തമ്മിലടിച്ച് തകരരുത് നാം
13-08-2023
Web Design
15 Comments
വെള്ളിത്തെളിച്ചം / ടി എച്ച് ദാരിമി
മുസ്ലിം സമുദായത്തിന് ഒരു സമൂഹമായി അന്തസ്സോടെ ജീവിക്കാൻ വേണ്ട കാര്യങ്ങൾ പഠിക്കാൻ അല്ലാഹു ഒരുക്കിയ കാര്യകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉഹദ് യുദ്ധ രംഗമാണെന്ന് പറയാം. അന്ത്യനാൾ വരേക്കും അതു കുലത്തിൽ പ്രതിദ്ധ്വനിക്കണം എന്നതുകൊണ്ടു തന്നെയായിരിക്കാം അതിലെ സംഭവങ്ങൾ അവയുടെ വൈകാരികതയോടെ വിശുദ്ധ ഖുർആനിൽ സ്ഥലം പിടിച്ചത്. ആലു ഇംറാൻ അദ്ധ്യായത്തിലെ നീണ്ട ഖണ്ഡികകൾ ഈ പാഠങ്ങൾ അനാവരണം ചെയ്യുന്നു. അങ്ങനെ നിരവധി പാഠങ്ങളായി ഉഹ്ദിലെ രംഗങ്ങൾ വിഭജിക്കപ്പെട്ടത് പ്രധാനമായും ഒറ്റ കാരണത്താലായിരുന്നു എന്നതാണ് ചരിത്രം. അതിനാൽ ഉഹദിലെ എല്ലാ കാരണങ്ങളുടെയും മൂല കാരണവും എല്ലാ പാഠങ്ങളുടെയും അടിസ്ഥാന പാഠവും അതു തന്നെയാണ്. അത് സമുദായത്തിനുളളിൽ ഉണ്ടായ അനൈക്യമാണ്. ഈ യുദ്ധത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗവും ദൗത്യവും അവിടെ ഒരു കുന്നിൻ മുകളിൽ നബി തിരുമേനി(സ) വിന്യസിച്ചിരുന്ന അൻപതു പേർ അടങ്ങുന്ന സേനാ വിഭാഗമായിരുന്നു. അവരുടെ ഇടപെടൽ ഉണ്ടായതും പ്രതീക്ഷിച്ചതുപോലെ തുടക്കത്തിലേ യുദ്ധഗതി മുസ്ലിംകൾക്ക് അനുകൂലമായി. എന്നല്ല, ഏതാനും മിനിറ്റുകൾ കൊണ്ട് യുദ്ധം വിജയിക്കുകയും ചെയ്തു. പക്ഷെ, അതിനു ശേഷം അവർ ഭിന്നിച്ചു. സ്വന്തം വാദങ്ങളും ന്യായങ്ങളും എഴുന്നെള്ളിച്ച് അവർ വിഘടിച്ചു. അതിന് ഒട്ടും വൈകാതെ കനത്ത വില നൽകേണ്ടി വന്നു. ആ വിലയിൽ വിലമതിക്കാനാവാത്ത നബി(സ)യുടെ മുൻപല്ലിന്റെ കഷ്ണം കൂടിയുണ്ടായിരുന്നു. വിലപ്പെട്ട ജീവനുകൾ നഷ്ടമായി. അല്ലാഹുവിന്റെ മഹാ കാരുണ്യം കൊണ്ട് കൂടുതൽ അപകടത്തിലേക്ക് കൂപ്പുകുത്തും മുമ്പ് പിൻമാറാൻ കഴിഞ്ഞു. അതുമാത്രമായിരുന്നു ഉഹദിലെ ആശ്വാസം. പക്ഷെ, ഇതൊക്കെ കേട്ടാലും രോഗാതുരമായ പുതിയ തലകൾ പറയും; 'അതൊക്കെ ശരിയാണ്, എന്നിരുന്നാലും...' എന്ന്. ഉത്തരവാദപ്പെട്ടവർ അങ്ങനെ പറഞ്ഞുപറഞ്ഞാണ് നാം ഇക്കോലമായത്.
ലോകം പല മതങ്ങളെയും പെറ്റിട്ടും വളർത്തിയിട്ടുമുണ്ട്. പക്ഷെ, ഇസ്ലാമിനോളം ക്രമപ്രവൃദ്ധമായ വളർച്ചയും വികാസവും മറ്റൊരു മതത്തിനും ഉണ്ടായിട്ടില്ല. ക്രിസ്തു മതമാണ് ലോകത്തെ ഏറ്റവും വലിയ മതം. അതിന് ചരിത്രകാരൻമാർ കൽപ്പിക്കുന്ന കാരണങ്ങളിൽ ഒന്ന് ദീർഘകാലം സംസ്കൃത ലോകത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മേൽക്കോയ്മ അവർക്കായിരുന്നു എന്നതാണ്. അതിനാൽ ഒരു വലിയ സമൂഹത്തിന് അടിത്തറയിടാൻ ആ മത വിശ്വാസികൾക്ക് കഴിഞ്ഞു. ഈ തറയിൽ നിന്ന് പടുത്തുപടുത്തുയർത്തുമ്പോൾ ശ്രദ്ധ ചെലുത്തിയാൽ മാത്രം അവർക്ക് ഏറ്റവും വലിയ എന്ന വിശേഷണം കാത്തുസൂക്ഷിക്കാനാവും. എന്നാൽ ഇസ്ലാം അങ്ങനെ വന്നതല്ല. കേൾക്കുന്നവരെ മുഴുവൻ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു നാൾ പൊടുന്നനെ അത് തുടക്കം കുറിക്കുകയായിരുന്നു. പക്ഷെ, തുടക്കം കുറിച്ച നാൾ മുതൽ അതിന്റെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. ഹിജ്റ 8 ൽ പതിനായിരം പേരുമായി മക്കാ വിജയനാളിൽ നബി മക്കത്തെത്തിയപ്പോൾ രണ്ടു വർഷം കഴിഞ്ഞ് നബി തങ്ങൾ വിടവാങ്ങൽ ഹജ്ജിനെത്തിയത് ഒന്നേ കാൽ ലക്ഷം പേരുമായായിരുന്നു എന്നതു മാത്രം മതി ആ ഗ്രാഫ് പഠിക്കുവാൻ. അതിനിടയിൽ യുദ്ധവീഴ്ചകൾ ഉണ്ടായി, മദീനാ ചാർട്ടർ രൂപീകരണമുണ്ടായി, നബിപത്നിയുടെമേൽ ഗുരുതര ആരോപണങ്ങളുണ്ടായി, വിവിധ നയരൂപീകരണങ്ങൾ ഉണ്ടായി, നബി(സ)യുടെ സദസ്സുകളിൽ വിവിധ ചർച്ചകളുണ്ടായി.. പക്ഷെ, അവിടെയൊന്നും ഒരാൾ പോലും വിഘടിച്ചില്ല. അത്ര ചെറിയ മനസ്സുകളുടെ ഉടമകളായിരുന്നില്ല അവർ എന്നത് ഒരു കാരണം. ആളാകാനോ മറ്റൊരാളുടെ തോളിൽ ചവിട്ടിക്കയറി തല ഉയർത്തുവാനോ ഉള്ള ത്വര അവർക്കുണ്ടായിരുന്നില്ല എന്നത് മറ്റൊന്ന്. അത്തരം ഒരു സൂചന കാണുമ്പോൾ അന്നത്തെ അവരുടെ പരമാദ്ധ്യക്ഷൻ നബി(സ) അതു ചവിട്ടിക്കെടുത്തുമായിരുന്നു എന്നത് മറ്റൊന്ന്. ഒരിക്കൽ ഒരു സൂക്തത്തിന്റെ പാരായണ ശൈലിയെ ചൊല്ലി രണ്ട് സ്വഹാബികൾക്കിടയിൽ തർക്കമുണ്ടായി. സംഗതി മൂത്തതും വിഷയം നബിയുടെ മുമ്പിലെത്തി. രണ്ടാളുടെയും ഓത്ത് ശരിയാണ് എന്ന് പറഞ്ഞു നബി(സ) രണ്ടു പേരെയും ചേർത്തുപിടിച്ചു. ഭിന്നിക്കരുത്, ഭിന്നതയാണ് പരാചയത്തിന്റെ കാരണം എന്ന് ഉപദേശിക്കുകയും ചെയ്തു നബി(സ).
നബി യുഗത്തിന്റെ ഈ മാന്യത സ്വഹാബികളും കാത്തുസൂക്ഷിച്ചു. റാഷിദീ യുഗത്തിൽ അത് പൂർണ്ണമായിരുന്നു. അതിന്റെ അവസാനത്തിൽ തന്നെ ക്ഷയം നേരിട്ടു തുടങ്ങി. അലി(റ)യോട് ഒരാൾ ചോദിക്കുന്നുണ്ട് ഒരിക്കൽ. 'അബൂബക്കർ, ഉമർ എന്നിവരുടെയൊന്നും കാലത്തില്ലാത്ത പ്രശ്നങ്ങൾ എന്താണിങ്ങനെ അങ്ങയുടെ കാലത്ത് ?' എന്ന്. അദ്ദേഹം കൃത്യമായ ആശയത്തിൽ ഉത്തരം നൽകി. 'അവരൊക്കെ എന്നെപ്പോലുള്ളവരെയാണ് ഭരിച്ചിരുന്നത്. ഞാനോ നിന്നെപ്പോലുള്ളവരേയും..' പക്ഷെ, എന്നാലും അത് സ്വഹാബിമാർ ഒരാളെങ്കിലും ജീവിച്ചിരിക്കുന്ന കാലത്തോളം കുറ്റിയറ്റുപോയില്ല. അലി(റ), മുആവിയ(റ) എന്നിവർക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി നിൽക്കുകയായിരുന്ന കാലത്ത് ഒരിക്കൽ ബൈസന്റെയിൻ ചക്രവർത്തി മുആവിയക്ക് ഇങ്ങനെ എഴുതി: 'ഞാൻ അലിക്കെതിരെ താങ്കളെ സഹായിക്കാം'. അതിന് മുആവിയ എഴുതിയ മറുപടിയുടെ ആശയമിതാണ്: 'ഞാനും അലിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് ശരി തന്നെയാണ്. പക്ഷെ, അതു മുതലെടുത്ത് ഇസ്ലാമിക രാഷ്ട്രത്തെയെങ്ങാനും ആക്രമിക്കുവാൻ തുനിഞ്ഞാൽ ഞാൻ ഖലീഫ അലിയുടെ സേനയിൽ ഒരു അംഗമായി ച്ചേർന്ന് ഒരു വലിയ സേനയുമായി ഞങ്ങൾ വരും. ആ സൈന്യത്തിന്റെ ഒരറ്റം കൂഫയിലും (അന്നത്തെ തലസ്ഥാനം) മറ്റേ അറ്റം നിങ്ങളുടെ മുമ്പിലുമായിരിക്കും' നബി(സ)യുടെ നേർ ശിഷ്യൻമാരുടെ കാലത്ത് വിഘടന ചിന്തക്ക് അതിരും വരമ്പുമുണ്ടായിരുന്നു എന്ന് ചുരുക്കം. തന്റെ അറിവും മനക്കരുത്തും സ്വാധീനവും മുഴുവനും വിശ്വാസിയും അടിസ്ഥാനപരമായി തന്റെ ആദർശക്കാരൻ തന്നെയുമായ സഹോദരനെതിരെ രാവും പകലുമില്ലാതെ പ്രയോഗിച്ച് അതിൽ ആത്മരതി കൊള്ളുന്ന ഇന്നത്തെ കാടത്തം ഇസ്ലാമിന് അന്യമാണ് എന്നർഥം. അതേസമയം ഇസ്ലാമിനെതിരെയുള്ള വെല്ലുവിളികൾക്ക് ഉത്തരം പറയാൻ ആർക്കും കഴിവുമില്ല, ഒഴിവുമില്ല. ഒറ്റപ്പെട്ട ചിലർക്കല്ലാതെ ആർക്കും അതിൽ താൽപര്യവുമില്ല.
ചരിത്രം സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി നേടിയ വിജയം ഇപ്പോഴും ഓമനിച്ച് ഓർക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം ഏകതയാണ്. ഭിന്നതയുടെ എല്ലാ പഴുതുകളും ഭദ്രമായി അടച്ചായിരുന്നു അയ്യൂബിയുടെ നീക്കം. അതു കൊണ്ടു തന്നെ ഇങ്ങനെ ഒന്ന് പിന്നീട് ഉണ്ടായതായി ചരിത്രത്തിന് തീർത്തു പറയുവാൻ കഴിയുന്നില്ല. ഈ കാരണം എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ വരികൾക്കിടയിൽ വാചലമായിക്കിടക്കുന്നുണ്ട്. ഭിന്നത പാഠം പഠിപ്പിച്ച രണ്ട് അനുഭവങ്ങൾ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയുവാൻ കഴിയില്ല. ഒന്ന് മുസ്ലിം സ്പെയിനിന്റെ തകർച്ചയും മറ്റൊന്ന് ഉസ്മാനിയ്യ ഖിലാഫത്തിന്റെ കൊടിയിറക്കവും. സ്പെയിനിലെ കഥ ഏറ്റവും മനോഹരമായി കുറിച്ചു വെച്ചത് അഹ്മദ് ശൗഖി തന്നെയായിരിക്കും. ഒരു ഒറ്റവരി കവിതയിൽ അത് ആവാഹിച്ചെടുത്ത് അദ്ദേഹം പറയുന്നു: 'അവർ പല വിഭാഗങ്ങളായി വിഘടിച്ചു. അവസാനം ഓരോ കുടുംബത്തിലും ഓരോ അമീറുൽ മുഅ്മിനീനും ഒരോ സിംഹാസനവുമുണ്ടായിരുന്നു'. വെറും തൊണ്ണൂറു നാഴിക മാത്രം വിസ്തൃതിയുള്ള സ്പെയിനിൽ ഒരേ സമയം നാലു ഖലീഫമാർ ഉണ്ടായി. എന്നല്ല, അവർക്കിടയിലെ ഭിന്നത മൊത്തം ഉമ്മത്തിനെ മാനം കെടുത്തി. ഇബ്നുൽ അഹ്ദറിനെതിരെ തന്നെ സഹായിക്കാൻ ഇബ്നുൽ ഹൂദ് തന്റെ മുപ്പത് കോട്ടകൾ ശത്രുക്കൾക്ക് നൽകിയത് അവയിലൊന്ന്. അവസാനം അൽഫോൻസ് എട്ടാമൻ ഗ്രാനഡ കീഴാക്കിയപ്പോൾ ഒന്നുകിൽ ഇസ്ലാം അല്ലെങ്കിൽ സ്പെയിൻ വിട്ടുപോവുക എന്ന് പറഞ്ഞപ്പോൾ അയാളെ സഹായിച്ച ഇബ്നുൽ ഹൂദിനു തന്നെ നാടുവിടേണ്ടിവന്നു. മറ്റൊരു മാനക്കേട് ഗ്രാനഡ നഷ്ടപ്പെട്ട് ഏതാണ്ട് രണ്ട് നൂറ്റാണ്ട് കഴിഞ്ഞാണ് കൊർഡോവ നഷ്ടപ്പെട്ടത് എന്നതാണ്. പരസ്പര കുതിക്കാൽ വെട്ടിന്റെ തിരക്കിൽ കാലിനടിയിലെ മണ്ണൊലിപ്പ് ആരും അറിഞ്ഞതേയില്ല.
1295 വർഷം നീണ്ടുനിന്ന ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനം ലോകയുദ്ധങ്ങളുടെയും അതാ തുർക്കിന്റെയും തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാറുണ്ട് നാം. ഒരളവോളം അതു സമ്മതിച്ചു കൊടുത്താൽ തന്നെയും, മുസ്ലിംകൾക്കിടയിൽ പ്രതിരോധത്തിന് ഉപകരിക്കുന്ന വിധത്തിലുള്ള ഏകതാ വികാരം ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയായി അവശേഷിക്കുക തന്നെ ചെയ്യും. തുര്‍ക്കി ഖിലാഫത്തില്‍ നിന്നുള്ള അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രൂപപ്പെട്ട അറബ് ദേശീയ വാദവും ഖിലാഫത്തിന്റെ തകര്‍ച്ചക്ക് പ്രധാന ഹേതുവായി എന്നത് ഒരു ചരിത്ര നിരീക്ഷണമാണ്. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ സിറിയ മുതല്‍ മദീന വരെ നിര്‍മ്മിച്ച 1303 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാത അറബ് ദേശീയവാദികള്‍ ബോംബിട്ട് തകര്‍ത്തത് ഇതിനുപോല്‍ബലകമാണ്. 1889 ല്‍ അഞ്ചുമന്‍ ഇത്തിഹാദ് വതറഖി എന്ന സംഘടന രൂപീകരിച്ച് സ്വാതന്ത്ര്യം, ജനാധിപത്യം, ദേശീയത എന്നിവയുടെ പ്രയോഗ വല്‍ക്കരണത്തിന് യുവതുര്‍ക്കികള്‍ രംഗത്തെത്തിയതും ഈ പതനത്തിന്ന് ആക്കംകൂട്ടുകയായിരുന്നു. 1924 ൽ തുർക്കി ഖിലാഫത്ത് നിർത്തലാക്കപ്പെട്ടതോടെ ആറേ കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഉസ്മാനി ഖിലാഫത്തിനു മാത്രമല്ല, 13 നൂറ്റാണ്ടോളം നിലനിന്ന ഇസ്ലാമിക ഖിലാഫത്തിനു കൂടിയാണ് അറുതി കുറിക്കപ്പെട്ടത്. മുസ്ലിം ഐക്യത്തിന്റെയും സംഘശക്തിയുടെയും ചാലകശക്തിയായി വർത്തിച്ച തന്ത്രപ്രധാനമായ ഒരു വ്യവസ്ഥിതി ലോകത്തുനിന്ന് നിഷ്കാസിതമായി എന്നതാണ് ഇതിന്റെ വേദനാജനകമായ പരിണിതഫലം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso