നബി ചിത്രങ്ങൾ - നാല്
08-09-2023
Web Design
15 Comments
സേവകനായ നേതാവ്..
പ്രവാചകതത്തിന്റെ 14ാം വര്‍ഷം റബീഉല്‍ അവ്വല്‍ 8ന് മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ആദ്യമായി ചെയ്തത് അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയായിരുന്നു. ഖുബായില്‍ നബി(സ) അന്ന് തങ്ങിയത് ബനൂ അംറ് ബിന്‍ ഔഫിലെ വീടുകളിലൊന്നിലായിരുന്നു. അവരുടെ ഒരു കാരക്കക്കളമായിരുന്നു പള്ളി നിര്‍മ്മിക്കുവാന്‍ കണ്ടെത്തിയ സ്ഥലം. അവിടെ തന്നോടൊപ്പമുള്ള മക്കക്കാരായ ഏതാനും പേര്‍ക്കൊഴികെ നബി(സ) എന്നു പറയുമ്പോള്‍ മനസ്‌സില്‍ വരുന്ന ചിത്രം തങ്ങളുടെ നാടിനെ ഭരിക്കാന്‍ പോകുന്ന ഒരു ഭരണാധികാരിയുടേത് തന്നെയായിരുന്നു. അതിനാല്‍ പള്ളിനിര്‍മ്മാണം തുടങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ തരാന്‍ മാത്രമായിരുന്നു അവര്‍ നബി(സ)യെ പ്രതീക്ഷിച്ചത്. പള്ളി എന്നത് അവര്‍ക്ക് പുതിയ അറിവാണ്. അതിന്റെ രൂപവും ഭാവവും നബിക്കേ അറിയൂ.
പക്ഷേ, നിമ്മാണം തുടങ്ങിയപ്പോള്‍ നബി(സ)യില്‍ നിര്‍ദ്ദേശങ്ങളുമായി മാറിനില്‍ക്കുന്ന ഒരാളെയല്ല അവര്‍ കണ്ടത്. കല്ലും മണ്ണും മരവും താങ്ങിക്കൊണ്ടുവരുന്ന ഒരു ജോലിക്കാരനെയായിരുന്നു. അവിടെ പള്ളിസ്ഥാപിക്കുന്നതിന് മുമ്പ് ഒരു നമസ്‌കരിക്കുന്ന സ്ഥലമുണ്ടായിരുന്നു എന്ന് ചില ചരിത്രങ്ങളിലുണ്ട്. അഖബാ ഉടമ്പടിക്കുശേഷം നബി(സ) മദീനായിലേക്ക് നിയോഗിച്ച പ്രബോധകദൂതനായ മിസ്വ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ നേതൃത്വത്തില്‍ അവിടെയായിരുന്നു അവര്‍ ഒത്തുചേര്‍ന്ന് നിസ്‌കരിച്ചിരുന്നത്. ഖിബ്‌ലയുടെ ഭാഗത്ത് നിന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. അന്നത്തെ ഖിബ്‌ല ബൈത്തുല്‍ മുഖദ്ദസിലേക്കായിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥാനത്ത് ഇത് ഏകദേശം വടക്കുദിശയിലാണ്. പള്ളിയുടെ മിഹ്‌റാബിന്റെ ഭാഗത്ത് ആദ്യത്തെ കല്ല് വെച്ച് ഉദ്ഘാടനം ചെയ്തത് നബി(സ)യായിരുന്നു. രണ്ടാമത്തെ കല്ല് അബൂബക്കര്‍(റ)വിന്‍േറതും മൂന്നാമത്തേത് ഉമര്‍(റ)വിന്‍േറതുമായിരുന്നു.
ശമൂസ് ബിന്‍തു നുഅ്മാന്‍(റ) ആ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൗതുകപൂര്‍വ്വം നോക്കിക്കണ്ട സ്ത്രീകളിലൊരാളായിരുന്നു. അവര്‍ പറയുകയാണ്: ‘നബി(സ) കല്ലും മണ്ണും ചുമന്ന് വരുന്നത് ഞാന്‍ കണ്ടു. മണ്ണിന്റെയും പൊടിയുടെയും അടയാളങ്ങള്‍ ആ വെളുത്ത മേനിയിലും വസ്ത്രങ്ങളിലും കാണാമായിരുന്നു. ചില അനുയായികള്‍ വന്ന് ‘നബിയേ, ഞങ്ങള്‍ ചെയ്തുകൊള്ളാം’ എന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും തികഞ്ഞ സംതൃപ്തിയോടെ നബിതിരുമേനി വേല ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. (ത്വബറാനി).
‘തഖ്‌വയില്‍ അസ്ഥിവാരമിട്ടത്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മസ്ജിദു ഖുബായുടെ പണി നാലു ദിവസങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തീകരിക്കപ്പെട്ടത്. മദീനായിലെ നബിതിരുമേനിയുടെ ആദ്യ ജമാഅത്ത് നിസ്‌കാരത്തിലെ സുജൂദ് വീണതവിടെയായിരുന്നു. നേതാവും നായകനും പ്രവാചകനും ഒക്കെയായി യത്‌രിബിന്റെ പ്രമാണികള്‍ അംഗീകരിക്കുകയും തങ്ങളുടെ നാട്ടിലേക്ക് അദ്ദേഹത്തേയും അനുയായികളേയും ആദര്‍ശത്തേയും ക്ഷണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെയെത്തിയ നബി(സ) പക്ഷേ, വിശാലമായ സമൂഹത്തില്‍ താനും ഒരംഗമാണ് എന്ന് തന്റെ വിനയം കൊണ്ട് എഴിതിച്ചേര്‍ക്കുന്ന ചിത്രമാണ് ഖുബായിലന്നു കണ്ടത്.
ആസ്ഥാന നിര്‍മ്മാണം.
റബീഉല്‍ അവ്വല്‍ 8 തിങ്കളാഴ്ച മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ യത്‌രിബിന്റെ കേന്ദ്രഭൂമിയിലേക്ക് പുറപ്പെട്ടു. സാലിം ബിന്‍ ഔഫിന്റെ വീടുകള്‍ക്കടുത്തെത്തിയപ്പോള്‍ ഉച്ചവെയില്‍ ചരിഞ്ഞു. അവിടെ നബി(സ) ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു. തുടര്‍ന്ന് യാത്ര തുടര്‍ന്ന് അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട് നിന്നിരുന്ന സ്ഥാനത്തെത്തിയതും നബിയുടെ ഒട്ടകം മുട്ടുകുത്തി. അവിടെയാണ് തന്റെ താല്‍ക്കാലിക താവളം. അവിടെ തന്നെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ കേന്ദ്രവും.
തന്റെ പള്ളിയും പാര്‍ലമെന്റും പാഠശാലയും എല്ലാമായി പള്ളിനിര്‍മ്മിക്കുവാനുള്ള സ്ഥലം നബി(സ) കണ്ടെത്തി. അസ്അദ് ബിന്‍ സുറാറ(റ)യുടെ കീഴിലുണ്ടായിരുന്ന ബനൂ നജ്ജാര്‍ കുടുംബത്തിലെ സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് അനാഥക്കുട്ടികളുടെ പേരിലുള്ള ഒരു സ്ഥലമായിരുന്നു അത്. നബി(സ) അത് അവരില്‍ നിന്നും വിലക്കുവാങ്ങി. പത്തു ദീനാറായിരുന്നു വില എന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അവിടെ ഇസ്‌ലാമിന്റെ മൂന്ന് തീഥാടനകേന്ദ്രങ്ങളിലൊന്നായ മസ്ജിദുന്നബവിയുടെ നിമ്മാണം ആരംഭിച്ചു. ആ സ്ഥലത്തുണ്ടായിരുന്ന ചില പുരാതന ശവകുടീരങ്ങള്‍ മാന്തുകയും നിരപ്പില്ലാത്ത ഭാഗങ്ങള്‍ നിരത്തുകയും അവിടെയുണ്ടായിരുന്ന ഈന്തപ്പനകള്‍ മുറിച്ച് മാററുകയും ചെയ്തു.
ഏകദേശം 35 മീററര്‍ നീളവും 30 മീററര്‍ വീതിയുമുള്ള ഒരു വലിയ പള്ളിയാണ് അവിടെ നിര്‍മ്മിക്കുവാന്‍ പോകുന്നത്. നിരാലംബര്‍ക്കുള്ള വിശ്രമസ്ഥലം, പാഠശാല, നബികുടുംബങ്ങള്‍ക്ക് വാസസ്ഥലം തുടങ്ങി ധാരാളം സൗകര്യങ്ങള്‍ ഒരുക്കേണ്ട നിര്‍മ്മാണമാണ്.
ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാവുന്നതല്ലായിരുന്നു അത്. ഏററവും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും അധ്വാനം വേണ്ടിവന്നു പള്ളി പൂര്‍ത്തിയാക്കുവാന്‍. ചില അഭിപ്രായങ്ങള്‍ ഒരു വര്‍ഷത്തോളം എടുത്തു എന്ന് അനുമാനിക്കുന്നുണ്ട്.
സ്വന്തം സിംഹാസനം സ്ഥാപിക്കുവാനുള്ള ഈ ആസ്ഥാനം ഒരുക്കുമ്പോള്‍ തനിക്കുവേണ്ടി എന്തും ചെയ്യുവാനുള്ള ത്വരയും താല്‍പര്യവുമുള്ള ഒരു സമൂഹത്തിനു മുമ്പില്‍ ഈ മഹാമനസ്‌സ് പക്ഷേ, പ്രൗഢിയുടെ ലാഞ്ജനക്കുപോലും വഴങ്ങിയില്ല. അത്രയും അവര്‍ണ്ണനീയമായിരുന്നു ആ വിനയം. ഒരു സാധാരണക്കാരനെപ്പോലെ നബി(സ) ആദ്യവസാനം ജോലിയില്‍ വ്യാപൃതനായി. ഭാരമേറിയ കല്ലുകളും ഈന്തപ്പനമുട്ടികളും കൊണ്ടുവരുവാന്‍ നബി(സ)യുമുണ്ടായിരുന്നു. സ്വഹാബിമാര്‍ വിസമ്മതിക്കുമ്പോഴെല്ലാം വിനയപൂര്‍വ്വം പുഞ്ചിരിച്ച് നബി(സ) അവരില്‍ ഒരാളായിമാറുകയായിരുന്നു.
മണ്‍വെട്ടിയുമായി പ്രവാചകസുല്‍ത്വാന്‍
ഹിജ്‌റ അഞ്ചാം വര്‍ഷം. നിരന്തരമായ തോല്‍വികളുടെ മുമ്പില്‍ മാനം കാക്കുവാന്‍ ഖുറൈശികള്‍ മുസ്‌ലിംകള്‍ക്കെതിരെ ഒരു സഖ്യസേന രൂപീകരിച്ചു. ഗത്വ്ഫാന്‍, ബനൂ സുലൈം എന്നീ രണ്ടു വലിയ ജനവിഭാഗങ്ങളെ വ്യക്തമായും ഒപ്പം കൂട്ടി. മദീനായിലേയും ഖൈബറിലേയും ജൂതന്‍മാരെ ആവശ്യമാകുന്ന ഒരു ഘട്ടത്തിനു വേണ്ടി മനസ്‌സാ തയ്യാറാക്കി നിറുത്തുകയും ചെയ്തു. പതിനായിരത്തോളം വരുന്ന ഒരു സൈന്യവുമായി മദീനായെ ആക്രമിച്ചാല്‍ അവിടെയുള്ള മുവ്വായിരത്തോളം വരുന്ന മുസ്‌ലിംകളെ നിമിഷം കൊണ്ട് തോല്‍പ്പിക്കാമെന്ന മനപ്പായസമായിരുന്നു അവര്‍ വിളമ്പിയത്.
സ്ഥിതിഗതികള്‍ നബി(സ)യും സൈന്യവും വിലയിരുത്തി. അല്ലാഹുവിന്റെ സഹായമുണ്ടാകും എന്നത് ഉറപ്പും അനുഭവവുമാണ്. എന്നാലും മുന്‍കരുതലുകളെടുക്കാതെ വയ്യ. നബി(സ) വിളിച്ചുചേര്‍ത്ത അടിയന്തിര കൂടിയാലോചനാ യോഗത്തില്‍ നബി(സ) യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ ചര്‍ച്ചകള്‍ തുടങ്ങി. ‘എന്തെങ്കിലും ചെയ്‌തേ പററൂ’ എല്ലാവരുടേയും അഭിപ്രായം അതായിരുന്നു.
സല്‍മാനുല്‍ ഫാരിസി(റ) ആണ് ള്ളകിടങ്ങു കുഴിച്ച് ശത്രുവിനെ പ്രതിരോധിക്കുക’ എന്ന പുതിയ യുദ്ധമുറ നിര്‍ദ്ദേശിച്ചത്. അത് എല്ലാവര്‍ക്കും സ്വീകാര്യമായി. അത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. പതിനായിരത്തോളം വരുന്ന ശത്രുവിനെ പിടിച്ചുനിറുത്തുവാന്‍ പോന്നതായിരിക്കണം കിടങ്ങ്. അത്രക്കും വലിയ കിടങ്ങ് കുഴിക്കുവാന്‍ ഒരു വലിയ അധ്വാനം വേണം. അതിനു ധാരാളം ആള് വേണം. അതോടൊപ്പം സമയവും വേണം. പ്രതിബന്ധങ്ങള്‍ പക്ഷേ, അവരെ തടഞ്ഞില്ല.
പെട്ടെന്ന് കിടങ്ങ് കുഴിക്കേണ്ട സ്ഥാനത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു. കിഴക്കും പടിഞ്ഞാറും അതിരുകള്‍ സുരക്ഷിതങ്ങളാണ്. വലിയ കുന്നുകളുടെയും പീഢഭൂമികളുടേയും കാവല്‍ ഈ രണ്ടു അതിരിനുമുണ്ട്. തെക്കിനെയും പേടിക്കാനില്ല. കാടുകളും മററും നിറഞ്ഞ ആ വഴിയിലൂടെ ശത്രുവിന് അനായാസം മദീനായില്‍ കടക്കുവാന്‍ കഴിയില്ല. കടക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ തന്നെ അതിനെ പ്രതിരോധിക്കാം. എന്നാല്‍ വടക്കങ്ങനെയല്ല. അതുവഴി ശത്രുവിന് മദീനയിലേക്ക് വേഗം ഇരച്ചുകയറാം. അവര്‍ വന്നേക്കുമെന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന ഭാഗവും അതുതന്നെ. അതോടൊപ്പം തെക്കു കിഴക്കും ഭീഷണിയുണ്ട്. അവിടെയാണ് ബനൂ ഖുറൈളയിലെ ജൂതന്‍മാര്‍ അധിവസിക്കുന്നത്. അവരുമായി കരാറിലാണ് എങ്കിലും അവര്‍ വഞ്ചിക്കുമോ എന്ന ഭയം നബിക്കുണ്ടായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ച് അവരുമായുള്ള കരാര്‍ വീണ്ടും ഉറപ്പിച്ചു.
അതോടെ വടക്കൊഴികെ എല്ലാ അതിരുകളും സുരക്ഷിതമാണെന്ന് വന്നപ്പോള്‍ നബി(സ) തീരുമാനിച്ചു, വടക്കന്‍ അതിര്‍ത്തി കിടങ്ങു കുഴിച്ച് പ്രതിരോധിക്കുക എന്ന്.
സ്ഥാനം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ചെയ്യുവാനുള്ളത് എത്ര ശ്രമകരമായ ജോലിയാണെന്ന് അവര്‍ക്ക് ബോധ്യമായി. കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്നവിധം വടക്ക് ഭാഗത്ത് കിടങ്ങു കുഴിക്കണമെങ്കില്‍ ഏററവും ചുരുങ്ങിയത് 12 കിലോമീററര്‍ കുഴിക്കണം. ശത്രുവിനെ പ്രതിരോധിക്കണമെങ്കില്‍ ഏററവും കുറഞ്ഞത് അഞ്ചു മീറററെങ്കിലും വീതിയും ആഴവും വേണം. അതായത് ഏററവും കുറഞ്ഞത് കുഴിക്കേണ്ടത് 300 ക്യൂബിക് മീററര്‍ സ്ഥലമാണ്.
ആകെയുള്ള മദീനായിലെ മുവ്വായിരം പേരെ ജോലിക്കുപയോഗിക്കുവാന്‍ കഴിയില്ല. ഒരു യുദ്ധത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന നഗരത്തിന് കാവലടക്കമുള്ള അവശ്യസേവനങ്ങള്‍ക്കെല്ലാം ആള് വേണം. ഒരാള്‍ക്കൊരു ദിവസം കൊണ്ട് പരമാവധി അഞ്ച് ക്യൂബിക് മീററര്‍ കുഴിക്കാമെന്നുണ്ടെങ്കില്‍ തന്നെ കിടങ്ങ് കുഴിച്ച് പൂത്തിയാക്കുവാന്‍ എത്ര ആള് വെണം?, എത്ര ദിവസം വേണം?. പക്ഷേ, തളരാത്ത ഈമാന്‍ കാഠിന്യമേറിയ ഈ ദൗത്യത്തെ അവരുടെ മുമ്പില്‍ സരളമാക്കിക്കൊടുത്തു. പിന്നെ അവര്‍ കയ്യും മെയ്യും മറന്നു. ഭക്ഷണവും വെള്ളവും മറന്നു. ആ ചിത്രത്തിന്റെ ഏററവും വലിയ മനോഹാരിതയും അര്‍ഥവും നബിതിരുമേനിയെന്ന പ്രവാചകസുല്‍ത്വാന്‍ മണ്‍വെട്ടിയുമായി അവര്‍ക്കൊപ്പം നിന്ന് കിളക്കുന്നുണ്ടായിരുന്നു എന്നതു തന്നെ; 58 വയസ്‌സുള്ള പ്രവാചകന്‍.
ശത്രുവിനു മുമ്പിലും..
അബ്ദുല്ലാഹി ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ മുസ്‌ലിം ലോകത്തിന് മറക്കാനിവില്ല. ഇസ്‌ലാമിനും നബിതിരുമേനിക്കും സ്വഹാബിമാര്‍ക്കുമെതിരെ വിത്യസ്തമായ ഒരു പടനീക്കം നയിച്ച് കുപ്രസിദ്ധനായ ആളാണയാള്‍. അബ്ദുല്ല യത്‌രിബില്‍ ഔസ്, ഖസ്‌റജ് വംശങ്ങള്‍ക്കിടയില്‍ നടന്നിരുന്ന രക്തരൂഷിത യുദ്ധം മധ്യം പറഞ്ഞ് അവസാനിപ്പിക്കുകയും മദീനായുടെ പൊതുഭരണാധികാരിയായി അവരോധിതനാകുവാന്‍ അംഗീകാരം നേടുകയും ചെയ്തുനില്‍ക്കുന്നതിനിടയിലായിരുന്നു നബി(സ) മദീനായുടെ കടിഞ്ഞാണേന്തുവാനും കലാപവും യുദ്ധങ്ങളുമില്ലാത്ത ഒരു നവയുഗം സ്ഥാപിക്കുവാനും എത്തിച്ചേര്‍ന്നത്. നബി(സ) വന്നതോടെ എല്ലാ മനസ്‌സുകളും അവിടേക്ക് തിരിയുകയായിരുന്നു. ഇത് അബ്ദുല്ലായെ പ്രകോപിതനാക്കി.
ഇസ്‌ലാമിക സമൂഹം അതിവേഗം വളരുന്നത് അബ്ദുല്ലയെ അസ്വസ്ഥനാക്കി. അതിനിടെയായിരുന്നു ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍യുദ്ധം നടന്നത്. അതില്‍ മുസ്‌ലിംകള്‍ അത്ഭുതകരമായ വിജയം നേടുക കൂടെ ചെയ്തതോടെ അയാള്‍ക്ക് പുറത്തുനിന്ന് ഇസ്‌ലാമിനെ നേരിടുക എളുപ്പമല്ലെന്ന് ബോധ്യമായി. അയാള്‍ ഇസ്‌ലാം സ്വീകരിച്ച് സമൂഹത്തിന്റെ ഉള്ളി ല്‍ കയറിപ്പററി. ഉള്ളിലുരുന്ന് ഇസ്‌ലാമിനെ വേട്ടയാടുകയായിരുന്നു അയാളുടെ ലക്ഷ്യം.
മൂന്നാം വര്‍ഷം നടന്ന ഉഹദ് യുദ്ധത്തില്‍ യുദ്ധക്കളത്തില്‍ നിന്ന് അയാള്‍ തന്റെ കുടുംബാംഗങ്ങളായ 300 പേരെ പിന്‍വലിച്ചു കൊണ്ടായിരുന്നു തുടക്കം. മുവ്വായിരത്തോളം വരുന്ന പ്രതികാരദാഹികളായ മക്കാസൈന്യത്തിന്റെ മുമ്പില്‍ എത്ര ആളുണ്ടായാലും തികയാത്ത ഒരു അവസ്ഥയില്‍ നബിയും സൈന്യവും ശത്രുമുഖത്ത് നില്‍ക്കുമ്പോള്‍ തന്റെ മുന്നൂറ് പേരെ പിന്‍വലിച്ചാല്‍ അത് മുസ്‌ലിംകളുടെ പരാചയം വേഗത്തിലാക്കുമെന്ന് അയാള്‍ മനസ്‌സില്‍ കണ്ടു. പക്ഷേ, അല്ലാഹുവിന്റെ സഹായം ഉഹദിലും പെയ്തിറങ്ങി. മക്കക്കാരോടൊപ്പം അബ്ദുല്ലയും തോററു. മുഅ്മിനുകളെയും മുനാഫിഖുകളെയും കാഫിറുകളെയും മൂന്നു കളങ്ങളില്‍ മാററിനിറുത്തിയ യുദ്ധമായിരുന്നു ഉഹദ് യുദ്ധം.
ഉഹദ് യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ബനൂഖൈനുഖാഅ് ജൂതഗോത്രത്തിനെതിരെ നടന്ന നബി(സ)യുടെ തീരുമാനങ്ങളില്‍ ഏററവും അസ്വസ്ഥനായത് അവരുടെ ഒരു സഹചാരികൂടിയായിരുന്ന ഈ മുനാഫിഖായിരുന്നു. പരസ്യമായി ഒരു സ്ത്രീയെ മാര്‍ക്കററില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളായിരുന്നു ബനൂഖൈനുഖാഇനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിക്കുവാന്‍ നബി(സ)യെ പ്രേരിപ്പിച്ചത്. ഒരു സ്ത്രീ ഒരു കൊലപ്പണിക്കാരന്റെ ആലയില്‍ തന്റെ എന്തോ ആവശ്യത്തിനായി വന്നു. ആ സ്ത്രീ മുഖം മറച്ചിരുന്നു. മുഖം കാണിക്കുവാന്‍ ഒരുത്തന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ച സ്ത്രീയുടെ വസ്ത്രത്തുമ്പില്‍ ജൂതനായ കൊല്ലന്‍ ചവിട്ടിനിന്നു. ഇതറിയാതെ സ്ത്രീ എഴുന്നേററതോടെ അവരുടെ ശരീരഭാഗങ്ങള്‍ വെളിവായി. ഇതാണ് പ്രകേപനമായി മാറിയത്. ഉപരോധത്തില്‍ ഗതിമുട്ടിയ അവര്‍ കീഴടങ്ങി. ഇസ്‌ലാമിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന മദീനയിലെ ജൂത അച്ചുതണ്ടുകളില്‍ ഒന്നായിരുന്നു ബനൂ ഖൈനുഖാഅ്. ഏതു ശിക്ഷയും അവര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു.
ബനൂഖൈനുഖാഇനെതിരെ വധശിക്ഷയായിരിക്കും നബി(സ) വിധിക്കുക എന്ന ധാരണ മദീനയില്‍ പടര്‍ന്നു. അതറിഞ്ഞ് അവര്‍ക്കുവേണ്ടി വാദിക്കുവാനും അപേക്ഷിക്കുവാനും നബി(സ)യുടെ മുമ്പിലെത്തുവാന്‍ മദീനയില്‍ അബ്ദുല്ലാ ബിന്‍ ഉബയ്യ് ബിന്‍ സലൂലിനല്ലതെ മററാര്‍ക്കും ധൈര്യമുണ്ടായില്ല. അദ്ദേഹം നബിയുടെ മുമ്പില്‍ വന്ന് ബനൂ ഖൈനുഖാഅ്കാരെ വധിക്കരുതെന്ന് ആവശ്യപ്പെട്ടു.
അബ്ദുല്ലാ ബിന്‍ സലൂല്‍ വളരെ കണിശമായിട്ടായിരുന്നു തന്റെ ആവശ്യം ഉന്നയിച്ചത്. തെല്ല് അധികാരത്തിന്റെയും ഗര്‍വ്വന്റെയുമെല്ലാം ധ്വനി അയാളുടെ സ്വരത്തിലുണ്ടായിരുന്നു. എന്നാല്‍ നബി(സ) ആദ്യം അതിനു വഴങ്ങിയില്ല. നബിയുടെ കുപ്പായത്തില്‍ പിടിച്ചും വലിച്ചുമായി പിന്നീട് അബ്ദുല്ലായുടെ അപേക്ഷയും ആവശ്യവും. നബി(സ)യെ അയാള്‍ വല്ലതും ചെയ്‌തേക്കുമോ എന്നുവരെ ഭയപ്പെടേണ്ട അവസ്ഥയായിരുന്നു. പക്ഷേ, ഈ പ്രവാചകന്‍ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദൂതനാണല്ലോ. അവസാനം നബി(സ) അയാള്‍ക്കു വഴങ്ങി. ബനൂഖൈനുഖാഅ് നാടുവിട്ടാല്‍ മതി എന്നു നബി(സ) തീരുമാനിച്ചു. മദീനായിലെ സാമൂഹ്യ സമാധാനം നഷ്ടപ്പെടുത്തുവാനും ഔസ്, ഖസ്‌റജ് കുടുംബങ്ങളെ വീണ്ടും തമ്മിലടിപ്പിക്കുവാനും അയാള്‍ ആവതുശ്രമിച്ചു. ബനൂ നളീറിനെ േപ്പാലുള്ള ജൂതകുടുംബങ്ങളെ ഇസ്‌ലാമിനെതിരെ രഹസ്യമായി പ്രേരിപ്പിച്ചു.
പക്ഷേ, അവയൊന്നും വിജയിച്ചില്ല. നാളുകള്‍ ചെല്ലുംതോറും അബ്ദുല്ലാഹി ബിന്‍ സലൂലിന്റെ കാപട്യം ശക്തിപ്പെട്ടു. ഹിജ്‌റ 6ാം വര്‍ഷം നടന്ന ബനൂ മുസ്വ്തലഖ് യുദ്ധത്തില്‍ അബ്ദുല്ലയുടെ രണ്ടു കുതന്ത്രങ്ങള്‍ അരങ്ങേറി.
യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘നാം മദീനയില്‍ തിരിച്ചെത്തിയാലുടന്‍ നബി(സ)യെയും അനുായികളെയും നാട്ടില്‍ നിന്ന് പുറത്താക്കും എന്ന പ്രസ്താവനയായിരുന്നു അതിലൊന്ന്. നിരന്തരമായ യുദ്ധങ്ങള്‍ മദീനായുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയാണെന്ന് ഇതിന്നായി അയാള്‍ വാദിക്കുകയും ചെയ്തു. ആയിശ(റ)ക്കെതിരെയുണ്ടായ അപവാദ പ്രചരണത്തിലെ പങ്കായിരുന്നു രണ്ടാമത്തേത്. ഈ വിഷയത്തിന് ഇത്രയേറെ പ്രചാരം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അയാളായിരുന്നു.
ഹിജ്‌റ 9ാം വര്‍ഷം ഇസ്‌ലാമിക സമൂഹത്തിനു മുമ്പില്‍ പുതിയ ഒരു തന്ത്രവുമായി അബ്ദുല്ലാ ബിന്‍ സലൂല്‍ രംഗത്തെത്തി. അത് മസ്ജിദു ഖുബാഇന്റെ അടുത്തായി ഒരു പള്ളി നിര്‍മ്മിച്ച് സമൂഹത്തെ പിളര്‍ത്തുവാനുള്ള ശ്രമമായിരുന്നു. മസ്ജിദു ളിറാര്‍ എന്ന കുപ്രസിദ്ധിനേടിയ ഈ പള്ളി അബൂ ആമിര്‍ എന്ന ജൂതന്റെ തന്ത്രങ്ങള്‍ക്കു വിധേയമായി നിര്‍മ്മിക്കുകയും അത് ഉദ്ഘാടനം ചെയ്തുകൊടുക്കുവാന്‍ നബിതിരുമേനിയെ ക്ഷണിച്ചതുമെല്ലാം അബ്ദുല്ലാ ബിന്‍ സലൂല്‍ അടക്കമുള്ള ഒരു സംഘമായിരുന്നു. തബൂക്കിലേക്കുള്ള യുദ്ധയാത്രക്ക് ഒരുങ്ങി നിക്കുകയായിരുന്നുതിനാല്‍ നബി(സ) ഉദ്ഘാടനത്തിന് സമ്മതിച്ചുവെങ്കിലും യുദ്ധം കഴിഞ്ഞുതിരിച്ചെത്തുന്നതുവരേക്ക് നീട്ടിവെക്കുകയായിരുന്നു.
തബൂക്കില്‍ നിന്നും യുദ്ധം കഴിഞ്ഞ് മടങ്ങി മദീനായുടെ അടുത്തുള്ള ഒരു ഇടത്താവളത്തിലെത്തിയപ്പോള്‍ ഉദ്ഘാടന പരിപാടിയുമായി ളിറാറുകാര്‍ നബിയുടെ അടുത്തെത്തി. പക്ഷേ, അ േപ്പാഴേക്കും കാര്യങ്ങളുടെ മുഖം മൂടികള്‍ വലിച്ചുകീറി വഹ്‌യെത്തി. പിന്നെ ഒട്ടും താമസിച്ചില്ല, നബി(സ) ഈ ഫിത്‌നയുടെ പള്ളി കത്തിച്ചുകളയുവാന്‍ കല്‍പന നല്‍കി. അതോടെ അദ്ബുല്ലായുടെ ആശ്രമവും പാളിപ്പോയി.
തനിക്കും ഇസ്‌ലാമികമുന്നേററങ്ങള്‍ക്കുമെതിരെ ഇത്രക്ക് വ്യക്തമായ ശത്രുത കാണിച്ച ഈ മുനാഫിഖഎപ്പോഴും നബിയുടെ വാള്‍ത്തലപ്പത്തുണ്ടായിരുന്നു പക്ഷേ, അയാളെ കൊല്ലുവാന്‍ നബി(സ) താല്‍പര്യം കാണിച്ചില്ല. കാരണം പൊതുസമൂഹവും അറബികളും മുഹമ്മദ് സ്വന്തം അനുയായികളെ തന്നെ കൊല്ലുവാന്‍ തുടങ്ങി എന്ന ഒരു വാര്‍ത്ത പ്രചരിക്കുന്നത് നബി(സ) ഇഷ്ടപ്പെട്ടില്ല. ഇയാളെ വധിച്ചാല്‍ അത് പെട്ടെന്ന് തന്നെ അറേബ്യയില്‍ വ്യാപിക്കും. ഇയാള്‍ ചെയ്തകാര്യങ്ങള്‍ രഹസ്യമായി ചെയ്തിട്ടുള്ളവയാകയാല്‍ അവ ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണമെന്നില്ല. അവര്‍ക്ക്, മുഹമ്മദ് മദീനായിലെ തന്റെ അനുയായിയായ ഒരു പ്രധാനിയെ കൊന്നു എന്നു മാത്രമേ പറയാനുണ്ടാവൂ. അത് സമൂഹത്തിന് പേരുദോഷം വരുത്തും.
അബ്ദുല്ലായുടെ മകന്‍ അബ്ദുല്ലയാകട്ടെ നല്ല ഒരു സ്വഹാബിയായിരുന്നു. എന്നും ഇസ്‌ലാമിനോടും നബിയോടും അനുസരണയും കൂറും മാത്രം കാണിച്ചിട്ടുള്ള സമുന്നതനായ സ്വഹാബിയായിരുന്നു അബ്ദുല്ലാഹി ബിന്‍ അബ്ദുല്ലാഹി ബിന്‍ സലൂല്‍(റ). സ്വന്തം പിതാവിന്റെ ചെയ്തികളില്‍ മനസ്‌സുമുട്ടിയ അദ്ദേഹം ഒരിക്കല്‍ നബി(സ)യുടെ മുമ്പില്‍ ചെന്ന് കൊണ്ട് പിതാവിന്റെ തലയറുക്കുവാന്‍ അനുവാദം തേടി. പക്ഷേ, നബി(സ) അതിനനുവദിച്ചില്ല. പിതാവെന്ന അര്‍ഥത്തിലുള്ള നന്‍മകള്‍ ചെയ്തുകൊടുക്കുവാനായിരുന്നു നബി(സ)യുടെ ഉപദേശം.
ഇസ്‌ലാമിക നവജാഗരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സാമൂഹിക സംസ്ഥാപനത്തിന്റെയും വഴിയില്‍ തനിക്ക് ഏററവും വലിയ വെല്ലുവിളിയുയര്‍ത്തിയ അബ്ദുല്ലാഹി ബിന്‍ സലൂലിനു മുമ്പിലും പക്ഷേ, വിശ്വകാരുണ്യമായ പ്രവാചകന്‍ തന്റെ വിനയവും കാരുണ്യവും മറന്നില്ല. പ്രവാചക ചരിത്രത്തിലെ ഏററവും ശ്രദ്ധേയമായ താളുകളാണ് ഈ അര്‍ഥത്തില്‍ വിരചിക്കപ്പെട്ടത്. ഹിജ്‌റ 9ാം വര്‍ഷം ഇബ്‌നു സലൂല്‍ രോഗിയായതറിഞ്ഞ നബി(സ)തിരുമേനി അയാളെ സന്ദര്‍ശിക്കുവാന്‍ പോകുകയുണ്ടായി. ചരിത്രത്തിന്റെ നെററിയില്‍ ചുളിവുകള്‍ വീഴ്തിയേക്കാവുന്ന ഈ നിലപാടില്‍ നബി(സ)യുടെ കരുണയും വിനയവും ലോകം കാണുകയായിരുന്നു.
നബി(സ)യുടെ വിനയം അവിടെയും അവസാനിച്ചില്ല. മരണത്തിന്റെ വായില്‍ കിടക്കുന്ന തന്റെ പിതാവിന് വേണ്ടി മകന്‍ അബ്ദുല്ല നബിയോട് തന്റെ പിതാവിനെ കഫന്‍ ചെയ്യുവാന്‍ നബിയുടെ ഒരു വസ്ത്രം ചോദിച്ചു. നബിയുടെ മേനിതൊട്ട വസ്ത്രം പവിത്രമാണ്. അതു ധരിച്ച് ആഖിറത്തിലേക്ക് പോകന്‍ കഴിയുന്നവന്‍ സൗഭാഗ്യവാനാണ്. തന്നെ ഇത്രക്കു ദ്രോഹിച്ച അബ്ദുല്ലാഹി ബിന്‍ സലൂലിന് ആ ആനുകൂല്യങ്ങള്‍ ലഭിക്കരുതെന്ന് നബി(സ) ആഗ്രഹിച്ചതേയില്ല. അയാളെ കഫന്‍ ചെയ്യുവാന്‍ നബി(സ) തന്റെ വസ്ത്രം നല്‍കുകതന്നെ ചെയ്തു.
മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹി ബിന്‍ സലൂല്‍ അന്തരിച്ചു. അയാളുടെ ജനാസ പള്ളിയിലെത്തി. നബി(സ) ഒന്നാലോചിച്ചുനിന്നു. പിന്നെ ആ ജനാസക്കുവേണ്ടിയുള്ള നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആ കാഴ്ച സ്വഹാബിമാരെ അമ്പര പ്പിച്ചു. ഉമര്‍(റ) അസ്വസ്ഥനായി. അദ്ദേഹം നബിയോട് ആ കാര്യം ചോദിക്കുക തന്നെ ചെയ്തു. പിന്നെ ഉമര്‍(റ)വിന്‍േറതു പോലെ അല്ലാഹുവിന്റെയും അനിഷ്ടം വന്നു. മേലില്‍ മുനാഫിഖുകളുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹു തീര്‍ത്തുപറഞ്ഞു.
അപ്പോള്‍ പോലും..
നബിതിരുമേനി(സ)ക്ക് എന്തോ ഒരു മാനസികാസ്ഥ്യം പോലെ. ചിലപ്പോള്‍ ഭാര്യമാരില്‍ ആരുടെയോ അടുത്താണ് എന്ന് തോന്നുന്നു, എന്നാല്‍ ആരുടെ അടുത്തുമല്ല. എന്തെങ്കിലും സംഭവിക്കുന്നതായി തോന്നുന്നു. പിന്നെ സൂക്ഷ്മദൃഷ്ടിയില്‍ അതു വെറും ഭാവനയാണെന്ന് തിരിച്ചറിയുന്നു. അങ്ങനെ ഒരവസ്ഥ. ഒരു ഉന്‍മേഷക്കുറവ് പോലെ. എന്നാല്‍ ദിനചര്യകളെയോ കര്‍മ്മങ്ങളെയോ അതു ബാധിക്കുന്നില്ലതാനും. തന്റെ മനസ്‌സിന്റെ നിഴലില്‍ എന്തോ മാററം സംഭവിക്കുന്നതായി അവര്‍ക്ക് തോന്നുകയാണ്. വെറും തോന്നല്‍.
അവസാനം നബി(സ) അല്ലാഹുവിലേക്ക് തിരിഞ്ഞുനിന്നുതേടി. സംഭവത്തിന്റെ രഹസ്യവുമായി അല്ലാഹു രണ്ടു മലക്കുകളെ പറഞ്ഞയച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബിയുടെ കാല്‍ക്കലും തലഭാഗത്തുമായി ഇരുന്ന് അവര്‍ പരസ്പരം സംസാരിച്ചുതുടങ്ങി.
‘എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്?’
‘ഇദ്ദേഹം മാരണത്തിന് വിധേയനായിരിക്കുകയാണ്’
‘ആരാണിത് ചെയ്തത്?’
‘ബനൂ സുറൈഖിലെ മുനാഫിഖായ ലിബെബദ് ബിന്‍ അല്‍ അഅ്‌സ്വം’
‘എന്തിലാണ് വേലയൊപ്പിച്ചിരിക്കുന്നത്?’
‘മുടിചീകുവാനുപയോഗിക്കുന്ന ചീര്‍പ്പിലും ഏതാനും മുടിയിലും’
‘എവിടെ?’
‘ബിഅ്‌റു ദര്‍വാന്‍ എന്ന കിണററില്‍ ഒരു കല്ലിനിടയില്‍ ഒരു ഉണങ്ങിയ ഈന്തപ്പനക്കൂമ്പിനുള്ളില്‍’
മലക്കുകളുടെ സംസാരം കെട്ട് ഉണര്‍ന്ന നബി(സ) അതീവ സന്തുഷ്ടനായിരുന്നു. മാസങ്ങളായി തന്നെ പിടികൂടിയിരിക്കുന്ന മനോനിലയുടെ കാരണം കണ്ടെത്തിയ സന്തോഷത്തില്‍ അവര്‍ എഴുനേററു. ഇനി ഒന്നും സംശയിക്കുവാനില്ല. വിഷയം വഹ്‌യിലൂടെ സ്ഥിരപ്പെട്ടുകഴിഞ്ഞു. പ്രവാചകന്‍മാരുടെ സ്വപ്നം വഹ്‌യു തന്നെയാണ്. ഏതാനും അനുയായികളെ വിവരം ധരിപ്പിക്കുകയും അവരെ നബി(സ) മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്തുള്ള അബൂ ദര്‍വാന്‍ എന്ന കിണററിനടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.
കിണററിലേക്ക് നോക്കുമ്പോള്‍ അതിനടിയിലുള്ള വെള്ളം പച്ചമൈലാഞ്ചി കുത്തിപ്പിഴിഞ്ഞതു പോലു ചുവന്നിരുന്നു. സമീപത്തുള്ള ഈന്തപ്പനകള്‍ പൊട്ടിച്ചെകുത്താന്‍മാരുടെ തലമണ്ടകള്‍ പോലെ കരിഞ്ഞുപോയിരുന്നു. ആ സിഹ്‌റിന്റെ ശക്തിയാണത് കാണിക്കുന്നത്. നബി(സ)യല്ലാത്ത മറെറാരാള്‍ക്കെതിരെയായിരുന്നുവെങ്കില്‍ ആ വ്യക്തിയും ഇപ്രകാര മാകുമായിരുന്നു. അല്ലാഹുവിന്റെ ശക്തമായ കാവലിനെ ഭേതിക്കുവാന്‍ പക്ഷേ ലിബൈദിന്റെ മുടി മാരണത്തിനു കഴിഞ്ഞില്ല.
ജുബൈര്‍ ബിന്‍ ഇയാസ്(റ) കിണററിലിറങ്ങി. മാരണമാലിന്യങ്ങള്‍ പുറത്തെടുത്തു. കല്ലിനടിയില്‍ ഈന്തപ്പനക്കൂമ്പില്‍ വെച്ചിരിക്കുന്ന ചീര്‍പ്പും മുടിക്കെട്ടും. പന്ത്രണ്ടുകെട്ടുകളിട്ട മാരണപ്പണി. ഹാരിസ് ബിന്‍ ഖൈസ്(റ) നബി(സ)യോട് ആ ശാപക്കിണര്‍ മണ്ണിട്ടുനികത്തുവാന്‍ അനുമതി തേടി. നബി(സ) അതിനനുവദിച്ചു. അത് ആ പ്രദേശത്തിന്റെ ജലസ്രോതസ്‌സായിരുന്നു. അതിനാല്‍ ഈ കിണര്‍ മണ്ണിട്ടുനികത്തിയപ്പോള്‍ സമീപത്തായി മറെറാരു കിണര്‍ കുഴിക്കുവാന്‍ നബി(സ) നിര്‍ദ്ദേശിക്കുകയുണ്ടായി. ആ പുതിയ കിണററിന്റെ പണിയില്‍ പതിവുപോലെ മദീനായുടെ ഈ സുല്‍ത്താനുമുണ്ടായിരുന്നു. പിന്നീട് അധികം വൈകിയില്ല, ഔഷധവുമായി അല്ലാഹു ജിബ്‌രീലിനെ പറഞ്ഞയച്ചു. നബിതിരുമേനിക്കും ഉമ്മത്തിനും വേണ്ടിയുള്ള മാരണ മുക്തി മന്ത്രം. വിശുദ്ധ ഖുര്‍ആനിലെ ഏററവും അവസാനത്തെ രണ്ട് സൂറത്തുകള്‍. സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും.
ഹിജ്‌റ 6ല്‍ ഹുദൈബിയ്യാ സന്ധികൂടെ കഴിഞ്ഞപ്പോള്‍ ജൂതന്‍മാര്‍ ഒന്നുകൂടെ ഇസ്‌ലാമിനും നബിക്കുമെതിരെ നീക്കങ്ങള്‍ക്ക് വട്ടം കൂട്ടി. നിരന്തരമായ വിജയങ്ങള്‍ക്കെടുവില്‍ യുദ്ധില്ലാത്ത ഒരു സ്വസ്ഥത സ്വായത്തമാക്കി പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് ഹുദൈബിയ്യാ സന്ധിയിലൂടെ അവസരം കൈവന്നിരിക്കുകയാണ്. അതോടൊപ്പം ഖുറൈശികളടക്കം ഇസ്‌ലാമിന്റെ സാംഗത്യത്തെ അംഗീകരിച്ചിരിക്കുകയുമാണ്. തങ്ങളുടെ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരെ മദീനായില്‍ നിന്ന് ആട്ടിയോടിച്ചതിന്റെയും കഅ്ബ് ബിന്‍ അശ്‌റഫടക്കമുള്ള നേതാക്കളെ വധിച്ചതിന്റെയും പ്രതികാരം അവരില്‍ പുകഞ്ഞുകത്തുന്നുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് അവര്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ട കുപ്രസിദ്ധനായ മാന്ത്രികന്‍ ലിബൈദിന്റെ സഹായം തേടിയത്. മൂന്നു സ്വര്‍ണ്ണക്കാശിന് പകരം നബി(സ)ക്കെതിരെ സിഹ്‌റ് ചെയ്യുവാന്‍ അയാള്‍ തയ്യാറായി. അവരിലെ ചില സ്ത്രീകളുടെ കൂടെ സഹായത്താല്‍ ലിബൈദ് തന്റെ പരിപാടിയൊപ്പിച്ചു. അയാള്‍ അത് ബിഅ്‌റു ദര്‍വാനില്‍ നിക്ഷേപിച്ചു. അതാണ് നബി(സ) വഹ്‌യിന്റെ സഹായത്തോടെ പിടികൂടിയിരിക്കുന്നത്.
വിവരങ്ങള്‍ മറനീക്കിപുറത്തുവന്നതോടെ നബി(സ)യുടെ മുമ്പില്‍ അനുയായികള്‍ കല്‍പ്പനക്ക് കാതോര്‍ത്തുനിന്നു. ലിബൈദിനെ വധിക്കുക എന്നതില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് നിര്‍ദ്ദേശിക്കുവാനില്ല. ആയിശ(റ) നബിയോട് ആരാഞ്ഞു: ‘നബിയേ, ലിബൈദിനെ പിടിച്ചുകൊണ്ടുവരേണ്ടേ?’ തന്റെ സംരക്ഷണത്തിലെന്നോളം കഴിയുന്ന തന്നെയും തന്റെ സമൂഹത്തെയും സഹായിക്കുവാന്‍ ബാധ്യസ്ഥരായ ജൂതന്‍മാരിലെ ഈ കൊടും ശത്രുവിനു മുമ്പില്‍ പക്ഷേ, വിനയത്തിന്റെ ഈ ആള്‍രൂപം താഴ്ന്നുനിന്നു. ‘എന്റെ അസുഖം അല്ലാഹു സുഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കുനേരെയും അതിന്റെ പേരില്‍ രോഷം കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. വിനയത്തിന്റെ മറെറാരു ബിന്ദുവില്‍ ആ ചരിത്രവും അങ്ങനെ അവസാനിച്ചു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso