Thoughts & Arts
Image

നബി ചിത്രങ്ങൾ - ഒന്ന്

08-09-2023

Web Design

15 Comments





കുലമഹിമയുടെ മികവിലും..



നബി തിരുമേനി(സ) അറേബ്യയുടെ കേന്ദ്രഭൂമിയായ മക്കായിലെ പ്രബലവും പ്രാചീനവുമായ ഗോത്രമായ ഖുറൈശ് കുടുംബാംഗമാണ്. മക്കായിലെ മനുഷ്യാധിവാസത്തിന് ആദ്യമായി ഭരണസാരഥ്യം വഹിച്ചത്, തന്റെ ജീവിതകാലം മുഴുവനും ഇസ്മാഈല്‍ നബി തന്നെയായിരുന്നു. 137ാം വയസ്‌സില്‍ അദ്ദേഹം മരണപ്പെട്ടതോടെ തന്റെ മക്കളായ നാബിത്തും ഖൈദാറുമായി ഭരണാധികാരികള്‍. പിന്നീട് അദ്ദേഹത്തിന്റെ ശ്വശുരന്‍ മുദാദ് ബിന്‍ അംറിന്റെയും മക്കളുടെയും കയ്യിലെത്തി ഈ സാരഥ്യം. കൈകള്‍ കൈമാറി ജുര്‍ഹും ഗോത്രക്കാര്‍ നടത്തിയ ഭരണം അവസാനം തീര്‍ഥാടകരെ കൊള്ളചെയ്തും പിടിച്ചുപറിച്ചും കഅ്ബാലയത്തിലെ നിവേദ്യങ്ങള്‍ കട്ടുകടത്തിയും കീര്‍ത്തിമങ്ങി.



ബുഖ്ത്‌നസ്വ്‌റിനെതിരെ പടനയിച്ച അദ്‌നാന്‍, അറേബ്യയുടെ നക്ഷത്രമായി തീര്‍ന്ന കാലമായിരുന്നു അത്. അദ്‌നാനിക ളുടെ വംശപരമ്പരയിലെ ബനൂബക്‌റും യമനില്‍ നിന്നും കുടിയേറിയ ബനൂ ഖുസാഅയും ജുര്‍ഹുമുകള്‍ക്കെതിരെ കൈകോര്‍ത്തു. പിടിച്ചുനില്‍ക്കുവാനാവാതെ യമനിലേക്ക് മടങ്ങിപ്പോകുവാന്‍ നിര്‍ബന്ധിതരായതോടെ ജുര്‍ഹും ഗോത്രക്കാര്‍ സംസം കിണര്‍ മണ്ണിട്ട്മൂടുകയും കഅ്ബാലയത്തെ അവമതിക്കുകയുമൊക്കെ ചെയ്തു. അങ്ങനെ ജുര്‍ഹുമുകള്‍ക്കു ശേഷം മക്കായുടെ ആധിപത്യം ബനൂ ഖുസാഅയുടെ കയ്യിലൊതുങ്ങി. തങ്ങളെ സഹായിച്ച ബനൂ ബക്‌റിന് മക്കായിലെ ചില പ്രധാന വകുപ്പുകള്‍ നല്‍കി അവര്‍ തൃപ്തിപ്പെടുത്തി. എ ഡി രണ്ടാം നൂററാണ്ടിന്റെ പകുതിയിലായിരുന്നു ഇതെന്ന് മാത്രമേ ചരിത്രത്തിന് പറയാനാകുന്നുള്ളൂ. കാലഗണനാ പരിഷ്‌കാരങ്ങള്‍ അത്രക്കേ അന്ന് വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നുള്ളൂ.
ബനൂ ഖുസാഅയുടെ ആധിപത്യം മൂന്ന് നൂററാണ്ടുകളോളം നീണ്ടുവെന്നാണ് ചരിത്രം. അതിനിടെ അദ്‌നാനികള്‍ അറേബ്യായിലെ പ്രബല വിഭാഗമായി വളര്‍ന്നു. അദ്‌നാനികളുടെ ശ്രദ്ധ ഇറാഖ്, മുതല്‍ ബഹ്‌റൈന്‍ വരേയുള്ള സ്ഥലങ്ങളിലായിരുന്നു. അറേബ്യയുടെ വികാസങ്ങള്‍ അവിടെയൊക്കെയാവും കേന്ദ്രീകരിക്കുക എന്നായിരുന്നു അവരുടെ ധാരാണ. കേവലം ഒരു തീര്‍ഥാടനകന്ദ്രം എന്നതിലപ്പുറം ഒരു പ്രാധാന്യം മക്കക്ക് കൈവരും എന്ന് അക്കാലത്ത് പ്രതീക്ഷീ ക്കുന്നുണ്ടായിരുന്നില്ല.
മക്കയില്‍ ബനൂ കിനാനക്കും അവരുടെ ഉപവിഭാഗങ്ങള്‍ക്കുമായിരുന്നു ആധിപത്യം. അവരിലെ ഏററവും പ്രബലമായ കുടുംബം ഖുറൈശികളുടേതായിരുന്നു. പക്ഷേ, ഖുറൈശികള്‍ എന്ന കുടുംബത്തെ വെറും കഅ്ബാലയത്തിലെ പൂജാരികളും പുരോഹിതരുമായി ഒതുക്കിനിറുത്തുകയായിരുന്നു അധികാരം കയ്യാളിയിരുന്ന ബനൂ ഖുസാഅ ചെയ്തത്. ഈ അവസ്ഥക്ക് മാററം വന്നത് ഖുസ്വയ്യ് ബിന്‍ കിലാബിന്റെ വരവോടെയായിരുന്നു. ഖുറൈശികളുടെ വികാരോ ജ്ജ്വലമായ ചരിത്രത്തിന് അധികാരത്തിന്റെ നിറമേകിയതും പ്രൗഢിയുടെ കിരികിടമണിയിച്ചതും ഖുസ്വയ്യ് ബിന്‍ കിലാബായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഖുസ്വയ്യിന് പിതാവ് നഷ്ടപ്പെട്ടു. മാതാവ് ഒരു ശാമുകാരനെ വിവാഹം കഴിക്കുകയും അയാളോടൊപ്പം ശാമിലേക്ക് പോകുകയും ചെയ്തു. അതിനാല്‍ ശാമിലായിരുന്നു ഖുസ്വയ്യിന്റെ കുട്ടിക്കാലം. വളര്‍ന്ന് യുവാവായതോടെ തന്റെ വേരുകള്‍ തേടി മക്കായിലെത്തിയമ്പോള്‍ അവിടെ ഭരണം നടത്തുന്നത് ബനൂ ഖുസാഅ കുടുംബത്തിലെ ഹുലൈല്‍ ബിന്‍ ഹബശിയ്യയായിരുന്നു. സമര്‍ത്ഥനും ബുദ്ധിശാലിയും സുന്ദരനുമായ ഒരു യുവകോമളനായിരുന്നു ഖുസ്വയ്യ്.
ഖുസ്വയ്യിനെ ഭരണാധികാരി ഹുലൈലിന് നന്നായി ബോധിച്ചു. ഖുസ്വയ്യിനും ഹുലൈലിനോട് മതിപ്പുതോന്നി. അതവസാനം എത്തിപ്പെട്ടത് ഖുസ്വയ്യും ഹുലൈലിന്റെ മകള്‍ ഹുബായും തമ്മിലുള്ള വിവാഹത്തിലായിരുന്നു. മക്കായുടെ അധികാരം ഇസ്മാഈല്‍ നബിയുടെ യഥാര്‍ഥ കുടുംബശ്രേണിയായ തങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്ന ബോധം ഖുസ്വയ്യിനുണ്ടായിരുന്നു. നിലവിലുള്ള ഭരണാധികാരി തനിക്ക് കൂടുതല്‍ അധികാരങ്ങളും മതിപ്പും സ്ഥാനമാനങ്ങളും നല്‍കുക കൂടെ ചെയ്തതോടെ ഖുസ്വയ്യിന് അധികാരത്തിലേക്കുള്ള വഴി എളുപ്പമായി. ഹുലൈലിനു ശേഷം അങ്ങനെ മക്കായുടെ പരിപൂര്‍ണ്ണ അധികാരം ഖുസ്വയ്യ് ബിന്‍ കിലാബിന്റെ കരങ്ങളില്‍ വന്നു. എ ഡി അഞ്ചാം നൂററാണ്ടില്‍ ഉദ്ദേശം എ ഡി 440ലായിരുന്നു ഖുസ്വയ്യിന്റെ കയ്യില്‍ അധികാരം വന്നെത്തിയത് എന്ന് പ്രമുഖ ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു.



ഖുറൈശികള്‍ ഖുസ്വയ്യിലൂടെ മക്കായുടെ സുല്‍ത്താന്‍മാരായി. ഖുസ്വയ്യ് ഒരു ശാസ്ത്രീയമായ ഭരണസംവിധാനം ആരംഭിച്ചു. തങ്ങളുടെ അധികാരവും ഭരണവും നാടിന്റെ നാഡിമിടിപ്പായി മാററുവാന്‍ ഇതു സഹായിച്ചു. ദാറുന്നദ്‌വ എന്ന പാര്‍ലമെന്റ് സ്ഥാപിക്കുകയും കഅ്ബാലയ പരിചരണം, യുദ്ധ നായകത്വം, ജൂഡീഷ്യല്‍ സംവിധാനം, തീര്‍ഥാടക ക്ഷേമം തുടങ്ങിയ വകുപ്പുകളാക്കി അധികാരം വിഭജിച്ച് ഖുറൈശികളിലെ ഓരോ കുടുംബത്തിനും അവ വീതിച്ചു നല്‍കുകയും അങ്ങനെ അദ്ദേഹം എല്ലാവരെയും ഭരണത്തില്‍ പങ്കാളികളാക്കി.
ഖുസ്വയ്യും ശേഷം മകന്‍ അബ്ദുമനാഫും സര്‍വ്വസമ്മതമായ ഭരണം കാഴ്ചവെച്ചുവെങ്കിലും പിന്നീട് അബ്ദു മനാഫിന്റെയും അബ്ദുദ്ദാറിന്റെയും മക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എങ്കിലും മക്കായിലെ പ്രധാന ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അബ്ദുമനാഫ്, ഹാശിം, മുത്വലിബ്, അബ്ദുല്‍ മുത്വലിബ് എന്ന പരമ്പരയി ലായിരുന്നു. ഇവരുടെ നേതൃത്വത്തെ ബഹുമാനപൂര്‍വ്വം അനുസരിക്കുന്നതില്‍ ഖുറൈശികളിലെ പത്തു കുടുംബങ്ങളും ഒരു വിമുഖതയും കാണിച്ചിരുന്നില്ല.



എ ഡി 571ല്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലായുടെയും വഹബിന്റെ മകള്‍ ആമിനായുടെ കണ്‍മണിയായി മുഹമ്മദ്(സ) പിറന്നുവീഴുമ്പോള്‍ ജനിച്ചത് ഒരു രാജകുമാരന്‍ തന്നെയായിരുന്നു എന്നതിന്റെ ചരിത്രചിത്രമാണ് ഇത് കാണിക്കുന്നത്. അധികാര-സാമ്പത്തിക-സാമൂഹിക മേല്‍കോയ്മകളുടെ ഇടയില്‍ ജനിച്ചുവീണ ഈ പ്രഭുകുമാരന്‍ പക്ഷെ, ജീവിതത്തിലൊരിക്കലും ആ അര്‍ഥത്തില്‍ നെഞ്ചുവിരിക്കുകയുണ്ടായില്ല. ഒരിടത്തും തള്ളിക്കേറുകയുണ്ടായില്ല. വിനയത്തിന്റെ ധവളിമ സ്ഫുരിക്കുന്ന പാല്‍പുഞ്ചിരിയില്‍ പ്രമാണിത്വത്തിന്റെ ഗര്‍വ്വല്ല, സ്‌നേഹത്തിന്റെയും വിനയത്തിന്റെയും സഹൃദയത്വമായിരുന്നു ആ ജീവിതത്തില്‍ ബഹിര്‍സ്ഫുരിച്ചത്.



ആകര്‍ഷകമായ കെട്ടും മട്ടും…



ആകര്‍ഷകമായ ശാരീരിക സൗകുമാര്യവും സൗന്ദര്യവും അഹങ്കാരത്തിലേക്കും അഹന്തയിലേക്കും നയിക്കുക എന്നത് മനുഷ്യപ്രകൃതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സ്വഭാവങ്ങളാണ് എന്ന് മനശാസ്ത്രം പറയുന്നു. സുന്ദരന്‍മാര്‍ക്കും സുന്ദരിമാര്‍ക്കും മററുള്ളവരുടെ മുമ്പിലെത്തുമ്പോള്‍ ഈ നെഗളിപ്പുണ്ടാവുന്നത് കണ്ണില്‍ പെടുന്ന ഓരോരുത്തരുമായും തല്‍സമയം മനസ്‌സില്‍ നടക്കുന്ന ഒരു താരതമ്യത്തിനെ തുടര്‍ന്നാണെന്നാണ് നിഗമനം. തന്നെപ്പററി താന്‍ മനസ്‌സില്‍ സൂക്ഷിക്കുന്ന ചിത്രത്തിനു മുമ്പില്‍ കണ്ണില്‍ പെട്ടയാള്‍ ചെറുതാണെന്ന തോന്നലിന്റെ വികാരം മനസ്‌സ് പകരുമ്പോള്‍ ഒരഭിമാനബോധം മനസ്‌സിലുണ്ടാവുന്നു. ആ ബോധമാണ് പിന്നെ അവനെ അല്ലെങ്കില്‍ അവളെ നയിക്കുക.
പുരുഷസൗന്ദര്യത്തിന്റെ പരമകാഷ്ഠയിലായിരുന്നു നബിതിരുമേനിയെന്ന് അവരെ കണ്ടവര്‍ ഒരേ സ്വരത്തില്‍ സാക്ഷ്യ പ്പെടുത്തുന്നു. പക്ഷേ, ആ ബോധം മററുള്ളവരെ ചെറുതായിക്കാണുവാനോ തന്നെ പൊക്കത്തില്‍ അവരോധിക്കുവാനോ ആ മഹാനെ പ്രേരിപ്പിക്കുന്നില്ല എന്നത് 63 ആണ്ടുകള്‍ ഒപ്പം നടക്കുമ്പോള്‍ കണാനാവും.
കുട്ടിക്കാലം മുതല്‍ കണ്ണെടുക്കാതെ കണ്ടു വളരുകയും ഒപ്പം ജീവിക്കുകയും ചെയ്ത അലി(റ) ആ സൗന്ദര്യം വിവരിക്കു മ്പോള്‍ അതു കൂടുതല്‍ ബോധ്യമാവും. അദ്ദേഹം പറയുന്നു: ‘വളരെ നീണ്ടതോ കുറിയതോ അല്ലാത്ത മിതമായ ഒരു ശരീരപ്രകൃതിയായിരുന്നു നബിതിരുമേനി(സ)യുടേത്. കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരിലെ മിതപ്രകൃതക്കാരനായിരുന്നു അവര്‍. അവരുടെ തലമുടി ജഢപിടിച്ചതോ വല്ലാതെ അയഞ്ഞുകിടക്കുന്നതോ അല്ലായിരുന്നു. മുഖം അമിതമായി വീര്‍ത്തതോ മെലിഞ്ഞതോ ആയിരുന്നില്ല. കണ്ണുകള്‍ നല്ല കറുപ്പുള്ളവയും പുരികങ്ങള്‍ നീണ്ടവയുമായിരുന്നു. മുഖത്തിന് ഒരു വൃത്താകാരമുണ്ടായിരുന്നു. ചുവന്ന വെളുപ്പായിരുന്നു അവരുടെ നിറം. എടുപ്പുള്ള ശിരസ്‌സും ബലമുള്ള സന്ധികളുമായിരുന്നു അവരുടേത്. നെഞ്ചില്‍ (നിറപൂരുഷത്തിന്റെ അടയാളമായ) നേരിയ മുടിയുണ്ടായിരുന്നു.
ശരീരം രോമാവൃതമല്ലായിരുന്നു. ഉറച്ചതായിരുന്നു അവരുടെ ചവിട്ടടികള്‍. തിരിഞ്ഞുനോക്കുമ്പോള്‍ (പ്രൗഢിയോടെ) അദ്ദേഹം ഒന്നിച്ച് തിരിയുമായിരുന്നു. അവരുടെ മുതുകില്‍ പ്രവാചകത്വമുദ്രയുണ്ടായിരുന്നു. ഉദാരതയും ഹൃദയ വിശാലതയും സ്ഫുടമായ സംസാരവുമായിരുന്നു അവരുടേത്. ജനങ്ങളോടുള്ള വാക്കുകള്‍ പാലിക്കുന്നതിലും മാന്യമായി പെരുമാറുന്നതിലും ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും ഉന്നതനായിരുന്നു അവര്‍. പ്രഥമദൃഷ്ടിയില്‍ ഗാംഭീര്യം തോന്നുന്നതും ഇടപഴകുമ്പോള്‍ സ്‌നേഹിച്ചുപേകുന്നതുമായ വ്യക്തിത്വമായിരുന്നു അവരുരുടേത്. മുമ്പോ പിമ്പോ അത്ര സമ്പൂര്‍ണ്ണനായ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല.’ (തിര്‍മുദി)
ബറാഅ് ബിന്‍ ആസിബ്(റ)വിനോട് ‘നബി(സ)യുടെ മുഖം വാളുപോലെയായിരുന്നുവോ തിളങ്ങിയിരുന്നത്?’ എന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അല്ല, ചന്ദ്രനെ പോലെയായിരുന്നു’ എന്നായിരുന്നു. (തിര്‍മുദി). പ്രവാചന്റെ മുഖകമലം സൂര്യന്റെ തേജസുററതായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്നു. ദീര്‍ഘമായ പത്തുവര്‍ഷം നബിയുടെ ഭൃത്യനായി വിളിപ്പുറത്തുണ്ടായിരുന്ന കഅ്ബ് ബിന്‍ മാലിക്(റ) കൗതുകപൂര്‍വ്വ നബിതിരുമേനിയുടെ മുഖം കണ്ടുനിന്നപ്പോള്‍ തോന്നിയത് അതൊരു ചന്ദ്രക്കീറാണെന്നായിരുന്നു. പ്രവാചകപ്രവരന്റെ ഭംഗിയും അഴകും വിവരിക്കുമ്പോള്‍ സ്വഹാബിമാര്‍ക്ക് വല്ലാത്ത ഒരു ലഹരിയാണ്. അത്രക്കും തിളക്കമുള്ള ഒരു നക്ഷത്രമായിരുന്നു അവരുടെ കണ്‍മുന്നില്‍.
എന്നിട്ടും കറുത്തവരും വിരൂപരുമായിരുന്ന തന്റെ സ്വന്തം അനുയായികളുടെ മുമ്പിലോ തന്നോളമെത്താന്‍ കഴിയാത്ത മററുള്ള ഖുറൈശികളുടെ മുമ്പിലോ ഹൃദയഹാരിയായി പുഞ്ചിരിക്കുമ്പോള്‍ അഹങ്കാരമോ അഹന്തയോ ആ ഉള്ളിലിരുന്ന് ചിലച്ചില്ല. അത്രയും വിനയാന്വിതമായുരുന്നു ആ ദിവ്യ ജ്യോതിസ്‌സ്.
ഉമ്മു മഅ്ബദിന്റെ കണ്ണും കരളും..
ഹിജ്‌റ യാത്രയില്‍ നബിതിരുമേനിയും അബൂബക്കര്‍(റ)വും ഒരു ഗ്രാമത്തിലെത്തി. ഒപ്പം അവരുടെ വഴികാട്ടി അബ്ദുല്ലാഹി ബിന്‍ ഉറൈഖിത്വുമുണ്ട്. അവര്‍ക്ക് നന്നേ ദാഹിച്ചിരുന്നു. വിശപ്പുമുണ്ട്. ചൂടുള്ള മണലിലൂടെ മരുഭൂമിയും താണ്ടിയുള്ള യാത്ര. മക്കയില്‍ നിന്നും മദീനായിലേക്ക് പോകുന്നത് ഒളിച്ചോടും പോലെയാണ്. ഇപ്പോള്‍ രണ്ടു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാലും ഇടക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. കാരണം മക്കായില്‍ നബിയെയും അബൂബക്കറിനെയും ജീവനോടെയോ അല്ലാതെയോ പിടിക്കൂടുന്നവര്‍ക്ക് നൂറ് ഒട്ടകമാണ് ഇനാം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വെളിച്ചത്തെ ഭയക്കുന്നവരോ ഒരു പുരുഷായുസ്‌സിന് സ്വപ്നം കാണുവാനാവാത്ത ഇനാമില്‍ കണ്ണുടക്കുന്നവരോ തങ്ങളെ പിന്തുടരാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വല്ല കുടിലോ തമ്പോ കാണുന്നുണ്ടോ എന്നു നോക്കുന്നതിനിടയില്‍ അവര്‍ ഒരു തമ്പുകണ്ടു. അവരവിടേക്കു നടന്നു. വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. ആഗതരെ സ്വീകരിച്ചു. ആഗതര്‍ക്ക് കൊടുക്കുവാന്‍ ഒന്നിമില്ലെന്ന നിരാശ ചുളിവുകള്‍ വീണ അവരുടെ മുഖത്ത് മൂടിക്കെട്ടിക്കിടന്നിരുന്നു. അകത്തേക്ക് നോക്കി ആഗതര്‍ ഒരു ആടിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അതിനു പാലുണ്ടോ?’. ഇല്ലെന്ന് വൃദ്ധ നിരാശയോടെ പറഞ്ഞു. ‘എന്നാല്‍ തങ്ങള്‍ കറന്നുനേക്കിക്കോട്ടേ’ എന്നായി ആഗതര്‍. വൃദ്ധ നിഷ്‌കളങ്കമായി സമ്മതിച്ചു. നബിതിരുമേനി ആടിനെ കറന്നു. പാലില്ലാത്ത ആട് പ്രവാചകപ്രവരനു പാല്‍ ചുരത്തിക്കൊടുത്തു.
വൃദ്ധക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ക്ഷീണവും ദാഹവും തീര്‍ത്ത ആഗതര്‍ യാത്രപറഞ്ഞിറങ്ങി. തന്റെ ഭര്‍ത്താവ് വന്നുകയറുമ്പോഴും ഉമ്മു മഅ്ബദ് ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. പാലില്ലാത്ത ആടില്‍ നിന്ന് കറന്ന പാല്‍ ഉമ്മു മഅ്ബദിന്റെ പാത്രത്തിലിരിക്കുന്നതു കണ്ട ഗൃഹനാഥന്‍ കാര്യങ്ങളന്വേഷിച്ചു. ഉമ്മു മഅ്ബദ് മെല്ലെ ഓര്‍മകളുടെ ദളങ്ങള്‍ മറിച്ചു. തന്റെ മുമ്പില്‍ വന്നവരിലെ ആ തേജസ്‌സിനെ ഓര്‍ത്തെടുത്തു.
ഉമ്മു മഅ്ബദ് വിവരിച്ചു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും.



മുത്തുമണികളുതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം..’; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ഉമ്മു മഅ്ബദിന്.



നല്ല അയല്‍ക്കാരന്‍..



നബിതിരുമേനിയുടെ പ്രധാന അയല്‍ക്കാര്‍ അബൂലഹബ്, ഹകം ബിന്‍ ആസ്വ്, ഉഖ്ബത്ത് ബിന്‍ അബൂ മുഐത്വ്, ഉദയ്യ് ബിന്‍ ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദഅ് എന്നിവരായിരുന്നു. കനലുകള്‍ക്കിടയിലെന്ന പോലെയായിരുന്നു നബി അവര്‍ക്കിടയില്‍ ജീവിച്ചിരുന്നത്. എല്ലാവരും നബിയുടെ അടുത്ത കുടുംബാദികളായ ബനൂ അബ്ദുമനാഫില്‍ പെട്ടവരാ യിരുന്നു. അവരില്‍ ഹകം ബിന്‍ ആസ്വിനെയല്ലാതെ മറെറാരാള്‍ക്കും ഇസ്‌ലാം സ്വീകരിക്കാനുള്ള സൌഭാഗ്യം ലഭിച്ചില്ല
ഈ അയല്‍ക്കാര്‍ നബിയെ ഭല്‍സിക്കുന്നതും ശല്യപ്പെടുത്തന്നതും ഒരു വിനോദമായി കാണുന്നവരായിരുന്നു. നബി തിരുമേനി നിസ്‌കരിക്കുമ്പോള്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിടുക, വീടിനു മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ അവര്‍ ചെയ്യാത്തതൊന്നുമുണ്ടായിരുന്നില്ല. അവരുടെ ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നബിക്ക് വീട്ടില്‍ വേരെ ഒരു മുറി തന്നെയുണ്ടാക്കേണ്ടിവന്നു.
വഴിയില്‍ വെച്ച് കാണുമ്പോള്‍ പരിഹാസവാക്കുകള്‍ പറയുക, കുററപ്പെടുത്തി സംസാരിക്കുക, കയര്‍ക്കുക തുടങ്ങിയവക്കുപുറമെ വഴിയില്‍ കല്ലും മുള്ളും വിതറുക തുടങ്ങിയവയും ചെയ്യുമായിരുന്നു അവര്‍. ഇവരുടെ ഇത്തരം നീചത്വങ്ങള്‍ മക്കായിലെ സാധാരണക്കാരെ പ്രചോദിപ്പിക്കുക കൂടി ചെയ്തു. ഇവര്‍ക്ക് ഇതൊക്കെ ആവാമെങ്കില്‍ മററുള്ളവര്‍ക്കുമതാവാം എന്ന ധാരണയുണ്ടായി. നബിതിരുമേനിയുടെ ആണ്‍കുട്ടികളെല്ലാം മരിക്കുകയും പെണ്‍കുട്ടികള്‍ മാത്രമവശേഷിക്കുകയും ചെയ്തപ്പോള്‍ നബിയെ ‘അബ്തര്‍’ എന്നാക്ഷേപിച്ചതും ഇവരായിരുന്നു. ശേഷക്കാരില്ലാത്തവന്‍ എന്ന ഈ പരിഹാസം നബിയുടെ മനസ്‌സിനെ വല്ലാതെ വേദനിപ്പിക്കുയുണ്ടായി.
അവരെ പോലെ മക്കായിലെ ഒരു ഉന്നതകുടുംബാംഗമായിരുന്നിട്ടും നബിയെ ശല്യപ്പെടുത്തിയപ്പോള്‍ ആ മനസ്‌സ് വേദനിച്ചുവെങ്കിലും പ്രതികരിച്ചില്ല. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ചില സന്ദര്‍ഭങ്ങളില്‍ ശത്രു അയല്‍ക്കാര്‍ തനിക്കെതിരെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ഒരു കമ്പില്‍ കുത്തിയെടുത്ത് പുറത്തേക്കെറിയുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. പുറത്തേക്കിടുമ്പോള്‍ താഴ്ന്ന സ്വരത്തില്‍ ആ മനുഷ്യസ്‌നേഹി ഇത്രയേ പറഞ്ഞുള്ളൂ: ‘ഓ, അബ്ദു മനാഫിന്റെ മക്കളേ, എന്ത് അയല്‍വാസമാണിത്..?’



അവരെ വെറുതെ വിടുക..
ഹുദൈബിയ്യയില്‍ ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും പുരോഗതി പ്രാപിക്കുകയായിരുന്നു. നബി(സ)യുടെ പ്രതിനിധിയായി ഉസ്മാന്‍(റ) മക്കയില്‍ ചര്‍ച്ചകളിലാണ്. ഖുറൈശികളുടെ ചില പ്രതിനിധികള്‍ നബി(സ)യുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുസ്‌ലിംകളുടെ ക്യാമ്പിന് നേരെ ഒരാക്രമണം ഏതു സമയത്തും ഉണ്ടാവാമെന്ന അവസ്ഥയാണുള്ളത്. അതു മനസ്‌സിലാക്കിയ നബി(സ) ക്യാമ്പിന് ശക്തമായ കാവലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മുഹമ്മദ് ബിന്‍ മസ്‌ലമ(റ) ആയിരുന്നു കാവല്‍ഭടന്‍മാരുടെ നേതാവ്.
ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരു കൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ തന്‍ഈമിലെ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കുവാന്‍ ഇറങ്ങി.
ശത്രുക്കളുടെ ശ്രമം പക്ഷെ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവരെ നബി(സ)യുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്‌സലിഞ്ഞു. നബി(സ) പറഞ്ഞു: ‘അവരെ വെറുതെ വിടുക’. അല്‍ ഫത്ഹ് അധ്യാ യത്തിലെ 24ാം സൂക്തം ഈ സംഭവമാണ് അനുസ്മരിപ്പിക്കുന്നത്.



അനസിന്റെ അനുഭവങ്ങള്‍



അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ‘ഒരിക്കല്‍ ഞാന്‍ നബിതിരുമേനിയോടൊപ്പം ഒരു വഴിയിലൂടെ പോകുകയായിരുന്നു. നബി(സ) തന്റെ തോളില്‍ നജ്‌റാന്‍ നിര്‍മ്മിതമായ ഒരു ഉരമുള്ള തരം തട്ടമിട്ടിട്ടുണ്ട്. ഒരു അഅ്‌റാബി (അനാഗരികന്‍) ഞങ്ങള്‍ക്കെതിരെ വന്നു. അയാള്‍ ഞങ്ങള്‍ക്കടുത്തെത്തിയതും ഞൊടിയിടയില്‍ നബി(സ)യുടെ തോളില്‍ കിടക്കുകയായിരുന്ന തട്ടം ശക്തിയായി പിടിച്ചുവലിച്ചതും ഒന്നിച്ചായിരുന്നു. പരുപരുത്ത ആ തട്ടത്തിന്റെ വക്കുകള്‍ കഴുത്തില്‍ മുറുകി നബിക്ക് നന്നേ വേദനിച്ചു. മാത്രമല്ല, ചുവന്നുവെളുത്ത മേനിയില്‍ വലിയുടെ ആഘാതം ഒരു ചുവന്ന രേഖയായി ചുവന്നുകിടന്നു.



തുടര്‍ന്ന് അഅ്‌റാബി ആ വലിയേക്കാള്‍ പരുഷമായ സ്വരത്തില്‍ പറഞ്ഞു: ‘മുഹമ്മദ്, നിങ്ങളുടെ കയ്യിലുള്ളതില്‍ നിന്ന് എനിക്കും തരാന്‍ കല്‍പ്പിക്കുക’. ദാരിദ്രത്തിന്റെ ഞെട്ടലുകളില്‍ പൊതുവെ അശാന്തനായിരുന്ന അയാളുടെ ചെയ്തികള്‍ തനി കാടത്തം കൂടിയായിരുന്നു. നബിയോട് ചോദിച്ചിട്ട് നബി(സ) വിസമ്മതിച്ചിട്ടായിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ എന്തെങ്കിലും ന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നേനെ. അതൊന്നുമില്ലാതെ വന്ന് കയറിപ്പിടിക്കുന്ന ഈ പാരുഷ്യത്തിന്റെ മുമ്പില്‍ മനസ്‌സ് നിയന്ത്രിക്കുവാന്‍ ആര്‍ക്കും കഴിയില്ല. വിനയത്തിന്റെയും കാരുണ്യത്തിന്റെയും ഈ പ്രതിപുരുഷന്‍ പക്ഷെ, അനാഗരികനെ നോക്കി പുഞ്ചിരിച്ചു. പിന്നെ തന്റെ അനുയായികളോട് വിളിച്ച് പറഞ്ഞു: ‘ഇയാള്‍ക്കെന്തെങ്കിലും കൊടുക്കൂ..’.



മദീനാ ജീവിതകാലം മുഴുവനും നബിതിരുമേനിയുടെ ഭൃത്യനായി സേവനമനുഷ്ഠിച്ച അനസ് ബിന്‍ മാലിക്(റ)വിന്റെ സാക്ഷ്യം മാത്രം മതി ആ മനസ്‌സളക്കുവാന്‍. അനസ്(റ) പറയുന്നു: ‘ഞാന്‍ പത്തു വര്‍ഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്യുകയുണ്ടായി. അതിനിടയില്‍ ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനത് ചെയ്തുവെന്നോ ചെയ്യാതെപോയ ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടത് ചെയ്തില്ല എന്നോ നബി(സ) ചോദിക്കുകയുണ്ടായിട്ടില്ല’(ബുഖാരി, മുസ്‌ലിം).
അനസ്(റ) പറയുന്നു: ‘ഒരിക്കല്‍ നബി(സ) എന്നെ എന്തോ ഒരു കാര്യത്തിനായി അയച്ചു. പോകുംവഴിക്ക് ഞാന്‍ ഒരിടത്ത് കുട്ടികള്‍ കളിക്കുന്നതു കണ്ടു. ഞാനും അവരുടെ ഒപ്പം കൂടി. കളിയില്‍ നേരം പോയതറിഞ്ഞില്ല. കുറേ കഴിഞ്ഞപ്പോള്‍ ഒരാളുണ്ട് എന്റെ പിരടിയില്‍ പിന്നില്‍ നിന്ന് പിടിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ നബി(സ)തങ്ങളാണ്. കളിക്കിടെ കാര്യം മറന്നുപോയ ഞാന്‍ ആകെ പരുങ്ങലിലായി. പക്ഷെ, നബി(സ) എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ‘കൊച്ചു അനസ്, ഞാന്‍ പറഞ്ഞയച്ചിടത്ത് നീ പോയോ?’. ‘ഇല്ല, ഞാനിപ്പോള്‍ പോകുകയാണ്’ എന്നും പറഞ്ഞുകൊണ്ട് ഞാന്‍ ഓടി.
അടിമകളോടും ഭൃത്യരോടും താന്‍ കാണിക്കുന്ന വിനയഭാവം എല്ലാവരും പുലര്‍ത്തണമെന്ന് നബി(സ) കല്‍പ്പിക്കുമായിരുന്നു. അവര്‍ നിങ്ങളുടെ സഹോദരന്‍മാരാണെന്നും അവരോട് പ്രയാസകരമായ ജോലികള്‍ പറഞ്ഞാല്‍ നിങ്ങളും സഹായിച്ചുകൊടുക്കണമെന്നും നബി(സ) പറയുമായിരുന്നു. അവരുടെ പിഴവുകളില്‍ മാപ്പു നല്‍കണമെന്ന് നബി(സ) പറഞ്ഞു. ഒരിക്കല്‍ നബിയുടെ മുമ്പില്‍ തന്റെ ഉടമകള്‍ തല്ലിയെന്ന പരാതിയുമായി ഒരു ഭൃത്യ വന്നപ്പോള്‍ നബി(സ) അവരെ വിളിച്ച് ആ അടിമസ്ത്രീയെ മോചിപ്പിക്കുവാന്‍ വരെ ആവശ്യപ്പെടുകയുണ്ടായി.



O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso