Thoughts & Arts
Image

നബിചിത്രങ്ങൾ - രണ്ട്

08-09-2023

Web Design

15 Comments





ആടുമേക്കുന്ന മഹാന്‍..



വിനയത്തിന്റെ എല്ലാ ഗുണങ്ങളും ആവാഹിച്ചകൊണ്ടായിരുന്നു നബിതിരുമേനി ബാല്യം കടന്നത്. യവ്വനത്തിലേക്ക് പാദമൂന്നുന്ന ഈ പ്രഭുകുമാരന്‍ വെറുതെ നാട്ടിലൂടെ ചുററിക്കറങ്ങുവാനോ കച്ചവടം തുടങ്ങിയ മേല്‍തട്ടുകളിലേക്ക് കയറുവാനോ ശ്രമിക്കാതെ ഒരു ഇടയനായിത്തീരുന്ന കാഴ്ച വിനയത്തിന്റെ വിത്തുകള്‍ മുളച്ചുവരുന്ന ഒരു മനസ്‌സിന്റെ ചിത്രം വരച്ചുതരുന്നു. ‘മക്കായിലെ ചിലര്‍ക്ക് താന്‍ ഏതാനും നാണയത്തുട്ടുകള്‍ക്ക് പകരമായി ആടുമേച്ചിരുന്നു’ എന്ന് അവര്‍ സസന്തോഷം പ്രസ്താവിക്കുകയുണ്ടായി. ജീവിതത്തിന്റെ നിറകാലങ്ങളില്‍ ഒരു ഉമ്മത്തിന്റെ നിശ്വാസമായി ജീവിക്കുമ്പോള്‍ ഇങ്ങനെ ഓര്‍ക്കുവാനും അതു പരസ്യമായി പയുവാനും ഈ പ്രവാചകന് കഴിയുമ്പോള്‍ നാം വീണ്ടും ആ വിനയത്തിന്റെ പൊലിമ കാണുകയാണ്.
ബനൂ സഅ്ദ് കുടുംബക്കാരുടെ ആടുകളെയായിരുന്നു താന്‍ നോക്കിയിരുന്നത് എന്ന് മററു ചില തിരുവരുളുകളില്‍ വന്നിട്ടുണ്ട്. ഖുറൈശികളിലെ പത്തു കുടുംബങ്ങളില്‍ താഴെതട്ടുകളില്‍ നിന്നിരുന്ന കുടുംബങ്ങളിലൊന്നായിരുന്നു ബനൂ സഅ്ദ്. നബിയുടെ പോററുമ്മ ഹലീമത്തുസ്സഅ്ദിയ്യ തുടങ്ങിയവരുടെ കുടുംബമാണെങ്കിലും പൊതുവെ ആടുമാടുകളെ വളര്‍ത്തി ഉപജീവനം കഴിച്ചിരുന്നവരായിരുന്നു ഇവര്‍. ഗോത്രമഹിമയും കുടുംബ-വംശീയതകളും ആടിത്തിമര്‍ക്കുന്ന ഒരു യുഗത്തില്‍ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന ഒരു കുടുംബത്തില്‍ ഇടയജോലി ചെയ്യുവാന്‍ മാത്രം പക്വതപ്പെടുന്ന ഒരു മനസ്‌സ് എത്രമാത്രം വിനയന്വിതമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ.
പ്രവാചകന്‍മാരുടെ വഴിയില്‍ ഈ കാഴ്ച ഒരു പതിവാണെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുവാ നാകും. ആടുകളുള്ളവരും ഒട്ടകങ്ങളുള്ളവരും തമ്മില്‍ ഒരിക്കല്‍ നബിതിരുമേനിയുടെ മുമ്പില്‍വെച്ച് ഒരു തര്‍ക്കമുണ്ടായി. അപ്പോള്‍ നബി(സ) അവരേട് പറഞ്ഞു: ‘ഞാനും ആടുമേച്ചിട്ടുണ്ട്, മക്കായിലെ അജ്‌യാദില്‍..’ അതുകേട്ട് അത്ഭുത പരതന്ത്രനായ ഒരു സ്വഹാബി ആശ്ചര്യപ്പെട്ടു: ‘നിബിയേ, അങ്ങ് ആടുമേക്കുകയോ?’ നബി(സ) പറഞ്ഞു: ‘അതേ, എല്ലാ പ്രവാചകന്‍മാരും ആടുമേച്ചിട്ടുണ്ടായിരുന്നു’. മൂസാ നബിയുടേയും ദാവൂദ് നബിയുടേയും ചരിത്രങ്ങളില്‍ അവരുടെ അജപാലനം വ്യക്തമായും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂസാ നബി ശുഐബ് നബിയുടെ മകളെ വിവാഹം ചെയ്യുന്നതിന് നല്‍കിയ വിവാഹമൂല്യം തന്നെ ആടുമേക്കലായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും വ്യക്തമാണല്ലോ.
ജനങ്ങളുടെ ഇടയന്‍മാരായി തീരുവാന്‍ പോകുന്നവര്‍ക്ക് ഇതൊരു പരിശീലനമായിരുന്നു എന്ന് ഈ സംഭവങ്ങളെയെല്ലാം വ്യാഖ്യാനിക്കുമ്പോള്‍ പ്രമുഖ പണ്‍ഡിതന്‍മാര്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും ആടുകളെ മേക്കുന്നത്. ശാന്തജീവികളാണ് ആടുകള്‍. അവരുടെ കൂടെയുള്ള സഹാവാസം മാനസികമായ ഒരു ആശ്വാസത്തിലേക്കും ശാന്തിയിലേക്കും നയിക്കുമെന്ന് പറയാതിരിക്കാനാവില്ല. രിസാലത്തിന്റെ ഭാരം താങ്ങുവാന്‍ വേണ്ടി പ്രവാചക മനസ്‌സുകളെ തയ്യാറാക്കുന്ന അല്ലാഹു ഇത്തരമൊരു ഘട്ടം നല്‍കുന്നത് ഈ ശാന്തതയില്‍ മനക്കരുത്ത് ആവോളം സംഭരിക്കുവാന്‍ കൂടിയായിരിക്കാം.



അംഗീകാരത്തിനു മുമ്പിലും തലയുയര്‍ത്താതെ.



ഖുറൈശികള്‍ വിശുദ്ധ കഅ്ബാലയം പുതുക്കിപ്പണിയുമ്പോള്‍ നബിതിരുമേനിക്ക് മുപ്പത്തിയഞ്ചായിരുന്നു പ്രായം. അന്ന് കഅ്ബാലയത്തിന് മേല്‍കൂരയില്ലായിരുന്നു. വാതില്‍ തറയില്‍ നിന്ന് ഉയര്‍ത്തിയിട്ടുമില്ലായിരുന്നു. തിരക്കിനിടയിലോ വിജനമായിരിക്കുമ്പോഴോ എല്ലാം ഇത് ചില മോഷ്ടാക്കള്‍ക്ക് സഹായമായി. അകത്ത് സൂക്ഷിച്ചിരുന്ന ചില വിലപിടിപ്പുള്ള വസ്തുക്കള്‍ അങ്ങനെ മോഷണം പോയി. അക്കാലത്ത് ഉണ്ടായ ഒരു ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളോളം കഅ്ബാലയത്തിനു ചുററും വെള്ളം കെട്ടിനിന്നതിനാല്‍ തറയുടെ ഭാഗങ്ങള്‍ തകര്‍ന്നു. അതോടൊപ്പം കാലപ്പഴക്കത്തില്‍ ചുമരുകളും മററും വല്ലാതെ ജീര്‍ണ്ണിക്കുകയും ചെയ്തിരുന്നു. അതാനാലെല്ലാം കഅ്ബാലയം പുതുക്കിപ്പണിയുവാന്‍ അവര്‍ തീരുമാനിച്ചു.
ദാറുന്നദ്‌വയില്‍ ചേര്‍ന്ന യോഗം വ്യക്തവും വിശുദ്ധവുമായ പദ്ധതികള്‍ തയ്യാറാക്കി. ധാര്‍മ്മിക വിശുദ്ധിയില്ലാത്ത സംഭാവ നകള്‍ വേണ്ടെന്ന്‌വെച്ചു. നിര്‍മ്മാണത്തിന്റെ മഹത്വം കുടുംബങ്ങള്‍ക്ക് ഓഹരിവെച്ച് നല്‍കി. ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിച്ചുകൊടുത്തു. നിര്‍മ്മാണം തുടങ്ങി. ബാഖൂം എന്ന റോമന്‍ വംശജനായിരുന്നു നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. നബിതിരുമേനിയുടെ കുടുംബത്തിനും പങ്കുകിട്ടിയിരുന്നു. കഅ്ബാലയത്തിന്റെ എക്കാലത്തും ഏററവും ശ്രേഷ്ടത കല്‍പ്പിക്കപ്പെട്ട വാതില്‍ നില്‍ക്കുന്ന കിഴക്കേചുമരിലായിരുന്നു അതെന്ന് ചില ചരിത്രങ്ങളിലുണ്ട്.



നബിതിരുമേനിയുമുണ്ടായിരുന്നു ജോലികളില്‍ തന്റെ കുടുംബത്തെ സഹായിക്കുവാന്‍.
ഹജറുല്‍ അസ്‌വദ് എന്ന വിശുദ്ധശില സ്ഥാപിക്കേണ്ട സമയമായപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ഓഹരി വെക്കപ്പെട്ടതില്‍ അതുള്‍പ്പെടില്ലായിരുന്നു. അതിനെ ഒരു വലിയ ശേഷ്ഠതയായി കാണുന്ന അവര്‍ ഓരോരുത്തരും ‘തങ്ങ ളാണ് അതിന് യോഗ്യരെന്ന്’ വാദിക്കുകയും ‘എന്തുകൊണ്ട് തങ്ങളായിക്കൂടാ?’ എന്ന് ചോദിക്കുകയും ചെയ്തു. ‘എന്നാല്‍ അതു തീരുമാനിച്ചിട്ടാവാം ബാക്കി പണി’ എന്നു എല്ലാവരും തീരുമാനിച്ചു. ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ മറുകിയതോടെ വിഷയം വലുതായി. വാക്കുകളില്‍ തീപാറി. നാലു ദിവസങ്ങള്‍ പണി നിറുത്തി ചര്‍ച്ചചെയ്തിട്ടും തീരുമാനം എങ്ങുമെത്തിയില്ല. നാട് ഒരു യുദ്ധത്തിന്റെ പ്രതീതിയിലേക്ക് നിറം മാറി.
ബനൂ അബ്ദുദ്ദാര്‍ കുടുംബത്തിനായിരുന്നു ശൗര്യം കൂടുതല്‍. അവര്‍ വിട്ടുകൊടുക്കുവാന്‍ ഭാവമില്ലായിരുന്നു. നാലാം ദിവസത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടത് അവരുടെ പ്രതിജ്ഞ കേട്ടായിരുന്നു. ചോര നിറച്ച തളികയില്‍ കൈവെച്ച് അവരുടെ ഗോത്രത്തലവന്‍ ‘തങ്ങള്‍ ഈ അവകാശം നേടും വരെ സമരം ചെയ്യു’മെന്ന് ആണയിട്ടു. അറബികള്‍ അങ്ങനെ ചെയ്താല്‍ അത് ഒരവസാനവാക്കായി ഗണിക്കുന്ന കാലമായിരുന്നു അത്. ഹറമില്‍ കഅ്ബാലയത്തിനു മുമ്പില്‍ ചോരപ്പുഴ ഒഴുകുന്നത് ഓരോരുത്തരും ഭീതിയോടെ മനസ്‌സില്‍ കണ്ടു.



കാര്യങ്ങള്‍ അതീവ ഗുരുതരമാവുകയാകുകയാണെന്ന് കണ്ട വലീദ് ബിന്‍ മുഗീറ മുന്നോട്ടുവന്നു. അവരിലെ ഏററവും വലിയ കാരണവരായിരുന്നു അയാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും അനുസരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഈ വിഷയത്തെ നാം ദൈവഹിതത്തിനു വിടണം. ആരും ഇപ്പോള്‍ പുറത്ത് പോവരുത്. ആരെയും അകത്തേക്ക് വിളിക്കുകയുമരുത്. എല്ലാവരും വാതില്‍ക്കലേക്ക് കണ്ണും നട്ടുനില്‍ക്കുക. ആ വാതിലിലൂടെ ഇപ്പോള്‍ ആദ്യമായി കടന്നുവരുന്നത് ആരാണെങ്കിലും അയാള്‍ പറയുന്ന പരിഹാരം നാമെല്ലാവരും സ്വീകരിക്കുക.’ വലീദിന്റെ അഭിപ്രായം എല്ലാവര്‍ക്കും ബോധിച്ചു. എല്ലാവരും സമ്മതിച്ചു. ആര് കടന്നുവരികയാണെങ്കിലും ആ വരവ് യാദൃശ്ചികമാണ്. അതിനാ ല്‍ അതിനെ ദൈവഹിതം എന്നു അതിനെ വിളിക്കുവാന്‍ എളുപ്പവുമാണ്.



എല്ലാവരും നോക്കിനില്‍ക്കെ വാതിലിലൂടെ കടന്നുവന്നത് ‘അല്‍ അമീന്‍’ എന്ന് അവര്‍ വിളിച്ചിരുന്ന മുഹമ്മദ്(സ) ആയിരുന്നു. അഞ്ചുദിവസമായി നില്‍ക്കുന്ന തര്‍ക്കം എവിടെയെത്തി എന്നറിയാന്‍ തികച്ചും യാദൃശ്ചികമായി അങ്ങോട്ട് കടന്നു വരികയായിരുന്നു അദ്ദേഹം. ഏതായാലും അദ്ദേഹം എത്തിപ്പെട്ടത് തന്റെ നാട്ടിലെ ഏററവും വലിയ ഒരു പ്രശ്‌നത്തിന്റെ കോടതിയിലെ ന്യായാധിപന്റെ പദവിയിലായിരുന്നു. മക്കായില്‍ ഒരാള്‍ക്കും അപ്പോള്‍ ലഭിച്ചിട്ടില്ലാത്ത പതവി. സാകൂതം എല്ലാം കേട്ട് നബിതിരുമേനി പെട്ടെന്ന് വിധി പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന വിധി. തന്റെ തട്ടം വിരിച്ച് അതില്‍ വെച്ച വിശുദ്ധശില എല്ലാവരും കൂടി ഉയര്‍ത്തുക. ഒരാള്‍ക്കും ഇനി ഒന്നും പറയാനില്ല. ഒരാള്‍ക്കും അവഗണിക്കപ്പെടേണ്ടതായിവന്നില്ല.
നബിതിരുമേനിക്ക് മുമ്പില്‍ ഒരുപാട് ന്യായങ്ങളുണ്ടായിരുന്നു, താന്‍ അബ്ദുല്‍ മുത്തലിബിന്റെ ചെറുമകനാണെന്നും അതിനാല്‍ തന്റെ അവകാശമാണിതെന്നും പറഞ്ഞ് അതെടുത്തുയര്‍ത്തുവാന്‍, അല്ലെങ്കില്‍ ഹജറുല്‍ അസ്‌വദിന്റെ അടുത്ത ഭാഗത്തു തന്നെ നിര്‍മ്മാണത്തില്‍ പങ്കുകൊണ്ടുകൊണ്ടിരിക്കുന്ന തന്റെ കുടുംബത്തിനാണ് അതിന്റെ അര്‍ഹത എന്നു വാദിക്കുവാന്‍. അതുമല്ലെങ്കില്‍ തെല്ലു ഗാംഭീര്യത്തോടെ ഒന്നൊച്ചയനക്കി ‘ഞാനൊന്നാലോചിക്കട്ടെ’ എന്നു പറഞ്ഞ് ഈ ന്യായാധിപപതവി അല്‍പം നീട്ടിക്കൊണ്ടുപോകുവാനെങ്കിലും. ആ അധികാരത്തിന്റെ പ്രൗഢിക്കുമുമ്പില്‍ വിനയാന്വിതനാ കുകയായിരുന്നു മാനുഷ്യകത്തിന്റെ ഈ മഹാകാരുണ്യം.



സുറാഖയോട്..



നീണ്ട അലച്ചിലിനൊടുവില്‍ ക്ഷീണിച്ച് വന്നുകയറിയിരിക്കുകയാണ് സുറാഖത്ത് ബിന്‍ മാലിക്. മുഹമ്മദിനെയും അബൂബക്കറിനെയും പിടികൂടുവാനുള്ള മക്കക്കാരുടെ ശ്രമങ്ങളോരോന്നും പാഴാവുകയാണ്. അതിനിടെ ഒരാള്‍ പറഞ്ഞു: ‘കടല്‍കരയുടെ ഭാഗത്തുകൂടെ ആരോ നടന്നുപോകുന്നത് ഞാന്‍ കണ്ടു. ഒരു പക്ഷേ, അതു മുഹമ്മദായിരിക്കാം’. സുറാഖയുടെ മനസ്‌സുണര്‍ന്നു. അയാളുടെ മനസ്‌സ് തീര്‍ത്തു പറഞ്ഞു: ‘അതു മുഹമ്മദും സംഘവും തന്നെ’. പക്ഷേ, ഇവിടെ നിന്നിപ്പോള്‍ ചാടിപ്പുറപ്പെടുന്നത് ബുദ്ധിയല്ല. മററുള്ളവരെ കബളിപ്പിച്ച് വേണം ഇനാം സ്വന്തമാക്കുവാന്‍.
കുറച്ചനേരം കഴിഞ്ഞ് സുറാഖ എഴുനേററു. നേരത്തെ തയ്യാറാക്കിയിരുന്നു കുതിരപ്പുറത്ത് ചാടിക്കയറി അയാള്‍ പറഞ്ഞ വഴിയിലൂടെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. പായും മുമ്പ് പതിവു പോലെ ഒന്നു പ്രശ്‌നം നോക്കാന്‍ മറന്നില്ല. പ്രശ്‌നത്തില്‍ പക്ഷേ, അനുകൂലമായ വിധിയല്ല തെളിഞ്ഞത്. എങ്കിലും മുന്നോട്ടു തന്നെ അയാള്‍ നീങ്ങി. പ്രതീക്ഷിച്ചതു പോലെ ആതാ മുഹമ്മദ്..; കുതിരയെ ചാടിക്കുവാന്‍ ശ്രമിക്കുമ്പോഴേക്കും പക്ഷേ, സുറാഖയുമായി കുതിര താഴേക്ക് ആഴ്ന്നു. സുറാഖ ചാടിയിറങ്ങി. കുതിരയെ പിന്നോട്ട് തിരിച്ചു. കുതിര വീണ്ടും സജ്ജമായി. മുന്നോട്ടു പായുവാന്‍ ശ്രമിക്കുകയും അവരുടെ ഒരു വിളിപ്പാടകലെ എത്തുകയും ചെയ്യുമ്പോള്‍ വീണ്ടും കുതിരയുടെ കാലുകള്‍ മണ്ണില്‍ ആണ്ടുപോയി.



തനിക്കിനി രക്ഷയില്ലെന്നും തന്റെ ലക്ഷ്യത്തിലേക്ക് പായുവാന്‍ കുതിരക്ക് കഴിയില്ലെന്നും തിരിച്ചറിഞ്ഞ സുറാഖ ഉറക്കെ വിളിച്ചു പറഞ്ഞു: ‘എനിക്കഭയം തരൂ..’ ശബ്ദം കേട്ട് നബിയും സംഘവും നിന്നു. അവരെ പിടികൂടുവാന്‍ വന്ന താന്‍ അവരാല്‍ പിടികൂടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സുറാഖക്ക് നാണം തോന്നി. സുറാഖ അവരില്‍ നിന്നും രക്ഷനേടുവാന്‍ പലതും അവര്‍ക്ക് വാഗ്ദാനം ചെയ്തു. ഭക്ഷണവും വെള്ളവും വെച്ചുനീട്ടി. അതൊക്കെ ആവിശ്യമുണ്ടായിരുന്നിട്ടും അവരൊന്നും വാങ്ങിയില്ല. തന്നില്‍ നിന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു സുറാഖ അവരുടെ മുമ്പില്‍ നിന്നു കേണു. ‘ഞങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുക’; അതുമാത്രമായിരുന്നു നബി(സ) ആവശ്യപ്പെട്ടത്.



തെല്ലു തന്ത്രശാലിയായ സുറാഖക്ക് അപ്പോള്‍ ഒരു ബുദ്ധിതോന്നി. അയാള്‍ ചിന്തച്ചു. തന്റെ കുതിരയെ ദൂരെ നിന്ന് തന്നെ മുഹമ്മദ് തളച്ച നിലക്ക് മുഹമ്മദ് തന്റെ ദൂത്യങ്ങളില്‍ വിജയിക്കുക തന്നെ ചെയ്യും. ഒരുനാള്‍ മുഹമ്മദ് അറേബ്യയുടെ അധിപതിയാകും. അന്ന് ഇതിനെല്ലാം മുഹമ്മദ് പകരം വീട്ടും. അന്ന് താനും അതിനുവിധേയനാവും. അതിനാല്‍ അത്തരമൊരു ദിവസം രക്ഷപ്പെടുവാന്‍ മുഹമ്മദില്‍ നിന്നും രേഖാമൂലം ഒരു സുരക്ഷാപത്രം വാങ്ങണം. അതായിരുന്നു സുറാഖയുടെ ബുദ്ധി.
സുറാഖ തനിക്ക് എക്കാലത്തേക്കുമായി ഒരു അഭയപത്രം എഴുതി തരണമെന്ന് നബിതിരുമേനിയോട് ആവശ്യപ്പെട്ടു. തന്നെപിടിച്ചുകൊടുത്ത് ഇനാം വാങ്ങുവാനുള്ള മോഹവുമായി വന്ന് നിരാശയില്‍ നില്‍ക്കുന്ന സുറാഖയോട് ‘നിനക്കു പോകാം..’ എന്നു പറയേണ്ട ആ രംഗത്ത് സുറാഖയെ ഒന്നു നോക്കി നബിതിരുമേനി ഒപ്പമുണ്ടായിരുന്ന ആമിറിനോട് ‘അതെഴുതുക്കെടുക്കുക’ എന്നു കല്‍പിക്കുമ്പോള്‍ ആ വിനയത്തിന്റെ ശീതളിമ അപ്പോള്‍ ശത്രുവായിരുന്ന സുറാഖ പോലും അനുഭവിക്കുകയായിരുന്നു.



തണലിലെ താരം..



നബി(സ)യും അബൂബക്കര്‍(റ)വും യത്‌രിബിന്റെ മണ്ണിലെത്തിയിരിക്കുകയാണ്. നബിയുടെ വരവും കാത്ത് കാത്തിരിക്കുകയായിരുന്ന യത്‌രിബുകാര്‍ക്കല്ല പക്ഷേ, അവരെ ആദ്യം കാണുവാനുള്ള ഭാഗ്യമുണ്ടായത്. അതൊരു ജൂതനായിരുന്നു. മക്കായില്‍ നിന്ന് വരുന്ന പ്രവാചകനെയും കാത്ത് യത്‌രിബുകാര്‍ എന്നും ഖുബായിലെ മണല്‍കുന്നിനു മുകളിലെത്തും. പിന്നെ ദൂരേക്ക് കണ്ണും നട്ടിരിക്കും. വെയിലിന് തീപിടിക്കുമ്പോള്‍ അവര്‍ നിരാശരായി മടങ്ങുകയും ചെയ്യും. ഇത് തന്റെ ഈന്തപ്പനത്തോട്ടത്തിലെ പണികള്‍ക്കിടയില്‍ ജൂതന്‍ എന്നും കാണുമായിരുന്നു.
മക്കായില്‍ നിന്നുള്ള രണ്ടാളുകള്‍ വന്ന് ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വിശ്രമിക്കുന്നതു ഈന്തപ്പനയുടെ മണ്ടയിലിരുന്നു കണ്ട ജൂതന്‍ വിളിച്ചു പറഞ്ഞു: ‘യത്‌രിബുകാരെ, നിങ്ങളുടെ ആളിതാ വന്നിരിക്കുന്നു..’. ശബ്ദം കേട്ട യത്‌രിബ് വീണ്ടും ഖുബായിലേക്ക് ഓടിക്കൂടി. അവര്‍ കണ്ണുനിറയെ കണ്ടു. പ്രവാചകന്‍.. മനുഷ്യനെ വെളിച്ചത്തിലേക്ക് കൊണ്ടുപോകുവാന്‍ സൃഷ്ടാവ് നിയോഗിച്ചയാള്‍..
പക്ഷേ, ഒരു പ്രശ്‌നം അവരെ അലട്ടി. തണലിരിക്കുന്ന രണ്ടു പേരില്‍ ആരാണ് നബി?, അതായിരുന്നു പ്രശ്‌നം. അവരാരും നബിയെ കണ്ടിട്ടില്ലാത്തവരാണ്. നബിയെ കണ്ടവര്‍ ആകെ യത്‌രിബില്‍ നൂറോളം പേര്‍ മാത്രം. കൗതുക പൂര്‍വ്വം കൂടിനില്‍ക്കുന്നവരില്‍ അവരാരുമില്ലായിരുന്നു. അവരൊക്കെ വരുന്നേയുള്ളൂ. കാണാത്തവര്‍ക്കായിരുന്നു ജിജ്ഞാസ കൂടുതല്‍. അവര്‍ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി.



യാത്രാക്ഷീണം നന്നായി പ്രകടമാകുന്ന രണ്ടു മുഖങ്ങള്‍ക്കും ഒരു തെളിച്ചമുണ്ട്. ഒരാളുടേത് തെല്ല് കൂടുതലുണ്ടെന്ന് ഒററനോട്ടത്തില്‍ കണ്ടുപിടിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.
അവരില്‍ ഓരാള്‍ മാത്രമാണ് നബി. എന്നാല്‍ ഇരുത്തത്തില്‍ രണ്ടുപേരും ഒരേപോലെയാണിരിക്കുന്നത്. നബി എന്ന നായകനും ഒപ്പമുള്ള അനുയായിയും ഒരേ പോലെ ഇരിക്കുകയോ?. ഒരാള്‍ യത്‌രിബിന്റെ ഹൃദയക്കൊട്ടാരത്തില്‍ രാജാവായി വാഴുവാന്‍ വന്നയാളാണ്. ഒപ്പമുള്ള ആള്‍ എന്തായാലും അതല്ല. ഒരാള്‍ മദീനായുടെ സുല്‍ത്വാനാകുവാന്‍ പോകുകയാണ്. ഒപ്പമുള്ള ആള്‍ പ്രജയും. എന്നിട്ടും രണ്ടുപേര്‍ക്കുമിടയില്‍ ഇരുത്തത്തിലെങ്കിലും ഒരു വിത്യാസമില്ല. അവരല്‍ഭുതപ്പെട്ടു. ഒപ്പമുള്ള ആളുടെ അഹങ്കാരമായിരിക്കുമോ ഈ ഇരുത്തം. ആകാന്‍ വഴിയില്ല. രണ്ടു മുഖങ്ങളിലും ഹുങ്കിന്റെ റങ്കുകളൊന്നുമില്ല. അടിമകളും ഉടമകളുമായി ഉച്ചനീചത്വങ്ങളുടെ ഇടയില്‍ ജീവിച്ചുവളര്‍ന്ന അവര്‍ക്ക് ഒട്ടും മനസ്‌സിലായില്ല.



അവസാനം പ്രശ്‌നത്തിന് പരിഹാരമായി. തെല്ലു സമയം കഴിഞ്ഞപ്പോള്‍ വെയില്‍ ഒന്നു ചരിഞ്ഞു. അതോടെ ഒരാള്‍ക്ക് വെയിലേല്‍ക്കുവാന്‍ തുടങ്ങി. അപ്പോള്‍ അവരിലൊരാള്‍ എഴുന്നേററു. രണ്ടാമത്തെയാള്‍ക്ക് അയാള്‍ തണല്‍ വിരിച്ചുനിന്നു. അപ്പോള്‍ അവര്‍ക്ക് മനസ്‌സിലായി ഇരിക്കുന്നയാളാണ് നബിതിരുമേനി. തണല്‍ വിരിച്ചനില്‍ക്കുന്നത് അനുയായിയാണ്. അനുായായിയെ വേറിട്ടു കാണാത്ത പുതിയ വിനയസംസ്‌കാരത്തെ യത്‌രിബുകാര്‍ അന്നാദ്യം കാണുകയായിരുന്നു. ആ സംസ്‌കാരം അവര്‍ക്ക് ബോധിച്ചു. വൈജാത്യങ്ങളില്ലാത്ത ഒരു നവയുഗം അവര്‍ കിനാവില്‍ കണ്ടു.



വിനയാന്വിതനായ മുഖ്യസൈന്യാധിപന്‍



ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍ താഴ്‌വരയിലേക്ക് മുസ്‌ലിം സേനയേയും നയിച്ചുകൊണ്ട് നബിതിരുമേനി എത്തിച്ചേര്‍ന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സായുധസമരത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. മക്കായില്‍ നിന്ന് രായ്ക്കുരാമാനം ഓടിപ്പോന്ന തന്‍േറയും അനുയായികളുടേയും മുതലുകള്‍ വാരിക്കൂട്ടി അബൂസുഫ്‌യാന്‍ നടത്തുന്ന കച്ചവടത്തെ വഴിയില്‍ വെച്ച് പിടികൂടുവാനായിരുന്നു അവര്‍ ഇറങ്ങിയത്. പക്ഷേ, എത്തിപ്പെട്ടത് അബൂജഹലിന്റെ വന്‍സേനക്കു മുമ്പിലും. പക്ഷേ, യുദ്ധം അവിടെ ഒരു ബാധ്യതയൊന്നുമല്ലായിരുന്നു.
എങ്കിലും നബിതിരുമേനി സ്വന്തം അനുയായികളോട് ആരാഞ്ഞു: ‘എന്താണ് നിങ്ങള്‍ക്കുവേണ്ടത്?, യുദ്ധമോ, മടക്കമോ?’. എന്തിനും ഒരുങ്ങിപ്പുറപ്പെട്ടിറങ്ങിയവരോട് വീണ്ടും ഇങ്ങനെ ചോദിക്കുന്നത് സമരനായകന്റെ വിനയമാണ്. ആജ്ഞകള്‍ കൊണ്ട് മാത്രം യുദ്ധം നയിച്ചിട്ടുള്ള ലോകനേതാക്കളുടെ ഇടയില്‍ ഈ നായകന്‍ വ്യതിരിക്തനാവുന്നതുമിങ്ങനെയാണ്. അനുയായികള്‍ എന്തിനും സന്നദ്ധരായിരുന്നു. അങ്ങനെ ഒടുവില്‍ സമരത്തിലേക്ക് നീങ്ങുവാന്‍ തന്നെ തീരുമാനിച്ചു. മുന്നൂറോളം വരുന്ന അനുയായായികളുമായി നബി ബദര്‍ താഴ്‌വരയിലെത്തി.
സര്‍വ്വസൈന്യാധിപനാണ് നബി. തനിക്ക് പിന്നില്‍ യുദ്ധം ചെയ്യുന്നവരുടെ നേതാവ്. താന്‍ പറയുന്നതെന്തും അനുസരിക്കുന്നവര്‍. ബദറിലെ ജലാശയങ്ങളിലൊന്നിന്റെ അടുത്തെത്തിയ സൈന്യാധിപന്‍ വിളിച്ചുപറഞ്ഞു: ‘ഇവിടെ ഇറങ്ങുക, നമ്മുടെ കേന്ദ്രം ഇവിടെയാവട്ടെ..’ അനുയായികള്‍ അനുസരിച്ചു. എല്ലാവരും ഇറങ്ങി. നേരം പുലരുവാന്‍ ഇനി അധികം നേരമില്ല. നേരം പുലര്‍ന്നാല്‍ യുദ്ധമാണ്. ബദര്‍ യുദ്ധം.



സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ അപ്പോള്‍ നബിയുടെ മുമ്പിലേക്ക് വന്നു. ഹുബാബ് ബിന്‍ മുന്‍ദിര്‍(റ). എല്ലാ ബഹുമാനങ്ങളോടെയും അദ്ദേഹം നബിയോട് ചോദിച്ചു: ‘ഇത് അല്ലാഹു നിശ്ചയിച്ചുതന്ന കേന്ദ്രമാണോ?, അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ മാററുവാന്‍ നമുക്കവകാശമില്ലാത്ത കേന്ദ്രം. അതോ താങ്കള്‍ മനസ്‌സില്‍ കാണുന്ന യുദ്ധത്തിനു വേണ്ടി അനുയോജ്യമെന്ന് താങ്കള്‍ക്ക് തോന്നിയ ഒരു കേന്ദ്രം മാത്രമാണോ?’ ഒരു സാധാരണ ഭടന്‍ ഇത്തരത്തിലൊരു ചോദ്യം ചോദിക്കുമ്പോള്‍ ഏതു നായകനും ആ ചോദ്യത്തോട് കാണിക്കുന്ന നിന്ദ്യതയോ നിസ്‌സാരതയോ നബിതിരുമേനി കാണിച്ചില്ല. വിനയം അവരുടെ മുഖമുദ്രയായിരുന്നുവല്ലോ. തന്റെ തീരുമാനത്തിന്റെ പ്രചോദനം ഒരര്‍ഥത്തിലും മറച്ചുവെക്കാതെ നബി(സ) പറഞ്ഞു: ‘അല്ല, ഇത് ഞാനെന്റെ മനസ്‌സുകൊണ്ട് കണ്ട ഒരു കേന്ദ്രം മാത്രമാകുന്നു’.



ഹുബാബ്(റ) പറഞ്ഞു: ‘എന്നാല്‍ നബിയേ, എന്റെ അഭിപ്രായത്തില്‍ ഇവിടെയല്ല നാം തമ്പടിക്കേണ്ടത്. ബദറില്‍ നമുക്ക് വിലപേശാനുള്ള ഏക കാര്യം വെള്ളമാണ്. മക്കായില്‍ നിന്ന് യുദ്ധത്തിനു വന്നവര്‍ക്ക് വേണ്ടത് വെള്ളമായിരിക്കും. അതിനാല്‍ ഇവിടെയല്ല ശത്രുപാളയത്തിന്റെ ഏററവും അടുത്തുകിടക്കുന്ന ജലാശയത്തിനടുത്താണ് നാം തമ്പടിക്കേണ്ടത്. അപ്പോഴേ നമുക്ക് അവരെ ശരിക്കും വറുതിയിലാക്കുവാന്‍ കഴിയൂ. നാം അവിടെ തമ്പടക്കുകയും മററുള്ള ജലാശയങ്ങള്‍ തടയുകയും നമുക്ക് സ്വന്തമായി ഒരു ജലസംഭരണിയുണ്ടാക്കി ജലം അതില്‍ സംഭരിക്കുകയും വേണം’. ഹുബാബ്(റ) തന്റെ അഭിപ്രായം നബിയുടെ മുമ്പില്‍ വെച്ചു.
സ്വന്തം മനസ്‌സിനു മുമ്പില്‍ താഴ്ന്നുകൊടുക്കുവാന്‍ കഴിയാത്ത ഒരു സൈന്യാധിപനും സ്വീകരിക്കുവാന്‍ വിസമ്മതിച്ചു പോകുന്ന, എന്നാല്‍ ന്യായങ്ങളുടെ പിന്‍ബലമുള്ള ഈ അഭിപ്രായത്തിനു മുമ്പില്‍ നബിനായകന്‍ വിനയാന്വിതനായി. നബി(സ) പറഞ്ഞു: ‘ഹുബാബ്, താങ്കള്‍ പറഞ്ഞതാണ് ശരി’. പിന്നെ അവര്‍ ആ നിര്‍ദ്ദേശത്തിനു വിധേയമായി സൈനികസന്നാഹങ്ങള്‍ ഒരുക്കി. യുദ്ധത്തിന്റെ വിജയത്തെ അതു സാരമായി സ്വാധീനിക്കുകയും ചെയ്തു



യുദ്ധതടവുകാരോട്..



ബദര്‍ യുദ്ധം കഴിഞ്ഞു. ശത്രുക്കളില്‍ പ്രധാനികളായ 70 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ തടവിലുമായി. മുസ്‌ലിംകള്‍ അവരുടെ കന്നിയങ്കം വിജയിച്ചു. മുശ്‌രിക്കുകള്‍ക്ക് സാമ്പത്തികമായും സാമൂഹികമായും കനത്ത തിരിച്ചടിയേററു. അവരുടെ ഒന്നാം നിര നേതാക്കളും യോദ്ധാക്കളുമായിരുന്നു കൊല്ലപ്പെട്ടവരിലധികവും. കച്ചവട ഖലഫിലയുമായി കടന്നു കളഞ്ഞതിനാല്‍ അബൂസുഫ്‌യാന്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള നേതാക്കളെക്കെ നിന്ദ്യമായി വധിക്കപ്പെട്ടു. പരാചയത്തിന്റെ മാനഹാനി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പകല്‍ കടന്നുചെല്ലുവാനുള്ള അവരുടെ മനോധൈര്യത്തെ പോലും നശിപ്പിച്ചുകളഞ്ഞു. രാത്രിയിലായിരുന്നു അവര്‍ സ്വന്തം വീടുകളിലേക്ക് പോകാന്‍ ധൈര്യപ്പെട്ടത്.
യുദ്ധതടവുകാരെ എന്തുചെയ്യണമെന്നതിനെ കുറിച്ച് നബിതിരുമേനി(സ) മദീനായിലെത്തിയപാടെ പ്രമുഖ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. കാരണം അത് ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചടത്തോളം ആദ്യത്തെ അനുഭവമാണ്. അറബീ പാരമ്പര്യമനുസരിച്ച് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാണ്. അവരെ വാങ്ങാം, വില്‍ക്കാം, അടിമകളായി ഉപയോഗിക്കാം. പക്ഷേ, ഇത് ഇസ്‌ലാം ഈ വിഷയകമായി എന്തുപറയുന്നു എന്നിനിയും വ്യക്തമായിട്ടില്ല.



എന്നാല്‍ ചില സൂചനകള്‍ ഇല്ലാതില്ല. അതിലൊന്നാണ് സൂറ മുഹമ്മദിലുള്ളത്. സൂറ മുഹമ്മദില്‍ അല്ലാഹുവിന്റെ പരാമര്‍ശം ഇങ്ങനെയാണ് ‘ആകയാല്‍ നിങ്ങള്‍ സത്യനിഷേധികളുമായി ഏററുമുട്ടിയാല്‍ പിരടികള്‍ വെട്ടുകയാണ് വേണ്ടത്. അങ്ങനെ നിങ്ങള്‍ അവരെ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ബന്ധിക്കുക. എന്നിട്ട് അവരോട് ദാക്ഷിണ്യം കാണിക്കുകയോ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക’ (47:4) ഈ പരാമര്‍ശം പക്ഷെ, ഈ കാര്യത്തില്‍ ഒരു ഖണ്ഡിതമായ തീരുമാനമായി കൈകൊള്ളുവാന്‍ പര്യാപ്തമല്ല. മാത്രമല്ല, ഈ ആയത്തിലെ ആശയത്തെ ദുര്‍ബലപ്പെടുത്തും വിധമുള്ള ആയത്തുകള്‍ പിന്നീട് ഇറങ്ങിയിട്ടുണ്ട് താനും. അതിനാല്‍ ഇവിടെ ഇപ്പോള്‍ എന്തുചെയ്യണം എന്നതാണ് നബിതിരുമേനിക്ക് തീരുമാനിക്കുവാനുള്ളത്. അതിന്നായി നബി(സ) പ്രമുഖരുമായി കൂടിക്കാഴ്ചക്കൊരുങ്ങി യിരിക്കുകയാണ്.
ഒന്നാമതായി നബി(സ) ആരാഞ്ഞത് അബൂബക്കര്‍(റ)വിന്റെ അഭിപ്രായമാണ്. വിഷയം മനസ്‌സാഗ്രഹിച്ച അദ്ദേഹം പറഞ്ഞു: ‘നബിയേ, ഇവരൊക്കെ സത്യത്തില്‍ നമ്മുടെ ബന്ധുക്കളാണ്. വിശ്വാസത്തിന്റെ ബന്ധത്തിനപ്പുറം ചോരബന്ധമുള്ളവര്‍. ഒരു പക്ഷേ, മുറിച്ചുമാററുവാന്‍ കഴിയാത്ത ബന്ധം. അതിനാല്‍ മോചനദ്രവ്യം വാങ്ങി ഇവരെ വിട്ടയക്കണമെന്നാണ് എന്റെ പക്ഷം. അവരില്‍ നിന്നും ലഭിക്കുന്ന മോചനദ്രവ്യം നമുക്ക് ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ ഒരു സഹായവുമാകും. അതല്ല, അവര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലോ അങ്ങനെ അവര്‍ വിമോചിതരാവുന്നത് നമുക്കും അവര്‍ക്കും ഗുണവുമാണ്’.



രണ്ടാം അഭിപ്രായത്തിനു പലപ്പോഴും നബിതിരുമേനി ആശ്രയിക്കാറുള്ളത് ഉമര്‍(റ)വിനെയാണ്. സമൂഹത്തിലെ രണ്ടഭിപ്രായങ്ങള്‍ കൃത്യമായി ഗ്രഹിക്കുവാന്‍ ഇതിലൂടെ നബിക്ക് കഴിയുമായിരുന്നു. വിഷയത്തിലെ വിട്ടുവീഴ്ചാപൂര്‍ണമായ അഭിപ്രായം അബൂബക്കര്‍(റ)വില്‍ നിന്ന് വരുമ്പോള്‍ കാഠിന്യത്തിനു ഒരു കുറവും വരാത്ത അഭിപ്രായമായിരിക്കും ഉമര്‍(റ) പ്രകടിപ്പിക്കുക. അതിനാല്‍ അല്ലാഹു തന്റെ പ്രവാചകന് നല്‍കിയ രണ്ടു കരങ്ങളായി ഈ രണ്ടു സ്വഹാബിമാരെയും കാണാം.



ഉമര്‍(റ) പറഞ്ഞു: ‘നബിയേ, അബൂബക്കര്‍(റ) പറഞ്ഞ അഭിപ്രായം എനിക്കില്ല. എന്റെ അഭിപ്രായത്തില്‍ എന്റെ കുടുംബാംഗങ്ങളായ യുദ്ധതടവുകാരെ എനിക്കു വിട്ടുതരിക. ഞാന്‍ അവരുടെ തലവെട്ടാം. ഉഖൈല്‍ ബിന്‍ അബീ ത്വാലിബിനെ അലിക്ക് വിട്ടുകൊടുക്കുക. അദ്ദേഹം ഉഖൈലിന്റെ തലവെട്ടട്ടേ. അങ്ങനെ ഓരോരുത്തരേയും അവരുടെ ബന്ധുക്കള്‍ക്ക് നല്‍കി തലവെട്ടണമെന്നാണ് എന്റെ പക്ഷം’.
രണ്ടഭിപ്രായങ്ങള്‍ക്കു മുമ്പില്‍ നബി(സ) ഒരു നിമിഷം തന്റെ ആലോചനകളിലേക്ക് പോയി. ശത്രുക്കളാണെങ്കിലും ഇവര്‍ ഏതു ശിക്ഷയും അര്‍ഹിക്കുന്നുവെങ്കിലും ഏതു തീരുമാനവും തന്റെ നാവിന്‍ തുമ്പിലാണ് എന്നുമെല്ലാമുള്ള തിരിച്ചറിവു കള്‍ക്കു മുമ്പില്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ കരുണക്കണ്ണ് തുറന്നു. സൂറത്തു മുഹമ്മദിലെ പരാമര്‍ശത്തിന്റെ അരികുചേര്‍ന്ന് നിന്ന് ആ കാരുണ്യം പിന്നെ ഒരു തൂമന്ദമാരുതനായി മാറി. നബി(സ) അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോട് യോചിച്ചു. യുദ്ധതടവുകാരെ മോചനദ്രവ്യം വാങ്ങി മോചിപ്പിക്കുവാന്‍ തീരുമാനമായി. നബി തിരുമേനിയുടെ തീരുമാനം വന്നതോടെ ഉമര്‍(റ) അടക്കമുള്ളവര്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
ഉമര്‍(റ) പറയുകയാണ്. ‘പിറേറന്ന് ഞാന്‍ പള്ളിയിലെത്തുമ്പോള്‍ കണ്ട കാഴ്ച സങ്കടകരമായിരുന്നു. നബിതിരുമേനിയും അബൂബക്കര്‍(റ)വും കരയുകയാണ്. ഞാന്‍ അവരുടെ അടുത്തു ചെന്ന് ആരാഞ്ഞു: ‘എന്തിനാണ് നിങ്ങള്‍ കരയുന്നത്?, പറയൂ ഞാനും ഒപ്പം കരയാം. ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ കരയുന്നതോര്‍ത്തെങ്കിലും ഞാനും കരയാം.’. നബി(സ) പറഞ്ഞു: ‘നാം ഇന്നലെ യുദ്ധതടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനം അല്ലാഹുവിന്റെ ഇംഗിതമല്ലാ യിരുന്നു. ഇന്ന് അക്കാര്യത്തില്‍ ആക്ഷേപവുമായി വഹ്‌യ് വന്നിട്ടുണ്ട്’.



നബി(സ) പിന്നെ ആ ആയത്ത് ഓതിക്കേള്‍പ്പിച്ചു: ‘ഒരു പ്രവാചനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിപ്രാപിക്കുന്നതുവരെ യുദ്ധതടവുകാരുണ്ടായിരിക്കുക ഭൂഷണമല്ല. നിങ്ങള്‍ ഇഹലോകത്തെ നേട്ടം ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ ആഖിറത്തെയാണ് ഉദ്ദേശിക്കുന്നത്. നിശ്ചയം അല്ലാഹു യുക്തിമാനും പ്രതാപിയുമാകുന്നു. അല്ലാഹുവില്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ സ്വീകരിച്ച നിലപാടിന്‍െര പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.’(അല്‍ അന്‍ഫാല്‍ 67,68). കാരുണ്യത്തിന്റെ ആ മനസ്‌സ് ശത്രുക്കളോട് പോലും അത്രക്കുമേല്‍ വിനയാന്വിതമായിരുന്നു.



0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso