Thoughts & Arts
Image

കോഡ് ഏകീകരണം: പൂതി വേറെയാണ്..

15-07-2023

Web Design

15 Comments





ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ 'കരട് വരട്ടെ' എന്ന് ശശി തരൂർ മുതൽ നമ്മളിൽ ചിലർ വരെ പറയുന്നത് ഒരു ആശ്വാസമുണ്ടാകുമല്ലോ എന്ന നല്ല മനസ്സ് കൊണ്ടായിരിക്കാം. പക്ഷെ, ഇക്കുറി കരടിനെയൊന്നും കാത്തിരിക്കേണ്ടതില്ല എന്നാണ് തോന്നുന്നത്. കാര്യങ്ങളെല്ലാം അത്രക്കും വ്യക്തമാണ്. ആകെ ഒരു അവ്യക്തതയുള്ളത് ഇത് ഇതിനു വേണ്ടിയുള്ള നീക്കമാണോ അല്ല മറ്റെന്തിനെങ്കിലും വേണ്ടിയുള്ള നീക്കമാണോ എന്നതിലാണ്. അത് അവരുടെ മനസ്സിനുള്ളിലെ കാര്യമായതിനാൽ അതുമാത്രം നമുക്കിപ്പോൾ തീർത്തു പറയാനാവാത്ത സാഹചര്യമുണ്ട്. പക്ഷെ, അതും നമുക്ക് ഏറെക്കുറെ ശക്തമായി അനുമാനിക്കാം. ഇപ്പോഴത്തെ നീക്കം ശരിക്കും ഒരു അഭിനയമല്ലെങ്കിൽ മുസ്ലിംകളുടെ ബഹുഭാര്യത്വവും ശരീഅത്ത് അനുസൃത ദായക്രമവും നിരോധിക്കുക എന്നതും അഭിനയമാണെങ്കിൽ ഏതാണ്ട് എല്ലാവരും വെറുപ്പോടെയോ അസ്വസ്ഥതയോടെയോ നോക്കിക്കാണുന്ന മുസ്ലിംകളെ വിറപ്പിച്ചു നിറുത്തി ഭൂരിപക്ഷത്തിന്റെ വോട്ട് പെട്ടിയിലാക്കുവാനുള്ള അടവും ആണ്. ഇത് പറയുമ്പോൾ ചിലർ തട്ടിവിട്ടേക്കും, ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണല്ലോ എന്ന്. ഒരു വാദത്തിന് വേണ്ടി അങ്ങനെ പറയാം എന്നല്ലാതെ അതിലൊന്നും ഒരു കഴമ്പുമില്ല.



ഇന്ത്യയിലെ ഏതാണ്ട് എല്ലാ നിയമത്തിലും ഏകീകരണം ഇപ്പോൾ തന്നെ ഉണ്ട്. ക്രിമിനൽ പ്രൊസീജർ കോഡ് മുതൽ ടാക്സും നികുതിയും അവസരങ്ങളും വരെയുള്ള എല്ലാ കാര്യങ്ങളിലും എല്ലാ ഇന്ത്യക്കാർക്കും നിയമം ഒരു പോലെയാണ്. പ്രധാനമായും വ്യത്യാസം ഉള്ളത് വിവാഹം, ദായക്രമം എന്നീ രണ്ടു കാര്യങ്ങളിൽ മാത്രമാണ്. പിന്നെ വേറെ എന്തിലെങ്കിലും വല്ല വ്യത്യാസവും ഉണ്ടെങ്കിൽ തന്നെ അത് അത്ര ജീവിത സ്പർശിയോ മറ്റോ അല്ല. വിവാഹം, ദായക്രമം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ ആത്മാർഥമോ ശക്തമോ ആയ പ്രയാസം മുസ്ലിംകളെ പോലെ മറ്റാർക്കുമില്ല. മറ്റുള്ളവർ ഏതെങ്കിലും ഒരു വിശ്വാസ സംഹിതയെ പിന്തുടരുന്നു എങ്കിലും അത് ഒരു രൂപീകൃത വ്യക്തിനിയമത്തിൽ അധിഷ്ഠിതമല്ല. അവരുടെ നിയമങ്ങൾ അധികവും ഒന്നുകിൽ അവരുടെ പുരോഹിത സമൂഹം സ്വയം രൂപപ്പെടുത്തിയതോ അല്ലെങ്കിൽ കാലംകൊണ്ട് അവരുടെ സാമൂഹ്യ വെളിംപുറത്ത് രൂപപ്പെട്ടതോ ആണ്. അതുകൊണ്ട് തന്നെ അവർക്കെല്ലാം ഈ വിഷയത്തിൽ എന്തെങ്കിലും ഒരു ഭൗതിക ന്യായം കണ്ടെത്തി തങ്ങളുടെ വ്യക്തിനിയമങ്ങളെ അതിനുമുകളിൽ ചാരി വെക്കാം. എന്നാൽ ഇതിന് മതപരമായി മുസ്ലിംകൾക്ക് ഒട്ടും കഴിയുകയില്ല. അവരുടെ നിയമങ്ങൾ സമ്പൂർണ്ണങ്ങളാണ്. അവ ദൈവ നിർദിഷ്ഠിതവുമാണ്. ആയതുകൊണ്ട് പുതിയ നീക്കത്തെ ബുദ്ധിപരമായി ന്യായീകരിച്ചു വ്യാഖ്യാനിച്ചു തങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണ് എന്ന് വരുത്തി രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെയുള്ള ഒരു മനോവികാരം കത്തിച്ചു വിടാൻ ഉള്ള ഒരു ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് എങ്ങനെ അവർക്ക് മുതലാക്കി മാറ്റുമെന്ന് നമുക്ക് വളരെ സരളമായി പറയുകയും കണ്ടെത്തുകയും ചെയ്യാം.



ഇപ്പോൾ തന്നെ ഉദാഹരണമായി സിപിഐഎമ്മിന്റെ മഹിളാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കന്മാർ പരസ്യമായി പറയാൻ തുടങ്ങിയിട്ടുണ്ട്, വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന്. ഇത് 1985 ൽ ശാബാനു കേസ് ഉണ്ടായ പശ്ചാത്തലത്തിലും ഇ എം എസ്സിനോടൊപ്പം അവർ പറഞ്ഞിരുന്നു. പരസ്യമായ ഉദാഹരണങ്ങളിൽ ഒന്ന് ഇങ്ങനെ ചൂണ്ടിക്കാട്ടി എന്ന് മാത്രം. അതേസമയം ഇതേ അഭിപ്രായമുള്ള നിരവധി വനിതാ സംഘടനകളും വനിതകളും രാജ്യത്തുണ്ട് എന്നത് ഒരു സത്യമാണ്. അവരുടെ മുമ്പിൽ ബഹുഭാര്യത്വം, ആണിന്റെ പകുതി മാത്രം ലഭിക്കുന്ന ദായക്രമം തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിൽ മാറ്റം വരണമെന്ന ഒരു വലിയ മുറവിളി തന്നെ സ്ത്രീ സമൂഹത്തിന്റെയും വിദ്യാഭ്യാസമുള്ളവരുടെയും ഇടയിൽ നിന്ന് പുറത്തുവരും എന്നത് ഉറപ്പാണ്. ഒന്ന് ആലോചിച്ചാൽ തന്നെ ഇതു മനസ്സിലാക്കാം. ഇന്നത്തെ ഏതെങ്കിലും ഒരു കോളേജ് ക്യാമ്പസിൽ ഒരു പത്രക്കാരനോ ഏതാനും പത്രക്കാരോ ഇതിനെ സംബന്ധിച്ചുള്ള ഒരു പഠനം നടത്തുക എന്ന പേരിൽ കയറിച്ചെന്ന് അവിടെയുള്ള മുസ്ലിം പെൺകുട്ടികളോട് നിങ്ങൾക്ക് നിങ്ങളുടെ പിതാവിൽ നിന്ന് നിങ്ങളുടെ സഹോദരന്റെ അത്ര അവകാശം കിട്ടാതിരിക്കുന്നത് ന്യായവും നീതിയും ആണോ എന്ന് ചോദിച്ചാൽ അതൊരിക്കലും ന്യായമല്ല, നീതിയല്ല എന്ന് ക്യാമറക്ക് മുമ്പിൽ പറയാൻ തന്റേടവും ധൈര്യവും കാണിക്കുന്ന വലിയൊരു സമൂഹം ഉണ്ട് എന്നത് ഒരു സത്യമാണ്. ഇത് സമുദായത്തിനുള്ളിലെ ഉദാഹരണം. ഫെമിനിസം മുമ്പെങ്ങുമില്ലാത്തവിധം തല ഉയർത്തി നിൽക്കുന്ന പുതിയകാലത്ത് ഏതാണ്ട് ഏത് പെണ്ണിന്റെയും അഭിപ്രായം കാര്യമായി മറിച്ചാകാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ തങ്ങളുടെ ശ്രമം വ്യക്തി നിയമങ്ങളിലെ സ്ത്രീവിരുദ്ധത വിപാടനം ചെയ്യുവാനാണ് എന്ന് പ്രചരിപ്പിക്കുവാൻ ബിജെപിക്ക് കഴിഞ്ഞാൽ രാജ്യത്തിന്റെ മൊത്തം മനസ്സ് ഇസ്ലാമിക വ്യക്തി നിയമം സംരക്ഷിക്കപ്പെടണം എന്ന് വാദിക്കുന്ന രാജ്യത്തെ മുസ്ലിങ്ങൾക്കെതിരാകും എന്നത് ഉറപ്പാണ്. അതോടുകൂടെ ബിജെപിക്ക് ഒരു സാമൂഹ്യ സമുദ്ധാരകന്റെ റോള് കൈ വരുകയും പൊതുമണ്ഡലത്തിൽ മുസ്ലീങ്ങൾ അപരിഷ്കൃതരും അനീതിയുടെ വാക്താക്കളുമാണ് എന്ന് ചിത്രീകരിക്കപ്പെടുകയും ചെയ്യും.



ഇത്തരം ഒരു ക്യാമ്പയിൻ വിജയിച്ചാൽ അവർക്ക് രണ്ട് നേട്ടങ്ങൾ കൊയ്യാം എന്ന് അവർ കരുതുന്നുണ്ടാവും. ഒന്നാമതായി, മതകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മുസ്ലിങ്ങൾക്കെതിരെ ശക്തമായി നടയെടുക്കുന്ന നടപടിയെടുക്കുന്ന ധീരനാണ് മോദി എന്ന തോന്നൽ പൊതു ഹിന്ദു മനസ്സുകളിൽ സ്ഥാപിതമാകും. ഇങ്ങനെ കിട്ടുന്ന വോട്ടുകൾ നിലവിൽ കയ്യിലുള്ള തീവ്ര ഹിന്ദു വോട്ടിലേക്ക് ചേരുമ്പോൾ ന്യൂനപക്ഷ, വിഘടിത വോട്ടുകൾക് ഒന്നും ചെയ്യാനുള്ള ശക്തിയില്ലാതാകും. മാത്രമല്ല, കേരളം പോലുള്ള പ്രബുദ്ധ സംസ്ഥാനങ്ങളുടെ പുറത്ത് വനിതാ മുസ്ലിം വോട്ടുകളിൽ പോലും ഗണ്യമായ ഒഴുക്ക് ഉണ്ടായെന്നും വരും. മാത്രമല്ല, സ്ത്രീ വിരുദ്ധത എന്നു പറഞ്ഞ് പല പൊതു രാഷ്ട്രീയ കക്ഷികളുടെയും സ്വരങ്ങൾ ഇടറുകയും മുസ്ലിംകൾക്കുള്ള പിന്തുണയിൽ മാന്ദ്യത ഉണ്ടാവുകയും ചെയ്യില്ല എന്ന് പറയാൻ ഒട്ടും വയ്യ. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ്സിന്റെ മൗനം അതിനൊരു സൂചനയാണ്. ഇതെല്ലാം ചേരുമ്പോൾ അവർക്ക് അനായാസം വീണ്ടും ഇന്ദ്രപ്രസ്ഥം കയ്യടക്കാനുള്ള സാഹചര്യം തെളിയും. ഇങ്ങനെയെല്ലാം നാം അനുമാനിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപിലെന്നോണം ഈ വിഷയം ചർച്ചയിലേക്ക് വലിച്ചിട്ടത് കാണുമ്പോഴാണ്. കാരണം ഏതാണ്ട് 8 മാസമാണ് ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ഉളളത്. ഇത്രയും സങ്കീർണ്ണമായ ഒരു ബില്ലിനെ തയ്യാറാക്കാനും അവതരിപ്പിക്കാനും ചർച്ചകൾ പൂർത്തീകരിക്കാനും ഒന്നും ഈ സമയം മതിയാകില്ല എന്ന് ചില വിദഗ്ദർ ചൂണ്ടിക്കാണിക്കുകയുണ്ടായി. പക്ഷെ, വേണ്ടത്ര വിവേഗം കാണിക്കാറില്ലാത്ത ഇവർ ഒരു പക്ഷെ, ഒറ്റ രാവ് പുലരുമ്പോൾ ഇതു നടപ്പാക്കിയെന്നും വരാം. പറഞ്ഞതൊക്കെ അവർ ഇങ്ങനെ പാസ്സാക്കിയെടുത്തതാണല്ലോ.



മുസ്ലിംകളോട് മാത്രം എന്തുകൊണ്ടാണ് ഈ ഭരണകൂടം ഇങ്ങനെ വിദ്വേഷവും വിവേചനവും കാണിക്കുന്നത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നത് സ്വാഭാവികം. നേരത്തെ പറഞ്ഞ വിശദീകരണങ്ങളുടെ വരികൾക്കിടയിൽ അതിന്റെ ഉത്തരമുണ്ട്. മുസ്ലിങ്ങൾ തങ്ങളുടെ മതപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല എന്നതാണ് അത്. തങ്ങളുടെ കാഴ്ചപ്പാടിൽ താരതമ്യേന വിദ്യാഭ്യാസവും സാംസ്കാരിക ഉന്നമനവും കുറഞ്ഞവരായ ഒരു വിഭാഗം ജനങ്ങൾ ഇങ്ങനെ ഒരു വാശി പുലർത്തുമ്പോൾ അതിനോട് ഇവർക്ക് നീരസം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഇവരുടെ മനസ്സും കെട്ടും മട്ടും ഇവരിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും എല്ലാം വെച്ച് നോക്കുമ്പോൾ അതിന്റെ സാധ്യത അത്ര വിദൂരമൊന്നുമല്ല. എന്നാൽ മറ്റു ജനതകളെ കുറിച്ചുളള അവരുടെ ധാരണ, അവർ മതപരമായ വ്യക്തി നിയമങ്ങളുടെ കാര്യത്തിൽ അത്ര വാശിക്കാരല്ല എന്നതോടൊപ്പം അവർ വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും തങ്ങളോടും തങ്ങൾ കാണുന്ന രാജ്യ ഘടനയോടും അടുത്തു കിടക്കുന്നവരാണ് എന്ന ഒരു തോന്നലും അവർക്കുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുവാൻ പാകമായിട്ടുണ്ട് എന്ന് അവർ കരുതുന്നത്, മുസ്ലിം സമൂഹത്തിൽ ഉണ്ടായ ശക്തമായ മാറ്റങ്ങൾ കാരണമാണ്. വിദ്യാഭ്യാസത്തിലൂടെ വലുതായി എന്ന് കരുതുന്ന പലരും മതപരമായ പ്രമാണങ്ങളേക്കാൾ സ്വന്തം അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കുന്നവരാണ് എന്നതാണ് മുസ്ലിം സമുദായത്തിലെ അനുഭവം. അങ്ങനെയാണ് പല വലിയ വലിയ മുസ്ലിം പേരുള്ളവരും ഏക സിവിൽ കോഡ് അനിവാര്യമാണ് എന്ന കാഴ്ചപ്പാടിലെത്തിയിരിക്കുന്നത്. മുംബൈ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് കരീം ചഗ്ള, കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന എം എം പരീത് പിള്ള, മുസ്ലിം സ്ത്രീകളിൽ നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ജഡ്ജി ഫാത്തിമ ബീവി തുടങ്ങിയ ഉന്നത നിയമജ്ഞർ വരെ ആ ഗണത്തിൽ ഉണ്ട്. സംഗതി ഒരു വിവാദമായി കത്തിപ്പടരാൻ തുടങ്ങിയാൽ ഇനിയും ഇതുപോലെ ഒരുപാട് പ്രധാനികളുടെ രംഗപ്രവേശനം ഉണ്ടായിരിക്കും.



ഭരണഘടന കാട്ടിയാണ് ഇവിടെ കണ്ണുരുട്ടുന്നത്. ഭരണഘടനയുടെ 44-ാം വകുപ്പിലെ പതിനാലു മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒന്നു മാത്രമാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിര്‍ദേശം. അതു നടപ്പാക്കുന്നത് ഭരണഘടനയുടെ തന്നെ ആര്‍ട്ടിക്ക്ള്‍ 25ന് എതിരായി വരുമെങ്കില്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ക്കല്ല, മറിച്ച് മൌലികാവകാശങ്ങള്‍ക്കാണ് രാഷ്ട്രം മുന്‍ഗണന നല്‍കേണ്ടത് എന്നത് കേവലം ഒരു സത്യമാണ്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്നവുമില്ലാത്ത, ഒരു മതവിഭാഗവും പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്ത മദ്യ നിരോധനം സംബന്ധിച്ച നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് ഒരു പുരോഗമനവാദിയും മിണ്ടിക്കാണുന്നില്ല. ഇത് ഒരു ഇരട്ടത്താപ്പാണ്. അല്ലെങ്കിൽ മദ്യം നിരോധിച്ചാൽ അത് മുസ്‌ലിംകൾക്ക് അനുകൂലമായിത്തീരും. അത് ഇത്തരം അസംബന്ധ വാദികൾക്ക് അസഹ്യമാണ്. അതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്, നാം തുടക്കത്തിൽ പറഞ്ഞതു പോലെ ലക്ഷ്യം ഇതൊന്നുമല്ല, വേറെയാണ് എന്നതാണ്. ആത്യന്തികമായ ലക്ഷ്യത്തിലേക്കുള്ള ചുവടുകളിൽ ഓരോന്നോരോന്നായി ഹിന്ദുത്വ തീവ്രവാദം പിന്നിടുകയാണ് എന്നാണ് ഇതിനെ സംബന്ധിച്ച് കൃത്യമായി പറയുവാൻ കഴിയുക ആർഎസ്എസ് ആണ് നേതൃസ്ഥാനത്ത്. അവർ വിഷയങ്ങളെ ഓരോന്നിനെയും സമർത്ഥമായി സമഗ്രമായി ചെയ്തുതീർത്തു വരുന്നു. ചരിത്രവും കാലവും അതിന് സാക്ഷിയാണ്.



ആർഎസ്എസിന്റെ ആദ്യ കാമ്പയിൻ ഗോവധത്തിനെതിരെയായിരുന്നു. അത് ആദ്യം പറഞ്ഞത് ഹിന്ദു മഹാസഭയാണ്. അവരതു പറയുമ്പോൾ ആർ എസ് എസ് ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് ആർഎസ്എസ് ഗോവ ധ ക്യാമ്പയിൻ ഏറ്റെടുത്തു. വിഡി സവർക്കറായിരുന്നു അതിന്റെ ആചാര്യൻ. ദീർഘകാലം ഒരു കാമ്പയിനായിത്തന്നെ ആർഎസ്എസ് ഗോവധ നിരോധനം മുന്നോട്ടുകൊണ്ടുപോയി. ചിലയിടങ്ങളിൽ അതിന്റെ പേരിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞെങ്കിലും രാഷ്ട്രീയ നേട്ടമാക്കി ആ കാമ്പയിനെ മാറ്റാൻ സാധിച്ചില്ല. കാരണം, ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷം മിശ്രഭുക്കുകളാണ്. ഇത് ബ്രാഹ്‌മണരുടെ താൽപര്യം മാത്രമാണ് എന്ന് ജനം തിരിച്ചറിഞ്ഞു. തങ്ങളുടെ രുചികൾ ആർഎസ്എസ് തീരുമാനിക്കേണ്ട എന്നിടത്തായിരുന്നു ജനത്തിന്റെ നിൽപ്പ്. അതിനാൽ ചിലയിടങ്ങളിൽ ഭാഗികമായി മാത്രമാണ് അതു വിജയിച്ചത്. അപ്പോഴാണ് അവർ അയോധ്യാ കാർഡുമായി ഇറങ്ങിയത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ബാബർ പള്ളി പണിതതെന്ന ആരോപണമുയർത്തി അവർ നാടിളക്കാനിറങ്ങി. ഹിന്ദു സമൂഹത്തിനു ശ്രീരാമനോടുള്ള ഭക്തി വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളുമായി അവർ കളംനിറഞ്ഞു. ഒടുവിൽ ബാബരി മസ്ജിദ് തകർത്തു. അതൊരു ദീർഘകാല രാഷ്ട്രീയ നിക്ഷേപമാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. അവിടെ ക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി മാധ്യസ്ഥ്യം പറഞ്ഞതോടെ സംഘ്പരിവാറിന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങാൻ അടുത്ത ചുവട് വെക്കേണ്ടി വന്നു മോദി സർക്കാറിന്റെ എന്തെങ്കിലും ഭരണമികവ് പറഞ്ഞു പിടിച്ചുനിൽക്കാൻ അവർക്ക് കഴിയില്ല. കാരണം മനുഷ്യരുടെ ജീവിത സ്പർശിയായ എല്ലാ മേഖലയും ശക്തമായ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി നിൽക്കുകയാണ്. അതുകൊണ്ട് ഭരണപ്പെരുമ പറഞ്ഞ് നാട്ടിലിറങ്ങാൻ പറ്റില്ല. അപ്പോൾ പിന്നെ ആശ്രയം വർഗീയത തന്നെ. അതിനുള്ള ഉപായമാണ് ഇപ്പോൾ എടുത്തിരിക്കുന്ന ഏകീകൃത സിവിൽ കോഡ്.



തങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നു കയറുവാൻ ഫാഷിസ്റ്റുകൾ ഉയർത്തുന്ന മനോഹരമായ മുദ്രാവാക്യം ഒരു രാജ്യം, ഒരു നിയമം എന്നതാണ്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിന്റെ താൽപര്യമായും ഇതു തന്നെയാണ് തട്ടിവിടുന്നത്. കേൾക്കുന്ന മാത്രയിൽ മനോഹരമായ ഒരു ആശയമായി തോന്നുമെങ്കിലും അത്തരം ഒരു ഏകീകരണം സാധ്യമാണോ?, വ്യക്തിനിയമത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവന്നതുകൊണ്ട് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുമോ? എന്നത് അവരും ആരും ആലോചിക്കുന്നില്ല എന്നതാണ് സങ്കടം. ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് കേന്ദ്രം എടുത്തുകളഞ്ഞപ്പോഴും ഇതേ ന്യായമാണ് പറഞ്ഞത്. കശ്മീരിനോടും കശ്മീരികളോടും ഉള്ള വിരോധത്തിന്റെ പേരിൽ ബലംപ്രയോഗിച്ചും ഇൻറർനെറ്റ് ഓഫാക്കിയും സൈന്യത്തെ വിന്യസിപ്പിച്ചും കലാപങ്ങളെ അടിച്ചമർത്തിയും സംഗതി നടപ്പിലാക്കിയെടുത്തു എങ്കിലും അത് തികച്ചും നിഷ്ഫലമാണ് എന്ന് ഭരണഘടനയുടെ തൊട്ടടുത്ത 371-ാം അനുഛേദം തന്നെ പറയുന്നുണ്ട്. ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതാണ് ആ അനുഛേദം. ഇവിടെയും സ്ഥിതി മറിച്ചല്ല. മാർഗനിർദേശ കതത്വങ്ങൾ ഏക സിവിൽക്കോഡ് നടപ്പിലാക്കിയാലും ഭരണഘടനയുടെ നട്ടെല്ലായ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങൾ ഭരണഘടന അനുവദിച്ച് തരേണ്ടതായി വരും. ബാലിശമായ ചില ലക്ഷ്യങ്ങൾ നേടുകയും അതുണ്ടാക്കുന്ന കലക്കിൽ മീൻ പിടിക്കുകയും ചെയ്യാം എന്നതല്ലാതെ മറ്റൊരു നേട്ടവും അവർക്കില്ല എന്ന് ചുരുക്കം.



മറ്റൊരു പ്രധാന വിഷയം കൂടി ഇവിടെ സൂചിപ്പിക്കാൻ ഉണ്ട്. അത് വ്യക്തി നിയമം കൺകറൻറ് ലിസ്റ്റിൽ വരുന്ന കാര്യമാണ് എന്നതാണ്. കേന്ദ്രത്തിനു മാത്രം തീരുമാനിച്ച തിട്ടൂരമിറക്കി നടപ്പിലാക്കാൻ കഴിയാത്ത സംസ്ഥാനങ്ങളുടെ പങ്കാളിത്തം കൂടി അനിവാര്യമായും വേണ്ടുന്ന വിഷയമാണ് ഈ ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാവുന്ന ഒരു വിഷയത്തെ യൂണിയൻ ലിസ്റ്റിലേത് കണക്കെ കൈകാര്യം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തിടുക്കത്തിൽ നിന്നുതന്നെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങളെ സാമുദായികമായി പിളർക്കാനുള്ള ഒരായുധം അവർ പുറത്തെടുത്തിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ആർക്കും ഇക്കാര്യത്തിൽ സ്ഥാപിക്കാൻ കഴിയില്ല.



ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് എന്നത് ശരിയാണ്. മദ്യനിരോധനം, സ്ത്രീ സുരക്ഷ ഉൾപ്പടെ പൊതുവായ പലതും ഈ ലിസ്റ്റിലുണ്ട്. അതിലൊന്നും താൽപര്യമില്ലാത്ത ഒരു ഭരണകൂടം ഏകീകൃത സിവിൽ കോഡിന് പിറകെ ഇങ്ങനെ പായുന്നതിന്റെ ഉദ്ദേശ്യശുദ്ധി രാജ്യതാൽപര്യമല്ല എന്നത് ഉറപ്പാണ്. കാരണം നിലവിലുള്ള ഭരണഘടന നയിക്കുന്ന രാജ്യത്തോട് അവർക്കുളള താൽപര്യക്കുറവ് പ്രശസ്തമാണ്. 2000 ആഗസ്റ്റിൽ ബിബിസിയുടെ ലേഖകൻ കിരൺ ഥാപ്പറുടെ ‘നിങ്ങൾ ഭരണഘടനയെ അതേപടി അംഗീകരിക്കുന്നുണ്ടോ?’ എന്ന ചോദ്യത്തിന് ആർ എസ് എസ് മേധാവി സുദർശന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഇല്ല, ഈ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ നിലവിലുള്ള ഭരണഘടന പ്രതിഫലിപ്പിക്കുന്നില്ല'. അതേ അഭിമുഖത്തിൽ, ഞങ്ങൾ ഞങ്ങളുടേതെന്നു കരുതുന്ന ഒന്നും ഈ ഭരണഘടനയിൽ ഇല്ലെന്നതാണ് കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നുമുണ്ട്. ഗോൾവാൾക്കറുടെ നിലപാടും ഇതാണ്. ആ സംഘടനയാണ് ആ ഭരണഘടനയിലെ നിർദേശക തത്ത്വത്തിലെ ഒരാശയം എടുത്തിട്ട് വീണ്ടും കുളം കലക്കാനിറങ്ങിയിരിക്കുന്നത്. ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. അത് എങ്ങനെയായിരിക്കും എന്നത് സത്യത്തിൽ ഒരു ശരാശരി മതേതര ഇന്ത്യക്കാരൻ ഇതുവരെയും സങ്കൽപ്പിച്ചിട്ടില്ല. അത് ഇന്ത്യയുടെ പതാകയോ ഭരണഘടന തന്നെയോ ഭരണ വ്യവസ്ഥയെയോ മാറ്റിമറിച്ച് പുതിയ ഒരു രാജ്യം പ്രഖ്യാപിക്കുക വഴി ആയിരിക്കും എന്ന് ചിലരൊക്കെ നിർഭാഗ്യവശാൽ ധരിച്ചു പോയിട്ടുണ്ട്. എന്നാൽ അങ്ങനെയല്ല അവർ ഉദ്ദേശിക്കുന്നതും ചെയ്യാൻ പോകുന്നതും. അത് അവരുടെ താൽപര്യങ്ങളെ രാജ്യത്തിന്റെ താൽപര്യങ്ങളാക്കി മാറ്റുകയും എന്നിട്ട് രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും ഉപയോഗപ്പെടുത്തി താങ്കളുടെ ഈ തത്വങ്ങളെ ഭരിക്കുകയും ചെയ്യുക എന്നതായിരിക്കും. അതിനു വേണ്ടി തയ്യാറാക്കിയ പട്ടികയിലെ ഒന്ന് ഒന്നാണ് സിവിൽ കോഡ്.



നമ്മളല്ല ആരു പറഞ്ഞാലും സത്യവും ന്യായവും കേൾക്കാനുള്ള മനോവിശാലതയൊന്നും പരിവാറിനില്ല എന്നത് അവരിൽ നിന്നും ഇതുവരെ ഉണ്ടായ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. എങ്കിൽ ദയനീയമായി അവരോട് പറയാനുള്ളത് അവർ അവരുടെ അഭിപ്രായമെങ്കിലും പരിഗണിക്കുമോ എന്നതാണ്. അവരുടെ എന്നാൽ അവരുടെ സാക്ഷാൽ തലതൊട്ടപ്പൻ ഗുരുജി ഗോൾവാൾക്കറുടേത്. അദ്ദേഹം ഓർഗനൈസറുടെ പ്രതിനിധിയുമായി നടത്തുന്ന സംസാരത്തിലെ ഒരു ഭാഗം ഇതാ:



Q. Malkani: Don’t you think that Uniform Civil Code is needed to nurture the sense of nationalism?



Golwalkar: I do not think so. What I say on this issue might surprise you and many others, but this is my view. And I must speak out the truth as I see it.



Malkani: Don’t you agree that uniformity is needed to promote national unity?



Golwalkar: Harmony and uniformity are two different things. For harmony, uniformity is not necessary. There have always been limitless diversities in India. In spite of this, our nation has remained strong and well-organised since ancient times. For unity we need harmony, not uniformity.



(Organiser (23 August 1972; reproduced in Guruji Golwalkar - Collected Works, Volume 9, page 165)



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso