Thoughts & Arts
Image

കള്ളും ഉള്ളുകള്ളികളും

04-08-2023

Web Design

15 Comments

ടി മുഹമ്മദ്



ചൂടുപിടിക്കുമോ എന്നറിയില്ല, എങ്കിലും നിലവിൽ കള്ള് ഒരു വാർത്തയായി രംഗത്തെത്തിയിരിക്കുന്നു. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, യഥാർഥത്തിൽ കള്ള് ലിക്കർ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും പറഞ്ഞാണ് കയറെറിഞ്ഞിരിക്കുന്നത്. അതിനെ ഇന്നിതാ മുഖ്യമന്ത്രി ഏറ്റുപിടിച്ചിരിക്കുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ഒരു നിയന്ത്രണമുണ്ട്. കാരണം, അദ്ദേഹം പറഞ്ഞത് ഇളം കള്ള് പോഷക സമൃദ്ധമാണ് എന്നാണ്. കൺവീനർ പറഞ്ഞതു പോലെ പൊതുകള്ളിനെയല്ല. വയനാട് ജില്ലാ വികസന സെമിനാർ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോർട്ടുകളിൽ നാടൻ കള്ള് കൊടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്നത് അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തു. അത് രണ്ടിലൊരു കാരണത്താലായിരിക്കാം. ഒന്നുകിൽ ഇ പി ജയരാജൻ പറഞ്ഞതിലെ അസംബന്ധം തിരുത്തുക എന്ന ഉദ്ദേശത്തിലായിരിക്കാം. കളള് ലിക്കറല്ല എന്ന് പരത്തി പറഞ്ഞാൽ ചുരുങ്ങിയത് ഒരു ട്രോളെങ്കിലും ഉണ്ടാകാം. അല്ലെങ്കിൽ, വരാനിരിക്കുന്ന മദ്യനയത്തിൽ കാര്യമായ എന്തോ കള്ളു കാര്യങ്ങൾ വരാനിരിക്കുന്നുണ്ട്. അതിന്റെ ആമുഖം പറഞ്ഞതുമാകാം. ടൂറിസ്റ്റുകൾക്ക് മദ്യം വിളമ്പുന്ന കാര്യമൊക്കെ വിളമ്പുന്നതു കാണുമ്പോൾ അങ്ങനെ ഊഹിക്കുന്നതിൽ തകരാറൊന്നുമില്ല. ഏതായാലും ഉന്നത പദവിയിലിരിക്കുന്ന രണ്ട് വ്യക്തിത്വങ്ങൾ ഇങ്ങനെ പറഞ്ഞത് തികഞ്ഞ അനൗചിത്യമുണ്ടാക്കി എന്ന് ഈ പോഷകാഹാരം വേണ്ട എന്നോ ഇത് പോഷകാഹാരമല്ല എന്നോ കരുതുന്നവർ പറയും.



പറഞ്ഞത് സ്ഥാപിക്കാൻ രണ്ടു പേർക്കും അവരെ പിന്തുണക്കുന്നവർക്കും അത്ര പെടാപ്പാടൊന്നും പെടേണ്ടി വരില്ല. നാടൻ കള്ളിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളുടെ പട്ടിക അവർക്ക് പുറത്തെടുക്കാം. അതിൽ അടങ്ങിയിരിക്കുന്ന അമ്ലങ്ങൾ ഉയർത്തിക്കാണിക്കാം. അവ ശരീരത്തിന് അവശ്യമായ ഘടകങ്ങളാണ് എന്ന ബയോളജി സമർഥിക്കാം. അതിലെ പഞ്ചസാരയുടെയും ഇരുമ്പിന്റെയും ചെമ്പിന്റെയും അളവുകൾ വിവരിച്ച് ആളാകാം. പക്ഷെ, ഒരു സത്യം അപ്പോഴൊക്കെ അവിടെ അവശേഷിക്കുക തന്നെ ചെയ്യും. ലോകത്താരും ഈ പദാർഥങ്ങൾ പോഷകത്തിനു വേണ്ടി കഴിക്കുന്നില്ല എന്ന പരമാർഥം. എല്ലാവരും കിക്കാക്കുന്ന ലിക്കർ എന്ന അർഥത്തിലാണ് അതു കഴിക്കുന്നത്. ഇതു കഴിച്ചാൽ പോഷകം ലഭിച്ചുവോ ഇല്ലയോ എന്നാരും ഗൗനിക്കാത്തത് അതുകൊണ്ടാണ്. കിക്കാവുന്നുണ്ടോ എന്നാണ് എല്ലാവരും നോക്കുന്നത്. ഒരു പക്ഷെ, കള്ള് പോഷകാഹാരമാണ് എന്ന ഈ പ്രസ്താവനകൾ കണ്ടിട്ട് അതു കടിക്കുന്നവർ തന്നെ അതിശയിക്കുന്നുണ്ടാവാം. മാത്രമല്ല, ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ വീര്യം അധികമാർക്കും അറിയല്ല എങ്കിലും അത് മൂക്കുന്നതോടെ ഒന്നാന്തരം ലഹരിയായി മാറുന്നുണ്ട് എന്ന് മാത്രമല്ല, മേൽപറഞ്ഞ ഏതു ഗുണങ്ങളും വിപരീതമായിത്തീരുന്നുണ്ട്. ചെത്തിയെടുത്ത ഉടനെയുള്ള വെള്ളത്തിൽ പോഷകമുണ്ട് എന്നു വെച്ചാൽ തന്നെ അതാർക്കും വേണ്ട എന്നതും ഒരു സത്യമാണ്. ഈ പച്ചയായ വസ്തുതകളുടെ മുമ്പിലാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മുഖമന്ത്രിയെ പടക്കുന്ന മുന്നണി കൺവീനറും ഇത്തരത്തിൽ സംസാരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവർ പ്രകടിപ്പിച്ച വികാരം സത്യമോ തെറ്റോ എന്നതിലപ്പുറം അതിൽ അനൗചിത്യമുണ്ട് എന്നു പറയണ്ടിവരുന്നത്.



പഠനങ്ങളും അനുഭവങ്ങളും പറയുന്നത്, അമിതമായി കഴിച്ചാൽ കള്ള് കള്ളിന്റെ സ്വഭാവം കാണിക്കുക തന്നെ ചെയ്യും എന്നാണ്. ലഹരിയുടെ ഒരു പ്രധാന പ്രശ്നം അത് നമ്മെ എളുപ്പത്തിൽ അടിമപ്പെടുത്തുകയും കൂടുതൽ കഴിക്കാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രലോഭനങ്ങളിൽ വീഴുന്നവർ കള്ളിനെ ദുരുപയോഗം ചെയ്യുന്നു. സ്വാഭാവികമായും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നു. ഞരമ്പുകളുടെ ആരോഗ്യത്തെ കള്ള് ബാധിക്കും. കരളിന് പ്രശ്നങ്ങളുണ്ടാക്കും. കള്ള് കുടിച്ചാൽ സമ്മർദ്ദം കുറയുമെന്ന നല്ലവാർത്തയറിഞ്ഞ് ദിവസവും കള്ള് മോന്തുന്നവർക്ക് ഹൈപ്പർടെൻഷൻ വരും. പല പഠനങ്ങളെയും കൂട്ടുപിടിച്ച് കള്ളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുന്നവർ എപ്പോഴും തട്ടിവിടുന്ന ഒന്നാണ്, അത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നത്. എന്നാൽ ദിവസവും കണക്കില്ലാതെ കള്ള് മോന്തുന്നവര്‍ക്ക് ഈ മെച്ചം ലഭിക്കില്ല. എന്നുമാത്രമല്ല, വിപരീതഫലം ലഭിക്കുകയും ചെയ്യും. അതു കൊണ്ടായിരിക്കാം തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അൽപ്പം ഒഴിഞ്ഞു നിന്ന് പറഞ്ഞത്. അദ്ദേഹത്തിനും മുഖ്യമന്ത്രിയുടെയും കൺവീനറുടെയും പോലെ കള്ളിനെ കുളിരണിയിക്കണമെന്നുണ്ട്. പക്ഷെ, അതിന് കള്ളിനെ ടോണിക്കാക്കുന്നതിനോടൊന്നും അദ്ദേഹം യോചിക്കുന്നില്ല. കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്നും കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നുമൊക്കെ ഔദ്യോഗിക അച്ചടക്കത്തോടെ പറഞ്ഞ അദ്ദേഹം കള്ളിന്റെ പോഷകാംശം എത്രയെന്ന് തനിക്ക് അറിവില്ലെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ചു.



കള്ളിനെ കുറിച്ച് അത് പോഷകാഹാരമാണ് എന്ന് പറഞ്ഞതാണ് അവിവേകവും അനൗചിത്യവുമായി മാറുന്നത്. അതേ സമയം പോഷകം നീരയാണ്. തെങ്ങിൻ കുലയിൽ നിന്ന് ചെത്തിയെടുത്ത ഉടനെ അതിൽ ആൾക്കഹോൾ ഉണ്ടാകുന്നതിനു മുമ്പെ സംസ്കരിച്ച് ഭദ്രമായി സൂക്ഷിച്ച് ഉപയോഗിക്കുന്ന പ്രകൃതിദത്ത സോഫ്റ്റ് ഡ്രിങ്കാണ് നീര. ഇതിനെ കള്ള് എന്ന് വിളിക്കുകയില്ല എന്ന് മാത്രമല്ല, അത് കള്ളിന്റെ സ്വഭാവം കാണിക്കുകയുമില്ല. എന്നാൽ ഇവരൊക്കെ അതിനെയാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് കൈ കഴുകാനുമാവില്ല. കാരണം അവരുടെ താൽപര്യം നീരയല്ല, സാക്ഷാൽ മൂത്ത കള്ളു തന്നെയാണ്. കാരണം നീരയുടെ കാര്യത്തിൽ ഈ സർക്കാറിന് താൽപര്യം നന്നേ കുറവാണ്. കേരളത്തിലെ കേര കർഷകർക്ക് ആശ്വാസമാകുമെന്നു കരുതി തുടങ്ങിയ നീര ഉത്പാദനം വർഷങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. 2014-ലാണ് സംസ്ഥാനത്ത് നീരയുടെ ഉത്പാദനവും വിപണനവും ആരംഭിച്ചത്. അന്ന് ദിവസം 40,000 ലിറ്റർ വരെ നീര ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇന്ന് പ്രതിദിന ഉത്പാദനം 500 ലിറ്ററിലും താഴെ മാത്രമാണെന്നാണ് കണക്കുകൾ. 29 കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 12-ൽ താഴെ കമ്പനികൾ മാത്രമാണുള്ളത്. ഇവയുടെ ഉത്പാദനമാകട്ടെ, നാമമാത്രവും. ആരംഭഘട്ടത്തിൽ നീര ഉത്പാദനം നല്ല രീതിയിൽ നടന്നിരുന്നെങ്കിലും പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധി മേഖലയ്ക്ക് തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയും പല കമ്പനികളെയും കടബാധ്യതയിലേക്ക് തള്ളിവിട്ടു. കേന്ദ്രത്തെ മാത്രം കുറ്റം ചാർത്തി ഒഴിഞ്ഞു നിൽക്കുവാൻ കേരളത്തിനു കഴിയില്ല. പ്രാദേശികമായി ഈ പദ്ധതിക്ക് പോഷകം നൽകുവാൻ കേരള സർക്കാർ വേണ്ടപോലെ ശ്രമിച്ചില്ല എന്നതാണ് നേര്.



അനൗചിത്യം തെളിയിക്കുന്ന മറ്റൊരു കാര്യം ഈ പ്രസ്താവനകൾ നടത്തുന്ന കാലത്തിന്റെ നേരറിവുകളാണ്. മുഖ്യമന്ത്രിയുടെ പോഷക പ്രഘോഷണം അച്ചടിച്ചു വന്ന പത്രങ്ങളായ പത്രങ്ങളുടെയെല്ലാം മുൻപേജുകൾ നിറയെ ചാന്ദ്നി എന്ന അഞ്ചു വയസ്സുകാരിയുടെ ദാരുണാന്ത്യത്തെ കുറിച്ചുളള വാർത്തകളായിരുന്നു. പ്രതി വില പേശുവാനോ അവയവ കച്ചവടത്തിനോ ഒന്നുമല്ല, വൈകൃത രതിക്കു വേണ്ടി മാത്രമാണ് ആ പിഞ്ചുമോളെ തട്ടിക്കൊണ്ടു പോയത് എന്നത് ഉറപ്പായിക്കഴിഞ്ഞു. അത്ര ചെറിയ ഒരു പെൺകുട്ടിയെ അവ്വിധം ബലാത്സംഗം ചെയ്തു കൊന്നു കളയുമ്പോൾ അയാളെ അതിനു പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാണ്. അത് മദ്യലഹരിയാണ്. മാവേലിക്കര പുന്നമ്മൂട്ടിൽ നക്ഷത്രയെന്ന ആറു വയസ്സുകാരി കൊല്ലപ്പെട്ടിട്ട് അധിക നാളായില്ല. സ്വന്തം പിതാവാണ് ആ പിഞ്ചുമോളെ വെട്ടിക്കൊന്നത്. അതിനു പിന്നിൽ മദ്യലഹരി ഉണ്ടോ എന്നു തെളിഞ്ഞിട്ടില്ലെങ്കിലും പ്രതി ശ്രീ മഹേഷിന്റെ മകളുമായുള്ള ബന്ധങ്ങൾ വെച്ചു നോക്കുമ്പോൾ അത്തരം ഒരു സംശയം ഉണ്ട്. അതിനു മുമ്പാണ് കൊല്ലത്ത് ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നത്. പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഒരു പ്രതി ഡ്യൂട്ടിക്കിടെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പൂയപ്പള്ളി സ്വദേശിയും സ്‌കൂൾ അധ്യാപകനുമായ 42 കാരനാണ് കൊലപാതകി. നിരപരാധിയായ ഒരു ഡോക്ടറെ നിഷ്ക്കരുണം വധിച്ചുകളയുവാൻ മാത്രം പ്രത്യേക വിദ്വേഷങ്ങളോ ശത്രുതയോ ഒന്നും പ്രതിക്കുണ്ടായിരുന്നില്ല. അതിന്റെ ഏക പ്രചോദനം ലഹരിയായിരുന്നു. ഇത്തരം ഒരേ സ്വരത്തിലുള്ള ദുരന്ത വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്ന ഒരു സമയത്ത് ഇത്തരത്തിൽ ഒരു ലഹരി പ്രോത്സാഹനാത്മകമായ പ്രസ്താവന ഉത്തരവാദപ്പെട്ടവരിൽ നിന്ന് വന്നു എന്നത് തികച്ചും അനുചിതമായി പ്പോയി.






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso