Thoughts & Arts
Image

കാലം തന്നെ സാക്ഷി !

15-07-2023

Web Design

15 Comments





വീണ്ടും നാം മുഹർറമിലെത്തുകയാണ്. കാലത്തിന്റെ ഈ കറക്കം അതിന്റെ പ്രകൃതം തന്നെയാണ്. അതിനാൽ വന്നതിലും പോയതിലുമൊന്നും കാര്യമായ അൽഭുതമില്ല. പ്രപഞ്ചത്തിന്റെ ഘടനയുടെ ഒരു അനിവാര്യതയാണ് ഇത്. എന്നിട്ടും കാലം മനുഷ്യന്റെ ഏറ്റവും വലിയ ചിന്തയാകുന്നത് അത് പകരുന്ന ഓർമകളുടെയും അറിയിപ്പുകളുടെയും ചൂടും ചൂരും കാരണമാണ്. കാലം സമയത്തെ കഷ്ണിച്ചിടുന്നത് പിന്നോട്ട് തിരിഞ്ഞുനോക്കി മുന്നോട്ടുള്ള വഴിയുടെ ശരിതെറ്റുകൾ ഉറപ്പുവരുത്തുവാനാണ്. നല്ല സൂക്ഷ്മയും ശ്രദ്ധയും ഉളളവർ ഇങ്ങനെ തിരിഞ്ഞു നോക്കും. ഇല്ലാത്തവർ കാലത്തിന്റെ പാടുകളെ ചവിട്ടിയുരച്ച് കടന്നുപോകുകയും ചെയ്യും. പിന്നെ അവസാനമെത്തിയിട്ടേ തിരിഞ്ഞു നോക്കൂ. അപ്പോൾ പക്ഷെ, മുന്നോട്ടുള്ള വഴി കഴിഞ്ഞിരിക്കും. ഇത്രയും പ്രാധാന്യമുള്ളതായതിനാലാണ് കാലം എന്ന സത്യത്തെ സൃഷ്ടാവ് തന്നെ നമുക്ക് അടിവരയിട്ടു തന്നിരിക്കുന്നത്. കാലം എന്ന പേരിൽ ഒരു അധ്യായം തന്നെ ഖുർആനിൽ ഉണ്ട്. അതിൽ പറയുന്ന പരമസത്യങ്ങളെ ആണയിട്ട് പറയുവാൻ കാലത്തെ തന്നെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം കാലത്തിന്റെ ദൗത്യം മനുഷ്യർക്ക് വേണ്ട ചിന്ത പകരലാണ് എന്ന് തെളിയിക്കുകയാണ്. അതിന്റെ സൂചനയാണ് കാലത്തിന് വേണ്ടി ഖുർആൻ ഉപയോഗിച്ചിരിക്കുന്ന വാക്ക് തന്നെ.



കാലം എന്ന അർഥത്തിന് അറബീ ഭാഷയിൽ പല വാക്കുകളും പര്യായങ്ങളും ഉണ്ട്. പക്ഷെ, ഖുർആൻ ഉപയോഗിച്ചിരിക്കുന്നത് 'അസ്വ് റ്' എന്ന വാക്കാണ്. ഈ അറബീ ശബ്ദത്തിന്റെ നേരെ അർഥം പിഴിയുക എന്നതാണ്. നനഞ്ഞ വസ്ത്രങ്ങൾ പിഴിയുന്നതിനും ചാറെടുക്കാൻ വേണ്ടി പഴങ്ങൾ പിഴിയുന്നതിനുമൊക്കെ ഈ വാക്കു തന്നെയാണ് അറബിയിൽ ഉപയോഗിക്കുന്നത്. ആയുസ്സ് എന്ന സമയത്തെ പിഴിഞ്ഞെടുത്ത് അതിനെ ഉപയോഗപ്പെടുത്തുക, കാലത്തെ പിഴിഞ്ഞ് നൻമകളാകുന്ന സത്തിനെ പിഴിഞ്ഞെടുക്കുക തുടങ്ങി പല വ്യാഖ്യാനങ്ങളും ഈ സൂറത്തിന്റെ മൊത്തത്തിലുളള അർഥത്തിന് കൽപ്പിക്കാറുണ്ട്. ഇവ്വിധത്തിൽ അല്ലാഹുവിൽ നിന്ന് ലഭിച്ച സമയമാകുന്ന അനുഗ്രഹത്തെ ഉപയോഗപ്പെടുത്തിയവർ വിജയിച്ചവരും അല്ലാത്തവർ പരാജിതരാണ് എന്നുമാണ് ഈ സൂറത്തിന്റെ ആശയം. ഈ അർഥത്തിൽ കാലം സത്യവിശ്വാസികളുടെ ഏറ്റവും പ്രധാന അവബോധവും ഉൽബോധനവുമാണ്. നബി(സ)യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ സൂറത്തുല്‍ അസ്വ് ർ ആദ്യാന്തം ഓതി കേള്‍പ്പിക്കാതെ അവര്‍ പിരിഞ്ഞു പോകാറില്ല എന്ന് ഹദീസിൽ വന്നത് ഈ ആശയത്തെ ഉറപ്പിക്കുന്നു. എന്നിട്ട് ഒരാള്‍ മറ്റെയാള്‍ക്ക് ‌ സലാം ചൊല്ലി (പിരിഞ്ഞ്) പോകും എന്നും ഹദീസ് തുടർന്ന് പറയുന്നു. ഇതേ പ്രാധാന്യം ഇമാം ശാഫി(റ) ഇങ്ങനെ അടിവരയിടുന്നു. അദ്ദേഹം പറഞ്ഞു: 'ഈ സൂറത്തല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും അവർക്ക് ഇത് മതിയാകുമായിരുന്നു'.



കാലം എന്നത് വലിയ ഒരു സത്യമാണ്. ആ സത്യം ഉൾക്കൊളുവാൻ ജീവിതം തന്നെയാണ് കാലം എന്ന് മനസ്സിലാക്കിയാൽ മാത്രം മതി. ഇമാം ഹസനുൽ ബസ്വരി പറയുന്നു: 'ഹേ മനുഷ്യാ നീ എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാകുന്നു. ഒരു ദിവസം നിന്നില്‍ നിന്ന് നീങ്ങുമ്പോള്‍ നിന്റെ ജീവിതത്തിന്റെ ഒരംശം കുറയുന്നു.' അതുകൊണ്ടാണ് മനുഷ്യന്റെ വിചാരണയിലെ ചോദ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെ ആയുസ്സ് സ്ഥലം പിടിച്ചത്. നബി (സ) പറയുന്നു: 'നാല് കാര്യങ്ങളെക്കുറിച്ച് ചോദിക്കാതെ ഒരടിമയുടെ കാല്‍പാദം നാളെ പരലോകത്ത് ഒരടി മുന്നോട്ട് വെക്കാന്‍ സാധ്യമല്ല. ഒന്ന്, ആയുസ്സ് എന്തിന് വിനിയോഗിച്ചു, രണ്ട്, യൗവനം എങ്ങനെ ഉപയോഗപ്പെടുത്തി, മൂന്ന്, ധനം എവിടുന്ന് സമ്പാദിച്ചു, എവിടെ ചിലവഴിച്ചു, നാല്, വിജ്ഞാനം കൊണ്ട് എന്ത് കര്‍മ്മം അനുഷ്ഠിച്ചു എന്നിവയാണവ'. ഒരാളുടെ ആയുസ്സിന് ലഭിക്കുന്ന ദൈര്‍ഘ്യം അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്. മാത്രമല്ല അതൊരു ബാധ്യതയും ഉത്തരവാദിത്വവും കൂടിയാണ്. സമയത്തോടുള്ള ബാധ്യത യഥാവിധി നിര്‍വ്വഹിക്കുന്നവനാണ് മനുഷ്യ പദവിയുടെ മഹത്വത്തെ സാക്ഷാല്‍കരിക്കുന്നത്. സമയത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അശ്രദ്ധരായവര്‍ നഷ്ടകാരികളാണ് എന്ന് നബി(സ)യുടെ വാക്കുകളിൽ നിന്ന് ഗ്രഹിക്കാം.



സൂക്ഷ്മമായി നിരീക്ഷിച്ചാൽ അല്ലാഹു അവൻ നിർബന്ധമാക്കിയ ആരാധനകളെ മനുഷ്യൻ തന്റെ സമയത്തെ വിമലീകരിക്കാൻ വേണ്ടിയായി ക്രമപ്പെടുത്തിയിരിക്കുന്നതായി കാണാം. അല്ലെങ്കിൽ ആരാധനകൾ വഴി ശുദ്ധികരിക്കുന്നത് കാലത്തെയാണ്. പ്രധാനപ്പെട്ട എല്ലാ ആരാധനനകൾക്കും പ്രത്യേക സമയം നിശ്ചയിച്ചിരിക്കുന്നതിന്റെ താൽപര്യം അതാണ്. നിസ്കാരത്തെ ഉദാഹരിച്ചാൽ അതു പെട്ടന്ന് ഗ്രഹിക്കാം. കാരണം ഒരു ദിവസത്തിന്റെ അഞ്ച് നേരങ്ങളിൽ ആണ് നിസ്കരിക്കാൻ അല്ലാഹു കൽപ്പിക്കുന്നത്. അവയുടെ റക്അത്തുകളുടെ എണ്ണം നോക്കിയാൽ അത് നിർവ്വഹിക്കേണ്ട സമയത്തിന്റെ പ്രത്യേകതകളെ ഉൾക്കൊള്ളുന്നതായി കാണാം. ഉദാഹരണം, സുബ്ഹി കഴിഞ്ഞാൽ ളുഹർ വരേയുള്ള സമയവും തുടർന്ന് അസ്വർ വരെയുളള സമയവും മനുഷ്യർ ജീവത സന്ധാരണ മാർഗ്ഗങ്ങളിൽ ഇടപെടുന്ന ദീർഘ സമയങ്ങളാണ്. തെറ്റുകൾ ഭവിക്കാനുള്ള സാധ്യത കൂടുതലുള്ള ഈ സമയത്തെ നിസ്കാരങ്ങൾ പരമാവധിയായ നാല് റക്അത്തായി നിശ്ചയിച്ചിരിക്കുന്നു. എന്നാൽ അസ്വർ കഴിഞ്ഞ് മഗ്‌രിബ് വരെയുള്ള സമയം പകൽ ആണെങ്കിലും സന്ധ്യക്കു വേണ്ടി ഒരുങ്ങാനും ഒരുക്കാനും ചെറിയ ഒരു സമയം നീക്കിവെക്കേണ്ടതുണ്ട്. അതിനാൽ അത് മൂന്നാക്കി കുറച്ചിരിക്കുന്നു. തുടർന്ന് ഇശാ വരേയുളള സമയം ചെറുതാണെങ്കിലും അതിശ്രേഷമാണ്. നർമകൾക്ക് പ്രതിഫലം ഇരട്ടിക്കുമ്പോൾ തെറ്റുകൾക്ക് ശിക്ഷയും ഇരട്ടിക്കും. അത്തരമൊരു സമയമാകയാൽ ഇശാ നാലു തന്നെ വേണം എന്നു വെച്ചിരിക്കുന്നു. പിന്നെ ഉറങ്ങുകയാണല്ലോ, അതിനാൽ ഫജ്ർ വെറും രണ്ടിൽ പരിമിതപ്പെടുത്തി. ഇതൊരു വീക്ഷണം മാത്രമാണ്. സമയത്തിന്റെ സാധ്യതകൾക്ക് വിധേയമായി ആരാധനകളെ ക്രമപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ വീക്ഷണത്തിന്റെ ആശയം.



'മനുഷ്യവര്‍ഗ്ഗത്തെയും ജിന്നുവര്‍ഗ്ഗത്തെയും നാം സൃഷ്ടിച്ചത് എനിക്ക് ഇബാദത്തു ചെയ്യാന്‍ വേണ്ടി മാത്രമാണ്' എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു നിശ്ചയിച്ച സമയത്തും നിശ്ചിത സ്ഥലത്തും അവന്‍ നിര്‍ദേശിച്ച രൂപത്തിലും തന്നെ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് ഇബാദത്താകുന്നത്. മുകളിൽ വിവരിച്ച പ്രകാരം ആഴ്ചയിലൊരിക്കൽ വരുന്ന ജുമുഅ, 'എണ്ണപ്പെട്ട ദിവസങ്ങള്‍' എന്ന് അല്ലാഹു തന്നെ വിശേഷിപ്പിച്ച ഒരു നിശ്ചിത മാസത്തെ നോമ്പ്, കൃത്യമായ മാസവും ദിവസവും സ്ഥലവുമുള്ള ഹജ്ജ് തുടങ്ങിയവയെല്ലാം അതാതിന്റെ സമയങ്ങളെ ഓരോന്നിന്റെയും ശക്തി അനുസരിച്ച് വിമലീകരിക്കുവാൻ ഉള്ളതാണ് എന്നു കൂടി കരുതാം. ഇതുവെച്ച്, സമയത്തെക്കുറിച്ച് ബോധവാനാകുന്നതും അത് പാലിക്കുന്നതും തന്നെ മഹത്തായ ഒരനുഷ്ഠാനമായി മാറുന്നു. സമയം വിശ്വാസത്തിന്റെ ഭാഗമായി മാറുന്ന കാഴ്ചയാണിത്. ഇത് അഭൗതിക വിജയത്തിന്റെ നിദാനം. ഭൗതിക വിജയത്തിന്റെ നിദാനവും അതു തന്നെയാണ്. സമയത്തിന്റെ വിലയറിഞ്ഞവര്‍ മാത്രമേ ലോകത്ത് വിജയം വരിച്ചിട്ടുള്ളൂവെന്ന് പ്രമുഖ ടൈം മാനേജ്‌മെന്റ് വിദഗ്ധന്‍ സ്റ്റീഫന്‍.ആര്‍.ടോണര്‍ പറയുന്നു. ലോകത്തിന്റെ നെറുകയിലേക്കെഴുന്നേറ്റു നിന്ന എല്ലാ ജീനിയസ്സുകളും തങ്ങളുടെ കഴിവുകൾക്കൊപ്പം സമയത്തിന്റെ മൂല്യത്തെക്കൂടി തിരിച്ചറിഞ്ഞവരായിരുന്നുവെന്ന് അദ്ദേഹം അനുഭവങ്ങൾ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. യഹ്‌യ ബിൻ മുആദ് പറയുന്നു: 'മരണ ത്തെക്കാള്‍ കഠിനമായാണ് നഷ്ടപ്പെടുന്ന സമയത്തെ ഞാന്‍ കാണുന്നത്. സമയം നഷ്ടപ്പെടുത്തുക എന്നാല്‍ ജീവിതത്തില്‍ നിന്നും ഒരു ഭാഗത്തിന്റെ തന്നെ അടര്‍ന്നു പോകലാണ്.'



ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ് സമയം എന്ന കാലം. മനുഷ്യകുലത്തിന്റെ എല്ലാ ചലനങ്ങളും ആൻഭവങ്ങളും ഒപ്പിയെടുത്ത സാക്ഷി. അവ ഒപ്പിയെടുത്തതും നമ്മോട് പറയുന്നതും നമ്മുടെ ഭാവിയുടെ സുരക്ഷക്കും നൻമക്കും വേണ്ടിയാണ് എന്ന് വിലയിരുത്തുമ്പോൾ കാലം വലിയൊരു ദൈവകാരുണ്യമായി മാറുന്നു. ഇതുകൊണ്ടെല്ലാമാണ് കാലത്തെ ഉൾക്കൊള്ളുവാനും കാലത്തിന്റെ പാഠങ്ങളെ സ്വീകരിക്കുവാനും വിശ്വാസി കൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു സാഹചര്യത്തിലും കാലത്തെ കുറ്റം പറയരുത് എന്നാണ് ഇസ്ലാമിന്റെ ഉപദേശം. വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും മഴക്കെടുതികള്‍ ഉണ്ടാകുമ്പോഴുമെല്ലാം പലരും കാലത്തെ പഴിക്കാറുണ്ട്. യഥാര്‍ത്ഥ വിശ്വാസകളില്‍നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ നബി(സ) പറഞ്ഞു: പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞു: ’ആദമിന്റെ സന്തതി എന്നെ ഉപദ്രവിക്കുന്നു. അവന്‍ പറയുന്നു: എന്തൊരു കാലക്കേട് എന്ന്. നിങ്ങളിലൊരാളും എന്തൊരു കാലക്കേട് എന്ന് പറയരുത്. ഞാനാണ് കാലം. ഞാന്‍ അതിന്റെ രാത്രിയും പകലും മാറ്റി മറിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവയെ ഞാന്‍ പിടിച്ചു നിര്‍ത്തുമായിരുന്നു' (മുസ്‌ലിം). കാരണം, കാലത്തെ പഴിക്കുമ്പോള്‍ അത് അല്ലാഹുവിനെ ആക്ഷേപിക്കലാകുന്നു.
o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso