നൻമയുടെ റാണി / ഒന്ന്
25-08-2023
Web Design
15 Comments
മനം നിറയെ പ്രതീക്ഷയുടെ താലവുമേന്തി
ജനൽ വിരികൾ വകഞ്ഞുമാററി ദൂരേക്കുനോക്കി നിൽക്കുമ്പോൾ ഖൽബിലൂടെ ഒരു കുളിർ കടന്നുപോയി. കൊട്ടാരത്തിനു ചുററുമുള്ള ഉദ്യാനങ്ങളും അതിനുമപ്പുറത്തെ തോട്ടങ്ങളും പിന്നെ നീണ്ടുനിവർന്നുകിടക്കുന്ന മരുഭൂമിയും കടന്ന് കണ്ണും മനസ്സും മത്സരിച്ച് പായുകയാണ്. അവിടെ ഇപ്പോൾ ഒരു ആരവാരമുയരും.പൊടിപടലങ്ങൾ ഉയരും. വില്ലാളി വീരൻമാരെയും വഹിച്ചുകൊണ്ട് അറബിക്കുതിരകൾ കുതിച്ചുവരും. അവർ പതാകകൾ ഉയർത്തി വീശുന്നുണ്ടായിരിക്കും. അവരുടെ കണ്ഠങ്ങളിൽ നിന്നും തക്ബീർ ധ്വനികൾ ഉറക്കെയുറക്കെയുയരും. അബ്ബാസിപ്പടയുടെ മറെറാരു ജൈത്രയാത്ര.
അബ്ബാസികൾ ഒന്നിനുപുറകെ ഒന്നായി വിജയം വരിക്കുന്നതിൽ സുബൈദക്കുമുണ്ട് അഭിമാനം. അബ്ബാസീ ഭരണകൂടത്തിന്റെ സ്ഥാപകൻ അബൂ ജഅ്ഫർ അൽ മൻസ്വൂറിന്റെ പേരമകളാണല്ലോ അവർ. അഥവാ ജഅ്ഫറിന്റെ മകൾ. ഇസ്ലാമിന്റെ യശസ്സുയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായ ഖുറൈശികളുടെ തലമുറയിലെ കണ്ണിയാണല്ലോ അവരും. ആ ഭരണകൂടം അധികാരത്തിലേറിയ നാൾ മുതൽ വിജയത്തിന്റെ ചുവടുകൾ വെച്ചുവരികയാണ്. ഇപ്പോൾ അത് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്ററാന്റിനോപ്പിളിലെത്തിയിരിക്കുന്നു. കോൺസ്ററാന്റിനോപ്പിൾ ജയിച്ചടക്കി മടങ്ങിവരുന്ന അബ്ബാസിപ്പടയുടെ ആരവാരമാണ് ബാഗ്ദാദ് ഇപ്പോൾ കാത്തുനിൽക്കുന്നത്.
ജനൽ വിരിക്കു പിന്നിൽ വികാരവിവശയായി നിൽക്കുന്ന രാജകുമാരിയുടെ മനസ്സിലെ പുളകം പക്ഷെ അതൊന്നുമല്ല. ആ യുവഹൃദയത്തിന്റെ തന്തുക്കളിൽ തൊട്ടുമീട്ടുന്നത് മറെറാരു വികാരമാണ്. ആ വികാരം ചുററിനടക്കുന്നത് കോൺസ്ററാന്റിനോപ്പിളിൽ അബ്ബാസിപ്പടയെ നയിച്ചുകൊണ്ടിരിക്കുന്ന യുവപോരളിയും നായകനുമായ ഒരു യുവാവിലാണ്. ആ യുവാവ് കുറച്ചുനാളായി അവളുടെ മനം കവർന്നിരിക്കുകയാണ്.ഉറക്കിലും ഉണർവ്വിലും ആ യുവാവ് കലർന്നിരിക്കുകയാണ്. ഇപ്പോഴത്തെ ഖലീഫയും തന്റെ പിതൃവ്യനുമായ ഖലീഫ മഹ്ദിയുടെ മകൻ ഹാറൂൻ. ഹാറൂൻ അൽ റഷീദ്.
അതീവ സമർഥനും യുവകോമളനുമാണ് ഹാറൂൻ.നല്ല അച്ചടക്കവും വിവരവുമുള്ള ചെറുപ്പക്കാരൻ.സ്വഭാവശീലങ്ങളിലും മതബോധത്തിലും ഹാറൂൻ എല്ലാവരുടെയും പ്രശംസക്ക് പാത്രീഭവിച്ചിട്ടുണ്ട്. ഖലീഫയുടെ കൊട്ടാരത്തിൽ സുഖങ്ങളുടെ മടിയിലാണ് ജനിച്ചുവീണതും വളർന്നതെങ്കിലും അഹങ്കാരമോ അഹന്തയോ ആ ജീവിതത്തെ തൊട്ടിട്ടില്ല. അല്ലെങ്കിലും ഹാറൂൻ ഖലീഫ മഹ്ദിയുടെ മകൻ എന്നതിനേക്കാൾ ഇക്കാര്യങ്ങളിൽ പറയപ്പെടുക ഖൈസുറാൻ റാണിയുടെ മകനാണ് എന്നാണല്ലോ. അറേബ്യൻ സംസ്കാരം കണ്ട മഹദ് വനിതകളിൽ എന്തുകൊണ്ടും വേറിട്ടടയാളപ്പെടുത്തപ്പെട്ട വനിതയുടെ മകൻ.അതിന്റെ സർവ്വഗുണങ്ങളും അദ്ദേഹത്തിലുണ്ട്.
ഏതാനും മാസങ്ങളായി ഹാറൂൻ സുബൈദയുടെ മനസ്സിൽ കൂടുകൂട്ടിയിട്ട്. ഹാറൂനുമൊത്തുള്ള ജീവിതത്തിന്റെ ഓരോ ദൃശ്യങ്ങളാണ് സുബൈദയുടെ മനസ്സിലിപ്പോൾ. ഹാറൂനിന്റെ സാമർഥ്യങ്ങളുടെയും പോരാട്ടങ്ങളുടെയും വീരകഥകൾ കൊട്ടാരത്തിൽ ചർച്ചക്കുവരുമ്പോൾ വികാരതരളിതയായി സുബൈദ കേട്ടിരിക്കും. ബലിഷ്ഠവും സംശുദ്ധവുമായ ആ കരങ്ങളിൽ പിടിച്ച് ജീവിതത്തിന്റെ ഓളങ്ങൾ മുറിച്ചുകടക്കുന്നത് സുബൈദ ഓർത്തിരുന്ന് ആനന്ദിക്കും. ഇപ്പോൾ കോൺസ്ററാന്റിനോപ്പിളിലെ വിജയവുമായി കടന്നുവരാനിരിക്കുന്ന തന്റെ രാജകുമാനെ കുറിച്ചുള്ള ഓർമ്മകളിൽ വികാരതുന്ദിലയായി നിൽക്കുകയാണ് ജനൽ വിരിയുടെ പിന്നിൽ നിന്നുകൊണ്ട് ബാഗ്ദാദിന്റെ ഭാവി റാണി സുബൈദാ ജഅ്ഫർ
കേവലമൊരു ലൈംഗിക വൈകാരികതയല്ല സുബൈദയുടേത്. അതു നൻമയോടുള്ള അഭിനിവേശവും അനുരാഗവുമാണ്. കാരണം തികഞ്ഞ മതബോധവും അക്കാലത്ത് അനന്യമായ അറിവും ജീവിത വിശുദ്ധിയുമെല്ലാം സമ്മേളിച്ച ഒരാണ് സുബൈദ. തന്നിലെ നൻമകൾ പൂക്കാനും പുഷ്പിക്കാനും തന്നിലെ അതേ നൻമകൾ ഉള്ള ഒരു തുണയുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവർ ഗ്രഹിച്ചിട്ടും പഠിച്ചിട്ടുമുണ്ട്. ചെറുപ്പത്തിലേ ശീലിച്ച നല്ല ശീലങ്ങൾ നിലനിൽക്കണമെങ്കിൽ അതിനു സഹായകമാവുന്ന ബന്ധങ്ങളും സാഹചര്യങ്ങളും ഉണ്ടായിത്തീരണം. ആ ചിന്തയാണ് ഹാറൂനിലേക്ക് സുബെദയുടെ മനസ്സിനെ വലിച്ചടുപ്പിക്കുന്ന ഘടകം.
ഇറാഖിലെ മൗസ്വിലിൽ ഹർബ് എന്ന കൊട്ടാരത്തിലായിരുന്നു അമത്തുൽ അസീസ് എന്ന സുബൈദയുടെ ജനനം. അപ്പോൾ സുബൈദയുടെ പിതാവ് ജഅ്ഫർ മൗസ്വിലിലെ ഗവർണറായിരുന്നു. കൊട്ടാരത്തിലെ സ്നേഹവാത്സല്യങ്ങൾ പക്ഷെ ജനിച്ചു ഒരു വർഷം പിന്നിട്ടപ്പോഴേക്കും നിലച്ചു. പിതാവ് ജഅ്ഫർ ഹിജ്റ 150 ൽ മരണപ്പെട്ടു. അതോടെ വല്യുപ്പ മൻസ്വൂർ കുട്ടിയെ ഏറെറടുത്തു. പിന്നെ ഖലീഫാ മൻസ്വൂറിന്റെ കൊട്ടാരത്തിലായി സുബൈദയുടെ ജീവിതം. ഉമ്മ സൽസബീലുമുണ്ടായിരുന്നു ഒപ്പം. ഖലീഫാ മഹ്ദിയുടെ ഭാര്യയും ഹാറൂൻ അൽ റഷീദിന്റെ ഉമ്മയുമായ ഖൈസുറാൻ റാണിയുടെ സഹോദരി കൂടിയായിരുന്നു സൽസബീൽ എന്ന സുബൈദയുടെ ഉമ്മ.
ഹിജ്റ 158ൽ സുബൈദയുടെ പിതാമഹൻ ഖലീഫ അബൂ ജഅ്ഫർ മൻസ്വൂറും മരണപ്പെട്ടു. പിന്നെ ഖലീഫയായത് മഹ്ദിയായിരുന്നു. മഹ്ദി സുബൈദയെ പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തുപോന്നു. വല്യുപ്പ മൻസ്വൂർ മരണപ്പെടുമ്പോൾ വെറും പത്തുവയസ്സായിരുന്നു സുബൈദയുടെ പ്രായം. പിതാക്കൻമാർ നഷ്ടപ്പെട്ടുവെങ്കിലും സുബൈദ നന്നായി പഠിച്ചു മിടുക്കിയായി. കൊട്ടാരത്തിലെ വലിയ പണ്ഡിതരിൽ നിന്നായിരുന്നു സുബൈദ പഠിച്ചത്. എഴുത്തും വായനയും കർമ്മശാസ്ത്രവും മുതൽ അറബീ സാഹിത്യം വരെ വളരെ ചെറുപ്പത്തിലേ സുബൈദ കയ്യിലൊതുക്കി. സുബൈദാ രാജകുമാരി കുടുതൽ ശ്രദ്ധയോടെ പഠിച്ചതും ഗ്രഹിച്ചതും പരിശുദ്ധ ഖുർആനായിരുന്നു. ഖുർആനിന്റെ നല്ലൊരുഭാഗം അവർ കൊട്ടാരത്തിൽ വെച്ചു മനപ്പാഠമാക്കി. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെയും നല്ലകാലമായിരുന്നു അബ്ബാസീയുഗം. അതിനാൽ അക്കാലത്തെ പ്രമുഖ ഗ്രന്ഥങ്ങളും അവർ പഠിച്ചു. യവ്വനത്തിലേക്ക് പാദമൂന്നുമ്പോൾ നല്ലൊരു പണ്ഡിതയായിത്തീർന്നിരുന്നു അവർ. ഒരു ചരിത്ര നിയോഗത്തിലേക്കുള്ള കാൽവെപ്പുകളായിട്ടാണ് ഈ സാമർഥ്യങ്ങളെ ചരിത്രം കാണുന്നത്.
പിൽക്കാലത്ത് ഹാറൂൻ അൽ റഷീദ് എന്ന മഹാനായ ഖലീഫയുടെ ജീവിതവും ചരിത്രവും അടയാളപ്പെടുത്തുമ്പോൾ അഭിമാനപൂർവ്വം അതിൽ ചേർത്തെഴുതാൻ മാത്രം യോഗ്യതയുള്ള അദ്ദേഹത്തിന്റെ നല്ലപാതിയായി വളരുകയായിരുന്നു അവർ. സ്ഥാനമാനങ്ങളുടെയും കുലമഹിമയുടെയും എല്ലാ ഔന്നിത്യങ്ങളും അവർക്കുണ്ടായിരുന്നുവല്ലോ.അവരുടെ പിതാവും പിതൃവ്യനും ഭർത്താവും ഭർതൃപിതാവും മകനും വളർത്തുമകനും ഖലീഫമാരായി. കുലത്തിന്റെ കാര്യത്തിലാവട്ടെ ഖുറൈഷികളുടെ പത്തരമാററും അവർക്കുണ്ട്. ഇവയോടെല്ലാം ചേർത്തണിയാൻ അവർക്കു വേണ്ടിയിരുന്നത് ജ്ഞാനത്തിന്റെ കിരീടം തന്നെയായിരുന്നു.
വിവാഹം
ദൂരെ തക്ബീർ നാദങ്ങൾ ഉയർന്നു. സുബൈദാ രാജകുമാരി തന്റെ മനോരാജ്യത്തിൽ നിന്നും ഞെട്ടിയുണർന്നു. ആ ആരവാരങ്ങൾ സുബൈദയുടെ മനസ്സിൽ സന്തോഷത്തിന്റെ വൃഷ്ടിപരത്തി.
ബഗ്ദാദ് നഗരം കമനീയമായി അലങ്കരിച്ചിരിക്കുന്നു. കൽ വിളക്കുകളിൽ വർണ്ണ വെളിച്ചങ്ങൾ. നഗരം നിറയെ തോരണങ്ങൾ. പ്രധാനവഴികളെല്ലാം പരവതാനി വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. നഗരഭാഗങ്ങളും ഭരണസമുച്ചയങ്ങളും ഉദ്യാനങ്ങളുമെല്ലാം മോടികൂട്ടിയിരിക്കുകയാണ്. പ്രൗഢഗംഭീരമായ അൽ ഖുൽദ് കൊട്ടാരത്തിലേക്കാണ് എല്ലാവഴികളും നീളുന്നത്. അവിടെ ഒരു മംഗല്യത്തിന്റെ കേളികൊട്ടു തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഒരു രാജകീയ വിവാഹമാണ്. ഖലീഫ മഹ്ദിയുടെ മകൻ ഹാറൂൻ അൽ റഷീദാണ് വരൻ.വധു സുബൈദാ ജഅ്ഫർ
ദമ്പതികളുടെ പേരു കേൾക്കുന്നതും ശത്രുവിന്റെ മുഖത്തുപോലും സന്തോഷച്ചിരി വിരിയും. അകം കൊണ്ടും പുറം കൊണ്ടും സന്തോഷം പ്രകടിപ്പിക്കും. അത്രക്കും ചേർച്ചയാണ് ഈ യുവ മിഥുനങ്ങൾക്കിടയിൽ. യുവപോരാളിയും യുദ്ധനായകനുമായ വരൻ സ്വഭാവ-ശീലങ്ങളുടെ കാര്യത്തിലും സ്നേഹ-വിനയങ്ങളുടെ കാര്യത്തിലും എല്ലാവരുടെ പ്രശംസാപാത്രമാണ്. വധു സുബൈദ സുന്ദരിയും സുശീലയുമാണ്. രണ്ടുപേരും നന്നായി ചേരും. ഒന്നിൽ നിന്നു മുറിച്ചെടുത്ത മറെറാന്നുപോലെ.
ബാഗ്ദാദ് നഗരം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഘേഷമാണ് കല്യാണത്തിന്. സമീപ പ്രദേശങ്ങളിലെ പ്രവിശ്യാ ഭരണാധികാരികൾ മുതല്ൽ മഹാ പണ്ഡിതപ്രഭുക്കൾ വരെ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്.
അഥിതികളെ സ്വീകരിക്കുവാൻ ഓടിനടക്കുന്നത് ഉമ്മ ഖൈസുറാൻ റാണി തന്നെ. അവർക്ക് ഈ വിവാഹത്തിൽ എന്തോ പ്രത്യേക താൽപര്യമുണ്ട്. അതവരുടെ ചേഷ്ടകളിൽ പ്രകടവുമാണ്. അതിനെ കുറിച്ച് ചില സ്വകാര്യങ്ങളുണ്ട്. അതു ചുരുക്കിപ്പറഞ്ഞാൽ ഇതാണ് , ഖലീഫാ മഹ്ദിയുടെ കിരീടാവകാശിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്വാഭാവികമായും ഖലീഫയുടെ മൂത്ത മകനാണ് കിരീടാവകാശിയായിത്തീരുക. ഇതൊരു കീഴ്വഴക്കം കൂടിയാണ്.അങ്ങനെ വരുമ്പോൾ മൂത്തമകൻ മൂസാ അൽഹാദിയാണ് കിരീടാവകാശിയായി വരേണ്ടത്.ഖലീഫയുടെ ഇംഗിതവും അതുതന്നെ.
പക്ഷേ, റാണിയുടെ താൽപര്യം രണ്ടാമനായ ഹാറൂനിനെ കിരീടാവകാശിയാക്കണമെന്നാണ്. അതു കീഴ്വഴക്കങ്ങൾക്ക് എതിരാണെന്നതിനാൽ ഖലീഫക്ക് അതിനോട് യോചിക്കുവാൻ കഴിയുന്നില്ല. എന്നാൽ സമർഥയായ ഭാര്യയുടെ ഇംഗിതത്തെ അവഗണിക്കുവാൻ തെല്ലുപ്രയാസവുമുണ്ട്. അതോടൊപ്പം മൂസാ അൽ ഹാദി തെല്ലുപരുക്കൻ സ്വഭാവക്കാരനാണ് എന്നതും സ്വാഭാവികമായും ഇതു ഭരണത്തിനു അനുചിതമല്ല എന്നതും ഖലീഫക്കറിയുകയും ചെയ്യാം. ഈ വർത്തമാനങ്ങൾ ഖലീഫക്കും റാണിക്കുമിടയിൽ പുരോഗമിക്കുന്നതിനിടയിലാണ് ഈ കല്യാണം.
ഈ കല്യാണത്തിന്റെ കാര്യത്തിൽ തന്നെ ഏററവും വലിയ മുൻകൈ ഖൈസുറാൻ റാണിയുടേതു തന്നെയായിരുന്നു. തന്റെ രണ്ടു മക്കൾ ഒരേ തുലാസിന്റെ രണ്ടു തട്ടുകളിൽ നിൽക്കുമ്പോൾ തനിക്ക് താൽപര്യമുള്ള മകന് ഒരു പണത്തൂക്കം മുൻതൂക്കം നൽകുവാൻ കൂടിയാണ് റാണി ഈ താൽപര്യം കാണിക്കുന്നത്. സുബൈദ ഖുറൈഷിയായ അബ്ബാസീ രാജകുമാരിയാണ്. ഈ പ്രത്യേകത മററാർക്കുമില്ല. ഒരു അബ്ബാസീ രാജകുമാരിയുടെ ഭർത്താവുകൂടിയായിത്തീരുമ്പോൾ തന്റെ മകൻ ഹാറൂനിന് മുൻതൂക്കം ലഭിക്കും എന്നാണവരുടെ കണക്കുകൂട്ടൽ. രണ്ടു മക്കളും നേരത്തെ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഈ വിവാഹത്തിലൂടെ മേൽക്കൈ നേടുക ഹാറൂൻ തന്നെയായിരിക്കും.ഖൈസുറാൻ രാജകുമാരിയുടെ കണക്കുകൂട്ടൽ അങ്ങനെയാണ്.
അഥിതികളെല്ലാം എത്തിച്ചേർന്നു. വൻ സദ്യാവട്ടങ്ങൾ ഒരുങ്ങി. നാടും നഗരവും കൊട്ടാരത്തിലേക്ക് ഒഴുകി. അബ്ബാസികളുടെ പ്രൗഡിയുടെ നിറവും മണവും മംഗല്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. എങ്ങും പണക്കൊഴുപ്പിന്റെ തിളക്കമാണ്. വിഭവസമൃദ്ധമായ സദ്യ ഒരു രാജ്യത്തെ മുഴുവൻ പട്ടിണിക്കാരെയും ഊട്ടാവുന്നത്ര ഗംഭീരമാണ്. വന്നവർക്കെല്ലാം സമ്മാനങ്ങളുണ്ട്.അവർക്കുവേണ്ടി സ്വർണ്ണത്തിന്റേയും വെള്ളിയുടേയും നാണയത്തുട്ടുകൾ കോപ്പകളിൽ നിറച്ചു വെച്ചരിക്കുകയാണ്.
വധുവിന് അണിയാനുള്ള ആഭരണങ്ങളും അവയുടെ ആധിക്യവും പെൺവർഗം അന്നാണ് ആദ്യമായി കാണുന്നത്. അവയെല്ലാം ഒരേ സമയം വഹിക്കാൻ ആരോഗ്യ ദൃഢഗാത്രയായ സുബൈദാ രാജകുമാരിക്ക് പോലും പ്രയാസമാണ്. വധു കടന്നുവരുന്ന വഴിത്താരയിൽ മുത്തും പവിഴവുമാണ് വിതറിയിരിക്കുന്നത്. അക്കാലത്തെ ഏററവും വിലകൂടിയ വസ്ത്രങ്ങളാണ് വധുവിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അൽ ഖുൽദ് കൊട്ടാരത്തിലാണ് മംഗല്യാഘോഷം .
ഹാറൂനിന്റെ മേൽ വസ്ത്രം അക്കാലം കണ്ടതിൽ വെച്ചേററവും വലിയ വിലകൂടിയ വസ്ത്രമായിരുന്നു. മുത്തും പവിഴവും ഇഴചേർത്തുവെച്ച ആ വസ്ത്രം ഹിശാം ബിൻ അബ്ദുൽ മലിക് തന്റെ ഭാര്യ അബ്ദക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും ചരിത്രമുണ്ട്. സ്നേഹത്തിന്റെ വില മുത്തും പവിഴങ്ങളും കൊണ്ട് ആലേഖനം ചെയ്ത ആ വസ്ത്രം ഒരു ആഭരണം എന്ന നിലയിലായുന്നു കാണപ്പെട്ടിരുന്നത്. മൊത്തം അൻപതു മില്യൺ ദിർഹമോളം വരും കല്യാണച്ചിലവുകൾ
ആഘോഷങ്ങളെ ഇത്രമേൽ കൊഴുപ്പിക്കുന്ന മററുചില ഘടകങ്ങളുമുണ്ട്. കോൺസ്ററാന്റിനോപ്പിൾ കീഴടക്കിയതിന്റെ വിജയാരവത്തിന്റെ അംശമാണതിലൊന്ന്. ആ ഘട്ടത്തിൽ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു വിജയം തന്നെയായിരുന്നു അത്. റോമിനെതിരെ ആ പടനയിച്ച നായകൻ ഹാറൂനായിരുന്നു എന്നതാണ് മറെറാന്ന്. ഇതെല്ലാം ഖലീഫ മഹ്ദിയെ വല്ലാതെ പുളകമണിയിച്ചിട്ടുണ്ട്. അതിന്റെയൊരു പ്രതിഫലനമാണ് ഖജനാവ് തുറന്നുവെച്ച് ഖലീഫ നടത്തുന്ന ഈ ആഘോഷങ്ങൾ. മകൻ ഹാറൂനിന്റെ അഭിമാനകരമായ ഈ വിജയത്തിനുള്ള പാരിതോഷികമായി പിതാവ് ചാർത്തിക്കൊടുത്ത വിശേഷണമാണ് അദ്ദേഹത്തിന്റെ പേരിനുപിന്നിലുള്ള അൽ റഷീദെന്ന വിശേഷണം എന്നും അത് പിതാവ് നൽകിയത് ഈ ദിവസത്തിലായിരുന്നു എന്നുമെല്ലാം ചരിത്രവായനകളിലുണ്ട്.
അങ്ങനെ ഹിജ്റ 165ൽ അബ്ബാസികളുടെ പ്രൗഢികൾക്കിടയിൽ ഉന്നത വ്യക്തിത്വങ്ങളെ സാക്ഷിയാക്കി ഹാറൂൻ അൽ റഷീദ് സുബൈദാ ജഅ്ഫറിനെ വിവാഹം ചെയ്തു. സുബൈദ ഹാറൂനിന്റെ ഇണയായി. ഹാറൂൻ സുബൈദയുടെ തുണയായി.
കാത്തിരുന്ന കൺമണി
എല്ലാമുണ്ട്.കൊട്ടാരം, പരിചാരികമാർ, സുഖസൗകര്യങ്ങൾ അങ്ങനെയെല്ലാം. അതിലുമുപരി സദാ നുണയുന്ന ഭർതൃസ്നേഹത്തിന്റെ അമൃതും. ചരിത്രത്തിലെ ഏററവും മനപ്പൊരുത്തമുള്ള ഇണകളാണ് തങ്ങൾ. ഭർത്താവിനെ മണിയറയിൽ മാത്രമല്ല രാജ്യഭരണത്തിൽ വരെ സന്തോഷിപ്പിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും സുബൈദ വിജയിച്ചു. ആ വിജയമാണ് ഈ സ്നേഹത്തിന്റെ കാതൽ.
അതിനിടയിൽ അബ്ബാസികൾ നടത്തിവരുന്ന വിജയങ്ങളുടെ വീരകഥകളും സുബൈദയെ അഭിമാനപ്പെടുത്തുന്നുണ്ടായിരുന്നു. ആത്മീയമായ അവബോധത്തിൽ വളർന്നുവരികയും ഇസ്ലാമിക വിജ്ഞാനീയങ്ങൾ കരസ്ഥമാക്കുകയും ചെയ്ത സുബൈദക്ക് ജിഹാദികാവേശം ഒരു ഹരമായിരുന്നു. അങ്ങനെ എല്ലാമെല്ലാം ഉണ്ടായിട്ടും എന്തോ ഒരു കുറവ് തനിക്കുണ്ടെന്ന തോന്നൽ സുബൈദയുടെ ഉള്ളിൽ ചെറിയ നീറലുണ്ടാക്കി. അത് ചിലപ്പോൾ അവരെ ഓർമ്മകളിലേക്ക് തള്ളിയിട്ടു. ദീർഘമായ ചിന്തകൾ അവസാനിപ്പിച്ചതെല്ലാം ചൂടുള്ള ഒരു നിശ്വാസം കൊണ്ടായിരുന്നു. മറെറാന്നുമല്ല, ഇതുവരേയും ഒരു കുഞ്ഞിക്കാലിന്റെ അനുഗ്രഹം മാത്രം തന്നെ തേടിയെത്തിയിട്ടില്ല എന്ന സങ്കടം.
വർഷങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ മാസങ്ങളും നിരാശ കൊണ്ട് കൊട്ടിയടക്കുമ്പോൾ ജീവിതത്തിന്റെ അർഥം കൈവിട്ടുപോകുന്ന തോന്നലായിരുന്നു അവർക്ക്. കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ ആ തോന്നൽ ഒന്ന് ആളിക്കത്തി. വർഷങ്ങൾ പിന്നിടുമ്പോൾ അവരുടെ അസ്വസ്ഥത കൂടിവന്നു.
ഒരു ഇടിത്തീ പോലെയായി സുബൈദക്ക് ആ വാർത്ത. തന്റെ ഉള്ളിലെ നിരാശയുടെ നാളങ്ങൾ ഒന്നുയർന്നുകെട്ടു. മനസ്സിനുള്ളിൽ ഒരു ശോകഗീതം മെല്ലെ പടർന്നു. മറെറാന്നുമായിരുന്നില്ല ആ വാർത്ത, മറാജിൽ പ്രസവിച്ചു. ഒരാൺകുട്ടിയെ. ഹാറൂൺ റഷീദിന് ഒരു ആൺകുട്ടി ജനിച്ചിരിക്കുന്നു. തന്റെ സ്നേഹഭാജനത്തിന് ഒരു ആൺകുട്ടിയെ പ്രസവിക്കുവാനുള്ള ഭാഗ്യമുണ്ടായത് മറാജിലിനാണ്. ഹാറൂൺ റഷീദിന്റെ പേർഷ്യൻ അടിമഭാര്യയായിരുന്നു മറാജിൽ. കുട്ടിക്ക് അബ്ദുല്ലാ എന്നു പേരിട്ടു. മഅ്മൂൻ എന്ന വിളിപ്പേരും.
ഖലീഫാ ഹാറൂൻ റഷീദിന്റെ കൊട്ടാരത്തിലെ ഒരു പരിചാരകയായിരുന്നു മറാജിൽ. ഒരു പേർഷ്യൻ അടിമയായിരുന്നു അവർ. അടിമകളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ട്. സുന്ദരിയും സുമുഖിയുമായിരുന്ന മറാജിലിൽ ഖലീഫ ആകൃഷ്ടനാവുകയായിരുന്നു. അതിൽ അവർ ഗർഭിണിയായി. ആ കുഞ്ഞിനെയാണ് അവർ പ്രസവിച്ചത്. ഖലീഫാ ഹാദി മരണപ്പെട്ട ദിവസമായിരുന്നു മറാജിലിന്റെ പ്രസവം. പ്രസവത്തോടെ കൂടുതൽ അധികാരമുള്ള ഭാര്യയായി മറാജിൽ മാറി. ഉമ്മു വലദ് എന്ന പേരിൽ അവർ ഖലീഫയുടെ ജീവിതത്തിന്റെ ഔദ്യോഗിക ഭാഗമായിത്തീർന്നു. ആ സ്ഥാനമാനങ്ങൾ അനുഭവിക്കുവാൻ പക്ഷെ, മറാജിലിനു ഭാഗ്യമുണ്ടായില്ല. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം അതിന്റെ സമയത്ത് നിലക്കാതെ വരികയും അതിനെ തുടർന്ന് അവർ പനി ബാധിച്ച് തളർന്നുപോകുകയും ചെയ്തു. പിറേറന്നു തന്നെ അവർ മരിച്ചു.
മഅ്മൂന്റെ ഉമ്മയുടെ മരണം എല്ലാവരേയും ദുഖത്തിലാഴ്തി. ഖലീഫ ആ ദുഖം ഒതുക്കുവാൻ വല്ലാതെ സാഹസപ്പെട്ടു. മുലകുടിക്കുന്ന പ്രായത്തിൽ ഉമ്മ മരിച്ച മഅ്മൂനിനെ എല്ലാവരും കൃപയോടെ നോക്കി. ആ നിഷ്കളങ്കമായ കണ്ണുകളിലെ തെളിച്ചത്തിനു പിന്നിലെ ചോദ്യചിഹ്നങ്ങൾ കണ്ടവരെയൊക്കെ വേട്ടയാടി. സുബൈദക്കും അതു സഹിക്കുവാൻ കഴിയുമായിരുന്നില്ല. അവർ അവനെ കോരി കയ്യിലെടുത്തു. അവർ പറഞ്ഞു: "ഇവനെ ഞാൻ നോക്കും".
അബ്ബാസീ രാഷ്ട്രീയത്തിൽ പിന്നെയും മാററങ്ങളുണ്ടായി. ഖലീഫ മഹ്ദി മരണപ്പെട്ടു. പത്തുവർഷത്തോളം രാജ്യം ഭരിച്ച ഖലീഫ മഹ്ദി സുശീലനും മാതൃകായോഗ്യനുമായിരുന്നു. ജനോപകാരപ്രദമായ ധാരാളം പ്രവർത്തനങ്ങളും വൻ മുന്നേററങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തെ വേറിട്ടടയാളപ്പെടുത്തി. കുതിരത്തപാൽ സംവിധാനം ചരിത്രത്തിലാദ്യമായി ഇസ്ലാമിക യുഗത്തിൽ നിലവിൽ വന്നത് അക്കാലത്തായിരുന്നു. മസ്ജിദുൽ ഹറാമും മസ്ജിദുന്നബവിയും അദ്ദേഹം വിപുലീകരിച്ചു.
ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് വിലപ്പെട്ട സംഭാവനകളായിരുന്നു ഖലീഫാ മഹ്ദി നൽകിയത്. അന്യഭാഷാ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ധാരാളം വിവർത്തനം ചെയ്യപ്പെട്ടു. മൊത്തത്തിൽ ഖലീഫാ മഹ്ദിയുടെ കാലം സമാധാനത്തിന്റേതായിരുന്നു. തന്റെ ഭർതൃപിതാവുകൂടിയായ ഖലീഫയുടെ മരണത്തിൽ സുബൈദയുടെ കണ്ണുകൾ ദുഖം കൊണ്ടു നനഞ്ഞു.
ഖലീഫാ മഹ്ദിക്കു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ ഹാദി ഖലീഫയായി.ഹാദിയുടേത് പിതാവിനോളമെത്തുന്ന ഭരണമല്ലായിരുന്നു. നാട്ടിൽ ചില വിഭാഗീയതകളൊക്കെ തലപൊക്കിത്തുടങ്ങി. അതൊക്കെ വളരും മുമ്പ് പക്ഷെ, ഹിജ്റ 169ൽ ഖലീഫാ ഹാദി മരണപ്പെട്ടു. അതോടെ അധികാരം സഹോദരനും കിരീടാവകാശിയുമായിരുന്ന ഹാറൂൺ റഷീദിന്റെ കയ്യിൽ വന്നു. സുബൈദാ ജഅ്ഫർ സുബൈദാ രാജ്ഞിയായി.
ബഗ്ദാദിലെ പ്രഥമവനിതയായി മാറിയപ്പോഴേക്കും അവരുടെ ജീവിതത്തിൽ മറെറാരു സന്തോഷം കൂടി തുടികൊട്ടു തുടങ്ങിയിരുന്നു. നിരാശകളുടെ മേൽ ആ സന്തോഷം വളർന്നു പടർന്നു. മനസ്ഥാപത്തിന്റെ നീററൽ സന്തോഷത്തിന്റെ ഹർഷാരവമായി മാറി. സുബൈദാ രാജ്ഞി ഗർഭിണിയായി. അവർ ഒരു കുഞ്ഞിനു ജന്മം നൽകി. ഓമനത്വവും പ്രതാപവും വിളിച്ചറിയിക്കുന്ന തിളങ്ങുന്ന മുഖമുള്ള ഒരാൺകുട്ടി. സുകൃതങ്ങളുടെ സഹചാരികളായ മാതാപിതാക്കളുടെ നേർപകർപ്പായി ഓമനത്വമുള്ള ഒരു ആൺകുട്ടി. അവർ അവന് മുഹമ്മദ് എന്നു പേരിട്ടു. വിളിക്കുവാൻ അമീൻ എന്ന വിളിപ്പേരും.
രണ്ടു കുട്ടികളേയും സുബൈദാ രാജ്ഞി വളർത്തി. പോററുമകനേക്കാൾ സ്വന്തം മകനോട് വാത്സല്യമുണ്ടാകുന്നത് ഇവിടെ സ്വാഭാവികം മാത്രം. തന്റെ മകൻ അമീന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു അവർ. ഒന്നിനും കുറവില്ലാത്ത വിധം അവർ അവനെ വളർത്തി. അവനു ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും നൽകി. അവനെ പഠിപ്പിക്കുവാൻ വലിയ പണ്ഡിതരെ കൊട്ടാരത്തിൽ വരുത്തി. മഹാനായ ഇമാം കസാഈ(റ) തുടങ്ങിയ മഹത്തുകൾ വരെ ആ ഗുരുനിരയിലുണ്ടായിരുന്നു.
രണ്ടു കുട്ടികളും വളർന്നുവന്നു. യുവകോമളൻമാരായി. അബ്ബാസീ ഖിലാഫത്തിലെ രാജകുമാരൻമാരായി. അതോടെ അവരെ ജനം കൗതുക പൂർവ്വം നോക്കി ആത്മഗതം ചെയ്യുവാൻ തുടങ്ങി; മൂത്ത മകൻ മഅ്മൂൻ കിരീടാവകാശിയാകും. രണ്ടാമത്തെ മകൻ അമീൻ മഅ്മൂനിനു ശേഷം ഭരണാധികാരിയുമാകും.. പക്ഷെ രാജ്ഞിയുടെ ചിന്ത മറെറാരിടത്തേക്കായിരുന്നു തിരിഞ്ഞത്. തികച്ചും വിത്യസ്ഥമായ ഒരു അഭിപ്രായത്തിലേക്ക്. ക്രമേണ അതു അവരുടെ മനസ്സിനെ പിടികൂടി. ആ ചിന്തകളിൽ അവർ രാപ്പകലുകൾ തള്ളിയിട്ടു. അവർ കരുതി. തന്റെ മകൻ അമീൻ കിരീടാവകാശിയാകണം. മറാജിലിന്റെ മകൻ അതായിക്കൂടാ..
ക്ഷേമങ്ങളുടെ തൊട്ടിലിൽ
സുബൈദാ റാണിയുടെ രാഷ്ട്രീയ ഇടപെടലുകൾ ഭർത്താവ് ഖലീഫാ ഹാറൂൺ അൽ റഷീദിന് വല്ലാത്ത ഒരു സഹായമായിരുന്നു. ഭർത്താവുമായി രാജ്യകാര്യങ്ങൾ ചർച്ച ചെയ്യുവാനും പ്രജകളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഖലീഫയെ പ്രോത്സാഹിപ്പിക്കുവാനും എപ്പോഴും ഈ വലംകൈ ഉണ്ടായിരുന്നു. ക്ഷേമ ഐശ്വര്യങ്ങളുടെ കാര്യത്തിൽ ചരിത്രം വേറിട്ടടയാളപ്പെടുത്തിയ അബ്ബാസികളിലെ ഏററവും ശ്രദ്ധേയനായഭരണാധികാരിയായിരുന്നു അദ്ദേഹം.
ഇരുപത്തിരണ്ടാം വയസ്സിലാണ് ഹാറൂൺ അൽ റഷീദ് ഖലീഫയായി അവരോധിതനായത്. അബ്ബാസികളുടെ സുവർണ്ണ ഘട്ടം ഇവിടെ ആരംഭിക്കുന്നു. ഇക്കാലത്ത് ക്ഷേമവും ഐശ്വര്യവും മാത്രമല്ല വൈജ്ഞാനികവും സാമൂഹികവുമായ വൻ മുന്നേററങ്ങൾ ഇസ്ലാമിക ലോകത്തിനുണ്ടായി. സാഹിത്യവും കലകളും വിഷയീഭവിക്കാത്ത ഒരു ചർച്ചയും ഒരു വീട്ടിലുമുണ്ടായിരുന്നില്ല എന്നാണ് ചരിത്രത്തിന്റെ കാഴ്ച. ബാഗ്ദാദിൽ അദ്ദേഹം സ്ഥാപിച്ച ബൈത്തുൽ ഹിക്മ ഒരു സർവ്വകലാശാല പോലെയുള്ളതായിരുന്നു. ലോകത്തെ അന്യഭാഷാ കൃതികൾ കണ്ടെത്തി അവ അറബിയിലേക്ക് മൊഴിമാററം നടത്തുവാൻ നൂറു കണക്കിന് പണ്ഡിതരെ അദ്ദേഹം ബൈത്തുൽ ഹിക്മയിൽ നിയമിച്ചു. ഉയർന്ന ശമ്പളം അവർക്കു പ്രതിഫലമായി നൽകുകയും ചെയ്തു.
ആർഭാടം നിറഞ്ഞതായിരുന്നുവെങ്കിലും ദൈവഭയത്തിൽ നനഞ്ഞുകിടക്കുന്നതായിരുന്നു ഹാറൂൺ അൽ റഷീദിന്റെ ജീവിതം. മതകാര്യങ്ങളിൽ നിഷ്ഠ പാലിക്കുകയും മതപണ്ഡിതരെയും വലിയ വ്യക്തിത്വങ്ങളേയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഓരോ ദിവസവും നൂറ് റക്അത്ത് സുന്നത്തു നിസ്കരിക്കുകയും ഒരോ ദിവസവും ആയിരം ദിർഹം വീതം പാവങ്ങൾക്ക് ധർമ്മം നൽകുകയും പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതോടെപ്പം തന്നെ ജിഹാദികമായ ആവേശവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നു. ഒരു വർഷം ജിഹാദിനും അടുത്ത വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനും എന്ന ക്രമമായിരുന്നു അദ്ദേഹത്തിന്. ഹജ്ജിനു പോകുമ്പോൾ നൂറു പണ്ഡിതൻമാരെ സ്വന്തം ചിലവിൽ ഒപ്പം കൊണ്ടുപോകുകയും ചെയ്യും. ഈ ആത്മീയ ജീവിതത്തിലും ഒരു സജീവ സാന്നിദ്ധ്യമായി സുബൈദാ റാണിയുണ്ടായിരുന്നു കൂടെ.
ഇബ്നുസ്സിമാക്, ഇമാം കസാഈ, ഖാദീ അബൂയൂസുഫ് (റ:അ) തുടങ്ങിയ ആ കാലത്തിന്റെ പ്രമുഖരും അതീവ വിശുദ്ധരുമായ ഒരു കൂട്ടം മഹാൻമാർ ഹാറൂൺ അൽ റഷീദിനെ ഭരണത്തിൽ അകമ്പടി സേവിച്ചു. വലിയ കർമ്മശാസ്ത്രജ്ഞനായിരുന്ന അബൂ യൂസുഫായിരുന്നു മുഖ്യ ന്യായാധിപൻ. ആത്മീയ വിചാരവും അതുവഴി ലഭിക്കുന്ന മാനസിക സമാധാനവും ഇത്രക്കുമേൽ കളിയാടുകയും ജനങ്ങളെല്ലാം അതീവ സംതൃപ്തരാവുകയും ചെയ്ത ഈ ഘട്ടം ഇത്തരം സാന്നിദ്ധ്യങ്ങൾ കൊണ്ടാണ് ചരിത്ര ശ്രദ്ധ നേടിയത്.
അതേസമയം ഇസ്ലാമിന്റെയും അബ്ബാസികളുടെയും എതിരാളികൾക്ക് ഒരു പേടിസ്വപ്നവുമായിരുന്നു അദ്ദേഹം. അക്കാലത്തെ ഏററവും വലിയ എതിരാളികൾ റോമക്കാർ തന്നെയായിരുന്നു. ഇവർക്കെതിരെ നടന്ന റോമാ യുദ്ധം ചരിത്രപ്രസിദ്ധമാണ്. റോമക്കാരുടെ ശല്യത്തിനു അറുതിവരുത്തുകയും ഏഷ്യാ മൈനറിലും സിറിയൻ അതിർത്തികളിലും പട്ടാള ബാരക്കുകൾ സ്ഥാപിക്കുകയും ചെയ്തത് ഹാറൂൺ അൽ റഷീദായിരുന്നു. ഈ യുദ്ധങ്ങൾക്ക് അദ്ദേഹം നേരിട്ടായിരുന്നു നേതൃത്വം നൽകിയിരുന്നത്.
ഹാറൂൺ റഷീദിനെ റോമക്കാർക്കെതിരെ ഇത്രക്കുമേൽ പ്രകേപിപ്പിച്ചത് റോമൻ നിലപാടുകളായിരുന്നു. അബ്ബാസികളുടെ അധീനതയിലുള്ള റോമൻ നഗരങ്ങൾ ബാഗ്ദാദിന് കരം കൊടുത്തുവന്നിരുന്നു. ഹാറൂൾ അൽ റഷീദ് ഭരണാധികാരിയായതോടെ അവരതു നിറുത്തുകയും ഇനി കരം തരില്ല എന്നു പറയുവാൻ ധാർഷ്ഠ്യം കാണിക്കുകയുമായിരുന്നു. മാത്രമല്ല അവരുടെ നേതാവ് സഗൂറ തങ്ങളിതുവരെ തന്ന കരം തിരിച്ചുതരണമെന്ന് ഖലീഫാ ഹാറൂൻ അൽ റഷീദിനോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അതിനു ഖലീഫ നൽകിയ മറുപടി ഇതായിരുന്നു:
"റോമൻ പട്ടീ, ഇതിനു മറുപടി നീ വായിക്കുകയല്ല, അനുഭവിക്കുകയാണ് ചെയ്യുക".
ഇതിനെ തുടർന്നുണ്ടായ ശക്തമായ ഏററുമുട്ടലുകളിൽ റോം പരാജയപ്പെടുകയും കപ്പം തരാൻ സമ്മതിക്കുകയും ചെയ്തു. അങ്കാറ തുടങ്ങിയ നഗരങ്ങൾ മുസ്ലിംസേന തിരിച്ചുപിടിക്കുകയുമുണ്ടായി.
ഭരണം കാര്യക്ഷമമാക്കുവാൻ മന്ത്രിമാരെ നിയമിച്ചുതുടങ്ങിയത് അബ്ബാസികളും അവരിലെ സച്ചരിതനായ ഭരണാധികാരി ഹാറൂൻ അൽ റഷീദുമാണ്. ഇതോടെ ഭരണം കാര്യക്ഷമമായി എന്നു മാത്രമല്ല അധികാരം വികേന്ദ്രീകൃതവുമായി. യഹ് യ അദ്ദേഹത്തിന്റെ പുത്രൻമാർ ഫദ്ല്, ജഅ്ഫർ; എന്നിവരായിരുന്നു പ്രധാനപ്പെട്ട മന്ത്രമാർ. ഇവർ ബർമക് എന്നു പേരായ ഒരാളുടെ മക്കളായിരുന്നു. ഇറാനിലെ പേർഷ്യൻ വംശജരായിരുന്നു ഇവർ. പിൽകാലത്ത് ചരിത്രത്തിൽ വായിക്കുന്ന ബർമക്കുകൾ ഇവരാണ്. മന്ത്രിമാർ ഒരു ഭാഗത്തും, സുബൈദാ റാണിയെന്ന ഭാര്യ മറുഭാഗത്തും ഹാറൂൺ അൽ റഷീദിന്റെ വലയും ഇടതും സജീവമായതോടെ ബാഗ്ദാദ് തിളങ്ങുവാൻ തുടങ്ങി.
സുബൈദാ റാണിക്ക് ഹാറൂൻ അൽ റഷീദിന്റെ മനസ്സിന്റെ എല്ലാ അറയും അറിയാം. അദ്ദേഹത്തിന്റെ സ്നേഹമസൃണമായ സാന്നിദ്ധ്യം റാണിയുടെ മനസ്സിനെ പുഷ്പിണിയാക്കി. എപ്പോഴും ചിരിച്ചും കളിച്ചും മക്കളെ ഓമനിച്ചും അവരുടെ കൊട്ടാരം ഹർഷപുളകിതമായി. എല്ലാം പക്ഷെ, ആത്മീയതയുടെ അതിരുകൾക്കുള്ളിൽ മാത്രമായിരുന്നു. മകൻ അമീൻ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തിൽ സഹായിക്കുവാൻ ഈ ഉമ്മക്കു കഴിയും. ഖുർആൻ അവർക്കും ഏതാണ്ട് മനപ്പാഠമാണല്ലോ. താൻ പ്രസവിച്ചതല്ലെങ്കിലും മഅ്മൂനും സമർഥനായി വളരുകയാണ്. തന്റെ സ്വന്തം മകൻ ഒരു പണത്തൂക്കം എല്ലായ്പോഴും മുന്നിൽ നിൽക്കണമെന്നാണ് റാണിയുടെ ഉള്ളിലെ മോഹം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso