ഇനിയും ഉണങ്ങാതെ കർബല
27-07-2023
Web Design
15 Comments
മുഹർറം മാസം ഓർമിപ്പിക്കുന്ന ചരിത്രങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ചരിത്രം കർബലായുദ്ധം തന്നെയായിരിക്കും. കാരണം, അത് ഉണ്ടാക്കിയ വേദന ഇന്നും തുടരുകയാണ്. സമുദായം നിലനിൽക്കുന്ന കാലത്തോളം അതു നിലനിൽക്കുകയും ചെയ്യും. മുസ്ലിം സമുദായത്തെ രണ്ടായി പകുത്തതിൽ പ്രാധാന കാരണമായത് ഈ സംഭവമാണ്. പിളർപ്പിന്റെ കൃത്യമായ കാരണമായിരുന്നു ഈ സംഭവം എന്ന് ചരിത്രം തീർത്തു പറയുന്നില്ലെങ്കിലും ഇതോടു കൂടെ പിളർപ്പ് പൂർണമായി എന്നത് അവിതർക്കിതമാണ്. ഇന്നും ഇസ്ലാമിക രാജ്യത്തെ രണ്ടു ചേരികൾ ഒളിഞ്ഞും തെളിഞ്ഞും പോരാട്ടം തുടരുകയാണ്. കർബലയിൽ ചൊരിഞ്ഞ ചോരയിൽ മുളച്ച വിഭാഗീയത ഒരു വലിയ വടവൃക്ഷമായി വളർന്നിരിക്കുന്നു. അന്നവിടെ ഉയർന്ന അഗ്നികുണ്ഠത്തിൽ നിന്നുയരുന്ന തീയും പുകയും ഇറാനിലും ഇറാഖിലും സിറിയയിലും പാക്കിസ്ഥാനിലും യമനിലും സൗദി അറേബ്യയിലുമെല്ലാം ഇരുണ്ട കാർമേഘങ്ങളായി ഇപ്പോഴും കെട്ടിക്കിടക്കുന്നു. പ്രവാചകൻ, ആദർശം തുടങ്ങിയവ ഇസ്ലാമിക വിശ്വാസികളുടെ ശരിയായ നിലനിൽപ്പിന്റെ കരുത്തുറ്റ ആധാരങ്ങളാണ്. അവ കൈമോശം വന്നാൽ ഉണ്ടാകുന്ന അനർത്ഥങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. പ്രവാചകനും പ്രവാചകന്റെ നാലു ഖലീഫമാർക്കും ശേഷം അതിന് മങ്ങലേറ്റുതുടങ്ങി. ഒരേ സമയം ആദർശത്തിൽ നിന്നും ആദർശത്തിന്റെ തലസ്ഥാനത്തു നിന്നും ഭരണചക്രം തിരിക്കുന്നവർ അക്ഷരത്തിലും ആശയത്തിലും അകന്നു പോയി. അതോടു കൂടെ എല്ലാ അഹങ്കാരങ്ങളും അവസാനിച്ചു. തമ്മിലടിയുടെയും അധികാര വടം വലിയുടെയും കാലം തുടങ്ങി. സൂക്ഷമയായി പറഞ്ഞാൽ മൂന്നാം ഖലീഫ ഉസ്മാൻ(റ)വിന്റെ ദാരുണമായ കൊലപാതകത്തോടു കൂടെ ഇസ്ലാമിക ലോകം മഹാ ദുരന്തത്തിന്റെ ഘട്ടത്തിലേക്ക് കടന്നു. പിന്നെ ആ ചോര കഴുകിക്കളയാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല സമുദായത്തിന് എന്ന് വേണം പറയുവാൻ.
തന്റെ പിതൃവ്യപുത്രൻ കൂടിയായ ഉസ്മാൻ(റ)വിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുന്നില്ലെങ്കിൽ നാലാം ഖലീഫയെ അംഗീകരിക്കില്ല എന്ന് ഡമാസ്കസിലെ ഗവർണർ മുആവിയ പ്രഖ്യാപിച്ചതോടുകൂടി വിഭാഗീയത മറനീക്കി പുറത്തുവന്നു. പിന്നെ അത് ജമലും സിഫീനും എല്ലാം ആയി പരസ്പരം ഏറ്റുമുട്ടുക വരെയുണ്ടായി. അലി(റ)യുടെ മരണത്തിനും മകൻ ഹസൻ(റ)യുടെ ഭരണത്തിനും ശേഷം വെടിനിർത്തൽ ഉണ്ടായത് അഞ്ചാം ഖലീഫ ഹസൻ ബിൻ അലി(റ) ഹിജ്റ 40 ൽ സ്ഥാനത്യാഗം ചെയ്തതോടെയാണ്. ഒരുപക്ഷേ ആ കാലഘട്ടം കണ്ട ഏറ്റവും വലിയ ത്യാഗം അദ്ദേഹത്തിന്റേതായിരിക്കും. ആ സ്ഥാനത്യാഗത്തിന് ചില ഉപാധികൾ ഉണ്ടായിരുന്നു. അവയിൽ പെട്ടതായിരുന്നു, പുതിയ ഖലീഫയായി അംഗീകരിക്കപ്പെടുന്ന മുആവിയയുടെ ശേഷം ഖലീഫയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയെ ജനാധിപത്യവൽക്കരിക്കുക എന്നത്. പക്ഷേ നീണ്ട 20 വർഷത്തെ ഭരണം അവസാനത്തിലേക്ക് അടുക്കുമ്പോഴേക്കും മുആവിയ അതു മറന്നു. ജനാധിപത്യം കുടുംബാധിപത്യത്തിലേക്ക് വഴിമാറി. സ്വന്തം മകൻ യസീദിനെ പിൻഗാമിയായി അദ്ദേഹം വാഴിച്ചു. ഒരേസമയം അധികാരക്രമത്തിന് വഴി തെറ്റുകയും പുതുതായി വന്ന അധികാരിയുടെ ധാർമിക നിലവാരം കുറവാകുകയും ചെയ്തതോടെ പ്രമുഖരായ സഹാബി പൗരന്മാർ അത് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അവരുടെ മുൻനിരയിൽ അലി(റ)യുടെ രണ്ടാം മകൻ ഹുസൈൻ ഉണ്ടായിരുന്നു. ഉന്നത ധാർമിക ഗുണങ്ങൾ യസീദിന് കുറവായിരുന്നു എന്ന് പറഞ്ഞുവല്ലോ, അതിനാൽ ഹുസൈൻ(റ) അടക്കമുള്ള പ്രമുഖരെ വഴിക്കുവരുത്തുവാൻ യസീദ് അപക്വമായ വഴികൾ സ്വീകരിച്ചു തുടങ്ങി. അതിൽ ശ്വാസം മുട്ടിയതും ഹുസൈൻ(റ) സകുടുംബം മക്കയിലേക്ക് മാറി.
ഈ അസ്വസ്ഥതകൾ കൂഫയിലും ഉയരുന്നുണ്ടായിരുന്നു. അവിടത്തുകാർ നേരത്തെ തന്നെ കലാപച്ചുവ ഉള്ളിലുള്ളവരായിരുന്നു. അതിനാൽ അവർ ഹുസൈൻ ബിൻ അലി(റ)യെ ഖലീഫയായി വാഴിക്കുവാൻ ഉറച്ച തീരുമാനമെടുക്കുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഇതൊക്കെ വെറും രാഷ്ട്രീയ പ്രേരിതമാണ് എന്നുകരുതിയ അദ്ദേഹം അതൊന്നും സ്വീകരിച്ചില്ല. പക്ഷേ അവർ വീണ്ടും വീണ്ടും ക്ഷണിക്കുകയും ധാർമികതയുടെ പേര് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. കൂഫയുടെ നിലപാട് കൃത്യമായി അറിയുവാൻ അദ്ദേഹം നിയോഗിച്ച മുസ്ലിം ബിൻ ഉഖൈൽ അവിടെ നിന്ന് പച്ചക്കൊടി കാണിക്കുക കൂടി ചെയ്തതോടെ അദ്ദേഹം കൂഫയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. കൂഫക്കാരുടെ ക്ഷണം സ്വീകരിച്ചു ഇറാഖിലേക്ക് സകുടുംബം പുറപ്പെടുവാൻ ഒരുങ്ങി നിൽക്കവേ പ്രധാനികളായ സഹാബിമാരും ബന്ധുക്കളും അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. കൂഫക്കാർ രാഷ്ട്രീയം തലക്കുപിടിച്ചവരാണ് എന്നും അവർ ചിലപ്പോൾ താങ്കളെ കൈയൊഴിഞ്ഞേക്കാം എന്നും അവർ ഓരോരുത്തരും പറഞ്ഞു. പക്ഷേ അതൊന്നും ധാർമികതയുടെ പേരിലുള്ള തന്റെ യാത്രയെ തടയാൻ മാത്രം കരുത്തുള്ളവയായിരുന്നില്ല. ഭാര്യമാരും സഹോദരങ്ങളും കുട്ടികളും അടങ്ങുന്ന 72 പേരും ആയി അദ്ദേഹം കൂഫയിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും അങ്ങേതലക്കൽ രാഷ്ട്രീയ വൈരം കനത്തിരുന്നു. കൂഫയിലെ ഗവർണറെ പിൻവലിച്ച് തന്റെ ആജ്ഞാനുവർത്തിയായ ഉബൈദുള്ളാ ബിൻ സിയാദിനെ അവിടെ ഗവർണറായി ഖലീഫ യസീദ് നിശ്ചയിച്ചു. ഹുസൈനെ സ്വീകരിക്കാൻ കാത്തിരിക്കുന്നവരെയും പിന്തുണക്കാൻ സാധ്യതയുള്ളവരെയും തെരഞ്ഞു പിടിച്ച് ഇബ്നു സിയാദ് കൈകാര്യം ചെയ്തു തുടങ്ങി. ദൂതനായി വന്ന മുസ്ലിമിനെ പിടിച്ച് രണ്ടായി മുറിച്ച് പരസ്യമായി റോഡിലേക്ക് ഇട്ടു. ഇതെല്ലാം കണ്ട ജനങ്ങൾ കൂറുമാറി.
ഇതൊന്നുമറിയാതെ കൂഫയിലേക്ക് വരികയായിരുന്ന ഹുസൈൻ(റ)വും കുടുംബവും കൂഫയുടെ സമീപത്തെത്തിയതും വിവരങ്ങളൊക്കെ അറിഞ്ഞു. സ്ഥിതിഗതികൾ മോശമാണ് എന്നു മനസ്സിലായ അദ്ദേഹം മക്കയിലേക്ക് തന്നെ മടങ്ങുവാൻ ആഗ്രഹിച്ചു. പക്ഷേ സംഘത്തിൽ ഉണ്ടായിരുന്ന മുസ്ലിമിന്റെ കുടുംബാംഗങ്ങൾ പ്രതികാരം ചോദിക്കാതെ മടങ്ങാൻ കഴിയില്ല എന്ന് വാശിപിടിച്ചു. അതോടെ മുന്നോട്ടുപോകുവാൻ അദ്ദേഹം നിർബന്ധിതനായി. അവർ കർബല എന്ന സ്ഥലത്തെത്തി. അവിടെ ഉമർ ബിൻ സഅ്ദിന്റെ നേതൃത്വത്തിലുള്ള നാലായിരത്തോളം വരുന്ന സൈനികർ ആ കൊച്ചു സംഘത്തെ തടഞ്ഞു. അവിടെ യൂഫ്രട്ടീസ് നദിയുടെ തീരത്ത് അവസാനം ഹുസൈൻ കുടുംബവും തമ്പടിച്ചു. മൂന്ന് അനുനയങ്ങൾ ഹുസൈൻ മുന്നോട്ടുവച്ചു. താൻ മക്കയിലേക്ക് മടങ്ങിക്കൊള്ളാം, ഇസ്ലാമിക സൈന്യത്തിൽ ചേർന്നു കൊള്ളാം, ഖലീഫാ യസീദിനെ കണ്ടു കാര്യങ്ങൾ ചർച്ച ചെയ്യാം എന്നിവയായിരുന്നു അവ. നിരുപാധികം ഖലീഫ യസീദിനെ അനുസരണപ്രതിജ്ഞ ചെയ്യുക എന്നതിൽ കുറഞ്ഞ മറ്റൊന്നിനും ചെവി കൊടുക്കുവാൻ ഇബ്നു സിയാദും സൈന്യവും തയ്യാറായിരുന്നില്ല. അതേസമയം മനസ്സ് അംഗീകരിക്കാത്ത കാര്യത്തിന് ശരീരത്തെ നിർബന്ധിക്കുവാൻ ഹുസൈൻ(റ)വിനും കഴിയുമായിരുന്നില്ല. അത്രയ്ക്കും സത്യസന്ധനായിരുന്നു അദ്ദേഹം. അനുനയങ്ങളും അനുരഞ്ജനങ്ങളും പാഴായതോടെ ഹിജ്റ 61 മുഹറം പത്താം തീയതി ആ ദുഃഖ സംഭവത്തിന് മണ്ണ് സാക്ഷിയായി. കർബല യുദ്ധം നടന്നു. ഹുസൈൻ(റ)വും തന്നോടൊപ്പമുള്ള മക്കളും ബന്ധുക്കളും ധീരോദാത്തം പോരാടി. പക്ഷേ 4000 പേർ വരുന്ന ഒരു സായുധസേനയെ മറികടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. പിന്നെ അതി ദയനീയമായ രംഗങ്ങൾക്കാണ് കർബല സാക്ഷ്യം വഹിച്ചത്. ആറുമാസം പ്രായമായ കുഞ്ഞിനെ പോലും ശത്രു സേന വെറുതെ വിട്ടില്ല. അമ്പെയ്തു വീഴ്ത്തിയ ഹുസൈൻ(റ) വിന്റെ തലയും കുന്തത്തിൽ കുത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ ഭാര്യമാരും സഹോദരിമാരും മക്കളും അടങ്ങുന്ന സംഘത്തെ ദുഷ്ടന്മാർ ഡമാസ്കസിലേക്ക് തെളിച്ചുകൊണ്ടു പോവുകയായിരുന്നു. 3 ദിവസം കഴിഞ്ഞ് അവരെ യസീദ് മദീനയിലേക്കയച്ചു. നബി കുടുംബം ചരിത്രത്തിൽ അനുഭവിച്ച ഏറ്റവും സങ്കടകരമായ സാഹചര്യങ്ങൾ.
ഈ സംഭവം ഒരു പ്രതികാരചിന്ത ഉണ്ടാക്കി എന്നതിലപ്പുറം അതിനുമുമ്പേ ഉണ്ടായിരുന്ന പ്രതികാരാഗ്നിയെ ഊതി കത്തിച്ചു എന്നു പറയാം. നേരത്തെ അലി(റ)യുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ അർത്ഥത്തിലുള്ളതായിരുന്നു. അവയുടെ പേരിലുള്ള പ്രതികാരചൂടുമായി കുറെ ആൾക്കാർ അന്നേ നടക്കുന്നുണ്ടായിരുന്നു. അവരും ഈ സംഭവത്തിലെ ഇരകളും ഈ സംഭവത്തിന്റെ പേരിലുള്ള പ്രതികാരത്തിലേക്ക് മാനസിക തലത്തിൽ വളർന്നതോടെയാണ് മുസ്ലിം ലോകം സുന്നികൾ, ഷിയാക്കൾ എന്നിങ്ങനെ രണ്ടായിപ്പിരിഞ്ഞത്. അത് പിന്നെ ലോകത്തോടൊപ്പം വളരുകയായിരുന്നു. ഒരു പാട് കലാപങ്ങളെയാണ് ലോകം ഇതുവരെയും ഈ വിഷയത്തിന്റെ പേരിൽ സഹിച്ചത്. മനുഷ്യരുടെ തലകൾ കൊയ്തും രാഷ്ട്രീയമായി നേരിട്ടും സുന്നികൾ സുന്നിസ ത്തിനു വേണ്ടിയും ശിയാക്കൾ ശീഇസത്തിനു വേണ്ടിയും പല്ലിറുമ്പി നടന്നു. ആധുനിക ലോകക്രമം തെല്ലുകൂടി പരിഷ്കരിച്ചതാണ്. അവിടെ ചിന്തക്കും സംസ്കാരത്തിനുമെല്ലാം ഒരുതരം സ്ഥാനമുണ്ട്. എന്നിട്ടും ഈ പേരിലുള്ള ശീത സമരങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഉദാഹരണമായി കഴിഞ്ഞ ഏഴ് വർഷമായി സിറിയയിൽ നടക്കുന്ന കലാപങ്ങളെയും നരനായാട്ടിനെയും കുറിച്ചുള്ള പലരുടെയും വിലയിരുത്തൽ അത് അടിസ്ഥാനപരമായി ഒരു സുന്നി-ശിയാ തർക്കമാണ് എന്നാണ്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അക്കാര്യം കഴിഞ്ഞയാഴ്ച തുറന്നു പറയുകയുണ്ടായി. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേരാണ് കലാപങ്ങളിൽ അവിടെ മരിച്ചുവീണത്. പതിറ്റാണ്ടുകളായി ഇറാഖിൽ നടക്കുന്ന രാഷ്ട്രീയ അട്ടിമറികൾ ചികഞ്ഞുനോക്കിയാൽ അതിനുളളിലും ഇതുണ്ട്. 2013 ൽ മാത്രം സുന്നീ-ശിയാ വൈരത്തിൽ അവിടെ പൊലിഞ്ഞത് 7818 ജീവനാണ് എന്നാണ് യു എന്നിന്റെ തന്നെ കണക്ക്.
ഈയിടെ തുടങ്ങിയ സൗദി-യമൻ കശപിശയിലും സുന്നീ-ശിയാ പ്രശ്നം ഉണ്ട് എന്നാണ് സംസാരം. ഇറാന്റെ സാമൂഹ്യ-രാഷ്ട്രീയ നീക്കങ്ങൾക്കൊക്കെയും ഒരുതരം പിടി വാശിയുടെ മട്ടും മാതിരിയും കാണാം. അത് ശീഇസത്തിന്റെ പ്രത്യേകതയാണ്. മിഡിലീസ്റ്റിൽ ഏതാണ്ട് എല്ലായിടത്തും സുന്നി വിഭാഗങ്ങൾ രണ്ടായാണ് ജീവിതത്തെ അഭിമുഖീകരിക്കുന്നത്. ആ വ്യത്യാസം പള്ളിയിലും ആരാധനാകർമങ്ങളിലും കിതാബുകളിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അവ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇടിച്ചു കയറാറുണ്ട്. ചിലപ്പോഴൊക്കെ ഈ വിഷയം മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തും കടക്കാറുണ്ട് അതിൻറെ ഉദാഹരണമാണ് ഈയിടെ പാക്കിസ്താനിലെ പെഷവാറിൽ ശിയാ പള്ളിയിൽ ഉണ്ടായ ചാവേറാക്രമണം. 56 പേർ കൊല്ലപ്പെടുകയും 194 പേർക്ക് പരിക്കു പറ്റുകയും ചെയ്തതായിരുന്നു ആ സംഭവം. ഈ തർക്കം ആർക്കും ഇനി പരിഹരിക്കാൻ കഴിയില്ല എന്നത് ഒരു വസ്തുതയാണ്. അതിന് ഏതു പണ്ഡിത സഭകൾ ശ്രമിച്ചിട്ടും കാര്യമില്ല. പക്ഷേ, ഒരു കാര്യം ചെയ്യാൻ കഴിയും. അത് രണ്ടു വിഭാഗത്തെയും ബൗദ്ധികമായ മാന്യ സമീപനത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. രണ്ട് വിഭാഗവും മതപരമായ മാന്യതയിലേക്ക് തിരിച്ചുവരികയാണെങ്കിൽ അനർത്ഥങ്ങൾ ഒഴിവാക്കാൻ കഴിയും. അപ്പോഴാണ് കർബലയിലെ കണ്ണീരും ചോരച്ചാലുകളും വറ്റുകയും ഉണങ്ങുകയും ചെയ്യുക.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso