എ ഐ ക്യാമറയിൽ ദൈവം കുടുങ്ങുമോ ?
24-07-2023
Web Design
15 Comments
ഈ ലക്കം ഇഅ്ജാസ് തയ്യാറാക്കുവാൻ വേണ്ട വിഷയം കണ്ടെത്തുകയും പോയിന്റുകൾ അടുക്കിവെക്കുകയും മനസ്സിലും കുറിപ്പ് കടലാസിലും ക്രമീകരിക്കുകയും ചെയ്തു കഴിഞ്ഞപ്പോഴേക്കും കരുതിയ സമയം വൈകി. ഇതെല്ലാം ടൈപ്പ് ചെയ്തു എടുക്കുവാൻ മാത്രം പിന്നെ സമയമില്ല. അപ്പോഴാണ് ടെക്കിയായ സുഹൃത്ത് ഒരിക്കൽ പറഞ്ഞത് ഓർമ വന്നത്. സമയമില്ലെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചാലും മതി, മൊബൈൽ ഫോൺ അത് കേട്ട് സ്വയം ടൈപ്പ് ചെയ്തു തരും എന്ന്. അത് ഓർമ്മയിൽ വന്നപ്പോൾ അതൊന്നു പരീക്ഷിക്കാം എന്ന് വിചാരിച്ചു. മനസ്സിലും കുറിപ്പിലും ഉള്ള ക്രമം വെച്ച് സൂക്ഷ്മതയോടെ മൊബൈൽ ഫോണിനോട് സംസാരിച്ചു തുടങ്ങി. അൽഭുതം!, മൊബൈൽ ഫോൺ അത് വൃത്തിയായി ടൈപ്പ് ചെയ്യുന്നു. ഓരോ വാക്കും പറയുമ്പോഴേക്കും ആ അക്ഷരങ്ങൾ സക്രീനിൽ പതിയുന്ന കാഴ്ച കണ്ടപ്പോൾ അത്ഭുതം തോന്നി. നമ്മുടെ ഭാഷ പല വിദേശികളും പറയാറുള്ളതുപോലെ ഏറ്റവും പ്രയാസകരമായ ഭാഷയാണല്ലോ. അതുകൊണ്ട് ഇടക്ക് ചില അക്ഷരങ്ങളുടെ സ്വരങ്ങൾ വേർതിരിച്ചറിയുവാൻ മൊബൈൽ ഫോണിലെ ഈ സൗകര്യത്തിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ചില അക്ഷരങ്ങളും ചില കുത്തും കോമയുമൊക്കെ ഒന്ന് കൂടി എഴുതിക്കൊടുക്കേണ്ടിവരും എന്നു മാത്രം. എങ്കിലും സംഗതി എളുപ്പത്തിൽ അവസാനിച്ചു കിട്ടി. എന്റെ മൊബൈൽ ഫോണിൽ മാത്രമല്ല, ലോകത്ത് നിങ്ങളടക്കം എല്ലാവരുടെയും മൊബൈൽ ഫോണിലുള്ള ഈ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് സാധാരണ ഭാഷയിൽ പറയാം. അതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആപ്ലിക്കേഷൻ ഉള്ള മെമ്മറിയിലേക്ക് ഈ ഫോൺ ഉപയോഗിക്കാൻ സാധ്യതയുള്ള എല്ലാ ഭാഷകളിലെയും എല്ലാ അക്ഷരങ്ങളെയും ഒരുപാട് പ്രാവശ്യം സന്നിവേശിപ്പിക്കുകയാണ് ആദ്യം. ഒരുപാട് പ്രാവശ്യം ആവർത്തിച്ച് ആവർത്തിച്ച് ഒരക്ഷരത്തെ സന്നിവേശിപ്പിക്കുമ്പോൾ അതേ രൂപത്തിലുള്ള, അല്ലെങ്കിൽ അതിനു സമാനമായ ശബ്ദം കേൾക്കുമ്പോൾ ആ ആപ്പിന്റെ സോഫ്റ്റ് വെയർ ആ അക്ഷരത്തെ ഓർമ്മിച്ചെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ്. അതായത് താൻ ഒരുപാട് പ്രാവശ്യം കേൾക്കുകയും തന്നിൽ പ്രോഗ്രാം ചെയ്യുകയും ചെയ്ത ആ സ്വരം പിന്നെ എപ്പോൾ ആരിൽ നിന്ന് കേട്ടാലും അത് ഇന്ന അക്ഷരത്തിന്റെ സ്വരമാണ് എന്ന് തിരിച്ചറിയുവാനും അക്ഷരം പതിപ്പിക്കുവാനുമുള്ള കഴിവ് ആ സോഫ്റ്റ്‌വെയറിന്റെ ഭാഗമായി അതിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ടെക്നിക്ക് എ ഐ യുടെ ഭാഗമാണ്. നമ്മൾ ഇപ്പോൾ കൂടെക്കൂടെ എ ഐ എന്ന് കേട്ട് തുടങ്ങിയിട്ടുണ്ടല്ലോ. ഉദാഹരണമായി നമ്മുടെ റോഡുകളിൽ ഈ അടുത്ത് സ്ഥാപിച്ച പുതിയ ക്യാമറകൾ എ ഐ ക്യാമറകൾ ആയിരുന്നു. അതിന്റെ പൂർണ്ണരൂപം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നാണ് അഥവാ നിർമ്മിത ബുദ്ധി എന്ന്.
ഇൻറർനെറ്റിന്റെ സഹായത്തോടെ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്യാൻ മാത്രമല്ല നമ്മുടെ ദൈനംദിന ജീവിതത്തിൽ എ ഐ കടന്നുവരുന്നത്. ഗൂഗിളിന്റെ തന്നെ വെർച്വൽ അസിസ്റ്റൻസ് എന്ന സംവിധാനമുണ്ട്. ആ സംവിധാനത്തിലാണ് നാം ഒരു കാര്യം സെർച്ച് ചെയ്യുകയോ മറ്റോ ചെയ്താൽ പിന്നീട് നാം ആഗ്രഹിക്കാതെ തന്നെ അതേ ആഗ്രഹത്തിന്റെ മറുപടി വീണ്ടും വരുന്നത്. ഇത് യൂട്യൂബ് തുടങ്ങിയ വെബ്സൈറ്റുകളിൽ ഏറെ പ്രകടമാണ്. നാം ഒരു പ്രത്യേക തരത്തിലുള്ള പരിപാടിയോ വിനോദങ്ങളോ അതിൽ ഒരിക്കൽ സെർച്ച് ചെയ്തു എന്നിരിക്കട്ടെ, പിന്നീട് എപ്പോഴുമെപ്പോഴും നമ്മൾ ആവശ്യപ്പെടാതെ തന്നെ അതേ ആശയത്തിലുള്ള വീഡിയോകൾ വന്നു കൊണ്ടേയിരിക്കും. ആമസോണിന്റെ അലക്സാ എന്ന ഒരു ചെറിയ ഉപകരണമുണ്ട്. വീട്ടിലെ സ്വിച്ചുകളെയും ഉപകരണങ്ങളെയും നിയന്ത്രിക്കാൻ ഉള്ളതാണ് അത്. വീട്ടിലെ ഒന്നോ രണ്ടോ മുതിർന്ന അംഗങ്ങളുടെ ശബ്ദം ആദ്യം അലക്സായിൽ പ്രോഗ്രാം ചെയ്യുന്നു. തുടർന്ന് വീട്ടിലെ ഉപകരണങ്ങളെയും അതിന്റെ പ്രവർത്തന അളവുകളെയും അതിൽ പ്രോഗ്രാം ചെയ്യുന്നു. പിന്നീട് അതേ സ്വരത്തിന്റെ ഉടമ എന്ത് കമാൻഡ് നൽകിയാലും അലക്സാ വഴി ഓട്ടോമാറ്റിക്കായി അത് ചെയ്യാനാകും. ഉദാഹരണമായി ഫാൻ ഓണാക്കണമെങ്കിൽ പ്രോഗ്രാം ചെയ്യപ്പെട്ട സ്വരത്തിന്റെ ഉടമയായ വ്യക്തി അലക്സാ ഫാൻ ഓൺ എന്ന് പറഞ്ഞാൽ മതി ഫാൻ ഓൺ ആകും. ടെക്കികൾ ഉള്ള മിക്ക വീടുകളിലും ഇപ്പോൾ കാണുന്ന ഒരു സംവിധാനമാണ് ഇത്. ഈ ഉദാഹരണങ്ങളെല്ലാം പറയുന്നത്, ഇത്തരം ചെറിയ ചെറിയ പ്രവർത്തനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ എ ഐ എന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് എന്നു പറയുവാനും ഈ സാങ്കേതികവിദ്യ അതിവേഗം വളരുകയും മനുഷ്യന്റെ ജീവിത താളമായി മാറുകയും ചെയ്യുകയുമാണ് എന്നു പറയുവാൻ വേണ്ടിയാണ്.
മനുഷ്യന്റെ നിരന്തരമായ അന്വേഷണങ്ങളുടെ പുരോഗതി കൂടിയാണ് ഇത്. ഒന്നാം വ്യാവസായിക വിപ്ലവം മനുഷ്യന്റെ കായിക ശക്തിയെ ലാഭിക്കുവാൻ വേണ്ടി യാന്ത്രിക ശക്തി കണ്ടുപിടിച്ചു. രണ്ടാം വ്യാവസായിക വിപ്ലവമാകട്ടെ, ആവി എൻജിൻ മുതൽ വൈദ്യുതി വരെയുള്ള പുതിയ സൗകര്യങ്ങൾ മുന്നോട്ടുവച്ചു. പിന്നെയും വളർന്ന് മൂന്നാമത്തെ വ്യാവസായിക വിപ്ലവത്തിൽ നാം എത്തിച്ചേർന്നപ്പോഴാണ് ഇൻഫർമേഷൻ ടെക്നോളജി എന്ന സാങ്കേതികവിദ്യയിലേക്ക് എത്തിച്ചേർന്നത്. അതും കഴിഞ്ഞ് ഇപ്പോൾ നാം നാലാം വ്യാവസായിക വിപ്ലവത്തിലേക്കാണ് എത്തിയിരിക്കുന്നത്. അതിന്റെ ഉൽപ്പന്നമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്. ഇത് കൃത്യമായി പറഞ്ഞാൽ 1950 കളിൽ തുടങ്ങിയ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലമാണ്. ജോൺ മക്കാർത്തിയാണ് ഈ ചിന്തയുടെ ഉപജ്ഞാതാവ്. ചിന്തിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ ഉണ്ടാക്കാമോ എന്ന ചിന്തയിൽ നിന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ചിന്ത ഉരുത്തിരിഞ്ഞത്. MIT യിലെ ELIZA മറ്റ് ചാറ്റ് ബോട്ടുകൾ തുടങ്ങിയവ ആയിരുന്നു എ ഐ യുടെ ആദ്യരൂപങ്ങൾ. ന്യൂറോ നെറ്റ് വർക്ക്, യന്ത്രമുപയോഗിച്ച പഠനം, ആഴത്തിലുള്ള പഠനങ്ങൾ, ഓപ്പറേഷൻ, ഡ്രൈവിംഗ്, തുടങ്ങി വിവിധ മേഖലകളെ ഈ സാങ്കേതിക വിദ്യകൊണ്ട് എങ്ങനെ നിയന്ത്രിക്കാം എന്ന ചിന്ത പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനവുമുണ്ടാകുമെന്നും നമ്മുടെ ജീവിതശൈലി പുതുതായിത്തീരുമെന്നും ശാസ്ത്ര ലോകത്ത് കരുതപ്പെടുന്നു.
എ ഐ യുടെ പ്രമോഷൻ വേഗത്തിലാക്കിയതും അതിവേഗം സമൂഹത്തിന്റെ താഴേതട്ടിലേക്ക് പടർത്തിയതും ചാറ്റ് ജിപിടി യാണ്. ആവശ്യപ്പെടുന്ന ഏതു ഡാറ്റയും ഡാറ്റ യധിഷ്ഠിത കാര്യവും നിമിഷങ്ങൾക്കുള്ളിൽ സാധ്യമാക്കിത്തരുന്ന അസാധാരണ ഈ ചാറ്റ്ബോട്ടുമായി ലോകത്തെ വിസ്മയിപ്പിക്കുന്നത് ഓപ്പൺ എ ഐ യുടെ സിഇഒ സാം ആൾട്ട് മാൻ ആണ്. സൈബർ ലോകത്തെ കീഴടക്കിയിരിക്കുന്ന വെബ്സൈറ്റ് ആയ ഗൂഗിളിനെ പിന്തള്ളി ഓപ്പൺ എ ഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ആധുനിക ജീവിതത്തെ പൊളിച്ചു പണിയാൻ കരുത്തുള്ളതാണ്. ഗൂഗിളിനെ പോലെ ഏതു ചോദ്യത്തിനും ഉത്തരം തരുവാൻ വേണ്ടി സെർച്ചിംഗ് സേവനം നൽകി ഒരു വെറും സർച്ച് എഞ്ചിനായി പ്രവർത്തിക്കാനോ ഉള്ളതല്ല ചാറ്റ് ജിപിടി. മനസ്സിൽ ചിന്തിക്കുന്ന ഏതുകാര്യവും ഉടനടി സാധിച്ചു കൊടുക്കുവാനാണ് ഈ ചാറ്റ് ബോട്ടിന് ഇഷ്ടം. പുസ്തകം രചിക്കാനും വിവർത്തനം ചെയ്യാനും കഥയെഴുതാനും പ്രബന്ധങ്ങൾ തയ്യാറാക്കാനും തുടങ്ങി ഏതു കാര്യത്തിനും തയ്യാറായി നിൽക്കുകയാണ് ചാറ്റ് ജിപിടി. ടെക്നോളജി ലോകത്തെ അത്ഭുതപ്പെടുത്തി ഇതിനകം 100 പുസ്തകങ്ങളാണ് ചാറ്റ് ജിപിടി രചിച്ചത് ഇവ ആമസോൺ സ്റ്റോറിൽ ലഭ്യമാണ്. കഥാപാത്രങ്ങളുടെ പേര് നൽകിയാൽ നോവൽ വരെ എഴുതിത്തരുമത്രെ. ഇങ്ങനെ പോയാൽ എഴുത്തുകാരുടെ പണി പോകും എന്നത് വലിയ ആശങ്കയാണെന്നും ഇത്തരം പുസ്തകങ്ങൾ വിപണിയിൽ നിറയും എന്നാണ് എഴുത്തുകാരുടെ ഒരു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേരി റാസൽബർഗർ റോയട്ടേഴ്സ്നോട് പറഞ്ഞത്. 2022 നവംബറിലാണ് ഈ ചാറ്റ് ബോട്ട് ലഭ്യമായി തുടങ്ങിയത്. നിർമ്മിത ബുദ്ധിയാണ് ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്നത്. പുറത്തിറങ്ങി ഒട്ടും താമസിയാതെ ഗൂഗിളിനെ പോലും പിന്തള്ളിയുള്ള വളർച്ചയായിരുന്നു ഈ ടെക് ഭീകരൻ നേടിയത്. 10 ലക്ഷം ഉപയോക്താക്കളെ കിട്ടാൻ നെറ്റ് ഫ്ലക്സിന് മൂന്നര വർഷം വേണ്ടിവന്നു. ട്വിറ്ററിന് രണ്ടുവർഷമാണ് വേണ്ടിവന്നത്. എന്നാൽ ചാറ്റ് ജിപിടി ഇതിന് വെറും അഞ്ചു ദിവസമാണ് എടുത്തത്. അതിൽ നിന്ന് ഇതിന്റെ പ്രചാരത്തിന്റെ തോത് ഗ്രഹിക്കാം.
ചാറ്റ് ജിപിടി പ്രതീക്ഷകളുടെ അപ്പുറത്തെത്തും എന്നതിൽ കാര്യമായി ആരും ആശങ്കപ്പെടുന്നില്ല. കാരണം അത്ര മികച്ച ടെക്കിയാണ് അതിന്റെ സിഇഒ. സാം അൾട്ട്മാൻ സ്വന്തം മസ്തിഷ്കം ഡിജിറ്റൽ ആക്കാനുള്ള പരീക്ഷണങ്ങൾക്ക് കരാർ എഴുതി കൊടുത്തു കഴിഞ്ഞു. ഒരു സ്റ്റാർട്ടപ്പ് കമ്പനിയുമായാണ് കരാർ. ഇത് അനുസരിച്ച് അദ്ദേഹത്തിന്റെ മസ്തിഷ്കം എംബാം ചെയ്തു വർഷങ്ങളോളം ജീർണിക്കാതെ സൂക്ഷിക്കുവാൻ കഴിയും. മസ്തിഷ്കത്തിലെ ചിന്ത മുഴുവനും കമ്പ്യൂട്ടറിലേക്ക് മാറ്റുവാനും സാധിക്കും. ആ ചിന്തകൾ പിന്നീട് റോബോട്ടിന്റെ രൂപത്തിൽ പുനരവതരിപ്പിക്കുവാനും സാധിക്കും. മാത്രമല്ല, ലോകാവസാനത്തെ ഭയന്ന് ഉളിത്താവളം ഒരുക്കി വെച്ചിരിക്കുകയാണ് കക്ഷി. എന്തെങ്കിലും ദുരന്തങ്ങളിലൂടെ ജീവിതം കൈവിട്ടുപോയാൽ അതിജീവനത്തിന് വേണ്ട കാര്യങ്ങൾ അദ്ദേഹം സംഭരിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹം പറയുന്ന കാരണം വൈറസുകളുടെ ലോകത്തെ പരീക്ഷണങ്ങൾ കാരണം അടുത്ത 20 വർഷത്തിനുള്ളിൽ ലോകമാകെ പടരുന്ന ഒരു മഹാമാരി ഉണ്ടാക്കാമെന്നാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തന്റെ സ്വന്തം ഒളിത്താവളത്തിലേക്ക് പറന്നു പോകാൻ വേണ്ടിയാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നതത്രെ. എ ഐ സാങ്കേതിക വിദ്യയെ കുറിച്ച് നല്ല ഒരു പഠനമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI എന്ന പുസ്തകം. ഇതിന്റെ രണ്ടു വശങ്ങളും വിശദമായി ചർച്ചക്കെടുക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.
എ ഐ ടെക്നോളജി കൊണ്ട് പ്രവർത്തിക്കുന്ന കുറേ ഉപകരണങ്ങൾ നമുക്ക് വേണ്ടി ഉണ്ടാക്കിത്തരുക എന്നതാണ് ആധുനിക ശാസ്ത്രത്തിന്റെ പുതിയ താല്പര്യം എങ്കിൽ അതിനെ നമുക്ക് സ്വാഭാവികം എന്ന് വിളിക്കാം. പക്ഷേ, അവരുടെ ശരിയായ ഉദ്ദേശം അവിടെ ഒതുങ്ങുന്നില്ല എന്നുവേണം കരുതുവാൻ. അവർ മനുഷ്യന്റെ ബുദ്ധിയെയും വെളിവിനെയും വികാരങ്ങളെയും എല്ലാം എങ്ങനെ എ ഐ നിയന്ത്രിതമാക്കാം, അങ്ങനെ ലോകത്തിൻറെ 90% ജനങ്ങളും വിശ്വസിക്കുന്ന ദൈവത്തെ എങ്ങനെ പുറന്തള്ളാം എന്നാണ് ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരിൽ പ്രധാനിയാണ് ടെസ്ല കമ്പനിയുടെ ഉടമയായ ഇലോണ്‍ മസ്‌ക്. അദ്ദേഹം കഴിഞ്ഞ മാസം ഒരു പറ്റം എന്‍ജിനീയര്‍മാര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍പില്‍ തന്റെ കമ്പനിയായ ന്യൂറാലിങ്ക് വളര്‍ത്തിയെടുത്ത, ന്യൂറോടെക്നോളജിയടങ്ങുന്ന ഒരു ചിപ്പ് പരിചയപ്പെടുത്തി. ഇത് മനുഷ്യരുടെ തലച്ചോറില്‍ പിടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ജൈവികമായ ബുദ്ധിയേയും യന്ത്രബുദ്ധിയേയും ഒരുമിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. തലയോട്ടിയില്‍ രണ്ടു മില്ലിമീറ്റര്‍ വലിപ്പമുള്ള ഒരു ദ്വാരമിട്ടാണ് ഇത് പിടിപ്പിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിക്കപ്പുറത്തേയ്ക്കു കടക്കുന്ന കാലത്തേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിയുടെ നിയന്ത്രണം എഐ ഏറ്റെടുക്കുന്ന കാലത്തിനാണ് എഐ അപോകലിപ്സ് എന്നു വിളിക്കുന്നത്. ഒരുപക്ഷേ, കഴിഞ്ഞ 12,000 വര്‍ഷത്തോളമായി ഭൂമിയില്‍ തന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചുവന്ന മനുഷ്യന്റെ പിടിയില്‍നിന്നു ഭൂമിയെ മുക്തമാക്കുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും. ഇപ്പോൾതന്നെ എ ഐ ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു റോബോട്ടിന് സൗദി അറേബ്യ പൗരത്വം നൽകുക വരെ ചെയ്തു കഴിഞ്ഞു. സോഫിയ എന്നാണ് അതിന്റെ പേര്. യു എ ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരു മന്ത്രാലയം തന്നെ സ്ഥാപിച്ചിരിക്കുന്നു. പൊതുവെ ഇത്തരം രംഗങ്ങളിൽ പിന്നിൽ നിൽക്കുന്ന ഈ രാജ്യങ്ങൾ പോലും ഇങ്ങനെയാണെങ്കിൽ ഈ ഇന്റലിജൻസ് ഒട്ടും താമസിയാതെ മനുഷ്യന്റെ മുഴുവൻ പരിസരത്തെയും കീഴടക്കും എന്നത് പ്രത്യേകം പറയാനില്ല.
പക്ഷെ, തങ്ങളുടെ മോഹങ്ങളെ നിരാശയിലേക്ക് തള്ളിയിടുന്ന പല കാര്യങ്ങളും ഉണ്ട്. നിലവിലുള്ള ഉപകരണങ്ങളേക്കാളും സൗകര്യങ്ങളേക്കാളും മെച്ചപ്പെട്ട പലതും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യാൻ കഴിയും. ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കുന്ന പല ഉപകരണങ്ങളും മനുഷ്യൻറെ മേശപ്പുറത്ത് എത്തിക്കാൻ കഴിയും. നിലവിൽ ജീവിക്കുന്ന മനുഷ്യ ലോകത്തെ അതുവഴി അത്ഭുതപ്പെടുത്താനും കഴിയും. പക്ഷേ അവയൊന്നും അന്യൂനമായ സ്വതന്ത്ര ഉപകരണങ്ങളായി വളരുകയില്ല. അതായത് എന്തു കണ്ടെത്തിയാലും അതിന്റെ മുകളിലാണ് ദൈവത്തിന്റെ സൃഷ്ടിയും അവന്റെ പ്രതിനിധിയുമായ മനുഷ്യന്റെ സ്ഥാനം എന്ന് പറയാതിരിക്കാൻ കഴിയില്ല. കാരണം മനുഷ്യൻ കണ്ടെത്തുന്ന ഏതു കാര്യങ്ങൾക്കും അതിന്റേതായ കുറവുകളും ന്യൂനതകളും ഉണ്ടായിരിക്കും. ഉദാഹരണമായി എ ഐ ടെക്നോളജി വഴി ചെയ്യുന്ന സേവനങ്ങളെ വൈകാരികതയുമായി ബന്ധിപ്പിക്കുവാൻ കഴിയില്ല. ഇമോഷനൽ മൈൻഡ് എന്ന ഒന്നുണ്ട്. അതാണ് മനുഷ്യന്റെ ധാർമ്മികതയെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. പെണ്ണും പെങ്ങളും വേർതിരിയുന്നത് ഒരു ഉദാഹരണം. മനുഷ്യൻ വ്യതിരിക്തനാകുന്നത് വെറും ബുദ്ധി കൊണ്ടാണ് എന്നത് ശാസ്ത്ര ലോകത്തിന്റെ ഒരു തോന്നൽ മാത്രമാണ്. മറിച്ച് സത്യത്തിൽ മനുഷ്യ ബുദ്ധിക്ക് നൽകപ്പെട്ടിട്ടുള്ള മറ്റു ചില സവിശേഷതകളാണ് അതിന്റെ നിദാനം. അല്ലായിരുന്നു എങ്കിൽ അതിനു സമാനമായ തലച്ചോർ പല ജീവികൾക്കും ഉണ്ട്. മറ്റൊരു ന്യൂനത, ഡ്യൂപ്പുകൾ വഴി എ ഐ ടെക്നോളജിയെ വഴി തെറ്റിക്കാനോ മിസ് ലീഡ് ചെയ്യാനോ ഒക്കെ കഴിയും എന്നതാണ്. കാരണം ഈ ഇന്റലിജൻസ് ചിത്രങ്ങൾ, സ്വരങ്ങൾ, പ്രതിരൂപകങ്ങൾ തുടങ്ങിയവയെയാണ് ആധാരമാക്കുന്നത്. അവ ഒറിജിനൽ തന്നെയാണോ അല്ലയോ എന്നത് അതിൽ ഉൾക്കൊളളുന്ന ഒരു അർഥമാണ്. ആ അർഥം വൈകാരികതയാണ് കൽപ്പിക്കുന്നത്. ഇങ്ങനെ ഒരുപാട് ന്യൂനതകൾ ഉണ്ട് അവയെ മറികടക്കുവാൻ എങ്ങനെ കഴിയും എന്നത് ശാസ്ത്രജ്ഞരെ കുഴക്കുന്നുണ്ട്.
രണ്ടു തത്വങ്ങളാണ് ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിധികൾക്ക് അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യനെ സഹായിക്കാനല്ലാതെ മറികടക്കുവാൻ കഴിയില്ല എന്ന് വിളംബരം ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'എല്ലാ ജ്ഞാനികള്‍ക്കുമുപരി ഒരു സര്‍വജ്ഞനുണ്ട്' (യൂസഫ്: 46). മനുഷ്യരിലെ ജ്ഞാനികൾ എന്തു ചെയ്താലും അതിനു മുകളിൽ ഒരു ജ്ഞാനിയുണ്ടാകും. അതിനാൽ അല്ലാഹു അല്ലാത്തവർ പടക്കുന്നതിനൊന്നും പരമമാകുവാൻ കഴിയില്ല. മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു: ' നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു' (തീൻ: 4). ഏറ്റവും ഉദാത്ത എന്നു പറയുമ്പോൾ അവനു മുകളിൽ സൃഷ്ടിക്കപ്പെടുന്ന ഒന്നും വരില്ല എന്നത് വ്യക്തമാണ്. അഹ്സനി എന്ന സൂപ്പർലേറ്റീവ് പ്രയോഗം മാത്രം മതി അത് മനസ്സിലാലാകാൻ. മനുഷ്യകുലം ഇത്തരം സാങ്കേതിക വിദ്യകളിലൂടെ വലിയ മാനങ്ങൾ കീഴടക്കും എന്നതിൽ സന്ദേഹമില്ല. പക്ഷെ, അവൻ എന്തു കണ്ടെത്തിയാലും അതിനു മുകളിൽ അർഥത്തിലും ആശയത്തിലും മനുഷ്യൻ ഉണ്ടാകും. കാരണം, അവൻ അല്ലാഹുവിന്റെ പ്രതിനിധിയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso