ഇഹപര വിജയങ്ങൾക്ക് ഇബ്റാഹീമീ വഴി
27-08-2023
Web Design
15 Comments
ടി എച്ച് ദാരിമി / ഖുർആൻ പഠനം / അൽ മുംതഹിന 4-6
ഒരു സമൂഹമായി ജീവിക്കുമ്പോൾ എല്ലാ കാഴ്ച്ചപ്പാടു കാരോടും അവരുടെ മതമോ താൽപര്യങ്ങളോ നോക്കാതെ തന്നെ മാന്യമായി ഇടപെടുവാൻ അല്ലാഹുവും അവന്റെ ദീനും അനുവദിക്കുന്നുണ്ട്. അതു പക്ഷെ, ആദർശത്തിലോ മറ്റോ വിട്ടുവീഴ്ച്ച ചെയ്തോ നിലപാടിനെ ഒളിപ്പിച്ചോ മറച്ചുപിടിച്ചോ ഒന്നുമായിരിക്കുവാൻ പാടില്ല. മറ്റുള്ളവരുമായി സാമൂഹ്യ തലത്തിൽ സഹവസിക്കുകയോ സഹകരിക്കുകയോ ചെയ്യുമ്പോഴും സത്യവിശ്വാസി തന്റെ വ്യക്തിത്വം വ്യതിരിക്തമായി കാത്തുസൂക്ഷിച്ചിരിക്കണം. അത് മറ്റുള്ളവരെ മാന്യമായി അറിയിക്കുകയും വേണം. ഇതു രണ്ടും ഒരു അപകടവും വരുത്തിവെക്കുന്നവയല്ല. ഉദാഹരണമായി എല്ലാവരുമുള്ള ഒരു പൊതു പരിപാടിയിലേക്ക് നാം ക്ഷണിക്കപെട്ടാൽ നാം അതിൽ പങ്കെടുക്കണം. അതിനിടയിൽ വാങ്കു കേട്ടാൽ സംഘാടകരോട് എനിക്ക് നിസ്കരിക്കണം എന്ന് പറയുകയും നിസ്കരിക്കുകയും വേണം. അത് ആ പരിപാടിയേയോ സംഘാടകരെയോ ഒരു നിലക്കും ബാധിക്കുന്ന കാര്യമല്ല. അപ്രകാരം തന്നെ ആ ചടങ്ങിലെ ഇടപെടലുകളിലെല്ലാം തന്റെ വ്യക്തിത്വം കൊണ്ട് വേറിട്ടു നിന്നിരിക്കണം. അതെല്ലാം വളരെ മാന്യമായും ആർക്കും വേദനയുണ്ടാക്കാത്ത വിധവും ആയിരിക്കണം. ഇത്തരം സാമൂഹ്യ സമീപനം വിശ്വാസികളെ പഠിപ്പിക്കുവാൻ ഖുർആൻ ഉദാഹരിക്കുന്ന ഒരു നിലപാടാണ് ഇബ്റാഹീം നബിയുടേത്. തന്റെ കാര്യം തീർത്തുപറഞ്ഞും പ്രഖ്യാപിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രബോധന ജീവിതം. അവസരം നോക്കാതെ വിളിച്ചു പറഞ്ഞോ കലഹിച്ച് തെറ്റിപ്പിരിഞ്ഞോ ഒരു തരം പ്രകോപനവും അദ്ദേഹം ഉണ്ടാക്കുകയോ അദ്ദേഹത്താൽ ഉണ്ടാകുകയോ ചെയ്തില്ല. ഏറ്റവും അനുകരണീയമായിരുന്നു ആ ജീവിതം. അതിനാൽ ഇവിടെ സ്വീകരിക്കേണ്ട സമീപനങ്ങൾക്ക് ഇബ്റാഹീം നബിയെ ഉദാഹരിക്കുകയാണ് അടുത്ത സൂക്തം.
4: ഇബ്‌റാഹീം നബിയിലും സഹചാരികളിലും -അവര്‍ സ്വജനതയോട് പറഞ്ഞ സന്ദര്‍ഭം- നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട്. നിങ്ങളിലും അല്ലാഹുവിനെവിട്ട് നിങ്ങള്‍ ആരാധിക്കുന്നവയിലും നിന്ന് ഞങ്ങള്‍ മുക്തരാവുകയും നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വാസമുറപ്പിക്കുന്നതുവരെ നാം തമ്മില്‍ പ്രകടമായ ശാശ്വതവിദ്വേഷത്തിലും സ്പര്‍ധയിലുമായിരിക്കും- ഇബ്‌റാഹീം നബി പിതാവിനോട് ഞാന്‍ താങ്കള്‍ക്കു വേണ്ടി പാപമോചനമര്‍ത്ഥിക്കുക തന്നെ ചെയ്യാം; എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് താങ്കള്‍ക്കൊന്നും നേടിത്തരാന്‍ എനിക്കാവില്ല എന്നു പറഞ്ഞതിലൊഴികെ.
ശത്രുക്കളോടുള്ള സമീപനത്തിൽ പുലർത്തേണ്ട അടിസ്ഥാന നയം വ്യക്തമാക്കിക്കൊണ്ടാണ് ഈ സൂക്തം ആരംഭിക്കുന്നത്. അവിശ്വാസികളോട് നമ്മുടെ വിശ്വാസം തുറന്നു പറയുകയും അതിൽ ഞങ്ങൾ വിട്ടു വീഴ്ചക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്യണം എന്നതാണ് അത്. അങ്ങനെയൊക്കെയാണെങ്കിലും അതിൽ പിന്നെ മാതാപിതാക്കൾ, ബന്ധുക്കൾ തുടങ്ങിയ ചില പരിഗണിക്കപ്പെടേണ്ട ബാദ്ധ്യതകൾ ഉണ്ടായേക്കാം. എന്നാലും ശരി അവരുടെ കാര്യത്തിൽ പോലും ഈ നയം വിട്ട മറ്റൊന്ന് ഉണ്ടായിക്കൂടാ എന്നാണ് ഈ സൂക്തത്തിന്റെ അവസാന ഭാഗം പറയുന്നത്. ഇബ്റാഹിം നബിയുടെ കാര്യത്തിൽ തന്നെ അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് അല്ലാഹു ഗുണദോഷിക്കുന്നുണ്ട്. അല്ലാഹു സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയില്ലെങ്കിലും അവിശ്വാസിയായ പിതാവിന് വേണ്ടി ഞാൻ പ്രാർഥിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ ഒഴികെ മറ്റെല്ലാ കാര്യത്തിലും നിങ്ങൾക്ക് അദ്ദേഹത്തിൽ മാതൃകയുണ്ട് എന്ന് ചുരുക്കം. ഇബ്രാഹീം നബി നേരിട്ട് സംവാദത്തിലേർപ്പെട്ട വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. ആ വാഗ്വാദങ്ങളുടെ പ്രധാന ഭാഗങ്ങൾ ഖുർആൻ പലയിടങ്ങളിലായി പറയുന്നുണ്ട്. ഒരിക്കലും പിതാവ് തന്റെ മാർഗ്ഗത്തിലേക്ക് വരാനുള്ള സാധ്യത അതിലെ വരികൾക്കിടയിൽ കാണപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്. എന്നിട്ടും പിതാവും പുത്രനും എന്ന ബന്ധത്തിന്റെ പ്രലോഭനത്തിൽ പെട്ട് അദ്ദേഹം ഞാൻ അങ്ങേക്ക് വേണ്ടി പൊറുക്കലിനെ തേടാം എന്നൊരിക്കൽ പറയുകയുണ്ടായി. പിതാവിന് വേണ്ടി പാപമോചനം ചെയ്തു. അത് അല്ലാഹുവിന്റെ അഭീഷ്ടത്തിന് വിരുദ്ധമാണ് എന്ന് വ്യക്തമായതോടെ അദ്ദേഹം അതിൽ നിന്നു പിൻമാറുകയും ചെയ്തു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (തൗബ: 114) ഇത്ര ചെറിയ ഒരു വീഴ്ചയെ അല്ലാഹു ഇവ്വിധം സമീപിക്കുന്നതിൽ നിന്ന് ഈ നയത്തിന്റെ ഗൗരവം മനസ്സിലാക്കാം.
5: അവർ പ്രാര്‍ത്ഥിച്ചിരുന്നു: നാഥാ, ഞങ്ങള്‍ നിന്നിലേക്കു കാര്യങ്ങള്‍ ഭരമേല്‍പിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്തിരിക്കുന്നു, തിരിച്ചെത്തലും നിന്നിലേക്കു തന്നെ. നാഥാ, അവിശ്വാസികളുടെ പരീക്ഷണത്തിന് ഞങ്ങളെ ഇരയാക്കരുതേ. നാഥാ, ഞങ്ങള്‍ക്ക് പാപമോചനമരുളേണമേ. അജയ്യനും യുക്തിമാനും നീ തന്നെയാകുന്നു.
ഇവ്വിധത്തിൽ തീർത്തു പറയുവാനും ശക്തമായ തീരുമാനം കൈക്കൊള്ളുവാനും ചില ധൈര്യങ്ങൾ അനിവാര്യമാണ്. നാം ഇടകൊടുക്കുന്നില്ലെങ്കിലും ശത്രു ചിലപ്പോൾ വളരെ താഴ്ന്ന നിലയിൽ ഉള്ളവരോ അങ്ങനെ ചിന്തിക്കുന്നവരോ ആയിരിക്കാം. അവർ ചില പ്രകോപനങ്ങൾ ഉണ്ടാക്കിയേക്കാം. അപ്പോൾ അവയ്ക്കു മുമ്പിൽ പിടിച്ചു നിൽക്കുവാൻ ഉന്നതമായ മാനസിക ധൈര്യവും സ്ഥൈര്യവും തന്നെ വേണം. അവയ്ക്കു വേണ്ടിയുളള പ്രാർഥനയാണ് ഈ ആയത്തിൽ പറയുന്നത്. ഇബ്‌റാഹീം നബി(അ)യും അനുയായികളും ചെയ്തിരുന്ന ദുആയാണിവിടെ ഉദ്ധരിച്ചിരിക്കുന്നത്. മൂന്ന് കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. അവയുടെ ഈ ശ്രേണി ഈ വിഷയത്തിന്റെ ആശയ തലത്തിൽ പ്രധാനവുമാണ്. ഒന്ന്, എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്. വരുന്നതെന്തും അല്ലാഹുവിൽ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ് എല്ലാം അവനിൽ ഭരമേൽപ്പിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കരുത്ത് കൈവരും. ഈ കരുത്ത് കൈവരുവാനും അത് നിലനിറുത്തുവാനും പിഴക്കാതെ പ്രയോഗിക്കാനുമെല്ലാം അല്ലാഹുവിൽ നിന്നുള്ള തൗഫീഖ് വേണം. അതു പെയ്തിറങ്ങണമെങ്കിൽ മനസ്സിന്റെ വിശുദ്ധി പ്രധാനമാണ്. ആ വിശുദ്ധി കൈവരുത്തൽ അശുദ്ധി വരുത്തിയ മാലിന്യങ്ങൾ കഴുകിയാണ്. പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കുക എന്ന രണ്ടാമത്തെ കാര്യത്തിന്റെ സാംഗത്യം അതാണ്. പൂർവ്വത്തെ ഇവ്വിധം ശുദ്ധീകരിക്കുകയും വർത്തമാനം വരേക്കും പശ്ചാതാപം വഴി അതു നീണ്ടുകിടക്കുകയും ചെയ്താൽ പിന്നെ മുമ്പിലുള്ള ഭാവി മാത്രമാണ് വിഷയം. അതിനുള്ളതാണ് ആയത്തിന്റെ അവസാന ഭാഗത്ത് പറയുന്ന വിശ്വാസ സംഹിതതകളില്‍ അടിയുറച്ചു നില്‍ക്കുക എന്ന ആശയം വരുന്ന ഭാഗം.
6: നിശ്ചയം, അല്ലാഹുവിനെയും അന്ത്യനാളിനെയും കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അവരില്‍ ഉദാത്ത മാതൃകയുണ്ട്. ഇതില്‍ നിന്ന് ആരെങ്കിലും വ്യതിചലിച്ചുപോകുന്നുവെങ്കില്‍ അല്ലാഹു തന്നെയാണ് സ്വാശ്രയനും സ്തുത്യര്‍ഹനും.
വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് ആദർശത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇബ്റാഹീമീ വഴി സ്വീകരിക്കുവാനുള്ള അല്ലാഹുവിന്റെ ആജ്ഞ ആവർത്തിക്കുകയാണ് ഈ ആയത്തിലും. ഇവിടെ അല്ലാഹുവിനെയും അന്ത്യനാളിനെയും ഓർമ്മപ്പെടുത്തുന്നത് ഉപര്യുക്ത വിഷയത്തിന്റെ ഗൗരവം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ്. ഈ ഉപദേശത്തിനു ശേഷം കേന്ദ്ര വിഷയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് അടുത്ത ആയത്തിലൂടെ. കേന്ദ്ര വിഷയം സ്വഹാബിമാരിൽ ചിലർ പലതരം ബാദ്ധ്യതകളുടെയും പേരിൽ അവിശ്വാസികളും ശത്രുക്കളുമായ ബന്ധുക്കളോട് ചില മനസ്സുപ്പങ്ങൾ പ്രകടിപ്പിച്ചതാണല്ലോ. അവരുമായി അതിരുവിട്ട അടുപ്പങ്ങൾ പാടില്ലെന്നും ഏതു ബന്ധങ്ങളുടെയും മുമ്പിൽ ആദർശ അസ്തിത്വം അടിയറ വെക്കപ്പെടരുത് എന്നുമാണ് കഴിഞ്ഞ ആയത്തുകളിൽ പറഞ്ഞത്. ആ നിലപാടിന് ഇബ്റാഹീമീ നയത്തെ ഉദാഹരിക്കുകയും ചെയ്തു. ഇനി പറയുന്നത് ബന്ധുക്കളിൽ നിന്ന് വേറിട്ട അസ്തിത്വം കാക്കുന്നതിൽ നിങ്ങൾ അസ്വസ്ഥതപ്പെടുകയൊന്നും വേണ്ട, ഒരു പക്ഷെ, ഇന്നെങ്കിൽ നാളെ വിശ്വാസത്തിന്റെ പേരിൽ തന്നെ നിങ്ങളുടെ ഹൃദയങ്ങളെ അല്ലാഹു കൂട്ടിയിണക്കിയേക്കാം.
7: അവരില്‍ നിന്ന് നിങ്ങളുമായി ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സൗഹൃദമുണ്ടാക്കിയേക്കാം. അവന്‍ ഏറെ കഴിവുറ്റവനും പൊറുക്കുന്നവനും കരുണാമയനുമത്രേ.
അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ഒരു സാന്ത്വനമാണിത്. അഥവാ ഇപ്പോള്‍ ഖുറൈശുമായും മറ്റു പ്രതിയോഗികളുമായൊക്കെ ശത്രുതയിലാണ് നിങ്ങളുള്ളതെങ്കിലും അതിനു ലഘൂകരണവും ശാന്തതയും കൈവന്നേക്കുമെന്നാണ് അല്ലാഹു പറയുന്നത്. അത് ക്രമേണ സംഭവിക്കുകയുമുണ്ടായി. ആദ്യകാലത്ത് ഇസ്ലാമിനെയും മുസ്ലിംകളെയും വേട്ടയാടിയിരുന്ന പലരും ഇസ്ലാമിൽ എത്തിച്ചേരുകയുണ്ടായി. അബൂ സുഫ്യാൻ, ഖാലിദ് ബിൻ വലീദ് തുടങ്ങിയവർ അതിനുളള മികച്ച ഉദാഹരണങ്ങളാണ്. അവർക്കു കനത്ത നാശം വരുത്തി വെച്ച ബദർ യുദ്ധത്തിന്റെ പ്രതികാരം ചെയ്യുവാൻ നടത്തിയ ഉഹദ് യുദ്ധത്തിന്റെ മുഴുവൻ ചെലവും വഹിച്ചത് അബൂ സുഫിയാനായിരുന്നു. യുദ്ധം നയിച്ചത് ഖാലിദ് ബിൻ വലീദും. മക്ക വിജയത്തിന്റെ നാളുകളിലായിരുന്നു അബൂ സുഫിയാന്റെ ഇസ്ലാമാശ്ലേഷണം. അദ്ദേഹത്തിന്റെ മകൻ മുആവിയ നേരത്തെ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ഉമ്മു ഹബീബ എന്ന റംല(റ) നേരത്തെ നബി(സ) യുടെ പത്നിയായിരുന്നു. അതേ പശ്ചാതലവും സാഹചര്യവും തന്നെയായിരുന്നു ഖാലിദ് ബിൻ വലീദിന്റെ കാര്യത്തിലുണ്ടായതും. ഹുദൈബിയ സന്ധിക്ക് ശേഷമാണ് ഇത്തരം വലിയ മാറ്റങ്ങൾ ഉണ്ടായതും പ്രതിസന്ധികള്‍ അയഞ്ഞു വന്നതും. അടുത്ത പത്തു വർഷത്തേക്ക് തമ്മിൽ നേരിട്ടോ അല്ലാതെയോ യുദ്ധം പാടില്ല എന്ന സന്ധി വ്യവസ്ഥ ആയിരുന്നു പ്രധാന കാരണം. ഇതോടെ ഇരുവിഭാഗവും കൂടുതല്‍ അടുത്തറിഞ്ഞു. ആളുകള്‍ നബി(സ)യെയും ഇസ്‌ലാമിനെയും കൂടുതല്‍ മനസ്സിലാക്കി. തുടർന്ന് കൂട്ടംകൂട്ടമായി അവർ ദീനിലേക്ക് വരാന്‍ തുടങ്ങി.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso