിരം മീറ്ററുകള്‍ക്കു താഴെ അതിശക്തമായ അന്ധകാരമായിരിക്കും.
രണ്ടാമത്തെ കാരണം, മേഘ പാളികള്‍ സൂര്യരശ്മിയെ ആഗിരണം ചെയ്യുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അപ്പോള്‍ മേഘത്തിനു താഴെ ഒരു ഇരുട്ട് ദൃശ്യമാകുന്നു. ഇതാണ് അന്ധകാരത്തിന്റെ പ്രഥമ പാളി. പ്രകാശം സമുദ്രോപരിതലത്തിലെത്തുമ്പോള്‍ തിരമാലയില്‍ തട്ടി അത് പ്രതിഫലിക്കുന്നു. ഇവിടെയും ഒരു തരം ഇരുട്ട് വന്നുപെടുന്നുണ്ട്. പ്രതിഫിലിക്കപ്പെടാത്ത പ്രകാശരശ്മി ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിന് പ്രധാനമായും രണ്ടു ഭാഗമുള്ളതായി നമുക്ക് കണ്ടെത്താനാവും. ചൂടും വെളിച്ചവും ഇഴുകിച്ചേര്‍ന്ന ഉപരിതലം, അന്ധകാരം മുറ്റിയ അടിത്തട്ട് എന്നിവയാണവ. തിരമാലയുടെ അടിസ്ഥാനത്തില്‍ ആഴിയിലേക്കു ചേര്‍ത്തി നോക്കുമ്പോള്‍ ഉപരിതലം മറ്റൊന്നായിത്തന്നെ കാണാവുന്നതാണ്.
ഉപരിതലത്തെക്കാള്‍ സാന്ദ്രതയുള്ളതിനാല്‍തന്നെ സമുദ്രത്തിന്റെ ആന്തരിക തല ജലം മറ്റു തലങ്ങളെ കവച്ചുവെക്കുന്നു. തിരമാലകള്‍ക്കിടയില്‍നിന്നു തന്നെ ഇരുട്ടു തുടങ്ങുന്നുണ്ട്. സമുദ്രാഴിയിലൂടെ നീന്തിത്തുടിക്കുന്ന മത്സ്യത്തിനു പോലും ഒന്നും കാണാനാവില്ല. അവയുടെ ശരീരംതന്നെ പ്രകാശ സ്രോതസുകളായി മാറുന്നതുകൊണ്ടാണ് അവക്ക് കാണാന്‍ സാധിക്കുന്നത്.
ആഴക്കടലിലെ ഇരുട്ട്, അതിനു മീതെ തിരമാല, അതിനുമീതെ വീണ്ടും തിരമാല എന്ന് ഖുര്‍ആന്‍ വ്യക്തമായിത്തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വ്യത്യസ്ത തലങ്ങളില്‍ വിവിധ വര്‍ണവെളിച്ചങ്ങള്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ അവിടെ ഇരുട്ടു മാത്രമേ ശേഷിക്കുന്നുള്ളൂ. ഡോ. ദുര്‍ഗ റാവു തന്റെ സംസാരം ഇങ്ങനെ അവസാനിപ്പിക്കുന്നു: ആയിരത്തി നാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ഈ പ്രതിഭാസം ഇത്രമാത്രം വിശദമായി പഠിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു അതീന്ദ്രിയ ശക്തി അത് അറിയിച്ചു നല്‍കി എന്നല്ലാതെ ഖുർആനിലെ ഈ പരാമർശത്തെ കുറിച്ച് പറയാൻ കഴിയില്ല.
നമ്മുടെ ചർച്ച ഇങ്ങനെ കയറിയിറങ്ങിപ്പോയത് ഈ ദുരന്തത്തെ തുടർന്ന് ടൈറ്റാനിക് വിദഗ്ദൻ ടിം മാൾട്ടിൺ കഴിഞ്ഞ ദിവസം ഒരു പ്രമുഖ അന്തർദേശീയ മാധ്യമത്തിലൂടെ നടത്തിയ വിവരണത്തിലെ ഒരു വാചകം പറയുവാനാണ്. അദ്ദേഹം പറഞ്ഞു: അവിടെ കൂരിരുട്ടാണ് സ്വന്തം കൈ മുഖത്തിനു നേരെ പിടിച്ചാൽ അതുപോലും കാണാൻ കഴിയാത്ത കൂരിരുട്ട്. ഖുർആൻ പറഞ്ഞത് അതേപടി പറയുകയായിരുന്നു ടിം മാൾട്ടിൻ. ഖുർആൻ അതിന്റെ അമാനുഷിക അൽഭുതങ്ങളെ ഇങ്ങനെ ഇടക്കിടക്ക് പുറത്തേക്ക് ഇട്ടുകൊണ്ടിരിക്കും. അതും വിശുദ്ധ ഖുർആനിന്റെ ഒരു സവിശേഷതയാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso