ചന്തമുള്ള ചാന്ദ്ര ചിന്തകൾ
01-09-2023
Web Design
15 Comments
വെളളിത്തെളിച്ചം
ടി എച്ച് ദാരിമി
ചാന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുലമായി ഇറങ്ങിയതിന്റെ പുളകമാണ് ലോകമെങ്ങും. ഇന്ത്യക്കും ഇന്ത്യക്കാർക്കും ഈ പുളകം മറച്ചുവെക്കാനാവില്ല. കാരണം, വെറും ഏഴരപ്പതിറ്റാണ്ട് മാത്രം പ്രായമുള്ള, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിലൂടെ വിദേശികൾ കട്ടുകടത്തിയതിന്റെ ബാക്കി കൊണ്ടു മാത്രം പ്രയാണം തുടങ്ങിയ, ജനസാന്ദ്രതതയിലും സംഖ്യയിലും വലിയ ഭാരവും ബാധ്യതയും പേറുന്ന, വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും കൊണ്ട് ഉണ്ടായകാലം മുതലേ വീർപ്പുമുട്ടുന്ന ഈ രാജ്യം ചാന്ദ്ര ദൗത്യത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാന്റ് ചെയ്യുന്ന ആദ്യത്തെ രാജ്യവുമായി മാറിയിരിക്കുന്നു. ഈ പുളകം നന്നായി തന്നെ രാജ്യം ആഘോഷിക്കുകയുണ്ടായി എന്നത് ഒരു സത്യമാണ്. ശാസ്ത്രീയമായും രാഷ്ട്രീയപരമായും അതുണ്ടാക്കുന്ന വികാരത്തെ നെഞ്ചേറ്റുവാൻ കഴിയുന്നവർക്കൊക്കെ അതിനു കഴിയും. പുളകം എന്ന വാക്ക് ഇവിടെ ബോധപൂർവ്വമാണ് പ്രയോഗിച്ചിരിക്കുന്നത്. ചിലർ നിസ്സംഗതയോടെ, മറ്റു ചിലർ പക്വതയോടെ, പിന്നെയും ചിലർ അമിതാവേശത്തിന്റെ അപക്വതകളോടെ എന്നിങ്ങനെ മൂന്നു തട്ടിൽ നിന്നു കൊണ്ടാണ് പുളകം പ്രകടിപ്പിക്കുക. അതും ഇവിടെ കണ്ടു. കൂട്ടത്തിൽ ഏറെ ഖേദകരം അപക്വമായി ആഘോഷിച്ചവരുടെ അവസ്ഥയാണ്. അവരിൽ പേരിട്ട് എല്ലാറ്റിനെയും സ്വന്തമാക്കി കളിക്കുന്നവർ മുതൽ അയൽപക്കത്തെ ചിന്തകൻ വരെയുണ്ട്. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട സെയ്ദ് ഹമീദ് എന്നയാളെയാണ് ഉദ്ദേശിച്ചത്. സോഷ്യൽ എന്ന പേരിൽ മീഡിയ സ്വന്തം കയ്യിലുളളതിനാൽ അതു വഴി ചില അന്തംകമ്മികൾ കാണിക്കുന്ന അൽപത്വം എന്നേ അതിനെ കുറിച്ചൊക്കെ പറയാനാവൂ. ഇവിടെ ഭരിക്കുന്നവർക്കൊക്കെ ചില കള്ളക്കണ്ണുകൾ ഉണ്ട്, അവർ തങ്ങൾക്കിഷ്ടമില്ലാത്തവരെ തല്ലുകയും തല്ലിക്കുകയും തല്ലിക്കൊല്ലുകയും അതിന് രാജ്യത്തിന്റെ പോലീസിനെയും പട്ടാളത്തെയും അന്വേഷണ സംവിധാനത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുകയും ചിലയിടത്ത് ഉരിയാടായ്മ കാണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്നത് ഒരു പച്ചപരമാർത്ഥമാണ്. പക്ഷെ, അതൊക്കെയുണ്ടെങ്കിലും രാജ്യം എല്ലാവരുടേതുമാണ്. അതിന്റെ പുളകം എല്ലാവരുടേയും അഭിമാനവും പുളകവുമാണ്.
ചാന്ദ്രയാന്റെ വെളിച്ചത്തിൽ നാം ഈ പംക്തിയിൽ സംസാരിക്കുമ്പോൾ ചില അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ഒന്ന് ശാസ്ത്രവും മറ്റൊന്ന് മതവുമാണ് എന്നതാണ് പ്രശ്നം. രണ്ടും രണ്ടാണെന്നും രണ്ടു വഴിയാണെന്നും ഉൾക്കൊള്ളുന്നവർക്ക് പക്വതയോടെ ഈ ചർച്ചകളിൽ പങ്കെടുക്കാം. അങ്ങനെ വേർതിരിക്കുവാൻ കഴിയാത്തവർ തങ്ങളുടെ ഹൃദയ സങ്കോചത്തിന് വില ഒടുക്കേണ്ടിവരും. ചാന്ദ്രയാനുമായി ബന്ധപ്പെട്ട മതവും ശാസ്ത്രവും തമ്മിലുള്ള പലതരം ഉരസലുകളും ഉണ്ടായല്ലോ. അതൊക്കെ മനസ്സ് എന്ന ബുദ്ധിയുടെ ചെറുപ്പത്തെ മാത്രം കുറിക്കുന്നതാണ്. കുറച്ചു കൂടി വിദ്യാഭ്യാസം നേടിയാലേ അതു പോകൂ. ഇസ്റോ ചെയർമാൻ കഴിഞ്ഞ ദിവസം നാട്ടിൽ കേരളത്തിൽ വന്നപ്പോൾ അത് സമർഥമായി വ്യക്തമാക്കി. ഇതു ശാസ്ത്രമാണ്, ഇതിൽ ഇടപെടുന്നവർ ചെയ്യുന്ന മതാചാരങ്ങളെ അവരവരുടെ വ്യക്തിപരമായ കാര്യമായും അവർ അത് സ്വന്തം മനസംതൃപ്തിക്കും വേണ്ടി ചെയ്യുന്നതായും കണ്ടാൽ മതി എന്നാണദ്ദേഹം പറഞ്ഞത്. മനസംതൃപ്തി എന്നത് തികച്ചും സ്വകാര്യവും വ്യക്തിഗതവുമാണ്. മറ്റൊരാൾക്ക് അതു ബുദ്ധിമുട്ട് വരുത്തിവെക്കുന്നിലെങ്കിൽ ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഒരു ബഹുമത രാജ്യത്ത് ഇങ്ങനെയൊക്കെ ഉണ്ടാകാം എന്ന് കരുതി സമാധാനിക്കാം. എന്നാൽ മററ്റൊരാളുടെ മൂക്കിൽ തോണ്ടിയാണ് ഒരാൾ വിശ്വാസം നടത്തുന്നതെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ല. ഏതായാലും ലഭ്യമായ വിവരങ്ങളും അറിവുകളും വെച്ച് ചില മതപരമായ ആലോചനകൾ ഉണ്ട്. അതാണ് പറയാൻ ശ്രമിക്കുന്നത്.
ഒന്നാമത്തേത് ചന്ദ്രനിലേക്കുള്ള യാത്രയുടെ സാംഗത്യം തന്നെയാണ്. അതിന്റെ സാംഗത്യം അംഗീകരിക്കപ്പെടുന്നതു തന്നെയാണ്. കാരണം സൂര്യനെയും ചന്ദ്രനെയും അല്ലാഹു ആയത്തുകളായിട്ടാണ് ഖുർആനിലൂടെ അവതരിപ്പിക്കുന്നത്. അമ്പിയാഅ് 33, മുദ്ദസർ 32, ഇൻ ശിഖാഖ് 18, ശംസ് 12 തുടങ്ങിയ ആയത്തുകൾ ഉദാഹരണം. ആയത്ത് എന്നാൽ സൂക്തവും സൂക്തം എന്നാൽ ചിന്താവിഷയവുമാണ്. ചിന്താവിഷയം നമുക്ക് ചിത്രമെടുത്തു വെക്കാനും വെറുതെ പറഞ്ഞു നടക്കുവാനും ഒന്നും ഉള്ളതല്ല. അത് കൂടുതൽ പഠിക്കാൻ ഉളളതാണ്. അതിന്റെ വിഷയം ഒരിക്കലും ബാഹ്യമായിരിക്കില്ല. അകത്തേക്ക് ഇറങ്ങി ഇറങ്ങി മാത്രമാണ് അതു പഠിക്കാൻ കഴിയുക. അതു നടന്നാൽ മാത്രമേ അല്ലാഹു തന്ന ആയത്തിനോടുള്ള കടമ വീടൂ. അതിനാൽ ചാന്ദ്ര പര്യവേക്ഷണങ്ങളെ വിശ്വാസികൾ ഹൃദയപൂർവ്വം കാണണം, സ്വീകരിക്കണം. ഇതിൽ അസാംഗത്യം കാണുകയോ അസ്വസ്ഥത പ്രകടപ്പിക്കുകയോ ചെയ്യുന്നവർ സത്യത്തിൽ അല്ലാഹുവിന്റെ ആയത്തുകളെ സന്ദേഹത്തോടെ കാണുകയാണ്. അങ്ങനെ ഭയപ്പെടാൻ ഒന്നുമില്ല. കാരണം ചാന്ദ്രയാൻ എന്തു കണ്ടുപിടിച്ചാലും അതു വിശ്വാസിയുടെ വിശ്വാസത്തിന് ബലമായിത്തീരുക മാത്രമേയുള്ളൂ. ഉദാഹരണമായി ചാന്ദ്രയാന്റെ യാത്ര തന്നെയെടുക്കാം. പേടകം ആദ്യം സ്പേസിലേക്ക് ഉയരുന്നു. പിന്നെ ഭൂമിയെ കൃത്യമായി പ്രദക്ഷിണം ചെയ്യുന്നു. ആ ഭ്രമണപഥം താഴേ നിന്നുള്ള കൺട്രോൾ ഉപയോഗിച്ച് ഉയർത്തുന്നു. ഉയർത്തി ഉയർത്തി അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നു. പിന്നെ അത് താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രനിൽ ഇറക്കുന്നു. ഇതാണല്ലോ സംഭവം. ഇതിൽ ഉയർത്തലും താഴ്ത്തലുമെല്ലാം ടെക്നോളജിക്ക് വിട്ട് കൊടുക്കാം. പക്ഷെ, ഉയർത്താനും താഴ്താനും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കുമെല്ലാം ഭ്രമണപഥമുണ്ട് എന്നത് ദൈവികമായ കാര്യമാണ്. അത് ഖുർആനിൽ പറഞ്ഞ സത്യവുമാണ്. അല്ലാഹു പറയുന്നു: 'അവനത്രേ രാപ്പകലുകളും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചത്. അവയൊക്കെ ഓരോ ഭ്രമണപഥത്തില്‍ ദ്രുതസഞ്ചാരം നടത്തുകയാണ്.' (അമ്പിയാ: 33). ഇതേ പരാമർശം യാസീൻ സൂറത്തിലുമുണ്ട്. ഖുർആൻ പറഞ്ഞ ഈ ഭ്രമണപഥങ്ങൾ ഉള്ളതു തന്നെയാണ് എന്ന് മനുഷ്യൻ അറിയണമെങ്കിൽ ഇങ്ങനെ പര്യവേഷണങ്ങൾ നടക്കണമല്ലോ.
മറ്റൊരു ഉദാഹരണം ചാന്ദ്രയാൻ മൂന്ന് അയച്ച ആദ്യ ഫലങ്ങളിൽ ഒന്നാണ്. ചന്ദ്രോപരിതലത്തിന്റെ താപനിലയായിരുന്നു അത്. ചാന്ദ്രയാനിൽ ഘടിപ്പിച്ച ചെസ്റ്റേ എന്ന പെലോട്ട് സെൻസർ നൽകിയ വിവരമനുസരിച്ച് ചന്ദ്രന്റെ ഉപരിതല താപനില അറുപത് ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ വെറും എട്ടു സെന്റിമീറ്റർ താഴേക്ക് പോകുമ്പോൾ അത് മൈനസ് പത്ത് ആയി കുറയുന്നുണ്ട്. ഇത് എന്തൊക്കെ സ്ഥാപിക്കുന്നു എന്നത് ശാസ്ത്രജ്ഞൻമാർക്കേ അറിയൂ. പക്ഷെ, ഈ കേട്ടതിൽ നിന്നും എല്ലാ പൊതു ജനങ്ങൾക്കും അറിയാവുന്ന രണ്ടു സത്യങ്ങൾ ഉണ്ട്. ഒന്നാമതായി, നിലവിലുള്ള അവസ്ഥയിൽ അവിടെ മനുഷ്യവാസം അസാദ്ധ്യമാണ്. രണ്ടാമതായി, അവിടത്തെ താപനില തികച്ചും മനുഷ്യരെ സംബന്ധിച്ചിടത്തോളം വിചിത്രമാണ്. ഇതിന്റെ വെളിച്ചത്തിൽ നിലവിലുള്ള സാഹചര്യത്തിൽ അവിടെ മനുഷ്യവാസം സാധ്യമല്ല എന്ന് പറയാൻ കഴിയും. അതേസമയം ഒരിക്കലും അതിന് കഴിയില്ല എന്ന് പറഞ്ഞ് ഒരു വിവാദം സൃഷ്ടിക്കുവാൻ താല്പര്യമില്ല. നിലവിൽ ഉള്ള അന്തരീക്ഷ നില വെച്ച് അവിടെ മനുഷ്യന് താമസിക്കണം എന്നുണ്ടെങ്കിൽ ഈ അന്തരീക്ഷത്തെ കൃത്രിമമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതായി വരും. അതിനെ സംബന്ധിച്ചൊന്നും ഇപ്പോൾ ആരുടെയും പഠനങ്ങൾ എത്തിയിട്ടില്ല. ഈ കാര്യത്തിലേക്ക് വിശുദ്ധ ഖുർആൻ സൂചന നൽകുന്നുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. ഗോളാന്തര യാത്രകളുടെ ഉദ്ദേശങ്ങളിൽ ഒന്ന് അവിടെ മനുഷ്യാവകാശം സാധ്യമാണോ എന്നത് പരിശോധിക്കൽ ആണല്ലോ എന്നാൽ നിങ്ങൾക്ക് ഭൂമിയിൽ തന്നെ നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട കാലം ജീവിക്കാനുള്ള വിഭവങ്ങൾ ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ട്. (അൽ ബഖറ: 36, അഅ്റാഫ്: 24). അത് ഗ്രഹങ്ങളിൽ പോയി സ്ഥിരതാമസത്തിന്റെ സാധ്യത നിരാകരിക്കുന്നുണ്ട്. മാത്രമല്ല, ഖുർആൻ അവതരിപ്പിക്കുന്ന ഉൽപ്പത്തി ചരിത്രത്തിൽ പറയുന്നത് മനുഷ്യനെ ഭൂമിയിലേക്കുള്ള പ്രതിനിധിയാക്കി എന്നാണ്. അപ്പോൾ മനുഷ്യാധിവാസത്തിന്റെ തൊട്ടിൽ ഭൂമി തന്നെയാണ്. ഇത്തരം മാനോഹരമായ ചിന്തകളിലേക്കെല്ലാം നമ്മെ തിരിച്ചുവിടുന്നുണ്ട് ചാന്ദ്രയാനും ദൗത്യവും അതിന്റെ കണ്ടെത്തലുകളും.
ചാന്ദ്രയാനെ പോലെ ചാന്ദ്രയാൻ മൂന്നിന്റെ ശിൽപ്പി മലയാളിയായ എസ് സോമനാഥൻ സാറും നമ്മുടെ ചിന്തകൾക്ക് ചന്തം പകരുന്നുണ്ട്. ദൗത്യ വിജയത്തിനു ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഒരു മാധ്യമവുമായി സംസാരിക്കവെ ഒരു സത്യം സരളമായി പറഞ്ഞു. ലോകാന്ത്യം എന്ന വിശ്വാസത്തെ കുറിച്ച് ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് താങ്കളുടെ കാഴ്ചപ്പാട് എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് അത് തികച്ചും യാഥാർഥ്യം തന്നെയാണ് എന്നാണ്. ഇത് പല ശാസ്ത്രജ്ഞരും പറഞ്ഞതു തന്നെയാണ്. നമ്മുടെ കാലം കണ്ട ശാസ്ത്ര ഇതിഹാസം സ്റ്റീഫൻ ഹോക്കിങ് ഇക്കാര്യം പറഞ്ഞതാണ്. 600 വര്‍ഷത്തിനുളളില്‍ ഭൂമി ഒരു തീഗോളമായി മാറുമെന്നും ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ന്ന തോതിലുളള ഊര്‍ജ്ജ ഉപഭോഗവും ആണ് ഭൂമിയെ തീഗോളമാക്കി മാറുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളുമെന്നാണ് അദ്ദേഹം ബീജിംഗില്‍ നടന്ന ടെന്‍സന്റ് വി ഉച്ചകോടിയിൽ പറഞ്ഞത്. ശാസ്ത്രം വിവിധ കാരണങ്ങളിലും പേരിലും ഇതു കാണുന്നുണ്ട്. അനു നിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ക്കു ശേഷമാണ് ഭൂമി ഇന്നത്തെ അവസ്ഥയിലെത്തിച്ചേര്‍ന്നത്. ഇനിയും കാലം ചെല്ലുംതോറും സൂര്യനില്‍ നിന്നു കിട്ടുന്ന വെളിച്ചവും കൂടിക്കൊണ്ടിരിക്കും. തല്‍ഫലമായി സമുദ്രജലം വറ്റും. ജീവനുള്ള വസ്തുക്കളെല്ലാം നശിക്കും. അന്തരീക്ഷം സ്‌പേസിലേക്ക് പറന്നു പോവും. ക്രമേണ ചൂടു കുറഞ്ഞു കുറഞ്ഞു അന്ത്യഘട്ടത്തിലെത്തിച്ചേരും എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നു. (വാള്യം 10, പുറം 91). ഇപ്പോൾ തന്നെ ഭൂമിയുടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. 2080 ആകുന്നതോടെ അന്തരീക്ഷ ഊഷ്മാവ് മൂന്ന് സെല്‍ഷ്യസ് വരെ വര്‍ധിച്ച് കടുത്ത കുടിവെള്ള ക്ഷാമം മൂലം 2060 കോടി ജനങ്ങള്‍ മരിക്കുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ റിപ്പോര്‍ട്ടിലും കാണാം. ചുരുക്കത്തില്‍ ശാസ്ത്രം പ്രപഞ്ചനാശം മുന്നില്‍ കാണുന്നു.
ഇപ്പോൾ എസ് സോമനാഥൻ പറയുന്നതും അതു തന്നെയാണ്. ഈ ഭൂമി അതിന്റെ കേന്ദ്രമായ സൂര്യൻ നശിക്കുക വഴി അവസാനിക്കും എന്നാണ്. സൂര്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രമായതിനാൽ ആ സൂര്യന്റെ നാശം തന്നെയാണ് ലോകത്തിന്റെ നാശവും. അതിനെ ഓരോരുത്തരും ഓരോ പേരിൽ വിളിക്കുകയും തങ്ങളുടെ ആശയ ലോകത്തിനനുസൃതമായി സംസാരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. ഉദാഹരണമായി ഇതേ കാര്യം വിശുദ്ധ ഖുർആൻ രണ്ടിടങ്ങളിൽ പറയുന്നുണ്ട്. അതായത് സൂര്യൻ കെട്ടുപോകുന്ന പ്രതിഭാസത്തെക്കുറിച്ച്. അല്ലാഹു പറയുന്നു. 'സൂര്യന്‍ ചുരുട്ടപ്പെടുമ്പോൾ..' (81:1) മറ്റൊരിടത്ത് ഇങ്ങനെ കാണാം. 'സൂര്യ-ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്ക് പ്രകാരമാണ്' (55:5) ഈ സൂക്തങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് സൂര്യൻറെ നിലവിലുള്ള ഗതിക്കും പ്രവർത്തനത്തിനും ഒരറ്റം ഉണ്ടാകും എന്നത് തന്നെയാണ്. അങ്ങനെ വരുമ്പോൾ സൂര്യനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന ഭൂമി അതോടെ താളം തെറ്റുകയും അവസാനിക്കുകയും ചെയ്യും എന്ന് പറയാതെ വയ്യ. അന്ത്യനാളുണ്ടാകുമെന്ന വിശ്വാസം ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യഭാഗമാണ്. സൂറതുല്‍ഹിജ്‌റിലൂടെ അല്ലാഹു ഉണര്‍ത്തുന്നു: ‘തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ അവര്‍ക്ക് ഭംഗിയായി മാപ്പ് നല്‍കുക’. ഇത്തരം ചിന്തകളെല്ലാം പൊടിതട്ടിയെടുക്കുവാനും ഒന്നുകൂടി വിചാരണകൾക്ക് വിധേയമാക്കുവാനും നമുക്ക് അവസരം തുറന്നിരിക്കുകയാണ് ചാന്ദ്ര ദൗത്യം എന്ന് ചുരുക്കം. അതിനാൽ ചാന്ദ്രയാൻ നൽകുന്നതെല്ലാം ചന്തമുള്ള ചിന്തകളാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso