Thoughts & Arts
Image

മിത്തും ചിറകുള്ള പെൺകുതിരയും

13-08-2023

Web Design

15 Comments

അഫ്കാർ / മുഹമ്മദ് തയ്യിൽ







2014 ലോക്സഭ തെരഞ്ഞെടുപ്പ് എല്ലാവർക്കും ഒരു അഭിമാന പ്രശ്നമാണ്. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അതിന്റെ വിറളിയും വിളർപ്പും ഏതാണ്ടെല്ലാ പാർട്ടികളിലും പ്രകടമാണ്. നിലവിൽ ഉള്ളതു വെച്ച് നടന്ന് കയറി കര പിടിക്കാമെന്ന ധൈര്യം ആർക്കുമില്ല. അതിനാൽ പലതും പലരും ഉരച്ചു നോക്കുന്നുണ്ട്. കത്തിക്കിട്ടിയാൽ പിന്നെ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാം. ഇതാണ് കർട്ടണു പിന്നിലെ കഥ. അതുകൊണ്ട് ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങളും വർത്തമാനങ്ങളും അങ്ങനെ കണ്ടാൽ മതി. അതിനപ്പുറം ആഴമൊന്നും സത്യത്തിൽ അവയ്ക്കുണ്ടാവില്ല. കഴിഞ്ഞ ആഴ്ച കേരളത്തിൽ കത്തിയ ചെറിയൊരു ഓലപടക്കം ഒരു ഉദാഹരണം. സ്പീക്കർ എ എൻ ശംഷീർ ഗണപതിയെ കുറിച്ച് വേണ്ടാത്തത് പറഞ്ഞു, ഗണപതിയെയോ ഞങ്ങളേയോ രണ്ടു പേരെയുമോ അപമാനിച്ചു എന്നൊക്കെ വിളിച്ചു പറഞ്ഞ് സംഗതി കത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു. സാക്ഷാൽ സുരേന്ദ്രൻ ഏതോ ഒരു മോർച്ചക്കാരുടെ മീറ്റിംഗിൽ ഇത്ര വരെ പറഞ്ഞു: ഇതു നമുക്ക് ശബരിമല സ്ത്രീ വിഷയം പോലെ ഒരു അനുകൂലമായ ഒരു അവസരമാണ് എന്ന്. ഇതിനു പിറ്റേന്നു മുതൽ ചാനലുകളിലും അന്തിചർച്ചകളിലും തിരക്കിട്ട മുക്കലും മൂളലും നടന്നു എന്നല്ലാതെ സംഗതി കത്തിക്കിട്ടിയില്ല. നനഞ്ഞ ഓലപ്പടക്കം എങ്ങനെ കത്താനാണ്. സംഗതി അപകടനില തരണം ചെയ്തു എന്നു തോന്നുന്നു. ഇപ്പോൾ കാര്യമായി ഒന്നും കേൾക്കുന്നില്ല. തീവ്ര ഹിന്ദുത്വം കേസ് വിട്ടു. കാരണം, സഖാവ് ശംസീർ പേരുകൊണ്ട് മുസ്ലിമാണെങ്കിലും ഇസ്ലാമിനോട് കക്ഷിക്കുള്ള പ്രതിപത്തി തെളിയിക്കാൻ അവർക്കായില്ല. മാത്രമല്ല, കക്ഷി നടയിൽ നിന്ന് പ്രസാദം വാങ്ങുന്ന ചിത്രം ഒന്നിലധികം തവണ വന്നു. എന്നാൽ പള്ളിയിലെ ചിത്രമൊന്നും വന്നില്ല. മാത്രമല്ല, താനൊരു മുസ്ലിമാണ് എന്ന് ഒരിക്കലും കക്ഷി പറഞ്ഞില്ല. വിവാദത്തിനു മുമ്പും പിമ്പും പോലും.



ഇടതുപക്ഷക്കാരുടെ ഇടപെടലും സൂക്ഷിച്ചായിരുന്നു. രണ്ടു പക്ഷത്തും തട്ടാതെ അവർ ശാസ്ത്രം പറഞ്ഞു. അതിനാൽ ഗണപതിയുടെ തല പ്രശ്നമായില്ല. പിന്നെ, പ്രശ്നമായാൽ തന്നെ ആദ്യം വരിക പ്രധാനൻ മന്ത്രിയുടെ തലയിലാണല്ലോ. സത്യത്തിൽ കാര്യമായിട്ടാണെങ്കിലും പരിഹാസമായിട്ടാണെങ്കിലും ഗണപതിയെ ഇവ്വിധം രംഗത്തിറക്കിയത് അദ്ദഹേമാണ്. 2014 ഒക്ടോബർ 25 ന് മുംബൈയിലെ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗണപതിയെ പ്ലാസ്റ്റിക് സർജറിയുടെ ഒന്നാമത്തെ ഉദാഹരണമായി അവതരിപ്പിച്ചത്. അതായത് ആധുനിക വൈദ്യശാസ്ത്രം പ്ലാസ്റ്റിക് സർജറി കണ്ടെത്തും മുമ്പ് തന്നെ ഭാരതത്തിലെ 'വൈദികർ' (വേദ പണ്ഡിതർ) ഇതെല്ലാം ഭാവന ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. അത് അവിടെ അവസാനിച്ചില്ല. പിന്നീട് 2016 ൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ ആന്ധ്രാ സർവകലാശാല വൈസ് ചാൻസലർ ജി നാഗേശ്വര റാവു അവതരിപ്പിച്ച പ്രബന്ധത്തിൽ ഇന്ത്യൻ മിഥോളജിയിലെ ചില ഏടുകളെ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി ചേർത്ത് വായിക്കുന്നുണ്ട്. രാമായണത്തിലെ കഥാപാത്രമായ രാവണന് ഇരുപത്തിനാല് തരത്തിലുള്ള വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്രീലങ്കയായിരുന്നു രാവണന്റെ വിമാനത്താവളമെന്നും നിരീക്ഷിക്കുന്നുണ്ട്. മഹാഭാരതത്തിലെ കൗരവർ (നൂറ് പേർ) മൂലകോശ സാങ്കേതികവിദ്യ (Stem Technology) ഉപയോഗിച്ച് ജൻമം കൊണ്ടവരാണെന്നും അതേ റാവു പറയുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരം തന്നെയാണ് പരിണാമ സിദ്ധാന്തമെന്നും അദ്ധേഹം ഉറപ്പിക്കുന്നു. ഒരു രസതന്ത്ര അദ്ധ്യാപകൻ കൂടിയാണ് നാഗേശ്വര റാവു. ഇത്തരം നിരീക്ഷണങ്ങളെ പല വേദികളിലും ഹിന്ദു ഭക്തരാൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മാത്രവുമല്ല ഇന്ന് ഹിന്ദു ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ഭക്തി പ്രഭാഷണങ്ങളിൽ പോലും ആധികാരികമായി ഈ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. കാര്യമായി കഥകളും പുരാണങ്ങളുമല്ലാതെ സമർഥന സ്വഭാവത്തിലുള്ള ഒന്നും പറയാൻ ഉണ്ടായിരുന്നില്ലാത്തവർക്ക് ഇതൊക്കെ നല്ലൊരു കിട്ടലായതാണ്. അതിനാൽ പല പണ്ഡിതൻമാരും ഈ വീക്ഷണം പ്രചരിപ്പിക്കുകയും കുട്ടികളിലേക്ക് വരെ പകർന്നു നൽകുന്നുമുണ്ട്. അതിനാൽ വിവാദം വലുതാകുവാനുള്ള സ്കോപ്പില്ലാതെ പോയി.



പക്ഷെ, അപ്പോഴേക്കും പൊതു സംസ്കാരിക ലോകത്തിന് ചില പരിക്കുകൾ പറ്റി. അവ പ്രധാനമായും രണ്ടാണ്. ഒന്ന്, മിത്തും വിശ്വാസവും കൂടിക്കലർന്നുപോയി. ഇപ്പോൾ ഏതാണ് മിത്ത് ഏതാണ് വിശ്വാസം എന്നത് പൊതു സമൂഹത്തിന് അറിയാതയായി. മത വിശ്വാസികൾ മനസ്സിൽ കൊണ്ടു നടക്കുന്നതെല്ലാം മിത്താണ് എന്നുവരെ തോന്നൽ വന്നിട്ടുണ്ട്. അത് തിരുത്തേണ്ടതുണ്ട്. അതിനാൽ മിത്ത് എന്നാൽ എന്താണ് എന്നും വിശ്വാസം എന്നാൽ എന്താണ് എന്നും ഒന്നുകൂടി പറയേണ്ടിയിരിക്കുന്നു. മിത്ത് എന്നാൽ അതിന് നമ്മുടെ നിഖണ്ഡുകൾ നൽകുന്ന അർഥം തന്നെ
പുരാവൃത്തം, കെട്ടുകഥ, ഐതിഹ്യം, ഇതിഹാസം, പുരാണകഥ, ഗൂഢാര്‍ത്ഥകഥ, കാല്‍പനികകഥ എന്നിങ്ങനെയൊക്കെയാണ്. അതിനാൽ ഇത് വെറും ഒരു കള്ളക്കഥയാണ് എന്നു പറഞ്ഞു കൂടാ. മിത്ത് എന്നാൽ കെട്ടുകഥയാണെന്ന തരത്തിലുള്ള വർത്തമാനമാണ് പൊതുസമൂഹത്തിൽ സജീവമായി ഉയർന്നുവന്നത്. സത്യത്തിൽ ഒരു സമൂഹത്തിന്റെ മനസ്സിൽ ആവർത്തിച്ചുവരുന്ന പ്രാചീനകാലത്തെ സങ്കൽപ്പങ്ങളാണ് മിത്ത്. ഇത് ഓരോ സമൂഹവും കൊണ്ടുനടക്കുന്നുണ്ട്. അത് വിശ്വാസമായും അതിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങളായും നിലനിൽക്കുന്നുണ്ട്. നാടോടിക്കഥകൾ പോലെയാണ് മിത്തുകൾ. ഓരോ പ്രാചീന സമൂഹങ്ങളെയും പഠിക്കുവാൻ വംശശാസ്ത്രജ്ഞൻമാർ സാധാരണയായി അവർക്കിടയിലെ ചൊല്ലുകൾ, മിത്തുകൾ തുടങ്ങിയവയെയാണ് സാധാരണ അനാവരണം ചെയ്യാറുള്ളത്. മിത്തുകളെ വിശകലനം ചെയ്തുകൊണ്ട് ആ സമൂഹത്തിലെ ചിന്തകളെയും ആവശ്യങ്ങളെയും സങ്കൽപ്പങ്ങളെയും വികാസങ്ങളെയും എല്ലാം മനസ്സിലാക്കുന്ന ചരിത്രരീതികളും വികസിച്ചുവന്നിട്ടുണ്ട്.



മിത്തുകൾ കുറച്ചു കൂടി വ്യക്തത വരുവാൻ ചില ഉദാഹരണങ്ങൾ സഹായകമാകും. ഈജിപ്തിലെ ഫറോവമാരുടെ മമ്മികളും അവയടക്കം ചെയ്ത പിരമിഡുകളും ലോകാൽഭുതങ്ങളിൽ ഒന്നാണല്ലോ. പുരാതന ഈജിപ്തിൽ ഫറോവമാരുടെ മൃദദേഹങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ നിർമിച്ച മുകൾ ഭാഗം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന ത്രികോണാകൃതിയിലുള്ള കെട്ടിടത്തെയാണ് പിരമിഡുകൾ എന്ന് പറയുന്നത്. ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണിത്. 5000വർഷം പഴക്കമുള്ള ഇവക്കുള്ളിൽ രാജാക്കന്മാരുടെ ശരീരം എംബാം ചെയ്ത് സൂക്ഷിച്ചു വെക്കുന്നു. മരിച്ചവരുടെ രാജാവ് എന്ന നിലയിൽ തന്റെ ശരിയായ ജോലികൾ ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ ഇതിനോടൊപ്പം പിരമിഡിൽ സൂക്ഷിച്ചു വെക്കുന്നു. മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ് മരണം എന്ന് ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. ശവശരീരത്തിൽ നിന്ന് മൂക്കിൽ കൂടി ആദ്യം തലച്ചോർ നീക്കം ചെയ്ത ശേഷം വിലപിടിപ്പുള്ള ഔഷധം നിറക്കുന്നു. ദേഹത്തിന്റെ ഇടത് ഭാഗത്തു കീറി അന്തർഭാഗത്തുള്ള വസ്തുക്കൾ നീക്കം ചെയ്തു 4 ഭരണികളിലാക്കി സൂക്ഷിക്കുന്നു. അവ ദേവതക്കുള്ള അർച്ചനയായി ശവകുടീരത്തിൽ നിക്ഷേപിക്കുന്നു. അന്തർഭാഗം എണ്ണ കൊണ്ട് കഴുകി പ്രത്യേക വസ്തുക്കൾ നിറച്ചു 70ദിവസം ഔഷധ ദ്രവ്യത്തിൽ സൂക്ഷിക്കുന്നു. ശേഷം തുണികൊണ്ട് കെട്ടി ഈർച്ചപ്പൊടി നിറച്ച മമ്മികളിൽ അടക്കം ചെയ്യുന്നു. ഒരൊറ്റ മമ്മിയിൽ നിന്ന് ഏതാണ്ട് 400വാര തുണി കിട്ടിയിട്ടുണ്ട്. ഇതെല്ലാം ചെയ്യുന്നത് പിൽക്കാലത്ത് ഇവരുടെ ശരീരങ്ങൾ സംരക്ഷിക്കപ്പെട്ടു വെക്കാനാണ്. ഒസിറിസ് എന്ന ദേവനിലുള്ള വിശ്വാസമാണ് പിരമിഡുകളുടെ നിർമാണത്തിനടിസ്ഥാനം.



ഗ്രീക്കുകാർ പരേതാത്മാക്കളെ പരലോകത്തെത്തിക്കുന്ന കാറെൺ എന്ന കടത്തുവഞ്ചിക്കാരനുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇദ്ദേഹത്തിന് കടത്തുകൂലി എന്ന നിലയിൽ മൃതദേഹങ്ങളുടെ വായിൽ ചെമ്പ് നാണയങ്ങൾ വയ്‌ക്കുന്ന ആചാരം അക്കാലത്ത് ഗ്രീസിൽ ഉണ്ടായിരുന്നു. ഒസിറിസിലും കാറെണിലും ആ ജനതകൾക്ക് പിൽക്കാലത്ത് വിശ്വാസം നഷ്ടപ്പെട്ടു. ഇത്തരം വിശ്വാസങ്ങൾ ലോകത്ത് എല്ലായിടത്തുണ്ട്. ഇവയാണ് പൊതുവെ മിത്തുകൾ. ഇതു തന്നെയല്ലേ വിശ്വാസവും എന്ന് ചിലർ ശങ്കിച്ചേക്കാം. വിശ്വാസം എന്നത് മറ്റൊന്നാണ്. ഇതിനു സമാനമായ വിശ്വാസം തന്നെയാണ് മിത്ത് എങ്കിലും മിത്തിന് ഉപോൽബലകമായ ഒരു തെളിവും ലക്ഷ്യവും ഉണ്ടാവില്ല. മേൽ പറഞ്ഞ ഉദാഹരണങ്ങളിൽ രണ്ടിലും ഒസിറിസിനെയും കാറെണിയെയും സ്ഥാപിക്കുവാൻ ഒരു അനുബന്ധ തെളിവോ രേഖയോ ഒട്ടും ഇല്ല. എന്നാൽ വിശ്വാസം എന്നത് ഒരു ധാരണ തന്നെയാണ്. പക്ഷെ, അതു വാദിക്കുവാനും സ്ഥാപിക്കുവാനും തെളിയിക്കുവാനും ഉപോൽബലകമായ തെളിവുകളും ഉണ്ടാകും. ഓരോ മതത്തിന്റെയും ദൈവ വിശ്വാസം തന്നെ അതിന് ഉദാഹരണം. ഇസ്ലാമിക ദൈവ വിശ്വാസത്തെ ഇതിന് ധൈര്യ സമേതം ഉദാഹരിക്കാം. ഈ പ്രപഞ്ചത്തിനും അതിലെ സകല ചലനങ്ങൾക്കും നിയന്തണം നൽകുന്ന ഒരു സൃഷ്ടി സ്ഥിതി സംഹാര കർത്താവുണ്ട് എന്നതാണ് ഇസ്ലാമിക വിശ്വാസം. അവൻ അരൂപിയും അനാദ്യനും അനന്ത്യനുമാണ്. അതിനാൽ അവനെ നേരിട്ടു കാണിച്ചു കൊടുക്കുവാനോ തെളിയിക്കുവാനോ കഴിയില്ല. പക്ഷെ, നൂറായിരം തെളിവുകൾ കൊണ്ട് അത്തരം ഒരു ദൈവത്തിന്റെ സാംഗത്യം തെളിയിക്കുവാൻ സാധിക്കും. അതു പക്ഷെ, എല്ലാ മതങ്ങൾക്കും കഴിയും എന്നു പറയാൻ നമുക്കു ധൈര്യമില്ല. അതേ സമയം ഇവ്വിധം തെളിയിക്കാൻ ഏതെങ്കിലും മതങ്ങളുടെ ദൈവവിശ്വാസങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അവ മിത്തിൽ നിന്നുണ്ടായതാണ് എന്നു പറയേണ്ടിവരും.



രണ്ടാമത്തെ കാര്യം നാസ്തികരായ ചിലരും കാര്യങ്ങൾ വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ലാത്ത ചിലരും ഇത്തരം മിത്തുകൾ എല്ലാ മതങ്ങളിലുമുണ്ട് എന്ന് തട്ടിവിട്ട് ആളാകുവാൻ ശ്രമിക്കുകയുണ്ടായി. അവരുടെ പ്രയോഗങ്ങളിൽ എല്ലാവരും പെട്ടു. ഇസ്ലാമും. അത് ഒരു തിരുത്തപ്പെടേണ്ട ധാരണയാണ്. മിത്തുകൾ സങ്കൽപ്പങ്ങളെയാണ് ആധാരമാക്കുന്നത് എന്ന് പറയുമ്പോൾ സങ്കൽപ്പങ്ങളുടെ മേൽ കെട്ടിപ്പൊക്കിയ ആചാര അനുഷ്ടാനങ്ങൾ ഉളള മതങ്ങളൊക്കെയും അതിൽപെടും എന്നതു ശരിയാണ്. പക്ഷെ, ഇസ്ലാമിൽ അത്തരമൊന്നില്ല. ഇസ്ലാമിലെ എല്ലാ കാര്യങ്ങളും സങ്കൽപ്പങ്ങങ്ങുടെ മുകളിലല്ല, വിശ്വാസങ്ങളുടെ മുകളിലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അഥവാ സ്ഥാപിക്കാൻ കഴിയുന്ന ന്യായവും തെളിവുമുണ്ട്. അത് നേരത്തെ പറഞ്ഞതു പോലെ സർവ്വശക്തനായ ഈ പ്രപഞ്ചത്തിന്റെ വിധാതാവിലുള്ള വിശ്വാസത്തെയാണ് ആദ്യം സ്ഥാപിക്കുന്നത്. അതു ശരിയാംവിധം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അനുബന്ധമായ വിശ്വാസങ്ങൾക്കൊന്നും പ്രയാസമുണ്ടാവില്ല. സർവ്വശക്തനായ ഒരു ഇലാഹിൽ കൃത്യമായ വിശ്വാസം ഉറച്ചു കഴിഞ്ഞാൽ പിന്നെ അവന്റെ ദൂതരായ പ്രവാചകർ, സേവകരായ മലക്കുകൾ, നൽകിയ സന്ദേശങ്ങളുടെ ലിഖിത രൂപങ്ങളായ കിതാബുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം വിശ്വസിക്കുവാൻ ഒട്ടും പ്രയാസമുണ്ടാവില്ല. ഓരോന്നിന്റെയും പ്രാഥമിക വിവരണങ്ങൾ ലഭിച്ചാൽ മാത്രം മതി. ഉദാഹരണമായി മലക്കുകൾ എടുക്കാം. മലക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ കിട്ടിയാൽ തന്നെ വിശ്വസിക്കാവുന്നതാണ് മലക്കുകളിൽ.



കൂട്ടത്തിൽ ഒരൽപ്പം ചിന്ത വേണ്ടി വരുന്ന കാര്യങ്ങളുമുണ്ട്. ഉദാഹരണമായി വിധി വിശ്വാസം അഥവാ ഖദ്‌റിലുള്ള വിശ്വാസം. ഇത് എന്നും ആളുകളെ കുഴക്കിയിട്ടുണ്ട്. മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാരെ മാത്രമല്ല; ചില പണ്ഡിതന്‍മാരെ പോലും അത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സൌകര്യം കുറവായിരിക്കും. സമഗ്രമായ ഒരു കാഴ്ചപ്പട് രൂപപ്പെടുത്താനുള്ള ക്ഷമ കാണിക്കാത്തതാണ്‌ പണ്ഡിതന്മാരുടെ കുറ്റം. മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേ സമയം ആളുകളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നതും അല്ലാഹുവാണെന്നും ഖുര്‍ആനിലുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നാണ്‌ വിമര്‍ശകരുടെ ചോദ്യം. എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവണെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പിന്നെ എവിടെയാണ്‌ മനുഷ്യന്ന് സ്വാതന്ത്ര്യം അവശേഷിക്കുക എന്നും അവര്‍ ചോദിക്കുന്നു. ആരാണ്‌ സ്വര്‍ഗ്ഗത്തിലെന്നും നരകത്തിലെന്നും അലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണല്ലോ ഇസ്‌ലാമിന്റെ വിശ്വാസം. ആ 'വിധിക്ക്' മാറ്റം വരില്ലെന്നും പറയുന്നു. അപ്പോള്‍ ചിലരെ സ്വര്‍ഗ്ഗത്തിലും മറ്റു ചിലരെ നരകത്തിലും ഇടാന്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ച അല്ലാഹു കാരുണ്യവാനാകുന്നതെങ്ങനെ എന്നാണ്‌ മറ്റൊരു ചോദ്യം.



ആദ്യം മനസ്സിലാക്കേണ്ടത് പിശാച് അല്ലാഹുവിന്റെ സൃഷ്ടി അല്ലെന്നോ അവന്‍ ദൈവത്തിന്റെ തുല്യനായ എതിരാളിയാണെനോ ഇസ്‌ലാം പറയുന്നില്ല എന്നതാണ്. ഒരു പരീക്ഷണം നടക്കുവാൻ ഉളള കളമൊരുക്കുക എന്ന അർഥത്തിലാണ് അവന് ചില പരിധികൾ നിശ്ചയിച്ച് ചില കഴിവുകൾ നൽകിയിരിക്കുന്നത്. ആ കഴിവുകളെയാവട്ടെ സരളമായി മറി കടന്ന് തോൽപ്പിക്കുവാൻ മനുഷ്യന് അല്ലാഹു കഴിവ് നൽകിയിട്ടുമുണ്ട്. അതേ സമയം ഒരു പ്രയാസവുമില്ലാതെ പിശാചിന് അവനെ വഴി തെറ്റിക്കാനുള്ള കഴിവും തുറന്നു വെച്ചിട്ടുണ്ട്. ഈ രണ്ടു കഴിവും വെച്ചാണ് അല്ലാഹുവിന്റെ സാക്ഷാൽ പരീക്ഷണം നടക്കുന്നത്. ശരിയായ ജീവിതവും ഫലവും നടക്കുന്നത് ഇവിടെയല്ല, പരലോകത്താണ്. അതിനാൽ പിശാച് വല്ലതും ചെയ്യുമ്പോൾ അത് അല്ലാഹുവിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമല്ല; അവന്‍ അനുവദിച്ചതനുസരിച്ച് സംഭവിക്കുന്നതാണ്‌. ഇതാണ് വിധിയുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ ഉള്ള വിശദീകരണം. പരിപൂർണ്ണമായ വിശ്വാസത്തോടെ അടിസ്ഥാന വിശ്വാസം സ്വീകരിക്കുന്ന ഒരാൾക്ക് പ്രയാസമുണ്ടാക്കുന്നതോ ബോദ്ധ്യപ്പെടാത്തതോ ആയ ഒന്നും ഇസ്ലാമിലില്ല. അതിനാൽ ഇസ്ലാമിൽ മിത്ത് ഇല്ല. ഒന്നും ഇല്ലാത്തതുകൊണ്ടാണ് ചില ചാനൽ ചർച്ചക്കാർ ഒരവസാന ശ്രമം ബുറാഖ് എന്ന പേരിൽ മനുഷ്യ സ്തീയുടെ മുഖവും ചിറകും ഉള്ള കുതിരയുടെ പടം ഉയർത്തിപ്പിടിച്ച് ഇസ്ലാമിലും മിത്തുണ്ട് എന്ന് വീശി നോക്കിയത്. പക്ഷെ, അത് ക്ലച്ച് പിടിച്ചില്ല. ഒരു ഉത്തരവാദിത്വവുമില്ലാതെ പണ്ടെങ്ങോ എവിടെയൊക്കെയോ നടന്നിരുന്ന അത്തരം പടങ്ങൾക്കു വേണ്ടി മുസ്ലിംകൾ പോലും വാദിച്ചില്ല. അതോടെ അതിന്റെ കാറ്റു പോയി. അതിനാൽ ഇസ്ലാമിൽ മിത്ത് തെരയുന്നവരുടെ മുമ്പിൽ അത് തെളിയിക്കാനുളള വെല്ലുവിളി ഇപ്പോഴും തുടരുകയാണ്.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso