Thoughts & Arts
Image

നൻമയുടെ റാണി / രണ്ട്

25-08-2023

Web Design

15 Comments





വളയിട്ട കൈകളുടെ കരുത്ത്.



കിഴക്ക് ചൈന വരേയും പടിഞ്ഞാറ് സ്പെയിൻ വരേയും നീണ്ടു കിടക്കുന്ന ഒരു വലിയ സാമ്രാജ്യമായിരുന്നു അമവികൾ അബ്ബാസികൾക്ക് കൈമാറിയത്. ഒരിക്കൽ തന്റെ ആകാശത്തിലൂടെ കടന്നുപോകുന്ന മേഘത്തെ നോക്കി ഹാറൂൻ റഷീദ് തന്നെ പറയുന്നുണ്ട്:



മേഘമേ, നീ എവിടെപ്പോയി പെയ്താലും എനിക്കു പരാതിയില്ല, കാരണം നിന്റെ തുള്ളികൾ വീഴുന്നത് എന്റെ മണ്ണിലായിരിക്കും.



അത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഹാറൂൺ റഷീദിന്റെ നാട് ഉണർന്നു. ക്ഷേമം കളിയാടി. മികച്ച ഭരണമായിരുന്നു ഹാറൂൺ റഷീദ് കാഴ്ചവെച്ചത്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ഇസ്ലാം രണ്ടു ശക്തികലൂടെ പിൻബലം കാണുന്നുണ്ട്. രണ്ടു സ്ത്രീകളുടെ. ഒന്ന് ഹാറൂൻ റഷീദിന്റെ മാതാവ് ഖൈസുറാൻ റാണിയുടെയും മറെറാന്ന് .



അത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഹാറൂൺ റഷീദിന്റെ നാട് ഉണർന്നു. ക്ഷേമം കളിയാടി. മികച്ച ഭരണമായിരുന്നു ഹാറൂൺ റഷീദ് കാഴ്ചവെച്ചത്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ഇസ്ലാം രണ്ടു ശക്തികലൂടെ പിൻബലം കാണുന്നുണ്ട്. രണ്ടു സ്ത്രീകളുടെ. ഒന്ന് ഹാറൂൻ റഷീദിന്റെ മാതാവ് ഖൈസുറാൻ റാണിയുടെയും മറെറാന്ന് ഭാര്യ സുബൈദാ റാണിയുടേയും. ഈ രണ്ടു കരങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിൻബലം. എല്ലാ കാര്യങ്ങളും അവരോട് ചോദിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു മാത്രം നടപ്പിലാക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇവരിൽ ഒരടി മുന്നിൽ നിന്നിരുന്നത് സുബൈദാ റാണിതന്നെയായിരുന്നു.



അപാരമായ ബുദ്ധി വൈഭവവും ആഴമുള്ള അറിവും തെളിമയുള്ള മനസ്സും കൂടിചേർന്നതായിരുന്നു സുബൈദാ റാണി. ഭരണകാര്യങ്ങളിലാവട്ടെ, ജീവിതകാലം മുഴുവനും അവർ ഭരണചക്രത്തിനു തൊട്ടുതന്നെയായിരുന്നുവല്ലോ. അവരുടെ പിതാവ് ജഅ്ഫര്ർ ബിൻ മൻസ്വൂർ അബ്ബാസികളിലെ ഏററവും മഹാനായ ഭരണാധികാരിയായിരുന്നു. അവരുടെ സഹോദരൻമാർ ഖലീഫമാരായിരുന്നു. അവർ ഒരു ഖലീഫയുടെ ഭാര്യയായിരുന്നു. ഖലീഫാ ഹാറൂൻ റഷീദിന്റെ. അവർ രണ്ടു ഖലീഫമാരുടെ മാതാവുമായിരുന്നു. ഖലീഫാ അമീനിന്റെ പെററുമ്മയും ഖലീഫാ മഅ്മൂനിന്റെ പോററുമ്മയും. അതുകൊണ്ട് രാഷ്ട്രീയം മുതൽ രാജ്യതന്ത്രം വരെ അവർക്കു മനപ്പാഠമായിരുന്നു. പിന്നെ അറിവിന്റെ കാര്യത്തിലാവട്ടെ, അബ്ബാസീ കൊട്ടാരങ്ങളിൽ അവർക്കു ആ കാലത്തിന്റെ എല്ലാ അറിവുകളും ലഭിച്ചിരുന്നു. ഇങ്ങനെ സുബൈദാ റാണി അനുഭവത്തിലും അറിവിലും ആ കാലത്തിന്റെ മുന്നിൽ നിന്ന സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളിലും ഹാറൂൺ റഷീദ് ഭാര്യയുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. സുബൈദയുടെ അഭിപ്രായം പരിഗണിച്ച് താൻ കൈക്കൊണ്ട പല തീരുമാനങ്ങളൂം അദ്ദേഹം പുനപ്പരിശോധിക്കുക വരെ ചെയ്തിട്ടുണ്ട്.



സാഹിത്യവും അറിവും അവരുടെ ഏററവും വലിയ വികാരങ്ങളായിരുന്നു. അല്ലെങ്കിലും സാഹിത്യം അബ്ബാസീ യുഗത്തിന്റെ ഏററവും വലിയ ചാരുതയായിരുന്നുവല്ലോ. ധാരാളം സാഹിത്യ സദസ്സുകൾ രാജ്യത്തുടനീളം സദാ നടക്കുമായിരുന്നു. കൊട്ടാരങ്ങളാവട്ടെ അവയുടെ രംഗവേദികളുമായിരുന്നു. ആ കാലത്തെ സാധാരണ ജനങ്ങളിൽ നിന്നും വളരെ ഉന്നതമായ ഭാഷാവ്യുൽപ്പത്തി കൊണ്ടനുഗ്രഹീതയായിരുന്നു സുബൈദാ റാണി.



ഒരിക്കൽ അവർക്ക് ഒരു ഉദ്യോഗസ്ഥ പ്രമുഖൻ ഒരു കത്തെഴുതുകയുണ്ടായി. അതിൽ അയാൾ ആശംസാ ഭാവത്തിൽ അവിടുത്തെ ഔതാര്യം എന്നെന്നും നിലനിൽക്കുമാറാവട്ടെ (അദാമല്ലാഹു കറാമത്തക്കി) എന്ന് ആശംസിച്ചിരുന്നു. അതുവായിച്ചതും അതേ കത്തിന്റെ പുറത്ത് അവർ ഇങ്ങനെ എഴുതി:



നിങ്ങൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം, അല്ലെങ്കിൽ നാം നിങ്ങളെ പിരിച്ചുവിടും.



റാണിയുടെ ഗുരുതരമായ താക്കീത് കണ്ടു ഞെട്ടിയ ആ ഉദ്യോഗസ്ഥൻ കാര്യമെന്തെന്നറിയാതെ വിഷമിച്ചു. പല സാഹിത്യകാരെയും സമീപിച്ച് റാണിയെ പ്രകോപിപ്പിച്ച പ്രയോഗം ഏതാണ് എന്ന് അന്വേഷിച്ചു. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് കാര്യം മനസ്സിലായത്. അറബിയിൽ അദാമല്ലാഹു കറാമത്തക്കി എന്ന പ്രയോഗത്തിന് മരണശേഷമുള്ള ഒന്നത്യം നീണാൾ വാഴട്ടെ എന്നാണ് അർഥമെന്ന്. പൊതുവെ സാധാരണ സാഹിത്യകാർക്കുപോലും അറിയാത്ത പ്രയോഗങ്ങളും മററും അറിയാവുന്ന ഒരു സാഹിത്യകാരിയായിരുന്നു അവർ എന്ന് ഇതു തെളിയിക്കുന്നു.



അക്കാലം കണ്ട ഏററവും വലിയ പണ്ഡിതരെയും സാഹിത്യ പടുക്കളെയും കൊട്ടാരത്തിൽ ഇടക്കിടക്ക് അവർ വിളിച്ചുകൂട്ടുമായിരുന്നു. അവരുമായി വലിയ വലിയ അക്കാദമിക ചർച്ചകളിൽ ഏർപ്പടുവാൻ അവർ സമയം കണ്ടെത്തുമായിരുന്നു. ജാഹിള്, അബുൽ അതാഹിയ്യ, അബൂ നവാസ്, ഹുസൈൻ ബിൻ ളഹ്ഹാക് തുടങ്ങിയ സാഹിത്യകാരൻമാർ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു.



മതപണ്ഡിതരായിരുന്ന ഇമാം അബൂ ഹനീഫ(റ), ഔസാഈ(റ), മാലിക് ബിൻ അനസ്(റ) തുടങ്ങിയവർ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിലൂടെ അവർ തന്റെ മതപരമായ അറിവിനെയും തഖ് വയെയും ഊതിക്കാച്ചിയെടുത്തു. ഖലീൽ ബിൻ അഹ്മദ്, അഖ്ഫഷ്, സീബവൈഹി തുടങ്ങിയ ഭാഷാ പണ്ഡിതൻമാരെയും അവർ പലപ്പോഴും വിളിച്ചുവരുത്തി. അങ്ങനെ മതവും സാഹത്യവും ഭാഷയും എല്ലാം ചേർന്ന ഒരു ജീവിതമായിരുന്നു അവരുടേത്. ആണായിരുന്നുവെങ്കിൽ അബ്ബാസികളിൽ സ്വന്തം പിതാവിനെയും ഭർത്താവിനേയും കവച്ചുവെക്കുമായിരുന്നേനെ അവർ എന്ന് ചരിത്രത്തിൽ ഒരു സംസാരം തന്നെയുണ്ട്. ആയിരത്തൊന്ന് അറേബ്യൻ രാവുകൾ എന്ന വിഖ്യാത സൃഷ്ടി ജനിച്ച കാലം ഇതു തന്നെയായിരുന്നു. ഈ സാഹിത്യ സൃഷ്ടിയുടെ പിറവിക്കു പിന്നിലുമുണ്ട് അമത്തുൽ അസീസ് എന്നു വിളിക്കപ്പെടുന്ന ഈ റാണിയുടെ കൈകൾ. ഇതിൽ പറയുന്ന കഥകളിലെ രാജാവും രാജകുമാരിയും സുബൈദ-ഹാറൂൻ ദമ്പതിമാരാണ് എന്നു വരെ ഈ സംസാരം എത്തിനിൽക്കുന്നുണ്ട്.



തന്റെ പഠനങ്ങൾക്കുപരി അവർ ഈ സാഹിത്യ സാംസ്കാരിക സംഗമങ്ങളെ ഉപയോഗപ്പെടുത്തിയത് പൊതുജനങ്ങളുടെ അറിവുകളെ വളർത്തുവാൻ വേണ്ടി കൂടിയായിരുന്നു. മററു ഭാഷകളിൽ നിന്നും അറബിയിലേക്ക് വിഖ്യാത കൃതികൾ മൊഴിമാററം ചെയ്യുവാനും വലിയ ഗ്രന്ഥങ്ങൾ കൊട്ടാരത്തിലെ കുതുബു ഖാനയിൽ എത്തിക്കുവാനും അവയെല്ലാം കാര്യക്ഷമമായി നോക്കിനടത്തുവാനും വലിയ സംഖ്യ തന്നെ സുബൈദാ റാണി ചെലവഴിച്ചിരുന്നു.



ബുദ്ധിയിലും അറിവിലും ഭംഗിയിലുമെല്ലാം ആ കാലത്തെ മികച്ച സ്ത്രീയായിരുന്നു സുബൈദ. പക്ഷെ, ജീവിതത്തിന്റെ എല്ലാ തരം നിറവും മണവും അവരുടെ കയ്യെത്താവുന്ന ദൂരത്തുണ്ടായിരുന്നുവെങ്കിലും അവരുടെ മതപരമായ അസ്തിത്വം അവർ കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്നു. ഖുർആനായിരുന്നു അവരുടെ ഏററവും വലിയ വികാരം. നൂറിലധികം ദാസിമാർ അവർക്കുണ്ടായിരുന്നുവെന്നും അവരൊക്കെയും ഖുർആൻ മനപ്പാഠമാക്കിയവരായിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്. ഖുർആൻ പാരായണത്തിൽ ഈണത്തിൽ ഒരു തേനീച്ചക്കൂടിന്റെ സമീപത്തുണ്ടാകുന്ന മൂളക്കം അവരുടെ അന്തപ്പുരത്തിൽ സദാ ഉയർന്നുനിന്നിരുന്നു. ഖുർആനുമായുള്ള ഈ ബന്ധമാണ് അവരെ മതപരമായ പച്ചപ്പിൽ പിടിച്ചുനിറുത്തിയത്. അച്ചടക്കവും വിനയവും ഔതാര്യതയുമെല്ലാം ഈ വഴിക്കാണ് അവരുടെ ജീവിതത്തിലേക്കു വന്നുകയറിയത്.



നല്ല ഇണയും നല്ല തുണയും



വളരെ മനപ്പൊരുത്തമുള്ള രണ്ടു ഇണകളായിരുന്നു ഹാറൂൻ റഷീദും സുബൈദയും. ഹറൂൻ റഷീദ് എല്ലാ കാര്യങ്ങളും ഭാര്യയുമായി ചർച്ച ചെയ്യുമായിരുന്നു. അവളുടെ അഭിപ്രായത്തിനു പ്രത്യേക പരിഗണന നൽകുകയും ചെയ്യുമായിരുന്നു. നല്ല രീതിയിൽ ഒരു ക്ഷേമ രാജ്യം മുന്നോട്ടു പോകുന്ന ആ കാഴ്ച കണ്ട് പലരും അടക്കം പറഞ്ഞിരുന്നതു തന്നെ ഭരിക്കുന്നത് ഹാറുനല്ല, സുബൈദയാണ് അതുകൊണ്ടാണിത് എന്നായിരുന്നു. എല്ലാ യാത്രകളിലും ഭാര്യ ഒപ്പമുണ്ടായിരിക്കണമെന്നത് ഹാറൂൺ റഷീദിന്റെ നിർബന്ധമായിരുന്നു. ഹജ്ജിനും ഉംറക്കും വേണ്ടിയുള്ള തീർഥയാത്രകൾ മുതൽ യുദ്ധയാത്രകളിൽ പോലും ഭാര്യ ഒപ്പമുണ്ടാകുമായിരുന്നു. സുബൈദയുടെ ഇടപെടൽ എപ്പോഴും നൻമ മാത്രം വരുത്തി. അവരുടെ തലയണമന്ത്രങ്ങൾക്കു വരെ നൻമയുടെ ചൂടും ചൂരുമായിരുന്നു. ഇതൊക്കെ അവർക്കും അറിയാമായിരുന്നു. എന്നാൽ തന്റെ സ്വാധീനത്തിന്റെ കാര്യത്തിൽ അവർക്ക് ഒരു അഹങ്കാരവുമുണ്ടായിരുന്നില്ല. അവരെപ്പോഴും പ്രാണനാഥനെ ബഹുമാനത്തോടും അനുസരണയോടും കൂടി മാത്രം സമീപിച്ചു.



ഒരിക്കൽ ഭാര്യയും ഭർത്താവും തമ്മിൽ ഒരു കൊച്ചു അഭിപ്രായവ്യത്യാസമുണ്ടായി. രണ്ടു തരം പഴങ്ങളായിരുന്നു വിഷയം. ഒരാൾ നല്ലത് ഇതാണെന്ന് വാദിക്കുമ്പോൾ മറെറയാൾ അല്ല, ഇതാണ് നല്ലത് എന്നു വാദിക്കുകയായിരുന്നു. ഈ സൗഹൃദ തർക്കം കുറച്ചുനേരം നീണ്ടുനിന്നു. അതിനിടെ ഖാളീ അബൂ യൂസുഫ് ഖലീഫയെ കാണുവാൻ കൊട്ടാരത്തിലേക്കുവന്നു. ആസ്ഥാന ജഡ്ജായിരുന്ന അദ്ദേഹത്തിന്റെ മേശപ്പുറത്തേക്കിട്ടു രണ്ടുപേരും തങ്ങളുടെ തർക്കം.



ഖാളി പറഞ്ഞു: രണ്ടു പഴങ്ങളും തിന്നുനോക്കാതെ വിധി പറയുവാനാവില്ല എന്ന്. ഉടനെ രണ്ടു പഴങ്ങളും വരുത്തി. ഖാളി രണ്ടു ഇനവും നന്നായി കഴിച്ചു. തർക്കം ഒരു സൗഹൃദ തർക്കമാണ് എന്നറിയുന്നതിനാൽ ഖാളി വയറു തടവി ഏമ്പക്കം വിട്ടെന്നോണം ഖലീഫയോട് പറഞ്ഞു:



ഖലീഫാ, രണ്ടു പഴങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ല, കണ്ടില്ലേ വയററിൽ രണ്ടുപേരും രാജിയായി കിടക്കുന്നു... അതും പറഞ്ഞ് ഖാളി ചിരിച്ചപ്പോൾ ഖലീഫയും അതിൽ പങ്കുകൊണ്ടു. ഖലീഫ ഖാളിക്ക് ആയിരം ദിർഹം സമ്മാനം കൊടുത്തു. ഖലീഫ ഖാളിക്ക് സമ്മാനം കൊടുത്തത് സുബൈദാ റാണിയറിഞ്ഞു. അവരും കൊടുത്തു സമ്മാനം. 999 ദിർഹം.ഒരു ദിർഹം കുറച്ചത് ഭർത്താവായ ഖലീഫയേക്കാൾ താൻ ഒപ്പമെത്തുകയോ മറികടക്കുകയോ അരുത് എന്നു കരുതിയാണ്.



നല്ല ഇണയും തുണയുമായി അവരിരുവരും ജീവിത നൗക തുഴഞ്ഞു. അവരുടെ സംരക്ഷണത്തിൽ അബ്ബാസികളുടെ നാട് മാത്രമല്ല സ്വന്തം മക്കളും വളർന്നു. സ്വന്തം മകൻ അമീനിനോടു തന്നെയായിരുന്നു അവരുടെ മനസ്സിന്റെ ചായ്വ്. അതു തികച്ചും സ്വാഭാവികമാണുതാനും. എന്നാൽ മറാജിൽ പ്രസവിച്ച മഅ്മൂനിനെ അവർ ഒരിക്കലും അവഗണിച്ചില്ല. താനേറെ ഇഷ്ടപ്പെടുന്ന സ്വന്തം ഭർത്താവിന്റെ ചോരയായതിനാലും മഅ്മൂനിന്റെ ഉമ്മ മരിച്ചുപോയതിനാലും പ്രത്യേകിച്ചും. അവനും സ്നേഹം നൽകി.എല്ലായിടത്തും അമീനായിരിക്കണം മുമ്പിൽ എന്ന ഒരു ചിന്തയുണ്ടായിരുന്നു എന്നതൊഴിച്ചാൽ ഒരു വ്യത്യാസവും അവർ കാണിക്കുമായിരുന്നില്ല. ഖുർആനിനോടും മതബോധത്തോടുമുള്ള അവരുടെ അടുപ്പത്തിന്റെയും അനുരാഗത്തിന്റെയും സ്വാധീനം മാത്രമാണ് ഈ നൻമകൾക്കെല്ലാം കാരണമായി ചരിത്രകാരൻമാർ കാണുന്നത്. ഖുർആനിനോടുള്ള അവരുടെ ആത്മബന്ധം കാണിക്കുന്ന മറെറാരു സംഭവം കൂടി ചില ചരിത്രങ്ങളിൽ കാണാം.



ഒരിക്കൽ അവരുടെ ഒരു വില കൂടിയ മോതിരം കാണാതായി. അരിച്ചുപെറുക്കിയിട്ടും മോതിരം കിട്ടിയില്ല. മോതിരം നഷ്ടപ്പെട്ടതിൽ അത്രക്കു കുണ്ഠിതപ്പെടേണ്ട കാര്യമൊന്നും ബഗ്ദാദിലെ റാണിക്കില്ലെങ്കിലും തന്റെ അന്തപ്പുരത്തിൽ ഒരു മോഷണം നടക്കുന്നത് അവർക്ക് അചിന്തനീയമായിരുന്നു. അവസാനം അവർക്കു വാശിയായി. അവർ ഒരു ജോത്സ്യനെ വരുത്തി. കണക്കുകൾ നോക്കി ജോത്സ്യൻ പറഞ്ഞു: മോതിരം എടുത്തത് അല്ലാഹുവാണ് എന്നാണ് തെളിയുന്നത്.



അതുകേട്ട റാണിക്ക് അതൊരു പരിഹാസമായിട്ടാണ് തോന്നിയത്. അവർ ഭീഷണിയുടെ സ്വരത്തിൽ ജോത്സ്യനെ നോക്കിയതോടെ ജോത്സ്യൻ വിറക്കുവാൻ തുടങ്ങി. തന്റെ അറിവും കണക്കും വെച്ചുനോക്കുമ്പോൾ തെളിയുന്നത് അതുമാത്രമാണ് എന്ന് ജോത്സ്യൻ തീർത്തു പറഞ്ഞു. അവസാനം അയാളെ വിട്ടു. അവർ തന്റെ ആരാധനകളിലേക്കു പോയി. വുളൂഅ് ചെയ്തു മുസ്ഹഫ് തുറന്നപ്പോഴായിരുന്നു അവർ കണ്ടത്, മുസ്ഹഫിന്റെ ഉള്ളിലുണ്ട് മോതിരമിരിക്കുന്നു. അടയാളം വെക്കുവാൻ അവർ തന്നെ നേരത്തെ എപ്പോഴോ തന്റെ മോതിരം ഊരിവെച്ചതായിരുന്നു.



(ഇവിടെ ജ്യോൽസ്യൻ എന്ന പ്രയോഗം ഇസ്ലാമിക പരമായി പ്രശ്നം വെച്ചു നോക്കുന്ന വ്യക്തി എന്നായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്)



പാവങ്ങളുടെ ഒരു സഹായക്കയ്യായിരുന്നു സുബൈദാ റാണി. അതീവ രഹസ്യമായി അവർ ധാരാളം സ്വദഖകൾ ചെയ്യുമായിരുന്നു. വേദനയും യാതനയും പറഞ്ഞുകൊണ്ട് ദൈന്യമായി അവരുടെ കണ്ണുകളിലേക്ക് നോക്കിനിന്ന ഒരാൾക്കും നിരാശപ്പെട്ടു മടങ്ങേണ്ടതായിവന്നിട്ടില്ല. വലിയ തുക സ്വദഖയായി നൽകുന്നത് ഭർത്താവായ ഹാറൂൺ റഷീദ് കാണുന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അതിലൊട്ടും അനിഷ്ടം പ്രകടിപ്പിക്കുമായിരുന്നില്ല. അദ്ദേഹവും അക്കാര്യത്തിൽ ഒട്ടും പുറകിലായിരുന്നില്ലല്ലോ. ഭാര്യയും ഭർത്താവും മത്സരിച്ചെന്നോണം ദാനധർമ്മങ്ങൾ ചെയ്യുവാൻ തുടങ്ങിയതോടെ രാജ്യമൊട്ടാകെ രണ്ട് ഐശ്വര്യങ്ങൾ കളിയാടി. ഒന്ന് അല്ലാഹുവിന്റെ പ്രതിഫലമായുള്ള ഐശ്വര്യവും രണ്ടാമത്തേത് സുഭിക്ഷതയുടെ ഐശ്വര്യവും. എണ്ണത്തിലും വണ്ണത്തിലും തുകയിലുമെല്ലാം ഹാറൂൺ റഷീദിന്റെ സംഭാവനകളായിരുന്നു മുന്നിൽ. പക്ഷെ, ഫലത്തിന്റെ കാര്യത്തിൽ സുബൈദാ റാണിയുടേതായിരുന്നു. അത് ഖലീഫ തന്നെ മനസ്സിലാക്കിയിരുന്നു.



കണ്ട കച്ചവടവും കാണാ കച്ചവടവും



ഖലീഫാ ഹാറൂൻ റഷീദിന്റെ പത്നി സുബൈദാ രാജ്ഞി ഒരു വഴിയിലൂടെ എങ്ങോട്ടോ പോകുകയാണ്. വഴിവക്കിൽ ഒരിടത്ത് ആരൊക്കെയോ കൂട്ടം കൂടിയിരിക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. അവർ ഇറങ്ങി നോക്കുമ്പോൾ ബുഹ് ലൂലും കുറേ കുട്ടികളുമാണ്. പ്രത്യക്ഷത്തിൽ ഭ്രാന്തനെന്നു തോന്നിക്കുന്ന ആഴമുള്ള ജ്ഞാനവും തത്വചിന്തയുമുള്ള ഒരു വ്യക്തിത്വമായിരുന്നു ബുഹ് ലൂൽ. ഹാറൂൺ റഷീദിന്റെ ബന്ധു മാത്രമല്ല, കൊട്ടാരത്തിൽ അനുമതി തേടാതെ എപ്പോൾ വേണമെങ്കിലും കടക്കാവുന്ന ആളുമായിരുന്നു ബുഹ് ലൂൽ.



കുട്ടികളുടെ ഇടയിൽ ഇരുന്ന് ബുഹ് ലൂൽ മണ്ണിൽ ഒരു വീടിന്റെ ചിത്രം കോറുകയാണ്. രാജ്ഞിക്കു കൗതുകം തോന്നി. രാജ്ഞി ചോദിച്ചു:



ഇതെന്താണ് നിങ്ങൾ ചെയ്യുന്നത്?



കണ്ടില്ലേ, ഞങ്ങൾ ഒരു വീടുണ്ടാക്കുകയാണ്



ഇതു നല്ല വീടാണല്ലോ, വലിയ ആൾക്കാർക്കൊക്കെ പാർക്കുവാൻ പററിയ വീട്. ഏതായാലും ഞാൻ നിങ്ങളുടെ അടുക്കൽ നിന്നും ഈ വീട് വിലക്കുവാങ്ങുവാൻ ഉദ്ദേശിക്കുന്നു.



ഈ വീടോ?



അതെ, ഈ വീടു തന്നെ, എത്രയാണ് വില? പറഞ്ഞോളൂ..



എനിക്കും എന്നെ വീടു നിർമ്മിക്കുവാൻ സഹായിക്കുന്ന ഈ കൂട്ടുകാർക്കും കൂടി മൊത്തം ആയിരം ദീനാർ



അങ്ങനെ വെറും മണ്ണിൽ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വരകൾ മാത്രമായ ആ സാങ്കൽപ്പിക വീട് ആയിരം ദീനാർ നൽകി സുബൈദാ രാജ്ഞി വാങ്ങി.



ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഖലീഫ ഹാറൂൺ റഷീദ് ഒരു സ്വപ്നം കണ്ടു. സ്വർഗത്തിലെ ഒരു കൊട്ടാരത്തിലേക്കു താൻ ചെല്ലുന്നതും അതിലേക്കു കയറുവാൻ ശ്രമിക്കുമ്പോൾ ഇതു സുബൈദാ രാജ്ഞിയുടെ കൊട്ടാരമാണ് എന്നു പറഞ്ഞ് തടയുന്നതുമായിരുന്നു സ്വപ്നം. സ്വപ്നം കണ്ടതിന്റെ പിറേറന്ന് ഖലീഫ തന്റെ സദസ്സിൽ സ്വപ്നം അവതരിപ്പിച്ചു. രാജ്ഞി എന്തു നന്മയാണ് അതിനായി ഈയടുത്ത് ചെയ്തത് എന്നു അന്വേഷിക്കണമെന്നായിരുന്നു കൊട്ടാരം വ്യാഖ്യാതാക്കളുടെ പക്ഷം.



അതനുസരിച്ച് ഖലീഫ ഭാര്യയോട് കാര്യം ചോദിച്ചു. ഒരുപാട് നന്മകൾ ചെയ്യുന്ന തരക്കാരിയായിരുന്നതിനാൽ സ്വർഗത്തിലെ കൊട്ടാരം കിട്ടുവാനുണ്ടായ നന്മ അവർക്കു പെട്ടന്ന് ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല. എങ്കിലും കുറേ കഴിഞ്ഞപ്പോൾ അവർക്ക് ബുഹ്ലൂലിൽ നിന്നും വീടു വാങ്ങിയ സംഭവം ഓർമ്മവന്നു. അതുതന്നെയാകും കാരണം എന്നു കേട്ടവരെല്ലാം പറഞ്ഞു. അതോടെ ഖലീഫയുടെ മനസ്സിൽ ഒരാഗ്രഹം ഉടലെടുത്തു. ബുഹ് ലൂലിന്റെ കയ്യിൽ നിന്നും തനിക്കും ഒരു വീട് വാങ്ങിക്കണം.



പിറേറന്ന് ഖലീഫ ബുഹ് ലൂലിനെയും തിരക്കിയിറങ്ങി. പ്രതീക്ഷിച്ചതുപോലെ ബുഹ് ലൂൽ ഒരിടത്ത് കുട്ടികളുടെ ഇടയിൽ മണ്ണിൽ വീടിന്റെ ചിത്രവും കോറി ഇരിക്കുന്നുണ്ടായിരുന്നു. ഖലീഫ അവിടെയെത്തി. ഒരു വൃത്തിയും വെടിപ്പും ആകർഷണവുമില്ലാത്ത ആ വീടിന്റെ കോലം കണ്ട് ഖലീഫക്ക് പരിഹാസം തോന്നി. ഏതായാലും ആഖിറത്തിൽ ഒരു സ്വർഗവീട് കിട്ടുവാൻ വേണ്ടിയാണല്ലോ, അതിനാൽ എല്ലാം ഒതുക്കി ഖലീഫ ബുഹ് ലൂലിനോട് പറഞ്ഞു:



ഈ വീട് എനിക്കു വേണം, എത്രയാണ് വിലയെങ്കിൽ പറഞ്ഞുകൊള്ളുക



ബുഹ് ലൂൽ അൽപം ആലോചിച്ചു നിന്നു പിന്നെ പറഞ്ഞു:



അമീറുൽ മുഅ്മിനീൻ, ഇതിനു വില അൽപ്പം കൂടുതലാണ്.



അതു സാരമില്ല, എത്രയാണെങ്കിലും പറഞ്ഞുകൊള്ളൂ



നൂറു ചാക്ക് സ്വർണ്ണവും പിന്നെ അൻപതു വലിയ തോട്ടങ്ങളും പിന്നെ...... ഒരു വലിയ പട്ടിക തന്നെ നിരത്തി ബുഹ്ലൂൽ.



വില കേട്ട് ഖലീഫ അത്ഭുത പരതന്ത്രനായിപ്പോയി. ഒരാൾക്കൊന്നു കടന്നിരിക്കുക പോലും ചെയ്യുവാൻ കഴിയാത്ത ഈ വെറും വരവീടിന് ഇത്രയും വലിയ വിലയോ?, അദ്ദേഹം ആലോചിച്ചു.



ഖലീഫ ചോദിച്ചു: കഴിഞ്ഞ ദിവസം താങ്കൾ സുബൈദക്ക് ഇതേ പോലുള്ള ഒരു വീട് വിററത് ആയിരം ദീനാറിനായിരുന്നുവല്ലോ. ഇന്ന് എനിക്ക് ഇങ്ങനെ വില കൂടുവാൻ എന്താണു കാരണം?
ബുഹ് ലൂൽ സ്വതസിദ്ധമായ ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു:



അമീറുൽ മുഅ്മിനീൻ, സുബൈദ രാജ്ഞി വാങ്ങിച്ചത് കണ്ടിട്ടില്ലാത്ത വീടാണ്. അതു വാങ്ങൂമ്പോൾ അതുകൊണ്ടു കിട്ടുന്ന വീടിന്റെ അലങ്കാരങ്ങളും പ്രത്യേകതകളും അവർക്കറിയില്ലായിരുന്നു. താങ്കൾ അങ്ങനെയല്ല, കിട്ടാനിരിക്കുന്ന ആ വീട് കണ്ടിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ വില കൂടും..



ബുഹ് ലൂൽ വീണ്ടും ഖലീഫാ ഹാറൂൺ റഷീദിന്റെ മനസ്സിനെയും ശ്രദ്ധയെയും ചിന്തകളുടെ തിരമാലകളിലേക്ക് തള്ളിവിടുകയായിരുന്നു.



നൻമയുടെ കയ്യൊപ്പ്



ഹിജ്റ 186 ലെ ഹജ്ജ് യാത്ര സുബൈദാ റാണിയെ ചരിത്രത്തിൽ വേറിട്ടടയാളപ്പെടുത്തിയ സംഭവമായിരുന്നു. തന്റെ വ്യക്തിപരമായ ഔന്നത്യങ്ങൾക്കുപുറമെ സുബെദാ റാണി ചരിത്രത്തിൽ ഇടം പിടിക്കുന്ന വലിയ ഒരു ദാനത്തിന് കളമൊരുങ്ങിയ യാത്രയായിരുന്നു ഇത്.



ബഗ്ദാദിൽ നിന്നും പരുശുദ്ധ മക്കയിലേക്കുള്ള ആ യാത്രയിൽ അവർ നേരിട്ടുകണ്ട ഏററവും വലിയ ദുരിതമായിരുന്നു മക്കയിലെ ജലക്ഷാമം. പർവ്വതങ്ങളാൽ ചുററപ്പെട്ട മരുഭൂമിയായ മക്കയിൽ തീർഥാടന സമയങ്ങളിൽ വിശ്വാസികൾക്കു വേണ്ടത്ര വെള്ളം ലഭിക്കുവാനില്ലാതെ ബുദ്ധിമുട്ടുന്നത് അവർ കണ്ടു. വെള്ളത്തിനുവേണ്ടി ജനങ്ങൾ കഷ്ടപ്പെടുക മാത്രമല്ല ദൂരദിക്കുകളിൽ നിന്നും വെള്ളം ചുമന്നുകൊണ്ടുവരുന്നതിലുള്ള പ്രയാസവും അതിനിടെ ഉണ്ടാകുന്ന മരണങ്ങൾ വരെയുള്ള ദുരന്തങ്ങളുമെല്ലാം അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.



ഇതിനു തന്റെ ഒരു പരിഹാരം ചെയ്യണമെന്ന് അവർ തീരുമാനിച്ചു. ജനങ്ങളുടെ ഏററവും വലിയ കഷ്ടപ്പാടിന് മുൻഗണന നൽകുന്നതിന്റെ മഹത്വവും ഏററവും വലിയ വിലയും മൂല്യവുമുള്ള ജലദാനത്തിന്റ പ്രതിഫലവുമായിരുന്നു അവരുടെ മനസ്സു നിറയെ. അതുനേടിയെടുക്കുവാൻ അവർ അക്കാലത്തിന്റെ ചരിത്രം കണ്ട ഏററവും വലിയ ഒരു ത്യാഗത്തിനു തയ്യാറായി. മഴ ലഭിക്കുന്ന പ്രദേശം കണ്ടെത്തി വലിയ കനാലുകൾ വഴി മഴവെള്ളം സംഭരിച്ച് കിണറുകളിൽ വീഴ്ത്തി സംഭരിക്കുവാനും അതു ജനങ്ങളുടെ സൗകര്യാർഥം എല്ലായിടത്തും എത്തിക്കുവാനുമുള്ള ഒരു ജലസേചന പദ്ധതിയായിരുന്നു അത്.



മക്കയുടെ കിഴക്ക് ഇടതു വശത്തായി ഉള്ള വാദീ നുഅ്മാനിൽ നിന്നായിരുന്നു ഈ പദ്ധതിയുടെ തുടക്കം. മക്കയും മശാഇറുകളും കടന്ന് അത് ത്വാഇഫ് വരെ നീണ്ടു. മഴ അധികമായി ലഭിക്കുന്ന പ്രദേശമായിരുന്നു വാദീ നുഅ്മാൻ. അവടെ പെയ്യുന്ന മഴവെള്ളം കനാലുകൾ വഴി വലിയ കിണറുകളിലെത്തിക്കുകയായിരുന്നു ആദ്യം. അതിനുവേണ്ടി അവർ കനാൽ കടന്നുപോകുന്ന വഴിയിലുള്ള സ്ഥലങ്ങൾ വിലകൊടുത്തുവാങ്ങി. കനാലിന്റെ ഇടയിൽ വരിവെള്ളം വന്നുചേരുവാനുള്ള വാൽവുകൾ സ്ഥാപിച്ചു. കനാൽ ഇടക്കിടെ വലിയ സംഭരണികളിലായിരുന്നു ചെന്നവസാനിച്ചിരുന്നത്.



വാദീ നുഅ്മാനിൽ നിന്നുള്ള കനാൽ നേരെ അറഫയിലേക്കായിരുന്നു എത്തിയിരുന്നത്. അവിടെ ജനങ്ങൾക്കു അനായാസം വെള്ളം ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. പിന്നെയും അത് മള്ലമ വഴി മുസ്ദലിഫയിലേക്കും പിന്നെ മിനാ താഴ്വരയിലേക്കും നീണ്ടു. കല്ലുകൾ കൊണ്ട് ഭദ്രവും ബലിഷ്ടവുമായിട്ടായിരുന്നു അതിന്റെ നിർമ്മിതി. നൂറു കണക്കിനു എഞ്ചിനീയർമാർ, ആയിരക്കണക്കിനു തൊഴിലാളികൾ എന്നിവർ രാപ്പകൽ ഭേതമില്ലാതെ പണിയെടുത്തു.



വലിയ ഒരു സംഖ്യ തന്നെ ഇതിനുവേണ്ടിവന്നു. തന്റെ കയ്യിലുള്ള സ്വത്തിനു പുറമെ സ്വന്തം ആഭരണങ്ങൾ പോലും ഇതിനുവേണ്ടി അവർക്കു വിൽക്കേണ്ടിവന്നു. പൊതു ഖജനാവിൽ നിന്നും നല്ലൊരു തുക നീക്കിവെച്ചു. ഇത് ഒരു ഘട്ടത്തിൽ ഖജനാവിനു തന്നെ ഭീഷണിയുണ്ടാക്കി. ഖജനാവിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥർ അവരോട് വന്ന് ഇങ്ങനെ പോയാൽ അതു ഖജനാവിനു ഭീഷണിയാകും എന്നുവരെ പറയുകയുണ്ടായി. അതിനു അവർ നൽകിയ മറുപടി ചരിത്രത്തിൽ ഇന്നും സുവർണ്ണലിപികളാൽ ആലേഖിതമാണ്.



അവർ പറഞ്ഞു: ഓരോ കൊത്തിനും ഓരോ ദീനാർ കൊടുക്കേണ്ടിവന്നാലും അതു നൽകുക.



മൊത്തം പതിനേഴു ലക്ഷം മിത്ഖാൽ സ്വർണ്ണം അഥവാ ആറായിരം കിലോ സ്വർണ്ണം വേണ്ടിവന്നു പദ്ധതി പൂർത്തിയാക്കുവാൻ. തൊഴിലാളികൾക്കു വേണ്ടത് അപ്പപ്പോൾ നൽകുകയും കണക്കുകൾ അവസാനം നോക്കാം എന്നു പറയുകയും ചെയ്യുകയായിരുന്നു അവർ. മൊത്തം പണി പൂർത്തിയായതിനു ശേഷം കണക്കുകൾ ശരിപ്പെടുത്തുവാനും അവതരിപ്പിക്കുവാനും ബന്ധപ്പെട്ടവർ വരുമ്പോൾ അവർ ടൈഗ്രീസിന്റെ കരയിൽ വിശ്രത്തിലായിരുന്നു. തന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ച കണക്കു പുസ്തകങ്ങൾ അവർ നദിയിലേക്ക് എടുത്തെറിഞ്ഞിട്ടു പറഞ്ഞു:



കണക്കുകളെയെല്ലാം നാം വിചാരണനാളിലേക്കു വെച്ചിരിക്കുന്നു. ആർക്കെങ്കിലും കിട്ടാൻ ബാക്കിയുണ്ടെങ്കിൽ അതു ഞാൻ തരാം. വല്ലവരും അധികം പററിയിട്ടുണ്ടെങ്കിൽ അത് അവർക്കുള്ളതാണ്. ആ മഹാദാനം നൽകിയ ചാരിഥാർഥ്യത്തിൽ വിജ്രംബിച്ചു നിൽക്കുകയായിരുന്നു അവരുടെ മനസ്സ്.



തീർഥാടകരുടെ സേവനമെന്ന നിലക്ക് പിന്നീടുവന്ന ഓരോ ഭരണാധികാരിയും ഈ പദ്ധതി സംരക്ഷിച്ചുപോന്നു. കാലക്രമത്തിൽ പക്ഷെ രണ്ടു പ്രശ്നങ്ങൾ ഈ പദ്ധതിയെ സാരമായി ബാധിച്ചു. ഒന്ന് മഴയുടെ ലഭ്യത കുറഞ്ഞു. മറെറാന്ന് കാലപ്പഴക്കത്തിൽ കനാലിന് ചോർച്ചയും തകർച്ചയും ഉണ്ടായി. എങ്കിലും ചെറിയ അററകുററപ്പണികൾ നടത്തി അതാതു കാലത്തെ ഭരണാധികാരികൾ അതു നിലനിറുത്തുവാൻ ശ്രമിച്ചു.



ഓട്ടോമൻ ഭരണാധികാരി സുലൈമാൻ ഖാനൂനീയുടെ കാലത്ത് പക്ഷെ കനാലിൽ വെള്ളം നിലച്ചു. പിന്നെ അതു പുനസ്ഥാപിക്കുവാൻ ശ്രമിച്ചുവെങ്കിലും കാര്യമായി വുജയിച്ചില്ല. 5 ലക്ഷം ഓട്ടോമൻ ലിറ ചെലവഴിച്ചുവെങ്കിലും അതു പൂർവ്വസ്ഥിതി പ്രാപിച്ചില്ല. പിന്നെ കാര്യമായി അതു അതിന്റെ ഭാഗമായി നിർമ്മിച്ച കിണറുകളിൽ ഒതുങ്ങി. പരിപൂർണ്ണമായതല്ലെങ്കിലും സുബൈദാ റാണിയുടെ ഈ ദാനം നിശ്ചലമാകാതെ നിന്നതും ചരിത്രം അതിൽ ആശ്വാസം കണ്ടതും ഈ കിണറുകൾ വഴിയായിരുന്നു. കിണറുകളെ ബന്ധിപ്പിക്കുവാൻ പിന്നീട് ചെറിയതരം തോടുകൾ ഉണ്ടാക്കി അതു വഴിയും കുറേ കാലം ഇത് പ്രവർത്തിച്ചു. അങ്ങനെയെല്ലാമായി ഏതാണ്ട് പന്ത്രണ്ട് നൂററാണ്ട് ഈ സേവനം നീണ്ടൂനിന്നു. സുബൈദാ റാണിയുടെ കൈകളുടെ ഐശ്വര്യത്തിന്റെ ഒരു സ്പർശം കൂടി അതിൽ അനുഭവപ്പെടുന്നുണ്ട്.



ആധുനിക സൗദീ അറേബ്യയും ഈ മഹാദാനത്തെ പരിചരിച്ചുവന്നു. ആധുനിക സൗദിയുടെ ശിൽപി അബ്ദുൽ അസീസ് രാജാവ് പ്രത്യേക താൽപര്യമെടുത്ത് ഏെനു സുബൈദ നിലനിറുത്തുവാൻ ശ്രമിച്ചു. ശൈഖ് അബ്ദുല്ലാ ദഹ്ലവിയുടെ നേതൃത്വത്തിൽ പ്രത്യേക വകുപ്പുണ്ടാക്കി. പക്ഷെ, കാലത്തിന്റെ ശക്തമായ മാററം ഇതിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കടൽവെള്ളം ശുദ്ധീകരിച്ച് ഉയോഗിക്കുവാനും മററു ജലസ്രോതസ്സുകൾ കണ്ടെത്തുവാനും കഴിഞ്ഞതുവഴി ഈ കനാൽ പദ്ധതി നിലനിറുത്തുന്നത് ലാഭകരമേ അല്ലാതായി. ജനസംഖ്യയിലുണ്ടായ വമ്പിച്ച മുന്നേററം പരിഹരിക്കുവാൻ മാത്രം പര്യാപ്തമല്ല ഇത്തരം പരമ്പരാഗത ജലസേചന സൗകര്യങ്ങൾ എന്നുവന്നു. അതോടെ ഈ പദ്ധതി നിലച്ചു. എങ്കിലും ഒരു ചരിത്രാധ്യായം എന്ന നിലക്ക് അതു നിലനിറുത്തിപ്പോരുവാൻ സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ട്. സുബൈദാ റാണിയുടെ കൈപ്പുണ്യവും ദയാമനസ്ഥിതിയും കൂടിചേർന്ന ഈ പദ്ധതിയുടെ വൻ അവശിഷ്ടങ്ങൾ ഇപ്പോഴും മക്കയിൽ കാണാം.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso