മദ്ധ്യബിന്ദുവിൽ ഉദിച്ച വെളിച്ചബിന്ദു
21-09-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
മഹാനായ നബി തിരുമേനിയുടെ നിയോഗത്തെക്കുറിച്ച് അശ്ശൂറ അധ്യായത്തിലെ ഏഴാമത്തെ വചനത്തിൽ അല്ലാഹു ഇങ്ങനെ പറയുന്നു: 'അങ്ങനെ, നാടുകളുടെ മാതാവായ മക്കക്കാരെയും അതിനുചുറ്റുമുള്ളവരെയും താക്കീത് ചെയ്യാനും സംശയരഹിതമായ അന്ത്യനാളിനെപ്പറ്റി മുന്നറിയിപ്പു നല്‍കാനും വേണ്ടി താങ്കള്‍ക്കു നാം അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ ദിവ്യസന്ദേശമായി നല്‍കിയിരിക്കുകയാണ്'. (അശ്ശൂറ: 7) ഈ സൂക്തത്തിന്റെ ആശയത്തിൽ നിന്ന് ഭൂഗോളത്തിന്റെ കേന്ദ്രബിന്ദുവാണ് മക്ക മുകര്‍റമ എന്ന് സുതരാം വ്യക്തമാകും. അതിനു കാരണങ്ങളും ന്യായങ്ങളും പലതാണ് അവയിൽ ഒന്ന് നാടുകളുടെ മാതാവ് എന്ന വിശേഷണവും പ്രയോഗവും തന്നെ മാതാവ് എന്നത് പ്രകൃതി ഒരു കേന്ദ്ര സ്ഥാനമാണല്ലോ. മക്കളെക്കാൾ മുമ്പ് ഉണ്ടായത് മാതാവാണ്. ആയതിനാൽ ഗ്രാമങ്ങളെ എല്ലാം മക്കൾ എന്ന് വിളിക്കുമ്പോൾ മക്കയെ മാതാവായി പരിഗണിക്കാം. രണ്ടാമത്തേത്, ആയത്തിൽ പറയുന്ന 'ചുറ്റുമുള്ളവരെയും' എന്ന പ്രയോഗമാണ്. ഈ പ്രയോഗത്തിന്റെ ആശയതലത്തിൽ നിന്ന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കുള്ള ദൂരം ഏതാണ്ട് കൃത്യമാണ് എന്നും അവയുടെ മധ്യഭാഗത്താണ് ഉമ്മുൽഖുറാ ഉള്ളത് എന്നും മനസ്സിലാക്കാം. മറ്റൊന്ന്, ഈ ഉമ്മത്തിനെ കുറിച്ച് 'ഉമ്മത്തന്‍ വസത്വന്‍' (മധ്യമ സമുദായം) എന്ന് അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്നതാണ്. ലോകത്തിന്റെ 'മധ്യ'ത്തില്‍ രൂപപ്പെട്ട സംഘം എന്ന അര്‍ഥത്തില്‍ കൂടി ആയിരിക്കാം ഇത്. ദീനിന്റെ സമീപനം, പദവി തുടങ്ങിയവയിൽ എല്ലാം മധ്യമസ്ഥാനം അലങ്കരിക്കുന്നപോലെ ദീന്‍ രൂപപ്പെട്ട പ്രദേശവും ലോകത്തിന്റെ മധ്യത്തിലാണെന്ന ആശയം ഇതിന് നൽകുന്നതിൽ അസാംഗത്യം ഒന്നുമില്ല. നീതിമാനായ സ്രഷ്ടാവിന്റെ തുല്യനീതി പരിഗണന വെച്ച് മക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ മുക്കുമൂലകളിലേക്കുമുള്ള തുല്യദൂരത്തിലും പുലര്‍ന്നതായിരിക്കാം എന്നും കരുതാം. മറ്റൊന്ന്, പ്രവാചകനെ 'സിറാജ്' എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയതാണ്. വിളക്ക് എന്ന ആശയത്തിലും ഉണ്ട് ഒരു മധ്യമ ഭാവം. മാത്രമല്ല, ഖുര്‍ആനില്‍ രണ്ടാമത് 'സിറാജ്' (വിളക്ക്) എന്ന് വിശേഷിപ്പിച്ചത് സൂര്യനെയാണ്. സൗരയൂഥത്തിന്റെ നടുവിലാണല്ലോ സൂര്യന്‍. അതോടെ ഇത് നേരത്തെ പറഞ്ഞ കാര്യത്തിന് ബലം നൽകുകയാണ്. അപ്പോൾ ഒരു കേന്ദ്രത്തിൽനിന്ന് വിളക്കായി ജ്വലിച്ച് ലോകത്തിനും മറ്റും സൂര്യന്‍ പ്രകാശം പകരുന്നപോലെ മക്കാ എന്ന 'കേന്ദ്ര'ത്തില്‍ നിന്ന് പ്രവാചകന്‍ ലോകത്തിന് ഹിദായത്ത് പകര്‍ന്നു നല്‍കുകയാണ് എന്ന ആശയവും കൈവരുന്നു. വിശ്വാസികളായ ആൾക്കാർക്ക് ഇതൊന്നും വിശ്വസിക്കുവാനോ ചേർത്തു വായിക്കുവാനോ ഒരുതരം പ്രയാസവുമില്ല.
പ്രപഞ്ച നാഥന്റെ പുണ്യഗേഹമായ കഅ്ബ അവിടെ സ്ഥാപിക്കപ്പെട്ടത് ഇതിലേക്ക് ചേർത്ത് വായിക്കാവുന്നതാണ്. വിശ്വാസി, ജീവിതത്തിലൊരിക്കല്‍, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മക്കയില്‍ ചെല്ലണമെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു. മക്കയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര നിര്‍ബന്ധമാക്കിയിട്ടില്ല. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച നാളില്‍ തന്നെ മക്കക്ക് അല്ലാഹു പവിത്രത നല്‍കിയിരിക്കുന്നു. അല്ലാഹു ആദരിക്കുകയും പരിശുദ്ധ ഹറമായി സംവിധാനിക്കുകയും ഭൂമിയുടെ കേന്ദ്രമായി നിശ്ചയിക്കുകയും ചെയ്ത മക്കയിലാണ് ഹാജറയെയും ഇസ്മാഈലിനെയും ഇബ്‌റാഹീം(അ) കുടിയിരുത്തിയത് എന്നതും മറ്റൊരു ചിന്തയാണ്. ഇബ്രാഹിം നബി അവരെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കുവാൻ മാത്രമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിൽ അവർക്ക് ആവശ്യമായ ജീവിതമാർഗങ്ങൾ എമ്പാടും ഉണ്ടായിരുന്ന ഈജിപ്തിലേക്കോ മെസപ്പെട്ടേമിയയുടെ മറ്റേതെങ്കിലും ഭാഗത്തേക്കോ ഈ പലായനം ആകാമായിരുന്നു. എന്നിട്ടും അക്കാലത്ത് കുടിവെള്ളം പോലും ഉണ്ടായിരുന്നില്ലാത്ത വളരെ വിജനമായ മക്കയിലേക്ക് അവരെ കൊണ്ടുവന്നതും താമസിപ്പിച്ചതും പിന്നീട് അവിടെ അറബികൾ എന്ന ഒരു ജനത ഉണ്ടായി തീർന്നതും അവരിൽ ഈ പ്രവാചകന്‍ ആഗതനായതും എല്ലാം ഈ ചിന്തയെ ഉദ്വീപിപ്പിക്കുന്ന കാര്യങ്ങളാണ്.
പരിശുദ്ധ കഅ്ബ ത്വവാഫിന്റെ ദിശ മറ്റൊരത്ഭുതം നമ്മോട് പറയുന്നുണ്ട്. ഇടത്ത് നിന്ന് വലത്തോട്ടാണല്ലോ കഅ്ബയെ ത്വവാഫ് ചെയ്യേണ്ടത്. അഥവാ ആന്റി ക്ലോക്ക് വൈസില്‍. ഇതേ ദിശയില്‍ തന്നെയാണ് പ്രപഞ്ച ചലന-ഭ്രമണം നടക്കുന്നത്. സൗരയൂഥത്തിന്റെ ഭ്രമണദിശയും ഭൂമി സൂര്യനെ ചുറ്റുന്നതും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും എല്ലാം ഇടത്ത് നിന്ന് വലത്തോട്ടാണ്. മനുഷ്യശരീരത്തില്‍ രക്തചംക്രമണം നടക്കുന്നതും ഗര്‍ഭപാത്രത്തിലേക്ക് മനുഷ്യബീജങ്ങള്‍ പ്രവേശനം കാത്ത് കറങ്ങുന്നതും ഇതേ ദിശയില്‍തന്നെ എന്ന് ജീവശാസ്ത്രം പറയുന്നു. ഇതെല്ലാം പറയുന്നത് കഅ്ബാലത്തിന് ചുറ്റുമുള്ള പ്രദക്ഷിണം വെറും ഒരു ചുറ്റൽ അല്ല എന്നും അതിനപ്പുറത്തെ പല ആശയ തലങ്ങളും അതിലുണ്ട് എന്നുമാണ്. ഭൂമിയില്‍ ആദ്യമായി മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഭവനത്തിനു ചുറ്റും വിശ്വാസികള്‍ ത്വവാഫ് ചെയ്യുമ്പോള്‍ ഈ പ്രകൃതിപ്പൊരുത്തങ്ങളും നിയമങ്ങളും അല്ലാഹു ആസൂത്രണം ചെയ്തതായി കാണുമ്പോൾ ഇതിനെ നമുക്ക് പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള ഒരു കറക്കം ആയി കാണാവുന്നതാണ്. അങ്ങനെ കാണുമ്പോൾ നാം വലം വെക്കുന്ന ആലയവും അത് നിൽക്കുന്ന നഗരവും ഭൂമിയുടെ മധ്യത്തിലാണ് എന്ന കരുതൽ ശക്തിപ്പെടുന്നു. ഈ ആശയത്തിൽ നിന്ന് നാം കഅ്ബാലയത്തിന്റെ നേരെ മുകളിലുള്ള ബൈത്തുൽ മോറിലേക്കും അതിനെയും വലം വെക്കുന്ന മലക്കുകളിലേക്കും എല്ലാം എത്തിച്ചേരുമ്പോൾ നമ്മുടെ ചിന്തകൾക്ക് പുതിയ ഒരു മാനം തന്നെ കൈവരുന്നു അപ്പോഴാണ് നമുക്ക് ഈ സൂക്തത്തിന്റെ ഉള്ളിലേക്ക് കുറച്ചെങ്കിലും കടക്കാൻ കഴിയുക. 'അല്ലാഹു കഅ്ബയെ, വിശുദ്ധ ഭവനത്തെ മനുഷ്യരുടെ നിലനില്‍പ്പിന്റെ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നു.' (അല്‍മാഇദ: 97).
ഈ പറഞ്ഞതിനെ എല്ലാം നമുക്ക് മതപരമായ ഒരു വികാരമായി മാത്രമേ കാണാനും അവതരിപ്പിക്കാനും അനുഭവിക്കാനും കഴിയൂ എന്നത് ഒരു വസ്തുതയാണ്. എന്നാൽ, നമ്മുടെ ലോകം വിശ്വാസികളുടേതു മാത്രമല്ല. മറ്റുള്ളവരുടെ മുമ്പിലും നമുക്കിത് പറയേണ്ട സാഹചര്യം ഉണ്ട്. അങ്ങനെ വരുമ്പോൾ അവർക്ക് അത് നമ്മെ പരിഹസിക്കാനുള്ള ഒരു മാർഗ്ഗം ആയിക്കൂടാ. ആയതിനാൽ ഇസ്ലാം പങ്കിടുന്ന ഇത്തരം ആശയങ്ങളെ നമ്മുടെ ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കാൻ നമുക്ക് കഴിഞ്ഞിരിക്കണം. അത് കഴിയാതെ, മക്ക ഭൂമിയുടെ നടുവിലാണ് എന്ന് നാം പറഞ്ഞാൽ പൊട്ടിച്ചിരിക്കുവാനും കളിയാക്കുവാനും ധാരാളം പേർ ഇന്നത്തെ കാലത്ത് ഉണ്ടായിരിക്കും. അവര് പറയുന്നതിനോ വാദിക്കുന്നതിനോ കാര്യമായ അർത്ഥം ഒന്നും ഉണ്ടാകണമെന്നില്ല. പക്ഷേ പരിഹാസം എന്നു പറയുന്നത് വല്ലാതെ വേദനിപ്പിക്കുന്ന ഒരു ആക്രമണമാണ്. അതിന്റെ മുമ്പിൽ നമ്മളല്ല ആരും തളർന്നുപോകും. നമ്മുടെ ലോകത്ത് ഇത്തരം എതിർവാദങ്ങളും എതിർചോദ്യങ്ങളും അവയെ തുടർന്നുള്ള പരിഹാസങ്ങളും നിരവധിയാണ്. നമ്മുടെ മലയാളത്തിൽ തന്നെ യുക്തിവാദികൾ എന്ന പേരും പറഞ്ഞ് ഒരു യുക്തിയും ഇല്ലാത്ത, എന്തൊക്കെയോ പുലമ്പുന്ന പലരെയും നമുക്ക് ഉദാഹരണമായി കാണാൻ കഴിയും. വലിയ ശാസ്ത്രജ്ഞനാണ് എന്ന് വാക്കിലും നോക്കിലും സ്ഥാപിക്കുവാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന സി രവിചന്ദ്രൻ എന്ന വ്യക്തി അതിൽ ഒരാളാണ്. ഈ വിഷയത്തെക്കുറിച്ച് കക്ഷി പറഞ്ഞ വർത്തമാനവും അതിലെ ആശയവും അതിന്റെ പരിഹാസ സ്വരവും ഉദാഹരണമാണ്. മക്ക ഭൂമധ്യത്തിലാണ് എന്ന മുസ്ലിംകളുടെ പ്രയോഗം പറ്റാതെ വന്ന ഇയാൾ അതിന് പറയുന്നത് ഭൂമി ഉരുണ്ടതല്ലേ, ഗോളാകൃതിയിലുള്ള ഭൂമിക്ക് എങ്ങനെയാണ് മദ്ധ്യം ഉണ്ടാവുക എന്ന് പരിഹസിച്ചു കൊണ്ടാണ് കക്ഷി തുടങ്ങുന്നത്. ഇതുകൊണ്ടാണ് നിർഭയം കക്ഷിയെ നാം വിഡ്ഢി എന്ന് വിളിക്കുന്നത്. അദ്ദേഹം നമ്മെ ആക്ഷേപിക്കുന്നത് മുസ്ലിംകൾ ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്നവരാണ്, അതുകൊണ്ടാണ് അവർ അതിനു മദ്ധ്യമുണ്ട് എന്ന് കരുതുന്നത് എന്നാണ്. എന്നാൽ ഇത് മുമ്പിലിരിക്കുന്ന നാല് പേരെ ഹരം കൊള്ളിക്കാനുള്ള ഒരു നിലവാരം ഇല്ലാത്ത വർത്തമാനം മാത്രമാണ്. കക്ഷി പറയുന്നതുപോലെ ഭൂമി ഉരുണ്ടതായതുകൊണ്ട് മദ്യബിന്ദു എന്ന ഒന്ന് ഉണ്ടാവില്ല എന്ന് തൽക്കാലം നമുക്ക് അങ്ങ് സമ്മതിച്ചു കൊടുക്കാം. എന്നിട്ട് കക്ഷിയോട് നമുക്ക് ചെറിയ ഒരു മറുചോദ്യം ചോദിക്കാം. പിന്നെ എങ്ങനെയാണ് ഭൂമിക്ക് കിഴക്കും പടിഞ്ഞാറും ഉണ്ടായത് ?, എങ്ങനെയാണ് അക്ഷാംശവും രേഖാംശവും ഉണ്ടായത് ?, ഇങ്ങനെ ചോദിച്ചാൽ കക്ഷി മറ്റെന്തെങ്കിലും പറഞ്ഞു പരിഹസിക്കുവാൻ ആയിരിക്കും ശ്രമിക്കുക. ഇന്നുവരെ ഒരു എതിർ ചോദ്യത്തെയോ മറ്റുള്ളവരുടെ നിലപാടിനെയോ അംഗീകരിക്കുവാനോ മാനിക്കുവാനോ ഈ മാന്യദേഹം തയ്യാറായിട്ടില്ല. അതിനാൽ ഒരു നിലവാരവും ഇല്ലാത്ത ഇയാളെ പിന്തുടരുന്നത് നമുക്ക് നിർത്താം. നമുക്ക് നമ്മുടെ മനസ്സിന് മറുപടി നൽകുവാൻ ചിന്തിച്ചു തുടങ്ങാം. മക്ക ഭൂഗോളത്തിന്റെ മധ്യത്തിലാണെന്ന നിഗമനത്തിന് ഏറെ പഴക്കമുണ്ട്. 1977 ജനുവരിയില്‍ പുറത്ത്‌വന്ന ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഹുസൈന്‍ കമാലുദ്ദീന്റെ പഠനറിപ്പോര്‍ട്ട് ഈ നിഗമനത്തെ ബലപ്പെടുത്തി. ആധുനിക പഠനോപകരണങ്ങളും അംഗീകൃത മാപ്പുകളും ഭൂപടങ്ങളും ടോപോഗ്രാഫിയും അവലംബിച്ചു ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം ഭൂമിയുടെ മധ്യം മക്കയാണെന്ന് നിഗമനത്തില്‍ എത്തുകയായിരുന്നു.
ഈ വിഷയത്തിലുള്ള മുസ്ലിം ശാസ്ത്ര ചിന്തയും നിലപാടും രൂപപ്പെടുമ്പോൾ ആദ്യം പറയാനുള്ള കാര്യം മക്ക ഭൂമിയുടെ മധ്യത്തിലാണ് എന്നല്ല മറിച്ച് പ്രപഞ്ചത്തിന്റെ അഥവാ ജനവാസയോഗ്യമായ കരപ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത് എന്നതാണ്. ഭൂമിയിലെ കരപ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതിചെയ്യുന്നത് എന്ന വസ്തുത ഡോ. ഹുസൈന്‍ കമാലുദ്ദീന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി സങ്കീര്‍ണമായ ഗണിതശാസ്ത്ര തത്ത്വങ്ങള്‍ അവലംബിച്ച് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശാസ്ത്രീയ പഠന ഗവേഷണങ്ങള്‍ക്കു ശേഷമാണ്. ഈ അത്ഭുതകരമായ കണ്ടെത്തലിന്റെ കഥ ഇങ്ങനെയാണ്. ലോകത്തിന്റെ ഏതു കോണിലുളള വിശ്വാസികള്‍ക്കും കഅ്ബയുടെ ദിശ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംവിധാനം കണ്ടെത്താന്‍ വേണ്ടിയാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. പള്ളികളില്ലാത്ത പല നാടുകളിലും ഒറ്റപ്പെട്ട മുസ്‌ലിംകള്‍ നമസ്‌കാര സമയത്ത് കഅ്ബയുടെ ദിശയറിയാന്‍ പാടുപെടുന്നതായി അദ്ദേഹം തന്റെ സഞ്ചാരത്തിനിടയില്‍ മനസ്സിലാക്കിയിരുന്നു. കഅ്ബയുടെ ദിശ പ്രത്യേകം രേഖപ്പെടുത്തുന്ന രൂപത്തില്‍ ഭൂഗോളത്തിന് ഒരു മാപ്പ് തയാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം കണ്ടെത്തി. പുതിയ മാപ്പിന്റെ മുന്നോടിയായി ഈ ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ നിലവിലുള്ള അഞ്ച് ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം തയാറാക്കി. അപ്പോഴാണ് മക്ക ലോകത്തിന്റെ നടുവിലാണെന്ന വിസ്മയകരമായ യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു കോമ്പസ് എടുത്ത് അതിന്റെ ഒരറ്റം മക്ക നഗരത്തിലും മറ്റേ അറ്റം എല്ലാ ഭൂഖണ്ഡങ്ങളുടെ മേലും വെച്ച് വൃത്താകൃതിയിൽ ചലിപ്പിച്ചു. അപ്പോള്‍ മക്കക്കു ചുറ്റും ഭൂമിയുടെ കരഭാഗം വളരെ വ്യവസ്ഥാപിതമായി വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്കയും ആസ്‌ത്രേലിയയും കണ്ടെത്തുന്നതിനുമുമ്പുളള പഴയ മാപ്പ് എടുത്ത് പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും മക്ക ഭൂമിയുടെ കരഭാഗത്തിന്റെ മധ്യത്തിലാണെന്ന് കണ്ടെത്തുകയുണ്ടായി.
അമേരിക്കയും ആസ്ട്രേലിയയും കണ്ടെത്തുന്നതിന് മുമ്പുള്ള ലോക ക്രമത്തെയാണ് നാം പഴയ മാപ്പ് എന്ന് പറയുന്നത്. ആ പഴയ മാപ്പ് അനുസരിച്ച് മക്കയിൽ നിന്ന് ഓരോ ഭൂഖണ്ഡങ്ങളുടെയും അവസാന ബിന്ദുവിലേക്കുള്ള ദൂരം അളക്കുമ്പോൾ കൗതുകകരമായ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റൊന്നുമല്ല, വടക്ക്, പടിഞ്ഞാറ്, തെക്ക്, കിഴക്ക് എന്നീ നാല് ദിശകളിലും ഉള്ള ഭൂഖണ്ഡങ്ങളുടെ അറ്റങ്ങളിലേക്കും ആരംഭങ്ങളിലേക്കും ഉള്ള ദൂരം ഏതാണ്ട് ഒരേ പോലെ ആണ് എന്ന്. ഒന്നുകൂടി വിശദമാക്കിയാൽ വടക്ക് ഐസ് ലാൻഡിലേക്ക് 6672 കിലോമീറ്റർ, പടിഞ്ഞാറ് ആഫ്രിക്കയുടെ പടിഞ്ഞാറെ തീരത്തേക്ക് 6086 കിലോമീറ്റർ, തെക്ക് ദക്ഷിണാഫ്രിക്കയുടെ തെക്കേ തീരത്തേക്ക് 6596 കിലോമീറ്റർ, കിഴക്ക് ഏഷ്യയുടെ അവസാന ബിന്ദുവിലേക്ക് 6665 കിലോമീറ്റർ എന്നിങ്ങനെയാണ് എന്നതാണ് ആ അത്ഭുതം. ഈ സംഖ്യകൾ ശ്രദ്ധിച്ചു നോക്കിയാൽ മക്ക പഴയ ലോക ക്രമത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് പറയുന്നതിൽ ആർക്കും പ്രയാസമൊന്നുമുണ്ടാവില്ല. ഇത് മുസ്ലീങ്ങൾ തങ്ങളുടെ ഒരു സ്വകാര്യ വികാരം എന്ന നിലക്ക് പറയുന്നതോ പ്രകടിപ്പിക്കുന്നതോ അല്ല. മറിച്ച് ഗ്ലോബും മാപ്പും അളക്കാനുള്ള ഉപകരണങ്ങളും കയ്യിലുള്ള ശാസ്ത്രബോധമുള്ള ഒരു തലമുറയോട് ആണ് ഇതു പറയുന്നത്. അതിനാൽ ഇത് പറയുമ്പോൾ അതിനാവശ്യമായ ഉള്ളുറപ്പും ആത്മധൈര്യവും വിശ്വാസികൾക്ക് ഉണ്ട് എന്നത് അവിതർക്കിതമാണ്. പുതിയ ലോക ക്രമത്തിലേക്ക് വരുമ്പോഴും ഈ അത്ഭുതം ഇതേ പടി നമ്മുടെ മനസ്സിന്റെ വാതിൽക്കൽ ഉണ്ടായിരിക്കും. കാരണം പുതിയ മാപ്പ് അനുസരിച്ച് വടക്കേ അമേരിക്കയുടെ അറ്റത്തേക്കുള്ള ദൂരം 14102 കിലോമീറ്റർ, മധ്യ വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തേക്കുള്ള ദൂരം 13433 കിലോമീറ്റർ, തെക്കേ അമേരിക്കയുടെ വടക്ക് അറ്റത്തേക്കുള്ള ദൂരം 13450 കിലോമീറ്റർ, തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തേക്കുള്ള ദൂരം 13080 കിലോമീറ്റർ, ആസ്ട്രേലിയയുടെ അറ്റത്തേക്കുള്ള ദൂരം 13370 അൻറാർട്ടിക്കയുടെ അറ്റത്തേക്കുള്ള ദൂരം 14156 കിലോമീറ്റർ എന്നിങ്ങനെയാണ് . ഇനി പുതിയ ലോകത്തിന്റെ ഭൂഖണ്ഡങ്ങളുടെ ആരംഭങ്ങളിലേക്ക് നോക്കുമ്പോഴും ഇതേ അത്ഭുതം കാണാം. വടക്കേ അമേരിക്കയുടെ ആരംഭത്തിലേക്ക് 8453 കിലോമീറ്റർ, വടക്കേ അമേരിക്കയുടെയും ഏഷ്യയുടെയും സംഗമസ്ഥലമായ ബെറിംഗ് സീയിലേക്ക് 10000 കിലോമീറ്റർ, ഏഷ്യയിലെ ഈസ്റ്റ് ജപ്പാൻ ആരംഭത്തിലേക്ക് 9580 കിലോമീറ്റർ, തെക്കേ അമേരിക്കയുടെ ആരംഭത്തിലേക്ക് 9580 കിലോമീറ്റർ, ആസ്ട്രേലിയയുടെ ആരംഭത്തിലേക്ക് 9360 കിലോമീറ്റർ, അന്റാർട്ടിക്കയുടെ ആരംഭത്തിലേക്ക് 9750 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. ഇവിടെയും ദൂരങ്ങൾ തമ്മിൽ ഒരു കൃത്യമായ അനുപാതം ദൃശ്യമാകും. അതും മക്ക കര ലോകത്തിന്റെ മധ്യത്തിലാണ് എന്ന വാദത്തിന് ആക്കം കൂട്ടുന്നു. ആർക്കുവേണമെങ്കിലും അളന്ന് ഈ വെല്ലുവിളിയെ നേരിടാൻ കഴിയുമെന്നിരുന്നിട്ടും ആ അർത്ഥത്തിൽ നേരിട്ട് ഒരു മറുപടി പറയുവാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. വന്ന മറുപടികളാ ണെങ്കിലോ രവിചന്ദ്രനെ പോലെ ചില ആൾക്കാരുടെ അടവു ഫലിതങ്ങൾ മാത്രമാണ് താനും. ഇതെല്ലാം വ്യക്തമാക്കുന്നത് മഹാനായ നബി തിരുമേനിയെ അള്ളാഹു നിയോഗിച്ചത് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് തന്നെയാണ് എന്നാണ്. അത് മുസ്ലിംകൾ പറയുമ്പോൾ ശാസ്ത്രലോകം അസ്വസ്ഥമാകുന്നുവെങ്കിൽ രോഗം വേറെയാണ് എന്ന് കരുതുകയാണ് അഭികാമ്യം.
ഇതോടൊപ്പം ചേർത്തു വായിക്കുവാൻ മറ്റു ചിലതു കൂടിയുണ്ട്. അടുത്ത കാലത്ത് നടന്ന മറ്റൊരു പഠനം മക്കയാണ് ലോക സമയക്രമത്തിന്റെ അടിസ്ഥാനമാകേണ്ടത് എന്ന് തെളിയിക്കുന്നു എന്നതാണ് അത്. ലണ്ടനിലെ ഗ്രീനിച്ച് പട്ടണവും ബിഗ്‌ബെന്‍ ടവറിലെ ക്ലോക്കുമാണല്ലോ നിലവില്‍ ലോകം അവലംബിക്കുന്ന സമയക്രമത്തിന്റെ അടിസ്ഥാനം. 1884-ല്‍ കൊളംബിയയില്‍ നടന്ന സമ്മേളന തീരുമാനപ്രകാരമാണ് ഈ അംഗീകാരം. എന്നാല്‍ ഗ്രീനിച്ച് രേഖയില്‍ വൈരുധ്യമുണ്ടെന്നും അതിനാല്‍തന്നെ ഗ്രീനിച്ച് പട്ടണം ലോകസമയക്രമത്തിന് അവലംബിക്കാന്‍ പറ്റില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ തന്നെ ഈ കാഴ്ചപ്പാട് ഉന്നയിച്ചിരുന്നു. എന്നാല്‍ ഗോളശാസ്ത്രപരമായി അക്ഷാംശ രേഖയില്‍ വടക്ക് 21025'0'' ഡിഗ്രിയിലും ധ്രുവാംശരേഖയില്‍ കിഴക്ക് 39049'0'' ഡിഗ്രിയിലുമായി സ്ഥിതിചെയ്യുന്ന മക്ക, ഗ്രീനിച്ച് പട്ടണത്തില്‍നിന്ന് വ്യത്യസ്തമായി സമയരേഖയില്‍ കൃത്യാവലംബമായതിനാല്‍ ഇക്കാര്യത്തില്‍ അടിസ്ഥാനമാക്കാന്‍ ഏറ്റവും യോഗ്യമാണ്. 2008-ല്‍ ഖത്തറില്‍ ചേര്‍ന്ന മുസ്‌ലിം പണ്ഡിത സമ്മേളനം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈയിടെ ഹറമിനടുത്ത് സ്ഥാപിച്ച മക്കാ ക്ലോക്ക് ടവറിലെ സമയം മുസ്‌ലിം ലോകം അവലംബിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് ഇക്കാര്യത്തിലെ ഗുണകരമായ ഒരു മാറ്റമാണ്. ഖത്തറിലെ അല്‍ജസീറാ ടെലിവിഷന്‍ മക്കാ സമയമാണ് മുഖ്യമായി അവലംബിക്കുന്നത്. വിശ്വാസികളുടെ ജീവിതക്രമത്തെ മക്കയില്‍ കേന്ദ്രീകരിക്കുന്ന അല്ലാഹു അവരുടെ സമയക്രമത്തെയും വിശുദ്ധനഗരവുമായി ബന്ധിപ്പിക്കും എന്നത് പ്രതീക്ഷിതം തന്നെയാണ്. ലോകത്തിന്റെ മദ്ധ്യബിന്ദുവിൽ നിന്ന് തന്നെ വലയം ചെയ്തു നിൽക്കുന്ന ലോകത്തെ നയിക്കുകയായിരുന്നു നബി തിരുമേനി(സ).
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso