Thoughts & Arts
Image

സാരമായിരിക്കേണ്ടവ നിസ്സാരമാകുമ്പോൾ

27-08-2023

Web Design

15 Comments

വെള്ളിത്തെളിച്ചം / ടി എച്ച് ദാരിമി






അനസ്(റ) തന്റെ കാലത്തോട് പറയുന്നു: 'നിങ്ങൾ ചില കാര്യങ്ങൾ ചെയ്തുവരുന്നു, അവ നിങ്ങളുടെ കണ്ണുകളിൽ മുടിയേക്കാൾ നിസ്സാരങ്ങളാണ് എന്നു തോന്നിപ്പോകും. ഞങ്ങൾ നബി(സ)യുടെ കാലത്ത് പക്ഷെ അവയെ വൻദോഷങ്ങളായാണ് ഗണിച്ചിരുന്നത്' (ബുഖാരി). നബി(സ) തിരുമേനിയുടെ കാലത്ത് കുട്ടികളുടെ ഗണത്തിൽപ്പെടുന്ന സ്വാഹാബിയായിരുന്നു അനസ്(റ). നബിക്കു ശേഷം ഏതാണ്ട് തൊണ്ണൂറ് വർഷം അദ്ദേഹം ജീവിച്ചിട്ടുണ്ട്. അഥവാ ഉമവിയ്യാ ഭരണത്തിന്റെ രണ്ടാം പകുതിയുടെ ഒന്നാം ഭാഗവും അദ്ദഹത്തിന്റെ ജീവിതം പിന്നിട്ടിരുന്നു. അപ്പോഴേക്കൊക്കെ സമുദായത്തിനുള്ളിൽ ഉദാസീനത ശരിക്കും വളർന്നു കഴിഞ്ഞിരുന്നു. ഭൗതികഭ്രമം ഗ്രസിച്ചു കഴിഞ്ഞിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾക്ക് മേൽ കൈ കൈവന്നിരുന്നു. അതുകൊണ്ടായിരിക്കാം അനസ്(റ) ഇങ്ങനെ പറഞ്ഞത്. ധാർമ്മികതയുടെ താൻ കണ്ട രണ്ടറ്റവും പറയുവാൻ അദ്ദേഹത്തിനു തന്നെയായിരിക്കും കൂടുതൽ കഴിയുക. അതിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന ഒരു വലിയ ആശയമുണ്ട്. കാലം ചെല്ലുന്തോറും ധാർമ്മിക മൂല്യങ്ങൾ ക്ഷയിച്ചും ശോഷിച്ചും വരികയും കാര്യങ്ങളിലെ ജാഗ്രത ചോർന്നുപോകുകയും ചെയ്യും എന്ന ആശയം. സാരമായിരിക്കേണ്ട കാര്യങ്ങൾ നിസ്സാരമായി കാണുന്ന പ്രവണത ഉടലെടുക്കും എന്ന ആശയം. നബി തിരുമേനിയുടെ അദ്ധ്യാപനങ്ങളിൽ ഈ ആശയം പല രൂപത്തിലും ധ്വനിയിലുമായി വന്നിട്ടുണ്ട്. മറ്റൊരു ഹദീസിൽ നബി(സ) പറയുന്നത് ഉദാഹരണം: വിശ്വാസി തന്റെ പാപങ്ങളെ കാണുന്നത് തലയിലേക്ക് വീഴാൻ ഭാവിച്ചു നിൽക്കുന്ന ഒരു വൻ പർവ്വതത്തിന്റെ കീഴെ ഇരിക്കുന്നതു പോലെ ഭയന്നാണ്. എന്നാൽ തെമ്മാടിയായ ഒരാൾ തന്റെ പാപങ്ങളെ കാണുന്നതോ മൂക്കിനു നേരെ വരുന്ന ഒരു ഈച്ചയെ പോലെയാണ് (ബുഖാരി).



ധാർമ്മിക ശോഷണം എന്ന ഈ പ്രവണത സമൂഹത്തിലേക്ക് അരിച്ചു കയറുക പ്രധാനമായും സമ്പത്തിലൂടെയാണ്. കാരണം മനുഷ്യനെ ധാർമ്മികതയിൽ നിന്നും അകറ്റുക എന്നത് പിശാചിന്റെ ത്വരയാണ്. പിശാചാണെങ്കിലോ മനുഷ്യന്റെ മനസ്സിലെ മോഹങ്ങൾക്ക് തീ പിടിപ്പിച്ചാണ് തന്റെ ലക്ഷ്യം നേടുന്നത്. അത് അവൻ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. അക്കാര്യം അവൻ പറഞ്ഞത് അല്ലാഹു നമുക്ക് ഇങ്ങനെ പറഞ്ഞുതരുന്നു: 'അല്ലാഹുവോടവന്‍ പറഞ്ഞിട്ടുണ്ട്: നിന്റെ അടിമകളില്‍ നിന്നു ഒരു നിശ്ചിതവിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ സ്വന്തമാക്കുന്നതും ദുര്‍മാര്‍ഗത്തിലാക്കുന്നതും വ്യാമോഹിപ്പിക്കുന്നതുമാണ്'(അന്നിസാഅ്: 119). അല്ലാഹു തുടർന്ന് പ്രസ്താവിക്കുന്നു: 'പിശാച് അവര്‍ക്ക് പലതും വാഗ്ദാനം ചെയ്യും; ഒട്ടേറെ വ്യാമോഹങ്ങള്‍ ജനിപ്പിക്കും. വഞ്ചന മാത്രമേ അവര്‍ക്കവന്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. അവരുടെ സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഒരഭയസ്ഥാനം അവര്‍ കണ്ടെത്തുന്നതല്ല' (അന്നിസാഅ്: 120, 121). അപ്പോൾ മനുഷ്യന് പത്രാസും പളപളപ്പുമുള്ള ജീവിതം, വില കൂടിയ സൗകര്യങ്ങൾ, മറ്റുള്ളവരെ കീഴ്പ്പെടുത്തുന്ന പ്രതാപം തുടങ്ങിയവയോട് ആഗ്രഹവും താൽപര്യവും അവൻ ജനിപ്പിക്കുന്നു. അവ സ്വന്തമാക്കുവാൻ വേണ്ടത് സമ്പത്താണ്. ഒപ്പം സമ്പത്തുണ്ടെങ്കിൽ എല്ലാം ലഭിച്ചു എന്ന ഉറച്ച വിശ്വാസം കൂടി പിശാച് മനസ്സിൽ ഇട്ടുകൊടുക്കുന്നു. ഇതോടെ സമ്പത്തുണ്ടാക്കുവാൻ എന്തിനും മനുഷ്യൻ തയ്യാറാകുന്നു. അങ്ങനെ ധാർമ്മികതയുടെ ട്രാക്കിൽ നിന്ന് വെറും സമ്പത്തിന്റെ ട്രാക്കിലേക്ക് അവൻ മാറുന്നു.



എങ്ങനെയെങ്കിലും സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യം നേടുവാൻ വേണ്ടി നേരിട്ടുള്ള കളവ്, പിടിച്ചു പറി, ഭീഷണിപ്പെടുത്തി വശപ്പെടുത്തൽ തുടങ്ങിയ അമാന്യമായ മാർഗ്ഗങ്ങൾക്കല്ല പിശാച് മനുഷ്യനെ കാര്യമായി പ്രേരിപ്പിക്കുക. കാരണം കേവലം തന്റെ കക്ഷിക്ക് എങ്ങനെയെങ്കിലും പണം ഉണ്ടാക്കിക്കൊടുക്കുക എന്നതല്ല അവന്റെ ലക്ഷ്യം. മനുഷ്യനെ അവനിലെ എല്ലാ ധാർമ്മികതയും നശിപ്പിച്ച് കാര്യം നേടുകയും മനുഷ്യനെ കൊണ്ട് അല്ലാഹുവിനെ നന്ദിക്കുവാനും വെല്ലുവിളിക്കുവാനും പ്രേരിപ്പിക്കലുമൊക്കെയാണ് അവന്റെ ലക്ഷ്യം. അതിനാൽ അവൻ പലപ്പോഴും മനുഷ്യനെ സമീപിക്കുക തികച്ചും മാന്യവും ന്യായവുമാണ് എന്ന് തോന്നിപ്പിക്കുന്ന മാർഗ്ഗത്തിലൂടെയാണ്. കേൾക്കുമ്പോഴും ചിന്തിക്കുമ്പോഴും പഠിക്കുമ്പോൾ പോലും അതിൽ തെറ്റായി ഒന്നുമില്ല എന്ന് മനുഷ്യനെ കൊണ്ട് പറയിക്കുന്ന ഒരു ചിന്തയിലേക്ക് ആദ്യം കൊണ്ടുവരികയും തുടർന്ന് ഏറ്റവും ഗുരുതരമായ തിൻമയിലേക്ക് അറിയാതെ തള്ളുകയുമാണ് അവന്റെ രീതി. ഇങ്ങനെയാണ് അനസ്(റ) പറഞ്ഞതു പോലെ സാരമാക്കേണ്ട കാര്യങ്ങളുടെ ഗൗരവം ചോർന്നുപോകുന്നത്. ഇതിന് ഇന്നത്തെ കാലത്തെ ഒരു മികച്ച ഉദാഹരണമാണ് നമ്മൾ അറിയാതെ നമ്മൾ ചെന്നു ചാടിപ്പോകുന്ന വിവിധ പലിശയിടപാടുകൾ. ഫിക്സഡ് ഡിപ്പോസിറ്റിൽ പണം നിക്ഷേപിക്കുക, അതിനു കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുക തുടങ്ങിയതൊന്നും മുസ്ലിംകൾ പൊതുവെ ചെയ്യുന്നില്ല. പക്ഷെ, ലോണും, ഇ എം ഐയും, കാർഡ് ക്രഡിറ്റും, വാഹന ലോണിടപാടും തുടങ്ങി അറിയാതെ കടന്നുവരുന്ന നിരവധി ഇടപാടുകൾ നിർല്ലോഭം ഇവർ നടത്തുന്നുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലുമായി മുളച്ചുപൊന്തുന്ന കുറേ സംരഭങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു സാമ്പത്തിക ദുരാചാരം എന്ന നിലക്ക് ഇത് എല്ലാ മതവിശ്വാസികളെയും ഒരേ പോലെ ബാധിക്കുന്ന കാര്യമാണ് പലിശ. പക്ഷെ, അതു മതപരമായി നിഷിദ്ധമായി കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ മനസ്സിൽ ഇതിനോട് ഉണ്ടാവേണ്ട ഗൗരവം ചോർന്നുപോകുന്നത് തികച്ചും ഖേദകരമായ ഒരു വിരോധാഭാസമാണ്.



ഇസ്‌ലാം പലിശയിലധിഷ്ഠിതമായ സാമ്പത്തികക്രമത്തെ വലിയ തിന്മയായിട്ടാണ് പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍' (അല്‍ ബഖറ:78) നബി(സ) പറയുന്നു: 'പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു. അവരെല്ലാവരും കുറ്റത്തിൽ സമന്‍മാരാണ്' (മുസ്‌ലിം). ഒരാള്‍ക്ക് തന്റെ കഴിവും ബുദ്ധിയും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി എത്രവേണമെങ്കിലും സമ്പാദിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ അത് ചൂഷണത്തിലൂടെയും അക്രമത്തിലൂടെയും മറ്റുള്ളവരുടെ സമ്പത്തിനെ അപഹരിച്ചെടുക്കുന്ന രീതിയിലുമാകാന്‍ പാടില്ല എന്നതാണ് ഇസ്ലാമിന്റെ താൽപര്യം. പലിശ ചൂഷണമാണ്. അത് മനുഷ്യരിലെ കാരുണ്യത്തെയും പരസ്പര ബന്ധത്തെയും തകര്‍ക്കുകയും വിദ്വേഷവും വെറുപ്പും വളര്‍ത്തുകയും ചെയ്യുന്നു. തന്റെ സമ്പത്തിന്റെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഈ ഇടപാടില്‍ ഒരിക്കലും സ്‌നേഹവും ദയവും ഉണ്ടാവുകയില്ല. ആര് എത്രതന്നെ വിഷമിച്ചാലും എന്റെ ധനവും ലാഭവും തിരിച്ചുകിട്ടണമെന്ന ആര്‍ത്തി മാത്രമാണ് പലിശ ഇടപാടില്‍ വളരുന്നത്. സാമ്പത്തിക വളര്‍ച്ചക്കുകാരണമാകുന്ന മറ്റു പലമാര്‍ഗങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നു. ധനത്തിന്റെ വളര്‍ച്ചയുടെ രണ്ട് മാര്‍ഗങ്ങളായ കച്ചവടത്തെയും പലിശയെയും ഖുര്‍ആന്‍ ഒരുമിച്ചാണ് പറഞ്ഞത്. കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത് (2:225). ഒന്ന് അനുവദിക്കുകയും മറ്റൊന്ന് വിലക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ രണ്ടും ധനസമ്പാദനത്തിനുള്ള രണ്ടു വഴികള്‍ മാത്രമാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തിന് അധ്വാനവും പരിചയസമ്പത്തുമെല്ലാം ആവശ്യമാണ്. പലിശ ഇടപാടില്‍ ഇവയൊന്നും ആവശ്യമായി വരുന്നില്ല. മാത്രവുമല്ല കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കാം. പലിശ ഇടപാടില്‍ ഒരിക്കലും നഷ്ടം സംഭവിക്കുന്നില്ല.



ഇക്കാര്യത്തിൽ പിശാച് തന്റെ റോള് എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് നോക്കാം. നേരിട്ട് പലിശ ഇടപാടുകൾ നടത്താൻ മതപരമായി വിലക്കുള്ള മുസ്ലിംകളെ അതിൽ അറിയാതെ കുടുക്കിക്കളയുന്ന ആയിരക്കണക്കിന് ഇടപാടുകൾ ഇന്ന് സജീവമാണ്. ഇവയുടെയെല്ലാം ആകർഷണ തന്ത്രം ഓഫറുകളുടെ മോഹന വാഗ്ദാനമാണ്. തങ്ങൾ നിങ്ങളെ സഹായിക്കുവാൻ വേണ്ടിയാണ് ഈ സ്കീം നടത്തുന്നത് എന്ന മട്ടാണ്. അത് ഏറ്റവും മഹത്തരമായ സേവനമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് പുതിയ പ്രവണത. ഒരാൾ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ ആദ്യം പുതിയ മോഡലും സൗകര്യ സംവിധാനങ്ങളും കാണിച്ചു കൊടുത്ത് ഉപഭോക്താവിനെ ആദ്യം മോഹവലയിൽ വിഴ്ത്തുന്നു. അതോടെ തന്റെ സാക്ഷാൽ ആവശ്യത്തിന്റെ അളവും തോതും അവൻ മറക്കുന്നു. ഭയപ്പെടേണ്ട, ഫിനാൻസ് സൗകര്യമുണ്ട് എന്നു പറയുമ്പോൾ മോഹത്തിന് മുമ്പിൽ ഉണ്ടായേക്കാവുന്ന കുഞ്ഞുകുഞ്ഞു ഭ്രമങ്ങൾ മായുകയും ചെയ്യുന്നു. എന്നാലും ലക്ഷങ്ങൾ വേണ്ടേ എന്ന ചിന്ത മനസ്സിനെ മഥിക്കുമ്പോഴേക്ക് മറ്റു ചില വിശദീകരണങ്ങൾ വരുന്നു. അവ കൂടുമ്പോൾ സംഗതി സിംപിളാണ് എന്ന് എന്ന് തോന്നും. ഉദാഹരണമായി അടക്കേണ്ട തുകയും പലിശയുമെല്ലാം ശതമാനക്കണക്കിൽ മാത്രം പറയുക എന്നത്. ഇരുപത്തഞ്ചു ലക്ഷത്തിന് വാങ്ങിയാൽ മാസാമാസം രണ്ട് ശതമാനം മാത്രം അധികം നൽകിയാൽ മതി എന്നു ലാഖവത്തോടെ പറയുന്ന തന്ത്രം. ഈ രണ്ട് ശതമാനം എത്ര തുക വരും എന്നൊന്നും ചിന്തിക്കുവാൻ സമ്മതിക്കാത്ത വിധമുളള ഒരു മാനസിക അവസ്ഥയിൽ എത്തിയിരിക്കും കസ്റ്റമർ. വ്യവസ്ഥിതിയെ ചോദ്യം ചെയ്താൽ അതിനുമുണ്ടാകും ന്യായമായ മറുപടി. ഞങ്ങളുടെ ഇത്ര പണം നിങ്ങൾക്കു തരുമ്പോൾ അതിനു ഞങ്ങൾക്കെന്തെങ്കിലും കിട്ടേണ്ടേ എന്ന മറുചോദ്യം. അതിനാൽ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്.



കച്ചവടത്തിൽ മാത്രമല്ല, സേവനങ്ങളിലുമുണ്ട് ഇത്തരം നീക്കങ്ങൾ. ഒരു സാധാരണ ഉദാഹരണം പറയാം. മൊബൈൽ ഫോണിലെ ബാലൻസ് തീർന്നാൽ സഹായിക്കാൻ കമ്പനി മുന്നോട്ടു വരും. നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കാൾ മുറിഞ്ഞു പോവാതിരിക്കാനും അടുത്ത റീചാർജ്ജിംഗ് വരെ സേവനം മുറിയാതിരിക്കാനും ഒരു കൈ സഹായം എന്ന നിലക്കാണിത്. അധിക കമ്പനികളും ക്രഡിറ്റായി നൽകുക 21 രൂപയാണ്. ഇതു രണ്ടു ദിവസത്തേക്കാണ്. എന്നാല്‍ 48 മണിക്കൂറിന് ശേഷം ഇതിന് കമ്പനി 25 രൂപ ഈടാക്കുന്നു. അപ്പോൾ 4 രൂപ കൂടുതലായി കമ്പനി ഉപഭോക്താവില്‍നിന്ന് വാങ്ങിക്കുന്നു. നമ്മള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ടാക്‌സ് കഴിച്ചുള്ള ബാലന്‍സില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്. ഇതു പറയുമ്പോൾ ഇതിത്ര പറയാനുണ്ടോ നാലു രൂപയല്ലേ എന്ന് പറയുവാനായിരിക്കും ഇന്ന് എല്ലാവരുടെയും ത്വര. പക്ഷെ 21 രൂപക്ക് 4 രൂപ അധികം വാങ്ങിയാല്‍ രണ്ട് ദിവസം കൊണ്ട് ലഭിക്കുന്ന പലിശ 19 ശതമാനം വരും. കമ്പനിക്ക് കോടിക്കണക്കിന് വരിക്കാരില്‍നിന്ന് ഇങ്ങനെ ധാരമുറിയാതെ 19 ശതമാനം കിട്ടിക്കൊണ്ടിരിക്കും. വാര്‍ഷികക്കണക്കില്‍ 182.5 ദിവസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഈ 19 ശതമാനം എത്ര വലിയ സംഖ്യയായി മാറുമെന്ന് മനസ്സിലാക്കാം. മാത്രമല്ല, കമ്പനി 21 രൂപ പണമായി നല്‍കുകയല്ല ചെയ്യുന്നത്. ആ തുകക്കുള്ള സേവനമായി നല്‍കുന്ന ഫോണ്‍ വിളികള്‍ക്ക് 50 ശതമാനത്തില്‍ കുറഞ്ഞ മൂല്യമേ കമ്പനിക്ക് വരുന്നുള്ളൂ. അതും കൂടി ചേർത്താൽ പലിശയുടെ ശതമാനം 40 ആയി വര്‍ധിക്കും. നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത് ഏറ്റവും ചിന്താർഹമായ ഒരു ഉദാഹരണമാണ്. കാരണം സമാന തന്ത്രങ്ങൾ ഇന്ന് ഏതാണ്ട് എല്ലാ മേഖലയിലും ഉണ്ട്. കാണാതെ പോകുന്ന വസ്തുതകളും അറിയാതെ പെടുന്ന കെണികളുമായി അതെല്ലാം മനുഷ്യനിൽ പിടിമുറുക്കുകയാണ്. ഇതൊന്നും ഇന്നു കാലത്ത് ആരും പരിഗണിച്ചു കൊള്ളണമെന്നില്ല. പക്ഷെ, ഇത്തരം ചൂഷണങ്ങളെ കുറിച്ച് ബോധവാന്മാരാകാതിരിക്കുന്നതാണ് സമൂഹത്തില്‍ ഇതെല്ലാം നിലനില്‍ക്കാന്‍ ഒരളവോളം കാരണമാകുന്നത്. അബൂഹുറയ്റ(റ) പറയുന്നു:നബി(സ) പറഞ്ഞു: 'ഒരു കാലഘട്ടം തീര്‍ച്ചയായും വരും അന്ന്, ആരെങ്കിലും പലിശയില്‍ നിന്ന് രക്ഷപെട്ടാല്‍ തന്നെ, അതിന്‍റെ പുകയെങ്കിലും അവന് ഏല്‍ക്കുന്നതാണ്'.(അബൂദാവൂദ്)








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso