Thoughts & Arts
Image

മാന്യമായിരിക്കട്ടെ മതങ്ങളുടെ മനസ്സുകൾ

04-08-2023

Web Design

15 Comments

വെളളിത്തെളിച്ചം / ടി എച്ച് ദാരിമി



ഖേദകരമെന്നു പറയട്ടെ, ഒരു വിവാദം അരിച്ചു കയറിവരുന്നുണ്ട് നമ്മുടെ ഇടയിലൂടെ. വിശ്വാസം, മിത്ത്, ശാസ്ത്രം തുടങ്ങിയവയുടെ ഓരം പറ്റിയാണ് അതിന്റെ വരവ്. കയറിക്കയറി അത് കത്തിക്കയറാതിരിക്കട്ടെ എന്ന് ആദ്യമായി നമുക്ക് ആശിക്കാം. ഏതാണ് വിവാദത്തിന്റെ പ്രഭവ കേന്ദ്രം എന്നോ എന്നിട്ടെന്തുണ്ടായി എന്നോ ഒന്നും പറയുന്നില്ല. ഇതുവരേയ്ക്കും ഓരോരുത്തരും പറഞ്ഞതും പ്രതികരിച്ചതും തൂക്കിക്കണക്കാക്കുന്നുമില്ല. അതു പറയുമ്പോൾ അതിനും ഉണ്ടാകും ഏറ്റവും കുറഞ്ഞത് അത് എഴുതുന്നവന്റെയെങ്കിലും ചരിവ്. അതൊന്നും വേണ്ട. ഇത്രക്ക് തിക്കോടെ ഒരു പ്രത്യേക മതേതരത്വം പുലർത്തുകയും അതിനെ വളർത്തി വലുതാക്കുകയും ചെയ്യുന്ന നാം ഓരോന്നിൽ കയ്യിടുമ്പോഴും ഒരു തരം ജാഗ്രത പുലർത്തണമല്ലോ. എങ്കിലും നമ്മുടെ സാഹചര്യത്തിൽ വിശ്വാസപരമായ കാര്യങ്ങളിൽ എങ്ങനെ ഇടപെടണം എന്നതു പ്രകടിപ്പിക്കാതെ വയ്യ. ഇനിയെങ്കിലും ഇത്തരം അവസ്ഥകൾ ഉണ്ടാവാതിരിക്കുവാൻ അതുപയുക്തമായെങ്കിലോ. ഇക്കാര്യത്തിൽ ഇസ്ലാം തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്. അഥവാ അതിന്റെ മൂലപ്രമാണങ്ങളായ വിശുദ്ധ ഖുർആനും അപ്രകാരം തന്നെ നബി(സ) തിരുമേനിയും. ഒപ്പം പതിനാലു നൂറ്റാണ്ടുകൾ കടന്ന നിലക്ക് ഇസ്ലാമിക സമൂഹത്തിന്റെ കീഴ്‌വഴക്കവും. അതിനാൽ ഈ കാര്യത്തിൽ ചില കാര്യങ്ങൾ പറയുവാൻ നമുക്ക് ബാദ്ധ്യതയുണ്ട്. ഒരു ബഹുമത സാഹചര്യത്തിൽ ജീവിക്കുന്ന മുസ്ലിംകളെ ഖുർആൻ ഉപദേശിക്കുന്ന കാര്യമാണ് ഒന്നാമത്തേത്. അല്ലാഹു പറയുന്നു: അല്ലാഹുവിനെ വിട്ട് മുശ്‌രിക്കുകള്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത്. വിവരമില്ലാതെ, അതിക്രമമായി അവര്‍ അല്ലാഹുവിനെ ചീത്ത പറയാന്‍ അതു നിമിത്തമാകും. (അൻആം: 108). വളരെ കൃത്യവും യുക്തിസഹവുമാണ് ഈ നിലപാട്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ആരാധനാപാത്രങ്ങളെ അവമതിക്കുകയോ പരിഹസിക്കുകയോ ചെയ്തു സംസാരിച്ചാൽ അവർ തിരിച്ചും അതേ നാണയത്തിൽ തിരിച്ചടിക്കും. അപ്പോൾ അത് ഫലത്തിൽ നാം തന്നെ നമുക്ക് വടി വെക്കുന്ന പണിയായിത്തീരും അത്. അതോടെ മനുഷ്യർക്കിടയിൽ കലാപം ഉണ്ടാകും. എന്നു മാത്രമല്ല, ലോകം ഇന്നുവരെ അനുഭവിച്ചതിൽ നിന്ന് വ്യക്തമായതുപോലെ വിശ്വാസത്തിന്റെ പേരിലുള്ള കലാപം ഏറെ കലുഷിതമായിരിക്കുകയും ചെയ്യും.



ഇതു കേട്ട് ചില ഖുർആൻ വിരോധികൾ പറയും, അപ്പോൾ മുഹമ്മദ് നബി തന്റെ നാട്ടിലെ മറ്റു മതവിശ്വാസികളുടെ ദൈവങ്ങളെ കുറിച്ച് അപവാദങ്ങൾ പറയാറുണ്ടായിരുന്നു, അത് നിർത്തൽ ചെയ്യുവാനാണ് ഈ സൂക്തം വന്നത്, എന്നൊക്കെ. ഇത് തികഞ്ഞ അറിവില്ലായ്മയും ദുർവ്യാഖ്യാനവും ആണ്. വിഗ്രഹങ്ങളുടെ കഴിവുകേടും ന്യൂനതയും സംബന്ധിച്ച് നബി(സ)യും മുസ്‌ലിംകളും അവിശ്വാസികളുമായി സംസാരിക്കുമായിരുന്നു. അത് അവയെ ചീത്തപറയലാണ് എന്ന് അവയുടെ ആരാധകര്‍ തെറ്റായി വ്യാഖ്യാനിച്ചു. അങ്ങനെ ഒരിക്കലവര്‍ അബൂഥാലിബിനെ നേരില്‍ കണ്ടു ഇതിനെ കുറിച്ച് പരാതി ബോധിപ്പിക്കുകയുണ്ടായി. ഒന്നുകില്‍, ഞങ്ങളുടെ ദൈവങ്ങളെ ചീത്തപറയുന്നതില്‍ നിന്നു മുഹമ്മദിനെയും അനുയായികളെയും നിങ്ങള്‍ തടയണം; അല്ലെങ്കില്‍ അവന്റെ ദൈവത്തെ ഞങ്ങള്‍ ചീത്തവിളിക്കയും അധിക്ഷേപിക്കയും ചെയ്യും എന്നവർ പറഞ്ഞു. അപ്പോഴാണ് ഈ സൂക്തം ഇറങ്ങിയത്. അപ്പോൾ മക്കക്കാർക്ക് ഉണ്ടായ ഒരു തെറ്റുധാരണ നീക്കുക എന്ന ഉദ്ദേശത്തോടെയാണ് മേൽ സൂക്തം ഇറങ്ങിയത്. ഈ നയവും ഇതിലേക്ക് ചേർത്തുവായിക്കേണ്ട കാര്യമാണ്. ഇപ്പോൾ ഉണ്ടായ വിവാദങ്ങളിൽ അതിന്റെ ഒരു അംശം കൂടിയുണ്ട്. അഥവാ, തെറ്റിദ്ധാരണ വരുത്താൻ ഇടവരുത്തുന്ന വാക്കും നീക്കവും വിശ്വാസികളിൽ നിന്നോ വിശ്വാസികൾക്കെതിരെയോ ഉണ്ടാകുവാൻ പാടില്ല. അഥവാ, ഒരാൾ തങ്ങളുടെ വിശ്വാസത്തെ അവമതിച്ചു എന്ന് മറ്റൊരു വിശ്വാസിക്ക് തോന്നാനുള്ള സാഹചര്യങ്ങൾ നിർബന്ധമായും അടക്കണം. നബി തങ്ങൾ ഇതിലും മാതൃക കാണിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു സന്ധ്യാ സമയത്ത് നബി തങ്ങൾ തന്റെ പത്നിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. മറ്റൊരാൾക്ക് തോന്നാൻ ഇടവരരുത്. അത് ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, വ്യക്തിത്വ വിശ്വാസത്തിന്റെ കാര്യത്തിൽ പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്. നബി(സ) തിരുമേനി ഒരിക്കൽ അപ്പോൾ രണ്ടു പേർ അതുവഴി കടന്നുപോയി. അവർക്ക് നബിയോടൊപ്പമുള്ള സ്ത്രീ ആരാണ് എന്നു വ്യക്തമല്ലായിരുന്നു. എന്നാൽ കൂട്ടത്തിലെ ആൺ നബി തങ്ങളാണ് എന്നവർക്ക് നന്നായി അറിയാമായിരുന്നു. അതിനാൽ ഒപ്പമുള്ളത് ആരാകിലും അവർക്ക് പ്രശ്നമില്ല. പക്ഷെ, നബി തങ്ങൾ അവരെ വിളിച്ചു നിർത്തി. എന്നിട്ട് തന്റെ കൂടെയുളളത് തന്റെ ഭാര്യ സ്വഫിയ്യയാണ് എന്ന് അവരോട് പറയുകയുണ്ടായി. ഭാവിയിൽ അതിൽ നിന്ന് ഒരു തീപ്പൊരി ഉയരാതിരിക്കുവാനുള്ള നബി തിരുമേനിയുടെ ജാഗ്രതയാണ് ഈ സംഭവത്തിൽ കാണുന്നത്.



ഇത്തരം രംഗങ്ങളെ ശുദ്ധീകരിക്കുക എന്നതിലപ്പുറം ഓരോ വാക്കുകളും പ്രയോഗങ്ങളും കരുതലോടെ മാത്രം നടത്തുക എന്നതും ഇതിന്റെ ഭാഗമാണ്. നമ്മുടെ വാക്കുകൾ വേദനയോ അപമാനമോ ഉണ്ടാക്കിയോ എന്ന് പറയേണ്ടത് നമ്മളല്ല, അവരാണ്. അതിനാൽ അവർക്ക് അങ്ങനെ അനുഭവപ്പെടാതിരിക്കുവാനാണ് ജാഗ്രത പുലർത്തേണ്ടത്. പറഞ്ഞതിനെ പിന്നീട് പറഞ്ഞും വാദിച്ചും നല്ലതാക്കാനല്ല. ഇതാക്കെ പറയുമ്പോൾ മറ്റു വിശ്വാസങ്ങൾക്ക് പ്രയാസമുണ്ടാവാതെ നമ്മുടെ വിശ്വാസം എങ്ങനെ പറയും എന്ന സംശയം ഉയരും. ഇക്കാര്യത്തിൽ പുലർത്തേണ്ടുന്ന അടിസ്ഥാന നയം എന്താണ് എന്ന ചോദ്യം ഉയരും. അതിന് അല്ലാഹു ഇവിടെയും മറ്റൊരിടത്തും മറുപടി നൽകുന്നുണ്ട്. മേൽ പറഞ്ഞ സൂക്തത്തിനുടനെ അല്ലാഹു പറയുന്നു: ഇങ്ങനെ ഓരോ സമൂഹത്തിനും അവരുടെ കര്‍മങ്ങള്‍ നാം അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. പിന്നീട്, തങ്ങളുടെ നാഥനിങ്കലേക്കായിരിക്കും അവരുടെ മടക്കം. തത്സമയം തങ്ങളുടെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അവര്‍ക്ക് അവന്‍ അറിയിച്ചുകൊടുക്കുന്നതാണ്. (അൻആം: 109) അഥവാ ഓരോരുത്തരും തന്റെ വിശ്വാസങ്ങൾ സ്വയം തീരുമാനിക്കട്ടെ, ആത്യന്തിക ശരിതെറ്റുകൾ അവസാന വിചാരണയിൽ നിശ്ചയിക്കപ്പെടും എന്നാണ് അല്ലാഹു പറയുന്നത്. മറ്റൊരായത്തിൽ അല്ലാഹു പറയുന്നു: മതത്തില്‍ അടിച്ചേല്‍പിക്കലില്ല. ദുര്‍മാര്‍ഗത്തില്‍ നിന്നു സന്മാര്‍ഗം വ്യതിരിക്തമായിക്കഴിഞ്ഞിട്ടുണ്ട്. (അൽ ബഖറ: 255) സർവ്വ ശക്തിയും ഉപയോഗിച്ച് എല്ലാവരോടും പോരടിച്ച് അവരെ പിടിച്ചും വലിച്ചും പുലർത്തേണ്ടതല്ല ഇസ്ലാം എന്നതാണ് ഈ സൂക്തങ്ങൾ മനസ്സിലാക്കിത്തരുന്നത്. മറ്റു മതക്കാരുടെ വിശ്വാസങ്ങളെ പരിഹസിക്കുകയോ അവമതിക്കുകയോ ചെയ്യരുത് എന്നതാണ് ഇസ്ലാമിന്റെ നയം എന്നത് ഇതിൽ നിന്ന് വ്യക്തമാകുന്നു.



ഇത് നമ്മുടെ സാമൂഹ്യതയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളും ഈ വിവാദം തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. ഈ വിവാദം ഉയർന്നതും അതിനാൽ പ്രകോപിതരായ മത വിശ്വാസത്തിനു വേണ്ടി സംസാരിച്ചവർ വിവാദത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത വിശ്വാസങ്ങളെയടക്കം കടന്നാക്രമിക്കുകയുണ്ടായി. ഇതിൽ മുസ്ലിംകളുടെ ചില വിശ്വാസങ്ങളെയും ചില സാമൂഹ്യ നേതാക്കൾ എടുത്തിട്ടു കുടയാൻ ശ്രമിക്കുകയുണ്ടായി. സത്യത്തിൽ ഈ വിവാദത്തിൽ മുസ്ലിംകൾ കക്ഷിയല്ല. വിവാദത്തിന് വഴിവെച്ചവർ അത് മുസ്ലിം വിശ്വാസങ്ങൾക്കു വേണ്ടി പറഞ്ഞതുമല്ല. അതിന് മറുപടി പറഞ്ഞവർ ഇസ്ലാമിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടുമില്ല. സർവ്വോപരി, അത്തരം ഒരു നയം ഇസ്ലാമിനും മുസ്ലികൾക്കുമില്ല താനും. എന്നിട്ടും ചില നേതാക്കൻമാർ സ്വർഗ്ഗത്തിലെ ഹൂറിമാരെ മുതൽ ബുറാഖ് വരെ എഴുന്നെള്ളിക്കുകയുണ്ടായി. ഇപ്രകാരം തന്നെ കക്ഷിയല്ലാത്ത ക്രൈസ്തവരെയും ഈ ചിലർ കുടയുകയുണ്ടായി. ഇതിൽ നിന്ന് രണ്ടു കാര്യങ്ങൾ വക്തമാണ്. ഒന്നാമതായി, ഇങ്ങനെ പറയുന്നതു തന്നെയാണ് തെറ്റ് എന്നതാണ്. കാരണം, ഇവിടെ തങ്ങളുടെ വിശ്വാസത്തിനെ ന്യായീകരിക്കുവാൻ വേണ്ടി മറ്റൊരു വിശ്വാസത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. ഇത് തുടർന്നാൽ അത് വലിയ തീയായി കത്തിപ്പടരും. കാരണം, ഇതു കേൾക്കുന്ന ഹൂറികളിലും ബുറാഖിലും വിശ്വസിക്കുന്ന വിശ്വാസികളിലെ വികാരജീവികൾ അവരുടെ മതം പേറുന്ന ഇത്തരം ചില വിശ്വാസങ്ങളെ അടർത്തിയെടുത്ത് പരിഹാസ്യമായി തിരിച്ചെറിയും. അതിനു പറ്റിയ ആയിരം കാര്യങ്ങൾ ആ മതത്തിലെന്നല്ല, എല്ലാ മതങ്ങളിലും ഉണ്ടാകും. അവയിൽ പലതും പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത് നന്നായി അവതരിപ്പിക്കുവാൻ പറ്റുന്നതായിരിക്കും. പരിഹാസം കലരുമ്പോഴാണല്ലോ ആക്രമണത്തിന് മൂർച്ച കൂടുക. ഇവിടെ തന്നെ ഹൂറികൾ ഉണ്ടോ എന്നതല്ല, ആരാണിപ്പോൾ സ്വർഗ്ഗത്തിൽ പോയി അവരെ അനുഭവിച്ച് തിരിച്ചു വന്നത് എന്ന ഫലിതം ചേർത്തപ്പോഴാണല്ലോ ടിയാന് തന്നെ താൻ വലിയതെന്തോ സ്ഥാപിച്ചു എന്ന ആത്മ സുഖം അനുഭവപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുന്നതോടെ രംഗം വഷളാവുകയും കാര്യങ്ങൾ കൈവിട്ടു പോവുകയും ചെയ്യും. അതിനാൽ ആദ്യം വിഷയം എടുത്തിട്ടവർ ചെയ്തതിന് സമാനമാണ് ഇങ്ങനെ മറുപടി പറഞ്ഞവരുടെയും വ്യാഖ്യാനിച്ചവരുടെയും വാക്കുകളും.



രണ്ടാമത്തേത്, വിശ്വാസം എന്നാൽ എന്താണ് എന്ന് അഭിനവ വിശ്വാസികൾക്കു പോലും വേണ്ടപോലെ മനസ്സിലായിട്ടില്ല എന്നതാണ്. മനുഷ്യന്റെ യുക്തി, ശാസ്ത്രം, അനുഭവം എന്നിവയുടെയെല്ലാം അപ്പുറത്തുളള ഒരു സത്യമാണ് വിശ്വാസം എന്നത്. അതിന് ആദ്യം അറിവും വിശ്വാസവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഇന്നുവരെയുള്ള തെളിവിന്റെയും, അന്വേഷണത്തിന്റേയും വെളിച്ചത്തിൽ ശരിയാണെന്ന് ബോധ്യമുള്ള, പഠനങ്ങൾക്കെല്ലാം ഒരേ ഉത്തരം കിട്ടുന്ന വിവരങ്ങളെ നമുക്ക് അറിവ് എന്നും ശാസ്ത്രം എന്നുമൊക്കെ വിളിക്കാം. ഇതിനെ നമ്മൾ വിശ്വസിക്കേണ്ട കാര്യമില്ല. ഈ പ്രക്രിയയിൽ തെളിവോ അന്വേഷണമോ ഇല്ല എങ്കിലും നമുക്ക് പല കാരണങ്ങളാലും തള്ളിക്കളയുവാൻ കഴിയാത്ത കാര്യങ്ങളിലുള്ള ബോദ്ധ്യമാണ് വിശ്വാസം. അതിന് പ്രത്യക്ഷത്തിൽ തെളിവോ സൂത്രവാക്യങ്ങളോ ഇല്ലെങ്കിലും അത് തളിക്കളയാൻ കഴിയില്ല. അത് മനസ്സിന്റെ നിലപാടാണ്. ഒരാൾക്കതു ഉണ്ടായി എന്നതു കൊണ്ട് മറ്റൊരാൾക്ക് അത് ഉണ്ടായിക്കോളണമെന്നില്ല. അത് തികച്ചും വ്യക്തിഗതമാണ് എന്നു ചുരുക്കം. വ്യക്തിഗതമായ കാര്യങ്ങൾ വ്യക്തിക്ക് വിട്ടുകൊടുക്കുന്നതാണ് മാന്യത. അല്ലാതെ വരുന്നത്, പായസം മധുരമുള്ള ഒരാസ്വാദനമായി ആസ്വദിക്കുന്ന ഒരാൾ അതേ പായസം മടുപ്പിക്കുന്നതായി തോന്നുന്ന ആളെ കുറ്റം പറയുന്നതിനും അവനെ കൊണ്ട് അതു മധുരമാണ് എന്ന് പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ പറയിക്കുവാൻ ബലപ്രയോഗം നടത്തുന്നതിനും സമാനവും അതുകൊണ്ടു തന്നെ യുക്തി രഹിതവുമാണ്. അതേ സമയം, വിശ്വാസത്തെ കുറിച്ച് ഇങ്ങനെ ചിന്തിക്കാത്തവരും ലോകത്തുണ്ട്. അവരാണ് ഒരർഥത്തിൽ കൂടുതൽ അപകടകാരികൾ. അത് നാസ്തിക സമൂഹമാണ്. പിന്നെ ചില സമാന ചിന്താഗതിക്കാരും. അവരിലൊരാളാണ് അമേരിക്കൻ ജേർണലിസ്റ്റ്‌ എച്ച്‌. എൽ. മെങ്കെൻ. 'സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കുമെന്ന യുക്തിഹീനമായ പ്രതീക്ഷ' എന്നാണ് അയാളുടെ നിർവചനം. ഈ പറഞ്ഞതിന്റെ ചുരുക്കം നാസ്തികത ഉള്ളിലുള്ളവർ വിശ്വാസികളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരിക്കും, എന്നാൽ മതവിശ്വാസികൾ പരസ്പരം ഇങ്ങനെ ചളി വാരിയെറിയുന്നത് നല്ലതല്ല എന്നാണ്.



നമ്മൾ വലിയ പ്രബുദ്ധരാണ് എന്നാണ് നമ്മുടെ വെയ്പ്. ഇത്തരം ദൗർഭാഗ്യകരമായ വിവാദങ്ങൾ ഉടലെടുക്കുമ്പോഴാണ് നമുക്ക് നമ്മുടെ അവസ്ഥ എത്ര ദയനീയമാണ് എന്നറിയുവാൻ കഴിയുക. കൃത്യമായ ഒരു പ്രതികരണത്തിനോ മറുപടിക്കോ ഒന്നും നമ്മുടെ നായകസ്ഥാനത്തിരിക്കുന്നവർക്ക് കഴിയില്ല. അതും കണ്ടു ഈ വിവാദത്തിൽ. തുടങ്ങി വെച്ച ആളും ആൾക്കാരും എഴുന്നെളളിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഭരണഘടന പറയുന്ന സയൻസ് ടെംപർ. അത് ശരിയാണ്. പക്ഷെ, ഇന്ത്യയിലും ലോകത്തും വിശ്വാസമാണ് വലുത്. മാത്രമല്ല, വിശ്വാസികൾ സയൻസിനെ ഒട്ടും നിരാകരിക്കുന്നുമില്ല. അതിനാൽ അവർക്ക് വേദനിക്കും എന്നുണ്ടെങ്കിൽ ടെംപർ അടക്കിപ്പിടിക്കാമായിരുന്നു. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് സ്പെസിഫൈഡ് പേരുകളുടെ പരാമർശം ഒഴിവാക്കാമായിരുന്നു. മനസ്സിൽ മറ്റൊന്നുണ്ടായതു കൊണ്ടാവും അതിനു പറ്റാതിരുന്നത്. രണ്ടാമത്, ഇത് പ്രധാനമന്ത്രി പണ്ട് പറഞ്ഞതാണ് എന്നതാണ്. അതും ശരിയാണ്. പക്ഷെ, അദ്ദേഹം മുംബെയിൽ അതു പറയുമ്പോൾ ധ്വനി പോസിറ്റീവായിരുന്നു. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് തള്ള ചവിട്ടിയാൽ പിള്ളക്കൊന്നും പറ്റില്ല എന്നെങ്കിലും കരുതാം. ഏതായാലും ബഹുമത ഇന്ത്യയിൽ കുറേക്കൂടെ സൂക്ഷിക്കുന്നത് എല്ലാവർക്കും നന്നു.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso