Thoughts & Arts
Image

തുരുമ്പെടുക്കാത്ത ഇരുമ്പു വർത്തമാനങ്ങൾ

13-08-2023

Web Design

15 Comments

ഇഅ്ജാസ്ടി / എച്ച് ദാരിമി







മനുഷ്യന്റെ ജീവിതത്തിന് ഉറപ്പും ബലവും നൽകുന്ന ലോഹമാണ് ഇരുമ്പ്. അതിനാൽ തന്നെ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം ഇരുമ്പാണ്. പ്രപഞ്ചത്തിലക്കുള്ള സൃഷ്ടാവിന്റെ പ്രതിനിധിയായി നിയുക്തനായ മനുഷ്യനു വേണ്ടി അതേ സൃഷ്ടാവ് തയ്യാറാക്കിയ പ്രപഞ്ചത്തിൽ ഏറ്റവുമധികമുള്ള മൂലകവും ഇരുമ്പ് തന്നെ. നമ്മുടെ ഭൂമിയുടെ ഘനമുള്ള പുറംതോടായ ഭൂവൽക്കത്തിന്റെ 5 ശതമാനം ഇരുമ്പാണ്. ഭൂവൽക്കത്തിലെ ലോഹങ്ങളിൽ അലൂമിനിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. ഭൂമിയുടെ ആകെ ഭാരത്തിന് കാരണമാകുന്ന ലോഹഭാരങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇരുമ്പ്. ഭൂമിയുടെ ആകെ ഭാരത്തിന്റെ 35% ഇരുമ്പാണ് എന്നാണ് ശാസ്ത്രീയമായ കണക്ക്. ഇരുമ്പിന്റെ അളവ് ഉള്ളിലേക്ക് ചെല്ലുന്തോറും കൂടിക്കൂടിവരുന്നു എന്നത് നമ്മുടെ ഈ വായനയിൽ സവിശേഷമായ പ്രാധാന്യമർഹിക്കുന്നു. ഭൂമിയുടെ ഉൾക്കാമ്പിൽ എത്തുമ്പോഴേക്കും ഇതിന്റെ അനുപാതം ഏറ്റവുമധികമായിത്തീരുന്നു. ലോകത്താകമാനം ഉൽപ്പാദിപ്പിക്കുന്ന ലോഹങ്ങളിൽ 95% ഇരുമ്പാണ്. അതിനു ചില ന്യായങ്ങളും കാരണങ്ങളുമുണ്ട്, വിലക്കുറവ്, കരുത്ത്, ലഭ്യത തുടങ്ങി ഈ ന്യായങ്ങൾ പലതിനെയും ആശ്രയിച്ചിരിക്കുന്നു. ഇതു കാരണം വാഹനങ്ങൾ, കപ്പലുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇരുമ്പ് പഴയ ലോകത്തും പുതിയ ലോകത്തും സ്ഥാനം പിടിച്ചിട്ടുണ്ട്.



പ്രാചീന കാലം തൊട്ടേ ഇരുമ്പ് മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതിന് പല തെളിവുകളുമുണ്ട്.
ചരിത്രത്തില്‍ ഇരുമ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്. ഉൽക്കകളിൽ നിന്നുമാണ് മനുഷ്യൻ ആദ്യമായി ഇരുമ്പ് കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ അനറ്റോളിയയിലോ കോക്കസസ്സിലോ ആണ് ബ്ലൂമറി പോലെയുള്ള ഫർണസുകളിൽ‍ ഇരുമ്പിനെ വേർതിരിക്കൽ ആരംഭിച്ചത്. ബി.സി. 550-ൽ ചൈനയിലാണ് കാസ്റ്റ് അയേൺ ആദ്യമായി ഉണ്ടാക്കിയത്. 2 മുതൽ 4 വരെ ശതമാനം കാർബൺ അടങ്ങിയതാണ് കാസ്റ്റ് ഇരുമ്പ്. ഇതിന്റെ ദ്രവണാങ്കം താരതമ്യേന കുറവായതു കൊണ്ട് എളുപ്പത്തിൽ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാക്കാൻ കഴിയും. പെട്ടെന്ന് തേയ്മാനം സംഭവിക്കാത്തത് കൊണ്ട് പണിയായുധങ്ങളും മറ്റുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. മധ്യകാല യുറോപ്പിൽ കാസ്റ്റ് അയേണിൽ നിന്ന് പച്ചിരുമ്പ് നിർമ്മിച്ചതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. കാർബണിന്റെ അംശം വളരെ കുറഞ്ഞ വിഭാഗം ഇരുമ്പാണ് പച്ചിരുമ്പ്. വളരെ മാർദ്ദവമേറിയതും എളുപ്പത്തിൽ അടിച്ചു പരത്താനും വലിച്ചു നീട്ടാനും തുരുമ്പിക്കലിനെ നന്നായി പ്രതിരോധിക്കാനും കഴിയുന്നതാണ് പച്ചിരുമ്പ്. ബിസി 3000 മുതൽ 2700 വരെ മെസപ്പെട്ടോമിയയിലും അനാത്തോളയില്‍ (ഇന്നത്തെ തുർക്കി)ഹിറ്റയിറ്റുകള്‍ ബിസി 1500 -1200 കാലഘട്ടത്തിലും പച്ചിരുമ്പുണ്ടാക്കിയിരുന്നു എന്നാണ് ചരിത്രം. പിന്നീട് യൂറോപ്പിൽ വ്യാപകമായി പച്ചിരുമ്പ് ഉപയോഗിക്കാൻ തുടങ്ങി. അതോടെ ഇരുമ്പ് യുഗത്തിന് ആരംഭം കുറിച്ചു.



മനുഷ്യർ ഉപകരണങ്ങൾക്കും ആയുധങ്ങൾക്കും ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു പുരാവസ്തു കാലഘട്ടമാണ് ആദ്യ ഇരുമ്പ് യുഗം. ഈ പുതിയ മെറ്റീരിയൽ സമൂഹത്തിന്റെ പ്രവർത്തന രീതിയെ മാറ്റി, വ്യത്യസ്ത വസ്തുക്കളായി രൂപപ്പെടുത്താൻ കഴിയുന്ന ശക്തമായ, കഠിനമായ ലോഹം ജനങ്ങൾക്ക് നൽകി. ഈ സാങ്കേതിക മുന്നേറ്റത്തിന്റെ ഫലമായി, കല, വാസ്തുവിദ്യ, സാമൂഹിക ഘടനകൾ എന്നിവയുൾപ്പെടെ മനുഷ്യ സംസ്കാരത്തിലെ നിരവധി മാറ്റങ്ങളാൽ ആദ്യകാല ഇരുമ്പ് യുഗം അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ ബി സി ആയിരത്തിന്റെ മധ്യത്തോടെ ഇരുമ്പിന്റെ സാങ്കേതികവിദ്യ പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍ വ്യാപകമായരീതിയില്‍ പ്രചരിച്ചിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്. ക്രി മു. 5-ാം ശതകത്തോടെയോ അഥവാ അല്‍പം കഴിഞ്ഞോ കേരളത്തിലും ഇരുമ്പു പ്രചരിച്ചിരുന്നു എന്നനുമാനിക്കാം.(മധ്യകാലചരിത്രം - രാഘവവാര്യര്‍). തെക്കെ ഇന്ത്യയില്‍ ഇരുമ്പുയുഗം തുടങ്ങുന്നത് ബി സി 700 നും 400 നും ഇടക്കാണ്. പുരാതന ലാറ്റിൻ ഭാഷയില ഫെറം എന്ന പദത്തിൽ നിന്നാണ് ഇരുമ്പിന്റെ Fe എന്ന ശാസ്ത്രപ്രതീകം ഉണ്ടായത്. വേദങ്ങളും ഉപനിഷത്തുക്കളും എല്ലാം മനുഷ്യ ജീവിതം പ്രതിഫലിച്ച ആദിമ മനുഷ്യ ജീവിത വിവരണങ്ങളാണ്. അതിൽ ആത്മീയതയുടെ അംശം കലർന്നതോടെയായിരിക്കും അത് വേദ ഗ്രന്ഥങ്ങളായത്. ഇന്ത്യൻ വേദങ്ങളിൽ അഥർവ വേദത്തിൽ പച്ചിരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അഥർവ്വവേദത്തിൽ ഇരുമ്പിനെ വിവരിക്കുവാൻ 'കറുത്ത' (Black Metal) എന്ന് അർത്ഥം വരുന്ന ശ്യാമ അയസ് എന്ന് പ്രയോഗിച്ചിരിക്കുന്നു.



എന്നാൽ ഇരുമ്പിനെ ഒരു ദിവ്യാൽഭുതമായി അടയാളപ്പെടുത്തുന്ന വേദഗ്രന്ഥം വിശുദ്ധ ഖുർആൻ ആണ്. ഖുർആനിൽ ഇരുമ്പ് എന്ന പേരുള്ള ഒരു അദ്ധ്യായം തന്നെയുണ്ട്. അൻപത്തി ഏഴാം അദ്ധ്യായമായ സൂറത്തുൽ ഹദീദ്. ഈ സൂറത്തിൽ ഇരുമ്പിനെ കുറിച്ച് ഏറെ ചിന്തനീയമായ ചില പരാമർശങ്ങൾ ഉണ്ട്. ഇതിലെ ഇരുപത്തിയഞ്ചാം ആയത്തിൽ ഇരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നതു കൊണ്ടാണ് സൂറത്തിന് ഈ പേര് ലഭിച്ചത് തന്നെ എന്നാണ് മുഫസ്സിറുകളുടെ പക്ഷം. ആ ആയത്ത് ഇതാണ്: 'തീര്‍ച്ചയായും, നമ്മുടെ ദൂതൻമാരെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി. അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു(അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌'. തെല്ലു ദീർഘമായ ഈ സൂക്തത്തിൽ നാം ഇന്നേക്ക് ചർച്ചക്കെടുക്കുന്നത് ഇരുമ്പിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ മാത്രമാണ്. അതിൽ വിശ്വാസികളെ അന്തിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി പാഠങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഈ ആയത്തിൽ ഇരുമ്പിനെ കുറിച്ച് പ്രസ്താവിച്ചപ്പോൾ ഖുർആൻ ഉപയോഗിച്ച പദം തന്നെയാണ്. അല്ലാഹു പറഞ്ഞിരിക്കുന്നത്, 'നാം ഇരുമ്പ് ഇറക്കിക്കൊടുത്തിരിക്കുന്നു' എന്നാണ്. ഇരുമ്പ് ഭൂമിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നോ ഭൂമിയിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നോ അല്ല, മറിച്ച് ഇരുമ്പ് ഇറക്കി കൊടുത്തിരിക്കുന്നു എന്നാണ് ഖുർആൻ പ്രയോഗിച്ചത്. മുകളിൽ ആകാശത്തു നിന്ന് ഇറക്കി കൊടുക്കുന്ന കാര്യങ്ങൾക്കാണ് സാധാരണയായി ഖുർആനിൽ 'നാം ഇറക്കി കൊടുത്തു' എന്ന് പ്രയോഗിക്കാറുള്ളത്. ഇതോടെ ഒരു സാധാരണ ആലോചന പുലർത്തുന്ന ആളുടെ അന്തരംഗം ചോദിക്കും, ഇരുമ്പ് ഭൂമിയിലെ ധാതുക്കൾ കുഴിച്ചെടുത്ത് ശുദ്ധീകരിച്ച് നിർമ്മിക്കുന്ന സാധനമല്ലേ !, പിന്നെ എന്തുകൊണ്ടാണ് ഇരുമ്പ് ഇറക്കി കൊടുത്തു എന്ന് ഖുർആൻ പറഞ്ഞത് ? എന്ന്.



വിശുദ്ധ ഖുർആൻ ശാസ്ത്ര പാഠങ്ങൾ പറയുന്നതോ വിവരിക്കുന്നതോ ആയ ഗ്രന്ഥമല്ല. ഖുർആനിന്റെ ലക്ഷ്യം മനുഷ്യനെ ഹിദായത്തിലേക്ക് നയിക്കുകയാണ്. അതിന് വേണ്ട വാക്കുകൾ കൃത്യമായും സൂക്ഷ്മമായും പ്രയോഗിച്ചു വെക്കുകയാണ് ഖുർആൻ ചെയ്യുന്നത്. പിന്നെ കാലത്തിനും മനുഷ്യന്റെ നാഗരിക വളർച്ചക്കും അനുസൃതമായി ഓരോന്ന് അനാവരണം ചെയ്യപ്പെട്ടുവരികയാണ് ചെയ്യുന്നത്. അങ്ങനെയാണ് ഖുർആൻ സർവ്വകാലിക ഗ്രന്ഥമായി മാറുന്നതും. അതിനാൽ ഇരുമ്പിനെ നാം ആകാശത്തു നിന്ന് ഇറക്കി എന്നു മാത്രം പറഞ്ഞുവെക്കുകയാണ് ഖുർആൻ. ഏതെങ്കിലും ഒരു കാലത്തെ ഈ പ്രയോഗം അൽഭുതപ്പെടുത്തുകയും സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുക തന്നെ ചെയ്യും എന്ന അർഥത്തിൽ. എന്നാൽ ഇത്തരം വസ്തുതകൾ അന്വേഷിക്കുകയും പഠിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്ര ലോകം ഇതിനെ പറ്റി എന്തു പറയുന്നു, അതിന്റെ കണ്ടെത്തൽ എന്താണ്, എന്നതൊക്കെയാണ്. അത് വിശുദ്ധ ഖുർആനിന്റെ പരാമർശത്തെ അംഗീകരിക്കുന്നതാണോ നിരാകരിക്കുന്നതാണോ എന്നു കണ്ടെത്തുകയാണ് നമ്മുടെ ഈ പഠനം. ശാസ്ത്രം പറയുന്നത്, നക്ഷത്രങ്ങളിലെ സ്വാഭാവിക അണുസംയോജനം മൂലമുണ്ടാകുന്ന ഏറ്റവും ഭാരമേറിയ മൂലകങ്ങളാണ് ഇരുമ്പും നിക്കലും എന്നാണ്. സൂപ്പർനോവ വിസ്ഫോടനം പോലെയുള്ളവ മൂലമാണ് ഈ മൂലകങ്ങൾ ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഇരുമ്പ് ആറ്റങ്ങൾ നിർമ്മിക്കപ്പെടുന്നത് സൂര്യനെക്കാൾ എട്ടു മടങ്ങെങ്കിലും പിണ്ഡം കൂടുതലുള്ള കൂറ്റൻ നക്ഷത്രങ്ങളുടെ അകക്കാമ്പിൽ ആണ്. ഹീലിയം,കാർബൺ, നിയോൺ,മെഗ്നീഷ്യം, ഓക്സിജൻ, സോഡിയം, സിലിക്കൺ എന്നിങ്ങനെ പിരിയോടിക് ടേബിൾ മൂലകങ്ങൾ ഓരോന്നായി ന്യൂക്ലിയർ ഫ്യൂഷനിലൂടെ തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇങ്ങനെ നക്ഷത്രങ്ങളുടെ അകക്കാമ്പിൽ ന്യൂക്ലിയാർ ഫ്യൂഷൻ മൂലം ഏറ്റവും അവസാനമായി ഉണ്ടാകുന്ന ഏറ്റവും വലിയ ആറ്റോമിക്ക് നമ്പർ ഉള്ള മൂലകം ആണ് ആറ്റോമിക നമ്പർ 26 ആയ ഇരുമ്പ്.



വളരെ വളരെ ഉയർന്നതോതിലുള്ള ഊർജ്ജവും താപവും ഈ ന്യൂക്ലിയാർ ഫ്യൂഷന് (അണുവിസ്ഫോടനത്തിന്) അനിവാര്യമാണ്. നമ്മുടെ സൗരയൂഥത്തിലെ സൂര്യന്റെയും മുഴുവൻ ഗ്രഹങ്ങളുടെയും ഊർജ്ജം മുഴുവനായി എടുത്താൽ പോലും ഒരൊറ്റ ഇരുമ്പ് ആറ്റം പോലും സൃഷ്ടിക്കാനാവില്ല. അതിനേക്കാൾ എത്രയോ മടങ്ങ് ഊർജ്ജം ഇരുമ്പിന്റെ ഒറ്റ ആറ്റം നിർമ്മിക്കാൻ ആവശ്യമാണ്. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഇരുമ്പിന്റെ ആറ്റങ്ങൾ ഉണ്ടാകാൻ ആരംഭിച്ചാൽ വളരെ പെട്ടെന്ന് മില്ലി സെക്കൻഡുകൾക്കുള്ളിൽ തന്നെ നക്ഷത്രത്തിന്റെ അകക്കാമ്പ് കൂറ്റൻ ഇരുമ്പ് ഗോളമായി തീരുകയും ഇത്തരം കൂറ്റൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുകയും മഹാവിസ്ഫോടനം സംഭവിക്കുകയും ചെയ്യും. സൂപ്പർനോവ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ ആശയത്തിൽ നക്ഷത്രങ്ങളുടെ അന്തകൻ ആണ് ഇരുമ്പ് എന്ന് പറയാം. കാരണം, ഇരുമ്പിന്റെ ജനനം നക്ഷത്രത്തിന്റെ മരണം കൂടിയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിഭാസങ്ങളിൽ ഒന്നാണ് സൂപ്പർനോവ എന്ന ഈ നക്ഷത്ര പൊട്ടിത്തെറി. ഇങ്ങനെ സൂപ്പർനോവ വിസ്ഫോടനത്തിന് ഫലമായാണ് നക്ഷത്രങ്ങളുടെ അകക്കാമ്പിനുള്ളിൽ രൂപംകൊണ്ട ഇരുമ്പ് ഭൂമിയിൽ എത്തിയത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. അഥവാ അത് ആകാശത്തുനിന്ന് അക്ഷരാർത്ഥത്തിൽ ഇറക്കപ്പെട്ടത് തന്നെ. എന്നർഥം. അപ്പോൾ ആധുനിക ജ്യോതിശാസ്ത്രത്തിൻടെ കണ്ടെത്തലനുസരിച്ച് ഭൂമിയിൽ കാണപ്പെടുന്ന ഇരുമ്പ് നിക്ഷേപം ബഹിരാകാശത്തെ ഭീമാകാരങ്ങളായ നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിലെത്തിച്ചേർന്നതാണ്‌. ഭൂമിയിൽ മാത്രമല്ല, നമ്മുടെ സൗരയൂഥമാസകലം നിറഞ്ഞുനിൽക്കുന്ന ഇരുമ്പുനിക്ഷേപം ബാഹ്യാകാശത്തു നിന്ന് വന്നതാണ്‌. കാരണം ഒരു നക്ഷത്രമായ സൂര്യനിലെ താപ മാത്രം ഇരുമ്പിന്റെ രൂപപ്പെടുത്തലിന്‌ മതിയായതല്ല. സൂര്യന്റെ ഉപരിതരത്തിലെ ചൂട് 6000 ഡിഗ്രിയും ആന്തരികതാപം 20 മില്ല്യൺ ഡിഗ്രിയുമാണെന്നു കണക്കാക്കിയിരിക്കുന്നു. സൂര്യനേക്കാൾ പതിന്മടങ്ങു വലിപ്പമുള്ള നക്ഷത്രങ്ങളിലേ ഇരുമ്പിന്റെ ഉത്പാദനം നടക്കുന്നുള്ളൂ. ഏകദേശം നൂറുമില്ല്യൺ താപമുണ്ട് നക്ഷത്രങ്ങളിൽ. നക്ഷത്രങ്ങളിൽ ഇരുമ്പിന്റെ അംശം ഒരു തലത്തിലെത്തിച്ചേരുമ്പോൾ നക്ഷത്രത്തിന്‌ അതുൾക്കൊള്ളാനാവാതെ പൊട്ടിത്തെറിക്കുന്നു. ഈ സ്ഫോടനഫലമായി ഇരുമ്പ് ശൂന്യാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. അല്ലാഹു അവന്റെ കലാമിൽ ആദ്യമേ ഒരു ചെറു വാക്യത്തിൽ പറഞ്ഞുവെച്ച ഈ സത്യം ശാസ്ത്രം എത്രയോ പിന്നീടാണ് കണ്ടെത്തിയത്.



ഈ ആയത്ത് പകരുന്ന മറ്റൊരു ചിന്ത '‍കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്' എന്ന പരാമർശമാണ്. മനുഷ്യജീവിതത്തിൽ ഏറ്റവും അധികമായി ഉപയോഗിക്കുന്ന ലോഹം ഇരുമ്പാണ് എന്ന് ആരും സമ്മതിക്കും. സാധാരണ ജീവിതത്തിന് മനുഷ്യൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഇരുമ്പിനാൽ നിർമ്മിതമാണ്. മുന്‍ കാലങ്ങളില്‍ യുദ്ധത്തിന് ഉപയോഗിച്ച വാള്‍, പരിച എന്നിവ ഇരുമ്പ്‌കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഇന്ന് യുദ്ധക്കപ്പലുകളും തോക്കുകളും നിര്‍മിക്കാനും ഇരുമ്പ് ആവശ്യമാണ്. യുദ്ധം പലപ്പോഴും നീതി നടപ്പാക്കാന്‍ വേണ്ടിയാണല്ലോ. തുലാസാകട്ടെ നീതിയുടെ ചിഹ്നവുമാണ്. വേദഗ്രന്ഥം നീതിയെന്താണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വിവരിച്ചുതരുന്നു. കുറ്റവാളിയുടെ കൈ വെട്ടുക, ശിരച്ഛേദം നടത്തുക എന്നിവയ്ക്കും ഇരുമ്പിന്റെ ആയുധങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതും നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണ്. യുദ്ധശേഷിയായിരിക്കണം ആയോധനശക്തി എന്നതിന്റെ വിവക്ഷ. സൂറതുല്‍കഹ്ഫിൽ രണ്ട് പര്‍വതനിരകള്‍ക്കിടയിലൂടെ അക്രമികളായ യഅ്ജൂജ് മഅ്ജൂജ് കടന്നുവരുന്നത് തടയാന്‍ അവയ്ക്കിടയില്‍ മതില്‍ പണിയാന്‍ ദുല്‍ഖര്‍നൈനിയോട് ജനങ്ങള്‍ അഭ്യര്‍ഥിക്കുന്ന രംഗമുണ്ട്. ഇരുമ്പ് കൊണ്ടുവന്ന് ആ ഇടം നിറക്കുകയും, അത് ഉരുക്കി ഒന്നാക്കുകയും ചെയ്തശേഷം അതിന്റെ മുകളില്‍ ചെമ്പിന്റെ ആവരണമിടുന്നു. അവിടെ അതും മനുഷ്യന് സംരക്ഷണമായിത്തീരുകയാണ്.



ഇവിടെയും ഇരുമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം നിൽക്കുന്നില്ല. മനുഷ്യ ശരീരത്തില്‍ ഏകദേശം 4.5 ഗ്രാം ഇരുമ്പുണ്ട് എന്നാണ് ആരോഗ്യ ശാസ്ത്രം. ഇതിന്റെ 65% ഹീമോഗ്ലാബിനിലാണ് ഉള്ളത്. ശരീരത്തിലുള്ള വിവിധ എന്‍സൈമുകളില്‍ ഇരുമ്പിന്റെ സാന്നിധ്യമുണ്ട്. അസ്ഥി മജ്ജകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹീമോഗ്ലാബിന്‍ രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ശ്വാസകോശങ്ങളില്‍ നിന്ന് ഓക്‌സിജനെ വഹിച്ച് കോശങ്ങളിലെത്തിക്കുന്നത് ഹീമോഗ്ലോബിനാണ്. കോശങ്ങളിലുള്ള ആഹാരവുമായി ഈ ഓക്‌സിജന്‍ പ്രവര്‍ത്തിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നു. ഹീമോ ഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ശ്വാസകോശത്തില്‍ നിന്ന് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും ശരീരത്തിന്റെ ഊര്‍ജസ്വലത കുറയുകയും ചെയ്യുന്നു. പേശികള്‍ക്ക് ഊര്‍ജം നല്‍കുന്ന മയോഗ്ലോബിന്റെ ഉല്‍പാദനത്തിനും ഇരുമ്പ് അത്യാവശ്യമാണ്. ഡി എന്‍ എയുടെ നിര്‍മാണം തുടങ്ങിയ ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലും ഇരുമ്പ് പങ്കുവഹിക്കുന്നുണ്ട്. ആമാശയ അമ്ലങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയുന്നു. സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്ന ആളുകളിലും ഈ അവസ്ഥ സംജാതമാവുകയും ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം കുറയുകയും ചെയ്യുന്നു. ജലത്തില്‍ ലയിക്കാത്ത ഇരുമ്പിന്റെ ഫെറിക്ക് രൂപവും ഇരുമ്പിന്റെ ആഗിരണത്തിന് തടസ്സമാവുന്നു.



ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ രണ്ട് ബില്യണ്‍ ജനങ്ങളില്‍ വിളര്‍ച്ചയുള്ളതായി കണക്കാക്കുന്നു. ഇതിന്റെ പകുതിയും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയാണ്. ജന്തുക്കള്‍ക്ക് മാത്രമല്ല, സസ്യജീവിതത്തിനും ഇരുമ്പ് അത്യാവശ്യമാണ്. ഹരിതകണത്തിന്റെ നിര്‍മാണം അവയുടെ പ്രവര്‍ത്തനക്ഷമത എന്നിവ ഇരുമ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. സൗരോര്‍ജം പിടിച്ചെടുത്ത് ആഹാരം ഉല്‍പാദിപ്പിക്കുന്നത് സസ്യങ്ങളാണ്. ഈ പ്രവര്‍ത്തനമാകട്ടെ ഹരിത കണങ്ങളില്ലാതെ നടത്താന്‍ കഴിയാത്തതുമാണ്. അഥവാ ഇരുമ്പില്ലാതെ ജീവന്‍ നിലനില്‍ക്കുക സാധ്യമല്ല. ഭൂമിയുടെ ഉപരിതലത്തിലുള്ള ഇരുമ്പ് ലവണങ്ങളില്‍ നിന്നാണ് സസ്യങ്ങള്‍ അവക്കാവശ്യമായ ഇരുമ്പ് ശേഖരിക്കുന്നത്. ഇങ്ങനെ പ്രപഞ്ചത്തിലാകെ കലർന്നു കിടക്കുന്ന ഇരുമ്പ് അല്ലാഹുവിന്റെ ഏറ്റവും വലിയ കാരുണ്യവും അനുഗ്രഹവുമാണ്. അത് അൻസൽനാ എന്ന ഒറ്റവാക്കിൽ ഒതുക്കി വെച്ചു എന്നത് അവന്റെ കലാമിന്റെ അമാനുഷികതയുടെ മറ്റൊരു തെളിവും.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso