നബിചിത്രങ്ങൾ - അഞ്ച്
08-09-2023
Web Design
15 Comments
വിനയമുള്ള വീട്ടുകാരന്‍..
ആയിശ(റ) പറയുകയാണ്: ‘ഫാത്വിമയെക്കാള്‍ നബിയോട് അനക്കത്തിലും അടക്കത്തിലും ശൈലിയിലും സാമ്യമുള്ള മറെറാരാളെയും ഞാന്‍ കണ്ടിട്ടേയില്ല. ഫാത്വിമ കടന്നുവരുമ്പോള്‍ നബി(സ) എഴുന്നേററു ചെല്ലുകയും കൈപിടിച്ച് മുത്തുകയും തന്റെ സമീപത്ത് ഇരുത്തുകയും ചെയ്യുമായിരുന്നു. (ബുഖാരി). നാടും സമൂഹവും ഭരിക്കുന്നതിന്റെ പ്രൗഢമായ തിരക്കുകള്‍ക്കിടയിലും സ്വന്തം മനസ്‌സിന്റെ വികാരവായ്പുകളില്‍ പിശുക്കു കാണിക്കാതെ അവര്‍ ജീവിച്ചു.
നബിതിരുമേനിയുടെ കുടുംബജീവിതം ആവും വിധം നോക്കിക്കാണുവാന്‍ ശ്രമിച്ച അസ്‌വദ്(റ) ഒരിക്കല്‍ ആയിശ(റ)യോട് ചോദിച്ചു: ‘നബി(സ) എങ്ങനെയൊക്കെയായിരിക്കും വീട്ടില്‍?’. ആയിശ(റ) പറഞ്ഞു: ‘അവര്‍ വീട്ടില്‍ വീട്ടുജോലികളിലായിരിക്കും. നിസ്‌കാരത്തിന്റെ സമയമായാല്‍ നിസ്‌കാരത്തിനായി പുറപ്പെടുകയും ചെയ്യും’. (ബുഖാരി) ഇതേ ചോദ്യം ആയിശാ(റ) യോട് ഉര്‍വ്വത്ത്(റ)വും ഒരിക്കല്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ‘നബി തിരുമേനി തന്റെ വസ്ത്രങ്ങള്‍ തുന്നും, ചെരുപ്പുകള്‍ കുത്തും, വീട്ടില്‍ സാധാരണ പുരുഷന്‍മാര്‍ ചെയ്യാറുള്ളതെല്ലാം ചെയ്യുകയും ചെയ്യും’ (അഹ്മദ്). വീട്ടുകാരുമായി തമാശ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും അവരുടെ കൂടെ വീട്ടുജോലികളില്‍ ഏര്‍പ്പെടുയും അവരെ എല്ലാവരെയും പരിഗണിക്കുകയും ചെയ്യുന്ന നബിതിരുമേനിയില്‍ കാണുന്നത് വിനയത്തിന്റെ ഉന്നതമായ ഗുണങ്ങളാണ്. ഭാര്യമാരെയും മക്കളെയും കടന്ന് ഈ ഗുണഗണങ്ങള്‍ സ്വന്തം ഭൃത്യരിലും അടിമകളിലുമെല്ലാം എത്തിയിരുന്നു.
പ്രവാചക സുല്‍ത്വാന് എളിമയുടെ കൊട്ടാരം.
മദീനായില്‍ നബിതിരുമേനിയും സ്വഹാബിമാരും കൂടി മസ്ജിദുന്നബവിയുടെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ നബിക്കും കുടുംബത്തിനും താമസിക്കുവാന്‍ ആവശ്യമായ താമസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഓരോ ഭാര്യമാര്‍ക്കും താമസിക്കുവാന്‍ പ്രത്യേകം പ്രത്യേകമായി ഉണ്ടാക്കിയ ഈ വീടുകള്‍ വെറും റൂമുകള്‍ പോലെ തോന്നിപ്പിക്കുന്നവയായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും എല്ലാ നിറങ്ങളും ഗുണങ്ങളും കൂട്ടുകളും കുറവുകളും സമ്മേളിച്ച ഈ വീടുകളിലായിരുന്നു പേര്‍ഷ്യന്‍, റോമന്‍ ആധിപത്യങ്ങളെ തുരത്തിയെറിഞ്ഞ് ഇരുട്ടുകള്‍ വലിച്ചുവകഞ്ഞുമാററി മനുഷ്യന്റെ പാതയില്‍ വെളിച്ചവും പാഥേയവുമൊരുക്കിയ ശ്രേഷ്ഠന്‍ ജീവിച്ചിരുന്നത.് അടുത്തു നിന്ന് നോക്കിക്കാണുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നവയായിരുന്നു അവകളും അവയിലുള്ളവയും.
ആദ്യം നിര്‍മ്മിച്ചത് സൗദാ ബീവി(റ)ക്ക് വേണ്ട ഒരു വീട് മാത്രമായിരുന്നുവെന്നും പിന്നീട് ഓരോ അവസരങ്ങളിലായി ഓരോന്ന് നിര്‍മ്മിക്കുകയായിരുന്നുവെന്നും ചരിത്രങ്ങളിലുണ്ട്. ഇത്തരം ഒമ്പത് വീടുകളാണ് മൊത്തം ഉണ്ടായിരുന്നത്. ഈന്തപ്പനയുടെ നാടായതിനാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നവയധികവും ഈന്തപ്പനയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നു. ഈന്തപ്പനയുടെ തടിപൊളിച്ചത് ചേര്‍ത്തുകെട്ടിയുണ്ടാക്കുന്ന ചുമരുകളും ഈന്തപ്പനമട്ടിലുകളും ഓലയും മണ്ണ് തേച്ചുപിടിപ്പിച്ച മേല്‍കൂരകളുമായിരുന്നു അധികവും. ചിലത് മണ്ണ് കൊണ്ടുും കല്ലുകള്‍കൊണ്ടുമുള്ള ചുമരുകളുമുള്ളവയുമുണ്ടായിരുന്നു.
വളരെ ഉയരം കുറഞ്ഞവയായിരുന്നു ഈ വീടുകള്‍. താന്‍ കുട്ടിയായിരിക്കുമ്പോള്‍ തനിക്ക് അനായാസം തൊടാവുന്ന അത്ര ഉയരം മാത്രമേ നബിയുടെ വീടുകള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന് ഹസന്‍ ബിന്‍ അലി(റ) പറഞ്ഞിട്ടുണ്ട്. ആറ് മുഴമായിരുന്നു ഈ ഉയരമെന്ന് ചരിത്രങ്ങള്‍ അനുമാനിക്കുന്നു. ഏകദേശം മൂന്നു മീററര്‍ മാത്രം ഉയരമുണ്ടായിരുന്ന ഈ വീടുകള്‍ക്ക് ഏകദേശം നാലര മീറററോളം മാത്രമായിരുന്നു വീതി. ഇതിനുള്ളില്‍ കിടന്നുറങ്ങുവാനുള്ള ഒരു മുറിയും അഥിതികളെ സ്വീകരിക്കുവാനുള്ള ഒരു മുറിയുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എല്ലാം വളരെ ചെറുതായിരുന്നു. ആയിശാ ബീവി ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിന്നെ നബിക്ക് നിസ്‌കരിക്കുവാന്‍ വേണ്ട സ്ഥലം ബാക്കിയുണ്ടായിരുന്നില്ല എന്ന് ഹദീസുകളിലുണ്ട്. രണ്ടു പ്രധാന മുറികളെയും ഈന്തപ്പനമ്പട്ടകൊണ്ടോ തോല്‍ ചേര്‍ത്തുകെട്ടിയ മറകൊണ്ടോ ആയിരുന്നു വേര്‍തിരിച്ചിരുന്നത്.
പൊതുവെ വീടുകള്‍ക്കെല്ലാം പടിഞ്ഞാറോട്ട് തുറക്കുന്ന ഒററ വാതില്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആയിശ(റ)യുടെ വീടിന് കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു മുഴം മാത്രം വീതിയുള്ള ഈ വാതിലുകളുടെ പരമാവധി ഉയരം മൂന്നു മുഴം അഥവാ ഒന്നര മീററര്‍ മാത്രമായിരുന്നു. കുനിഞ്ഞ് കൊണ്ട് മാത്രമായിരുന്നു മുറിയിലേക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നത്. വാതിലുകള്‍ ചെമ്മരിയാടിന്റെ തോല് ഉണക്കിയത് കെട്ടിയുണ്ടാക്കിയവയായിരുന്നു.
വീടിനുള്ളിലുണ്ടായിരുന്നത് വളരെ ചെറുതും ലളിതവുമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു. അതിലുണ്ടായിരുന്ന ഏററവും പ്രധാനപ്പെട്ടത് ഒരു കട്ടിലായിരുന്നു. അത് ഈന്തപ്പനയുടെ തടി പൊളിച്ച് കയര്‍ കൊണ്ട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയുണ്ടാക്കിയതായിരുന്നു. അതിന്‍മേല്‍ വിരിക്കുവാനുണ്ടായിരുന്നത് ഒരു ഈന്തപ്പനയോലപ്പായ മാത്രമായിരുന്നു. കയറിന്റെയും ഓലയുടേയും അടയാളം നബിതിരുമേനിയുടെ വെളുത്തുചുവന്ന മേനിയില്‍ എപ്പോഴും പതിഞ്ഞു കാണാമായിരുന്നു എന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.
കട്ടിലില്‍ വിരുപ്പായി ആദ്യം ഉപയോഗിച്ചിരുന്നത് ഒരു തുണിയായിരുന്നു. അത് ഒരേസമയം വിരിക്കുവാനും പുതക്കുവാനും ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഭാര്യമാരില്‍ ചിലര്‍ അതു രണ്ടു മടക്കായി വെച്ചു ഘനം കൂട്ടി. പിന്നീടൊരിക്കല്‍ ഭാര്യമാരില്‍ ചിലര്‍ അത് നാലാക്കി മടക്കിത്തുന്നുകയുണ്ടായി. അന്ന് ഉറങ്ങിയെഴുന്നേററ നബി(സ) അതു വീണ്ടും പഴയപടി തന്നെയാക്കുവാന്‍ നിര്‍ദ്ദേശിച്ചു.(ത്വബ്‌റാനി). ദുനിയാവിന്റെ ആഡംബരങ്ങളോട് അത്രക്കും അവര്‍ വിരക്തി കാണിച്ചു.
ഒരിക്കല്‍ ഒരു അന്‍സ്വാരി സ്ത്രീ നബി(സ)യുടെ വീട്ടില്‍ വന്നു. നബി(സ) കിടക്കുന്ന വിരുപ്പ് കണ്ട അവര്‍ക്ക് വലിയ സങ്കടമായി. അവര്‍ ഒരു തോല്‍വിരിപ്പ് നബി(സ)ക്ക് സമ്മാനിച്ചു. വീട്ടില്‍ വന്നപ്പോള്‍ അതു കണ്ട നബി(സ) കാര്യമന്വോഷിച്ചു. തങ്ങള്‍ക്ക് ഹദ്‌യയായി ഒരു അന്‍സ്വാരി സ്ത്രീ കൊടുത്തയച്ചതാണ് എന്നറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ‘അതു തിരിച്ചുകൊടുത്തേക്കൂ’. ഒന്നുരണ്ടുപ്രാവശ്യം ആയിശ(റ) തിരിച്ചുകൊടുക്കുവാന്‍ മടിച്ചുവെങ്കിലും നബിയുടെ നിര്‍ബന്ധത്തിന് അവസാനം വഴങ്ങേണ്ടി വന്നു.
മറെറാരിക്കല്‍ വിരുപ്പിന്റെ അടയാളം നബിയുടെ പൂമേനിയില്‍ കണ്ട് സഹിക്കവയ്യാതെ അല്‍ഖമത്ത് ബിന്‍ മസ്ഊദ്(റ) നബിയോട് ചോദിക്കുകയുണ്ടായി. ‘നബിയേ, അങ്ങേക്ക് ഞങ്ങള്‍ ഒരു മെത്തയുണ്ടാക്കി തരട്ടെയോ?’ പുഞ്ചിരിച്ചുകൊണ്ട് അന്ന് നബി(സ) പറഞ്ഞതിങ്ങനെ: ‘ദുനിയാവിന്റെ കാര്യങ്ങളില്‍ എനിക്കെന്ത് കാര്യം?, ഞാന്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുവാനിരിക്കുകയും പിന്നെ എഴുന്നേററ് പോകുകയും ചെയ്യുന്ന ഒരു വഴിയാത്രക്കാരനെപ്പോലെ ഒരാള്‍ മാത്രമല്ലേ’.
കട്ടിലിനു പുറമെ ഒരു കസേരയും അഥിതികളെ ഇരുത്തുവാനും തലവെക്കുവാനുമൊക്കെ ഉപയോഗിച്ചിരുന്ന തലയിണപോലുള്ളവയും ഉണ്ടായിരുന്നു. തലയിണയില്‍ ഉണക്കഇലകളായിരുന്നു നിറച്ചിരുന്നത്. പില്‍ക്കാലത്ത് ഉണ്ടാക്കിയ വിരുപ്പിനുള്ളിലും ഉണക്ക ഇലകള്‍ തന്നെയായിരുന്നു നിറച്ചിരുന്നത്. കസേരയുടെ കാലുകള്‍ കറുത്ത നിറത്തിലായിരുന്നു. അതിനാല്‍ അത് ഇരുമ്പിന്‍േറതായിരുന്നുവെന്നും ഒരു പ്രത്യേകതരം മരത്തിന്‍േറതായിരുന്നുവെന്നും അഭിപ്രായമുണ്ട്. മുടി ചീകുവാനുള്ള ഒരു കൊമ്പ് ചീര്‍പ്പ്, അജ്ഞനം സൂക്ഷിച്ചിരുന്ന ഒരു ഢപ്പി, ഒരു വാള്‍, ഇരുമ്പിന്റെ പിടിയുള്ള ഒരു പാത്രം, ഒരു കലം, തോല്‍ കൊണ്ടുള്ള രണ്ടു ചെരുപ്പുകള്‍; ഇത്രയുമായാല്‍ പ്രവാചക സുല്‍ത്വാന്റെ ഭവനമായി. ജീവിതത്തിലാപാദചൂഢം പുലര്‍ത്തിയ വിനയത്തിന്റെ ശരിയായ പ്രതിരൂപങ്ങള്‍..
ഒരു മാസമെന്നാല്‍..
ഉമര്‍(റ) പറയുകയാണ്.
‘ഞാന്‍ മദീനയുടെ ഹൃദയഭൂമിയില്‍ നിന്ന് അല്‍പം അകലെയാണ് താമസിച്ചിരുന്നത്. എന്റെ അയല്‍വാസിയും സുഹൃത്തും ഒരു അന്‍സ്വാരിയായിരുന്നു. ഊഴമനുസരിച്ച് ഓരോ ദിവസങ്ങളിലായിരുന്നു ഞങ്ങളിരുവരും മദീനയിലേക്ക് പോകാറുണ്ടായിരുന്നത്. ഞാന്‍ പോകുന്ന സമയത്ത് ഞങ്ങളുടെ വീടും സമ്പത്തുമെല്ലാം അദ്ദേഹവും അദ്ദേഹം പോകുമ്പോള്‍ ഞാനും നോക്കുകയും സംരക്ഷിക്കുകയുമായിരുന്നു പതിവ്. മദീനയില്‍ നിന്ന് തിരിച്ചെത്തിയാലുടനെ ഞങ്ങള്‍ കൈമാറാറുണ്ടായിരുന്നത് നബി(സ)യുടേയും സ്വഹാബിമാരുടെയും ഇസ്‌ലാമിക സമൂഹത്തിന്‍േറയും വിവരങ്ങ ളായിരുന്നു.’
‘ഒരു ദിവസം എന്റെ അയല്‍ക്കാരന്‍ വന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു. അദ്ദേഹം ശ്വാസമടക്കുവാന്‍ പ്രയാസപ്പെട്ടുകൊണ്ട് പറഞ്ഞു: ‘ഒരു വലിയ വാര്‍ത്തയുണ്ട്’
‘എന്താണ്?, ഗസ്‌സാനികള്‍ മദീനയിലേക്ക് ഇരച്ചുകയറിയോ?’ (ഗസ്‌സാനികളുടെ ആക്രമണഭീഷണി നിലനില്‍ക്കുന്ന സമയമായിരുന്നു അത്)
‘അല്ല, അതിനേക്കാളും വലിയ ഒരു സംഭവമുണ്ടായിരിക്കുന്നു, നബി(സ) തന്റെ ഭാര്യമാരെയെല്ലാം ത്വലാഖ് ചെയ്തിരിക്കുന്നു’
ള്ളനബി(സ) തന്റെ ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തു എന്ന ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. ആദ്യം ഞാന്‍ എന്റെ മകള്‍ ഹഫ്‌സയെ ശപിക്കുകയായിരുന്നു. നബി(സ)യുടെ ഭാര്യമാരില്‍ ഒരാളായ തന്റെ മകള്‍ക്ക് ഒരു വലിയ ആപത്ത് സംഭവിച്ചതായിട്ടായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. അതോടൊപ്പം നബി(സ)ക്ക് തന്റെ ഭാര്യമാരെ മുഴുവനും വിവാഹമോചനം ചെയ്യേണ്ട സാഹചര്യം വന്നത് ഒരു വലിയ ദുരന്തമായി തോന്നി. പിറേറന്ന് നേരം പുലര്‍ന്നതും ഞാന്‍ മദീനയിലേക്ക് പുറപ്പെട്ടു.’
‘ഞാന്‍ മദീനയില്‍ മസ്ജിദുന്നബവിയിലെത്തി. അവിടെ കണ്ടകാഴ്ച എന്നെ കൂടുതല്‍ ആശങ്കപ്പെടുത്തി. പള്ളിയില്‍ സ്വഹാബിമാരെല്ലാം തേങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.
നബി(സ)യാകട്ടെ നിസ്‌കാരം കഴിഞ്ഞതും വേഗം പള്ളിയില്‍ നിന്ന് പുറത്തുകടന്നു. ഭാര്യമാരുടെ വീടുകളിലേക്ക് പോവാതെ പതിവിനു വിപരീതമായി നബി(സ) തെലപ്പുറത്തുള്ള ഒരു സ്വകാര്യറൂമിലേക്ക് പോകുന്നു. ഞാന്‍ സ്വഹാബിമാരിലൊരാളുടെ അടുത്തെത്തി. ‘നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയെന്നത് ശരിയാണോ?; ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ക്കറിയില്ല’
‘പിന്നീട് നേരെ ഞാന്‍ പോയത് മകള്‍ ഹഫ്‌സ്വ(റ)യുടെ വീട്ടിലേക്കാണ്. അവിടെ മകള്‍ ഹഫ്‌സ്വ അതീവ ദുഖിതയാ യിരിക്കുകയാണ്. മകളോട് ഞാന്‍ ചോദിച്ചു: ‘നബി(സ) നിങ്ങളെയെല്ലാം ത്വലാഖ് ചൊല്ലിയെന്നത് നേരാണോ?’. മകള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കറിയില്ല’. ഞാന്‍ നേരെ നബി(സ) ഇരിക്കുന്നിടത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. അവിടേക്ക് നടന്നു. അവിടെ ഒരു കറുത്ത അടിമ നബിതിരുമേനിയുടെ റൂമിന് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
‘അടിമയോട് ഞാന്‍ നബി(സ)യുടെ അടുത്ത് ചെന്ന് തനിക്കകത്തേക്ക് വരാന്‍ സമ്മതം ചോദിച്ചുവരുവാന്‍ ആവശ്യപ്പെട്ടു. അടിമ അകത്തേക്ക് പോയി. തെല്ലുകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അടിമയുടെ മുഖത്ത് നിരാശ തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അടിമയോട് വിവരം ചോദിച്ചു. ഉമര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടെന്നും അകത്തുവരാന്‍ സമ്മതം ചോദിക്കുന്നുണ്ടെന്നും കേട്ടിട്ടും നബി(സ) ഒന്നും മിണ്ടിയില്ല എന്നറിഞ്ഞപ്പോള്‍ നബി(സ) വലിയൊരു മാനസികാവസ്ഥയിലാണെന്ന് എനിക്കു മനസ്‌സിലായി. ഞാന്‍ നിരാശയോടെ പള്ളിയിലേക്ക് മടങ്ങി.’
‘എനിക്കധികം സഹിക്കുവാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞ് ഞാന്‍ വീണ്ടും നബിയുടെ വാതില്‍ക്കലെത്തി. അടിമ പതിവുപോലെ തനിക്കുവേണ്ടി പ്രവേശനാനുമതി തേടിയെങ്കിലും ലഭിച്ചില്ല. എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ പള്ളിയിലേക്ക് വീണ്ടും നടന്നു. തെല്ലുകഴിഞ്ഞ് വീണ്ടും വന്നു. അപ്പോഴും പ്രവേശനാനുമതി ലഭിക്കാതെ അടിമ തിരിച്ചുവന്നു. മൂന്നാമതും നിരാശനായി പള്ളിയിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളിയാളം കേട്ടു. ആ അടിമയാണ്. ‘അബൂ ഹഫ്‌സ്വ്, താങ്കള്‍ക്ക് സമ്മതം തന്നിരിക്കുന്നു’. സന്തോഷത്തോടെ ഞാന്‍ നബി(സ)യുടെ റൂമിലേക്ക് നടന്നു.
നബി(സ) വല്ലത്ത ഒരു മാനസിക അവസ്ഥയിലാണ്. നബി(സ)യെ ഒന്നു സന്തോഷിപ്പിച്ച് പ്രശ്‌നത്തിനു ആദ്യമൊരു ആയാസമുണ്ടാക്കണം എന്നതാണ് ഏററവും ആദ്യത്തെ പദ്ധതി. തന്റെ മകളെ ത്വലാഖ് ചെയ്തതടക്കമുള്ള പ്രശ്‌നങ്ങളേക്കാളെല്ലാം വലിയ പ്രശ്‌നവും പ്രയാസവും നബി(സ)യുടെ മനസ്‌സിന്റെ വേദനയാണ്. അതു തീര്‍ന്നാല്‍ എല്ലാം തീര്‍ന്നു. അതു നിലനില്‍ക്കേ എന്തുണ്ടായിട്ടും കാര്യമില്ല’
‘ഞാന്‍ അകത്തേക്ക് കടന്നു. വളരെ ലളിതമായ ആ മൂറിയില്‍ കിടക്കുകയായിരുന്നു നബിതങ്ങള്‍. എന്നെക്കണ്ടതും നബി(സ) എഴുന്നേററിരുന്നു. ഞാന്‍ ശ്രദ്ധിച്ചു. നബി(സ)യുടെ മുഖം വല്ലതെ ക്ഷീണിച്ചിരിക്കുന്നു. ദുഖമോ വിഷമമോ അവിടെ തളംകെട്ടിനില്‍ക്കുന്നുണ്ട്. എനിക്ക് വിഷമം തോന്നി. നബി(സ)യുടെ പ്രക്ഷുബ്ദമായ മനസ്‌സിനു ഇത്തിരി ആശ്വാസം പകരുന്ന ഒരു തമാശ പറയുവാനാണ് എനിക്ക് തോന്നിയത്. അത് ഒരു പക്ഷേ, മങ്ങിക്കിടക്കുന്ന മുഖകമലത്തില്‍ ശോഭ പരത്തിയേക്കും എന്ന് ഞാനനുമാനിച്ചു.’
ഞാന്‍ പറഞ്ഞു: ‘നബിയേ, നാം മക്കയിലായിരുന്നപ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് നമ്മെ ഭയമായിരുന്നു. എന്നാല്‍ മദീനായിലെത്തിയതും അവരെ നാം ഭയപ്പെടുന്ന സഹാചര്യം വന്നിരിക്കുകയാണ്. നബിയേ, നോക്കൂ, എന്റെ ഭാര്യ ആതിഖ ബിന്‍തു സൈദ് ദരിദ്രനും അശരണനുമായ എന്നോട് അമിതമായി ചിലവിനു ചോദിച്ചുതുടങ്ങിയിരിക്കുകയാണ്. എന്നോട ആതിഖ സ്വണ്ണത്തിന്റെയും വെള്ളിയുടേയും ആഭരണങ്ങള്‍ ചോദിക്കുകയാണ്. അവ കൊടുക്കാതിരിക്കുമ്പോള്‍ ദേഷ്യപ്പെടുകയും ചെയ്യുകയാണ്’. തമാശകേട്ടതും നബിയുടെ മുഖം വിടര്‍ന്നു. വരണ്ടുകിടക്കുകയായിരുന്ന ചുണ്ടില്‍ ഒരു മന്ദസ്മിതം തെളിഞ്ഞു. എനിക്ക് സന്തോഷമായി. നബി(സ) പുഞ്ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കുവാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു’
‘ആ റൂമിലെ ചുററുപാടുകള്‍ ഞാന്‍ വീണ്ടും നോക്കി. വളരെ ദൈന്യത നിറഞ്ഞവയായിരുന്നു അവിടെയുള്ളതെല്ലാം. കിടക്കുവാന്‍ ആകെയുള്ളത് ഒരു ഈന്തപ്പനയോലപ്പായയാണ്. അതില്‍ കിടന്നതിന്റെ പാടുകള്‍ ചുവന്നുവെളുത്ത പൂമേനിയില്‍ പതിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. പിന്നെ ഞാന്‍ തെല്ലുഗൗരവം വീണ്ടെടുത്ത് ചോദിച്ചു: ‘നബിയേ, താങ്കള്‍ ഭാര്യമാരെ ത്വലാഖ് ചൊല്ലിയോ?’. നബി(സ) പറഞ്ഞു: ‘ഇല്ല’. സന്തോഷത്താല്‍ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ‘അല്ലാഹു അക്ബര്‍’. എനിക്കാശ്വാസമായി, പ്രചരിച്ചതുപോലെ നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയിട്ടില്ല. എന്തോ കുടുംബ പ്രശ്‌നമാണ്.’
‘കാര്യങ്ങളെല്ലാം എനിക്ക് മനസ്‌സിലായി. നബി(സ) ഒരു മാസത്തേക്ക് ഭാര്യമാരില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ പ്രതിജ്ഞ ചെയ്തതാണ്. അവര്‍ നബി(സ)യോട് ചിലവിനുള്ള വകയും ഭൗതികമായ കൂടുതല്‍ സൗകര്യങ്ങളും ചോദിക്കുകയുണ്ടായി. അതേചൊല്ലിയാണ് നബി(സ) അവരെ ‘ഈലാഅ്’ ചെയ്ത് നിറുത്തിയിരിക്കുന്നത്. ഇതു നബി(സ)യുടെ തീരുമാനമാണ്. അതിനാല്‍ തന്നെ അത് അല്ലാഹുവിന്‍േറതുമാണ്. അതിലാര്‍ക്കും ഇതിനപ്പുറം ഇടപെടുവാനാകില്ല. ഒരു മാസം ഇനി ഈ പ്രശ്‌നത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയല്ലാതെ മാര്‍ഗമില്ല’
ഇരുപത്തിയൊമ്പത് ദിവസങ്ങള്‍ കഴിഞ്ഞു. വിഷയത്തില്‍ അല്ലാഹു ശക്തമായി ഇടപെട്ടു. വിശുദ്ധഖുര്‍ആനിലെ അല്‍ അഹ്‌സാബ് സൂറയിലെ 28,29 സൂക്തങ്ങളുമായി ജിബ്‌രീല്‍(അ) വന്നു. അല്ലാഹു പറഞ്ഞു: ‘നബിയേ താങ്കള്‍ താങ്കളുടെ ഭാര്യമാരോട് പറയുക, നിങ്ങള്‍ ഭൗതികജീവിതവും അതിലെ അലങ്കാരവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വരൂ, നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും ഭംഗിയായ നിലയില്‍ നിങ്ങളെ മോചിപ്പിച്ചുതരികയും ചെയ്യാം. അല്ലാഹുവിനെയും തിരുദൂതരെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയം നിങ്ങളില്‍ സദ്‌വൃത്തരായവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം തയ്യാറാക്കിവെച്ചിക്കട്ടുണ്ട്’.
വിഷയവും അല്ലാഹുവിന്റെ വിധിയും സംഗതിയുടെ ഗൗരവത്തെ കാണിക്കുന്നവയാണ്. എളിമയും വിനയവുമുള്ള ജീവിതത്തിന്റെ മാതൃകയാവേണ്ട നബികുടുംബത്തിലാണ് ഭൗതികപ്രമത്തതയുടെ സ്വരമുള്ള ആവശ്യങ്ങളുമായി ഭാര്യമാര്‍ നബി(സ)യെ സമീപിച്ചിരിക്കുന്നത്. എല്ലാ നീതികളുടേയും പ്രയോക്താവും സംരക്ഷകനുമായ നബിതിരുമേനിയുടെ മുമ്പിലാണ് അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. അത് കാര്യങ്ങളെ കൊണ്ടെത്തിച്ചത് ഭാര്യമാരെ ഉപരോധിക്കുക എന്ന നിലപാടിലേക്കായിരുന്നു. ഭാര്യമാരോട് അഗാഥമായ സ്‌നേഹവും കാരുണ്യവും കാണിക്കുന്ന നബി(സ) ഒരു മാസത്തേക്കാണ് അവരെ താല്‍കാലികമായി ഉപേക്ഷിച്ചിരിക്കുന്നത്.
അല്ലാഹുവാകട്ടെ, തന്റെ വിധിയിലൂടെ നബിയുടെ പക്ഷം നിന്നിരിക്കുകയാണ്. ഭൗതികത വേണമെങ്കില്‍ മാന്യമായി അവരെ ഒഴിവാക്കിക്കൊടുക്കാമെന്ന് പറയുവാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. മനസ്‌സിനുള്ളില്‍ ഒരു മാസക്കാലമായി കത്തിനില്‍ക്കുന്ന രോഷം വാശിയോടെയും ഗൗരവത്തോടെയും അവസാനിപ്പിക്കുവാനും നൈതികമായ തന്റെ നിലപാടു കളില്‍ സംശയിക്കുന്ന വിധത്തിലുള്ള ഈ നയങ്ങളില്‍ അവരെ ശിക്ഷിക്കുവാനുമുള്ള സാഹചര്യം നബി(സ)യുടെ കയ്യില്‍ വന്നിരിക്കുകയാണ്.
പക്ഷേ, കാരുണ്യത്തിന്റെ ദൂതന്‍ സ്വന്തം കിടപ്പുമുറിയില്‍ പോലും തന്റെ വിനയം വിട്ടുകളയുവാന്‍ തയ്യാറല്ല. സ്‌നേഹത്തിന്റെ പര്യായമായ നബിനായകന്‍ മുപ്പതു ദിവസം തികയുന്നതുപോലും കാത്തുനില്‍ക്കാരതെ ഇരുപത്തി യൊമ്പതാം ദിവസം തന്നെ തന്റെ ഭാര്യമാരുടെ അടുത്തെത്തി. ആദ്യം കയറിയത് ആയിശാ(റ)യുടെ വീട്ടിലായിരുന്നു. ദിവസങ്ങളെണ്ണി തികഞ്ഞ ആശങ്കയോടെ ഇരിക്കുകയായിരുന്ന ആയിശാ(റ) നബി(സ)യോട് ചോദിച്ചു: ‘നബിയേ, ഇരുപത്തൊമ്പതു ദിവസമല്ലേ ആയിട്ടുള്ളൂ?’. നബി(സ) ചിരിച്ചുകൊണ്ട് പറഞ്ഞു: ‘മാസം ഇരുപത്തൊമ്പതുമാകാം’. സ്‌നേഹവും വിനയവും ബഹുമാനവുമെല്ലാം ചേര്‍ന്നുനിന്നമ്പോള്‍ ഒരു വിടവും അവശേഷിക്കാതെ നബികുടുംബം മനോഹരമായി വിളക്കിച്ചേ ര്‍ക്കപ്പെട്ടു. അല്ലാഹുവിനെയും തിരുദൂതരെയും പരലോകജീവിതത്തേയും തെരഞ്ഞെടുത്ത അവര്‍ ജീവിതനൗകകളില്‍ കയറീയിരുന്ന് വീണ്ടും മുന്നോട് തുഴഞ്ഞു..
അവസരം.
ഹിജ്‌റ എട്ടാം വര്‍ഷം നബി(സ)ക്ക് ഒരാണ്‍കുഞ്ഞ് ജനിച്ചു. ആണ്‍മക്കളൊന്നും ജീവിക്കാതെ മരിച്ചുപോയ നബിക്ക് തന്റെ അറുപതാം വയസ്‌സില്‍ ലഭിച്ച ഈ കുഞ്ഞിന്റെ ജനനം വല്ലാത്ത സന്തോഷമുണ്ടാക്കി. നബി(സ)യുടെ ഈജിപ്ഷ്യന്‍ അടിമഭാര്യ മാരിയ(റ)യായിരുന്നു കുഞ്ഞിന്റെ മാതാവ്. ഇബ്‌റാഹീം എന്ന് നബി(സ) കുഞ്ഞിന് പേര് വിളിച്ചു. കുഞ്ഞിന് മുലയൂട്ടി പരിചരിച്ചുവളര്‍ത്തുവാന്‍ ഉമ്മുസൈഫ് (മറെറാരഭിപ്രായത്തില്‍ ഉമ്മു ബുര്‍ദ) എന്നവരെ ഏല്‍പ്പിച്ചു. കുഞ്ഞിനോടുള്ള സ്‌നേഹം കാരണം നബി(സ) ഇടക്കിടെ കുഞ്ഞിനെ കാണുവാന്‍ പോകുമായിരുന്നു.
പതിനാറോ പതിനേഴോ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിവസം ഇബ്‌റാഹീമിന് അസുഖം ബാധിച്ചു. നബി(സ) മകന്റെ അടുത്ത് ഓടിയെത്തി. വല്ലാത്ത വേദന നബിയില്‍ പ്രകടമായിരുന്നു. അവസാനം നബി(സ)യെയും സമൂഹത്തെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇബ്‌റാഹീം വിടപറഞ്ഞു. നബി(സ) പറഞ്ഞു: ‘നിശ്ചയം ഇബ്‌റാഹീം നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അതീവദുഖിതരാണ്.’
ഇബ്‌റാഹീമിന്റെ ദുഖം മദീനയില്‍ തളംകെട്ടി നിന്ന ആ ദിവസം മദീനായില്‍ ഒരു സൂര്യഗ്രഹണം അനുഭവപ്പെട്ടു. പെട്ടെന്ന് വെയില്‍ മങ്ങിയതോടെ ജനങ്ങള്‍ ആശങ്കാകുലരായി. പില്‍ക്കാലത്തേതുപേലെ ശാസ്ത്രസാങ്കേതികതകള്‍ വിപുലപ്പെടുകയും ഗ്രഹണങ്ങളും അതിന്റെ സമയങ്ങളും മററുമെല്ലാം നേരത്തെ പ്രവചിക്കുകയും ചെയ്യുന്ന സാഹചര്യമൊന്നും അന്നില്ലായിരുന്നു. അതിനാല്‍ പെട്ടെന്ന് സൂര്യപ്രഭ മങ്ങുന്നതോടെ സ്വാഭാവികമായ ഒരു ആശങ്ക ജനങ്ങളില്‍ പതിവായിരുന്നു. സൂര്യനെയും ചന്ദ്രനെയുമൊക്കെ ആരാധ്യവസ്തുക്കളായി പോലും കണ്ടിരുന്ന ഒരു ലേകാക്രമത്തില്‍ ഗ്രഹണങ്ങളെപ്പററി വിചിത്രമായ ഒരു പാട്തരം വിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നുതാനും.
ഇത്തരം സാഹചര്യങ്ങളില്‍ സംഭവിച്ച ആ ഗ്രഹണത്തെപ്പററി പൊതുജനങ്ങളുടെ ചിന്ത ആദ്യം പോയത് നബിരിതുമേനിയുടെ മകന്‍ ഇബ്‌റാഹീമിന്റെ മരണമാണ്, ഈ ഗ്രഹണത്തിന് കാരണം എന്നതിലേക്കായിരുന്നു. ആരോ അങ്ങനെ അഭിപ്രായപ്പെട്ടു. ആ സാഹചര്യത്തിന്റെ തീവ്രസമ്മര്‍ദ്ദങ്ങള്‍ അതിന് പെട്ടെന്ന് തന്നെ അംഗീകാരം നല്‍കുകയും ചെയ്തു. നബി(സ)യുടെ ചെവിയിലുമെത്തി ഈ വിവരം.
ഗ്രഹണനിസ്‌കാരം നിര്‍വ്വഹിച്ചുകഴിഞ്ഞയുടനെ നബി(സ) ജനങ്ങള്‍ക്കുമുമ്പില്‍ എഴുനേററ് നിന്ന് ഇങ്ങനെ പറഞ്ഞു: ‘സൂ ര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങള്‍ മാത്രമാകുന്നു. ഓരാളുടെ ജനനത്തിനും മരണത്തിനും അവക്ക് ഗ്രഹണം ബാധിക്കുകയില്ല’. മററുള്ളവരുടെ മുമ്പില്‍ കൃത്രിമമായിട്ടാണെങ്കില്‍ പോലും ഒരു പരിവേഷം ഉണ്ടാക്കിയെടുക്കുവാനുള്ള മാനുഷികമായ ത്വരകളുണ്ടായിട്ടും ഒരു ചെറിയ മൗനം പോലും തനിക്കും തന്റെ മകനും മഹത്വപരിവേഷം ചാര്‍ത്തും എന്നുവന്നിട്ടും നബി(സ) അത്തരം മഹത്വങ്ങളേക്കാള്‍ വിനയത്തിനും സത്യത്തിനും മാത്രം പ്രാമുഖ്യം നല്‍കുകയായിരുന്നു.
ഞാന്‍ വിറകുണ്ടാക്കാം..
നബിതിരുമേനിയും ഏതാനും അനുയായികളും ഒരു യാത്രയിലാണ്. വഴിയിലൊരിടത്ത് അവര്‍ വിശ്രമിക്കുവാനിരുന്നു. അവിടെ അവര്‍ ഭക്ഷണം പാകം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഒരു ആടിനെ പാകം ചെയ്യുവാനാണ് പരിപാടി. അപ്പോള്‍ അനുയായികളില്‍ ഒരാള്‍ പറഞ്ഞു:
‘ഞാന്‍ ആടിനെ അറുക്കാം’
മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ ആടിനെ തോല്‍പൊളിക്കാം’
മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ പാചകം ചെയ്യാം’
അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു: ‘ഞാന്‍ വിറകുണ്ടാക്കിക്കൊണ്ടുവരാം’
അതുകേട്ട അനുയായികള്‍ പറഞ്ഞു: ‘വേണ്ട നബിയേ നിങ്ങള്‍ ജോലിയൊന്നും ചെയ്യേണ്ട, നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എല്ലാം ചെയ്യാം’
നബി(സ) പറഞ്ഞു: ‘അതെനിക്കറിയാം. എങ്കിലും ഞാന്‍ നിങ്ങളില്‍ നിന്ന് വിത്യസ്ഥനാകുവാന്‍ ആഗ്രഹിക്കുന്നില്ല’
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso