ബഗ്ദാദ്
21-09-2023
Web Design
15 Comments
നീ ബഗ്ദാദ് കണ്ടിട്ടുണ്ടോ?
“ഇല്ല’
“എങ്കില്‍ നീ ലോകം കണ്ടിട്ടില്ല’ ഇമാം ശാഫിഈ(റ) ശിഷ്യന്‍ യൂനുസ്ബ്നു അബ്ദില്‍ അഅ്ലയോടാണിതു പറഞ്ഞത്.
നൂറ്റാണ്ടുകളോളം വൈജ്ഞാനികസാംസ്കാരിക ലോകത്തിന്റെ മേല്‍ക്കൂരകളായി പരിലസിച്ച ബഗ്ദാദിനെക്കുറിച്ച് അന്വര്‍ത്ഥമായിരുന്നു ഈ പരാമര്‍ശം. പക്ഷേ, ഇന്ന് ചോരയും വെടിപ്പുകയും ആര്‍ത്തനാദങ്ങളുമായി പൂര്‍വ പ്രതാപത്തിന്റെ നിഴല്‍ച്ചിത്രം പോലുമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു ഈ നഗരം.
പുരാതന കാലത്തേ ജനവാസ മേഖലയായിരുന്നു ബഗ്ദാദ്. ടൈഗ്രീസിന്റെ സാന്നിധ്യം നദീതടം കേന്ദ്രീകരിച്ച് ഒരു സംസ്കൃതി രൂപപ്പെടുന്നതിലേക്കു നയിച്ചു. കിസ്റാ രാജാവ് ബിംബാരാധകനായ തന്റെ ഒരടിമക്ക് ഈ ഗ്രാമം ഇഷ്ട ദാനം നല്‍കിയത്രെ. ബഗ് എന്നായിരുന്നു അയാള്‍ ആരാധിച്ചിരുന്ന ബിംബത്തിന്റെ പേര്. ബഗിന്റെ ദാനമെന്ന അര്‍ത്ഥത്തില്‍ “ബഗ്ദാദ്’ എന്ന് അയാള്‍ നാമകരണം ചെയ്തു. ഇക്കാരണത്താല്‍ ചില പണ്ഡിതര്‍ ഈ പേര് ഇഷ്ടപ്പെടുന്നില്ല. ഏതായാലും ഹിജ്റ 140ല്‍ ബഗ്ദാദില്‍ തലസ്ഥാന നഗരി സ്ഥാപിച്ചപ്പോള്‍ ഖലീഫ മന്‍സൂര്‍ മദീനതുസ്സലാം (സമാധാന നഗരി) എന്നാണു പേരിട്ടത് (താരീഖു ബഗ്ദാദ് 1/69).
ഇസ്‌ലാമിക ഭരണത്തുടര്‍ച്ചകളില്‍ അബ്ബാസിയ്യ ഖിലാഫത്തിന് മൂന്നാം സ്ഥാനമാണെന്നു പറയാം. എഡി 762ല്‍ അബ്ബാസിയ്യ ഖലീഫ അല്‍മന്‍സൂര്‍ (754775) ടൈഗ്രീസ് നദിക്കരയിലെ ബഗ്ദാദ് രാജ്യ തലസ്ഥാനമാക്കുമ്പോള്‍ ചെറിയൊരു പട്ടണമായിരുന്നു അത്. അദ്ദേഹത്തിന്റെയും പില്‍ക്കാല ഭരണാധികാരികളായ ഹാറൂന്‍ റശീദിന്റെയും മഅ്മൂനിന്റെയും കീഴില്‍ ക്രമാനുഗതമായ വികാസത്തിലൂടെയാണ് മധ്യകാലപ്പെരുമയിലേക്ക് ബഗ്ദാദ് ചുവടുവെക്കുന്നത്.
ധൈഷണികവൈജ്ഞാനിക ഭൂപടത്തിലേക്ക് ബഗ്ദാദിനെ തേരുതെളിച്ച ഖലീഫ മന്‍സൂര്‍ ഇവിടം ഭരണസിരാ കേന്ദ്രമാക്കാന്‍ പരിഗണിച്ച കാരണങ്ങള്‍ ശ്രദ്ധേയമാണ്. ഇബ്നുഖുതൈബ അതുദ്ധരിക്കുന്നു: “നഗരത്തിന്റെ ഒരു ഭാഗം ടൈഗ്രീസായതിനാല്‍ ചൈനക്കും നമുക്കുമിടയിലും, മറ്റൊരു വശത്ത് യൂഫ്രട്ടീസ് നദി വരുന്നതിനാല്‍ സിറിയയുമായും ഉറ്റ സൗഹൃദം സ്ഥാപിക്കാം.’ ബഗ്ദാദിന് മദീനതുസ്സലാം എന്ന പേരു നിലനിന്ന കാലത്തൊന്നും അവിടെ വെച്ച് ഭരണാധികാരികള്‍ അന്തരിച്ചിട്ടില്ലെന്ന യാദൃച്ഛികത കൂടി ഖതീബുല്‍ ബഗ്ദാദി എടുത്തുപറയുന്നു.
ഭൂമിശാസ്ത്രപരമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിന്ന് 500 കി.മീറ്റര്‍ അകലെയാണ് ബഗ്ദാദ്. യുഎസ് അധിനിവേശത്തെയും ശേഷമുള്ള ആഭ്യന്തര യുദ്ധത്തെയും തുടര്‍ന്ന് അപവാദമുണ്ടാകാമെങ്കിലും ഇറാഖിന്റെ പ്രധാന വ്യാപാരവ്യവസായ കേന്ദ്രം ഇതാണ്. ഇവിടത്തെ പെട്രോളിയം ഉല്‍പന്നങ്ങളും തുണി വ്യവസായവും ഏറെ പ്രസിദ്ധം. ഹാറൂന്‍ റശീദിന്‍റേത് ബഗ്ദാദിന്റെ സുവര്‍ണ കാലമായിരുന്നു. സാമ്പത്തികമായും വിസ്തൃതിയിലും ലോക നഗരങ്ങളുടെ ഒന്നാം നിരയില്‍ അന്നു ബഗ്ദാദ് സ്ഥാനം പിടിച്ചു. വാണിജ്യ കാര്യത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിനൊപ്പമെത്തി.
എന്നാല്‍ 809ല്‍ തലസ്ഥാനം സമാറയിലേക്കു മാറ്റിയത് ഇതിന്റെ വളര്‍ച്ചക്കു ക്ഷതം വരുത്തി.
അബ്ബാസിയ്യ ഖിലാഫത്ത് ക്ഷയിച്ചപ്പോള്‍ വിവിധ പാശ്ചാത്യപൗരസ്ത്യ കടന്നുകയറ്റങ്ങള്‍ക്ക് നഗരി രംഗവേദിയാവുകയുണ്ടായി. 1258ല്‍ മംഗോളിയരും 1401ല്‍ തിമൂറും 1524 പേര്‍ഷ്യന്‍ ഭരണാധികാരി സുലൈമാനും ഇവിടം കീഴടക്കി.1638ല്‍ ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭാഗമാകുമ്പോള്‍ അപ്രസക്തമായ ചരിത്രഭൂമിക മാത്രമായി ഇത് ചുരുങ്ങിയിരുന്നു.
ഒന്നാം ലോക യുദ്ധക്കാലത്ത് ബ്രിട്ടന്‍ പ്രദേശം കീഴടക്കുകയും 1921ല്‍ ബഗ്ദാദ് വീണ്ടും രാജ്യ തലസ്ഥാനമാവുകയുമുണ്ടായി.
1924ല്‍ ഉസ്മാനിയ ഖിലാഫത്ത് തകര്‍ന്നതോടെ രാജവാഴ്ചയുടെ നാന്ദിയായി. 1958ലെ ഒരട്ടിമറിയിലൂടെ രാജഭരണവും അവസാനിച്ചു. പിന്നീട് എടുത്തു പറയാവുന്നത് പ്രസിഡന്‍റ് സദ്ദാം ഹുസൈന്റെ ഭരണഘട്ടമാണ്. 91ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക നടത്തിയ ബോംബിംഗില്‍ വന്‍ നാശമാണ് രാജ്യത്തിനുണ്ടായതെങ്കിലും ഉപരോധങ്ങളും മറ്റും അതിജീവിച്ച് സദ്ദാമിന്റെ കീഴില്‍ ഇറാഖ് ഭരണസ്ഥിരത കൈവരിച്ചു. എങ്കിലും 2003ലെ സഖ്യകക്ഷി ആക്രമണം രാജ്യത്തെ മുച്ചൂടും നശിപ്പിക്കുകയും വൈദേശിക ശക്തികള്‍ അദ്ദേഹത്തെ വധിക്കുകയുമുണ്ടായി. പാവ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടും ഇറാഖില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ കഴിയാതെ അധിനിവേശക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.
ബഗ്ദാദിന്റെ വൈജ്ഞാനികധൈഷണിക സംഭാവനകള്‍ ഏറെയാണ്. അറിവും അന്നവും നല്‍കി ഈ നാട് മാനവകുലത്തിന് സമ്മാനിച്ച പണ്ഡിതരും അവിടെനിന്നു പുറത്തുവന്ന ഗ്രന്ഥങ്ങളും അസംഖ്യം. ഗ്രന്ഥപ്പുരകളുടെ നഗരിയായി ചരിത്രത്തില്‍ തലസ്ഥാനം ഇടംപിടിച്ചു. അക്ഷരങ്ങളും പുസ്തകങ്ങളും പ്രതാപത്തിന്റെ ചിഹ്നങ്ങളായി കണ്ട് നെഞ്ചോട് ചേര്‍ത്തു നഗരവാസികള്‍.”പണ്ഡിതന്റെ തൂലികയിലെ മഷി രക്തസാക്ഷിയുടെ ചോരയെക്കാള്‍ മഹത്തരമാണെ’ന്ന വചനം ശരിക്കുമുള്‍ക്കൊണ്ട ജനവിഭാഗം. അവര്‍ക്കു വഴങ്ങാത്ത വിജ്ഞാനീയങ്ങളില്ലെന്ന സ്ഥിതി സംജാതമായി.
വിദ്യയാണ് പുരോഗതിയുടെ ആധാരശിലയെന്ന തിരിച്ചറിവ് എട്ടാം നൂറ്റാണ്ടില്‍ മഹത്തായൊരു സര്‍വകലാശാലക്ക് തുടക്കം കുറിക്കാന്‍ അബ്ബാസിയ്യ ഭരണകൂടത്തിന് പ്രചോദനമായി. അതാണ് ബൈതുല്‍ ഹിക്മ. വിജ്ഞാനത്തിന്റെ സര്‍വ ശാഖകളും അവിടെ പഠിപ്പിക്കപ്പെട്ടു. അതിനായി ധാരാളം പുരാതന ഗ്രന്ഥങ്ങള്‍ അന്യ രാജ്യങ്ങളില്‍ നിന്ന് കൊണ്ട് വരികയോ പകര്‍ത്തിയെടുക്കുകയോ ചെയ്തു.
ഖലീഫ മന്‍സൂര്‍ വൈജ്ഞാനിക വളര്‍ച്ചക്കാണ് ഏറെ ശ്രദ്ധ കൊടുത്തതെങ്കില്‍ ശാസ്ത്രീയ പുരോഗതിക്കാണ് പിന്നീടുവന്ന ഹാറൂന്‍ റശീദ് പ്രാധാന്യം കല്‍പ്പിച്ചത്. ബൈതുല്‍ ഹിക്മക്കു കീഴില്‍ മതവിജ്ഞാനം, തത്ത്വചിന്ത, ആരോഗ്യശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളില്‍ പ്രശസ്ത പണ്ഡിതര്‍ അധ്യാപനം നടത്തി. എല്ലാ ഭാഗത്തുനിന്നും വിജ്ഞാന കുതുകികള്‍ ബൈതുല്‍ ഹിക്മയിലേക്കൊഴുകി. പ്രാചീന കാലത്തെ അറിവുകളെല്ലാം ശേഖരിച്ച് അറബിയിലേക്ക് തര്‍ജമ ചെയ്യുന്ന വിപ്ലവാത്മകമായ ഒരു സംരംഭത്തിനു കൂടി ഖലീഫ തുടക്കമിട്ടു. മുസ്‌ലിംഅമുസ്‌ലിം ബഹുഭാഷാപണ്ഡിതരെ ഇതിനായി നിയമിച്ചു.
കാലാഹരണപ്പെടുമായിരുന്ന പല പൗരാണിക ഗ്രന്ഥങ്ങളും രേഖകളും ഈ ഡിപ്പാര്‍ട്ടുമെന്‍റിനു കീഴില്‍ സംരക്ഷിക്കപ്പെടുകയുണ്ടായി. അറബിയില്‍ നിന്ന് പിന്നീട് മിക്കതും പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഹീബ്രു, ലാറ്റിന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു.
അങ്ങനെ വൈജ്ഞാനിക മേഖലകളില്‍ അതുവരെയില്ലാത്ത ആസൂത്രിതവും കാര്യക്ഷമവുമായ വിപ്ലത്തിന് അബ്ബാസിയ്യ ഭരണാധികാരികള്‍ സന്നദ്ധരായി. ലോകത്ത് ബഗ്ദാദിന്റെ കീര്‍ത്തി പരത്തുന്നതില്‍ വലിയ പങ്കുവഹിച്ചതും ഈ സംരംഭം തന്നെ.
ചൈന ,റോം, വടക്കന്‍ ആഫ്രിക്ക, ഇന്ത്യ, ഈജിപ്ത്, ബൈസാന്‍റിയന്‍, ഗ്രീക്ക് തുടങ്ങിയ പ്രശസ്ത സംസ്കാരങ്ങളില്‍ നിന്നെല്ലാം ഇങ്ങനെ അറിവുകള്‍ ശേഖരിക്കുകയും പ്രസരണം നടത്തുകയുമുണ്ടായി. ഇതില്‍ നിന്നു പകര്‍ത്തെടുത്താണ് പാശ്ചാത്യര്‍ ഇന്നു കാണുന്ന ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ മുന്നേറ്റം നടത്തിയതെന്നറിയുമ്പോഴാണ് ബഗ്ദാദിന്റെയും കോര്‍ദോവയുടെയുമൊക്കെ ചരിത്രപ്രാധാന്യം വെളിപ്പെടുക. അവിടെനിന്നു അറിവു പകര്‍ത്തിയവര്‍ തന്നെയാണ് ഈ രണ്ടു നാഗരികതകളുടെയും നട്ടെല്ലൊടിച്ചതെന്നതാണ് വിരോധാഭാസം.
ഇസ്‌ലാമിക ഭരണാധികാരികളുടെ ഇത്തരം സേവനങ്ങളുടെ ഗുണഭോക്താക്കളായത് പാശ്ചാത്യരാണ്. മുസ്‌ലിം പണ്ഡിതരിലൂടെയാണ് അരിസ്റ്റോട്ടില്‍ പോലും യൂറോപ്പിനു പരിചിതനായത്. യൂക്ലിഡ്, ടോളമി പോലുള്ളവരുടെ ഗണിതവും ജ്യാമിതിയും ജ്യോതിശാസ്ത്രവും വീണ്ടെടുത്തതും അവര്‍തന്നെ. പേര്‍ഷ്യന്‍ ധൈഷണികരായ അല്‍ബിറൂനി, അബുന്നസ്ര്‍ എന്നിവര്‍ പിന്നീടത് പരിപോഷിപ്പിക്കുകയുണ്ടായി. ബഗ്ദാദ് ലോകത്തിനു സംഭാവന ചെയ്ത മറ്റൊരു പ്രഗത്ഭ ശാസ്ത്രജ്ഞനാണ് മുഹമ്മദ്ബ്നു മൂസ അല്‍ ഖവാറസ്മി (എഡി 780850). ബീജ ഗണിതത്തിന്റെ പിതാവായ ഇദ്ദേഹത്തിന്റെ അല്‍ കിതാബുല്‍ മുഖ്തസ്വര്‍ ഫീ ഹിസാബില്‍ ജബ്രി വല്‍ മുഖാബില എന്ന ഗ്രന്ഥത്തില്‍ നിന്നാണ് ആള്‍ജിബ്ര എന്ന പദം ഉത്ഭവിക്കുന്നത്. ഗണിതം, ജ്യോതി, ഭൂമി ശാസ്ത്ര മേഖലകളിലെല്ലാം അദ്ദേഹം അക്കാലത്തെ അവസാന വാക്കായി. അദ്ദേഹത്തിനു കീഴില്‍ എഴുപത് ഭൂമി ശാസ്ത്രജ്ഞന്മാരടങ്ങുന്ന സമിതി മഅ്മൂനിനു വേണ്ടി ലോക ഭൂപടം നിര്‍മിക്കുകയുമുണ്ടായി.
ഇന്ത്യയില്‍ നിന്ന് സംസ്കൃത ഗ്രന്ഥങ്ങള്‍ പോലും വരുത്തിച്ച് പരിഭാഷ തയ്യാറാക്കിയിട്ടുണ്ട് ഖലീഫ മഅ്മൂന്‍. ആരോഗ്യ മേഖലയും അബ്ബാസിയ്യ കാലത്ത് പുരോഗതി നേടി. ഒമ്പതാം നൂറ്റാണ്ടില്‍ തലസ്ഥാനത്ത് മാത്രം എണ്ണൂറോളം വിദഗ്ധ ഭിഷഗ്വരന്മാരുണ്ടായിരുന്നുവത്രെ. ബഗ്ദാദ് പുറത്തിറക്കിയ വ്യൈശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇബ്നു സീനയുടെ അല്‍ഖാനൂനാണ് ഏറെ ശ്രദ്ധേയം. ശരീര ഘടനയെക്കുറിച്ചും സാംക്രമിക രോഗങ്ങളെയും അവയുടെ ചികിത്സയെയും കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ആധുനിക വ്യൈശാസ്ത്രത്തിനു വെളിച്ചമേകിയത്. ഇക്കാരണത്താല്‍ ആധുനിക വ്യൈശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. വാന നിരീക്ഷണത്തിനായി ടൈഗ്രീസ് തീരത്ത് കേന്ദ്രം സ്ഥാപിക്കുക വഴി ജ്യോതിശാസ്ത്ര രംഗത്തും ബഗ്ദാദ് മികച്ച ശക്തിയായി.
വിവര്‍ത്തനങ്ങളിലൂടെയാണ് ബഗ്ദാദിന്റെ ഗ്രന്ഥവൈജ്ഞാനികപ്പെരുമയുടെ നല്ലൊരു പങ്കുമെന്നത് ശ്രദ്ധേയമാണ്. ഖലീഫമാര്‍ ധാരാളം പണം ഇതിനായി ചെലവഴിച്ചു. ഇതര രാജ്യങ്ങളില്‍ പണമിറക്കി പൗരാണിക ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ ആളുകളെ ഏര്‍പ്പാടാക്കി. മോചനദ്രവ്യമായി പോലും ഗ്രന്ഥങ്ങള്‍ സ്വീകരിച്ചിരുന്നുവത്രെ. ഏഷ്യമൈനറിലെ അമോറിയയും അങ്കാറയും ഹാറൂന്‍ റശീദിനു കീഴില്‍ വന്നപ്പോള്‍ പണത്തിനു പകരം അവരുടെ ഗ്രന്ഥങ്ങള്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബൈസന്‍റൈന്‍ ചക്രവര്‍ത്തിയില്‍ നിന്ന് ഒരവസരത്തില്‍ മഅ്മൂന്‍ നഷ്ടപരിഹാരമായി ഗ്രന്ഥങ്ങള്‍ സ്വന്തമാക്കി. പുസ്തകത്തിന്റെ പ്രാധാന്യമറിയാത്തതിനാല്‍ അദ്ദേഹം കൊട്ടാരത്തിലെ ഗ്രന്ഥപ്പുര തന്നെ തുറന്നു കൊടുത്തുവത്രെ. ഖലീഫമാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളായിരുന്നു അന്യദേശ പ്രതിനിധികള്‍ സമ്മാനിച്ചിരുന്നത്. 890കളില്‍ സമ്പന്നമായ ആയിരം ലൈബ്രറികള്‍ ബഗ്ദാദില്‍ മാത്രമുണ്ടായിരുന്നു.
മധ്യകാലഘട്ടത്തിലെ സുവര്‍ണ നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകം കൈവരിച്ച സാംസ്കാരികോന്നതിയുടെ ചിത്രങ്ങളാണിതത്രയും. എന്നാല്‍ 1258ലെ മംഗോളിയാക്രണമത്തില്‍ ബഗ്ദാദ് തകര്‍ന്നതോടെ ഈ വിപ്ലവത്തിന്റെ നിറംകെട്ടു, അതിനു തുടര്‍ച്ചകളില്ലാതെ പോയി. ഖലീഫമാര്‍ അസംഖ്യം പണം ചെലവിട്ട് സ്വരൂപിച്ച ഗ്രന്ഥപ്പുരകള്‍ നശിപ്പിക്കപ്പെട്ടു. പണ്ഡിതരും വിദ്യാര്‍ത്ഥികളും കൂട്ടക്കശാപ്പിനിരയായി. താര്‍ത്താരികള്‍ ഈ ഗ്രന്ഥങ്ങള്‍ കെട്ടുകെട്ടായിട്ട് ടൈഗ്രീസിനു കുറുകെ യുദ്ധക്കാലത്ത് പാലമായുപയോഗിച്ചുവെന്നതും ആ മഷി പുരണ്ട് നദി ഇരുണ്ടുവെന്നതും ചരിത്രകാരന്മാരുടെ ഭാവനയോ അതിശയോക്തിയോ ആയിരിക്കില്ല.
ശൈഖ് ജീലാനി(റ) മുതല്‍ ജുനൈദുല്‍ ബഗ്ദാദി(റ) വരെയും സീബവൈഹി മുതല്‍ മുതനബ്ബി വരെയുമുള്ള ആത്മജ്ഞാനികളും ഭാഷാ വിശാരദന്മാരും സാഹിത്യകാരുമെല്ലാം ഈ നഗരത്തിന് ഔന്നത്യം പകര്‍ന്നു. ഉപര്യുക്ത ശാസ്ത്ര പ്രതിഭകള്‍ മുസ്‌ലിംകള്‍ക്കു മാത്രമല്ല പാശ്ചാത്യര്‍ക്കു കൂടിയാണ് പുരോയാനം സാധിതമാക്കിയത്. മുസ്‌ലിം ശാസ്ത്രജ്ഞരുടെ പേരുകള്‍ ലാറ്റിനിലും ഇംഗ്ലീഷിലും വികലമായെഴുതി യൂറോപ്യന്‍വത്കരിക്കുന്നത് ഈ സ്വന്തമാക്കലിന്റെ ഭാഗമാകാതിരിക്കാന്‍ തരമില്ല. പക്ഷേ, ചരിത്രത്തില്‍ തിരുത്തു സാധ്യമല്ല, ചരിത്രമെഴുത്തില്‍ അതാവാമെങ്കിലും.
അധിനിവേശ ശക്തികളുടെ കടന്നാക്രമണങ്ങളിലും രാഷ്ട്രീയ മേല്‍ക്കൈക്കു വേണ്ടിയുള്ള പരസ്പര പോരാട്ടങ്ങളിലും ഇന്ന് ബഗ്ദാദ് സന്പൂര്‍ണമായി പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. മുന്‍കാല പ്രതാപങ്ങള്‍ പോലും തലസ്ഥാന നഗരിയുടെ രക്ഷക്കില്ല. സദ്ദാമിനു ശേഷം തകര്‍ക്കപ്പെട്ട ഗ്രന്ഥാലയങ്ങളും സാംസ്കാരിക ചിഹ്നങ്ങളും കൊള്ളയടിക്കപ്പെട്ട പുരാവസ്തുക്കളും അനവധി. രക്ഷകനില്ലാതെ ഇപ്പോള്‍ ഇറാഖ് തമ്മില്‍തല്ലി നശിക്കുകയാണ്. ഒരുകാലത്ത് ഉത്തുംഗ നാഗരികതയുടെ കളിത്തൊട്ടിലായിരുന്നെങ്കില്‍ 2003നു ശേഷം പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത വിധം നിരക്ഷരരായ ഇളം തലമുറയാണവിടെ വളര്‍ന്നുവരുന്നത്.
ഇന്ന്, ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ വിദ്യാഭ്യാസം ഒഴിവാക്കാവുന്ന ആഡംബരം മാത്രമാണെന്ന ലളിതയുക്തിയിലേക്ക് ഇറാഖി രക്ഷിതാക്കള്‍ പാകപ്പെട്ടിരിക്കുന്നു. 1980ല്‍ നിരക്ഷരത നിര്‍മാര്‍ജനം ചെയ്ത, 84ല്‍ ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമായി യുനെസ്കോ തെരഞ്ഞെടുത്ത രാജ്യത്തിനാണീ ദുര്യോഗമെന്നോര്‍ക്കുക. ചരിത്രത്തിലെ കൈതഴന്പുകളില്‍ തടവി നിര്‍വൃതി കൊള്ളുന്നതിലര്‍ത്ഥമില്ലെങ്കിലും അതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് വൈജ്ഞാനികധൈഷണിക മുന്നേറ്റം നടത്താന്‍ ഇളം തലമുറക്ക് പ്രചോദനമാകുമെങ്കില്‍ നഷ്ട സൗഭാഗ്യങ്ങള്‍ തിരിച്ചു പിടിക്കുക സാധ്യമാണ്.
സ്പെയിനിലെ കോര്‍ദോവക്കു ശേഷം അറിവിന്റെ നഗരമായി പ്രസിദ്ധിയാര്‍ജിച്ചിരുന്ന ബഗ്ദാദിന്റെ ഇന്നലെകള്‍ ചികഞ്ഞെടുത്താല്‍ നഷ്ടബോധങ്ങളേ കാണൂ. ബഗ്ദാദ് കൈമാറ്റം ചെയ്ത വിജ്ഞാനീയങ്ങളാണ് ആധുനിക ശാസ്ത്രത്തിന്റെയും അതുവഴി യൂറോപ്പിന്റെയും ഉത്ഥാനത്തിന് ഹേതുകമായതെന്നും ഇതേ നാട്ടില്‍ അമേരിക്കന്‍ അധിനിവേശത്തിനു ശേഷം 1017 പ്രായത്തിലുള്ള നാല്‍പതു ശതമാനത്തിനും എഴുത്തും വായനയും പോലുമറിയില്ലെന്നും ഗ്രഹിക്കുമ്പോഴാണ് ഇറാഖിന്റെയും തലസ്ഥാനമായ ബഗ്ദാദിന്റെയും ചരിത്രവര്‍ത്തമാനങ്ങളിലെ കയറ്റിറക്കങ്ങള്‍ ബോധ്യമാവുക.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso