ചിലന്തിയും ചിലതും..
15-07-2023
Web Design
15 Comments
വിശുദ്ധ ഖുർആൻ പറയുന്നു: അല്ലാഹുവിനെ വിട്ട് മറ്റു പല സംരക്ഷകരെയും വരിച്ചവരുടെ ഉപമ വല നെയ്ത് ഗേഹമുണ്ടാക്കിയ എട്ടുകാലിയുടേതാണ്. ഏറ്റം ദുര്‍ബലസദനം എട്ടുകാലിയുടേത് തന്നെ. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നുവെങ്കില്‍...! (29:41) ഈ സൂക്തത്തിന്റെ നേരിട്ടുള്ള അർത്ഥവും ആശയവും ചിന്താർഹമാണ്. കാരണം, ഈ സൂക്തം പറയുന്നത് അല്ലാഹുവല്ലാത്ത അവന്റെ സൃഷ്ടികളിൽ പെട്ട എന്തിനെ സംരക്ഷകരായി വരിച്ചാലും അവരുടെ അല്ലെങ്കിൽ അവയുടെ ഒന്നും സംരക്ഷണം ശക്തമോ കാര്യക്ഷമമോ ആവില്ല, അത് വളരെ ദുർബലമായ ഒരു സംരക്ഷണം മാത്രമായിരിക്കും എന്നാണ്. സത്യത്തിൽ ദുർബലമായ സംരക്ഷണം എന്ന് തന്നെ പറയാൻ കഴിയില്ല. കാരണം അതിനു വേണ്ടി ഉദാഹരിച്ചിരിക്കുന്നത് എട്ടുകാലി വലയെയാണ്. എട്ടുകാലി വല ഒരിക്കലും ഒരു വീടിന്റേതു പോലെയുള്ള ഒരു അഭയസ്ഥാനം ആകുന്നില്ല. ഒരു വീട് എന്ന് പറയുമ്പോൾ അത് അതിൽ നിവസിക്കുന്ന ആൾക്കാർക്ക് സുരക്ഷിതത്വവും അഭയവും നൽകുന്നതായിരിക്കും. അവരെ ശത്രുക്കളിൽ നിന്നും പ്രതികൂല കാലാവസ്ഥകളിൽ നിന്നും എല്ലാം സംരക്ഷിക്കുന്നതും ആയിരിക്കും. എന്നാൽ എട്ടുകാലിയുടെ വീട് വെറും ഒരു വലയാണ്. അതിന് മേൽക്കൂരയോ കവാടമോ ചുമരുകളോ മറഞ്ഞിരിക്കുവാൻ കഴിയുന്ന സൗകര്യങ്ങളോ ഒട്ടും ഇല്ല. അപ്പോൾ ഈ ആയത്തിന്റെ നേരെ അർത്ഥം, തന്നെ സംരക്ഷിക്കും എന്നു കരുതി അല്ലാഹുവല്ലാത്ത ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും ഇലാഹായി വരിക്കുന്ന ആൾക്കാർ സത്യത്തിൽ വീട് ഉള്ളവരോ സംരക്ഷിതരോ ഒന്നും അല്ല, മറിച്ച് അവർ വെളിപ്പുറത്ത് കഴിയുന്നവരെ പോലെയാണ് എന്നായിത്തീരും. ഈ ഉദാഹരണം എത്രമാത്രം അടഞ്ഞതും അനുയോജ്യമായതും ആണ് എന്നത് ഈ ആയത്തിന്റെ വ്യക്തമായ അമാനുഷികതയാണ്.
വിശുദ്ധ ഖുർആനിന്റെ അമാനുഷികതകൾക്ക് പൊതുവായ ചില പ്രത്യേകതകൾ ഉണ്ട്. അത് എന്താണെന്ന് വെച്ചാൽ ഒരു ആശയത്തിലോ ഒരു വിഷയത്തിലോ അമാനുഷികത അവസാനിക്കുകയില്ല എന്നതാണ് അത്. ആ സൂക്തത്തിന്റെ അമാനുഷികത തെളിയിക്കുന്ന കാര്യങ്ങൾ ഒരു ശ്രേണിയിലേക്ക് വളരും. എന്നിട്ട് ഖുർആൻ പഠിക്കുന്ന ആളെ ആ അമാനുഷികതകളുടെ ശ്രേണി കൈപിടിച്ചു കൊണ്ടുപോകും. അതോടെ മനുഷ്യബുദ്ധിയെ കീഴടക്കി ഖുർആൻ അവനെ പുണരുന്ന സാഹചര്യം ഉണ്ടായിത്തീരും. അഥവാ ആ അമാനുഷികത മറ്റൊരു പാട് അമാനുഷികതകളിലേക്ക് വളരുന്നതായി നമുക്ക് കാണാം. ശ്രേണിയിലെ അമാനുഷികതകൾ പക്ഷെ, എല്ലാം ഒരേസമയം ഒറ്റയടിക്ക് പ്രകടമാവുകയോ ഗ്രാഹ്യമാവുകയോ ചെയ്തുകൊള്ളണമെന്നില്ല. അത് മനുഷ്യന്റെ ബൗദ്ധിക വികാസത്തിനനുസൃതമായി കാലങ്ങളായി ഉണ്ടായി വരുന്നതായിരിക്കും. കാലത്തോടൊപ്പം വളരുന്ന ഈ സവിശേഷത ഖുർആനിന്റെ മറ്റൊരു പ്രത്യേകതയാണ്. അപ്പോഴാണ് ഖുർആൻ അന്ത്യനാൾ വരെയുള്ള ഒരു അമാനുഷിക ഗ്രന്ഥമായി മാറുക. കാരണം ലോകത്തോടൊപ്പം മനുഷ്യന്റെ അറിവും ബുദ്ധിയും ഗ്രാഹ്യ ശേഷിയും എല്ലാം സഞ്ചരിക്കുകയും വളരുകയും ചെയ്യുകയാണ്. അപ്പോൾ അതിനോടൊപ്പം ഖുർആൻ വളർന്നുവന്നില്ലെങ്കിൽ ഫലം ഖുർആൻ പഴഞ്ചനും അപ്രായോഗികവും ആണ് എന്ന് മുദ്ര കുത്തെപ്പെടൽ ആയിരിക്കും. ഉദാഹരണമായി തേനീച്ചയെ കുറിച്ച് സഹാബിമാർ അനുഭവിച്ച അമാനുഷികതയല്ല ഇന്ന് നാം അനുഭവിക്കുന്നത്. അവയുടെ ജീവിതത്തെ കുറിച്ച് ഇന്ന് നമ്മുടെ ലോകം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് നാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതിനുള്ള മറ്റൊരു ഉദാഹരണമാണ് നാം പറഞ്ഞുവരുന്ന എട്ടുകാലിയുടെ കാര്യവും.
ഈ സൂക്തത്തിലെ അത്തരം ചിന്തോദ്ദീപകമായ ഒരു പ്രയോഗമാണ് എട്ടുകാലികളിലെ പെണ്ണുങ്ങളാണ് അവരുടെ വീടായ വല ഉണ്ടാക്കുന്നത് എന്നത്. എട്ടുകാലി എന്ന വാക്കിന് പറയുന്ന അറബി വാക്ക് 'അൻകബൂത്ത്' എന്നാണ്. ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത് ഈ വാക്കാണ്. ഈ വാക്ക് പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്നത് അറബി ഭാഷാ ഘടനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് പറയാൻ കഴിയാത്തതാണ്. ആ അഭിപ്രായ വ്യത്യാസം ഭാഷാ പണ്ഡിതന്മാരും പ്രകടിപ്പിക്കുന്നുണ്ട്. ചിലർ ഇത് പുല്ലിംഗമാണ് എന്ന് പറയുമ്പോൾ മറ്റു ചിലർ സ്ത്രീലിംഗമാണ് എന്ന് പറയുന്നു. എന്നാൽ വിശുദ്ധ ഖുർആനിലെ പ്രയോഗത്തിൽ അത് സ്ത്രീലിംഗം തന്നെ ആണ് എന്നത് ഉറപ്പാണ്. കാരണം അതിന്റ ശേഷമുള്ള ക്രിയാ വാക്കിൽ സ്ത്രീലിംഗം ആണ് പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഈ പ്രയോഗത്തിന്റെ അർത്ഥം എട്ടുകാലികൾ വീടുണ്ടാക്കുമ്പോൾ അതുണ്ടാക്കുന്നത് അവയിലെ സ്ത്രീകൾ മാത്രമാണ് എന്നാകുന്നു. ഖുർആൻ അവതരിക്കുന്ന കാലത്ത് എട്ടുകാലി വലയുടെ നിർമ്മാണമോ അതിന്റെ നിർമ്മാതാവിന്റെ ലിംഗമോ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള ഒരു ശാസ്ത്രീയ സംവിധാനവും വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ജീവശാസ്ത്രം വളരുകയും ഓരോ ജീവിയും നിരീക്ഷണത്തിന്റെ ലെൻസിലെത്തുകയും ചെയ്തപ്പോൾ ഒരു വസ്തുത മനസ്സിലായി, അത്, വല കെട്ടുവാൻ വേണ്ട നൂല് ഉല്പാദിപ്പിക്കുന്നത് സ്ത്രീ എട്ടുകാലികൾ മാത്രമാണ് എന്നതാണ്. ഈ കാര്യം വിശുദ്ധ ഖുർആൻ നേരത്തെ പറഞ്ഞു വെച്ചു എന്ന് നമുക്ക് മനസ്സിലാക്കുമ്പോൾ അത് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു അമാനുഷികതയായി മാറുകയാണ്.
നേരത്തെ പറഞ്ഞതുപോലെ ഈ അമാനുഷികത ഇവിടെ നിന്ന് ഇനിയും ചുഴിഞ്ഞ് ഇറങ്ങുന്നുണ്ട്. കാരണം വീട് ഉണ്ടാക്കുന്നത് സ്ത്രീകളാണ് എന്ന് പറയുമ്പോൾ എട്ടുകാലികളുടെ സമൂഹത്തിന് ഏതൊക്കെയോ അർത്ഥത്തിലുള്ള പെൺകോയ്മയുണ്ട് എന്നത് സൂചിപ്പിക്കപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് വീണ്ടും താഴേക്ക് ഇറങ്ങി അന്വേഷിക്കുമ്പോൾ നമ്മെ അന്തിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ബോധ്യമാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എട്ടുകാലികളുടെ ജീവിതത്തിൽ കൈകാര്യകർത്താവായി പ്രവർത്തിക്കുന്നത് പെണ്ണുങ്ങളാണ് എന്നതാണ്. പെൺ എട്ടുകാലികൾ മാത്രമാണ് സാധാരണഗതിയിൽ വല നെയ്ത് വീടുണ്ടാക്കുന്നത്. നാം കാണുന്ന എട്ടുകാലി വലക്ക് ഉളളിൽ കാണാറുള്ള ചിലന്തികൾ പെൺ ചിലന്തികൾ ആയിരിക്കും. ആൺ ചിലന്തികൾ സാധാരണഗതിയിൽ ഇത്തരത്തിൽ വല നെയ്തു വീട് ഉണ്ടാക്കാറില്ല എന്ന് മാത്രമല്ല, അത്തരം വലയിൽ താമസിക്കാറുമില്ല. പലപ്പോഴും വലയിലല്ലാതെ നടന്നുപോകുന്ന ചിലന്തികളെ കാണാം, ഇവ ആൺ ചിലന്തികൾ ആയിരിക്കും. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയാണ് ആൺ എട്ടുകാലികൾ. ഇര അന്വേഷിച്ചു കൊണ്ടും, ഇണ തേടാൻ പെൺചിലന്തികളെ അന്വേഷിച്ചുകൊണ്ടും സദാ റോന്തു ചുറ്റൽ ആണ് ആൺചിലന്തികളുടെ പണി. വല നെയ്ത് അതു വിരിച്ച് ഇരയെയും കാത്തിരിക്കുക മാത്രമല്ല, പെൺ ചിലന്തികൾ ചെയ്യുന്നത്. അവ തെല്ല് കാർകശ്യത്തോടെ അവരുടെ ലോകം ഭരിക്കുക തന്നെ ചെയ്യുന്നുണ്ട്. കണ്ടാൽ ഫാഷിസ്റ്റ് ഭരണമാണ് എന്നു തോന്നുന്ന ഭരണം.
കാരണം വലയിൽ ആര് കുടുങ്ങിയാലും അത് ഈ കൊച്ചമ്മക്കുള്ളതാണ്. ഏത് പ്രാണി വന്ന് കുടുങ്ങിയാലും അവൾ അത് ഭക്ഷിക്കും. അക്കാര്യത്തിലുള്ള ഏറ്റവും വിചിത്രമായ ഒരു സംഗതി, ഒരു ആൺ ചിലന്തിയെങ്ങാനും വലയിൽ വന്നു കുടുങ്ങിയാൽ അവനെയും അവൾ ശാപ്പിട്ടു കളയും എന്നതാണ്. ഇക്കാര്യത്തിൽ തികച്ചും വിചിത്രമായ ഒരു സമൂഹമാണ് ചിലന്തികൾ. കാരണം പ്രസവിച്ച അമ്മ സ്വന്തം കുഞ്ഞിനെ പോലും തിന്നുന്ന പ്രകൃതമാണ് അവയുടേത്. അവരുടെ സമൂഹത്തിൽ എത്ര ആദരിക്കപ്പെടുന്ന ആളാണെങ്കിലും തനിക്ക് ഭക്ഷണം ആവശ്യമായി വന്നാൽ ഏത് ആണിനെയും പിടിച്ചുതിന്നുന്ന പ്രകൃതമാണ് അവരുടെ പെണ്ണുങ്ങളുടേത്. പെൺ ചിലന്തിയെ തിരഞ്ഞുകൊണ്ട് ഇണചേരാനായി ആൺ ചിലന്തി പെൺ ചിലന്തിയുടെ വലയിലേക്ക് അവളെ തേടി വരും. ഇണ ചേർന്ന് കഴിഞ്ഞാൽ പലപ്പോഴും ആൺ ചിലന്തി അതോടെ ചത്തുപോകും. പെൺ ചിലന്തി ആൺ ചിലന്തിയെ കൊന്ന്, തിന്ന് കളയുകയാണ് ചെയ്യുന്നത് എന്നാണ് പൊതു അറിവ്. പെൺ ചിലന്തിയുടെ ഭക്ഷണവും മുട്ടയിടലും കുഞ്ഞുങ്ങളെ വളർത്തലും ഒക്കെ ഈ വല വീട്ടിൽ തന്നെയാണ്. വീട് വിട്ടൊരു കളി പെൺ ചിലന്തിക്കില്ല.
ഇപ്പോൾ ഈ സമീപകാലത്ത് ഈ വിഷയത്തിൽ വിചിത്രമായ ചില കാര്യങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത് ആൺ ചിലന്തികൾ അതിജീവനത്തിനായി ചില പോരാട്ടങ്ങൾ നടത്തുന്നുണ്ട് എന്നതാണ്. പെൺ ചിലന്തികളുമായി മൽപ്പിടുത്തം നടത്താൻ ഒന്നും ആൺ ചിലന്തികൾക്ക് കഴിയില്ല. അതിനാൽ അവരുടെ പോരാട്ടം ബുദ്ധിപരമാണ്. അതായത് ശക്തിയും ആരോഗ്യവും ഉള്ള പെൺ ചിലന്തികളെ മാറ്റിനിർത്തി ചെറുപ്രായക്കാരായ, തങ്ങളെ കൊല്ലാൻ മാത്രം കഴിവില്ലാത്തവരായ യുവതി ചിലന്തികളെ മാത്രം ലൈംഗികതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തി രക്ഷപ്പെടുക എന്നതാണ് അത്. ഓസ്ട്രേലിയയിലെ ചില ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തൽ . ഈ കണ്ടെത്തലും നേരത്തെ നാം പറഞ്ഞ പെൺകോയ്മയെ ഉറപ്പിക്കുന്നുണ്ട്. മറ്റു ചില വസ്തുതകളും ചിലന്തിപ്പെണ്ണുങ്ങൾക്കുണ്ട്.
ഒട്ടുമിക്ക ചിലന്തി സ്പീഷീസുകളിലും പെൺ ആണിനേക്കാൾ വളരെ വലുതാണ് എന്നതാണ് അതിലൊന്ന്. സ്ത്രീയുടെ കൈകൾ കുറച്ചുകൂടി വലുതാണ് എന്നത് മറ്റൊന്ന്. പെൺ ചിലന്തികൾക്ക് വിഷം കൂടുതലാണ്
എന്നതും ഇതിലേക്ക് ചേർത്തുവായിക്കാവുന്ന മറ്റൊന്നാണ്. പെൺ ചിലന്തികൾ അവരുടെ വലകൾ ഉപേക്ഷിക്കാത്തതിനാൽ, അവയുടെ കൂടുകൾ സംരക്ഷിക്കാൻ കൂടുതൽ വിഷം ആവശ്യമാണെന്നതിനാലാവും ഇത് എന്ന് വിശ്വസിക്കപ്പെടുന്നു. ആയുർ രേഖയിലും ചിലന്തികളിൽ പെണ്ണുങ്ങളാണ് മുന്നിൽ. അവളാണ് വീടുവല ഉണ്ടാക്കുന്നത് എന്ന് ഖുർആൻ പരാമർശിക്കുമ്പോൾ അത് നമ്മെ കൊണ്ടുപോകുന്ന ചിന്താ തലങ്ങളാണിവ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso