നൻമയുടെ റാണി - നാല്
25-08-2023
Web Design
15 Comments
ബർമകുകൾ
ഉത്തര അഫ്ഗാസ്ഥാനിലെ ബൽഖ് പ്രവിശ്യയിലെ ഖുറാസാനിൽ ജീവിച്ചിരുന്ന ബർമക് എന്ന ബുദ്ധസന്യാസിയായിരുന്ന ബർമക് എന്നയാളിൽ നിന്നാണ് ബർമകുകളുടെ ചരിത്രം തുടങ്ങുന്നത്. കാലക്രമത്തിൽ അവർ ഇസ്ലാം മതം സ്വീകരിച്ചു. അവരിലെ ഖാലിദ് ബിൻ ബർമക് എന്നയാൾ വലിയ ബുദ്ധിമാനും നയതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ സാമർഥ്യത്തിൽ ആകൃഷ്ടനായ അബ്ബാസീ ഖലീഫ സഫ്ഫാഹ് ഖാലിദിനെ രാജ്യത്തെ നികുതി വകുപ്പിന്റെ ചുമതലക്കാരനായി നിയമിച്ചു. ക്രമേണ സൈന്യത്തിന്റെ ചുമതലയും അദ്ദേഹത്തിനു നൽകി. സമർഥമായ സേവനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ ഖാലിദ് സഫ്ഫാഹിന്റെ മരണത്തിനു ശേഷം അബൂ ജഅ്ഫറുൽ മൻസ്വൂറിന്റെ കാലത്ത് ഭരണചക്രത്തിലെ ഒന്നാമനായി വളർന്നു.
ബഗ്ദാദിലെ ഏററവും ശ്രദ്ധേയനായി മാറിയ ഖാലിദ് മൂന്നാം ഭരണാധികാരി ഖലീഫ മഹ്ദിയുടെയും തുടർന്നുവന്ന ഖലീഫാ ഹാദിയുടേയുമെല്ലാം വലംകയ്യായി വർത്തിച്ചു. അപ്പോഴേക്കും ഖാലിദിന്റെ മകൻ യഹ്യയും രാഷ്ട്രീയത്തിൽ സജീവമായിക്കഴിഞ്ഞിരുന്നു. ഇതിനിടെ അബ്ബാസീ രാഷ്ട്രീയത്തിൽ ചില അടിയൊഴുക്കുകളുണ്ടായി. ഹാദി കിരീടാവകാശിയായിരുന്ന ഹാറൂൺ റഷീദിനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമങ്ങൾ നടത്തിയതായിരുന്നു അത്. വളരെ ചെറിയ കുട്ടിയായിരുന്നു ഖലീഫാ ഹാദിയുടെ മകൻ. സമർഥനായ ഹാറൂനിനെ മാററി പകരം ചെറിയ ഒരു കുട്ടിയെ കിരീടാവകാശിയായി നിയമിക്കുന്നത് ഗൗരവഭാവം വേണ്ട രാഷ്ട്രീയത്തെ വെറുമൊരു കുട്ടിക്കളിയാക്കി മാററിയേക്കും എന്ന് എല്ലാവരും അടക്കം പറഞ്ഞു. പക്ഷെ, അതു നടന്നില്ല. കുട്ടിയെ വാസിക്കും മുമ്പ് ഹാദി മരണപ്പെട്ടു. ഈ പ്രതിസന്ധിയിൽ യഹ് യയും അദ്ദേഹത്തിന്റെ മക്കളായ ഫള്ലും ജഅ്ഫറും ഹാറൂൺ റഷീദിന്റെ ഒപ്പം നിന്നു. തന്റെ കയ്യിൽ അധികാരം വന്നുചേർന്നതോടെ ഇതിനു ഹാറൂൺ റഷീദ് ഉപകാരസ്മരണ കാണിച്ചു. യഹ് യയെയും മക്കളെയും തന്റെ ഏററവും അടുത്ത ആളുകളായി പരിഗണിച്ചു.
ഖലീഫയുടെ മകൻ അമീനിന്റെ സംരക്ഷണമടക്കം വലിയ ചുമതലകൾ ഫള്ലിനായിരുന്നു ഖലീഫ നൽകിയത്.പിന്നീട് ഫള്ലിനു തന്നെ കോടതി കാര്യവും നൽകുകയുണ്ടായി. ജഅ്ഫറിനാവട്ടെ രാജ്യത്തിന്റെ സുപ്രധാന പരിഷ്കാരങ്ങളുടെ ചുമതലയും നൽകി. നാണയം, കുതിരത്തപാൽ തുടങ്ങിയ പരിഷ്കാരങ്ങളുടെയൊക്കെ ചുമതല ജഅ്ഫറിനായിരുന്നു. പിന്നീട് മൊറോക്കോയുടെ ഭരണച്ചുമതല നൽകി ജഅ്ഫറിനെ ഭരണത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. കിട്ടിയ സ്ഥാനങ്ങൾ സമർഥമായി ഉപയോഗപ്പെടുത്തി ഫള്ലും ജഅ്ഫറും ഹാറൂൺ റഷീദിന്റെ ഭരണത്തിലെ ചാലകശക്തികളായി മാറി. താൻ ഇതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഹാറൂൺ റഷീദ് ഒരിക്കലും അപ്പോഴൊന്നും ചിന്തിച്ചതേയില്ല. തന്റെ കാര്യങ്ങൾക്കു ഖജനാവിലെ കാശു ലഭിക്കുവാൻ പോലും ഇവരുടെ സമ്മതവും അനുവാദവും വേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങൾ വളർന്നു.
ബർമകുകൾ ഖലീഫയോക്കാൾ വളർന്നു. അവർ ഖലീഫയുടെ സമ്മതമോ അറിവോ ഇല്ലാതെ തന്നെ സ്വതന്ത്രമായി കാര്യങ്ങൾ നിർവ്വഹിക്കുന്ന സാഹചര്യം വന്നു. സ്വജനപക്ഷപാതം, ദുർവ്യയം, മതമൂല്യങ്ങളുടെ പരസ്യമായ ലംഘനം തുടങ്ങി പലതിലും ബർമകുകൾ വിമൾശിക്കപ്പെട്ടു. പക്ഷെ, അപ്പോഴേക്കും ബൾമകുകൾ ഒരു ശക്തിയായി വളർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ പ്രശ്നം ഉടലെടുത്തത്. തന്റെ മക്കളിൽ ആരായിരിക്കണം കിരീടാവകാശി എന്ന പ്രശ്നം.
ഹാറൂൺ റഷീദിന്റെ കാലമായപ്പോഴേക്കും അവർ രാജ്യത്തിന്റെ കണ്ണായ ഭാഗങ്ങളെല്ലാം കയ്യടക്കിക്കഴിഞ്ഞിരുന്നു. ഖലീഫക്കുവേണ്ടി അവരാണ് ഭരണം തന്നെ നടത്തിയിരുന്നത്. അവരുടെ സാമർഥ്യം ഉണ്ടാക്കുന്ന നേട്ടങ്ങളുടെ ബാഹുല്യം കാരണം ഖലീഫ ഒരുതരം ഇടപെടലും നടത്തിയതുമില്ല. ഈ സമയത്താണ് കിരീടാവകാശി പ്രശ്നം തലപൊക്കിയത്. മഅ്മൂനിനെ കിരീടാവകാശിയാക്കണം എന്ന് അവർ തുറന്നുപറഞ്ഞു. രാജ്യം ചൂടേറിയ ചർച്ചകളിലേക്കു കടന്നു. ഭൂരിപക്ഷവും മഅ്മൂനിന് പിന്തുണ നൽകുന്നവരായിരുന്നു.
ബർമകുകൾക്ക് ഇക്കാര്യത്തിൽ മറെറാരു വികാരം കൂടിയുണ്ട്. അതുകൂടി ചേർന്നതിനാലാണ് അവർ ഈ വിഷയത്തിൽ ഇത്രയധികം ഇടപെടുന്നത്. അത് മഅ്മൂനിന്റെ ഉമ്മ ഒരു പേർഷ്യൻ വംശജയായിരുന്നു എന്നതാണ്. പേർഷ്യയിൽ നിന്നും കൊട്ടാരത്തിലെത്തിയ മറാജിൽ എന്ന സുന്ദരിയായ അടിമസ്ത്രീയിൽ ഹാറൂൺ റഷീദ് അനുരക്തനാവുകയായിരുന്നു. അതിലുണ്ടായ കുട്ടിയാണ് മഅ്മൂൻ. മഅ്മൂനിനെ പ്രസവിച്ച അതേ പ്രസവത്തിൽ തന്നെ രക്തസ്രാവം നിലക്കാതെയോ പനി ബാധയുണ്ടായോ മറാജിൽ മരണപ്പെടുകയായിരുന്നു. ബർമകുകളും പേർഷ്യൻ വംശജരാണ്. അതിനാൽ ഒരു വംശീയ വികാരം കൂടി ഇതിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിഷയം പെട്ടെന്നു കത്തിയമർന്നത്.
കലാപക്കൊടി
രാജ്യത്ത് ചർച്ചകൾ ചൂടുപിടിച്ചു. ബർമകുകൾ വ്യക്തമായും ഇടഞ്ഞു. രാജ്യഭരണത്തെത്തന്നെ അതു സാരമായി ബാധിച്ചു. ഇതു സുബൈദാ റാണി കണ്ടു. കാര്യങ്ങളുടെ അപകടം ബുദ്ധിമതിയായ അവർ മുന്നിൽ കണ്ടു. ബർമകുകളാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. അവർ വലിയ വാശിക്കാരാണ്. രാജ്യത്തിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം കയ്യാളൂന്നത് അവരാണ്. അവർക്ക് തന്റെ സ്വന്തം മകൻ അമീനിനെ കണ്ടുകൂടാ. ഇങ്ങനെ പോയാൽ അവനെ അവർ ഭരിക്കുവാൻ അനുവദിക്കില്ല. അവനെ അവർ എന്തു വില കൊടുത്തും നശിപ്പിച്ചേക്കും. അതിനാൽ ഇപ്പോൾ തന്നെ ഇതിനൊരു പരിഹാരം കാണണം. അവർ മനസ്സിൽ കണ്ടു. അവർ ഭർത്താവിനെ കണ്ട് സംഗതികളുടെ പോക്ക് തര്യപ്പെടുത്തി. മാത്രമല്ല, ബർമകുകൾ ഒരു അട്ടിമറി തന്നെ നടത്തുവാനുള്ള സാധ്യത അവർ പറഞ്ഞു. ഖലീഫയെ തന്നെ വധിക്കുവാൻ അവർക്കു പദ്ധതിയുണ്ട് എന്നവർ അറിയിച്ചു. അതിനവർ ചില തെളിവുകൾ നിരത്തുകയും ചെയ്തു. ആ തെളിവുകളെ കുറിച്ച് ഹാറൂൺ റഷീദ് ആലോചിക്കുകയുണ്ടായി.സുബൈദ പറയുന്നതിൽ കഴമ്പുണ്ട് എന്നു കരുതുവാൻ ചില ന്യായങ്ങൾ അദ്ദേഹം കണ്ടു. അതോടെ അദ്ദേഹത്തിന്റെ ഉള്ള് വിറക്കുവാൻ തുടങ്ങി.
തങ്ങൾക്കെതിരെ ഒരു നീക്കം ഏതു സമയവും ഉണ്ടായേക്കാം എന്ന ഭീതിയിലായിരുന്നു ബർമകുകളും. അതോടെ അവർ രഹസ്യമായി രാജ്യത്തിന്റെ പല ഭാഗത്തും വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുവാൻ തുടങ്ങി. അല്ലെങ്കിലും ഖലീഫയേക്കാൾ മികച്ച ജീവിതസൗകര്യങ്ങളിൽ ജീവിക്കുന്നവരായിരുന്നു അവർ. ഹാറൂൺ റഷീദ് എല്ലാ നീക്കങ്ങളും സാകൂതം വിലയിരുത്തി. ഇതിനിടയിൽ ഹാറൂൺ റഷീദ് കണ്ടുപിടിച്ച ഒരു രഹസ്യമായിരുന്നു ബർമകുകളും ത്വാലിബീങ്ങളും (ശിയാക്കളും) തമ്മിൽ എന്തോ രഹസ്യബന്ധം വളരുന്നുണ്ട് എന്നത്. അത് അതീവ ഗുരുതരമായിരുന്നു. കാരണം അബ്ബാസീ ഖിലാഫത്തിന്റെ ഏററവും വലിയ ശത്രുക്കൾ ത്വാലിബീങ്ങൾ എന്ന ശിയാക്കളായിരുന്നു. അബ്ബാസികളുടെ അസ്തിത്വത്തെ തന്നെ അംഗീകരിക്കാത്തവരായിരുന്നു അവർ.അതിനാൽ തന്നെ ഹാറൂൺ റഷീദിന്റെ ജയിലുകൾ നിറയെ അവരായിരുന്നു.
ഈ ബന്ധം ഒരു നാൾ മറനീക്കി പുറത്തുവന്നു. അത് യഹ്യാ ബിൻ അബ്ദുല്ലാ എന്ന ശിയാ നേതാവിനെ ജഅ്ഫർ ബർമകി ജയിലിൽ നിന്ന് തുറന്നുവിട്ടതിലൂടെയായിരുന്നു. ഈ രാഷ്ട്രീയ തടവുകാരനെ തുറന്നുവിട്ടു എന്നു മാത്രമല്ല, അയാൾക്കു രായ്ക്കുരാമാനം രാജ്യം വിടുവാനുള്ള പണവും സൗകര്യവും ചെയ്തുകൊടുത്ത ജഅ്ഫർ ജയിലുകളുടെ അധികാരം പേറുന്ന മന്ത്രിയും ഖലീഫയുടെ വലംകയ്യുമായിരുന്നു. ഇത്തരമൊരാൾ ഇങ്ങനെ ചെയ്തത് വലിയ കൊടും ചതിയും പാതകവുമായിട്ടാണ് ഹാറുൺ റഷീദ് കണ്ടത്.
മറെറാരു സുപ്രധാന സംഭവം കൂടി ഈ പ്രശ്നത്തെ ഊതിക്കത്തിച്ചു. അത് ഇതേ ജഅ്ഫർ ബർമകിയും ഖലീഫയുടെ സഹോദരി അബ്ബാസയും തമ്മിലുണ്ടായിരുന്ന പ്രണയമായിരുന്നു. അവരുടെ പ്രണയം മറനീക്കി പുറത്തുവന്നു. അതിനോട് യോചിക്കുവാൻ ഹാറൂൺ റഷീദിന് കഴിയുമായിരുന്നില്ല. അതിസുന്ദരിയും ബുദ്ധിമതിയും കവയത്രിയുമായിരുന്ന അബ്ബാസക്ക് ജഅ്ഫർ അനുയോജ്യനല്ല എന്നു ഹാറൂൺ റഷീദ് ഉറച്ചുവിശ്വസിച്ചു. പക്ഷെ, അവർ തമ്മിലുള്ള ഹൃദയബന്ധം കാരണം അവരെ രണ്ടുപേരെയും ഒഴിവാക്കുവാൻ കഴിയാതെ ഖലീഫ കുഴങ്ങി. അവസാനം അവർക്കു പരസ്പരം കാണുവാൻ മാത്രം അവകാശമുള്ള ഒരു ബന്ധം അവർ തമ്മിൽ അനുവദിച്ചു.
ഈ ബന്ധത്തിന്റെ സാധുത പണ്ഡിതരുടെയും ചരിത്രകാരൻമാരുടെയും സംശയത്തിന്റെ നിഴലിലാണ്. കാരണം ഹാറൂൺ തന്റെ സഹോദരിയെ ജഅ്ഫറിന് വിവാഹം ചെയ്തുകൊടുത്തിട്ടുണ്ട് എങ്കിൽ അതു പരസ്യവും സമ്പൂർണ്ണവുമായിരിക്കേണ്ടതാണ്. വെറുതെ കാണൽ അനുവദനീയമാക്കുവാൻ വേണ്ടി മാത്രമുള്ള ഒരു വിവാഹം ഇസ്ലാമിക ശരീഅത്തിലില്ല. ഏതായാലും അവർ പരസ്പരം കാണുന്നതിന് ഖലീഫയുടെ ഒരതരത്തിലുള്ള അനുവാദമുണ്ടായിരുന്നു എന്നു മാത്രമാണ് ഇതിൽ നിന്നു മനസ്സിലാക്കുവാൻ കഴിയുന്നത്. മതപരമായ അതിന്റെ സാംഗത്യത്തിലേക്കു കടക്കുവാൻ പ്രയാസമുണ്ട്. എങ്കിലും മഹാഭൂരിപക്ഷം ചരിത്രകാരൻമാരും ഇങ്ങനെ ഒരു വിവാഹം നടന്നു എന്ന ധ്വനിയിലാണ് സംസാരിക്കുന്നത്.
അതു പക്ഷെ അതിലൊന്നും ഒതുങ്ങിനിന്നില്ല. അവരുടെ ബന്ധം വളർന്നു എന്നു മാത്രമല്ല അബ്ബാസ ജഅ്ഫറിൽ നിന്നും ഗർഭിണി വരെയായി എന്നു ചില ചരിത്രങ്ങൾ പറയുന്നു. മഅ്മൂൻ വിഷയത്തോടൊപ്പം ഇതു കൂടി ചേർന്നപ്പോൾ ഹാറൂൺ റഷീദിന്റെ മനസ്സിൽ ശക്തമായ പ്രതികാര ദാഹമുണ്ടായി. എന്നാൽ ബുദ്ധിപൂർവ്വകമല്ലാത്ത ഒരു നീക്കം നടത്തിയാൽ അതു വിപരീതഫലം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതോടൊപ്പം തന്നെ മറെറാരു വാർത്ത കൂടി നാട്ടിൽ പരന്നുപരന്ന് ഖലീഫയുടെ ചെവിയിലെത്തി. ബർമകുകൾ ശരിക്കും മുസ്ലിംകൾ തന്നെയാണോ എന്ന സംശയമായിരുന്നു അത്. ഗൂഢമായ ഒരു തന്ത്രത്തിന്റെ ഭാഗമായാണ് അവർ മുസ്ലിംകളായത് എന്നും എന്നാൽ അവരുടെ മനസ്സ് ഇപ്പോഴും ബുദ്ധമതത്തോടൊപ്പം തന്നെയാണ് എന്നുമായിരുന്നു പ്രചരിച്ചത്.
ഇതേ സമയം ബർമകുകൾ പൊതു മുതൽ ഉപയോഗപ്പെടുത്തി വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുന്നതും ഖലീഫയെ ചൊടിപ്പിച്ചു. ഇതെല്ലാം കൂട്ടിക്കെട്ടി സുബൈദാ റാണി ഭർത്താവിന്റെ മനസ്സിൽ ബർമകുകളോടുള്ള വിരോധത്തിന്റെ തീ കത്തിച്ചു. അതു കരുതിയതുപോലെ കത്തുകയും ചെയ്തു. ഹിജ്റ 187 സ്വഫർ മാസത്തിൽ ഒരുനാൾ ബർമകുകളെ മുഴുവനും പിടികൂടുവാൻ ഖലീഫ ഉത്തരവിട്ടു.
അതിശക്തമായിരുന്നു ഖലീഫയുടെ നീക്കം. ബർമകുകളിൽ ഒരാളെ പോലും വെറുതെവിട്ടില്ല. അവരുടെ കൂട്ടത്തിൽ പ്രമുഖ മന്ത്രിയും സ്വന്തം സഹചാരിയുമായിരുന്ന ജഅ്ഫർ വരെയുണ്ടായിരുന്നു. ബർമകുകൾക്ക് അഭയം നൽകുന്നത് രാജ്യദ്രോഹ കുററമായി ഖലീഫ പ്രഖ്യാപിച്ചു. നാട്ടിലാകെ ഭീതി കളിയാടി. ബർമകുകളെ സഹായിക്കുന്നവരെയും അവർക്കു അഭയം നൽകുന്നവരെയും ബർമകുകളെ പോലെ ശിക്ഷിച്ചു. വെറും രണ്ടു നാളുകൾ കൊണ്ട് എല്ലാവരെയും പിടികൂടുകയും ചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് ഒന്നടങ്കം കൊന്നുകളയുകയും ചെയ്തു. ചരിത്രം വിറങ്ങലിച്ചുനിന്നുപോയ അത്യപൂർവ്വം സംഭവങ്ങളിലൊന്നായിരുന്നു ഇത്. ബർമകുകൾക്കും അവരെ പിന്തുണക്കുന്നവർക്കും കനത്ത താക്കീതും സൂചനയുമെന്നോണം ജഅ്ഫറിന്റെ ഭൗതിക ശരീരം ബഗ്ദാദിലെ പാലത്തിൽ പരസ്യമായി കെട്ടിത്തൂക്കുകയും ചെയ്തു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso