പച്ചപ്പെന്നിൽ ചാരിവെച്ച ജീവിതം
21-09-2023
Web Design
15 Comments
സംഭാഷണം
പി കെ മുഹമ്മദ് / ടി മുഹമ്മദ്
പി കെ മുഹമ്മദ് എന്ന മാനു സാഹിബ്. പേരു കേൾക്കുമ്പോഴേക്കും തന്നെ നമ്മുടെ പ്രവർത്തക-വായനാ പഥത്തിലെ ഓരോ മനസ്സുകളിലും ആ ചിത്രം തെളിഞ്ഞു കഴിഞ്ഞിരിക്കും. പുതിയത് എന്നും പഴയത് എന്നും രണ്ട് തലമുറകളിലേക്ക് നമ്മുടെ അനുഭവങ്ങളെ മാറ്റിയെഴുതുമ്പോൾ രണ്ട് കളങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഒരു സാന്നിധ്യമാണ് പി കെ മുഹമ്മദ് എന്ന മാനു സാഹിബ്. നമ്മുടെ സ്വന്തം പഴയ തലമുറയിൽ ആയിരുന്നു അദ്ദേഹം പത്രപ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ചതും ദീപശിഖ പിടിച്ച് നടന്നു കയറിയതും. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കയ്യും കാലും ആക്കി മാറ്റാൻ ഒരുങ്ങുന്ന പുതിയ തലമുറയിലും അതേ മാനു സാഹിബ് ഉണ്ട്. നമ്മുടെ ഇളം കുട്ടികൾക്ക് വേണ്ടി നമ്മൾ ഒരുക്കുന്ന അക്ഷരക്കളമായ കുരുന്നുകളിൽ പത്രാധിപ കസേരയിൽ ഇരിക്കുന്നത് അദ്ദേഹമാണല്ലോ. അവിടേക്ക് അദ്ദേഹം സുന്നി അഫ്കാറിലൂടെയും സത്യധാരയിലൂടെയും അൽ മുഅല്ലിമിലൂടെയും ക്രമപ്രവൃദ്ധമായി ചുവടുവെച്ച് തന്നെയാണ് നടന്നു നീങ്ങിയതും നടന്നുകൊണ്ടിരിക്കുന്നതും. പഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്ക് പാലം കെട്ടുന്ന ജീവിതം എന്ന നിലക്ക് അതിലെ കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും തിരിവുകളും കാണുന്നതും പറഞ്ഞു കേൾക്കുന്നതും നമുക്ക് കൗതുകം തന്നെയാണ്. ഒപ്പം നമ്മുടെ വർത്തമാനകാല വർത്തമാനങ്ങളിലേക്ക് ഒരു അധ്യായം എഴുതേണ്ട ഒരു അധ്യായം എഴുതി ചേർക്കലും. കോഴിക്കോട്ട് പന്തീരങ്കാവിലെ വീട്ടിൽ എത്തുമ്പോൾ അതെല്ലാം നമ്മളോട് പറയുവാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു പ്രിയപ്പെട്ട മാനു സാഹിബ്. പുതിയ തലമുറക്ക് വേണ്ടി അദ്ദേഹവുമായി കുറച്ചുനേരം ആ വഴികളിലൂടെ എല്ലാം ഞങ്ങൾ കണ്ടും കേട്ടും നടന്നു. പ്രസക്തഭാഗങ്ങൾ.
? പത്രപ്രവർത്തനമാണല്ലോ മൊത്തത്തിൽ ജീവിതം. പത്രപ്രവർത്തനത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
- ശരിക്കും അത് അവിചാരിതമായിരുന്നു എന്ന് പറയേണ്ടിവരും. കാരണം 1952 ലാണ് ഞാൻ എസ് എസ് എൽ സി പാസ്സാകുന്നത്. അത് കഴിഞ്ഞതിനുശേഷം എന്തെങ്കിലും ഒരു ജീവിത മാർഗത്തിലേക്ക് കടക്കണം എന്ന് കരുതി അതിനുള്ള ഓരോ വഴികളും മാർഗങ്ങളും ആലോചിച്ചു നടക്കുന്ന ഒരു കാലമായിരുന്നു. അപ്പോഴാണ് നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ അധ്യാപകൻ ആകുവാനുള്ള ഒരു അവസരം കൈവന്നത്. പിതാവിന്റെ പരിചയക്കാരൻ കൂടിയായിരുന്ന സ്കൂൾ മാനേജർ കാണിച്ച ഒരു കാരുണ്യമായിരുന്നു അത് എന്ന് പറയലാണ് ഏറ്റവും ഉചിതം എന്ന് തോന്നുന്നു. കാരണം, അക്കാലത്ത് പത്താംതരം പാസായാൽ തന്നെ സ്കൂളിലെ ഏത് ക്ലാസും പഠിപ്പിക്കാമായിരുന്നു. പക്ഷേ, അത് നീണ്ടില്ല. വേറെ ഏതെങ്കിലും ഒരു മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ആൻഡമാനിൽ ജോലി ചെയ്യുന്ന ഒരു ബന്ധു തന്നോടൊപ്പം അവിടെ ജോലി ചെയ്തു കഴിഞ്ഞു കൂടാം എന്ന ഒരു സന്ദേശം തന്നത്. ആൻഡമാനിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ ആ കമ്പനിയിൽ ജോലി ലഭിക്കും. ജോലി കിട്ടിയാൽ പിന്നെ അവിടെ എത്താനുള്ള യാത്രാ ചെലവ് ടിക്കറ്റ് കമ്പനി നൽകും. അതിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ.
അതിനിടയിലാണ് പെരിന്തൽമണ്ണയിൽ വലിയൊരു മുസ്ലിം ലീഗ് സമ്മേളനം നടക്കുന്നത്. ബാഫഖി തങ്ങൾ, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയ അന്നത്തെ വലിയ നേതാക്കന്മാർ എല്ലാവരും വേദിയിൽ ഉണ്ട്. ഞാൻ അപ്പോഴേക്കും മുസ്ലിംലീഗിന്റെ ഒരു എളിയ പ്രസംഗകനായി മാറിയിരുന്നു. 1952 ലെ പൊതു തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് തുടങ്ങി മെല്ലെ മെല്ലെ പിച്ചവെച്ച് പ്രസംഗ മണ്ഡപത്തിൽ തരക്കേടില്ലാതെ വിറകൂടാതെ നിൽക്കുവാനും ചിലതൊക്കെ പറയുവാനും കഴിയുമായിരുന്നു. 1957 ൽ മേൽപ്പറഞ്ഞ മേൽപ്പറഞ്ഞ പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് സമ്മേളനം ആകുമ്പോഴേക്കും ഏതാണ്ട് ഒന്നുകൂടി പ്രസംഗ കലയിൽ തെളിയുവാൻ കഴിഞ്ഞിരുന്നു. അന്ന് ആ വേദിയിൽ ഉണ്ടായിരുന്ന നേതാക്കന്മാർ എന്റെ പ്രസംഗം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് പിന്നെ മനസ്സിലായി. പ്രസംഗം കഴിഞ്ഞപ്പോൾ സി എച്ച്, ഉമ്മർഖാൻ സാഹിബിനോട് പറഞ്ഞു. നമുക്ക് ഇവനെ പയ്യോളിയിലെ സമ്മേളനത്തിനും പ്രസംഗിക്കാൻ കൊണ്ടുപോകണം എന്ന്. അക്കാലത്തെ എസ് ടി യുവിന്റെ നേതാവായിരുന്നു ഉമർ ഖാൻ സാഹിബ്.
നേതാക്കൾ രണ്ടുപേരും ഒപ്പം ബാഫഖി തങ്ങളോടും തങ്ങളുടെ അഭിപ്രായം പറഞ്ഞു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബാഫഖി തങ്ങൾ സന്തോഷപൂർവ്വം അത് അംഗീകരിച്ചു. അങ്ങനെ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി അവർ പറഞ്ഞ ദിവസം ഞാൻ ആദ്യം കോഴിക്കോട്ടെ ബാഫഖി തങ്ങളുടെ പാണ്ടികശാലയിൽ എത്തി. അവിടെ നിന്ന് തങ്ങളോടൊപ്പം നിങ്ങളുടെ കാറിൽ സമ്മേളനത്തിന് അത്തോളിയിലേക്ക് പോകുവാനാണ് പരിപാടി. അങ്ങനെ പോവുകയും പ്രസംഗിക്കുകയും ചെയ്തു. അന്ന് രാത്രി തങ്ങളുടെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയും ചെയ്തു. രാവിലെ എഴുന്നേറ്റ് തങ്ങൾ തന്നോട് ഒപ്പം കാറിൽ കയറാൻ പറഞ്ഞു. എങ്ങോട്ടാണ് തങ്ങൾ പോകുന്നത്, തന്നെ കൊണ്ടുപോകുന്നത് എന്നൊന്നും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വഴിയും നാടും ഒന്നും വേണ്ടത്ര പരിചിതവും ആയിരുന്നില്ല. കാർ മുന്നോട്ട് പോയി കോഴിക്കോട് ചന്ദ്രികയിലേക്ക് കയറുമ്പോഴാണ് തങ്ങൾ പോകുന്നത് ചന്ദ്രിക ദിനപ്പത്രം ഓഫീസിലേക്ക് ആണ് എന്ന് മനസ്സിലായത്. അവിടെ എത്തിയതും തന്നെ ഒരു ഭാഗത്ത് ഇരുത്തി തങ്ങൾ ഓഫീസിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞതും ഒരു പിയൂൺ വന്ന് വിളിച്ചു. ഒപ്പം ചെന്നപ്പോൾ അലികുഞ്ഞ് സാഹിബിന്റെ ഓഫീസിലേക്ക് ആണ്. ചന്ദ്രികയുടെ മാനേജർ ആയിരുന്നു അദ്ദേഹം. അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു പേപ്പർ തന്നു അത് മലയാളത്തിലാക്കാൻ പറഞ്ഞു. അത് അപ്രകാരം ചെയ്യുകയും ചെയ്തു. പിന്നെ അവിടെ നിന്ന് എഴുന്നേൽക്കാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് അദ്ദേഹം എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിക്കുന്നത്. അപ്പോൾ താൻ പോവുകയാണ് എന്ന സ്വാഭാവിക ഉത്തരം പറഞ്ഞു. അത് കേട്ട് അദ്ദേഹം പറഞ്ഞു, നിനക്ക് പോകാൻ പറ്റില്ല നിന്നെ ഇവിടെ ജോലിയിൽ നിയമിക്കുവാനാണ് തങ്ങൾ പറഞ്ഞിരിക്കുന്നത് എന്ന്. അപ്പോഴാണ് തങ്ങൾ എന്നെ കൊണ്ടുവന്നത് എനിക്ക് ജോലി നൽകുവാൻ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഏതായാലും പെട്ടെന്ന് നാട്ടിലേക്ക് ഒന്ന് വരികയും വേണ്ട സാധനസാമഗ്രികൾ എടുത്ത് പെട്ടെന്ന് തിരിച്ചുവന്ന് ചന്ദ്രികയിലെ ജോലിയിൽ പ്രവേശിക്കേണ്ടി വരികയും ചെയ്തു. അതാണ് തുടക്കം പിന്നെ പെൻഷൻ ആകുന്നത് വരെയും പത്രപ്രവർത്തനം തന്നെയാണ് ജീവിതം. അതും ചന്ദ്രികാ ദിനപത്രത്തിൽ തന്നെ. ഇടക്ക് ചന്ദ്രികയിൽ നിന്ന് തന്നെ ലീഗ് ടൈംസ് ഉണ്ടായപ്പോൾ കുറച്ചുകാലം അതിലും സേവനം ചെയ്തു. വിരമിക്കുമ്പോഴേക്കും പ്രശ്നങ്ങൾ എല്ലാം തീർന്നു വീണ്ടും ചന്ദ്രികയുടെ ഡെസ്കിൽ തന്നെ എത്തിച്ചേർന്നു.
? അപ്പോൾ ചന്ദ്രികയായിരുന്നു ജീവിതം. ജീവിതത്തിൽ ചന്ദ്രിക കാലം എങ്ങനെയാണ് ഓർത്തെടുക്കുന്നത് ?
- ചന്ദ്രികയിലെ ആദ്യ നാളുകൾ വളരെ ക്ലേശകരമായിരുന്നു. പ്രധാനമായും സാമ്പത്തികമായി. ശമ്പളം പൊതുവേ കുറവായിരുന്നു. അതുതന്നെ കിട്ടുവാൻ കുറെയധികം കാത്തു നിൽക്കേണ്ടതും ഉണ്ടായിരുന്നു. പക്ഷേ, ചന്ദ്രികയുടെ ജീവനക്കാർ എല്ലാം അല്ലെങ്കിൽ ഏതാണ്ട് എല്ലാവരും എന്നെപ്പോലെ പാർട്ടി വികാരത്തിൽ ഡെസ്ക്കുകളിൽ എത്തിച്ചേർന്നവരായിരുന്നു. ആയതിനാൽ ആർക്കും സൗകര്യത്തിന്റെയോ ശമ്പളത്തിന്റെയോ കുറവ് വലിയൊരു വിഷയമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ചന്ദ്രികയിലെ ജോലി എഴുത്തിന്റെ മാത്രമല്ല പ്രവർത്തനത്തിന്റെയും വളർച്ചയുടെ ഘട്ടം തന്നെയായിരുന്നു. കാരണം, എല്ലാ ദിവസവും വൈകുന്നേരം എനിക്ക് വിവിധ പാർട്ടി പരിപാടികളിൽ പ്രസംഗിക്കാൻ ഉണ്ടായിരുന്നു. 1957ൽ നടന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് സി എച്ച് മത്സരിക്കുമ്പോൾ ഇത്തരം അവസരങ്ങൾ ഒരുപാട് വന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം വിശദമായി വിശദീകരിക്കുവാനും താത്വികമായി അവതരിപ്പിക്കുവാനും എല്ലാം ശ്രമിക്കുന്ന ഒരാളായി ഞാൻ അംഗീകരിക്കപ്പെട്ടതോടുകൂടി എൻ്റെ തിരക്കുകൾ വർദ്ധിച്ചു. ഈ തിരക്കുകൾ ഒന്നും ഒരിക്കലും ഒരു ഭാരമായിട്ട് തോന്നുമായിരുന്നില്ല. ഇതെല്ലാം അന്നത്തെ പ്രായം, മനോവികാരം, രാഷ്ട്രീയ താൽപര്യം തുടങ്ങിയവക്കെല്ലാം വലിയ ഉത്തേജനം നൽകുന്ന ഉത്തേജകങ്ങളായി മാറി. ഇന്നത്തെ കാലം പോലെയൊന്നും സാമ്പത്തികമായി അതിന് ലഭിക്കുമായിരുന്നില്ല എങ്കിലും മനസ്സിലെ രാഷ്ട്രീയ വികാരത്തിന് അതു വലിയ വളർച്ച നൽകി. അതുവഴി മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് കടക്കാനായി. മാത്രമല്ല, എഴുത്ത് തുടങ്ങിയ പ്രസംഗം തുടങ്ങിയ മേഖലകളിൽ പാർട്ടിയെ വേണ്ട വിധത്തിൽ പ്രതിനിധീകരിക്കാനും ആയി. പിന്നീട് പാർട്ടിയിൽ യുവജന വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി വരെ ആകുവാനുള്ള ഭാഗ്യം കൈവന്നത് ഇങ്ങനെയെല്ലാമാണ്.
? മലപ്പുറം കരിങ്കല്ലത്താണിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത് ചന്ദ്രിക വഴിയാണ് എന്ന് പറഞ്ഞു, കോഴിക്കോട്ടു കാരനായി മാറിയത് എങ്ങനെയായിരുന്നു ?
-1958 ൽ ആയിരുന്നു വിവാഹം. പുഴക്കാട്ടിരിയിൽ നിന്നാണ് വിവാഹം കഴിച്ചത്. കോഴിക്കോട് നിന്ന് ആഴ്ചയിൽ ഒരു വാരാന്ത്യ അവധി ദിനത്തിൽ ബസ്സിൽ തൂങ്ങിപ്പിടിച്ച് ദീർഘമായ യാത്ര ചെയ്തു വീട്ടിൽ വന്ന് പോകുന്നത് ആദ്യകാലത്ത് ഒന്നും അത്ര പ്രയാസകരമായി തോന്നിയിരുന്നില്ല. കൂടെക്കൂടെ അതിന്റെ പ്രയാസം തോന്നിത്തുടങ്ങി. അങ്ങനെ വന്നപ്പോഴാണ് കോഴിക്കോട് തന്നെ താമസിക്കുക എന്ന ആശയം ഉണ്ടായത്. പ്രത്യേകിച്ചും മക്കളുടെ വിദ്യാഭ്യാസമെല്ലാം നമ്മൾ കരുതും പോലെ ആവണമെങ്കിൽ അതനിവാര്യവും ആണല്ലോ. അങ്ങനെ കോഴിക്കോട്ട് ഒരു വാടകവീട്ടിൽ ജീവിതം ആരംഭിച്ചു. പിന്നെ വലിയ അവധി ദിനങ്ങളിൽ മാത്രം നാട്ടിലും വീട്ടിലും ഒക്കെ പോയി വരുന്നതായി പതിവ്.
ജോലി, സേവനം, പ്രവർത്തനം തുടങ്ങിയവയെല്ലാം വലിയ മാനസിക സന്തോഷവും ഉന്മേഷവും വൈകാരിക ഉത്തേജനവും എല്ലാം ഉണ്ടാക്കുന്നതായിരുന്നു എന്നത് ശരിയാണ്. പക്ഷേ സാമ്പത്തികമായ കാര്യങ്ങൾ അത്രതന്നെ മെച്ചപ്പെട്ടതായിരുന്നില്ല. പ്രത്യേകിച്ചും മാസശമ്പളം അല്ലാത്ത മറ്റൊരു വരുമാനവും ഇല്ലാത്ത സാഹചര്യത്തിൽ. മാസശമ്പളം കൊണ്ട് കുടുംബത്തിൻെറ ദൈനംദിന ജീവിത കാര്യങ്ങൾ ഏതാണ്ട് നല്ല നിലയിൽ മുന്നോട്ടു പോകുമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം തലക്കുപിടിച്ചിരുന്നതിനാൽ ചെറുതെങ്കിലുമായ ചില ചെലവുകൾ അതിനും വരുമായിരുന്നു. എല്ലാംകൂടി ചേർന്നപ്പോൾ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നീണ്ടു പോയി. നീണ്ടു എന്നു പറഞ്ഞാൽ ഏതാണ്ട് 92 ൽ വിരമിക്കുന്ന സമയത്തേ സ്വന്തമായി വീടുണ്ടാക്കാൻ ഒത്തതുള്ളൂ. അതിനുമുമ്പ് കോഴിക്കോട് നഗരത്തിലെ തരക്കേടില്ലാത്ത ഒരു കുടുംബ ജീവിതം, മക്കളുടെ വിദ്യാഭ്യാസം, വിവാഹങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം വലിയ പ്രയാസമില്ലാതെ കഴിഞ്ഞുപോയി. നഗരത്തിലെ ജീവിതം ശീലമായതിനാൽ സ്വന്തമായി വീട് ഇല്ലാത്തതിൽ അത്ര വലിയ പ്രശ്നങ്ങളൊന്നും തോന്നിയിരുന്നതും ഇല്ല.
? ഞങ്ങൾക്കും നമ്മുടെ വായനക്കാർക്കും പ്രത്യേക താൽപര്യം സുന്നി സാഹിത്യ രംഗത്തേക്കുള്ള വരവും വളർച്ചയുമെല്ലാം ആണല്ലോ, അതെങ്ങനെയായിരുന്നു ?
- സുന്നി ടൈംസ് പത്രാധിപർ മർഹൂം അമാനത്ത് കോയണ്ണി മുസ്ലിയാർ ആയിരുന്നു. അതിൻെറ ആസ്ഥാനം കോഴിക്കോട് ഹൽവ ബസാറിലും ആയിരുന്നു. ഈ രണ്ടു കാരണങ്ങളാൽ തുടക്കത്തിൽ തന്നെ സുന്നി ടൈംസുമായി ചെറിയ ബന്ധം തുടങ്ങാൻ കഴിഞ്ഞു. എൻെറ ഒരു ബന്ധു കൂടിയായിരുന്നു അമാനത്ത് കോയണ്ണി മുസ്ലിയാർ. പിന്നെ ഹൽവ ബസാർ എന്ന് പറയുമ്പോൾ അത് ഞാൻ ജീവിക്കുന്ന നഗരത്തിന്റെ ഭാഗവും ആണല്ലോ. അതിനാൽ പ്രധാനപ്പെട്ട ചില ലേഖനങ്ങൾ വരുമ്പോൾ അത് എഡിറ്റ് ചെയ്യുവാൻ കേയണ്ണി മുസ്ലിയാർ എന്നോട് ആവശ്യപ്പെടുമായിരുന്നു. അത്രമാത്രമേ സുന്നി ടൈംസുമായി ബന്ധം ഉണ്ടായിരുന്നുള്ളൂ. പിന്നെ അത് നിലച്ചു. പിന്നെ സുന്നി വോയിസ് ആരംഭിച്ചു. പിന്നെ പിളർപ്പുണ്ടായി. അപ്പോഴൊന്നും കാര്യമായി ചന്ദ്രികക്ക് പുറത്ത് ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് സുന്നി സാഹിത്യ രംഗവുമായുള്ള ബന്ധം തുടങ്ങുന്നതും വലുതാകുന്നതും കൃത്യമായി പറഞ്ഞാൽ സുന്നി അഫ്കാർ വാരിക പ്രസാധനം തുടങ്ങിയതു മുതലാണ്. 30 കൊല്ലമായി ആ ബന്ധം ഇപ്പോഴും നിലനിൽക്കുന്നു എന്നത് വലിയ സന്തോഷകരമാണ്. ഇപ്പോൾ ഔദ്യോഗികമായ പദവികളൊന്നും വഹിക്കുന്നില്ല എങ്കിലും. ഈ ബന്ധം ഉണ്ടാകാൻ ഒരു കാരണമുണ്ടായി. തുടക്കത്തിൽ സുന്നി അഫ്കാർ പ്രിൻറ് ചെയ്തിരുന്നത് ചന്ദ്രിക പ്രസ്സിൽ നിന്ന് തന്നെയായിരുന്നു എന്നതാണ്. അതുകൊണ്ട് അതിൻെറ എഡിറ്റിംഗ് ജോലികൾ അനൗദ്യോഗികമായി തന്നെ ഞാനാണ് ചെയ്തിരുന്നത്. പൊതുവേ അത്തരം വിഷയങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്തിരുന്നത് പത്രാധിപസമിതിയിൽ ഞാൻ തന്നെയായിരുന്നു. ഇങ്ങനെ തുടങ്ങിയ ബന്ധം എൻ്റെ റിട്ടയർമെൻറ്നുശേഷം കൂടുതൽ സജീവമായി. പാണക്കാട് ഉമറലി ശിഹാബ് തങ്ങളും കക്കാട് ജിഫ്രി തങ്ങളുമെല്ലാം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പറഞ്ഞപ്പോൾ അത് സന്തോഷം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇടിയങ്ങരയിലെ സമസ്ത പ്രസിലേക്ക് അച്ചടിയും ഓഫീസും മാറിയപ്പോഴും ആ ജോലി സുഗമമായി മുന്നോട്ടുപോയി. പിന്നീട് അഫ്‌കാറിന്റെ ആസ്ഥാനം മലപ്പുറം സുന്നി മഹലിലേക്ക് മാറി.
അപ്പോഴാണ് ചെറിയ പ്രയാസങ്ങൾ തോന്നിത്തുടങ്ങിയത്. പ്രധാന പ്രശ്നം യാത്ര തന്നെ. ദീർഘകാലം കോഴിക്കോട് നഗരത്തിൽ താമസിച്ചതിന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ അന്നും ഇന്നും ഉണ്ട്. അന്തരീക്ഷം പൊടിപടലങ്ങൾ കൊണ്ടും ശബ്ദം കൊണ്ടും സാന്ദ്രമാകുമ്പോൾ ഉണ്ടാകുന്ന ഒരു ജൈവ പ്രത്യേകതയാണ് അത്. അതിനാൽ തന്നെ പ്രത്യേക ചികിത്സക്ക് വിധേയമാകേണ്ടുന്ന പ്രശ്നങ്ങൾ ആയിരുന്നില്ല അവ. മലപ്പുറത്തേക്ക് ഇട ദിവസങ്ങളിൽ വന്നുപോയി ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കൂടെക്കൂടെ ആ യാത്ര പ്രയാസകരമായി തോന്നി. പ്രത്യേകിച്ചും സുന്നി മഹൽ പരിസരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറുമ്പോൾ. അധികവും തൂങ്ങിപ്പിടിച്ച യാത്രകൾ ആയിരുന്നു അധികവും. പ്രായം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയോട് അത്ര തന്നെ പൊരുത്തപ്പെടാത്ത ഈ പ്രയാസങ്ങൾ കാരണം അഫ്കാറിലെ സേവനം വേണ്ടെന്നുവച്ചു. അതോടൊപ്പം തന്നെ ഒരു മുഴുസമയ എഡിറ്റർ ആവശ്യമായിവരികയും ചെയ്തിരുന്നു. സേവനം നിർത്തേണ്ടിവന്നു എങ്കിലും സുന്നി സാഹിത്യരംഗവുമായുള്ള ബന്ധങ്ങൾ അതോടെ അവസാനിച്ചില്ല. കാരണം, അപ്പോഴേക്കും കുരുന്നുകൾ ബാല മാസിക ആരംഭിച്ചു തുടങ്ങിയിരുന്നു. അതിന്റെ എഡിറ്റർ സ്ഥാനം ഇതുവരെയും ഞാൻ തന്നെയാണ് വഹിച്ചുവരുന്നത്.
? അക്കാലത്ത് അഫ്കാറിലെ പ്രധാന എഴുത്തുകാർ ആരൊക്കെയായിരുന്നു?, ഈ സേവനത്തിൽ ഏറ്റവും ചാരിതാർത്ഥ്യം അനുഭവപ്പെടുന്നത് എന്ത് അയവിറക്കുമ്പോഴാണ് ?
- നമ്മുടെ പ്രമുഖരായ എഴുത്തുകാർ തന്നെയായിരുന്നു അന്ന് പേജുകളിലും നിറഞ്ഞുനിന്നിരുന്നത്. എല്ലാവരെയും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. എങ്കിലും പിണങ്ങോട് അബൂബക്കർ സാഹിബ്, അബ്ദുസമദ് പൂക്കോട്ടൂർ, സിദ്ദീഖ് ചേറൂർ തുടങ്ങിയവരൊക്കെ എപ്പോഴും എഴുതുമായിരുന്നു. ചാരിതാർത്ഥത്തെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് പുതിയ എഴുത്തുകാർക്ക് ദിശാബോധം നൽകുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് മനസ്സിൽ ആദ്യം വരിക. അന്ന് പല പുതിയ എഴുത്തുകാരും വലിയ ആവേശത്തോടെ അവരുടെ സൃഷ്ടികൾ അയക്കുമായിരുന്നു. ആവേശം എന്ന വികാരം ആയിരുന്നു അവരുടെ പ്രധാന കൈമുതൽ. അതിനാൽ തന്നെ അവരുടെ ഭാഷ വളരെ പരിതാപകരമായ അവസ്ഥയിലുള്ളവയായിരുന്നു. അവയെ മറ്റുള്ളവരുടെ മുമ്പിൽ സമർപ്പിക്കാൻ കഴിയുന്ന ഭാഷയിലേക്ക് മാറ്റിയെഴുതുക എന്നത് ഒരു സ്ഥിരം ജോലിയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ നാം ചിരിച്ചു പോകുന്ന പല ഗുരുതരമായ തെറ്റുകളും പഴയ തലമുറയിൽ വ്യാപകമായിരുന്നു. അവ ആദ്യം തിരുത്തി എഴുത്തുകാരുടെ വികാരം ചോർന്നു പോവാത്ത വിധം പ്രസിദ്ധീകരിക്കുകയും അങ്ങനെ അവരെ വീണ്ടും എഴുതുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം അവർക്ക് ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമായിരുന്നു. തെറ്റു വരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട ഭാഗങ്ങളും കാര്യങ്ങളും അവരെ തര്യപ്പെടുത്തുമായിരുന്നു. ഇതുകൊണ്ട് പല ആൾക്കാർക്കും വലിയ നേട്ടം ഉണ്ടായതായി അവർ തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. എൻെറ മനസ്സും സേവനവും ജീവിത പശ്ചാത്തലവും വെച്ചുനോക്കുമ്പോൾ ഈ അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ചാരിതാർത്ഥ്യമായി മനസ്സിൽ ഉയർന്നുവരുന്നത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso