മർഹബാ സുൽത്വാൻ !
08-09-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
യു എ ഇയുടെ സുൽത്വാൻ നിയാദി ആറുമാസത്തിലധികം നീണ്ട ശൂന്യാകാശ ദൗത്യം പൂർത്തിയാക്കി സുരക്ഷിതനായി ഭൂമിയിൽ തിരിച്ചെത്തി. ഇത്ര ദിർഘമായി ശൂന്യാകാശത്തു കഴിഞ്ഞ അറബ് പൗരൻ എന്നതും ഇരുനൂറ്റിയൻപതിലധികം പരീക്ഷണ പഠനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതും ആറര മണിക്കൂറോളം ശൂന്യാകാശത്തിലൂടെ നടന്നതുമെല്ലാം നിയാദിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ തന്നെ. ആ തൂവലുകൾക്ക് തിളക്കമേകാൻ പല പ്രത്യേക വൈകാരിക ഘടകങ്ങൾ കൂടി ഉണ്ട്. തന്റെ സ്വന്തം നാടിനെയും സംസ്കാരത്തേയും ബഹിരാകാശത്ത് പ്രതിനിധാനം ചെയ്യവേ ഉയർന്ന സ്വന്തം മണ്ണിന്റെ ഉൾപുളകങ്ങളാണ് അവയിൽ ഒന്ന്. തന്റെ സംസ്കാരത്തിന്റെ ഭാഗമായി സലാം നേർന്ന് സ്വന്തം നാടിന്റെ കുട്ടികളോടും സ്ത്രീകളോടും അവിടെ നിന്നും സരളമായി സംവദിക്കുന്ന നിയാദിയുടെ വർത്തമാനങ്ങൾ ഇമറാത്തികളെ മാത്രമല്ല സകല സഹൃദയരെയും പുളകമണിയിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് രചിച്ച 'ദ ജേർണി ഫ്രം ഡസേർട്‌സ് ടു ദ സ്റ്റാർസ്' എന്ന പുസ്തകം അവിടെ വെച്ച് നിയാദി പ്രകാശനം ചെയ്യുക കൂടി ചെയ്തതോടെ ചരിത്രവും യു എ ഇയും പ്രജാവത്സരരായ അവിടത്തെ ഭരണകൂടവും മുഴുവൻ ലോകത്തിന്റെയും ഓമനത്വമുള്ള പുളകത്തിൽ പങ്കാളികളായി. അത് കുട്ടികൾക്ക് വേണ്ടിയുള്ള, ബഹിരാകാശത്തെ കുറിച്ച് പറയുന്ന പുസ്തകമാണ് എന്നു കൂടി അറിയുമ്പോൾ വിദ്യാലോകത്തിന്റെ കൂടി പുളകം പെയ്തിറങ്ങി. ഇനിയുമുണ്ട് ചില പുളകങ്ങൾ. അത് തികച്ചും മതപരമാണ്. അത് മറ്റൊന്നുമല്ല, എട്ടു മുതൽ 15 കൂടിയ നൂറ്റാണ്ടുകളിൽ മുസ്ലിം ലോകത്ത് ഉണ്ടായിരുന്ന ശാസ്ത്ര ചിന്തകൾക്ക് നിയാദിയിലൂടെ ഒരു പുനരുജ്ജീവനം കൈവന്നിരിക്കുന്നു എന്നതാണത്. ഇത്രയും ദീർഘമായ ഒരു കാലം ശാസ്ത്രങ്ങളിൽ നിന്ന് മുസ്ലിം ലോകം തല ഉയർത്തിയിരുന്നില്ലല്ലോ. എപ്പോഴോ മുറിഞ്ഞുപോയ ആ ചിന്തയെ ഏച്ചുകെട്ടുക കൂടിയായിരുന്നു സുൽത്വാൻ അൽ നിയാദി.
മുസ്ലിംകൾക്ക് ശാസ്ത്രാവബോധം അവരുടെ മത പ്രമാണങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. വിശുദ്ധ ഖുർആനും വിശുദ്ധ ഹദീസുകളും ഈ അവബോധം കൂടി പകരുന്നുണ്ട്. മുമ്പുണ്ടായിരുന്ന സമൂഹങ്ങൾക്ക് അല്ലാഹു തന്റെ സൂക്തങ്ങളും ദൈവികതയുടെ അടയാളങ്ങളും പ്രത്യേകം പ്രത്യേകമായി ഓരോ സംഭവങ്ങളിലൂടെ നൽകുകയായിരുന്നു. എന്നാൽ മുഹമ്മദ് നബിയുടെ സമൂഹത്തിന് നൽകിയ ഇത്തരം സൂക്തങ്ങളും സൂചനകളും അധികവും ചിന്ത, മനനം, പഠനം, പര്യവേഷണം തുടങ്ങിയവയിൽ അധിഷ്ഠിതമാണ്. ചിന്തകൾക്കും പഠനങ്ങൾക്കും വിഷയമാവുന്ന കാര്യങ്ങളാവട്ടെ, അധികവും പ്രാപഞ്ചിക പ്രതിഭാസങ്ങളുമാണ്. അതു തന്നെയാണല്ലോ ശാസ്ത്രത്തിന്റെയും പ്രധാനപ്പെട്ട ഒരു മേഖല. പ്രതൃക്ഷത്തിൽ ഗ്രാഹ്യമാവാത്ത ഇത്തരം പ്രതിഭാസങ്ങൾ കണ്ടെത്തുവാൻ ശാസ്ത്രം ശ്രമിക്കുന്നു. കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ പിന്നെ ശാസ്ത്രം എന്നു വിളിക്കുന്നു. മതം മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതും അതു തന്നെ. ചിന്തിച്ചും പഠിച്ചും അവൻ എന്തെങ്കിലും കണ്ടുപിടിച്ചുകഴിഞ്ഞാൽ അതു ദൈവത്തിന്റെ അടയാളം (ആയത്ത്) ആയി മാറുന്നു. നടക്കുന്നതെല്ലാം സത്യത്തിലും തത്വത്തിലും ഒന്നു തന്നെ. വ്യത്യസ്ഥ പേരുകളാണ് ഓരോന്നിനേയും പല കള്ളികളിലേക്ക് മാറ്റിയെഴുതുന്നത് എന്നു ചുരുക്കം. ഇതാണ് വിശുദ്ധ ഖുർആനിന്റെ സമീപനം എന്നതിനാൽ വലിയ ശാസ്ത്രാവബോധം പകരുന്നുണ്ട് വിശുദ്ധ ഖുർആൻ. ശാസ്ത്ര ചിന്തകൾ പകരുന്ന എഴുനൂറ്റി അൻപതിലധികം സൂക്തങ്ങൾ ഖുർആനിലുണ്ട് എന്ന് കൂടി കേൾക്കുമ്പോൾ ആ സത്യം നന്നായി മനസ്സിലാക്കാം.
ഒരു സത്യവിശ്വാസിയുടെ ഗുണങ്ങളിൽ തന്നെ അല്ലാഹു ഇത്തരം ചിന്തയെ ഉൾപ്പെടുത്തിയത് ഇതിന്റെ സാംഗത്യം ഉറപ്പിക്കുന്നു. സത്യവിശ്വാസികളുടെ ഗുണഗണങ്ങൾ പറയുന്ന ഒരു വചനത്തിൽ ഇങ്ങനെ കാണാം: 'നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവരും (ആയിരിക്കും അവർ). നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ (എന്നവർ പറ്റുകയും ചെയ്യും) (അൻആം: 191). നബി(സ)യുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഖുർആനിക സൂക്തം മേൽപ്പറഞ്ഞ ആയത്തിന്റെ തൊട്ടുമുമ്പുള്ള 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്' എന്ന വചനമാണ് എന്ന് ഹദീസിൽ വന്നിരിക്കുന്നു. മാത്രമല്ല, ഈ വചനം ഓതിക്കൊടുത്ത് തുടർന്ന് നബി ഇങ്ങനെ പറയുകയുമുണ്ടായി: 'ഈ ആയത്തിനെ കുറിച്ച് ചിന്തിക്കാതെ വെറുതെ വായിലിട്ട് ചവയ്ക്കുന്നവരെ കാത്തിരിക്കുന്നത് നാശമാണ്' എന്ന്. ഇങ്ങനെയെല്ലാം വിശുദ്ധ പ്രമാണങ്ങൾ മനുഷ്യന്റെ ശാസ്ത്ര ചിന്തയെ ജ്വലിപ്പിക്കുന്നു. കർമ്മങ്ങളിലേക്ക് കടക്കുമ്പോൾ അവിടെയും ഈ പ്രചോദനം കാണാൻ കഴിയും. നിസ്കാരം ഒരു ഉദാഹരണം. അതിന് കൃത്യമായ സമയങ്ങൾ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. സമയത്തിന്റെ അടിസ്ഥാനം സൂര്യന്റെ ചലനമാണ്. അതായത് പ്രപഞ്ചത്തിന്റെ സമയമാപിനി സൂര്യനാണ്. കൃത്യമായ സമയത്ത് അല്ലാഹു നിസ്കരിക്കാൻ കൽപ്പിക്കുമ്പോൾ അതിനുള്ളിൽ സൂര്യന്റെ ചലനങ്ങൾ പഠിക്കുവാനും ആശ്രയിക്കുവാനുമുള്ള പ്രചോദനമുണ്ട്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലുള്ള നോമ്പും ഇപ്രകാരം തന്നെ. ചന്ദ്രനെക്കുറിച്ചും അതിന്റെ ചലനത്തെക്കുറിച്ചും ഉദയാസ്തമയങ്ങളെ കുറിച്ചും നന്നായി അറിഞ്ഞിരിക്കേണ്ടവനാണ് നോമ്പ് നോൽക്കുവാൻ കൽപ്പിക്കപ്പെട്ട വിശ്വാസി. നിസ്കാരത്തിൽ ഖിബ് ലയിലേക്ക് തിരിയുവാനും ഹജ്ജിൽ മക്കയിലേക്ക് എത്തിച്ചേരുവാനും ഒരു മുസ്ലിമിന് ദിക്കും ദിശയും പഠിപ്പിക്കുന്ന ജോഗ്രഫി അറിഞ്ഞിരിക്കേണ്ടതുണ്ട്. അനന്തരാവകാശങ്ങൾ കൃത്യമായും സുഗമമായും ഓഹരി ചെയ്യുവാൻ ഏറ്റവും സങ്കീർണമായ ഗണിത സിദ്ധാന്തങ്ങൾ വശപ്പെടേണ്ടതുണ്ട്. ഇങ്ങനെ കർമ്മങ്ങളിൽ നിന്നും ഉയരുന്ന ശാസ്ത്ര പ്രചോദനങ്ങളുടെ പട്ടിക നീണ്ടതാണ്. ഇപ്പോൾ നമ്മുടെ കയ്യിൽ വാച്ചും കലണ്ടറും വടക്കുനോക്കിയന്ത്രവും എല്ലാം ഉണ്ട്. അതിനാലാണ് ഇവയുടെ ഗൗരവം നമുക്ക് തോന്നാത്തത്. അതൊന്നുമുണ്ടായിരുന്നില്ലാത്ത ഒരുകാലത്ത് അതെല്ലാം കണ്ടെത്തിയിരുന്നത് മുസ്ലിങ്ങളുടെ ശാസ്ത്ര ബുദ്ധി മാത്രയായിരുന്നു.
ഈ പ്രചോദനത്താൽ മാത്രം ഇസ്ലാമിക പണ്ഡിതൻമാർ ശാസ്ത്രീയമായ അൽഭുതങ്ങൾ കാണിച്ചു. ഉദാഹരണങ്ങൾ നിരവധിയാണ്. പാശ്ചാത്യലോകത്ത് അല്‍ ഹാസെന്‍ എന്നറിയപ്പെട്ട ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നുല്‍ ഹൈത്തം (ക്രി. 965-1040) ഇസ്‌ലാമിന്റെ സംഭാവനയാണ്. ശാസ്ത്രത്തിന് ഇബ്‌നുല്‍ ഹൈത്തം നല്‍കിയ സംഭാവനകള്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളോട് താരതമ്യപ്പെടുത്താന്‍ പോന്നതാണ്. മധ്യകാല യൂറോപ്പില്‍ അദ്ദേഹം രണ്ടാം ടോളമി എന്നാണ് അറിയപ്പെട്ടിരുന്നത്. ഡാവാഞ്ചി, ഗലീലിയോ, കെപ്ലര്‍ എന്നിവരെ പോലെയുള്ള പില്‍ക്കാല കാത്തലിക് ശാസ്ത്രചിന്തകന്‍മാരെ വളരെയധികം സ്വാധീനിച്ച ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ 'കിത്താബ് അല്‍ മനാളിര്‍’. ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ചന്ദ്രനിലെ ഗര്‍ത്തത്തിന് ‘അല്‍ ഹാസന്‍’ എന്നുപേരിട്ടത്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹം ഖുര്‍ആനിന്റെ സ്വാധീന പ്രഭാവത്തിലാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ പഠിക്കുവാനും മനസ്സിലാക്കുവാനും ശ്രമിച്ച മുസ്‌ലിംകള്‍ രൂപപ്പെടുത്തിയ ഗണിതശാസ്ത്ര ശാഖയാണ് ആല്‍ജിബ്ര. ഇസ്‌ലാമിക കലണ്ടറിലെ തീയതികള്‍ കുറിക്കുവാനായി പണിയെടുത്ത മുസ്‌ലിംകളുടെ സംഭാവനയാണ് ആസ്‌ട്രോണമി, ജ്യോമട്രി, സ്‌ഫെറിക്കല്‍ ജ്യോമെട്രി, ട്രിഗണോമെട്രി പോലെയുള്ള ഗണിതശാസ്ത്ര ശാഖകള്‍. മുഹമ്മദ് ഇബ്നു മൂസ അല്‍ ഖവാറസ്മി (ക്രി. 780-850) എന്ന ഗണിതശാസ്ത്രജ്ഞന്‍ അക്കങ്ങളുടെയും പൂജ്യത്തിന്റെയും ഉപയോഗം സമൂഹത്തെ പഠിപ്പിച്ചുകൊടുത്ത മഹാനാണ്. നാം ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന അക്കങ്ങള്‍ ഇന്തോ-അറബിക് ന്യൂമെറല്‍സ് എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം ഖവാറസ്മിയുടെയും അല്‍കിന്തി( ക്രി. 801-873) യുടെയുമൊക്കെ ഇടപെടലുകളാണ്. അറബിയിലെ സ്വിഫ്റ് സംസ്കൃതത്തിലേക്ക് ഭാഷാന്തരം ചെയ്തപ്പോഴാണ് സീറോ ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ക്രി. 1166ല്‍ അല്‍ ഇദ്‌രീസി ഒരു വിശ്വഭൂപടം തയ്യാറാക്കുകയുണ്ടായി. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളും പര്‍വ്വതങ്ങളും നദികളും പ്രധാനപട്ടണങ്ങളും കൃത്യമായി ആ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു ലോകത്തിലെ ആദ്യ ഭൂപടം. ഇന്നും അദ്ദേഹത്തിന്റെ ഭൂപടം തിരുത്തപ്പെട്ടിട്ടില്ല. അവിസെന്ന എന്ന പേരില്‍ അറിയപ്പെട്ട ഇബ്നുസീന (ക്രി. 980-1037 ) വൈദ്യശാസ്ത്രരംഗത്തെ അവിസ്മരണീയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അല്‍ ഖാനൂനു ഫി ത്വിബ്ബ് (വൈദ്യശാസ്ത്ര നിയമങ്ങള്‍) എന്ന ഗ്രന്ഥം ഈ രംഗത്തെ ഏറ്റവും ആധികാരിക ഗ്രന്ഥമായി ഇന്നും പരിഗണിക്കപ്പെടുന്നു. അല്‍ബിറൂനി (ക്രി. 973-1051) ഫിസിക്കല്‍ സയന്‍സിലെ അഗ്രഗണ്യനായിരുന്നു. ഫാദര്‍ ഓഫ് കെമിസ്ട്രി എന്ന പേരില്‍ അറിയപ്പെടുന്ന ആളാണ് ജാബിര്‍ ബിന്‍ ഹയ്യാന്‍ (ക്രി. 722-804). ഖുർആനിന്റെ പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പഠനവിധേയമാക്കിയ പണ്ഡിതനായിരുന്നു ഇമാം റാസി (ക്രി. 1149-1209). ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകള്‍ വെച്ച് അദ്ദേഹം ഖണ്ഡിച്ചു. 16ാം നൂറ്റാണ്ടില്‍ മാത്രം കോപ്പര്‍ നിക്കസും ഗലീലിയോയും തിരുത്തിയ അരിസ്റ്റോട്ടിലിയന്‍ വാദങ്ങള്‍ 12ാം നൂറ്റാണ്ടില്‍തന്നെ അറബ് ലോകത്ത് തിരുത്തപ്പെട്ടിരുന്നു എന്ന് ചുരുക്കം. സര്‍ വില്യം ഹാര്‍വി രക്തചംക്രമണം വിശദീകരിക്കുന്നതിന് 350 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഇസ്‌ലാമികലോകം ഇത് കണ്ടെത്തിയിരുന്നു. അത് കൃത്യമായി കണ്ടെത്തിയത് ഇബ്നുൽ നഫീസ് (1213 - 1288) ആയിരുന്നു. ശാസ്ത്രത്തിലേക്ക് ഇവരെല്ലാം എത്തിയത് ആത്മീയത വഴിയായിരുന്നു എന്നതിലോ ശാസ്ത്രജ്ഞനായി തീർന്നപ്പോഴും അവർ ആ വികാരം വിട്ടില്ല എന്നതലോ ചരിത്രം ശങ്കിക്കുന്നില്ല. ഇബ്‌നുല്‍ നഫീസ് 77-ാം വയസ്സില്‍ രോഗബാധിതനായി കിടന്ന സമയത്ത് അല്‍പം വൈന്‍ കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ജീവന്‍ നിലനിര്‍ത്താന്‍ അത് ഉപകരിക്കും എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ മദ്യത്തിന്റെ ഒരു തുള്ളിപോലും താന്‍ കഴിക്കില്ല എന്നു അദ്ദേഹം ശഠിച്ചു. അദ്ദേഹം പറഞ്ഞു, 'എന്റെ വയറ്റില്‍ ഒരു തുള്ളി മദ്യവുമായി എന്റെ റബ്ബിനെ കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'
1976ല്‍ ഫ്രഞ്ച് എഴുത്തുകാരനായിരുന്ന മൗറിസ് ബുക്കായി തന്റെ The Bible, Quran and Science ല്‍ പറയുന്നു: 'ശാസ്ത്രവും ഇസ്‌ലാമും എപ്പോഴും ഇരട്ട സഹോദരികളാണ്'. ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനജേതാവായ അബ്ദുസലാം യുനസ്‌കോ ഹൗസില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. 'വിശുദ്ധ ഖുര്‍ആനിലെ 750ഓളം ആയത്തുകള്‍ പ്രകൃതിയെക്കുറിച്ച് പഠിക്കുവാന്‍ മനുഷ്യരെ ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെ അറിയുക എന്നുള്ളത് ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.' (Islam and Science — Concordance or Conflict, Review of Religions.)
ചുരുക്കത്തിൽ 15ാം നൂറ്റാണ്ടില്‍ യുറോപ്പിലുണ്ടായ നവോത്ഥാനത്തിന് ഉത്തോലകശക്തിയായി വര്‍ത്തിച്ചത് കലാസാഹിത്യ വൈജ്ഞാനിക രംഗത്തെ മുസ്ലിംകളുടെ മുന്നേറ്റമായിരുന്നു. ഖേദകരമെന്നുപറയട്ടെ പിന്നീട് വൈജ്ഞാനികരംഗത്തുനിന്ന് മുസ്ലിംകള്‍ പതുക്കെ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. ശോകപൂർണ്ണമായ ഈ ശൂന്യതയിൽ ഒരു തിരയനക്കം ഉണ്ടാക്കി എന്നതു കൂടിയാണ് സുൽത്വാൻ നിയാദി നമുക്കു പകരുന്ന പുളകം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso