രുചി മാറുന്ന ആസാദിന്റെ അമൃതം
13-08-2023
Web Design
15 Comments
മുഹമ്മദ് തയ്യിൽ
2020 ഓഗസ്റ്റ് 15 ന് നമ്മുടെ രാഷ്ട്രപിതാവിന്റെ സ്പന്ദനങ്ങൾ അലിഞ്ഞു ചേർന്ന സബർമതിയിൽ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച ആസാദി കാ അമൃത് മഹോത്സവം എന്ന സംരഭത്തിലെ അമൃതിനെ കുറിച്ച് ചില പുനരാലോ ചനകൾ നടത്തേണ്ടിവന്നിരിക്കുന്നു. അമൃത് എന്ന ശബ്ദത്തിന് നമ്മുടെ മലയാളത്തിലും രാഷ്ട്ര ഭാഷയായ ഹിന്ദിയിലുമെല്ലാം മധുരം, മനോഹരം തുടങ്ങിയ അർഥങ്ങളും ഔഷധം എന്ന ആശയവുമാണ് ഉള്ളത്. ആസാദീ കാ അമൃത് എന്ന മഹോത്സവത്തിനും ഇതേ മധുരവും മനോഹാരിതയും തന്നെ ഉണ്ടാവേണ്ടതാണ്. കാരണം, സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന് മധുരം നൽകാൻ പ്രഖ്യാപിച്ച മൂന്നു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇത്. മുക്കാൽ നൂറ്റാണ്ടു കൊണ്ട് നിൽനിൽപ്പ്, വികസനം, ക്രമ പ്രവൃദ്ധമായ വളർച്ച, പ്രതീക്ഷ എന്നിവ കൊണ്ട് ലോകത്തെ ഞെട്ടിച്ച നാം ഇന്ത്യക്കാർക്ക് അതിന് കിട്ടിയ ഊർജ്ജവും കരുത്തും പ്രചോദനവുമെല്ലാം നൽകിയത് ഈ സ്വാതന്ത്ര്യമാണ്. സുഭാഷ് ചന്ദ്രബോസ് പറഞ്ഞതുപോലെ 1947 ൽ ബ്രിട്ടൺ നമുക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നില്ല, നാം അത് അവരിൽ നിന്ന് വാങ്ങുകയായിരുന്നു. പിടിച്ചു വാങ്ങുമ്പോഴേക്കും ഒന്നുമില്ലാത്ത ഒരു അടിമമണ്ണ് മാത്രമായിരുന്നു ഭാരതം. പിന്നെ അവിടെ നിന്നും കുതിപ്പു തുടങ്ങി നാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയിലേക്ക് ഉയർന്നു. പഞ്ചവത്സര പദ്ധതിയും പ്ലാനിങ് കമ്മീഷനും ദീർഘ വീക്ഷണമുള്ള ആസൂത്രണബോർഡുകളും ഭരണ വൈഭവവും കൂറ്റൻ ഫാക്ടറികളും ജലവൈദ്യുതി നിലയങ്ങളും അണക്കെട്ടുകളും ശാസ്ത്ര സാങ്കേതിക സർവ കലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക രാജ്യങ്ങൾക്ക് ചുവടൊപ്പിച്ചു കൊണ്ടുളള ശാസ്ത്രീയ വളർച്ചയും നമ്മെ വികസ്വര രാഷ്ട്രങ്ങളുടെ മാതൃകയോളം വളർത്തിവലുതാക്കി.
ബ്രിട്ടീഷുകാർ കട്ടുകടത്തിയും രണ്ടു ലോകയുദ്ധങ്ങൾക്കു വേണ്ടി കവർന്നെടുത്തും കാലിയായ രാജ്യം വരണ്ട ഭൂമിയിൽ പൊന്നുവിളയിക്കുകയും ഭഷ്യസുരക്ഷ കൈവരിക്കുകയും ഏതാനും വർഷങ്ങൾക്കു മുൻപുതന്നെ സമാന കഷ്ടത അനുഭവിക്കുന്ന മറ്റു പല രാജ്യങ്ങളുടെയും അന്നദാതാവായി മാറുകയും ചെയ്തിരിക്കുന്നു. സൈനീക രംഗത്ത് ലോകത്തിലെ വൻ ശക്തികളിൽ നാലാമത്തെതിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് രാജ്യം വളർന്നുകൊണ്ടിരിക്കുന്നു. അതിവേഗം വളരുന്ന സാമ്പത്തിക രാജ്യങ്ങളുടെ ജി 20 കൂട്ടായ്മയുടെ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത് ഇന്ത്യയാണ്. ശാസ്ത്ര സാങ്കേതികതയിൽ അനിതര സാധാരണമായ വളർച്ചയും കാർഷിക, വ്യവസായിക തലങ്ങളിൽ വൻ കുതിപ്പും ഒരു അറ്റോമിക് പവർ എന്നതോടൊപ്പം മിലിറ്ററി ടെൿനോളജിയിലും മിസൈൽ ടെക്നോളജിയിലും സാറ്റലൈറ്റ് ടെക്നോളജി, സ്പേസ് ടെക്നോളജി തുടങ്ങിയവയിലും അമേരിക്കക്കും റഷ്യക്കും വരെ അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്കെത്തുവാൻ ഈ രാജ്യത്തിന് ഈ കാലയളവിൽ കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച തൊട്ടു പിറ്റേ വർഷം ബ്രിട്ടനെ തന്നെ പരാജയപ്പെടുത്തി പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയാണ് ഇന്ത്യ ലോകത്തെ ഞെട്ടിക്കുവാൻ തുടങ്ങിയത്. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ്ണം നേടി ഇന്ത്യ ആ കോളത്തിൽ തന്നെ വലിയ സാന്നിധ്യം അടയാളപ്പെടുത്തി. പിന്നെ ഒന്നിലധികം തവണ ലോക ക്രിക്കറ്റിലെ ചാമ്പ്യന്മാരായി ഇന്ത്യക്കാർ. ചന്ദ്രനിൽ ജല സാന്നിധ്യമുണ്ട് എന്ന് ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞത് ഇന്ത്യയുടെ ചന്ദ്രയാൻ ഒന്നാണ്. 2013 ൽ മംഗൾയാൻ ദൗത്യം വിജയിപ്പിച്ച് പ്രഥമ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ആദ്യ രാജ്യം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. ഇങ്ങനെ ഏത് ഇന്ത്യക്കാരനെയും അഭിമാനിയാക്കുന്ന കാര്യങ്ങൾ ഒരു നീണ്ട പട്ടികയാണ്. ഈ അഭിമാനങ്ങൾ പകരുന്ന മധുരവും ഭംഗിയും ആധാരമാക്കി കൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം അക്ഷരാർത്ഥത്തിൽ മധുരിതം തന്നെ ആവേണ്ടണ് എന്ന് നാം പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് നാം 'പക്ഷെ' എന്ന് എഴുതുവാൻ നിർബന്ധിതമാക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും അതിലെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ചെലവിൽ നടത്തുന്ന ഒരു സംരംഭമാണ് സത്യത്തിൽ ആസാദീ കാ അമ്യത് മഹോത്സവ്. 2023 ഓഗസ്റ്റ് 15-ന് ഈ സംരഭം കൗണ്ട്‌ഡൗൺ ചെയ്യുമ്പോൾ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള പൗരൻമാരുടെ മനസ്സുകളെ ദേശീയതയിൽ വിജ്രംബിപ്പിച്ചെടുക്കുവാൻ വേണ്ട പ്രചാരണങ്ങളിലൂടെയും ആശയ കൈമാറ്റത്തിലൂടെയും സ്വാതന്ത്ര്യമെന്ന വലിയ ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ആസാദി കാ അമൃത് മഹോത്സവം ലക്ഷ്യമിടുന്നത്. ഈ പേരിൽ നടത്താൻ കരുതിയിരുന്നതായി പറഞ്ഞിരുന്നതും പ്രഖ്യാപിച്ചതും ഒമ്പത് നിർണായക തീമുകളെ ആശ്രയിച്ചു കൊണ്ടുള്ള കാമ്പെയ്‌നുകളാണ്. ഇപ്പോൾ ഈ പദ്ധതിയുടേതടക്കം പലതിനും ഒരു (കു)പ്രസക്തി കൈവന്നിരിക്കുന്നതിനാൽ അവയിലൂടെ ഒന്നുകൂടി കടന്നുപോകാം. സ്ത്രീകളുടെയും കുട്ടികളുടെയും, ആദിവാസികളുടെയും ജീവിത സാഹചര്യങ്ങളുടെ ശാക്തീകരണം, ജലത്തിന്റെ കരുതലും സംരക്ഷണവും, സാംസ്‌കാരിക അഭിമാനം, പരിസ്ഥിതിക്കു വിധേയമായ ജീവിതശൈലി, ആരോഗ്യവും ക്ഷേമവും ഉൾക്കൊള്ളുന്ന വികസനം, ആത്മനിർഭർ ഭാരതും ഐക്യവും എന്നിവയാണവ. പ്രമേയത്തിന്റെ ലക്ഷ്യങ്ങൾ കാണുമ്പോൾ ഈ ഉത്സവം ഒരു മഹോത്സവം തന്നെയായി മാറും എന്ന പ്രതീക്ഷ ഉയരും. പക്ഷെ, കാമ്പൈൻ അവസാനിക്കുന്ന 2023 ഓഗസ്റ്റിലേക്ക് രാജ്യം കടന്നപ്പോഴേക്കും അമൃത് നുണയാനുളള മാനസികാവസ്ഥയിൽ തന്നെയാണോ രാജ്യവും പൗരൻമാരും എന്നത് പുനർ വിചിന്തനത്തിന് വിധേയമാക്കേണ്ട സാഹചര്യമാണ്.
ഈ പറഞ്ഞ ലക്ഷ്യങ്ങൾ ഓരോന്നും ഒന്നുകൂടി വായിച്ചാൽ മാത്രം നമ്മുടെ ആശങ്ക സ്ഥാനത്തു തന്നെയാണ് എന്ന് മനസ്സിലാക്കാൻ കഴിയും. അവയിൽ ഒന്നാമതായി പറഞ്ഞത് മാത്രമെടുക്കാം. സ്ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും ശാക്തീകരണം എന്നിവയാണല്ലോ ആദ്യത്തേത്. ഈ ശാക്തീകരണത്തിന്റെ അവസ്ഥ കാണാൻ ആ ഒരൊറ്റ രംഗം മാത്രം മതി. സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച ആ കൊച്ചു വീഡിയോ മനസ്സിനെ ഇപ്പോഴും മഥിച്ചു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രമാദമായ മറ്റൊരു വീഡിയോ കാണേണ്ടിവന്നത്. അത് യുവതികളെ നഗ്നകളാക്കി ആനയിച്ച് ആഘോഷിക്കുന്നതായിരുന്നു. പിന്നെ കണ്ടത്, ഒരർത്ഥത്തിൽ അതിനേക്കാൾ ദാരുണമാണ്. ഒരു യുവതിയെ നടുറോഡിൽ മുട്ടുകുത്തി നിർത്തിയിരിക്കുന്നു. അവളെ എന്തിനോ വേണ്ടി കൈകാര്യം ചെയ്യുന്ന അക്രമി സംഘത്തിലെ തൊപ്പിവെച്ച കൊമ്പൻ മീശക്കാരൻ അവളെ വന്ന് ആഞ്ഞ് ചവിട്ടുന്നു. അതോടു കൂടെ നിലത്തേക്ക് വീണു പോകുന്ന അവളെ മുടിയിൽ കുത്തിപ്പിടിച്ച് പിന്നെയും ഇരുത്തുന്നു. ഇനിയും ചവിട്ടാൻ ആയിരിക്കാം എന്ന് കരുതി കണ്ണിമ വെട്ടുമ്പോഴേക്കും അവളുടെ നെഞ്ചിനു കൃത്യം പിന്നിൽ വെടിയുണ്ട തുളച്ചു കയറുന്നു. പിന്നെ ഉയരമുള്ള മരച്ചില്ലയിൽ കെട്ടിയിട്ട യുവതിയെ ഏതാനും മുട്ടാളൻമാർ അടിച്ചും തൊഴിച്ചും ആർമാദിക്കുന്നതും കണ്ടു. ഈ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ വേഗത്തിൽ നീക്കം ചെയ്യും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. കാരണം ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് സംഭവത്തെ കൂടുതൽ വഷളാക്കി മാറ്റിയേക്കും. ഇത് ഒരുപക്ഷേ കൂട്ടത്തിൽ ഏറ്റവും ലാഘവമായതായിരിക്കാം. അത്രയും ഗുരുതരമാണ് മണിപ്പൂരിലെ അവസ്ഥകൾ. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളനുസരിച്ച് അവിടെ ഉണ്ടായ വംശീയ കലാപത്തെ തുടര്‍ന്ന് 14,000 ത്തിലേറെ കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. കേന്ദ്രത്തിന് അവിടെ പ്രത്യേക കക്ഷിയുണ്ട് എന്നതു ശരിയാണ് എങ്കിൽ ശരിക്കും ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഇതിനേക്കാളും എത്രയോ അധികം വരും. മണിപ്പൂരികൾ മൊത്തത്തിൽ ഒരു വിധം ആദിവാസി ഗോത്രങ്ങളാണ് എന്ന് കൂടി പറഞ്ഞാൽ ആസാദീ അമൃതിന്റെ ആദ്യ മൂന്ന് കാംപെയ്നും പൊളിയാൻ അതു മതിയല്ലോ.
മണിപ്പൂരിൽ നിന്ന് ഇതേ തീ പടർന്നിരിക്കുന്നത് നേരെ ഹരിയാനയിലേക്കാണ് എന്നത് വിഷയത്തിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. അതും അവിടത്തെ നൂഹ് എന്ന ജില്ലയിലേക്ക്. ഉണ്ടായത് എന്തെല്ലാം എന്ന് പറയുന്നതിനു മുമ്പ് ഈ സ്ഥലങ്ങൾ പറയേണ്ടതുള്ളതുകൊണ്ടാണ് അത് ആദ്യം പറഞ്ഞത്. കാരണം ഈ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോൾ തന്നെ ഈ അഗ്നിബാധയുടെ ഏതാണ്ട് കാരണം മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ മൂന്നുമാസത്തോളമായി ഉത്തരവാദിത്വപ്പെട്ടവരുടെ മൗന സമ്മതത്തോടെയും രഹസ്യ പ്രോത്സാഹനത്തോടുകൂടിയും കലാപം നടക്കുന്ന മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമൊന്നുമല്ല ഹരിയാന. ഹരിയാന കൃത്യമായി വടക്കേ ഇന്ത്യയിൽ ഡൽഹിയുടെയും പഞ്ചാബിന്റെയുമെല്ലാം തൊട്ടടുത്താണ്. എന്നിട്ടും തീ നാളങ്ങൾ പാറി വന്നെന്നോണം ഹരിയാനയിൽ വീണതും കത്തിയതും ആ സംസ്ഥാനം ബിജെപിയുടെ നേതാവും ആർഎസ്എസിന്റെ മുൻപ്രചാരകുമായ മനോഹർലാൽ ഖട്ടർ അവിടെ മുഖ്യമന്ത്രി ആയതുകൊണ്ടാണ്. ഇനി തീ കത്തി തുടങ്ങിയ സ്ഥലം പറയാം. ഹരിയാനയിലെ ഏറ്റവും അധികം ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന സ്ഥലമാണ് നൂഹ് ജില്ല. അവിടെയാണ് അത് സംഭവിച്ചത്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ നമുക്ക് കാര്യവും കാരണവും ഒപ്പത്തിനൊപ്പം മനസ്സിലാകുന്നു. ഇന്ത്യയെ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എങ്ങനെയെങ്കിലും പറ്റുന്ന അത്ര കത്തിച്ചെടുക്കുക. കത്തിക്കുന്നവർക്ക് എണ്ണ നൽകി അവരെ പ്രോത്സാഹിപ്പിക്കുക. ആ പ്രോത്സാഹനത്തെ ഒരു മുദ്രാവാക്യം ആക്കി മാറ്റുക. മുദ്രാവാക്യം രാജ്യത്തെ തങ്ങളുടെ തീവ്ര വികാരത്തെ ഉണർത്തി എഴുന്നേൽപ്പിക്കുകയും വോട്ടാക്കി മാറ്റുകയും ചെയ്യുക. മൂന്നാമതും അങ്ങനെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി കണ്ടെത്തുക ഇതാണ് ചുരുക്കം.
മറ്റൊന്നു കൂടിയുണ്ട് ഇതിലേക്ക് കൂട്ടിവായിക്കുവാൻ. അത് സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് ഇപ്പോഴത്തെ ഒരു പ്രത്യേക സമീപനമാണ്. അകത്തു കയറി, വാതിലുകൾ പൂട്ടി വേണ്ട വിധത്തിലൊക്കെ കൈകാര്യം ചെയ്യുക എന്ന കാടൻ രീതി. പ്രശ്നങ്ങൾ പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നതാവാം ഔദ്യോഗിക ഭാഷ്യം. ആ അർഥത്തിൽ അത് ശരിയാണ് എന്നും വരാം. പക്ഷെ, അതു വഴി പുറം ലോകത്തു നിന്നുള്ള സമ്മർദ്ദങ്ങളുടെ വഴി കൂടി കൊട്ടിയടക്കപ്പെടുന്നുണ്ട്. അകത്തുള്ളവർ പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു കക്ഷികളാണ്. കാവൽ നിൽക്കേണ്ടവരാവട്ടെ, സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ രണ്ടിലൊരു കക്ഷിയിൽ പെട്ടവരുമാണ്. അതോടെ പിന്നെ അകത്തെ കലാപം കൂടുതൽ ശക്തിപ്പെടുകയാണ് ഉണ്ടാവുക. പുറം ലോകത്തിന് ഈ വിവരങ്ങൾ കിട്ടുകയാണ് എങ്കിൽ അവരിലെ മനുഷ്യഹൃദയമുള്ളവർക്ക് മുറവിളി കൂട്ടുകയെങ്കിലും ചെയ്യാം. ഇങ്ങനെയൊക്കെ ഒരു ശരാശരി ഇന്ത്യക്കാരനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് പുതിയ സംഭവങ്ങളോടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നിഷേധാത്മക നയം കാണുമ്പോഴാണ്. ദിവസങ്ങളോളമായി പാർലമെന്റിന്റെ രണ്ടു സഭകളും ശബ്ദമുഖരിതവും നിശ്ചലവുമാണ്. വല്ലാതെ തിരക്കുണ്ടാകുമ്പോൾ സഭ നീട്ടി വെച്ച് മുഖം രക്ഷിക്കുവാനാണ് കേന്ദ്ര ഗവൺമെൻറ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ ഓരോ ഭാരതീയനും ആശ്ചര്യപ്പെട്ടു പോകുന്നുണ്ട്. കാരണം, ശരിക്കും ഉള്ള ഒരു വിഷയം പാർലമെന്റിൽ ചർച്ചക്ക് എടുക്കണം എന്നാണല്ലോ ഇത്ര ഉച്ചത്തിൽ എല്ലാവരും വിളിച്ചു പറയുന്നത്. അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും സത്യത്തിൽ ഇല്ല. എന്നിട്ടും അത് കേൾക്കാൻ കേന്ദ്ര ഗവൺമെൻറ് കൂട്ടാക്കാതിരിക്കുന്നത് കാണുമ്പോൾ പിന്നെ, നമ്മൾ ഇങ്ങനെയെല്ലാം ചിന്തിക്കേണ്ടിവരുമല്ലോ.
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso