Thoughts & Arts
Image

ഹിജ്റാ പുതുവർഷം: പുലരട്ടെ, പ്രതീക്ഷകൾ

23-07-2023

Web Design

15 Comments





ഹിജ്റ 1445 ലേക്ക് മുസ്ലിം ലോകം കടന്നു. കാലത്തെ വർഷങ്ങളും മാസങ്ങളും ദിവസങ്ങളുമായി വിഭജിച്ചിരിക്കുന്നത് അത് മനുഷ്യന്റെ ഓർമ്മയുടെ അടയാളമായിരിക്കുവാൻ കൂടിയാണ്. അതിനാൽ ഓരോ ആണ്ടറുതിയും മുന്നോട്ടും പിന്നോട്ടും ഒരേസമയം തിരിഞ്ഞു നോക്കുവാനുള്ള പ്രചോദനമാണ് നൽകുന്നത്. പിന്നോട്ട് നോക്കുന്നത് ശരിയായ വഴിയുടെ അടയാളങ്ങൾ ഏതാണ് എന്ന് കണ്ടെത്തുവാൻ വേണ്ടിയാണ്. ആ അടയാളങ്ങൾ അനുഭവങ്ങളാണ്. കഴിഞ്ഞ കാലം കണ്ട, അനുഭവിച്ച അനുഭവങ്ങളെ ഇങ്ങനെ തിരിഞ്ഞുനോക്കി മനസ്സിലേക്ക് ആവാഹിച്ച് പാഠങ്ങളാക്കി മാറ്റി അതു വെച്ചാണ് മുന്നോട്ടു പോകേണ്ടത്. അതാണ് കാലത്തോടുള്ള മനുഷ്യന്റെ നീതിയും ബാധ്യതയും കടമയും. ഒരു വർഷം കഴിയുകയും പുതിയ വർഷത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്യുമ്പോൾ ആദ്യം വരുന്ന ചിന്ത ഇത് ഏത് കലണ്ടറിന്റെ ഗണനയനുസരിച്ചുള്ള വർഷമാണ് എന്നതിനനുസരിച്ചാണ് ഉണ്ടാവുക. മുസ്ലിം കലണ്ടറിന്റെ പുതുവർഷം എന്ന് പറയുമ്പോൾ ആദ്യമായി തിരിഞ്ഞു നോക്കാനുള്ളത് മുസ്ലിം ലോകത്തിലേക്കും അതിന്റെ അവസ്ഥാന്തരങ്ങളിലേക്കുമാണ്. ഈ വീണ്ടുവിചാരത്തിലേക്ക് മുസ്ലിം ലോകം രണ്ട് ബില്യൺ ജനസംഖ്യയുമായിട്ടാണ് പ്രവേശിക്കുന്നത്. ഈ കഴിഞ്ഞ റമദാനിലാണ് ലോകത്തെ മുസ്ലിം ജനസംഖ്യ രണ്ട് ബില്യൺ കടന്നത്. ഈ ജനത ലോകം ആകെ പടർന്നുകിടക്കുന്നു. ഏഷ്യാവൻകരയിൽ സൗദി അറേബ്യ മുതൽ തജാക്കിസ്ഥാൻ വരെയുള്ള 27 രാജ്യങ്ങളിൽ ഭൂരിപക്ഷം അവർക്കാണ്. ആഫ്രിക്കൻ വൻകരയിലാവട്ടെ ഈജിപ്റ്റ് മുതൽ ഗാബൂൻ വരെയുള്ള 28 രാജ്യങ്ങളിൽ അവരാണ് വലിയ ജനവിഭാഗം. യൂറോപ്പിൽ കൊസോവ, ബോസ്ന, അൽബാനിയ എന്നീ മൂന്ന് രാജ്യങ്ങളിൽ മുസ്ലിം ജനസംഖ്യയാണ് മുൻപന്തിയിൽ. പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ റിപ്പബ്ലുകളിൽ ഏഴെണ്ണത്തിൽ മുസ്ലിംകൾക്കാണ് ഭൂരിപക്ഷം. ഇത് വെറുമൊരു തലയെണ്ണൽ പ്രക്രിയ മാത്രമല്ല, മറിച്ച് വലുപ്പത്തിനനുസരിച്ച കഴിവും ശേഷിയും പ്രത്യേകതകളും അവർക്കുണ്ട്. ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന മുസ്ലിം ലോകത്തിന്റെ കയ്യിലാണ് ഭൂമിയുടെ നാലിലൊന്ന്. പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയവയുടെ വലിയ നിക്ഷേപം അവരുടെ കയ്യിലാണ്. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു സാമ്പത്തിക ശക്തിയാണ് ഇന്ന് അവർ. അവരുടെ പല രാജ്യങ്ങളും ആയുധ നിർമ്മാണത്തിലും വിപണനത്തിലും വരെ ഏർപ്പെടുന്നുണ്ട്. ശാസ്ത്രീയ മേഖലയിൽ അവരുടെ ഭൂമിയിൽ രണ്ട് സ്പെയ്സ് സ്റ്റേഷനുകൾ ഉണ്ട്. ഒന്ന്, ഖസാക്കിസ്ഥാനിലെ അൽമാത്തയിലും രണ്ട് ചെച്നിയയിലും. ചുരുക്കത്തിൽ ഏതാണ്ട് സ്വാശ്രയത്വമുള്ള ഒരു വലിയ ജനതയാണ് പുതിയ വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ മുസ്‌ലിംകൾ.



തിരിഞ്ഞുനോട്ടത്തിൽ പൊതുവേ ആദ്യം കാണുന്നതും വിലയിരുത്തുന്നതും പ്രശ്നങ്ങളും ന്യൂനതകളും ആയിരിക്കും. അവയാണല്ലോ അസ്വസ്ഥത ഉണ്ടാക്കുന്നത്. അസ്വസ്ഥതകൾ എപ്പോഴും മനസ്സിന്റെ മുകൾതട്ടിലാണ് ഊറി കിടക്കുക. വർത്തമാനകാല മുസ്ലിം ലോകം മറ്റു ജനവിഭാഗങ്ങളെ പോലെ തന്നെ നേരിടുന്ന ഒരു പ്രധാന പ്രശ്നം സ്വന്തം കളത്തിനുള്ളിലെ ശത്രുതകളാണ്. പല രാജ്യങ്ങളും തമ്മിൽ ശക്തമോ ദുർബലമോ ആയ അസ്വസ്ഥതകൾ അനുഭവിക്കുന്നു. സൗദി അറേബ്യയും യമനും, സൗദി അറേബ്യയും ഇറാനും, ഇറാഖും കുവൈറ്റും, മൊറോക്കോയും അൾജീരിയയും, യുഎഇയും ഇറാനും ഒക്കെ തമ്മിലുള്ള രാഷ്ട്രീയ ശത്രുതകൾ ഇതിന്റെ ഭാഗമാണ്. ഇത് വലിയ യുദ്ധങ്ങളും കലാപങ്ങളുമായി വളരുന്നില്ല എങ്കിലും മൊത്തം ഇസ്ലാമിക ലോകത്തിന്റെ വളർച്ചയ്ക്കും കുതിപ്പിനും ഇത് ചെറിയതെങ്കിലുമായ വിഘാതം ഉണ്ടാക്കുന്നുണ്ട്. മറ്റൊന്ന് വിവിധ രാജ്യങ്ങളിലായി ഇസ്ലാമിക ലോകം നേരിടുന്ന പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങളിൽ ചിലത് ശത്രുക്കളുടെ ഭാഗത്തിൽ നിന്നുള്ളതാണ്. എന്നാൽ അതിൽ ഏറ്റവും സങ്കടകരമായിട്ടുള്ളത് അവയിൽ അധികവും ആഭ്യന്തരമാണ് എന്നതാണ്. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ശത്രുത നേരിടുന്ന പട്ടികയിൽ കാര്യമായി ഉള്ളത് പലസ്തീൻ പ്രശ്നമാണ്. നമ്മുടെ ലോകത്തെ ഏറ്റവും പ്രാചീനവും വലുതും അപരിഹാര്യവുമായ ഒരു വിഷയമാണ് പലസ്തീൻ പ്രശ്നം. 1897 ലെ ആദ്യ ജൂത കുടിയേറ്റം മുതൽ ഈ പ്രശ്നം തുടങ്ങുന്നുണ്ട്. 1917 ൽ പലസ്തീൻ ബ്രിട്ടന്റെ കയ്യിൽ വന്നതോടുകൂടി അവരുടെ ഒത്താശയിൽ പലസ്തീനികളുടെ മണ്ണിൽ ജൂതരാഷ്ട്രത്തിന് ബ്രിട്ടീഷുകാർ കുടികെട്ടി കൊടുത്തതാണ് പ്രശ്നത്തെ വലുതാക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ പരിഹരിക്കാനാവാത്ത ഒരു പ്രശ്നമായി അത് നിൽക്കുകയാണ്. എന്നു മാത്രമല്ല, അത് അനുദിനം വലുതായിവരികയുമാണ്. പരിശുദ്ധ അഖ്‌സ്വാ പള്ളിയിലെ അനിവാര്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിൽ ജൂതന്മാർ അതു തടസ്സപ്പെടുത്തി എന്നതാണ് ഈ ശ്രേണിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. ഇതിനെയൊക്കെ ഫലപ്രദമായി പ്രതിരോധിക്കുവാൻ സത്യത്തിൽ മേൽപ്പറഞ്ഞ വണ്ണവും വലുപ്പവും ഉള്ള മുസ്ലിം ലോകത്തിന് മറ്റാരുടെയും സഹായമില്ലാതെ തന്നെ കഴിയും. പക്ഷേ, പല സൗകര്യങ്ങളും കണ്ട് മുസ്ലിം ലോകത്തെ മന്നൻമാർ അതിനിറങ്ങുന്നില്ല എന്നത് ഒരു സത്യമാണ്. ഈ ചൂടുള്ള സത്യത്തെ മാറോട് ചേർത്തുപിടിച്ചുകൊണ്ടാണ് പുതു വർഷത്തിലേക്ക് മുസ്ലിം ലോകം കാലെടുത്തുവെക്കുന്നത്.



രണ്ടാമത്തെ പട്ടികയിൽ പ്രധാനമായി ഉദാഹരിക്കാൻ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സിറിയയും മറ്റൊന്ന് സുഡാനും. രക്തരൂക്ഷിതമായ സിറിയയിലെ ആഭ്യന്തര കലാപം തുടങ്ങിയിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ഭരിക്കുന്ന ഏകാധിപതികൾക്കെതിരായ അറബ് വസന്തത്തിന്റെ അലയൊലിയോടെയാണ് ഇത് സത്യത്തിൽ ആരംഭിച്ചത്. അവിടം ഭരിക്കുന്ന ബശ്ശാറുൽ അസദ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ഡമാസ്‌കസിലേക്ക് പ്രതിഷേധക്കാരുടെ ഒരു പ്രകടനമായിരുന്നു തുടക്കം. തന്റെ വിധി ടുണീഷ്യൻ ഏകാധിപതിയുടേതു പോലെയാകുമെന്ന് കരുതി, സ്വന്തം ജനതയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വന്തം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ബശ്ശാർ ശ്രമിച്ചു. ഇതോടെ അലപ്പോ, ഹോംസ്, ഹമ, റഖ തുടങ്ങിയ എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധം കൂടുതൽ ശക്തമായി. യുഎന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളും അസദിന്റെ ഈ നീക്കത്തെ അപലപിച്ചു രംഗത്തെത്തി. അയൽക്കാരായ തുർക്കിയും ജോർദാനും പിന്നാലെ അമേരിക്കയും സൈന്യത്തെ നേരിടാൻ പിൻവാതിലിലൂടെ രംഗത്തിറങ്ങിയതോടെ പ്രശ്നം വഷളായി. അസദിനെ പുറത്താക്കുക എന്നത് മാത്രമായിരുന്നു അവരുടെയെല്ലാം മുദ്രാവാക്യം. ഇറാനാവട്ടെ തങ്ങളുടെ സുഹൃത്തായ ബശ്ശാറിനെ നഷ്ടപ്പെടുമെന്ന് ഭയന്ന് പരസ്യമായി വിട്ടുനിന്ന് രഹസ്യമായി പക്ഷം ചേർന്നു. വിമതർക്ക് ഇപ്പോൾ യൂറോപ്യൻ യൂണിയൻ, യു എസ്, തുർക്കി, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സായുധവും സാമ്പത്തികവുമായ പിന്തുണയുണ്ട്. ഇതിനിടെ ഡമാസ്‌കസ് സബർബിലെ ഒരു വിമത സമ്മേളനത്തിന് നേരെ ബശ്ശാർ രാസായുധം പ്രയോഗിച്ചു, ഇത് അസദിനെതിരെ ലോക സമൂഹത്തെ പ്രകോപിപ്പിച്ചു. ഇതോടെ ലോക രാഷ്ട്രീയത്തിന്റെ കക്ഷിത്വത്തിലേക്ക് വിഷയം എടുത്തെറിയപ്പെട്ടു. ഇപ്പോൾ നാട് അമേരിക്കൻ - റഷ്യൻ സാമ്രാജ്യത്വങ്ങളുടെ ഒരു പടക്കളമായി മാറിയിരിക്കുകയാണ്. ആയിരങ്ങൾ വെറുതെ മരിച്ചു വീഴുന്നതിലെ ഗദ്ഗദം നെഞ്ചിലടക്കിപ്പിടിച്ചാണ് പുതുവർഷപ്രവേശം.



സുഡാനിലേത് അതിലേറെ കഷ്ടമാണ്. അവിടെ 30 വർഷം ഉമർ അൽ ബഷീർ എന്ന ഒരു പട്ടാളക്കാരനായിരുന്നു ഏകാധിപതിയെ പോലെ ഭരിച്ചിരുന്നത്. 2019 ഏപ്രിലിൽ ഒരു ബഹുജന പ്രക്ഷോഭത്തിൽ അദ്ദേഹം അട്ടിമറിക്കപ്പെട്ടപ്പോൾ, ജനപ്രാതിനിധ്യവും പ്രതികരണശേഷിയുമുള്ള ഭരണത്തിൻ കീഴിൽ ഒരു സ്വതന്ത്ര സമൂഹമായി മാറാൻ സുഡാന് അവസരം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. അദ്ദേഹത്തിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ കാര്യങ്ങൾ സൈന്യത്തിന്റെ കയ്യിൽ തന്നെ വന്നു. ഇപ്പോൾ, രണ്ട് മുൻനിര ജനറൽമാർ തമ്മിലുള്ള അധികാര വടംവലിയാണ് സുഡാനെ യുദ്ധത്തിലേക്ക് വലിച്ചിറക്കിയിരിക്കുന്നത്. സൈനിക മേധാവിയും ഇടക്കാല ഭരണകൂടമായ പരമാധികാര സമിതിയുടെ തലവനുമായ ലെഫ്റ്റനന്റ് ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ലെഫ്റ്റനന്റ് ജനറലും ആർ.എസ്.എഫിന്റെ കമാൻഡറുമായ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലാണ് പോര്. അതിന് നിരവധി പേർ രക്തവും ജീവനും നൽകിക്കഴിഞ്ഞു. മാത്രമല്ല, സ്വന്തം സഹോദരനോട് മാന്യത കാണിക്കാനുളള ഇസ്ലാമിക മര്യാദ പാലിക്കുവാൻ പോലും ഇവർ രണ്ട് പേരുടെയും വാശിയും അധികാരക്കൊതിയും സമ്മതിക്കുന്നില്ല. വിദേശ സേനകളെയും പിന്തുണകളേയും സംഘടിപ്പിച്ച് തന്റെ ഭാഗം വിജയിക്കാനുള്ള ശ്രമത്തിലാണ് രണ്ടു പേരും. പെരുന്നാളിന്റെ അന്നു പോലും വെടി നിറുത്തുവാൻ രണ്ടു പേരും തയ്യാറായില്ല എന്ന് പറയുമ്പോൾ അവരുടെ വാശിയുടെയും മതബോധത്തിന്റെയും വലുപ്പം നമുക്ക് അതു വെച്ച് അളക്കാമല്ലോ. ഈ ഗദ്ഗദവും ഉണ്ട്, പുതുവർഷത്തെ പുൽകുമ്പോൾ. സങ്കടങ്ങളുടെ പട്ടികയിൽ ഒരു പ്രധാന വിയോഗവുണ്ട്. ആഗോള പണ്ഡിത മുഖമായിരുന്ന ഡോ. യൂസുഫുൽ ഖറദാവിയുടേത്. സ്വഫർ 30 നായിരുന്നു ആ വിയോഗം.



സങ്കടങ്ങളെ ആദ്യം പറഞ്ഞുവെങ്കിലും സന്തോഷങ്ങളും ധാരാളമാണ്. അവ പക്ഷേ വികസനങ്ങളായും വളർച്ചകളായും എല്ലാ രാജ്യങ്ങളിലുമായി പരന്നു പടർന്നു കിടക്കുകയാണ്. ഏറ്റവും അടുത്ത ഒന്ന് സുൽത്വാൻ സൈഫ് അൽ നിയാദി ബഹിരാകാശത്ത് പാറിനടന്ന് തന്റെ ജനതയടക്കമുള്ള ലോകത്തിന് പെരുന്നാൾ ആശംസിച്ചതാണ്. യു എ ഇയുടെ ബഹിരാകാശ ദൗത്യം നടത്തിയ രണ്ട് പേരിൽ രണ്ടാമനാണ് നയാദി. ഈ ശ്രേണിയിലേക്ക് ചേർത്തു വായിക്കേണ്ട ഒന്നാണ് അറബ് ലോകത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായ യു എ ഇ യുടെ റാഷിദ് റോവർ. റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ചു എങ്കിലും ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലാവുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു. അത് സ്വാഭാവികം മാത്രമാണ്. എന്നാൽ ഇതേ തുടർന്ന് ആ രാജ്യത്തിന്റെ ഭരണാധികാരികൾ ഒട്ടും വൈകാതെ റാഷിദ് റോവർ രണ്ട് പദ്ധതിക്ക് കളമൊരുക്കിക്കഴിഞ്ഞു. ശാസ്ത്രീയ മേഖലയിൽ അഭിമാനിക്കാവുന്ന മുസ്ലിം ലോകത്തിന്റെ ചലനങ്ങളിൽ ഒന്നായി ഇതിനെയെല്ലാം എണ്ണാവുന്നതാണ്. എട്ടു മുതൽ 15 വരെ നൂറ്റാണ്ടുകളിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നെടുനായകത്വം വഹിച്ച ഒരു ജനതയ്ക്ക് നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ തിരിച്ചുവരവ് സാധ്യമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. മറ്റൊന്ന് തുർക്കിയിലെ ഉർദുഗാന്റെ വിജയമാണ്. നീതിയോടും തന്റെ മണ്ണിൽ അലിഞ്ഞു കിടക്കുന്ന ഇസ്ലാമിക സംസ്കൃതിയോടും മാന്യത പുലർത്തി 20 വർഷമായി തുർക്കി ഭരിക്കുന്ന ഉർദുഗാനെതിരെ ആറ് പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിട്ടും അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. തീവ്ര ഇസ്‍ലാമിസ്റ്റ് പാർട്ടിയായി അറിയപ്പെടുന്ന സആദത് പാർട്ടി വരെയുണ്ടായിരുന്നു പ്രതിപക്ഷ നേതാവ് കെമാലിന്റെ സഖ്യത്തിൽ. ഇതും ഒരു പുളകമാണ്. അതു പകരുന്ന പ്രതീക്ഷയോടു കൂടെയാണ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.



ഇതിനിടയിൽ തികച്ചും ഖേദകരമായ ഒരു സംഭവുണ്ടായി. കഴിഞ്ഞ ജൂൺ 28 ന് സെൽവൻ മൂമിക്കാ എന്ന ഒരു 37 കാരൻ സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ സെൻട്രൽ മസ്ജിദിന് മുമ്പിൽ വെച്ച് പരസ്യമായി വിശുദ്ധ ഖുർആൻ കത്തിക്കുകയുണ്ടായി. അതിന് അയാൾ സ്വീഡൻ പോലീസിന്റെ അനുമതി വാങ്ങിയിരുന്നു. അങ്ങനെ അനുമതിയോടെ ചെയ്യാൻ ആ രാജ്യം അനുവദിക്കുമെന്നാണ് വർത്തമാനം. യു എന്നിൽ വരെ മുസ്ലിം ലോകത്തിന്റെ കടുത്ത പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് സിറിയൻ വംശജനായ അഹ്മദ് അലൂഷ് എന്ന മുസ്ലിം യുവാവ് അതേ അതോറിറ്റിയിൽ നിന്ന് തോറയും ബൈബിളും പരസ്യമായി കത്തിക്കുവാൻ അനുമതി നേടി. ഉരുളക്കുപ്പേരി പോലെ അഹ്മദ് അലൂഷ് മതഗ്രന്ഥങ്ങൾ കത്തിക്കുന്നതു കാണാൻ തടിച്ചുകൂടിയ ലോക ക്യാമറകളോട് അദ്ദേഹം പറഞ്ഞു: 'ഞാനും എന്റെ ജനതയും ഈ ഗ്രന്ഥങ്ങളെ ആദരിക്കുന്നു. അതിനാൽ ഞങ്ങൾ ഒരിക്കലും ഇവയെ അവഹേളിക്കില്ല. വേദ ഗ്രന്ഥങ്ങളോട് അനീതിയും അമാന്യതയും കാണിക്കുന്നത് മാന്യതയല്ല എന്ന സത്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാൻ മാത്രമാണ് ഞാനിത് ചെയ്തത്'. സാംസ്കാരിക പക്വത കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട് എന്നത് പകരുന്നത് മറ്റൊരു പ്രതീക്ഷയാണ്.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso