ചന്ദ്രനും ചാന്ദ്രയാനും
01-09-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
ചാന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുലമായി ഇറങ്ങിയതിന്റെ പുളകമാണ് ലോകമെങ്ങും. ഈ പുളകത്തിൽ നിന്ന് ഇസ്ലാം മത വിശ്വാസികൾക്ക് മാറി നിൽക്കുവാൻ കഴിയില്ല എന്നതാണ് വസ്തുത. ലോകത്തുണ്ടാകുന്ന ശാസ്ത്രീയമോ സാമൂഹികമോ രാഷ്ട്രീയപരമോ ആയ ചലനങ്ങളോട് ഒരുതരം അന്യതാബോധം പുലർത്തുകയും അതൊന്നും ഒരു വിശ്വാസി എന്ന നിലക്ക് താനുമായി ബന്ധപ്പെട്ട കാര്യമല്ല എന്ന ഒരു പൊതു ധാരണ എങ്ങനെയോ സമുദായത്തിൽ വന്നിട്ടും വേരോടുകയും ചെയ്തിട്ടുണ്ട്. അത് വലിയ അനർത്ഥങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കാരണം ഇതു കാരണമായി അറിയാതെ വിശ്വാസികളുടെ മനസ്സിൽ ശാസ്ത്രത്തോടും മറ്റും ഒരു അകൽച്ചയുണ്ടാവുകയും മറ്റെല്ലാ കാര്യങ്ങളെയും പോലെ ഈ അകൽച്ച അധികം വൈകാതെ വെറുപ്പായി പരിണമിക്കുകയും ചെയ്യുന്നു. മാത്രമല്ല, അത്തരം പലരും ഇത്തരം വിഷയങ്ങളിലെല്ലാം നിലവാരമില്ലാത്ത പ്രതികരണങ്ങൾ നടത്തുകയും ഭൗതികലോകത്തിന് പരിഹസിക്കാൻ വേണ്ട വഴിയൊരുക്കി കൊടുക്കുകയും കൂടിയാണ് ഇത്തരക്കാർ ചെയ്യുന്നത്. അതു കാരണമായി ചെറിയൊരു അംശത്തിന്റെ ഭാഗത്തു നിന്നാണെങ്കിലും മുസ്ലിം സമുദായം വളർച്ചകളെ സ്വീകരിക്കാൻ മടിക്കുന്നു എന്ന ഒരു നിരൂപണം പ്രകടവുമാണ്. വാസ്തവമോ, തികച്ചും വ്യത്യസ്തമാണ്. ശാസ്ത്രത്തിലേക്ക് മതബോധവുമായി ധൈര്യസമേതം നടന്ന് കടന്നുചെല്ലുവാൻ കഴിയുന്ന ഏക മതം ഇസ്ലാമും ഏക മതക്കാർ മുസ്ലിങ്ങളുമാണ്. കാരണം മുസ്ലിംകളുടെ പ്രമാണങ്ങൾ, ആശയങ്ങൾ എന്നിവയെല്ലാം മനുഷ്യന്റെ ശരീരത്തിലൂടെയും മനസ്സിലൂടെയും കയറിയിറങ്ങുന്ന അതേസമയം തന്നെ ബുദ്ധിയിലൂടെയും ചിന്തയിലൂടെയും കൂടി കയറിയിറങ്ങുന്നവയാണ്. നിസ്കരിക്കാനും നോമ്പ് നോൽക്കാനും മറ്റു കർമ്മങ്ങൾ അനുഷ്ഠിക്കാനും സമയങ്ങളും മാസങ്ങളും അളവുകളും ഗ്രഹങ്ങളുടെ ചലനങ്ങളും പ്രാപഞ്ചിക തത്വങ്ങളും മറ്റും ആധാരമാക്കുവാൻ ദൈവത്തിനാൽ കൽപിക്കപ്പെട്ട ജനതയാണ് മുസ്ലിംകൾ എന്നത് മാത്രം മതി അതു തെളിയിക്കുവാൻ. ആയതിനാൽ കണക്കും ശാസ്ത്രവും ചന്ദ്രനും ഭൂമിയും എല്ലാം അവരോട് ഏറ്റവും അടുത്ത കിടക്കുന്നവയാണ്. അതുകൊണ്ടുതന്നെയാണല്ലോ അവർ നൂറ്റാണ്ടുകളായി ശാസ്ത്ര മേഖലയിലെ കുലപതികളായി തീർന്നതും.
ചാന്ദ്രയാൻ മൂന്നിന്റെ വെളിച്ചത്തിൽ നാം സംസാരിക്കുമ്പോൾ ചില അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ഒന്ന് ശാസ്ത്രവും മറ്റൊന്ന് മതവുമാണ് എന്നതാണ് പ്രശ്നം. രണ്ടും രണ്ടാണെന്നും രണ്ടു വഴിയാണെന്നും ഉൾക്കൊള്ളുന്നവർക്ക് പക്വതയോടെ ഈ ചർച്ചകളിൽ പങ്കെടുക്കാം. ഇസ്റോ ചെയർമാൻ എസ് സോമനാഥൻ കഴിഞ്ഞ ദിവസം കേരളത്തിൽ വന്നപ്പോൾ അത് സമർഥമായി വ്യക്തമാക്കുകയുണ്ടായി. ഇതു ശാസ്ത്രമാണ്, ഇതിൽ ഇടപെടുന്നവർ ചെയ്യുന്ന മതാചാരങ്ങളെ അവരവരുടെ വ്യക്തിപരമായ കാര്യമായും അവർ അത് സ്വന്തം മനസംതൃപ്തിക്കും വേണ്ടി ചെയ്യുന്നതായും കണ്ടാൽ മതി എന്നാണദ്ദേഹം പറഞ്ഞത്. മനസംതൃപ്തി എന്നത് തികച്ചും സ്വകാര്യവും വ്യക്തിഗതവുമാണ്. മറ്റൊരാൾക്ക് അതു ബുദ്ധിമുട്ട് വരുത്തിവെക്കുന്നില്ലെങ്കിൽ ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഒരു ബഹുമത രാജ്യത്ത് ഇങ്ങനെയൊക്കെ ഉണ്ടാകാം എന്ന് കരുതി സമാധാനിക്കാം. എന്നാൽ മററ്റൊരാളുടെ മൂക്കിൽ തോണ്ടിയാണ് ഒരാൾ വിശ്വാസം നടത്തുന്നതെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ല. ഏതായാലും ലഭ്യമായ വിവരങ്ങളും അറിവുകളും വെച്ച് ചാന്ദ്രയാൻ മൂന്ന് പകരുന്ന ചില ചിന്തകൾ ഉണ്ട്. അവ പങ്കുവെക്കുകയാണ് ഇവിടെ. അവയിൽ ഒന്നാമത്തേത് ചന്ദ്രനിലേക്കുള്ള യാത്രയുടെ സാംഗത്യം തന്നെയാണ്. അതിന്റെ സാംഗത്യം അംഗീകരിക്കപ്പെടുന്നതു തന്നെയാണ്. കാരണം സൂര്യനെയും ചന്ദ്രനെയും അല്ലാഹു ആയത്തുകളായിട്ടാണ് ഖുർആനിലൂടെ അവതരിപ്പിക്കുന്നത്. ആയത്ത് എന്നാൽ സൂക്തവും സൂക്തം എന്നാൽ ചിന്താവിഷയവുമാണ്. ചിന്താവിഷയം നമുക്ക് ചിത്രമെടുത്തു വെക്കാനും വെറുതെ പറഞ്ഞു നടക്കുവാനും ഒന്നും ഉള്ളതല്ല. അത് കൂടുതൽ പഠിക്കാൻ ഉളളതാണ്. അതിന്റെ വിഷയം ഒരിക്കലും ബാഹ്യമായിരിക്കില്ല. അകത്തേക്ക് ഇറങ്ങി ഇറങ്ങി മാത്രമാണ് അതു പഠിക്കാൻ കഴിയുക.
ചാന്ദ്ര പര്യവേഷണങ്ങൾ വിജയിക്കുന്നതിനു മുമ്പ് തന്നെ ചന്ദ്രനെ കുറിച്ചുള്ള ശാസ്ത്ര ലോകം പകർന്ന വിവരങ്ങൾ നമ്മെ അൽഭുതപ്പെടുത്തിയിട്ടുളതാണ്. സൂര്യനെപ്പോലെ ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ചന്ദ്രന്‍. സൂര്യന്റെ ഗ്രഹവും ഭൂമിയുടെ ഉപഗ്രഹവുമാണിത്. ഭൂമി കറങ്ങിത്തിരിഞ്ഞ് പോകുന്നിടത്തെല്ലാം അതിനെ പ്രദക്ഷിണം ചെയ്ത് കൂടെ ചന്ദ്രനും ഉണ്ടാകണം. അതാണ് അല്ലാഹുവിന്റെ സംവിധാനം. ഇത് അല്ലാഹുവിന്റെ ഒരു കാരുണ്യമാണ്. കാരണം, സൂര്യനില്‍നിന്നുള്ള താപം അടക്കമുള്ള പല സംഗതികളും യഥാവിധം ഭൂമിക്ക് പ്രയോജനപ്പെടണമെങ്കില്‍ ചന്ദ്രന്റെ സേവനം ഭൂമിക്ക് അനിവാര്യമാണ്. ഉദാഹരണമായി ഭൂമിയില്‍ വേലിയേറ്റം അനുവപ്പെടുന്നത് ചന്ദ്രന്റെ പ്രത്യേക ആകര്‍ഷണശക്തി കാരണമാണ്. മനുഷ്യജീവിതത്തിനു വേണ്ടിയുള്ള അല്ലാഹുവിന്റെ സംവിധാനം എന്ന നിലക്ക് ഖുര്‍ആന്‍ അവ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. 'ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട് ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ല പോലെ ആയിത്തീരുന്നു.' (യാസീൻ: 29) ' പ്രവാചകരേ, ജനം താങ്കളോട് ചന്ദ്രന്റെ വൃദ്ധിക്ഷയത്തെക്കുറിച്ച് ചോദിക്കുന്നു. പറയുക: അത് മനുഷ്യര്‍ക്ക് തിയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു.' (അൽ ബഖറ : 189) 'അവന്‍ സൂര്യചന്ദ്രന്മാരെ വിധേയമാക്കിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കും.' ( ഖുര്‍ആന്‍, 13: 2) 'ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു' (നൂഹ്: 16)
ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമിയോട് ഏറെ അടുത്തുകിടക്കുന്നത് ചന്ദ്രനാണ്. 3,82,168 കി.മീറ്ററാണ് ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഭൂമിയുടെ നാലില്‍ ഒന്ന് വ്യാസമാണ് ചന്ദ്രനുള്ളത്. ഭാരമാകട്ടെ എണ്‍പതില്‍ ഒന്നും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ ആറില്‍ ഒന്നുമാത്രമേ ചന്ദ്രനുള്ളൂ. ഭൂമിയില്‍നിന്നും ഏറെ അകലെയല്ലാത്ത അവ രണ്ടിന്റെയും ഗുരുത്വകേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് അതിന്റെ സഞ്ചാരം. അത് ഭൂമിക്കും സൂര്യനുമിടയില്‍ വരുമ്പോഴാണ് കറുത്തവാവ് ഉണ്ടാകുന്നത്. ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ എന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. സ്വന്തം അക്ഷത്തിലുള്ള കറക്കവും ഭൂമിക്കു ചുറ്റുമുള്ള കറക്കവും 29 ദിവസം കൊണ്ടാണ് അത് പൂര്‍ത്തിയാക്കുന്നത്. ഈ കറക്കം കാരണം ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയില്‍ ദൃശ്യമാവുകയുള്ളൂ. സൂര്യനെപ്പോലെയല്ല ചന്ദ്രന്‍ ഭൂമിയിലുള്ളവര്‍ക്ക് ദൃശ്യമാകുന്നത്. അതിന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആദ്യം ചന്ദ്രക്കലയായി ഉദയം ചെയ്യുന്നു. പിന്നീട് ഓരോ ദിവസവും അത് വലുതായി വരുന്നു. പതിമൂന്ന് ദിവസം കൊണ്ട് അത് പൂര്‍ണചന്ദ്രനായി പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ അത് ചെറുതായി വരുന്നു. അവസാനം ഏത് രൂപത്തിലാണോ പ്രഥമനാളില്‍ ഉദയം ചെയ്തത് അതേരൂപത്തില്‍ തന്നെ ആവുകയും ചെയ്യുന്നു. ഇത് ചന്ദ്രന് ദൈവം നിശ്ചയിച്ച വ്യവസ്ഥയാകുന്നു. ആകൃത്യത തെറ്റുക സാധ്യമല്ല. അതുമുഖേനയാണ് ഭൂമിയിലുള്ളവര്‍ കാലഘണന കണക്കാക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബികള്‍ ചന്ദ്രനെയായിരുന്നല്ലോ കാലഗണനക്ക് അടിസ്ഥാനമാക്കിയിരുന്നത്. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് കാലഗണനക്കാധാരം. ചന്ദ്രന്‍ അതിന്റെ വ്യവസ്ഥ തെറ്റിക്കുന്നതോടെ ഈ ഗണനയും തെറ്റുന്നു. ഇതത്രെ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്: 'സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ പ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശിദീകരിക്കുന്നു' (10: 5). ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ സ്വയം തന്നെ ചൂടും വെളിച്ചവുമുള്ള ഒരു വിളക്കിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച് അത് ഭൂമിക്ക് നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു. അതാണ് 'ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതേ സൂക്തത്തിലെ അതിൽ എന്ന ഒരൊറ്റ വാക്കാണ് സൗരയൂഥം എന്ന ആശയത്തിലേക്ക് തന്നെ മനുഷ്യനെ നയിച്ചത് എന്നത് മറ്റൊരു ചിന്ത.
ചാന്ദ്രയാൻ ചന്ദ്രന്റെ തെക്ക് ധ്രുവത്തിൽ ലളിതമായി ഇറങ്ങുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. ഇതിൽ ഇത്ര ആശങ്കപ്പെടാൻ എന്താണ് ഉള്ളത് എന്നത് ചാന്ദ്രയാനെ ചുറ്റിപ്പറ്റിയുള്ള ചിന്തകളിലെ ഒരു ചോദ്യമായിരിക്കും. അത് മനസ്സിലാകണമെങ്കിൽ ചന്ദ്രന്റെ ഉപരിതലത്തെ കൃത്യമായി അറിയണം. ചന്ദ്രന്റെ ഉപരിഭാഗം ഉല്‍ക്കാവര്‍ഷം ഉണ്ടാക്കിയ ഗുഹകളും മലകളും വന്‍പര്‍വതങ്ങളും സമതലങ്ങളും ഗർത്തങ്ങളും കൊണ്ട് നിറഞ്ഞതും പരുക്കന്‍ ഭാവത്തിലുള്ളതുമാണ്. മൂന്ന് കിലോമീറ്ററോളം ഉയരമുള്ള മൂർച്ചയുള്ള പർവ്വതങ്ങൾ ചന്ദ്രനിലുണ്ട്. അവയുടെ അടയാളം ഏകദേശം നമുക്ക് നോക്കിയാൽ തന്നെ കാണാവുന്നതാണ്. ആയിരക്കണക്കിന് കി.മി. നീളത്തിലുള്ള മൂന്ന് തരം ചാലുകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ചിലത് ലാവ ഒഴുകി ഉണ്ടാതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് വീണ്ടു പൊട്ടിയ പോലെയുളള നീണ്ട ചാലുകൾ കാണപ്പെടുന്നുണ്ട്. ഇത് നബിയുടെ കാലത്ത് ചന്ദ്രൻ പിളർന്നതിന്റെ അടയാളമാണ് എന്ന് ചില ഇസ്ലാമിക വായനകളിൽ അവകാശവാദം ഉണ്ട്. അത് ശരിയോ തെറ്റോ ആകാമെങ്കിലും ശാസ്ത്രം പറയുന്നത് ഏത് ഗോളവും അതിന്റെ അന്തര്‍ഭാഗത്ത് താപോര്‍ജം തിങ്ങുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യുമ്പോള്‍ എത്ര ഘനമുണ്ടെങ്കിലും അത് പൊട്ടുക സ്വാഭാവികമാണ്, അതായിരിക്കാം ഈ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക എന്നാണ്. ഏകദേശം 50 കി.മീ. ഉയരമുള്ള അന്തരീക്ഷമാണ് അവിടെയുള്ളത്. അതിന്റെ ഉപരിതലത്ത് പതിക്കുന്ന സൂര്യപ്രകാശത്തില്‍ ചതുരശ്ര മീറ്ററിന് 1400 വാട്ട്സ് ഊര്‍ജം വീതമുണ്ട്. ഭൂമിയില്‍നിന്ന് 3,28,168 കി.മീ. അകലെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. ഈ അകലം കൂടുകയാണെങ്കില്‍ ഭൂമിയില്‍ അതുമുഖേന പല ദോഷങ്ങളും സംഭവിക്കും. ഈ അകലം കുറയുകയാണെങ്കില്‍ ഭൂമി ജലപ്രളയം കൊണ്ട് നശിക്കുകയും ചെയ്യും. ഭൂമി ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാതായി മാറും. ഈ പ്രത്യേകതകൾ എല്ലാം പറയുന്നത് നാം പഠിക്കേണ്ട ഒരു അദ്ധ്യായമാണ് ചന്ദ്രൻ എന്നാണ്. പഠിച്ചാലോ അതുമതിയാകും വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ.
ഇത്തരം പരീക്ഷണങ്ങളും പഠനങ്ങളും നടന്നാൽ മാത്രമേ അല്ലാഹു തന്ന ആയത്തിനോടുള്ള കടമ വീടൂ. അതിനാൽ ചാന്ദ്ര പര്യവേക്ഷണങ്ങളെ വിശ്വാസികൾ ഹൃദയപൂർവ്വം കാണണം, സ്വീകരിക്കണം. ഇതിൽ അസാംഗത്യം കാണുകയോ അസ്വസ്ഥത പ്രകടപ്പിക്കുകയോ ചെയ്യുന്നവർ സത്യത്തിൽ അല്ലാഹുവിന്റെ ആയത്തുകളെ സന്ദേഹത്തോടെ കാണുകയാണ്. അങ്ങനെ ഭയപ്പെടാൻ ഒന്നുമില്ല. കാരണം ചാന്ദ്രയാൻ എന്തു കണ്ടുപിടിച്ചാലും അതു വിശ്വാസിയുടെ വിശ്വാസത്തിന് ബലമായിത്തീരുക മാത്രമേയുള്ളൂ. ഉദാഹരണമായി ചാന്ദ്രയാന്റെ യാത്ര തന്നെയെടുക്കാം. പേടകം ആദ്യം സ്പേസിലേക്ക് ഉയരുന്നു. പിന്നെ ഭൂമിയെ കൃത്യമായി പ്രദക്ഷിണം ചെയ്യുന്നു. ആ ഭ്രമണപഥം താഴേ നിന്നുള്ള കൺട്രോൾ ഉപയോഗിച്ച് ഉയർത്തുന്നു. ഉയർത്തി ഉയർത്തി അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നു. പിന്നെ അത് താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രനിൽ ഇറക്കുന്നു. ഇതാണല്ലോ സംഭവം. ഇതിൽ ഉയർത്തലും താഴ്ത്തലുമെല്ലാം ടെക്നോളജിക്ക് വിട്ട് കൊടുക്കാം. പക്ഷെ, ഉയർത്താനും താഴ്താനും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കുമെല്ലാം ഭ്രമണപഥമുണ്ട് എന്നത് ദൈവികമായ കാര്യമാണ്. അത് ഖുർആനിൽ പറഞ്ഞ സത്യവുമാണ്. അല്ലാഹു പറയുന്നു: 'അവനത്രേ രാപ്പകലുകളും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചത്. അവയൊക്കെ ഓരോ ഭ്രമണപഥത്തില്‍ ദ്രുതസഞ്ചാരം നടത്തുകയാണ്.' (അമ്പിയാ: 33). ഇതേ പരാമർശം യാസീൻ സൂറത്തിലുമുണ്ട്. ഖുർആൻ പറഞ്ഞ ഈ ഭ്രമണപഥങ്ങൾ ഉള്ളതു തന്നെയാണ് എന്ന് മനുഷ്യൻ അറിയണമെങ്കിൽ ഇങ്ങനെ പര്യവേഷണങ്ങൾ നടക്കണമല്ലോ.
മറ്റൊരു ഉദാഹരണം ചാന്ദ്രയാൻ മൂന്ന് അയച്ച ആദ്യ ഫലങ്ങളിൽ ഒന്നാണ്. ചന്ദ്രോപരിതലത്തിന്റെ താപനിലയായിരുന്നു അത്. ചാന്ദ്രയാനിൽ ഘടിപ്പിച്ച ചെസ്റ്റേ എന്ന പെലോട്ട് സെൻസർ നൽകിയ വിവരമനുസരിച്ച് ചന്ദ്രന്റെ ഉപരിതല താപനില അറുപത് ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ വെറും എട്ടു സെന്റിമീറ്റർ താഴേക്ക് പോകുമ്പോൾ അത് മൈനസ് പത്ത് ആയി കുറയുന്നുണ്ട്. ഇത് എന്തൊക്കെ സ്ഥാപിക്കുന്നു എന്നത് ശാസ്ത്രജ്ഞൻമാർക്കേ അറിയൂ. പക്ഷെ, ഈ കേട്ടതിൽ നിന്നും എല്ലാ പൊതു ജനങ്ങൾക്കും അറിയാവുന്ന രണ്ടു സത്യങ്ങൾ ഉണ്ട്. ഒന്നാമതായി, നിലവിലുള്ള അവസ്ഥയിൽ അവിടെ മനുഷ്യവാസം അസാദ്ധ്യമാണ്. രണ്ടാമതായി, അവിടത്തെ താപനില തികച്ചും മനുഷ്യരെ സംബന്ധിച്ചിടത്തോളം വിചിത്രമാണ്. ഇതിന്റെ വെളിച്ചത്തിൽ നിലവിലുള്ള സാഹചര്യത്തിൽ അവിടെ മനുഷ്യവാസം സാധ്യമല്ല എന്ന് പറയാൻ കഴിയും. അതേസമയം ഒരിക്കലും അതിന് കഴിയില്ല എന്ന് പറഞ്ഞ് ഒരു വിവാദം സൃഷ്ടിക്കുവാൻ താല്പര്യമില്ല. നിലവിൽ ഉള്ള അന്തരീക്ഷ നില വെച്ച് അവിടെ മനുഷ്യന് താമസിക്കണം എന്നുണ്ടെങ്കിൽ ഈ അന്തരീക്ഷത്തെ കൃത്രിമമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതായി വരും. അതിനെ സംബന്ധിച്ചൊന്നും ഇപ്പോൾ ആരുടെയും പഠനങ്ങൾ എത്തിയിട്ടില്ല. ഈ കാര്യത്തിലേക്ക് വിശുദ്ധ ഖുർആൻ സൂചന നൽകുന്നുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. ഗോളാന്തര യാത്രകളുടെ ഉദ്ദേശങ്ങളിൽ ഒന്ന് അവിടെ മനുഷ്യാവകാശം സാധ്യമാണോ എന്നത് പരിശോധിക്കൽ ആണല്ലോ എന്നാൽ നിങ്ങൾക്ക് ഭൂമിയിൽ തന്നെ നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട കാലം ജീവിക്കാനുള്ള വിഭവങ്ങൾ ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ട്. (അൽ ബഖറ: 36, അഅ്റാഫ്: 24). അത് ഗ്രഹങ്ങളിൽ പോയി സ്ഥിരതാമസത്തിന്റെ സാധ്യത നിരാകരിക്കുന്നുണ്ട്. മാത്രമല്ല, ഖുർആൻ അവതരിപ്പിക്കുന്ന ഉൽപ്പത്തി ചരിത്രത്തിൽ പറയുന്നത് മനുഷ്യനെ ഭൂമിയിലേക്കുള്ള പ്രതിനിധിയാക്കി എന്നാണ്. അപ്പോൾ മനുഷ്യാധിവാസത്തിന്റെ തൊട്ടിൽ ഭൂമി തന്നെയാണ്. ഇത്തരം മാനോഹരമായ ചിന്തകളിലേക്കെല്ലാം നമ്മെ തിരിച്ചുവിടുന്നുണ്ട് ചാന്ദ്രയാനും ദൗത്യവും അതിന്റെ കണ്ടെത്തലുകളും.
ജീവികളോ ജീവന് നിലനില്‍ക്കാനുള്ള സാഹചര്യമോ ചന്ദ്രനില്‍ ഇല്ല എന്നതാണ് നിലവിലുള്ള ശാസ്ത്ര സങ്കല്പം. ജലരഹിതമായ ചന്ദ്രനില്‍ ആകെക്കൂടി കാര്‍ ബണ്‍ഡൈഓക്സൈഡ്, കാര്‍ബണ്‍മോണോക്സൈഡ്, മിതൈന്‍ തുടങ്ങിയ വാതകങ്ങളും മറ്റു ചില രാസപദാര്‍ഥങ്ങളുമാണ് ഉള്ളതായി കരുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഓക്സിജന്റെ വരെ സാന്നിധ്യം ചാന്ദ്രയാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ ഒന്ന് തന്നെ അതിന്റെ ഓർബിറ്റർ മാപ്പിങ്ങിലൂടെ വെള്ളത്തിൻറെ സാന്നിധ്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ഓക്സിജൻ വരെയുള്ള മൂലകങ്ങളുടെ സാന്നിധ്യം ചാന്ദ്രയാൻ മൂന്നിലൂടെ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ പലതും അവിടത്തെ മണ്ണില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് നേരത്തെ ശാസ്ത്രലോകം അനുമാനിച്ചിരുന്നു. ഇപ്പോൾ പ്രഗ്യാൻ റോവറിലെ ലേസർ-ഇൻഡൂസ്‌ഡ് ബ്രേക്ക്‌ഡൗൺ സ്‌പെക്‌ട്രോസ്‌കോപ്പ് ഡിവൈസ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. Al (അലൂമിനിയം), Ca (കാൽസ്യം), Fe (അയൺ), Cr (ക്രോമിയം), Ti (ടൈറ്റാനിയം), Mn (മാംഗനീസ്), Si (സിലിക്കൺ), O (ഓക്‌സിജൻ) എന്നിവയും ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കൂട്ടത്തിൽ ശാസ്ത്രലോകം ഏറ്റവും ജിജ്ഞാസയോടെ പരിഗണിക്കുന്ന വിഷയം സൾഫറിന്റെ സാന്നിധ്യം തന്നെയാണ്. സൾഫറിന്റെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടാൽ ചന്ദ്രൻ എങ്ങനെ ഉണ്ടായി എന്നത് വായിച്ചെടുക്കാൻ കഴിയും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. കാരണം ശക്തമായ അഗ്നിപർവത സ്ഫോടനം നടന്നാൽ ആണ് സൾഫറിന്റെ അംശം കാണപ്പെടുക. അത്തരം ഒരു സ്ഫോടനത്തിലേക്ക് എത്തിച്ചേർന്നാൽ ഒരുപക്ഷേ ഭൂമി ഉണ്ടാകുവാൻ നിമിത്തമായി എന്ന് ശാസ്ത്രവും ഖുർആനും പറയുന്ന ബിഗ് ബാംഗ് പോലെയുള്ള എന്തെങ്കിലുമൊക്കെ ഉരുത്തിരിഞ്ഞു എന്നു വരാം. രണ്ടാമത്തേത്, സൾഫറിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്ന അന്വേഷണത്തിലേക്ക് ഒന്നുകൂടി എടുക്കാൻ കഴിയും. ഏറ്റവും പ്രധാനം ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്നത് കണ്ടെത്തൽ തന്നെയാണ്.
ചാന്ദ്രയാനെ പോലെ ചാന്ദ്രയാൻ മൂന്നിന്റെ ശിൽപ്പി മലയാളിയായ എസ് സോമനാഥൻ സാറും നമ്മുടെ ചിന്തകൾക്ക് ചന്തം പകരുന്നുണ്ട്. ദൗത്യ വിജയത്തിനു ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഒരു മാധ്യമവുമായി സംസാരിക്കവെ ഒരു സത്യം സരളമായി പറഞ്ഞു. ലോകാന്ത്യം എന്ന വിശ്വാസത്തെ കുറിച്ച് ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് താങ്കളുടെ കാഴ്ചപ്പാട് എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് അത് തികച്ചും യാഥാർഥ്യം തന്നെയാണ് എന്നാണ്. ഇത് പല ശാസ്ത്രജ്ഞരും പറഞ്ഞതു തന്നെയാണ്. നമ്മുടെ കാലം കണ്ട ശാസ്ത്ര ഇതിഹാസം സ്റ്റീഫൻ ഹോക്കിങ് ഇക്കാര്യം പറഞ്ഞതാണ്. 600 വര്‍ഷത്തിനുളളില്‍ ഭൂമി ഒരു തീഗോളമായി മാറുമെന്നും ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ന്ന തോതിലുളള ഊര്‍ജ്ജ ഉപഭോഗവും ആണ് ഭൂമിയെ തീഗോളമാക്കി മാറുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളുമെന്നാണ് അദ്ദേഹം ബീജിംഗില്‍ നടന്ന ടെന്‍സന്റ് വി ഉച്ചകോടിയിൽ പറഞ്ഞത്. ശാസ്ത്രം വിവിധ കാരണങ്ങളിലും പേരിലും ഇതു കാണുന്നുണ്ട്. അനു നിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ക്കു ശേഷമാണ് ഭൂമി ഇന്നത്തെ അവസ്ഥയിലെത്തിച്ചേര്‍ന്നത്. ഇനിയും കാലം ചെല്ലുംതോറും സൂര്യനില്‍ നിന്നു കിട്ടുന്ന വെളിച്ചവും കൂടിക്കൊണ്ടിരിക്കും. തല്‍ഫലമായി സമുദ്രജലം വറ്റും. ജീവനുള്ള വസ്തുക്കളെല്ലാം നശിക്കും. അന്തരീക്ഷം സ്‌പേസിലേക്ക് പറന്നു പോവും. ക്രമേണ ചൂടു കുറഞ്ഞു കുറഞ്ഞു അന്ത്യഘട്ടത്തിലെത്തിച്ചേരും എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നു. (വാള്യം 10, പുറം 91). ഇപ്പോൾ തന്നെ ഭൂമിയുടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. 2080 ആകുന്നതോടെ അന്തരീക്ഷ ഊഷ്മാവ് മൂന്ന് സെല്‍ഷ്യസ് വരെ വര്‍ധിച്ച് കടുത്ത കുടിവെള്ള ക്ഷാമം മൂലം 2060 കോടി ജനങ്ങള്‍ മരിക്കുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ റിപ്പോര്‍ട്ടിലും കാണാം. ചുരുക്കത്തില്‍ ശാസ്ത്രം പ്രപഞ്ചനാശം മുന്നില്‍ കാണുന്നു.
ഇപ്പോൾ എസ് സോമനാഥൻ പറയുന്നതും അതു തന്നെയാണ്. ഈ ഭൂമി അതിന്റെ കേന്ദ്രമായ സൂര്യൻ നശിക്കുക വഴി അവസാനിക്കും എന്നാണ്. സൂര്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രമായതിനാൽ ആ സൂര്യന്റെ നാശം തന്നെയാണ് ലോകത്തിന്റെ നാശവും. അതിനെ ഓരോരുത്തരും ഓരോ പേരിൽ വിളിക്കുകയും തങ്ങളുടെ ആശയ ലോകത്തിനനുസൃതമായി സംസാരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. ഉദാഹരണമായി ഇതേ കാര്യം വിശുദ്ധ ഖുർആൻ രണ്ടിടങ്ങളിൽ പറയുന്നുണ്ട്. അതായത് സൂര്യൻ കെട്ടുപോകുന്ന പ്രതിഭാസത്തെക്കുറിച്ച്. അല്ലാഹു പറയുന്നു. 'സൂര്യന്‍ ചുരുട്ടപ്പെടുമ്പോൾ..' (81:1) മറ്റൊരിടത്ത് ഇങ്ങനെ കാണാം. 'സൂര്യ-ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്ക് പ്രകാരമാണ്' (55:5) ഈ സൂക്തങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് സൂര്യൻറെ നിലവിലുള്ള ഗതിക്കും പ്രവർത്തനത്തിനും ഒരറ്റം ഉണ്ടാകും എന്നത് തന്നെയാണ്. അങ്ങനെ വരുമ്പോൾ സൂര്യനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന ഭൂമി അതോടെ താളം തെറ്റുകയും അവസാനിക്കുകയും ചെയ്യും എന്ന് പറയാതെ വയ്യ. അന്ത്യനാളുണ്ടാകുമെന്ന വിശ്വാസം ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യഭാഗമാണ്. സൂറതുല്‍ഹിജ്‌റിലൂടെ അല്ലാഹു ഉണര്‍ത്തുന്നു: ‘തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ അവര്‍ക്ക് ഭംഗിയായി മാപ്പ് നല്‍കുക’. ഇത്തരം ചിന്തകളെല്ലാം പൊടിതട്ടിയെടുക്കുവാനും ഒന്നുകൂടി വിചാരണകൾക്ക് വിധേയമാക്കുവാനും നമുക്ക് അവസരം തുറന്നിരിക്കുകയാണ് ചാന്ദ്ര ദൗത്യം എന്ന് ചുരുക്കം. അതിനാൽ ചാന്ദ്രയാൻ നൽകുന്നതെല്ലാം ചന്തമുള്ള ചിന്തകളാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso