തിരുനബി(സ): സ്നേഹം, സമത്വം, സഹിഷ്ണുത
14-09-2023
Web Design
15 Comments
പ്രമേയ ഭാഷണം / മുഹമ്മദ് തയ്യിൽ
തിരുനബി(സ):
സ്നേഹം, സമത്വം, സഹിഷ്ണുത
അണപൊട്ടിയ സ്നേഹധാര
സ്നേഹം എന്ന വികാരത്തെ നിർവചിക്കുന്നതിൽ ശരിക്കും മനുഷ്യന്റെ തത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടു എന്ന് വേണം പറയുവാൻ. കാരണം, സ്നേഹത്തെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ട നിർവചനങ്ങൾ എല്ലാം ഭാഗികമോ അപൂർണ്ണമോ ആണ്. ഉദാഹരണമായി ചിലർ ഇതിനു നിർവചിച്ച, ലൈംഗിക അടുപ്പത്തിലേക്ക് നയിക്കുന്ന താൽപര്യം എന്നത് എടുക്കാം. അല്ലെങ്കിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു സാധനത്തോടോ ഒരു സാഹചര്യത്തോടോ തോന്നുന്ന സന്തോഷകരമായ അനുഭൂതി എന്നതിനെ എടുക്കാം. ഏത് ഏതെടുത്താലും അവയൊക്കെയും അപൂർണ്ണമാണ്. അവയെക്കുറിച്ചൊക്കെ സ്നേഹം എന്നു പറയുന്നതിനേറെ നല്ലത് ഇഷ്ടം എന്ന് മാത്രം പറയലാണ്. ഇഷ്ടം എന്നത് സ്നേഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. കാരണം സ്നേഹം എന്നാൽ മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും എല്ലാ സാഹചര്യങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന ഒരു വികാരമാണ്. അതിൽ പെട്ട ഒന്ന് മാത്രമാണ് ഇഷ്ടപ്പെടുക എന്നത്. ഭൗതിക തത്വശാസ്ത്രങ്ങൾ സ്നേഹത്തെ നിർവചിക്കുന്നതിൽ പരാജയപ്പെട്ടു എങ്കിലും ഇസ്ലാം അതിൽ പരാജയപ്പെട്ടിട്ടില്ല. കാരണം ഇസ്ലാം സ്നേഹത്തിന് കൃത്യമായ ഉദാഹരണം അവതരിപ്പിച്ചിട്ടുണ്ട്. അത് സൃഷ്ടാവായ അല്ലാഹുവിന് സൃഷ്ടികളോടുള്ള സ്നേഹമാണ്. ഒരു തിരുവചനത്തിൽ പറയുന്നു, അല്ലാഹു തന്റെ കാരുണ്യത്തെ നൂറായി പകുത്തു. അതിൽ ഒരംശം മാത്രം ഈ പ്രപഞ്ചത്തിനു വേണ്ടി നൽകി. അങ്ങനെ ലഭിച്ച ആ ഒരംശം കൊണ്ടാണ് ഈ ലോകത്തെ എല്ലാ സ്നേഹവും കാരുണ്യവും ഇഷ്ടവും ഉണ്ടാകുന്നത്. കുഞ്ഞിന് പാല് കുടിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുവാനും പ്രയാസങ്ങളെ ഇല്ലാതെയാക്കുവാനും അമ്മ പശു കാലുയർത്തിക്കൊടുക്കുന്നത് പോലും ആ അംശത്തിന്റെ അംശം കൊണ്ടാണ് എന്ന് തിരുവചനം പറയുന്നു. ഈ ഉദാഹരണത്തിൽ നിന്ന് സ്നേഹത്തെ കാണുവാൻ നമ്മൾ ശ്രമിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് സ്നേഹം എന്നത് സർവ്വ തല സ്പർശി ആയിരിക്കേണ്ടതും സർവ്വകാലികമായിരിക്കേണ്ടതുമാണ് എന്നതാണ്. അതിനാൽ തന്നെ ചൂഴ്ന്നും വലയം ചെയ്തും നിൽക്കുന്ന എല്ലാറ്റിനോടും ഒരാൾക്കുണ്ടാകുന്ന സന്തോഷകരമായ അനുഭൂതിയാണ് സ്നേഹം എന്നൊക്കെ ഏതാണ്ട് പറയാം. അത്തരത്തിലുള്ള സ്നേഹം എവിടെ നിന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളത് എന്നത് ആത്മാർത്ഥമായി മനുഷ്യൻ ആലോചിക്കുമ്പോൾ അവന് മുഹമ്മദ് മുസ്തഫ(സ)യുടെ അടുത്ത് അല്ലാതെ എത്തിച്ചേരാൻ കഴിയില്ല. മറ്റെവിടെയെങ്കിലും ഈ അർത്ഥത്തിൽ ഒരാൾ ചെന്ന് കയറിയെങ്കിൽ അവന്റെ അന്വേഷണ വഴികളിൽ പിഴവ് പറ്റിയെന്ന് കരുതാം.
നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹ വൃത്തത്തിലുണ്ട്. മനുഷ്യന് പുറമെ പക്ഷി മൃഗാദികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹൃത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സഹജീവികളെ സ്നേഹിച്ചും അവര്‍ക്ക് കാരുണ്യം ചെയ്തും അവിടുന്ന് സ്നേഹ വ്യക്ഷമായി പടര്‍ന്ന് പന്തലിക്കുകയായിരുന്നു നബി. അനുചരരില്‍ മക്കയിലെ പേരുകേട്ട സമ്പന്നര്‍ മുതല്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത നിരാലംബര്‍ വരെ ഉണ്ടായിരുന്നു. എല്ലാവരിലേക്കും ആ സ്നേഹം വിഴിഞ്ഞൊഴുകി. സമ്പത്തൊരിക്കലും മുത്തുനബിയെ മോഹിപ്പിച്ചില്ല. ദരിദ്രരെ അവിടുന്ന് ആട്ടിയോടിച്ചതുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കി. ഈ അപരിഷ്കൃതരെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഉപദേശം കേള്‍ക്കാനെത്താമെന്ന ഖുറൈഷി പ്രമാണിമാരുടെ വാക്കുകള്‍ തിരുറസൂലിനെ തെല്ലും പരിഭവപ്പെടുത്തിയില്ല. മക്കാ വിജയ വേളയില്‍ അവിടുന്ന് നടത്തിയ മനുഷ്യവകാശ പ്രഖ്യാപനം ലോകം അനുഭവിച്ച ഏറ്റവും വലിയ സ്നേഹത്തിന്റെ സ്വരമാണ്.
വിശ്വ കാരുണ്യമാണ് പ്രവാചക ശ്രേഷ്ഠര്‍. ജീവജാലങ്ങളോട് പോലും കരുണ കാണിച്ചും സ്വഹാബത്തിനെ അതിനു പ്രേരിപ്പിച്ചും തിരുനബി മികച്ച മാതൃക സൃഷ്ടിച്ചു. ‘ഭൂമിയിലുള്ള മൃഗങ്ങളും ചിറകുവിടര്‍ത്തിപ്പറക്കുന്ന പക്ഷികളും നിങ്ങളെപ്പോലെയുള്ള സൃഷ്ടികളാണ്. അവ നാഥനിലേക്ക് മടങ്ങിപ്പോകുന്നവയാണ്’ എന്ന ഖുര്‍ആനിക അധ്യാപനം ലോകജനതയെ ഉണര്‍ത്താന്‍ നബി തിരുമേനി മറന്നില്ല. പക്ഷി മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും അവയെ വേദനിപ്പിക്കരുതെന്നും അനുചരരെ ഓര്‍മ്മിപ്പിക്കുമ്പോൾ ആ സ്നേഹപ്പുഴ മനുഷ്യലോകത്തിന്റെ അതിരുകൾ കടക്കുകയായിരുന്നു. ഒരിക്കല്‍ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നോട് പരിഭവം പറഞ്ഞ ഒട്ടകത്തെ സാന്ത്വനിപ്പിച്ച്, ഉടമയായ അന്‍സ്വാരിയെ വിളിച്ച് നബിതങ്ങള്‍ നല്‍കിയ ഉപദേശം ആരെയും ചിന്തിപ്പിക്കുന്നതാണ്. ‘അല്ലാഹുവാണ് നിനക്കീ ജീവിയെ ഉടമപ്പെടുത്തിത്തന്നത്. നിനക്കല്ലാഹുവിനെ പേടിയില്ലേ ? അന്നം കൊടുക്കാതെ പട്ടിണിക്കിട്ടതും, അധികഭാരം കയറ്റി പണിയെടുപ്പിച്ചതും, കഠിനാധ്വാനം ചെയ്യിച്ച് ക്ഷീണിപ്പച്ചതുമെല്ലാം അതെന്നോട് പറഞ്ഞല്ലോ… ഇനിയെങ്കിലും ഓര്‍മ്മയുണ്ടായിരിക്കണം. ആരോഗ്യമുള്ള സമയത്ത് മാത്രമേ അതിനെ സവാരിക്കുപയോഗിക്കാവൂ’. മൃഗങ്ങളുടെ പുറത്ത് വെറും വിനോദത്തിനായി കയറിയിരുന്ന് കുസൃതി പറഞ്ഞിരുന്ന സംഘത്തോട് തിരുനബി പരിഭവപ്പെട്ടത് കാണാം. ‘വളര്‍ത്തുജീവികളുടെ പുറങ്ങള്‍ നിങ്ങള്‍ മിമ്പറുകളാക്കരുത്. അല്ലാഹു അവയെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നത് വളരെ കഷ്ടപ്പെട്ടു മാത്രം നിങ്ങള്‍ക്കെത്താന്‍ പറ്റാവുന്ന ദൂരങ്ങള്‍ എളുപ്പത്തില്‍ താണ്ടാന്‍ വേണ്ടിയാണ്.
ജീവിത ക്ലേശം ബോധിപ്പിക്കാന്‍ തിരുനബിക്ക് മുന്നിലെത്തിയ സവാദുബ്നു റബീഅ്(റ)വിന് നബി(സ) ഒരു പറ്റം ഒട്ടകങ്ങളെ നല്‍കി നടത്തിയ ഉപദേശം, ഒട്ടകത്തെ പോറ്റി പാല്‍ കറന്നെടുത്തു വിറ്റ് കുടുബം പോറ്റണമെന്നല്ല. മറിച്ച്, അവയോട് കാരുണ്യം കാണിക്കണമെന്നായിരുന്നു. വീട്ടിലെത്തിയാല്‍ ഒട്ടക കുട്ടികളെ നല്ല ആഹാരം നല്‍കി നന്നായി നോക്കാന്‍ വീട്ടുകാരോട് പറയണം, ഒട്ടകത്തിന്‍റെ പാല്‍ അതിന്‍റെ കുട്ടികള്‍ക്കു കൂടി ആവകാശപ്പെട്ടതാണ്, ഒട്ടകങ്ങളെ കറക്കുന്നതിനു മുമ്പ് അവരോട് നഖം മുറിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കണം.. തുടങ്ങി ആ സ്നേഹം ഒട്ടകലയങ്ങളിലേക്ക് വരെ അരിച്ചിറക്കുന്നു. പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ച വ്യക്തിയോട് അതിനെ തുറന്ന് വിടണമെന്നും തള്ള പക്ഷിയുടെ മനോവേദന മനസ്സിലാക്കണമെന്നും ഓര്‍മിപ്പിച്ച നബി പകരുന്നതും സ്നേഹമല്ലാതെ മറ്റൊന്നല്ല. ചെറു പ്രാണികളെ തീയിലിട്ടു കരിക്കുന്നതില്‍ ദേഷ്യപ്പെട്ട റസൂല്‍ ചെറു പക്ഷികളെ ജനങ്ങള്‍ കൊല്ലുന്നത് കാണുമ്പോള്‍ എന്‍റെ മനസ്സ് വ്രണപ്പെടുന്നുവെന്ന് ഉറ്റ തോഴന്‍ അബൂബക്കർ(റ)വിനോട് പരാതിപ്പെടുക പോലും ചെയ്തു. പൂച്ചയെ കെട്ടിയിട്ട് അതിന് ഭക്ഷണം നിഷേധിച്ച കാരണത്താല്‍ നരകത്തില്‍ കടന്ന സ്ത്രീയിലൂടെയും ദാഹിച്ചവശനായ നായക്ക് വെള്ളം നല്‍കി സ്വര്‍ഗം നേടിയ വ്യക്തിയിലൂടെയുമെല്ലാം കഥ പറയുമ്പോൾ സ്നേഹത്തെ പഠിപ്പിക്കുകയായിരുന്നു അവർ. മൃഗങ്ങളെ വേദനിപ്പിച്ച് ഇഞ്ചിഞ്ചായി കൊല ചെയ്യരുതെന്നും അറുക്കുമ്പോള്‍ തന്നെയും നല്ല മൂര്‍ച്ചയുള്ള ആയുധമാണ് ഉപയോഗിക്കേണ്ടതെന്നും സ്നേഹവത്സലനായ നബി(സ) പഠിപ്പിച്ചു.
ആ സ്നേഹം ശത്രുക്കളിലേക്കു പോലും നീളുന്നത് കാണുമ്പോൾ ആ മഹാ മനീഷിക്കു മുമ്പിൽ നമ്മുടെ ശിരസ്സുകൾ താഴ്ന്നു പോകും. അത്തരം രംഗങ്ങൾ നിരവധിയാണ്. ഹിജ്‌റ 6 ൽ ഹുദൈബിയ്യയിൽ വെച്ച് നബിയെയും അനുയായികളെയും മക്കയില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് ശത്രുക്കൾ തീര്‍ത്തു പറഞ്ഞതോടെ നബിയും അനുയായികളും ഹുദൈബിയ്യയില്‍ തമ്പടിച്ചു. തുടര്‍ന്ന് ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും നടന്നു. ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരുകൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കാന്‍ ഇറങ്ങി. ശത്രുക്കളുടെ ശ്രമം പക്ഷേ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവര്‍ നബി(സ)യുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്സലിഞ്ഞു. നബി(സ) പറഞ്ഞു: അവരെ വെറുതെവിടുക. നബി തങ്ങൾ എല്ലാവരെയും തന്റെ മതക്കാര്‍ എന്ന നിലക്കല്ല, മനുഷ്യര്‍ എന്ന നിലക്കാണ് സ്‌നേഹിച്ചത്.
സമാനതകളില്ലാത്ത സമത്വം
മനുഷ്യന്റെ സാമൂഹ്യതയെ ഏറ്റവും അധികം അലോരസപ്പെടുത്തുന്ന ഒന്നാണ് സമത്വ രാഹിത്യം. അസമത്വം ഏതൊരാളിൽ നിന്ന് പ്രകടമാകുന്നതും ആർക്കും അസഹനീയമായിരിക്കും. പ്രത്യേകിച്ചും നേതൃസ്ഥാനത്ത് പ്രത്യേക പദവിയിലോ ഇരിക്കുന്നവരിൽ നിന്ന്. ഏത് താഴെക്കിടയിൽ നിന്നാണെങ്കിലും ഔന്നത്യങ്ങളിൽ എത്തിച്ചേരുന്നതോടുകൂടി മിക്ക മനുഷ്യരിൽ നിന്നും നഷ്ടപ്പെട്ടു പോകുന്ന ഒരു ഗുണമാണ് സമത്വം എന്നത്. ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങളുടെയും പ്രചോദനങ്ങളിൽ ഒന്ന് അസമത്വമാണ്. അതിന്റെ പേരിൽ ഉണ്ടായ യുദ്ധങ്ങൾക്കും കലാപങ്ങൾക്കും കയ്യും കണക്കും ഇല്ല. മനുഷ്യൻ ഏറെ പുരോഗതി പ്രാപിച്ച ഈ ആധുനിക കാലത്തും അതിൽ മാറ്റമൊന്നുമില്ല എന്നതാണ് വസ്തുത. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വർണ്ണ വെറിയും പ്രമാണങ്ങളിലും പത്രകകളിലും മാത്രമാണ് ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം കാര്യത്തോട് അടുക്കുമ്പോൾ നിറത്തിന്റെയും കുലത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യന്മാർ വേറെ കള്ളികളിലേക്ക് മാറ്റപ്പെടുന്നു. ഇക്കാര്യത്തിൽ ആധുനിക കാലഘട്ടത്തിന് പോലും ചൂണ്ടിക്കാണിക്കുവാൻ ഉദാഹരണങ്ങൾ നിരവധിയാണ്. ബോക്സിങ് ഇതിഹാസം അമേരിക്കക്കാരനായ മുഹമ്മദലി ക്ലേ ഇതിന് ഒരു മികച്ച ഉദാഹരണമാണ്. നിയമപരമായി യൂറോപ്പില്‍ വര്‍ണവിവേചനം നിരോധിക്കപ്പെട്ടെങ്കിലും അത് ഉള്‍ക്കൊള്ളാല്‍ ഇനിയും പലര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ സമകാലിക ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു പ്രശസ്ത ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി ക്ലേ. ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബോക്‌സിംഗില്‍ ലോക പ്രശ്‌സ്തിയാര്‍ജിച്ചു, അത്രമേല്‍ പ്രശ്‌സ്തനായിട്ട് പോലും അദ്ദേഹം വെള്ളക്കാരുടെ ഹോട്ടലില്‍ പ്രവേശിക്കുന്നത് തടയപ്പെട്ടു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നത് ഇസ്‌ലാമിന് മാത്രമാണെന്നുള്ള തിരിച്ചറിവാണ് കാഷ്യസ് ക്ലേയെ മുഹമ്മദലി ക്ലേ ആക്കിമാറ്റിയത്. നമ്മുടെ ഭരണഘടനാശില്‍പിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന ഡോ. ബി. അംബേദ്കര്‍ അവര്‍ണരുടെ ബഹുമുഖങ്ങളായ പ്രയാസങ്ങള്‍ക്ക് അറുതി ലഭിക്കണമെങ്കില്‍ മത പരിവര്‍ത്തനം മാത്രമാണ് പോംവഴി എന്ന് ചിന്തിച്ചതും അത്‌കൊണ്ടാണ്.
അസമത്വങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെയുള്ള ഒരു വിപ്ലവം ആയിരുന്നു മഹാനായ നബിയുടെ ജീവിതം തന്നെ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ അറബി എന്നോ അനറബി എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവുകൾ ജനങ്ങളുടെ നിരകൾ നിശ്ചയിക്കാനുള്ളതല്ല എന്ന് നബി(സ) തന്റെ വാക്കുകളിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും ലോകത്തിന് കാണിച്ചുകൊടുത്തു. അതിന് ചരിത്രം എന്നും ഓമനത്തത്തോടെ ഓർക്കുന്ന നിരവധി രംഗങ്ങൾ ഉദാഹരണമായി ഉണ്ട്. മദീനയിലേക്ക് ഹിജ്റയിൽ കടന്നു ചെല്ലുന്ന നബി(സ)യുടെ ചിത്രത്തിൽ തന്നെ അത് കാണാം. നബി(സ)യും അബൂബക്കര്‍(റ)വും യത്‌രിബിന്റെ മണ്ണിലെത്തിയിരിക്കുകയാണ്. ‘യത്‌രിബുകാരെ, നിങ്ങളുടെ ആളിതാ വന്നിരിക്കുന്നു..’ എന്ന ശബ്ദം കേട്ട യത്‌രിബ് ജനത ഖുബായിലേക്ക് ഓടിക്കൂടി. അവര്‍ കണ്ണുനിറയെ അവരെ കണ്ടു. പക്ഷേ, ഒരു പ്രശ്‌നം അവരെ അലട്ടി. തണലിരിക്കുന്ന രണ്ടു പേരില്‍ ആരാണ് നബി?, അതായിരുന്നു പ്രശ്‌നം. അവരാരും നബിയെ കണ്ടിട്ടില്ലാത്തവരാണ്. നബിയെ കണ്ടവര്‍ ആകെ യത്‌രിബില്‍ നൂറോളം പേര്‍ മാത്രം. കൗതുക പൂര്‍വ്വം കൂടിനില്‍ക്കുന്നവരില്‍ അവരാരുമില്ലായിരുന്നു. അവരൊക്കെ വരുന്നേയുള്ളൂ. കാണാത്തവര്‍ക്കായിരുന്നു ജിജ്ഞാസ കൂടുതല്‍. അവര്‍ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി. യാത്രാക്ഷീണം നന്നായി പ്രകടമാകുന്ന രണ്ടു മുഖങ്ങള്‍ക്കും ഒരു തെളിച്ചമുണ്ട്. ഒരാളുടേത് തെല്ല് കൂടുതലുണ്ടെന്ന് ഒററനോട്ടത്തില്‍ കണ്ടുപിടിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.
അവരില്‍ ഓരാള്‍ മാത്രമാണ് നബി. എന്നാല്‍ ഇരുത്തത്തില്‍ രണ്ടുപേരും ഒരേപോലെയാണിരിക്കുന്നത്. നബി എന്ന നായകനും ഒപ്പമുള്ള അനുയായിയും ഒരേ പോലെ ഇരിക്കുകയോ?. ഒരാള്‍ യത്‌രിബിന്റെ ഹൃദയക്കൊട്ടാരത്തില്‍ രാജാവായി വാഴുവാന്‍ വന്നയാളാണ്. ഒപ്പമുള്ള ആള്‍ എന്തായാലും അതല്ല. ഒരാള്‍ മദീനായുടെ സുല്‍ത്വാനാകുവാന്‍ പോകുകയാണ്. ഒപ്പമുള്ള ആള്‍ പ്രജയും. എന്നിട്ടും രണ്ടുപേര്‍ക്കുമിടയില്‍ ഇരുത്തത്തിലെങ്കിലും ഒരു വിത്യാസമില്ല. അവരല്‍ഭുതപ്പെട്ടു. ഒപ്പമുള്ള ആളുടെ അഹങ്കാരമായിരിക്കുമോ ഈ ഇരുത്തം. ആകാന്‍ വഴിയില്ല. രണ്ടു മുഖങ്ങളിലും ഹുങ്കിന്റെ റങ്കുകളൊന്നുമില്ല. അടിമകളും ഉടമകളുമായി ഉച്ചനീചത്വങ്ങളുടെ ഇടയില്‍ ജീവിച്ചുവളര്‍ന്ന അവര്‍ക്ക് ഒട്ടും മനസ്‌സിലായില്ല. അവസാനം പ്രശ്‌നത്തിന് പരിഹാരമായി. തെല്ലു സമയം കഴിഞ്ഞപ്പോള്‍ വെയില്‍ ഒന്നു ചരിഞ്ഞു. അതോടെ ഒരാള്‍ക്ക് വെയിലേല്‍ക്കുവാന്‍ തുടങ്ങി. അപ്പോള്‍ അവരിലൊരാള്‍ എഴുന്നേററു. രണ്ടാമത്തെയാള്‍ക്ക് അയാള്‍ തണല്‍ വിരിച്ചുനിന്നു. അപ്പോള്‍ അവര്‍ക്ക് മനസ്‌സിലായി ഇരിക്കുന്നയാളാണ് നബിതിരുമേനി. തണല്‍ വിരിച്ചനില്‍ക്കുന്നത് അനുയായിയാണ്. അനുയായിയെ വേറിട്ടു കാണാത്ത പുതിയ വിനയസംസ്‌കാരത്തെ യത്‌രിബുകാര്‍ അന്നാദ്യം കാണുകയായിരുന്നു.
ബദർ യുദ്ധത്തിന് പോകുമ്പോൾ ഏതാനും വാഹനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഉള്ള വാഹനങ്ങളിൽ ഊഴം വെച്ചായിരുന്നു നബിയുടെയും സൈനികരുടെയും യാത്ര. നബിക്കും ഉണ്ടായിരുന്നു ഊഴം. പക്ഷേ നബിയുടെ ഊഴം പങ്കിടുന്നവർ നബിയോട് വാഹനത്തിൽ തന്നെ ഇറങ്ങാതെ തുടർന്നു കൊള്ളൂ എന്ന് സ്നേഹപൂർവ്വം പറഞ്ഞു നോക്കി. പക്ഷേ നബി പറഞ്ഞു: 'നിങ്ങളെപ്പോലെ നടക്കാൻ എനിക്കും ആരോഗ്യം ഉണ്ട്. മാത്രമല്ല, എനിക്കും പ്രതിഫലം വേണ്ടതുമുണ്ട്' അത് മറ്റൊരു സമത്വബോധം. ചരിത്ര പ്രസിദ്ധവും ഇസ്ലാമിക സംസ്കൃതിയുടെ പ്രധാന അതിരടയാളവുമായ മക്ക വിജയത്തിന്റെ അന്ന് അതിന്റെ വിജയപ്രഘോഷണം എന്നോണം കഅ്ബാലയത്തിന്റെ മുകളിൽ കയറി വാങ്ക് വിളിക്കുവാൻ കൂട്ടത്തിൽ ഏറ്റവും കറുത്ത ബിലാലിനെ വിളിക്കുമ്പോൾ ലോകം ആ സമത്വം വീണ്ടും കണ്ടു. നബിതിരുമേനിയും ഏതാനും അനുയായികളും വഴിയിലൊരിടത്ത് ഭക്ഷണം പാകം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഒരു ആടിനെ പാകം ചെയ്യുവാനാണ് പരിപാടി. അപ്പോള്‍ അനുയായികളില്‍ ഒരാള്‍ പറഞ്ഞു:
‘ഞാന്‍ ആടിനെ അറുക്കാം’ മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ ആടിനെ തോല്‍പൊളിക്കാം’ മറെറാരാള്‍ പറഞ്ഞു: ‘ഞാന്‍ പാചകം ചെയ്യാം’ അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു: ‘ഞാന്‍ വിറകുണ്ടാക്കിക്കൊണ്ടുവരാം’ അതുകേട്ട അനുയായികള്‍ പറഞ്ഞു: ‘വേണ്ട നബിയേ നിങ്ങള്‍ ജോലിയൊന്നും ചെയ്യേണ്ട, നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എല്ലാം ചെയ്യാം’ നബി(സ) പറഞ്ഞു: ‘അതെനിക്കറിയാം. എങ്കിലും ഞാന്‍ നിങ്ങളില്‍ നിന്ന് വിത്യസ്ഥനാകുവാന്‍ ആഗ്രഹിക്കുന്നില്ല’ അങ്ങനെ ആ ജീവിതത്തിന്റെ സമത്വ ചിത്രങ്ങൾ നിരവധി.
സാർഥകമായ സഹിഷ്ണുത
സഹിഷ്ണുത എന്ന വാക്കിന് ശബ്ദതാരാവലി നല്കുന്ന അര്‍ത്ഥം, സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതുമായ എന്തിനെയും മനക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യത അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ് എന്നതാണ്. മറ്റൊരാളെ അംഗീകരിക്കാനുള്ള ഹൃദയ വിശുദ്ധിയും വിശാലതയും എന്ന് നമുക്ക് സഹിഷ്ണുതയെ ചെറുതാക്കി പറയാം. ഇത് പലപ്പോഴും പലരും അഭിനയിക്കുന്ന ഒരു റോളാണ്. പക്ഷേ അത് നിഷ്ക്കാമായും നിഷ്കളങ്കമായും ഉൾക്കൊള്ളുകയും സ്വന്തം ജീവിതത്തിൽ പുലർത്തുകയും തൻറെ ജനതയെ അങ്ങനെ വളർത്തുകയും ചെയ്ത മഹാചാര്യനാണ് മഹാനായ നബി(സ). അവിടുത്തെ ചെയ്തികളിൽ അത് പ്രകടമായിരുന്നു. മദീനയിലെ പള്ളിയിൽ വാങ്ക് വിളിക്കുവാൻ ഏൽപ്പിച്ചതും ചരിത്രത്തിന്റെ ധന്യ മുഹൂർത്തമായ മക്കാവിജയനാളിൽ കഅ്ബയിലേക്ക് കടക്കുമ്പോൾ ഒപ്പം ചേർത്തുനിർത്തിയതും കഅ്ബക്ക് മുകളിൽ കയറി വാങ്ക് കൊടുക്കാൻ ആവശ്യപ്പെട്ടതും ബിലാൽ എന്ന അടിമയെയായിരുന്നു. നബി തിരുമേനിയുടെ അദ്ധ്യാപനങ്ങളിൽ ഏറെ ഉയർന്ന ധ്വനി അതു തന്നെയായിരുന്നു. തിരുനബി അരുളി: 'അമുസ്‌ലിം പ്രജകളെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനപ്പുറമുള്ള നികുതിഭാരം കെട്ടിയേല്‍പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ അന്ത്യവിധിനാളില്‍ ഞാന്‍ പരാതി നല്‍കുന്നതാണ്.' തന്‍റെ ഹജ്ജിലെ പ്രസംഗത്തില്‍ തിരുനബി അരുളി: 'വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പൊരുതുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതയയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍പ്പെട്ടവനല്ല' ഒരു മൃതദേഹം പ്രവാചകന്‍റെ അരികിലൂടെ. അപ്പോള്‍ പ്രവാചകന്‍ എഴുേറ്റുനിന്നു. അപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ നബിയോട് അറിയിച്ചു. ‘അതൊരു ജൂതന്‍റെ മൃതദേഹമാണ്.' അതുകേട്ട തിരുനബി തിരിച്ചുചോദിച്ചു. ‘അതും ഒരു മനുഷ്യനല്ലേ?’ അബൂദര്‍റ്(റ) ഒരിക്കല്‍ നീഗ്രോ വംശജനായ ബിലാലിനെ(റ) ‘കറുത്തവളുടെ മകനേ’ എന്ന് ആക്ഷേപഭാവത്തില്‍ വിളിച്ചതറിഞ്ഞപ്പോള്‍ നബി (സ) അബൂദര്‍റില്‍ നിന്ന് മുഖം തിരിക്കുകയും 'മുഹമ്മദിന് ഖുര്‍ആന്‍ അവതരിപ്പിച്ചുതന്ന അല്ലാഹു തന്നെയാണ് സത്യം; കര്‍മം കൊണ്ടല്ലാതെ ഒരാളും മറ്റൊരാളേക്കാള്‍ ഉന്നതാകുന്നില്ല' എന്ന് ക്ഷുഭിതനായി പറയുകയും ചെയ്യുകയുണ്ടായി.
ഒരു സംഘം ജൂതന്മാർ ഒരിക്കൽ നബി(സ്വ)യുടെയടുത്ത് വന്നു. അസ്സലാമു അലൈകും അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്നതിന് പകരം അവർ പറഞ്ഞത് അസ്സാമു അലൈകും അഥവാ നാശവും മരണവും നിന്റെ മേലിലുണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ(റ) ഒരൽപം പരുഷമായി പ്രതികരിച്ചു. ‘നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ’ എന്നായിരുന്നു ബീവി പ്രതികരിച്ചത്. ഇത് രണ്ടും ശ്രവിച്ച പ്രവാചകർ(സ്വ) ആഇശ(റ)യെ തിരുത്തുകയാണ് ചെയ്തത്. ‘അടങ്ങൂ ആഇശാ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു.’ അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി ബീവി. ‘നിങ്ങളുടെ മേലും (വ അലൈക്കും) എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?’ എന്ന് ആഇശ ബീവിയോട് റസൂൽ(സ്വ) മറുപടി സ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു. നബി(സ)യുടെ ജീവിതകാലത്ത് മദീനയിൽ ജൂതന്മാർക്ക് ഒരു ആരാധനാലയവും ബൈത്ത്-അൽ-മിദ്രാസ് എന്ന വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നു. പ്രവാചകൻ ഈ സ്ഥാപനം സംരക്ഷിക്കുകയും ജൂതന്മാർക്ക് സംരക്ഷണം നൽകുകയും ചെയ്തു. (ബുഖാരി)
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso