തിരുനബി(സ): അനുരാഗത്തിന്റെ അർഥങ്ങൾ
14-09-2023
Web Design
15 Comments
ടി എച്ച് ദാരിമി
സ്നേഹമാണ് ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി പിടിച്ചു കെട്ടുന്നത്. ആ രണ്ടു വ്യക്തികളുടെയും കൂട്ടായ്മയിലേക്ക് പിന്നെ ഓരോരുത്തർ വരികയും ചേരുകയും അങ്ങനെയങ്ങനെ അവർ വ്യക്തികളിൽ നിന്ന് സമൂഹങ്ങൾ ആയി പരിവർത്തിക്കപ്പെടുകയും ചെയ്യുന്നു. സ്നേഹത്തില്‍ നിന്നാണ് സമൂഹങ്ങള്‍ രൂപം കൊള്ളുന്നത്, സ്നഹബന്ധങ്ങളാണ് സാമൂഹ്യബന്ധങ്ങളെ സൃഷ്ടിക്കുന്നതും ശാക്തീകരിക്കുന്നതുമെന്നെല്ലാം സാമുഹ്യശാസ്ത്രം പറയുന്നത് ഈ അർഥത്തിലാണ്. മനുഷ്യന് തന്റെ ലക്ഷ്യങ്ങൾ നേടുവാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഏതു മേഖലയും വിജയിക്കുവാൻ വേണ്ട ഘടകവും ഇതു തന്നെ. അതിനാൽ കച്ചവടം തുടങ്ങിയ ഇടങ്ങളിലൊക്കെ കൃത്രിമമായി പോലും സനേഹവും അനുരാഗവും ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമങ്ങൾ കാണാം. ഇഷ്ടം എന്നാണ് ഇത്തരം സാഹചര്യങ്ങളിൽ ഇതു വ്യവഹിരാക്കപ്പെടുക. അതേ സമയം ഈ സ്നേഹത്തിനും ബന്ധത്തിനും മതപരമായ ഒരർത്ഥം കൂടി കൈവരുന്ന തോടുകൂടി ഈ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ ബന്ധം മതങ്ങളുടെ ഉള്ളിലാണ് കുടികൊള്ളുന്നത് എന്ന നിരീക്ഷണം ഇങ്ങനെയാണ് വന്നത്. വിശ്വാസികൾ തങ്ങളുടെ മനസ്സുകളെ പരസ്പരം കോർത്തിണക്കുകയും ആ ഇണക്കത്തെ ഉലയാതെ തകരാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ചില ആമുഖങ്ങൾ വെച്ചുകൊണ്ടാണ് ഹുബ്ബു റസൂൽ എന്ന പ്രവാചകാനുരാഗത്തെ നാം സത്യവിശ്വാസികൾ സമീപിക്കേണ്ടത്. മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസപരമായ പൂര്‍ണതയുടെ ഭാഗമാണ് ഹുബ്ബുറസൂല്‍ അഥവാ പ്രവാചക സ്നേഹം. വിശ്വാസത്തിന്റെ അളവുകോലായി അല്ലാഹു തന്നെ നിശ്ചയിച്ചിരിക്കുന്നത് പ്രവാചക സ്നേഹത്തെയാണ്. അനുരാഗത്തിന്റെ പൊതു സ്വഭാവം പോലെത്തന്നെ അനുകരണവും അനുധാവനവുമാണ് പ്രവാചകാനുരാഗത്തിന്റെ അടരും അടയാളവും. അഥവാ നബി(സ)യെ ജീവിതം കൊണ്ട് അനുകരിച്ച് പിന്തുടരുക.
ഈമാനിന്റെ പ്രധാന ഘടകമാണ് പ്രവാചക സ്‌നേഹം. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഐഹിക ജീവിതത്തിലുള്ള സകലതിനേക്കാളും തനിക്ക് പ്രിയങ്കരമായത് പ്രവാചകനായിരിക്കണം എന്നാണ്. അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറയുന്നു: 'ഒരാളും ഞാന്‍ അവന് അവന്റെ കുടുംബത്തേക്കാളും ധനത്തേക്കാളും സര്‍വ ജനങ്ങളേക്കാളും ഞാൻ പ്രിയങ്കരനാകുന്നതു വരെ സത്യവിശ്വാസി ആവുകയില്ല' (മുസ്‌ലിം). അബൂഹുറൈറ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ നബി(സ) പറയുന്നു: 'എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, നിങ്ങളിലൊരാളും ഞാനവന് തന്റെ മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും പ്രിയങ്കരനാകുന്നതു വരെ സത്യവിശ്വാസിയാവുകയില്ല' (ബുഖാരി). അബ്ദുല്ലാഹിബ്‌നു ഹിശാം(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരിക്കൽ ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നു. നബി(സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ച് ആണ് നടന്നിരുന്നത്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങാണ് എന്റെ ശരീരം ഒഴിച്ച് മറ്റെന്തിനേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍.' അത് കേട്ട നബി തിരുമേനി പറഞ്ഞു: 'ഇല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുന്നതു വരെ താങ്കളുടെ ഈമാൻ പൂർണ്ണമാവില്ല.' ഒന്നാലോചിച്ചതിനു ശേഷം ഉമര്‍(റ) പറഞ്ഞു: 'എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാണ് സത്യം, അങ്ങുന്ന് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.' അപ്പോള്‍ നബി (സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായി'' (ബുഖാരി).
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: '(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തേക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക' (അത്തൗബ 24).
ഐഹിക ജീവിതത്തില്‍ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന സകല വസ്തുക്കളേക്കാളും സത്യവിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയങ്കരം അല്ലാഹുവും അവന്റെ ദൂതനും ദൈവമാര്‍ഗത്തിലുള്ള പുണ്യസമരവുമായിരിക്കണമെന്ന് ഈ ഖുര്‍ആന്‍ സൂക്തം സമര്‍ഥിക്കുന്നു.
മനുഷ്യഹൃദയത്തില്‍ ആരോടെങ്കിലും സവിശേഷ സ്‌നേഹം ഉടലെടുക്കാന്‍ ചില പ്രേരകങ്ങളും കാരണങ്ങളുമുണ്ടായിരിക്കും. ഭംഗി, സൗകുമാര്യം, സാമ്പത്തിക സുസ്ഥിതി, തുടങ്ങി പലതും. എന്നാൽ യഥാർഥ സ്നേഹം തുടങ്ങുന്നത് അറിവിൽ നിന്നാണ്. അതായത് വിശ്വാസത്തിന്റെ പ്രചോദനമാകുന്ന അറിവിൽ നിന്ന്. നബിയെ കുറിച്ചുളള ശരിയായ ആഴത്തിലുള്ള പഠനം മനസ്സിൽ ഒരു അധ്യായമായി രൂപപ്പെടുമ്പോൾ അറിയാതെ മനസ്സ് ആ സ്നേഹത്തിൽ അലിഞ്ഞുചേരും. അതുകൊണ്ടാണ് മദ്ഹുകൾ പറയുന്നതും കേൾക്കുന്നതും പറയിക്കുന്നതും കേൾക്കുന്നതും എല്ലാം പ്രവാചക സ്നേഹത്തിന്റെ പ്രകടനങ്ങളായി മാറുന്നത്. അതുകൊണ്ട് നബിയെ നന്നായി പഠിച്ചു മനസ്സിലാക്കുകയാണ് ഒരു വിശ്വാസി ആദ്യം ചെയ്യേണ്ടത്. അങ്ങനെ പഠിച്ച് മനസ്സിലാക്കുവാനും ജീവിതത്തിലേക്ക് എടുത്തുവെക്കുവാനും എല്ലാം പ്രവാചക ജീവിതമാവട്ടെ വൈപുല്യമുള്ള അധ്യായങ്ങൾ കൊണ്ട് സമ്പന്നവുമാണ്. മാത്രമല്ല, എല്ലാ തരം മനസ്ഥിതിക്കാരും അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്വഭാവങ്ങളുടെ മൂർത്തി ഭാവമാണ് നബി തിരുമേനി(സ). ഈ സ്നേഹത്തിന് പല പ്രചോദനങ്ങളുമുണ്ട്. അവയിൽ ഒന്ന്, സത്യത്തിൽ ഒരു മുസ്‌ലിമിന് പ്രവാചകനോടുള്ള സ്‌നേഹം അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ് എന്നതാണ്. അല്ലാഹുവോടുള്ള സ്‌നേഹമാണ് അടിസ്ഥാന സ്‌നേഹം. അല്ലാഹുവോടുള്ള സ്‌നേഹം അവന്‍ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കലും അനിവാര്യമാക്കുന്നു. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'ഇബാദത്തിന്റെ അടിസ്ഥാനം അല്ലാഹുവോടുള്ള സ്‌നേഹമാകുന്നു. തദടിസ്ഥാനത്തില്‍ ആര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവോ അവന്‍ അല്ലാഹുവിന്റെ റസൂലിനെയും സ്‌നേഹിക്കുന്നു. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്. റസൂലിനെ അനുസരിക്കുന്നതും അല്ലാഹുവിനു വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: '(നബിയേ) പറയുക. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്' (ആലുഇംറാന്‍ 31).
നബി(സ)യോട് നിർബന്ധമായും സ്നേഹം ഉണ്ടാകാൻ അല്ലാഹു ഒരുക്കി വെച്ച നിമിത്തങ്ങൾ ആണ് മറ്റൊരു പ്രചോദനം. അവ പ്രധാനമായും നബിയുടെ മാനസികവും ശാരീരികവും സാമൂഹ്യവും സ്വഭാവപരവും എല്ലാം ആയ പ്രത്യേകതകളുടെ തികവും നിറവുമാണ്. ആരും സ്നേഹിച്ചു പോകുന്ന വ്യക്തിപരമായ എല്ലാ സവിശേഷതകളും സമ്മേളിച്ചതായിരുന്നു ആ ജീവിതം. ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് മുഹമ്മദ് നബി(സ). മാതൃകാപരമായ പെരുമാറ്റത്തിലൂടെ ശത്രുക്കളുടെ പോലും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ വ്യക്തിത്വത്തിന്റെ ഉടമ.
ആ പ്രവാചകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അധ്യാപകന്നും വിദ്യാര്‍ഥിക്കും നേതാവിന്നും ഭരണാധികാരിക്കും സൈനിക മേധാവിക്കുമെല്ലാം മാതൃക. അദ്ദേഹത്തിന്റെ ജീവിതം നല്‍കിയ സന്ദേശം സാര്‍വകാലികവും സാര്‍വലൗകികവുമാണ്. അവിടുത്തെ നിയോഗമനം ലോകത്തിനാകമാനം കാരുണ്യമാണ്. 'ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല' എന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇരുലോകത്തും നന്മമാത്രം പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍ മാത്രം പഠിപ്പിച്ച ആ പ്രവാചകനെ(സ) അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഇങ്ങനെയാണ്: '(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍)' (അല്‍ അഅ്‌റാഫ്: 157,158).
ജീവിതത്തില്‍ ഒരിക്കല്‍പോലും കളവ് പറഞ്ഞിട്ടില്ല. ആരെയും വഞ്ചിച്ചിട്ടില്ല. കരാര്‍ ലംഘനം നടത്തിയിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യം ഭൗതിക ലാഭമായി കണ്ടിട്ടില്ല. ഏതുവിഷയത്തിലും പരലോകം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു പ്രവര്‍ത്തനം. 'ശക്തമായ ചൂടുള്ള സന്ദര്‍ഭത്തില്‍ യാത്രചെയ്യുന്ന ഒരു വ്യക്തി അല്‍പസമയം മരത്തിനു കീഴിലെ തണലില്‍ വിശ്രമിക്കാനിരിക്കുന്നത് പോലെ മാത്രമെ ഞാനും ഇഹലോകവും തമ്മില്‍ ബന്ധമുള്ളു'(തുര്‍മുദി) എന്നാണ് നബി(സ) പറഞ്ഞത്. ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കുമ്പോഴാണ് മറ്റുള്ളവരെ പരാജയപ്പെടുത്തണമെന്ന ചിന്ത വരുന്നത്. വാശിയും വൈരാഗ്യവും വെറുപ്പും കളവും കാപട്യവും കടന്നുവരുന്നത്. അല്ലാത്ത പക്ഷം ഒരു വ്യക്തിയുടെ മനസ്സ് ശുദ്ധമായിരിക്കും. നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നതും ആര്‍ത്തികൂടുന്നതും അത്യാഗ്രഹം ജനിക്കുന്നതുമെല്ലാം ഇഹലോകത്തെ പരലോകത്തെക്കാള്‍ വലുതായി കാണുമ്പോഴാണ്. ആ ജീവിതം ഇത്രമേൽ സരളവും നിഷ്കളങ്കവും നിഷ്ക്കാമവും ആയത് ഈ ജീവിത വീക്ഷണം കൊണ്ടാണ്. ഒരു ഭൗതിക വിരക്തനായ ത്യാഗിയെപ്പോലെ മാത്രമായിരുന്നു ആ ജീവിതം. ആഇശ(റ) പറയുന്നു: 'അതിഥികള്‍ ഉള്ളപ്പോഴല്ലാതെ നബി(സ്വ) റൊട്ടിയും മാംസവും കൊണ്ട് വയറു നിറച്ചിട്ടില്ല.' വെള്ളവും കാരക്കയും മാത്രം ഉപയോഗിച്ച് ദിവസങ്ങളോളം ജീവിച്ചിട്ടുണ്ട്. മരിക്കുന്ന സമയത്തുപോലും അവിടുത്തെ പടയങ്കി ജൂതന്റെ വീട്ടില്‍ പണയത്തിലായിരുന്നു'. പക്ഷേ, ഇതൊന്നും അല്ലാഹുവോടുള്ള കടമകള്‍ നിറവേറ്റുന്നതിനോ ആരാധനകള്‍ നിര്‍വഹിക്കുന്നതിനോ ഒരിക്കലും തടസ്സമായിട്ടില്ല. കാലില്‍ നീര് വരും വിധം അവർ രാത്രിയില്‍ നീണ്ട് നമസ്‌കരിക്കുമായിരുന്നു. 'ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ ആഇശാ?' എന്നായിരുന്നു ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി. രാത്രിയുടെ ആദ്യഭാഗം ഉറങ്ങും. അവസാനഭാഗം നമസ്‌കരിക്കും. ബാങ്ക് കേട്ടാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കും. വലിയ അശുദ്ധിയുണ്ടെങ്കില്‍ കുളിക്കും. അല്ലാത്ത പക്ഷം വുദൂഅ് ചെയ്ത് നമസ്‌കാരത്തിനു പുറപ്പെടും. സുബ്ഹി നമസ്‌കരിച്ചു കഴിഞ്ഞാല്‍ സൂര്യന്‍ നന്നായി ഉദിക്കുന്നത് വരെ നമസ്‌കാര സ്ഥലത്തുതന്നെ ഇരിക്കും. നാലു റക്അത്ത് ദുഹാ നമസ്‌കരിക്കും. ചിലപ്പോള്‍ അതിനെക്കാള്‍ കൂടുതലും. അടുപ്പത്തുവെച്ച പാത്രത്തിലെ വെള്ളം തിളക്കുന്ന പോലെ ശബ്ദം വരുമാറ് കരഞ്ഞ് നമസ്‌കരിക്കും. സദാസമയവും നാവിന്‍ തുമ്പില്‍ ദിക്‌റുകള്‍. ചിന്തയിലും ചലനത്തിലും ആത്മീയതയിൽ വിലയിച്ച ഈ ജീവിതശൈലി തന്നെയായിരുന്നു ആ മഹൽ ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത.
സ്രഷ്ടാവിനോടുള്ള ബന്ധത്തില്‍ മാത്രമല്ല, സഹജീവികളോടുള്ള ബന്ധങ്ങളിലും നബി(സ) ബദ്ധശ്രദ്ധനായിരുന്നു. സ്വഭാവം, പെരുമാറ്റം, സംസ്‌കാരം... എല്ലാം ഏവരെയും ആകര്‍ഷിക്കുന്ന രൂപത്തില്‍.'താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' എന്ന് അല്ലാഹു പറയുന്നു. 'അവിടുത്തെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്ന് ഭാര്യ ആഇശ(റ) സാക്ഷ്യപ്പെടുത്തുന്നു. കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സാവകാശം വേര്‍തിരിച്ചുകൊണ്ടുള്ള സംസാരം. എപ്പോഴും മുഖത്ത് പുഞ്ചിരി. അഹങ്കാരം ലവലേശമില്ല. വിനയത്തിന്റെ നിറകുടം. 'ക്രിസ്ത്യാനികള്‍ ഈസാ നബിയെ അതിരുകവിഞ്ഞ് വാഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ അതിരുകവിഞ്ഞ് വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും റസൂലുമാണ്' എന്ന വാക്കുകൾ മാത്രം മതി ആ വിനയം അളക്കുവാൻ. മഹാനുഭാവൻ സാധാരണക്കാര്‍ക്കൊപ്പം ജീവിച്ചു. അവരോടൊപ്പം യാത്ര ചെയ്തു. അവരില്‍ ഒരാളായിക്കൊണ്ടു തന്നെ എല്ലാം ചെയ്തു. 'മാംസമില്ലാത്ത എല്ല് ഒരാള്‍ എനിക്ക് സമ്മാനമായി തന്നാല്‍ പോലും ഞാന്‍ സ്വീകരിക്കും. അതു (പാകം ചെയ്ത്) എന്നെ ക്ഷണിച്ചാല്‍ ആ ക്ഷണം ഞാന്‍ സ്വീകരിക്കും' പ്രവാചകന്‍(സ)യുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ സമഭാവനയുടെയും വിനയത്തിന്റെയും അടയാളമാണ്. ആ സ്വഭാവത്തിന് കിട്ടിയ സാക്ഷ്യങ്ങൾ നിരവധിയാണ്. അനസ്(റ) പറയുന്നു: 'പത്തുവര്‍ഷത്തോളം ഞാന്‍ പ്രവാചകന് സേവനം ചെയ്തിട്ടുണ്ട്. അനിഷ്ടകരമായ ഒരു വാക്ക് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. ചെയ്ത ഒരു കാര്യത്തില്‍ എന്തിനിത് ചെയ്‌തെന്നോ, ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരില്‍ എന്തുകൊണ്ട് ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല.' (മുസ്ലിം). മാന്യത ആ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. ആരോടെങ്കിലും മ്ലേഛമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല നബി(സ). അങ്ങാടിയില്‍ ശബ്ദകോലാഹലം ഉണ്ടാക്കുന്ന കൂട്ടത്തിലായിരുന്നില്ല അവർ. തിന്മയെ തിന്മ കൊണ്ട് നേരിടാറില്ല. മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുകയായിരുന്നു പതിവ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തിലല്ലാതെ തന്റെ കൈകൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല.
പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു. ആ ജീവിതത്തിന്റെ മനോഹര നിറമാണ് അവിടത്തെ ഔദാര്യം. ആര് ചോദിച്ചാലും നല്‍കും. ഇല്ല എന്ന് പറയില്ല. വീട്ടിലും നാട്ടിലും ഒരേ സമയം മാന്യത പുലര്‍ത്തി. ഇന്ന് പലര്‍ക്കും സാധിക്കാത്ത ഒന്നാണിത്! സമൂഹത്തിലെ പകൽ മാന്യന്മാർ പലരും വീട്ടിൽ തനി ക്രൂരന്മാരായിരിക്കും. വീട്ടിൽ പതുങ്ങിക്കൂടി ജീവിക്കുന്ന ചിലർ അങ്ങാടിയിൽ എത്തുമ്പോൾ കൊമ്പുള്ളവരായി മാറും. എന്നാൽ ഇങ്ങനെയൊന്നുമായിരുന്നില്ല മാനുഷികത്തിന്റെ മഹാനായ പ്രവാചകൻ. നബി തിരുമേനി സ്വയം വസ്ത്രം അലക്കും. ആടിനെ കറക്കും. ഭാര്യമാരെ വീട്ടുജോലിയില്‍ സഹായിക്കും. സ്വന്തം ചെരുപ്പ് തുന്നേണ്ടിവരുമ്പോൾ തുന്നും. സ്വന്തം ഭാരങ്ങൾ സ്വയംവഹിക്കും. മറ്റൊരാൾ സേവിക്കാൻ വരുന്നത് ഒരിക്കലും കാത്തുനിൽക്കുകയില്ല. അതിനിടയിൽ ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പുറപ്പെടും. അപ്പോഴാവട്ടെ ആളാകെ മാറിക്കഴിഞ്ഞിരിക്കും. ആ രംഗം ആയിഷ ബീവി (റ) വിവരിക്കുമ്പോൾ പറയുന്നത് ഇങ്ങനെയാണ്: 'വാങ്ക് കേട്ടാൽ പിന്നെ നബി തങ്ങൾ ഞങ്ങളെ ഇങ്ങോട്ടോ ഞങ്ങൾ അങ്ങോട്ടോ അറിയാത്തത് പോലെ വേറെ ഒരു ലോകത്തേക്ക് പോവുകയായിരിക്കും'. മഹോന്നതനായ കുടുംബ നാഥനായിരുന്നു തങ്ങൾ. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം എല്ലാവരോടും മഹാനവർകൾ നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്വന്തം ഭാര്യയോട് ഏറ്റവും നല്ലവനാണ് എന്ന തത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. സ്നേഹത്തിനല്ലാതെ ഒരു പരിഭവത്തിനും അവിടെ സ്ഥാനമുണ്ടായിരുന്നില്ല. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി നബി തങ്ങൾ വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. അപ്പോൾ ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.'
ഒരു രാജ്യത്തിന്റ ഭരണാധികാരം കയ്യാളുന്ന, അന്ത്യനാള്‍ വരെയുള്ളവര്‍ക്കെല്ലാം പ്രവാചകനായിട്ടുള്ള വ്യക്തിയുടെ മാതൃകാപരമായ ജീവിതത്തിന്റെ തേജോമയമായ സന്ദര്‍ഭങ്ങളാണിത്. ഖൈബര്‍ യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ സഫിയ്യ(റ)യുമായുള്ള വിവാഹം നടന്നു. അവര്‍ക്ക് ഒട്ടകപ്പുറത്തു കയറാന്‍ നബി(സ) തന്റെ കാല്‍ വെച്ചുകൊടുത്തു. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിട്ട് അതിന്റെ പേരില്‍ അവിടെ കുടുംബകലഹമുണ്ടായിട്ടില്ല. യാത്രയില്‍ പോലും ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് നീതി കാണിക്കും. ആരാധനയില്‍ ഭാര്യമാര്‍ക്ക് പ്രേരണയും പ്രോല്‍സാഹനവും നല്‍കി. പാതിരാവായാല്‍ ഭാര്യമാരെ നമസ്‌കാരത്തിനു വിളിച്ചുണര്‍ത്തും. ആ സ്നേഹം എല്ലാവരിലേക്കും ഒഴുകി. നബി(സ) കുട്ടികളെ ഉമ്മവെക്കും, താലോലിക്കും, അവരോടൊപ്പം കളിക്കും. ജഅ്ഫര്‍ (റ) യുദ്ധത്തില്‍ ശഹീദായപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്വന്തം മകൾ ഫാത്വിമ(റ)യോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. പെണ്‍കുട്ടികള്‍ അവഗണിക്കപ്പെടുന്ന കാലത്തായിരുന്നു ഈ മാതൃകാജീവിതം എന്ന് നാം പ്രത്യേകം ഓര്‍ക്കണം. ചെറിയ കുട്ടികള്‍ക്കും ആവശ്യാനുസരണം ശിക്ഷണം നല്‍കി. ഇബ്‌നു അബ്ബാസി(റ)നോട് പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കണം. അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കണം. നിന്റെ മുന്നില്‍ നിനക്കവനെ കാണാം. നീ ചോദിച്ചാല്‍ അല്ലാഹുവോട് ചോദിക്കണം. നീ സഹായം തേടിയാല്‍ അല്ലാഹുവോട് സഹായം തേടണം.' അല്ലാഹുവിന്റെ നാമം ചൊല്ലി മാത്രം ഭക്ഷണം കഴിക്കൂ, വലതുകൈകൊണ്ട് കഴിക്കൂ, മുന്നില്‍ നിന്ന് ഭക്ഷിക്കൂ എന്നിങ്ങനെ നല്ല മര്യാദകള്‍ കുട്ടികളെ പഠിപ്പിച്ചു. അയല്‍വാസികളോട്, ശത്രുക്കളോട്, തെറ്റ് ചെയ്തവരോട് തുടങ്ങി എല്ലാവരോടും മാന്യതയുടെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടേയും സമീപനങ്ങള്‍ മാത്രം പുലർത്തി. ആരെയും അന്യായമായി ദ്രോഹിച്ചില്ല. ആര്‍ക്കും അര്‍ഹതപ്പെട്ടത് തട്ടിയെടുത്തിട്ടില്ല. 'അല്ലാഹുവേ, എന്റെ സമൂഹം അറിവില്ലാത്തവരാണ്. അവര്‍ക്കു നീ പൊറുത്തു കൊടുക്കേണമേ''എന്ന് തന്നെ ഉപദ്രവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച മറ്റൊരു വ്യക്തി ചരിത്രത്തില്‍ അറിയപ്പെടുന്നില്ല.
നീതിയുടെ പ്രതിരൂപമായിരുന്നു നബി പുംഗവൻ. മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് സമ്പത്തുകള്‍ ലഭിച്ചിരുന്നു ഹുനൈന്‍ യുദ്ധത്തില്‍. യുദ്ധാനന്തരം നബി (സ) സമ്പത്ത് മുഴുവന്‍ മക്കയിൽ നിന്നുള്ള നവ മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്തു. മദീനക്കാരായ മുസ്‌ലിംകള്‍ക്ക് അതില്‍നിന്ന് ഒന്നും നല്‍കിയില്ല. അത് അന്‍സ്വാരികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ നബി (സ) അവരെ ഒരുമിച്ചുകൂട്ടി ഹൃദയാവര്‍ജകമായ ഒരു പ്രസംഗം ചെയ്യുകയും അത് അന്‍സ്വാരികളെ പ്രവാചകന്റെ തീരുമാനത്തില്‍ സംതൃപ്തരാക്കാന്‍ കാരണമാവുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു സൈദിബ്‌നില്‍ ആസ്വിം (റ) പറയുന്നു: ഹുനൈന്‍ ദിനത്തില്‍ അല്ലാഹു തന്റെ റസൂലിന് ഗനീമത്ത് സമ്പത്തുക്കള്‍ നല്‍കിയപ്പോള്‍ അത് മക്കക്കാർക്ക് മാത്രം വിതരണം ചെയ്തു. അന്‍സ്വാരികള്‍ക്ക് ഒന്നും നല്‍കിയില്ല. മറ്റുള്ളവര്‍ക്ക് നല്‍കിയതുപോലെ ഒന്നും തങ്ങള്‍ക്ക് നല്‍കാതിരുന്നപ്പോള്‍ അവര്‍ക്കതില്‍ പ്രതിഷേധമുണ്ടായി. അത് മനസ്സിലാക്കിയ നബി തിരുമേനി അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: 'അന്‍സ്വാരീ സമൂഹമേ, നിങ്ങളെ ഞാന്‍ വഴിയറിയാത്തവരായി കണ്ടപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഞാന്‍ മുഖേന വഴികാണിച്ചുതന്നില്ലേ? നിങ്ങള്‍ അനൈക്യത്തിലായിരുന്നപ്പോള്‍ അല്ലാഹു ഞാന്‍ മുഖേന നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയില്ലേ? നിങ്ങള്‍ ദരിദ്രരായിരുന്നപ്പോള്‍ അല്ലാഹു ഞാന്‍ വഴിയായി നിങ്ങളെ ഐശ്വര്യവാന്മാരാക്കിയില്ലേ?' നബി തിരുമേനി ഓരോന്ന് പറയുമ്പോഴും അവര്‍ പറഞ്ഞു: 'അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹം നല്‍കിയവര്‍.'
തിരുമേനി(സ) തുടർന്നു പറഞ്ഞു: 'ആളുകള്‍ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ നബിയെയും കൊണ്ട് നിങ്ങളുടെ വീടുകളിലേക്ക് പോകുന്നതില്‍ നിങ്ങള്‍ സംതൃപ്തരല്ലേ ഹിജ്‌റയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാരികളില്‍പെട്ട ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരു താഴ്‌വരയിലൂടെയും മലഞ്ചെരിവിലൂടെയും സഞ്ചരിക്കുകയും അന്‍സ്വാരികള്‍ മറ്റൊരു താഴ്‌വരയിലൂടെയും മലഞ്ചെരുവിലൂടെയും സഞ്ചരിക്കുകയുമാണെങ്കില്‍ ഞാന്‍ അന്‍സ്വാരികളുടെ താഴ്‌വരയിലൂടെയും മലഞ്ചെരുവിലൂടെയുമാണ് സഞ്ചരിക്കുക. അന്‍സ്വാരികള്‍ അടിവസ്ത്രവും ഇതര ജനങ്ങള്‍ മേല്‍വസ്ത്രവുമാണ്. എനിക്കു ശേഷം നിങ്ങള്‍ക്ക് പക്ഷഭേദം കാണാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ സഹനം കൈക്കൊള്ളുക. എന്നെ പരലോകത്തെ 'ഹൗളി'നരികെ കണ്ടുമുട്ടുന്നതുവരെ'' (ബുഖാരി). അബൂസഈദി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കൂടിയുണ്ട്: 'അല്ലാഹുവേ, നീ അന്‍സ്വാരികളോടും അന്‍സ്വാരികളുടെ സന്താനങ്ങളോടും സന്താനങ്ങളുടെ സന്താനങ്ങളോടും കരുണ കാണിക്കേണമേ!' അതു കേട്ട് അന്‍സ്വാരികള്‍ അവരുടെ താടികള്‍ നനയുന്നതുവരെ കരഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്റെ വിതരണത്തിലും ഓഹരിവെക്കലിലും ഞങ്ങള്‍ സംതൃപ്തരായിരിക്കുന്നു' (ഫത്ഹുല്‍ ബാരി 8/52).
ഈ സ്നേഹധാമത്തെ നെഞ്ചോടു ചേർത്തുപിടിക്കുവാൻ ഇനിയെന്തു വേണം !
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso