മണിപ്പൂർ: ഇനിയും മിണ്ടാതിരിക്കുക എങ്ങനെ!
24-07-2023
Web Design
15 Comments
സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച ആ കൊച്ചു വീഡിയോ മനസ്സിനെ ഇപ്പോഴും മഥിച്ചു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രമാദമായ മറ്റൊരു വീഡിയോ കാണേണ്ടിവന്നത്. അത് യുവതികളെ നഗ്നകളാക്കി ആനയിച്ച് ആഘോഷിക്കുന്നതാ യിരുന്നു. ഇന്ന് കണ്ടത്, ഒരർത്ഥത്തിൽ അതിനേക്കാൾ ദാരുണമാണ്. ഒരു യുവതിയെ നടുറോഡിൽ മുട്ടുകുത്തി നിർത്തിയിരിക്കുന്നു. അവളെ എന്തിനോ വേണ്ടി കൈകാര്യം ചെയ്യുന്ന അക്രമി സംഘത്തിലെ തൊപ്പിവെച്ച കൊമ്പൻ മീശക്കാരൻ അവളെ വന്ന് ആഞ്ഞ് ചവിട്ടുന്നു. അതോടു കൂടെ നിലത്തേക്ക് വീണു പോകുന്ന അവളെ മുടിയിൽ കുത്തിപ്പിടിച്ച് പിന്നെയും ഇരുത്തുന്നു. ഇനിയും ചവിട്ടാൻ ആയിരിക്കാം എന്ന് കരുതി കണ്ണിമ വെട്ടുമ്പോഴേക്കും അവളുടെ നെഞ്ചിനു കൃത്യം പിന്നിൽ വെടിയുണ്ട തുളച്ചു കയറുന്നു. ഈ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ വേഗത്തിൽ നീക്കം ചെയ്യും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. കാരണം ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് സംഭവത്തെ കൂടുതൽ വഷളാക്കി മാറ്റിയേക്കും. പക്ഷേ, ഔദ്യോഗിക തലങ്ങൾ അത് കാണുകയും ഉണരുകയും അവരിലെ ധാർമിക ബോധം സടകുടഞ്ഞ് എഴുന്നേൽക്കുകയും അതിനെ തുടർന്ന് അവർ വല്ലതും ചെയ്യാൻ ഒരുങ്ങുകയും ചെയ്യുമ്പോഴേക്കും ആയിരക്കണക്കിന് ഷെയറുകൾ നടന്നിട്ടുണ്ടാകും. നിയമത്തിന് നിയന്ത്രിക്കാനാവാത്ത മേഖലകളിൽ ആയിരിക്കാം അവയിൽ ചിലതെങ്കിലും ഒളിച്ചിരിക്കുക. ഇത് ഒരുപക്ഷേ കൂട്ടത്തിൽ ഏറ്റവും ലാഘവമായതായിരിക്കാം. അത്രയും ഗുരുതരമാണ് മണിപ്പൂരിലെ അവസ്ഥകൾ.
ആർക്കോവേണ്ടി ഒന്നും മിണ്ടാതിരിക്കുന്ന കേന്ദ്ര ഗവൺമെന്റും അവരുടെ പാർട്ടിയും ചെയ്തത് വാർത്ത വിതരണത്തിന്റെയും വിവര സാങ്കേതികതയുടെ കൈമാറ്റത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഞരമ്പായ ഇൻറർനെറ്റ് സൗകര്യത്തെ തൽക്കാലം വിച്ഛേദിക്കുക എന്നതാണ്. നിയമ പുസ്തകത്തിലും സുരക്ഷാപാഠങ്ങളിലും ഇൻറർനെറ്റ് ഓഫാക്കുന്ന പണി ഒരു മാർഗ്ഗമായി പറയുന്നുണ്ടായിരിക്കാം. ഇല്ലെങ്കിൽ ഒരുപാട് രംഗങ്ങൾ പുറംലോകം കാണുകയും അറിയുകയും ചെയ്ത് കലാപം വളർന്നുപോകുമെന്ന് ആ നിയമങ്ങൾ ഭീഷണിപ്പെടുത്തുന്നുണ്ടാവാം. ഈ നിയമങ്ങളെയെല്ലാം രൂപകൽപ്പന ചെയ്ത കാലത്തും സമയത്തും ഒരു പക്ഷേ അത് ഒരു മാർഗ്ഗം തന്നെയായിരുന്നിരിക്കാം. പക്ഷേ, ആധുനിക വിവരസാങ്കേതികവിദ്യ എല്ലാ അതിരുകളെയും ഭേതിച്ച് മറികടന്ന പുതിയ കാലത്ത് അത് ഗുണം ചെയ്യും എന്ന് പറയാൻ കഴിയില്ല. മാത്രമല്ല, ഒന്നുകൂടി ശ്രദ്ധിച്ചും സൂക്ഷിച്ചും പറഞ്ഞാൽ അത് ഗുണമല്ല അതിലേറെ കുഴപ്പമാണ് വരുത്തിവെക്കുക. അതിനു രണ്ടു ന്യായങ്ങൾ ഉണ്ട്. ഒന്നാമതായി അവിടെ എന്തൊക്കെയോ കലാപങ്ങൾ നടക്കുന്നു എന്ന് അറിയുകയും കേൾക്കുകയും ചെയ്യുകയും അതോടൊപ്പം എന്താണ് നടക്കുന്നത് എന്നത് ഇൻറർനെറ്റിന്റെ സഹായത്തോടെ നേരിട്ട് കാണാൻ സാധ്യതയില്ലാതെ വരികയും ചെയ്യുമ്പോൾ ഊഹങ്ങൾ കഥകളായി മെനയപ്പെടുകയും അത് പ്രചരിക്കുന്നതോടുകൂടി അത് വാർത്തയായി തീരുകയും ചെയ്യും. ഇല്ലാത്ത കാര്യങ്ങൾ അങ്ങനെ ഉള്ളതായി മാറും. രണ്ടാമത്തെ കാര്യം, സമാധാന പ്രേമികൾക്കും ശരിയായ മതേതര രാഷ്ട്രീയ ബോധ്യം ഉള്ളവർക്കും പ്രതികരിക്കുവാനും ഇടപെടുവാനും സമാധാനത്തിനു വേണ്ടി യത്‌നിക്കാനുമുള്ള അവസരം നിഷേധിക്കപ്പെടും. അതോടൊപ്പം കലാപകാരികൾ, തങ്ങൾ എന്തുചെയ്താലും അത് ആരും കാണാൻ പോകുന്നില്ല, അത് പുറംലോകത്ത് എത്തുവാൻ പോകുന്നില്ല എന്ന് ഉറപ്പായി ധരിക്കുകയും വളരെ നിഷ്ഠൂരമായി തങ്ങളുടെ കലാപ കലകൾ നടപ്പിലാക്കുകയും ചെയ്യും. അതുകൊണ്ട് സുരക്ഷാ നിയമങ്ങൾ രൂപകൽപ്പന ചെയ്ത സാഹചര്യങ്ങൾ മാറിയതിനാൽ ഇൻറർനെറ്റ് ഓഫാക്കിയിട്ട് കലാപത്തെ തടയിടുവാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.
ഈ പറഞ്ഞത് നമുക്ക് മാത്രം അറിയാവുന്നതോ നമ്മൾ മാത്രം വാദിക്കുന്നതോ ആയ ഒന്നല്ല മറിച്ച് ഭരണകൂടത്തിന്, അഥവാ, ഇൻറർനെറ്റ് ഓഫാക്കിയത് ഒരു മിടുക്കാണ് എന്ന് ധരിച്ചു വശായവർക്ക് കാര്യം നന്നായി അറിയാം. എന്നിട്ടും അവർ അങ്ങനെ ചെയ്തത് കാശ്മീരിലെ അനുഭവത്തെ പാഠമാക്കിയാണ്. കാശ്മീരിലെ പ്രതിഷേധങ്ങൾ കേന്ദ്രഗവൺമെന്റിനെതിരെയായിരുന്നു. അവർക്ക് ഭരണഘടനാ ദത്തമായി ഇന്ത്യാ രാജ്യം നൽകിയ എല്ലാ പ്രത്യേകതകളും സവിശേഷതകളും അവിടെയുള്ള ഭൂരിഭാഗം മുസ്ലീങ്ങളാണ് എന്നതിന്റെ കാരണത്താൽ മാത്രം എടുത്തു കളഞ്ഞ് തങ്ങളുടെ ആധിപത്യം കാണിക്കാനുള്ള ശ്രമമായിരുന്നു അന്നത്തേത്. അതിനാൽ അത് ഒരു രാഷ്ട്രീയ സമരമായോ പ്രതിഷേധമായോ മാത്രമേ കാണേണ്ടതുള്ളൂ. തങ്ങൾക്കെതിരെയുള്ള വർത്തമാനങ്ങൾ, പ്രകടനങ്ങൾ തുടങ്ങിയവ പുറംലോകം അറിയാതിരിക്കാൻ വേണ്ടി അവിടെ ഇൻറർനെറ്റ് ഓഫ് ചെയ്തത് ഫലപ്പെട്ടിട്ടുണ്ടാവാം. പക്ഷേ, ഇവിടെ അങ്ങനെയല്ല. ഇവിടെ രണ്ടു വിഭാഗം കാടന്മാർ പരസ്പരം എല്ലാ ധാർമികതകളും ഭംഗിച്ചുകൊണ്ട് പോരടിച്ച് മരിച്ചു വീഴുകയാണ്. ഇത് പുറംലോകം അറിയാതിരിക്കുകയല്ല, അറിയുകയാണ് വേണ്ടത്. അറിഞ്ഞാൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്മർദ്ദം ഉണ്ടാവുകയും ആ സമ്മർദ്ദം സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതിൽ സ്വാധീനം ചെലുത്തുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇത്രയും സരളമായ ഈ കാര്യം ഗവൺമെന്റ് കണക്കിലെടുക്കാതെ നിയമത്തിന്റെ സുരക്ഷയുടെ പേരും പറഞ്ഞ് ഇൻറർനെറ്റ് ഓഫാക്കിയത് ഈ സാഹചര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. അത് കലാപത്തിന് കോപ്പുകൂട്ടുന്നവർ ആരാണോ അവരെ തുണക്കുവാനും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുവാനും വേണ്ടിയാണോ എന്നായിരിക്കുന്നു രാജ്യത്തിന്റെ സംശയം. സുരക്ഷാ നിയമങ്ങളുടെ പേര് പറയുമ്പോൾ എല്ലാവരും നിശബ്ദമാകുന്നത് കണക്കാക്കേണ്ട.
ഇൻറർനെറ്റ് എന്ന് പറയുന്നത് നമ്മുടെ വിവരങ്ങളെ വിതരണവും വിപണനവും ചെയ്യാനുള്ള ഒരു മാധ്യമം മാത്രമാണ് എന്ന് മനസ്സിലാക്കുന്നിടത്ത് ഈ സുരക്ഷ മേലാളന്മാർക്ക് ശരിക്കും തെറ്റുപറ്റി. മെയ് മാസം മൂന്നിന് ആരംഭിച്ച കലാപം ഈ നിയന്ത്രണങ്ങളെ എല്ലാം മറികടന്ന് പുറംലോകത്ത് എത്തിയതോടെ കുറെ ആൾക്കാർ അങ്ങോട്ട് നേരിട്ട് പോവുകയും വിഷയങ്ങൾ കാണുകയും ചെയ്തു. അവർ രംഗങ്ങൾ ഒപ്പിയെടുത്തത് സ്വന്തം മനസ്സിലായിരുന്നു. മനസ്സുകളിൽ ശേഖരിച്ച ചിത്രങ്ങളുമായി അവർ തങ്ങളുടെ ഡസ്ക്കുകളിൽ എത്തുകയും വിഷയത്തിന്റെ ഗൗരവം നിയമാനുസൃതം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇത്രമാത്രം ഹീനമായ ഒരു കലാപം മണിപ്പൂരിൽ നടക്കുന്നുണ്ട് എന്നത് പൊതു ലോകം മനസ്സിലാക്കിയത്. അതിനിടയിൽ രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചു. രാഹുൽ ഗാന്ധി ഭരണകൂടത്തിന്റെയും അവരുടെ ആൾക്കാരുടെയും ഏറ്റവും വലിയ കണ്ണിലെ കരടാണ്. കാരണം രാഹുലിന്റെ മനസ്സും സമീപനവും പ്രതീക്ഷയും പ്രത്യാശയും അത്രയ്ക്ക് വിശുദ്ധമാണ്. വിശുദ്ധി ഇല്ലാത്തവർക്ക് വിശുദ്ധിയെ കാണുമ്പോൾ വിറളി ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. രാഹുൽഗാന്ധിയുടെ സന്ദർശനത്തോടു കൂടെ കാര്യങ്ങൾ കാണാതെ പറഞ്ഞതിലും എത്രയോ വലുതാണ് എന്ന് ലോകം മനസ്സിലാക്കി. അതോടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ മണിപ്പൂരിലേക്ക് പോവാൻ തയ്യാറായി. അവിടെ അവർ കണ്ടതും പകർത്തിയതുമായ ചിത്രങ്ങൾ അങ്ങനെ വീണ്ടും പുറം ലോകത്തെത്തി. ഫലത്തിൽ, കേന്ദ്ര ഗവൺമെന്റിന്റെയും സുരക്ഷാ ഏജൻസികളുടെയും സ്വിച്ച് ഇനി ഓൺ ആയാലും ഓഫായാലും ഒന്നുമില്ല എന്നിടത്തെത്തി കാര്യങ്ങൾ.
മണിപ്പൂരിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിന് പറ്റിയ വീഴ്ചകളിൽ ഒന്നാണ് നാം പറഞ്ഞ ഇൻറർനെറ്റിന്റെ കാര്യം. അതിലേറെ ഗുരുതരമായ ഒരു വീഴ്ച ആദ്യമേ ഉണ്ടായിട്ടുണ്ട്. അത് പ്രശ്നങ്ങളെ നേരിട്ട രീതികളാണ് പ്രശ്നം തുടങ്ങുന്നത് കുക്കികൾ എന്ന ഗോത്ര വിഭാഗത്തിന്റെ വിദ്യാർത്ഥി യൂണിയൻ തങ്ങളുടെ ഒരു ആവശ്യവുമായി നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് മെയ്തികൾ എന്ന മറ്റൊരു ഗോത്ര വിഭാഗം ഇരച്ചു കയറിയതോടെയാണ്. മണിപ്പൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ചുരിചന്ദ്പൂർ എന്ന നഗരത്തിലായിരുന്നു സംഭവം. ഒരു കാട്ടിലോ ഒരു മലമുകളിലോ വിജനമായ ഹൈവേയിലോ തീവ്രവാദികളും ഭീകരവാദികളും ചെയ്യുന്നതുപോലെയുള്ള ഒരു വിപ്ലവം തുടങ്ങുകയായിരുന്നില്ല അവിടെ എന്ന് ചുരുക്കം. വലിയൊരു നഗരത്തിൽ വലിയൊരു പ്രകടനത്തിനെതിരെ വലിയൊരു ഇരച്ചുകയറ്റം ഉണ്ടാകുമ്പോൾ സ്വാഭാവികമായും അതിനെ നേരിടേണ്ടത് പ്രാദേശിക പോലീസ് തന്നെയാണ്. പക്ഷേ, ആ വിഷയം വലിയൊരു വിവാദത്തിന്റെ ഭാഗമാണ് എന്ന് പോലീസ് മനസ്സിലാക്കുകയും ഓരോ നിമിഷത്തിലും ആ കലാപം മറ്റൊന്നായി കത്തി പടരുകയും ചെയ്യുമ്പോൾ അതിനനുസൃതമായ ഒരു ഇടപെടൽ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കിൽ ഇത്രയ്ക്കും ഈ പ്രശ്നം വലുതാകുമായിരുന്നില്ല. പറഞ്ഞുവരുന്നത്, പ്രാദേശിക പോലീസ് തുടക്കത്തിൽ ഇടപെട്ടു എങ്കിലും അന്നാട്ടിലെ രണ്ട് പ്രബല ജന വിഭാഗങ്ങൾക്കിടയിൽ ഉള്ള ഒരുപാട് കാലമായി പഴക്കമുള്ള ഒരു പ്രശ്നത്തിന്റെ പേരിലുള്ളതാണ് കലാപം എന്ന് മനസ്സിലാക്കിയപ്പോൾ അവിടുത്തെ പ്രത്യേക സാഹചര്യം വെച്ചുകൊണ്ട് പട്ടാളത്തെയാണ് ഇറക്കേണ്ടിയിരുന്നത്. കാരണം അവിടുത്തെ പോലീസ് സേനയിൽ അധികവും മെയ്തികളാണ്. അത് സ്വാഭാവികമായ ഒരു കാര്യം തന്നെയാണ്. കാരണം മണിപ്പൂരിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് ഏതാണ്ട് 10% മാത്രമാണ് താഴ്‌വര ഉള്ളത്. ആ താഴ്‌വരയിൽ താമസിക്കുന്നവരാണ് മെയ്തികൾ. അവരുടെ വാസ സ്ഥലത്താണ് വിദ്യാഭ്യാസവും തദനുസൃതമായ സാംസ്കാരിക സവിശേഷതകളും ഉള്ളത്. അതിന്റെ ഒരു ഭാഗമാണ് പോലീസ് സേന. അതിനാൽ സ്വാഭാവികമായും പോലീസ് സേനയിലും അധികമായി ഉള്ളത് മെയ്തികളാണ്. കുക്കികളും മെയ്തികളും തമ്മിലുള്ള ഒരു പ്രശ്നത്തെ നേരിടുവാൻ മണിപ്പൂരിലെ പോലീസ് സേനക്ക് പരിധികൾ ഉണ്ട് എന്ന് പറയുന്നത് ഇതിന്റെ പേരിലാണ്. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പട്ടാളം രംഗത്തിറങ്ങുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല, എന്ന് മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സൈനിക ശേഷിയായ ഇന്ത്യയുടെ പട്ടാളത്തിന് ചിലപ്പോഴൊക്കെ പാളാമെങ്കിലും കലാപത്തെ പടരാതെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. ഇവിടെ നമ്മൾ ഇൻറർനെറ്റിന്റെ കാര്യത്തിൽ പ്രകടിപ്പിച്ച അതേ സംശയം വീണ്ടും വരികയാണ്. ഇത്രയും സുതാര്യമായ ഒരു ന്യായം മുൻപിൽ ഉണ്ടായിട്ടും പട്ടാളത്തെ ഇറക്കാതെ മെയ്തികൾക്ക് ഭൂരിപക്ഷമുള്ള പോലീസിനെ കൊണ്ട് മാത്രം പ്രശ്നത്തിൽ ഇടപെടീച്ചത് ആരുടെയോ താല്പര്യം ആയിരുന്നില്ലേ എന്ന ഒരു സംശയം. നിഷ്കളങ്കമായി പ്രശ്നത്തെ കൈകാര്യം ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടെങ്കിൽ നേരിട്ട് പട്ടാളത്തെ വിന്യസിപ്പിച്ച് ഒരു സമാധാനം ഉണ്ടാക്കാനും ഒരുപാട് ജീവനുകളെ രക്ഷിക്കുവാനും കഴിയുമായിരുന്നു. അങ്ങനെ ഒരു ഉദ്ദേശമുണ്ടായിരുന്നോ എന്നതാണ് നാം ഉന്നയിച്ച സംശയം.
മറ്റൊരു കാര്യം പ്രശ്നത്തെ കൈകാര്യം ചെയ്ത രീതിയായിരുന്നു. പ്രശ്നത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമമാണ് തുടക്കത്തിൽ ഉണ്ടായത്. ഒരു വംശീയ കലാപത്തെ സംബന്ധിച്ചിടത്തോളം അത് വലിയ അബദ്ധമാണ്. പ്രത്യേകിച്ചും ബന്ധങ്ങൾ മുമ്പേ വഷളായ രീതിയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് ഗോത്രവർഗ്ഗങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ പ്രത്യേകിച്ചും. അവിടെ കലാപങ്ങൾ പുതുതല്ല. ഇടയ്ക്കിടെ എപ്പോഴും കലാപങ്ങൾ ഉണ്ടാകുന്ന ഈ നാട്ടിൽ അടിച്ചമർത്തലിലൂടെ പ്രശ്നത്തെ സമീപിച്ച സമീപിച്ചതിൽ സംശയങ്ങൾ വീണ്ടും ഉയരുന്നുണ്ട്. ഭൂരിപക്ഷക്കാരായ ഒരു വിഭാഗത്തിന്റെ പ്രതിനിധികൾ അധികമുള്ള പോലീസ് സേന അടിച്ചമർത്തൽ നയം സ്വീകരിക്കുമ്പോൾ അത് ഒരർത്ഥത്തിൽ വിഷയത്തിലുള്ള കക്ഷി ചേരലായി മാറുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിലവിൽ മണിപ്പൂർ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഗവൺമെൻറ് ഈ ഭൂരിഭാഗത്തെ പിന്തുണക്കുകയും അവർ ചെയ്യുന്ന ക്രൂരകൃത്യങ്ങളെ കണ്ടില്ല എന്ന് നടിക്കുകയും ചെയ്തിരുന്നു തുടക്കത്തിലെങ്കിലും എന്നാണ്. ഇപ്പോൾ പക്ഷേ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു വന്നിരിക്കുന്നു. പാർലമെൻറിൽ പ്രധാനമന്ത്രി വലിയ നനവുള്ള ദുഃഖം ആദ്യമായി പ്രകടിപ്പിച്ചപ്പോൾ എല്ലാവരും മണിപ്പൂരിനെ ശ്രദ്ധിക്കുകയുണ്ടായി. അങ്ങനെ പ്രധാനമന്ത്രി അത്ര വികാരാധീതനായി സംസാരിക്കണം എങ്കിൽ അവിടെ സമവാക്യങ്ങളിൽ കാര്യമായ മാറ്റം വന്നിരിക്കണം എന്ന നിരീക്ഷണം ഉണ്ടായി. അത് അത്രയും ശരിയുമാണ്. കാരണം ഗവൺമെന്റിന്റെയും അവരുടെ പാർട്ടിയുടെയും ഒത്താശയോടെ തുടങ്ങിയ കലാപം ഇപ്പോൾ അവരുടെ നിയന്ത്രണത്തിന് പോലും പുറത്തേക്ക് വളർന്ന് വലുതായിരിക്കുന്നു. ഇത് ഇത്രയും വളരുന്നത് ഭരണകക്ഷിയെ തികച്ചും പ്രതിക്കൂട്ടിലാക്കും എന്ന് അവർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, ഇപ്പോൾ മെയ്തികൾ ചെറുതായെങ്കിലും ഗവൺമെന്റിനെതിരെ തിരിഞ്ഞ സാഹചര്യമാണ് ഉളളത്. ആയതിനാൽ ഇനി എങ്ങനെയാണ് കാര്യങ്ങൾ പുരോഗമിക്കുക, അവസാനിക്കുക എന്നതെല്ലാം പ്രവചനാതീതമാണ്.
അതിനിടെ ഐക്യരാഷ്ട്രസഭയിലും യൂറോപ്യൻ യൂണിയനിലും വരെ വിഷയം ചർച്ചയായി. എപ്പോഴുമെപ്പോഴും വിദേശ രാജ്യങ്ങളിലൂടെ പറന്നു നടക്കുന്ന പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തന്നെ വെറുപ്പിന്റെ നിഴലിൽ ആയി. അതുകൊണ്ടായിരിക്കാം, അദ്ദേഹം മാത്രം ആ ഭാഗത്ത് ഗദ്ഗദ കണ്ഠനാകുന്നത്. അവിടെയെല്ലാം അത് ഇന്ത്യയുടെ സ്വകാര്യ പ്രശ്നമാണ് എന്നു പറഞ്ഞ് വിഷയത്തിന്മേലുള്ള തുടർ ചർച്ചകൾ മാറ്റിവെച്ചു എങ്കിലും ഇന്ത്യയിൽ ഈ വിഷയം വലിയ ചർച്ചയാണ്. ആ ചർച്ച മണിപ്പൂരിൽ എന്ത് നടക്കുന്നു എന്നതല്ല എന്നതാണ് പരമാർത്ഥം. മറിച്ച്, എങ്ങോട്ടാണ് മണിപ്പൂരിനെ ഇന്ത്യ നയിക്കുന്നത് എന്നതാണ്. ഈ വിഷയത്തിൽ ഒരു തുറന്ന ചർച്ച വേണം എന്നത് പാർലമെൻറിലെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും താൽപര്യമാണ്. പക്ഷേ, കേന്ദ്ര ഗവൺമെൻറ് അതിന് എന്തുകൊണ്ടോ സമ്മതിക്കുന്നില്ല. അതും മുകളിൽ പ്രകടിപ്പിക്കപ്പെട്ട സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. തുറന്ന മനസ്സോടു കൂടെ വിഷയത്തിൽ ഇടപെടുകയും പറയാതെ പറയുന്ന പക്ഷത്തെ കൈവിടുകയും സൈന്യത്തെ ഉപയോഗപ്പെടുത്തി കലാപത്തെ നിയന്ത്രിക്കുകയും ചെയ്യുവാൻ ബിജെപി തയ്യാറാകുന്നില്ലെങ്കിൽ അത് അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം കാൽമുട്ടുകൾ വിറക്കാനുള്ള കാരണമായി തീർന്നേക്കാം. സ്ഥിതിഗതികൾ ഇനിയും നിയന്ത്രണ വിധേയമായില്ലെങ്കിൽ ഒരുപാടൊരുപാട് ജീവനുകൾ ഇനിയും പൊലിഞ്ഞുപോകും. മാത്രമല്ല, ഇത് ഒരു വർഗീയ ലഹളയായി പരിണമിക്കുകയും ചെയ്തേക്കും.
മണിപ്പൂരിൽ നടക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ നേരിട്ടുള്ള ഒരു വർഗീയ ലഹളയല്ല. മണിപ്പൂരിന്റെ 10 ശതമാനം മാത്രം വരുന്ന താഴ്‌വര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തികൾ എന്നു വ്യവഹരിക്കപ്പെടുന്ന വൈഷ്ണവ മെയ്തേയി വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും വരുന്ന ഇവരാണ് താഴ് വരയിൽ ഏറിയ പങ്കും. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ നാൽപ്പതും ഈ മേഖലകളിലാണ്. അതുകൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടിക വർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകണമെന്നും കഴിഞ്ഞ മാസം ഹൈകോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുക്കി ഗോത്രവർഗക്കാരെ രോഷാകുലരാക്കിയതിന്റെ അലയൊലിയാണ് ശരിക്കും പറഞ്ഞാൽ ഈ കലാപം. നാഗന്മാരും കുട്ടികളും അടക്കമുള്ള മല പ്രദേശങ്ങളിൽ താമസിക്കുന്ന വിഭാഗങ്ങൾ പട്ടിക വിഭാഗം എന്ന നിലക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും സംവരണങ്ങളും എല്ലാം ഉള്ളവരാണ്. അതോടൊപ്പം അവിടുത്തെ ഏറ്റവും വലിയ ഗോത്ര വിഭാഗമായ മെയ്തികൾക്ക് കൂടി ഇതേ പദവി ലഭിച്ചാൽ തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടും, അവസരങ്ങൾ നഷ്ടപ്പെടും എന്നൊക്കെയുള്ള ആഥിയാണ് സത്യത്തിൽ കലാപത്തിന്റെ കാരണം. കുക്കികളുടെ വിദ്യാർത്ഥി യൂണിയൻ നടത്തിയ പ്രതിഷേധ പ്രകടനം ആക്രമണം ആക്രമണാസക്തമായതാണ് തുടക്കം. കുട്ടികൾ 90% വരുന്ന മണിപൂരിന്റെ ഭൂസ്വത്തിന്റെ ഉടമകൾ ആണെങ്കിലും അവർ മല പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ അവർ സമ്പന്നരും ആണ്. പോപ്പി എന്ന ലഹരി ഉൽപാദനം വഴി അടക്കം അവരുടെ സാമ്പത്തിക സ്രോതസ്സുകൾ വളരെ വലുതാണ്. പക്ഷേ, ജനസംഖ്യയിൽ അവർ മെയ്തികളെക്കാൾ എത്രയോ പിന്നിലാണ്. അടിസ്ഥാനപരമായി രണ്ടു വിഭാഗങ്ങളും ഗോത്രവർഗ്ഗങ്ങൾ തന്നെയാണ്, എന്ന് മാത്രമല്ല, അതിന്റേതായ വാശിയും വട്ടവും രണ്ടു കക്ഷിക്കും നല്ലോണം ഉണ്ട്. അതിനാൽ കലാപം തുടങ്ങിയത് അവരുടെ സ്വന്തം അവകാശ അധികാരങ്ങൾ പറഞ്ഞു കൊണ്ടാണ്. മതപരമായിരുന്നില്ല അതിന്റെ കാരണം.
പക്ഷേ, കലാപം കത്തിപ്പടരുമ്പോൾ സ്വാഭാവികമായും പൊതു കെട്ടിടങ്ങൾ, പൊതു സൗകര്യങ്ങൾ തുടങ്ങിയവയാണ് ആദ്യം ആക്രമിക്കപ്പെടുക. മാത്രമല്ല അവിടെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതപരമായ ഒരു വ്യത്യാസം കൂടിയുണ്ട്. എന്തെന്നാൽ മെയ്തികൾ വൈഷ്ണവരും ഹിന്ദുമത വിശ്വാസികളും ആണ്. അവർക്കാണ് ഭൂരിപക്ഷം. അവരെ ആ അർത്ഥത്തിൽ സ്വാധീനിച്ചത് കൊണ്ട് ആണ് ബിജെപി കഴിഞ്ഞ 15 മാസങ്ങൾക്ക് മുമ്പ് അധികാരത്തിൽ വന്നതും. ഗോത്രവർഗ്ഗങ്ങൾക്ക് പ്രത്യേക മതമില്ല. അവർ അവരുടെ പരമ്പരാഗത വിശ്വാസങ്ങളെയാണ് പിന്തുടരുന്നത്. അതേസമയം അവ സംഘടിതമോ പ്രാമാണിക നിബദ്ധമോ അല്ലാത്തതിനാൽ അവിടെ ക്രൈസ്തവ മതപരിവർത്തനം കാര്യമായി നടന്നിട്ടുണ്ട്. അതിനാൽ കുക്കികൾ അധികവും ക്രൈസ്തവരാണ്. ഈ വ്യത്യാസത്തിന്റെ പേരിലല്ല കലാപം ഉണ്ടായതും അതിന്റെ കാരണവും എങ്കിലും രണ്ടു പക്ഷത്തെയും രണ്ടു മതങ്ങൾ വേറിട്ടടയാളപ്പെടുത്തുന്നു എന്നതിനാൽ ആ അർത്ഥത്തിൽ ഈ വിഷയം വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോൾ ഇതൊരു ഹിന്ദു-ക്രൈസ്തവ കലാപം ആണ് എന്ന് ചിലർക്കെങ്കിലും വാദിക്കാൻ കഴിയും. കാരണം, മെയ്തികൾ ക്രൈസ്തവ ആരാധനാലയങ്ങൾ വലിച്ചുപൊളിക്കുന്നതും തച്ചു തകർക്കുന്നതുമെല്ലാം പുറത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. പരമമായ ക്രൈസ്തവ നേതൃത്വം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ചില പാതിരിമാരെങ്കിലും സംഭവത്തിൽ തങ്ങൾക്കെതിരെയുള്ള മതപരമായ വിദ്വേഷം കലർന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ട്. ആയതിനാൽ മണിപ്പൂരിലെ കലാപം ആയുധങ്ങൾ കൊണ്ടോ വെറും പട്ടാളക്കാരെ കൊണ്ടോ അടിച്ചമർത്തുക പ്രായോഗികമല്ല എന്നു വേണം കരുതുവാൻ. അതേസമയം അവരെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിൽ എടുക്കുകയും ആ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അവരെ ക്ഷണിച്ചു ഉത്തരവാദിത്വപ്പെട്ടവർ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ സൂക്ഷ്മമായി പരിഹരിക്കുകയും ചെയ്യുക തന്നെയാണ് പ്രശ്നത്തിന് പരിഹാരം. ആ വഴിക്കുള്ള ചിന്തയ്ക്ക് ഇനിയും കാലതാമസം വന്നാൽ അത് 37 ലക്ഷം ജനസംഖ്യയുള്ള ഈ ഗോത്ര വിഭാഗ സംസ്കാര സംസ്ഥാനത്തെ രണ്ടോ രണ്ടിലധികുമോ ആയി പകുക്കുകയും അവിടെ ഒരിക്കലും അവസാനിക്കാത്ത ഒരു അഗ്നികുണ്ഡമായി ഈ പ്രശ്നം രൂപാന്തരപ്പെടുകയും ചെയ്തേക്കാം. കാരണം, പ്രശ്നങ്ങൾ അപരിഹാര്യമായി നീണ്ടാൽ അത് പിന്നെ ആർക്കും നിയന്ത്രിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. അതിനാൽ ഇനി മിണ്ടാതിരിക്കുന്നത് ഭൂഷണമല്ല, പ്രത്യേകിച്ച്, മിണ്ടേണ്ടവർ.
o
ടി മുഹമ്മദ്
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso