Thoughts & Arts
Image

മരണം എന്ന അനുഭവവും ആസ്വാദനവും

27-08-2023

Web Design

15 Comments

വെള്ളിത്തെളിച്ചം / ടി എച്ച് ദാരിമി







ഉത്തര മലബാറിൽ കഴിഞ്ഞയാഴ്ച ഏറ്റവും അധികം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും സഹൃദയ മനസ്സുകളിലും കയറിയിറങ്ങിയ ശബ്ദസന്ദേശം കണ്ണൂർ ചെറുകുന്നിലെ ഫാത്തിമ മിസ് വ എന്ന ആ പന്ത്രണ്ടാം ക്ലാസുകാരിയുടേതായിരിക്കും. പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലിരിക്കെ കുഴഞ്ഞു വീണതോടെ ആശുപത്രിക്കിടക്കയിലെത്തിയ മിസ് വയുടെ നില ക്രമേണ മോശമാവുകയായിരുന്നു. അതിനിടയിലാണ് ഒരു വിടമൊഴിയുടെ ധ്വനിയിൽ മിസ് വയുടെ ഈ ശബ്ദ സന്ദേശം പുറത്തുവന്നത്. വെറും ഒരു മിനിറ്റ് ഇരുപത്തിയഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുളള ആ സന്ദേശത്തിൽ ആരോഗ്യവും പ്രതീക്ഷയും ചോർന്ന് നേർത്തു പോയ സ്വരത്തിൽ ഈ പതിനേഴുകാരി ഓർമ്മപ്പെടുത്തുന്നത് വലിയ ഒരു തത്വമാണ്. മരണം എന്നത് ഒരു ആസ്വാദനമാണ് എന്ന തത്വം. വിശുദ്ധ ഖുർആനിലെ ആലു ഇംറാൻ അദ്ധ്യായം 185-ാം വചനത്തിൽ അല്ലാഹു പറയുന്ന 'എല്ലാ ശരീരവും മരണത്തെ രുചിക്കുക തന്നെ ചെയ്യും' എന്ന ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉദ്ധരിച്ചു കൊണ്ടാണ് മരണം ഒരു ആസ്വാദനമാണ് എന്ന് മിസ് വ പറയുന്നത്. തുടർന്ന് പ്രാർത്ഥനയോടെയും പ്രാർത്ഥനക്കുള്ള അർത്ഥനയോടെയും അവൾ സലാം പറഞ്ഞു നിറുത്തുന്നു. ഈ വാക്കുകൾ ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഇതു പറഞ്ഞ് അധികം വൈകാതെ അവൾ മരണപ്പെട്ടതോടെയാണ്. അവളുടെ ആ വാക്കുകളിലടങ്ങിയ സന്ദേശവും ദീനാനുകമ്പ ഉണർത്തുന്ന ധ്വനിയും മരണവും ഒരേ ശ്രേണിയിൽ വന്നതോടെ ഈ വിഷയം അവളെ അറിയുന്നവരുടെ കൈകളിൽ നിന്ന് അറിയാത്ത ആയിരങ്ങളിലേക്ക് പരക്കുകയായിരുന്നു. മരണം എന്ന അനുഭവം ആസ്വാദനമാകുക എന്ന ആ സന്ദേശമാണ് ഇന്നത്തെ വാചാരത്തിലേക്ക് ഈ സംഭവത്തെ മുന്നിൽ നിറുത്തുവാനുള്ള നമ്മുടെ പ്രചോദനം.



എല്ലാ ശരീരവും മരണത്തെ രുചിക്കും എന്ന വാചകവും ആശയവും ഒരേ ധ്വനിയിൽ വിശുദ്ധ ഖുർആൻ പറയുന്നത് മൂന്നു സ്ഥലത്താണ്. ആലു ഇംറാൻ അദ്ധ്യായത്തിന്റെ 185-ാം ആയത്തിലും അൽ അൻബിയാഅ് 35-ാം ആയത്തിലും അൽ അൻകബൂത്ത് 57-ാം ആയത്തിലും. ഈ ആയത്തുകളിലെ 'എല്ലാവരും മരിക്കും' എന്ന ആശയം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. കാരണം അത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. എത്ര ശ്രദ്ധിച്ചാലും സൂക്ഷിച്ചാലും മനുഷ്യൻ മരിക്കുക തന്നെ ചെയ്യും. അതേ സമയം ഈ ആശയം പറയുവാൻ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന 'ദാഇഖത്തുൻ' എന്ന വാക്ക് പക്ഷെ, വലിയൊരു ചിന്താവിഷയമാണ്. കാരണം അതിനർഥം ഓരോ ശരീരവും മരണത്തെ രുചിക്കും എന്നതാണല്ലോ. രുചിക്കുക എന്ന വാക്ക് നമുക്ക് സുപരിചിതമാണ്. ഒരു ഭക്ഷ്യത്തിന്റെയോ പാനീയത്തിന്റെയോ രുചി നാവിന്റെ ഉപരി പ്രതലം ഉപയോഗിച്ച് മനസ്സിലാക്കുന്നതിനാണ് രുചിക്കുക എന്ന് നാം പറയാറുള്ളത്. നമ്മുടെ നാവിന്റെ മുകൾഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങൾ സ്വീകരിക്കാൻ കഴിയുന്ന സംവേദിനികൾ ഉള്ളതുകൊണ്ടാണ് രുചി അറിയാൻ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം. മനുഷ്യനിലേക്ക് ബാഹ്യ വിവരങ്ങൾ എത്തിക്കുന്ന പഞ്ചേന്ദ്രിയങ്ങളിൽ ഒന്നാണിത്. അല്ലാഹുവിന്റെ ഈ വാക്ക് നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നത് ഒന്നാമതായി ഈ വാക്കിന്റെ അർഥത്തിലൂടെ തന്നെയാണ്. കാരണം മരണത്തെ രുചിക്കും എന്നാണ് അല്ലാതെ മരിക്കും എന്നല്ല അല്ലാഹു പറയുന്നത്. ഭക്ഷ്യത്തിന്റെ കാര്യത്തിൽ രുചിക്കുക എന്നത് തിന്നലോ കുടിക്കലോ അല്ല എന്നതു പോലെ മരണത്തിന്റെ കാര്യത്തിലും അതു രുചിക്കുക എന്നത് മരിക്കുക എന്നതല്ല എന്നത് ഇപ്പോൾ വ്യക്തമായി. ഇങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോൾ ഫാത്തിമ മിസ് വ പങ്കുവെച്ച ആശയത്തോട് നാം ഒന്നു കൂടി അടുക്കുകയാണ്.



മരിക്കുന്നതിന് മുമ്പ് മനുഷ്യന് ചില പ്രത്യേക അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ഈ വാക്കിലൂടെ നമുക്ക് ബോദ്ധ്യപ്പെടുന്നു. അത് വിശുദ്ധ ഖുർആനിൽ നിന്നും വ്യക്തമാണ്. മരണ സമയം ചിത്രീകരിക്കുന്ന അൽ ഖിയാമ സൂറത്തിലെ ആയത്തുകളിൽ മരണ വക്രത്തിലെ അനുഭവങ്ങളിൽ അല്ലാഹു പറയുന്നു: 'അല്ല, ആത്മാവ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരാണുള്ളത് എന്നന്വേഷിക്കപ്പെടുകയും തന്റെ വേര്‍പാടാണിതെന്ന് അവന്ന് തോന്നുകയും കണങ്കാലുകള്‍ പരസ്പരം കൂടിച്ചേരുകയും ചെയ്യുമ്പോള്‍ - അന്ന് നിന്റെ നാഥങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോവുക' (അൽ ഖിയാമ : 27-30). തന്റെ വേർപാടാണ് ഇത് എന്ന് തോന്നുന്ന എന്നാൽ വേർപാട് അല്ലാത്ത ഒരു അവസ്ഥ മനുഷ്യന് ഉണ്ടാകുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. സൂറത്തു ഫുസ്വിലത്തിൽ അല്ലാഹു പറയുന്നു: 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണ സമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാര്‍ത്തയറിയിക്കും: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്; നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്.' (30-32) ഇത് സാക്ഷാൽ മരണം സംഭവിക്കുന്നതിന് മുമ്പുള്ള അവസ്ഥയാണ്. മരണത്തിന് തൊട്ടുമുമ്പായി മനുഷ്യന്റെ ജീവിതപഥം മാറുന്നുണ്ട് എന്ന് വ്യക്തമായ സൂചന നൽകുന്ന ഇത്തരം ആയത്തുകളും ഹദീസുകളും നിരവധിയാണ്.



എന്നാൽ ഇത്തരം ഒരു മാറ്റത്തെ കുറിച്ച് ശാസ്ത്രം എന്തു പറയുന്നു എന്നത് ഈ കാര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. നമ്മുടെ എല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയമായിരിക്കും മരിക്കുന്നതിന് തൊട്ട് മുൻപ് എന്തൊക്കെ മാറ്റങ്ങളും ചിന്തകളും അനുഭവങ്ങളും മനസ്സിൽ ഉണ്ടാവുക എന്നത്. ഇതുവരെ ഇതിന് ശരിയായ ഉത്തരം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കാരണം അനുഭവം അനുഭവിച്ചവർ നേരിട്ടു പറയുമ്പോഴേ അതിന് ബലമുണ്ടാകൂ. മരിച്ചവർ അതു വന്ന് പറയുക എന്നത് അസാധ്യമാണല്ലോ. എങ്കിലും ചില സൂചനകൾ ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തെ അടിസ്ഥാനമാക്കി അടുത്തിടെ ലൂയിസ് വില്ലെ സർവകലാശാല (University of Louisville) ഒരു പഠനം നടത്തി. ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിൽ മനസ്സിൽ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകർ ശ്രമിച്ചു. കൃത്യമായല്ലെങ്കിലും കുറെയേറെ കാര്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് തൊട്ട് മുമ്പ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം സിദ്ധാന്തങ്ങൾ നിലവിലുണ്ട്. പക്ഷെ ഈ സിദ്ധാന്തങ്ങൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല. എന്നാൽ ഡോ. അജ്മൽ സെമ്മറും സഹപ്രവർത്തകരും ചേർന്ന് ഒരു വ്യക്തിയുടെ തലച്ചോറിൽ അയാൾ മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് നടക്കുന്ന പ്രവർത്തങ്ങൾ പഠിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായത്തിൽ മരിക്കുന്നത് മുൻപ് മനുഷ്യ മസ്തിഷ്കം സജീവമാവുകയും വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഈ മാറ്റങ്ങൾ നാഡികളുടെ സ്പന്ദനം വഴി പ്രകടമാക്കുന്നു.



ഫ്രോണ്ടിയേഴ്സ് ഇൻ ഏജിംഗ് ന്യൂറോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അപസ്മാരം ബാധിച്ച 87 വയസ്സുള്ള രോഗിയുടെ അവസാനനിമിഷങ്ങളിലെ മസ്തിഷ്ക പ്രവർത്തനമാണ് ഗവേഷകസംഘം പരിശോധിച്ചത്. അയാളുടെ ചികിത്സയുടെ സമയത്ത് ഇലക്ട്രോ എൻസെഫാലോഗ്രാഫി (ഇഇജി) ഉപയോഗിച്ചാണ് എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഡോ. റൗൾ വിസന്റ് തലച്ചോറിന്റെ പ്രവർത്തനവും മറ്റും തിരിച്ചറിഞ്ഞത്. ഓർമ വീണ്ടെടുക്കുന്നത് ഉൾപ്പെടെ ഉയർന്ന ബൗദ്ധിക പ്രവർത്തനങ്ങൾ ആ സമയത്ത് മസ്തിഷ്കത്തിൽ സംഭവിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. മരിക്കുന്നതിനു തൊട്ടുമുമ്പ് മനുഷ്യമസ്തിഷ്കം ജീവിതത്തിലെ എല്ലാ ഓർമ്മകളും പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നതായി സെമ്മർ കണ്ടെത്തി. അതിഭൗതികമായി നോക്കിയാൽ, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മസ്തിഷ്കത്തിന്റെ പ്രവർത്തനം ഓർമ്മ വീണ്ടെടുക്കുകയോ സ്വപ്നം കാണുകയോ ചെയ്യുമ്പോഴുള്ള മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സമാനമാണ്. മെസൺ യൂണിവേഴ്സിറ്റിയിലെ ആൻഡ്രൂ പീറ്റർസൺ നടത്തിയ പഠനം, അമേരിക്കൻ ബാൾഫോ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റഫർ കേർ നടത്തിയ പഠനം, മീഷിംഗൻ യൂണിവേഴ്സിറ്റിയിലെ പി എൻ എ എസ് എന്ന മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച പഠനം എന്നിവയെല്ലാം ഇത് ശരിവെക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇതിനൊക്കെ അപ്പുറത്തേക്ക് പോകുവാൻ നിലവിൽ ശാസ്ത്രത്തിന് പരിമിധിയുണ്ട്.



ഇസ്ലാം പക്ഷെ ഈ അനുഭവം അരക്കിട്ടു അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് മരണാസന്നനായ വ്യക്തി സാക്ഷാൽ മരണം സംഭവിക്കുന്നതിനു മുമ്പു തന്നെ മറ്റൊരു ലോകത്തേക്ക് നീങ്ങുന്നുണ്ട്. ആ വ്യക്തി ഏതോ വൈകാരിക ആനന്ദങ്ങൾക്കോ ആധികൾക്കോ വിധേയനാകുന്നുണ്ട്. അത് അയാളുടെ ചേഷ്ടകളിൽ പ്രകടമാണ് താനും. ഇതു രണ്ട് പ്രകൃതത്തിൽ അനുഭവപ്പെടുന്നതായിട്ടാണ് നമുക്ക് തോന്നുന്നത്. ചിലർ സംതൃപ്തി ദ്യോതിപ്പിക്കുന്ന ഒരു ശാന്ത ഭാവത്തിന് അടിമപ്പെടുമ്പോൾ മറ്റു ചിലർ അടക്കാനാവാത്ത വിഹ്വലതയും ഭയ പെപ്രാളങ്ങളും പ്രകടിപ്പിക്കുന്നു. ഈ അനുഭവവും ഈ അനുഭവം വിവരിക്കുന്ന പ്രമാണങ്ങളും ഒത്തുനോക്കുമ്പോൾ ശാന്ത ഭാവങ്ങൾ പൂകുന്നവർ നൻമ ആസ്വദിച്ചു തുടങ്ങുകയാണ് എന്നും വിഹ്വലർ തങ്ങളുടെ തിൻമകളുടെ ദുരന്തം അനുഭവിക്കാൻ തുടങ്ങി എന്നുമാണ് മനസ്സിലാവുക. അങ്ങനെ വരുമ്പോൾ മരണം എന്ന അനുഭവത്തിന് രണ്ട് പ്രകൃതങ്ങൾ ഉണ്ട് എന്ന് പറയാം. ഒന്ന്, ഫാത്തിമ മിസ് വ പറഞ്ഞു വെച്ചതു പോലെ മരണം ഒരു ഹൃദയഹാരിയായ ആസ്വാദനമാണ് എന്നത്. മറ്റൊന്ന് അൽ ഖിയാമ സൂറത്തിലെ സൂക്തം വിവരിച്ചതുപോലെ ഒരു കാൽ മറുകാലിലടിച്ചും ഭയന്നും വിലപിച്ചും അനുഭവിക്കുന്ന വേദനയും. ഈ രണ്ടനുഭവങ്ങൾ വിശുദ്ധ ഖുർആൻ വിവരിക്കുന്നത് ആസ്വാദകരമായ മരണാവസ്ഥയെ തെരഞ്ഞെടുക്കുവാനുള്ള പ്രചോദനമാകുവാൻ വേണ്ടിയാണ്.



0










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso