നൻമയുടെ റാണി / അഞ്ച്
25-08-2023
Web Design
15 Comments
ഖലീഫയുടെ മാതാവ്
ഹിജ്റ 192ൽ ഹാറൂൺ റഷീദ് റാഫിഅ് ബിൻ ലൈത് എന്ന ശത്രുവിനെതിരെ ഒരു പടക്കിറങ്ങി. ബഗ്ദാദും ഭരണവും മകൻ അമീനിനെ ഏൽപ്പിച്ചു. ആ യാത്രക്കിടെ ഹാറൂൺ റഷീദ് രോഗബാധിതനായി. ആ രോഗത്തിൽ നിന്നും എഴുനേൽക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചികത്സകൾ മാറി മാറി നടത്തിനോക്കിയിട്ടും അദ്ദേഹത്തിനു ആശ്വാസം ലഭിച്ചില്ല. അവസാനം ഏററവും പ്രമുഖനായ ഒരു ഭിഷഗ്വരനെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചുനോക്കിയിട്ട് ഇനിയൊരു പ്രതീക്ഷയില്ല എന്നറിയിച്ചു. പക്ഷെ, ഹാറൂൺ റഷീദ് ധീരനായിരുന്നു. രോഗത്തിന്റെ മുമ്പിൽ നിന്ന് ശക്തമായി ഉയർന്നെഴുനേൽക്കുവാൻ വരെ അദ്ദേഹം ശ്രമം നടത്തിനോക്കി. അദ്ദേഹം ഒരു ശക്തി സംഭരിച്ച് കഴുതപ്പുറത്തേക്കു ചാടിക്കയറി. പക്ഷെ, കാലുകൾ കാലണിയിൽ വെക്കുവാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന് തന്റെ അന്ത്യം ഉറപ്പായി.
മരണം ഉറപ്പായതോടെ അദ്ദേഹം പാരത്രികമായ ധൈര്യങ്ങൾ കാണിച്ചുതുടങ്ങി. ഖബർ തയ്യാറാക്കുവാൻ ആജ്ഞ നൽകി. കഫൻ പുടവകൾ തയ്യാറാക്കി. തുടർന്ന് അദ്ദേഹം ആ യാത്രയിൽ ഉണ്ടായിരുന്ന തന്റെ ബന്ധുജനങ്ങളായ ഹാശിമികളെ വിളിച്ചുചേർത്തു. എന്നിട്ട് അവരോട് തന്റെ അന്ത്യോപദേശങ്ങൾ നൽകി. അവ പ്രധാനമായും മൂന്നെണ്ണമായിരുന്നു.
അല്ലാഹുവാൽ ഏൽപ്പിക്കപ്പെട്ട അമാനത്തുകൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ഒന്നാമത്തേത്. രാഷ്ട്രനായകൻമാർക്കുവേണ്ട ഉപദേശങ്ങൾ ആത്മാർഥമായി നൽകണമെന്നതായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത് ഏെക്യം കാത്തുസൂക്ഷിക്കണമെന്നും. അത്തരം പ്രൗഢമായ അന്ത്യോപദേശങ്ങൾ നൽകുക വഴി അദ്ദേഹം മരണത്തിന്റെ മുമ്പിലും പ്രതാപിയായിമാറി.
ഹിജ്റ 193 രണ്ടാം ജുമാദ മൂന്നിന് ഖലീഫാ ഹാറൂൺ റഷീദ് മരണപ്പെട്ടു. ഖുറാസാനിലെ ത്വൂസിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ചരിത്രത്തിലും അനുഭവത്തിലും സർവ്വാംഗീകൃതനായ ഒരു ഭരണാധികാരിയായിരുന്നിട്ടും മരണസമയത്ത് ചില പുള്ളികൾ ആ വ്യക്ത്വത്തിൽ വീണത് ചരിത്രത്തിലെ ഒരു സങ്കടമാണ്. ബർമകുകളോട് കാണിച്ച കൊടും ക്രൂരതയാണ് അതിനു കാരണം. അതുവരെ നല്ലതു മാത്രം പറഞ്ഞിരുന്ന ജനങ്ങൾ ആ സംഭവത്തോടെ തിരിച്ചു പറയുവാൻ തുടങ്ങി. ഹാറൂൺ റഷീദിനെ മദ്യപനും അനാശാസ്യകനും ഒക്കെയായി ചരിത്രത്തിൽ അവതരിപ്പിക്കപ്പെട്ടത് ഈ വിധത്തിലാണ്.
ഭർത്താവിന്റെ വിയോഗത്തിൽ സുബൈദാ റാണി അതീവ ദുഖിതയായിരുന്നു. അവർ തമ്മിലുണ്ടായിരുന്നത് അത്രയും ആഴമുള്ള ബന്ധമായിരുന്നു. അതിന്റെ സൂചനയാണ് എല്ലായ്പ്പോഴും റാണി ഖലീഫയുടെ ഒപ്പം തന്നെയുണ്ടായിരുന്നു എന്നത്. തീർഥാടന യാത്രകളിൽ മാത്രമല്ല യുദ്ധ യാത്രകളിൽ പോലും അവർ പ്രിയതമന്റെ ചാരത്തുണ്ടായിരുന്നു. അവരുടെ വിരഹവും വേദനയും കടുത്തതായിരുന്നുവെങ്കിലും അതിൽ നിന്നെല്ലാം അതിവേഗം മോചനം നേടുവാൻ തുണച്ചത് തന്റെ സ്വന്തം മകൻ ഇസ്ലാമിക രാജ്യത്തിന്റെ ഭരണാധികാരിയായതിലെ സന്തോഷമായിരുന്നു. ഹിജ്റ 193ൽ മുഹമ്മദ് എന്നു പേരുള്ള അവരുടെ മകൻ അമീൻ ഖലീഫയായി. അതോടെ വീണ്ടും സുബൈദാ റാണി അബ്ബാസീ രാഷ്ട്രീയത്തിൽ സജീവമായി. അവരുടെ വിലയേറിയ അഭിപ്രായങ്ങൾ ഖലീഫയായ മകന് വലിയ സഹായമായി വളരെ ചെറുപ്പമായിരുന്നു ഖലീഫ. 23 വയസ്സായിരുന്നു ഖലീഫാ പതവിയിലെത്തുമ്പോൾ അമീന്റെ പ്രായം. അങ്ങനെ സുബൈദാ റാണിയുടെ ജീവിതം മറെറാരു ഘട്ടത്തിലേക്കു കടന്നു.
ഹാശിമിയ്യായ മാതാവിനും പിതാവിനും ജനിച്ച മകൻ എന്ന പ്രത്യേകത അമീനുണ്ടായിരുന്നുവെങ്കിലും അതിനൊത്ത ജീവിത മൂല്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സദാ വിനോദത്തിലും തമാശകളിലും മുഴുകിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ അമീന്റെ യുഗം കാര്യമായ നേട്ടങ്ങളൊന്നും അടയാളപ്പെടുത്തിയില്ല. ആകെയുണ്ടായ ഒരു നേട്ടം അലി ബിൻ അബ്ദുല്ലാ ബിൻ ഖാലിദ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഒരു വിഘടനവാദിയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രമുഖ ചരിത്രകാരൻ ഇബ്നുൽ അതീർ 'അമീനിൽ എടുത്തുപറയേണ്ട നൻമകളൊന്നും നാം കണ്ടെത്തിയിട്ടില്ല' എന്നു പറയുന്നതും.
ബർമകുകളെ കൂട്ടക്കൊല ചെയ്തതിന്റെ ഞെട്ടൽ മാറിയില്ലാത്ത സമയമായിരുന്നു അത്. അതെല്ലാം മറി കടക്കുവാൻ അമീനും സഹോദരൻ മഅ്മൂനും ഉമ്മ സുബൈദാ റാണിയും പല പദ്ധതികളും നടപ്പിലാക്കി. വേദനങ്ങൾ വർദ്ധിപ്പിച്ചു. ഗവണ്മെന്റിനോട് ഒട്ടിനിൽക്കുന്നവരാണ് ഉദ്യോഗസ്ഥർ. അവരുടെ ആത്മാർഥമായ പിന്തുണ ഏതൊരു ഭരണാധികാരിക്കും അനിവാര്യമാണ്. അതുകൊണ്ട് അവർക്കു വേതനവർദ്ധനവുണ്ടായതു വഴി അവരെല്ലാം ഭരണകൂടത്തോട് കൂടുതൽ അടുത്തു. രാജ്യത്ത് പല ക്ഷേമപ്രവർത്തനങ്ങളും അമീൻ കാഴ്ചവെച്ചു. ഇതുകൊണ്ടെല്ലാം അബ്ബാസീ ബരണകൂടത്തിന് അതിന്റെ പൂർവ്വ യസസ്സിലേക്ക് തിരിച്ചുവരുവാനുള്ള വഴിയൊരുക്കി.എല്ലാവരും സന്തോഷിച്ചു. പക്ഷെ, ആ സന്തോഷം ഏറെ നാൾ നീണ്ടുനിന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത മറെറാരു അഗ്നി പർവ്വതം പ്രത്യക്ഷപ്പെട്ടു. അതാവട്ടെ, കരുതിയതിലും നേരത്തെ പുകയുവാൻ തുടങ്ങുകയും ചെയ്തു.
സഹോദരൻമാർ തമ്മിലുള്ള മനപ്പൊരുത്തം തകർന്നതായിരുന്നു ആ ദുരന്തം. അവർ തമ്മിൽ മാനസികമായി ചില അകൽച്ചകൾ പണ്ടേ ഉണ്ടായിരുന്നു. എല്ലാ തഴുകലും തലോടലും തനിക്കു സുബൈദാ റാണിയിൽ നിന്നു ലഭിച്ചുവെങ്കിലും ചില വ്യത്യാസങ്ങൾ അവർ കാണിക്കുന്നുണ്ട് എന്ന് മഅ്മൂനിനു തോന്നിയിരുന്നു. താൻ അറബിയല്ലാത്തതിന്റെയും ഒരു അടിമപ്പെണ്ണിൽ ജനിച്ച കുട്ടിയാണ് എന്നതിന്റെയും നബി കുടുംബത്തിൽ പെടുന്നില്ല എന്നതിന്റെയും പേരിലായിരുന്നു ആ സമീപന വൈജാത്യം എന്ന് മഅ്മൂൻ വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
തന്റെ മാതാവ് ഒരു അടിമസ്ത്രീയായിരുന്നു എന്നതിന്റെ പേരിൽ തന്നോട് ഒരു വീക്ഷണവൈചാത്യം പുലർത്തുന്നത് മഅ്മൂനിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇസ്ലാം അത്തരമൊരു വികാരം പുലർത്തുന്നില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. നിറത്തിന്റെയോ കുലത്തിന്റെയോ സാമൂഹ്യ സ്ഥാനങ്ങളുടെയോ പേരിൽ വൈജാത്യം ഇസ്ലാം അനുവദിക്കുന്നില്ല. തഖ് വാ എന്ന ദൈവഭയമാണ് മനുഷ്യനെ ഉന്നതനും അധമനുമെല്ലാം ആക്കുന്നത്. നബി(സ) തിരുമേനി അത് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ തീർത്തുപറഞ്ഞിട്ടുള്ളതാണ്. വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും ഔന്നത്യം നേടിയെടുത്തിരിക്കണം എന്നാണ് ഇസ്ലാമിന്റെ നിലപാട്. തന്റെ തീരുമാനമനുസരിച്ചല്ല ഒരാളും ജനിക്കുന്നത്. അതിനാൽ തന്നെ അവന് അതിൽ അധ്വാനവും പങ്കാളിത്തവുമൊന്നുമില്ല. ഇന്ന കുടുംബത്തിൽ ജനിച്ചു എന്നത് ഒരാളുടെയും ന്യൂനതയമല്ല.മഅ്മൂനിന്റെ ചിന്തകൾ അങ്ങനെയായിരുന്നു.
അടിമസ്ത്രീയായി എന്നതിന്റെ പേരിൽ തന്റെ മാതാവിനെ ഇകഴ്ത്തുന്നവർ തന്റെ വല്ല്യുമ്മയെ കുറിച്ച് എന്തുകൊണ്ടാണ് ഒന്നും പറയാത്തത്?; മഅ്മൂനിന്റെ ഉള്ളം ചോദിച്ചു. തന്റെ വല്ല്യുമ്മ ഖൈസുറാൻ അബ്ബാസികളുടെ ചരിത്രം കണ്ട ഏററവും ശക്തയായ സ്ത്രീയാണ്. അവരെ ആദരിക്കാത്തവരില്ല. അവരെ ബഹുമാനിക്കാത്തവരില്ല. അവരാണ് ഖലീഫയെ നിശ്ചയിക്കുന്നത്. അവരാണ് കിരീടാവകാശിയെ നിശ്ചയിക്കുന്നത്. അവരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമല്ലാതെ ഖലീഫമാർ ഒന്നും തീരുമാനിക്കാറില്ല. അവർ പറയുന്നതിന്റെ അപ്പുറത്തേക്ക് അവരാരും പോകാറുമില്ല. സ്വന്തം മകനെ പിൻഗാമിയായി വാഴിക്കുവാൻ ശ്രമിച്ച പല ഖലീഫമാർക്കും അവർ ഒന്നു മുഖം കറുപ്പിച്ചപ്പോൾ പിൻമാറേണ്ടിവന്നു. തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾ വരെ അവരറിഞ്ഞും അനുവദിച്ചും മാത്രമേ നടക്കാറുണ്ടായിരുന്നുള്ളൂ. ആ ഖൈസുറാൻ ബീവി ഒരു അടിമസ്ത്രീയായിരുന്നു.
ഖലീഫാ മഹ്ദിക്ക് മക്കയിലെ അടിമച്ചന്തയിൽ നിന്നാണ് ഈ സുന്ദരിയായ അടിമസ്ത്രീയെ ലഭിച്ചത്. നല്ല ഏെശ്വര്യവും ആഢ്യത്വവും പ്രകടമായിരുന്ന ഈ അടിമ സ്ത്രീയെ ഏതോ ഒരാൾ തട്ടിക്കൊണ്ടുവന്ന് വിററു കാശാക്കിയതായിരുന്നു. ബർബറി വംശജയായിരുന്ന അവർ. യമനിയോ മഗ്രിബിയോ ആണെന്നാണ് അനുമാനം. ഖലീഫാ മഹ്ദി അവളിൽ ആകൃഷ്ടനായി. ആ ബന്ധം വളർന്നു. അതിൽ ഹാദി. ഹാറൂൺ എന്നീ രണ്ടു മക്കളും ജനിച്ചു. അവർ രണ്ടുപേരും ഖലീഫമാരാവുകയും ചെയ്തു. രണ്ടു മക്കളും ഖലീഫമാരായി എന്നത് ചരിത്രത്തിലെ ഒരു അപൂർവ്വതയാണ്. ഇതിനു മുമ്പ് അങ്ങനെ ഒരു അനുഭവം അമവീ ഖലീഫയായിരുന്ന അബ്ദുൽ മലിക് ബിൻ മർവ്വാന്റെ ഭാര്യ ഉമ്മുൽ ബനീനു മാത്രമേയുണ്ടായിട്ടുള്ളു. വലീദ് ബിൻ അബ്ദുൽ മലിക്, സുലൈമാൻ ബിൻ അബ്ദുൽ മലിക് എന്നീ രണ്ടു ഖലീഫമാരും അവരുടെ മക്കളായിരുന്നു. എന്നാൽ ഭർത്താവും മക്കളും പേരമക്കളും എല്ലാം ഖലീഫമാരായ അപൂർവ്വത ഖൈസുറാനു സ്വന്തമാണ്.ആ ഖൈസുറാനോട് കാണിക്കാത്ത വിവേചനം തന്നോടു കാണിക്കുന്നതിൽ മഅ്മൂൻ അസ്വസ്ഥനായിരുന്നു.
പക്ഷെ, മഅ്മൂൻ അതു കാര്യമായി എടുത്തില്ല. കാരണം എന്തൊക്കെയാണെങ്കിലും സുബൈദാ റാണി തന്നെ ഒരു മകനെ പോലെ നോക്കുന്നുണ്ട്. പിതാവിൽ നിന്നും തനിക്കു അർഹമായ സ്നേഹം ലഭിക്കുന്നുണ്ട്. പിന്നെ തന്റെ കുറവുകളാവട്ടെ, ഉള്ളതു തന്നെയാണ്. അതിനെ പ്രതിരോധിക്കുവാനാണെങ്കിലോ തനിക്ക് ഉമ്മയില്ല. ബന്ധുക്കളുമില്ല. പേർഷ്യനാണ് തന്റെ ഉമ്മ എന്ന നിലക്ക് മന്ത്രിമാരും പ്രധാനികളുമായ ബർമകുകൾ തന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട് എന്നതൊഴിച്ചുനിറുത്തിയാൽ തനിക്ക് മററാരുടെയും പിന്തുണയില്ല. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഫലങ്ങളിൽ തൃപ്തനായി കഴിയുന്നതാണ് നല്ലത് എന്ന് അദ്ദേഹത്തിനു തോന്നി. അതിനാൽ കിരീടാവകാശി വിഷയത്തിൽ പോലും കുതറാതെയും കുടയാതെയും അമീനിനും മാതാപിതാക്കൾക്കുമൊപ്പം നിൽക്കുകയായിരുന്നു മഅ്മൂൻ.
അവർ തമ്മിലകലുന്നു
ദീർഘമായ ചർച്ചകൾക്കു ശേഷമായിരുന്നു കിരീടാവകാശി വിഷയത്തിൽ ഖലീഫാ ഹാറൂൺ റഷീദ് ഒരു തീരുമാനത്തിലെത്തിച്ചേർന്നത്. തന്റെയും പൊതുജനത്തിന്റെയും ഇംഗിതം മഅ്മൂൻ ഖലീഫയാകണമെന്നതാണ് എന്ന് ഖലീഫക്കു മനസ്സിലാവുകയും ചെയ്തിരുന്നു. വയസിൽ ആറു മാസത്തിന് മൂത്തതും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ ബുദ്ധിയിലും മുന്നിൽ നിൽക്കുന്നതും മഅ്മൂൻ തന്നെയാണ്. പക്ഷെ, പ്രിയ പത്നിയുടെ ആഗ്രഹവും താൽപര്യവും അമീൻ കിരീടാവകാശിയാകണമെന്നതായിരുന്നു. മഅ്മൂനിനാവട്ടെ അവരുടെ കണ്ണിലുള്ള ന്യൂനതകൾ അക്കാലത്തിന്റെയും സംസ്കാരത്തിന്റെയും വെളിച്ചത്തിൽ ശരിയുമായിരുന്നു. അങ്ങനെയൊക്കെയായിരുന്നു ഹാറൂൺ റഷീദ് തന്റെ പിൻഗാമിയെ കണ്ടെത്തിയത്. അതിനാൽ രണ്ടു സഹോദരങ്ങളും തമ്മിലുള്ള ബന്ധം എപ്പോഴെങ്കിലും വഷളാവുകയും ഒരു ആഭ്യന്തര കലാപത്തിലേക്ക് ഭരണകൂടം വീഴുകയും ചെയ്തേക്കുമോ എന്ന് ഖലീഫ ഹാറൂൺ റഷീദിന് നല്ല ഭയമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ചില മുൻ കരുതലുകൾ സ്വീകരിക്കുകയുണ്ടായി.
രണ്ടു മക്കളെയും കൊണ്ട് ഹാറൂൺ റഷീദ് പരിശുദ്ധ മക്കയിലെത്തി. പരിശുദ്ധ കഅ്ബാലയത്തെ സാക്ഷിയാക്കി അവർ രണ്ടുപേരോടും പരസ്പരം ചില കരാറുകളിൽ ഏർപ്പെടുവാൻ പിതാവ് ആവശ്യപ്പെട്ടു. അമീനിന്റെ സഹായിയും ഉപദേഷ്ടാവുമായിരിക്കണം മഅ്മൂൻ എന്നതായിരുന്നു അവയിലൊന്ന്. രണ്ടുപേരും ചേർന്ന് രാജ്യ കാര്യങ്ങൾ നോക്കണം എന്നും പിതാവ് നിഷ്കർശിച്ചു. അതോടൊപ്പം മഅ്മൂനിനു പ്രത്യേകമായി ഖുറാസാനിലെ ഭരണാധികാരം നൽകുകയും ചെയ്തു. ഇവകളെല്ലാം എഴുതിതയ്യാറാക്കി ഖലീഫ ആ കരാർ കഅ്ബാലയത്തിൽ കെട്ടിത്തൂക്കുവാൻ കൽപ്പിച്ചു. ആ സന്ധി വ്യവസ്ഥകൾക്ക് ഒരു പരിശുദ്ധഭാവം വരുത്തുക മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഖലീഫയുടെ മരണത്തോടെ അമീൻ ബഗ്ദാദിൽ ഖലീഫയായി. തന്റെ രാജ്യത്തിന്റെ ഒരു പ്രധാന പ്രവിശ്യയായ ഖുറാസാനിൽ മഅ്മൂൻ പ്രവിശ്യാ ഭരണാധികാരിയുമായി. സാംസ്കാരികമായി പേർഷ്യൻ വേരുകളുള്ള ഖുറാസാന് ഏററവും അനുയോജ്യനായിരുന്നു മഅ്മൂൻ.
ഹാറൂൺ റഷീദിന്റെ ഈ നീക്കം വലിയ അപകടം ചെയ്തു. രാജ്യത്തെ മക്കൾക്കായി ഹാറൂൺ റഷീദ് വെട്ടി മുറിച്ചുകൊടുത്തു എന്നും അതാണ് പിന്നീടുണ്ടായ എല്ലാ പ്രശ്നങ്ങളിലേക്കും വഴി തുറന്നത് എന്നും ചരിത്രത്തിൽ വായനയുണ്ടായി. മക്കൾ രാജ്യം എന്ന വികാരത്തിൽ പരസ്പരം ബന്ധിതരാകുക എന്നതു മാത്രമായിരുന്നു സത്യത്തിൽ ഖലീഫയുടെ സദുദ്ദേശ്യം. പക്ഷെ അതു വിപരീതഫലം കാണിച്ചുതുടങ്ങി.
ഖുറാസാൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നും രാജ്യത്തിനുള്ളിൽ മറെറാരു രാജ്യവും രാജാവും എന്ന നിലക്കാണ് മഅ്മൂൻ വളരുന്നത് എന്നും കണ്ട് അമീൻ അസ്വസ്ഥനായി. അവിടെ സ്വതന്ത്രമായ തപാൽ സംവിധാനം ഏർപ്പെടുത്തിയതോടെയായിരുന്നു പരസ്പര വിദ്വേഷം പുറത്തുചാടിയത്. അമീൻ ഖുറാസിൽ പൊതു തപാൽ സംവിധാനം മതി എന്നു കൽപ്പന നൽകി. അത് പക്ഷെ, മഅ്മൂൻ സ്വീകരിച്ചില്ല. ഈ അഭിപ്രായ വ്യത്യാസങ്ങളെ ഊതിക്കത്തിക്കുവാൻ രണ്ടു ഭാഗത്തും വളരെ ഉന്നതർ വരെയുണ്ടായിരുന്നു. ഖലീഫ അമീന്റെ പിന്നിൽ പ്രധാനമായും ഉണ്ടായിരുന്നത് ഫള്ല്ൽ ബിൻ റബീഅ് ആയിരുന്നു. അമീനിൽ അയാൾ വിഷം ചെലുത്തി വിഷയം കത്തിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. മഅ്മൂനിനെയാവട്ടെ ഫള്ൽ ബിൻ സഹ് ലായിരുന്നു പ്രചോദിപ്പിച്ചിരുന്നത്. തപാൽ വിഷയത്തോടെ വഷളായ സഹോദരൻമാർ തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ വഷളായി. ഖലീഫാ അമീൻ മഅ്മൂനിനോട് തന്റെ കൊട്ടാരത്തിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടു. മഅ്മൂൻ അതനുസരിച്ചില്ല. പിതാവ് തനിക്കു തന്നതും കഅ്ബാലയത്തിൽ തൂക്കിയിട്ട പ്രമാണത്തിൽ പറയുന്നതും താൻ ഖുറാസാനിലെ സ്വതന്ത്ര ഭരണാധികാരിയായിരിക്കും എന്നാണ് എന്നായിരുന്നു മഅ്മൂനിന്റെ പക്ഷം. അതിനാൽ താൻ ബഗ്ദാദിലെ ഖലീഫ വിളിച്ചാൽ പോകേണ്ടതില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇതിനെ തുടർന്ന് ഖലീഫാ അമീൻ ഒരു താക്കീത് സന്ദേശം അയച്ചു. അതിൽ ഭീഷണി വ്യക്തമായിരുന്നു. ആ ഭീഷണിക്ക് മഅ്മൂൻ പുല്ലുവില പോലും കൽപ്പിച്ചില്ല. താൻ ആരേയും ഭയപ്പെടുന്നില്ല എന്ന് മഅ്മൂൻ തുറന്നടിക്കുകയും ചെയ്തു. അതോടെ ഖലീഫാ അമീൻ മഅ്മൂനിനെതിരെ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടു. കിരീടാവകാശിയായിരുന്ന മഅ്മൂനിനെ തൽസ്ഥാനത്തുനിന്നും മാററുന്നതിനു തുല്യമായ ചില നടപടികൾ ആരംഭിച്ചു.ആദ്യത്തേത് രാജ്യത്തെ ജുമുഅ ഖുതുബകളിൽ ഭരണാധികാരികൾക്കു വേണ്ടിയുള്ള പ്രാർഥനയുടെ ഭാഗത്തുനിന്നും മഅ്മൂനിന്റെ പേർ ഒഴിവാക്കി. അധികം വൈകാതെ പുതിയ നാണയങ്ങളിൽ നിന്നും മഅ്മൂനിന്റെ പേര് വെട്ടി. പകരം തന്റെ സ്വന്തം മകൻ മൂസയുടെ പേര് ചേർക്കുകയും അവനെ തന്റെ കിരീടാവകാശിയായി വാഴിക്കുകയും ചെയ്തു. ഇതിനിടെ കഅ്ബാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന തന്റെ പിതാവുണ്ടാക്കിയ ഉടമ്പടി മോഷ്ടിച്ചെടുത്ത് കത്തിച്ചു കളയുവാൻ ഒരാളെ ചട്ടം കെട്ടി. അയാളത് ചെയ്തു. ഇതോടെ രണ്ടു സഹോദരൻമാരും ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇസ്ലാമിക ചരിത്രം മറെറാരു ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വീണ്ടും കണ്ണീർ കയത്തിലേക്ക്
അമീനും മഅ്മൂനും സൈന്യങ്ങളെ സജ്ജീകരിച്ചു. ത്വാഹിർ ബിൻ ഹുസൈ്വൻ, ഹുർമുത ബിൻ അഅ് യുൻ എന്നീ രണ്ടു സമർഥൻമാരുടെ നേതൃത്വത്തിൽ മഅ്മൂനിന്റെ സൈന്യം ഇറങ്ങി. അലി ബിൻ ഹുസൈൻ ഹാമാന്റെ നേതൃത്വത്തിലായിരുന്നു ബഗ്ദാദ് സൈന്യം.ഹിജ്റ 195ൽ രണ്ടു സൈന്യവും ഖുറാസാൻ പ്രവിശ്യയിൽ ഏററുമുട്ടി. അമീന്റെ സൈന്യം ശക്തമായിരുന്നില്ല. അവർ പരാജയപ്പെട്ടു. വീണ്ടൂം വീണ്ടൂം രണ്ടു സൈന്യവും ഏററുമുട്ടിയെങ്കിലും അമീന്റെ സൈന്യം വീണ്ടും വീണ്ടും പരാജയപ്പെട്ടു. മഅ്മൂനിന്റെ സൈന്യം മുന്നേറി ബഗ്ദാദിന്റെ കവാടത്തിലെത്തി. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഒന്നിച്ച് അവർ ആക്രമണം തുടങ്ങി. അവർ ബഗ്ദാദിൽ നിലയുറപ്പിച്ചു. ബഗ്ദാദിനു മേൽ അവർ ശക്തമായ ഉപരോധം ഏർപ്പെടുത്തി. നിനിൽപ്പു തന്നെ അവതാളത്തിലും ഭീഷണിയിലുമായ അമീൻ തന്റെ സന്തത സഹചാരികളോടുകൂടി ടൈഗ്രീസ് കടന്നു. പക്ഷെ ത്വാഹിറിന്റെ സൈന്യം അവരെ പിടികൂടി. അവർ അമീനിനെ തടവിലാക്കി. പിന്നെ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഇതോടെ അബ്ബാസികളുടെ അധികാരം ഖലീഫാ മഅ്മൂനിന്റെ കരങ്ങളിൽ ഭദ്രമായി എത്തിച്ചേർന്നു. സ്വന്തം മകന്റെ ദാരുണമായ മരണം സുബൈദാ റാണിയെ ഉലച്ചുകളഞ്ഞു. അവർ കണ്ണീർ കയത്തിലേക്ക് എടുത്തെറിയപ്പെട്ടു.
സുബൈദാ റാണിയെ മുൻനിറുത്തി മഅ്മൂനിനോട് പ്രതികാരം ചെയ്യിക്കുവാനുള്ള ചില പ്രേരണകളൊക്കെ നടന്നുവെങ്കിലും അവർ അതിനൊന്നും തയ്യാറായില്ല. അവരുടെ മനസ്സ് അത്രയും നിർമ്മലവും പരിശുദ്ധവുമായിരുന്നു. സ്വന്തം മകനോടുണ്ടാകുന്ന സ്വാഭാവിക താൽപര്യത്തിനു നൽകേണ്ടി വന്ന വിലകൾ വലുതായിരുന്നുവെങ്കിലും അതെല്ലാം തികച്ചും സ്വാഭാവികമായിരുന്നു. അധികാരത്തിന്റെ ചെങ്കോലുമായി ഖലീഫാ മഅ്മൂൻ ബഗ്ദാദിലെത്തിയതും അവരെ പോയികണ്ടു. അവർ കണ്ണുനീർ വററിയിട്ടില്ലാത്ത കണ്ണുകളുയർത്തി തന്റെ പോററുമകനെ നോക്കി. ഉമ്മയുടെ മുഖം ഓർമ്മയിൽ പോലുമില്ലാത്ത ആ മകൻ തന്റെ സ്നേഹവത്സലയായ പോററുമ്മയെ ബഹുമാനത്തോടും ഇഷ്ടത്തോടും കൂടി നോക്കി. ആ രണ്ടു കണ്ണുകളും തമ്മിലിടഞ്ഞു. പിന്നെ സുബൈദാ റാണി പറഞ്ഞു:
എനിക്ക് ഞാൻ പ്രസവിച്ച ഒരു മകൻ നഷ്ടപ്പെട്ടുവെങ്കിലും പ്രസവിക്കാത്ത ഒരു പോററുമകനെ ഖലീഫയായി ലഭിച്ചിരിക്കുന്നു. അതിനാൽ നിനക്ക് എല്ലാ ഭാവുകങ്ങളും. ആ വാക്കുകൾ മാതൃസ്നേഹത്തിന്റെ തീരങ്ങളിലേക്ക് ഖലീഫാ മഅ്മൂനിനെ എടുത്തുകൊണ്ടുപോയി.
വളരെ ഉന്നതമായ ജീവിത മൂല്യങ്ങളുടെ ഉടമായിരുന്നു ഖലീഫാ മഅ്മൂൻ. അപാരമായ ബുദ്ധിയും അറിവും അദ്ദേഹത്തെ വേറിട്ടടയാളപ്പെടുത്തി. അതുകണ്ട് ആകാലത്തെ പണ്ഡിതൻമാർ പോലും പകച്ചുനിന്നുപോയിട്ടുണ്ട്.
ഒരിക്കൽ ഒരു സ്ത്രീ തന്റെ പരാതിയുമായി ഖലീഫയുടെ അടുക്കൽ വന്നു. തനിക്ക് സഹോദരൻമാർ ആകെ ഒരു ദീനാറാണ് പിതാവിന്റെ അനന്തരാവകാശമായി തന്നത് എന്നതായിരുന്നു അവളുടെ പരാതി. ഒരു നിമിഷം കണ്ണടച്ചിരുന്ന് തുറന്ന് ഖലീഫ പറഞ്ഞു: നിനക്കത്രമാത്രമേ അവകാശമായി കിട്ടുവാനുള്ളൂ. സദസ്സിലുണ്ടായിരുന്ന പണ്ഡിതൻമാർ അത്ഭുതത്തോടെ ചോദിച്ചു:
അതെങ്ങനെയാണ് ഖലീഫാ
അദ്ദേഹം പറഞ്ഞു: 'അവളുടെ പിതാവിന്റെ ആകെ ധനം അറുനൂറ് ദീനാറായിരുന്നു. അവകാശികളിൽ രണ്ടു പെൺമക്കളുണ്ടായിരുന്നു. അവരുടെ അവകാശം മൂന്നിൽ രണ്ടാണ്. അതിനാൽ 400 ദീനാർ അവർക്കു പോയി. മരിച്ചയാളുടെ ഭാര്യക്ക് അവളുടെ അവകാശമായ എട്ടിലൊന്നായി 75 ദീനാർ കൊടുത്തു. മരിച്ചയാളുടെ മാതാവിന് ആറിലൊന്ന് 100 ദീനാറും പോയി. മരിച്ചയാൾക്ക് 12 സഹോദരൻമാരുണ്ടായിരുന്നു. ഒരു സഹോദരിയും. ആ സഹോദരിയാണ് ഈ പരാതിക്കാരി. അവർക്ക് ആണിന്റെ പകുതി പെണ്ണിന് എന്ന തോതിൽ ഓഹരിചെയ്യുമ്പോൾ ബാക്കിയുള്ള 25ൽ 24 സഹോദരൻമാർക്കുപോയി. അവരുടെ അവകാശത്തിന്റെ പകുതിയായ ഒരു ദീനാറാണ് ഇവൾക്കു കിട്ടിയത്'.
ഒരു തത്വജ്ഞാനി കൂടിയായിരുന്നു ഖലീഫാ മഅ്മൂൻ. ഒരിക്കൽ അദ്ദേഹം പറയുകയൂണ്ടായി: 'ജനങ്ങൾ മൂന്നു വിധമാണ്. ഒരു തരം ഭക്ഷണം പോലെ എപ്പോഴും വേണ്ടവരാണ്. മറെറാരു തരം ഔഷധം പോലെ വേണ്ടപ്പോൾ മാത്രം വേണ്ടവരാണ്. മൂന്നാമത്തെ തരമാണെങ്കിലോ രോഗം പോലെ ഒരിക്കലും വേണ്ടാത്തവരുമാണ്'.
ഖലീഫാ മഅ്മൂൻ അവരെ സ്വന്തം ഉമ്മയായി കണ്ടു.അവർ മഅ്മൂനിനെ മകനായും. അങ്ങനെ ഖലീഫ അബൂ ജഅ്ഫറുൽ മൻസ്വൂറിന്റെ പേരക്കുട്ടിയായും ഖലീഫ ജഅ്ഫറുൽ മൻസ്വൂറിന്റെ മകളായും ഖലീഫ ഹാറൂൺ റഷീദിന്റെ ജീവിതസഖിയായും ഖലീഫാ അമീന്റെ മാതാവായും ജീവിച്ച സുബൈദാ റാണി ഖലീഫ മഅ്മൂനിന്റെ പോററുമ്മയായും കൂടി സന്തോഷത്തോടും പ്രൗഢിയോടും കൂടി ജീവിച്ചു, ഹിജ്റ 216ൽ എന്നേക്കുമായി കണ്ണടക്കുംവരേക്കും.
o
പ്രധാന അവലംബ വായനകൾ
അൽ ബിദായ വന്നിഹായ -ഹാഫിള് ഇബ്നു കസീർ
മുറൂജുദ്ദഹബ് -അൽ മസ്ഊദി
താരീഖുൽ ഇസ്ലാം -ഹസൻ ഇബ്റാഹീം ഹസൻ
നിസാഉൻ ശഹീറാത്ത് - അഹ്മദ് സുവൈദ്
അഅ്ലാമു ന്നിസാഅ് - ഉമർ രിദാ കഹാല.
അദ്ദൗലത്തുൽ അബ്ബാസിയ്യ -മുഹമ്മദ് ഖുദ്രീ ബക്
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso