നബി പകർന്ന ഊർജ്ജം
21-09-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
മനുഷ്യൻ എന്നാൽ മനസ്സാണ്. അഥവാ, അവന്റെ എല്ലാ അനക്കവും അടക്കവും തുടങ്ങുന്നതും നിയന്ത്രിക്കുന്നതും മനസ്സിൽ നിന്നാണ്. മനുഷ്യനെ വളർത്താനും നയിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ആശ്രയിക്കുന്നതും ആശ്രയിക്കേണ്ടതും മനസ്സിനെയാണ്. ഇവ പോലെ തന്നെയാണ് വിപരീതങ്ങളും. ഒരാളെ തളർത്താനും മടിയനാക്കുവാനും നിസ്സംഗനാക്കുവാനും നിഷ്ക്രിയനാക്കുവാനുമെല്ലാം കടന്നുപിടിക്കേണ്ടത് മനസ്സിനെ തന്നെയാണ്. അതിനാൽ മനുഷ്യ ജീവിതത്തെ നന്നാക്കുവാൻ വന്ന ദൈവ ദൂതൻമാർ, അവതാര പുരുഷൻമാർ, പുണ്യാളൻമാർ, സാമൂഹ്യ നായകൻമാർ, ഉപദേശികൾ തുടങ്ങി എല്ലാവരുടെയും പ്രവർത്തന പ്രതലം മനുഷ്യമനസ്സായിരുന്നു. തങ്ങൾ ഏൽപ്പിക്കപ്പെട്ടിരിക്കുന്നതായ ജീവിതലോകത്തിലേക്ക് മനുഷ്യമനസ്സുകളെ സരളമായി പിടിച്ചു കൊണ്ടുവരുവാനും അവിടെയിട്ട് അവയെ തഴുകിയും തലോടിയും വളർത്തുവാനും അതുവഴി ജീവിതത്തെ തങ്ങളുടെ ആദർശത്തിന്റെ ചൊൽപ്പിടിയിൽ നിർത്തുവാനും ആയിരുന്നു അവരുടെയൊക്കെ ശ്രമം. ഇതിനുവേണ്ടി അവരെല്ലാവരും ചെയ്തിരുന്നത് ഊർജ്ജം പകർന്നുകൊടുത്തു കൊണ്ട് മനസ്സിനെ ഉണർത്തുകയും ക്രമപ്രവൃദ്ധമായി ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു ഒറ്റനോട്ടത്തിൽ അവരുടെ ദൗത്യം. ലോകം കണ്ട എല്ലാ ആചാര്യന്മാരുടെയും പ്രവർത്തനത്തെ വീക്ഷിക്കുമ്പോൾ നമുക്കിത് ബോധ്യമാകും. അതേസമയം ആ കൂട്ടത്തിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് മാനുഷകത്തിന്റെ മഹാചാര്യനായ മഹാനായ നബി തിരുമേനി(സ)യിൽ നിന്ന് ഉണ്ടായത്. തൻ്റെ പ്രബോധന ലോകത്തെ ഓരോ മനസ്സിനെയും മഹാനവർകൾ ഊർജ്ജപ്പെടുത്തി. മനുഷ്യമനസ്സിന് ഊർജ്ജം നൽകാനുള്ള നബിയുടെ പൊതുവായ ശ്രമത്തിന്റെ തുടക്കം സന്ദേഹങ്ങളെയും സംശയങ്ങളെയും ദൂരീകരിക്കുക എന്നതായിരുന്നു. മനുഷ്യ മനസ്സിന് മുന്നോട്ടു പോകുന്നതിൽ വിഘാതം സൃഷ്ടിക്കുക സന്ദേഹങ്ങളും സംശയങ്ങളും ആയിരിക്കും. ഇവയെ വിപാടനം ചെയ്യണം ആദ്യം. അതിന് സന്ദേഹരഹിതമായ ഒരാശയം അവരുടെ പക്ഷത്തു നിന്നു കൊണ്ട് അവതരിപ്പിക്കേണ്ടതുണ്ട്. അതിന് അനുകൂലമായിരുന്നു നബിയുടെ കാലവും സാഹചര്യവും. വിഗ്രഹങ്ങളെ ആരാധിക്കുന്ന, വഴിവിട്ട ജീവിതം നയിക്കുന്ന ഒരു ലോകത്തായിരുന്നു നബിയുടെ പ്രബോധനം. ആ ജീവിതങ്ങൾ ഉയർത്തുന്ന ആശങ്കകളെയും അപകടങ്ങളെയും ശാസ്ത്രീയമായി നബി തുറന്നുകാണിച്ചു. അവിടെ വിമ്മിഷ്ടമുണ്ടാക്കുന്ന ബലപ്രയോഗങ്ങൾ ഒന്നും ഉണ്ടാക്കാതെ വളരെ സരളമായിരുന്നു ആ നീക്കങ്ങൾ. അത്തരം രംഗങ്ങൾ ഒന്നിൽ ഒരാളോട് നബി(സ) സംസാരിക്കുന്ന രീതി തന്നെ അതിന് തെളിവാണ്. ഒരാളോട് ചോദിച്ചു, നിനക്ക് എത്ര ആരാധ്യന്മാരുണ്ട് എന്ന്. അദ്ദേഹം ആറെണ്ണം ഭൂമിയിലും ഒന്ന് ആകാശത്തും എന്ന് മറുപടി നൽകി. ഉടനെ വന്നു, നബിയുടെ ചോദ്യം, നിനക്ക് വിശപ്പും ദാരിദ്ര്യവും വന്നാൽ കൂട്ടത്തിൽ ആരോടാണ് നീ പരാതിപ്പെടുക എന്ന്. അപ്പോൾ അയാൾ ആകാശത്തേക്ക് വിരൽ ചൂണ്ടി. ഉടനെ വന്നു, നബിയുടെ രണ്ടാമത്തെ ചോദ്യം, നീ കരുതുന്ന ആറു പേരും ദൈവങ്ങളായിരിക്കെ അവരോടൊന്നും പറയാതെ മേലെയുള്ള ദൈവത്തോട് മാത്രം പറഞ്ഞാൽ നിന്നോട് മറ്റു ദൈവങ്ങൾ പരിഭവിക്കില്ലേ എന്ന്. അതോടെ അയാളുടെ മനസ്സിന്റെ മുമ്പിൽ തന്നെ അയാൾ ഇടറി വീണു. അയാളുടെ കാര്യത്തിൽ നബിയുടെ ദൗത്യം പരിപൂർണ്ണമാവുകയും വിജയിക്കുകയും ചെയ്തു. ഈ അർത്ഥത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്നതുപോലെ മനസ്സുകളിലൂടെ നബി തിരുമേനിയുടെ ആശയം പടർന്നപ്പോൾ അവരുടെ മനസ്സിൽ സ്വന്തം ജീവിതത്തോട് പ്രതിപത്തിയുണ്ടായി. അത് തിരിച്ചറിവായിരുന്നു. ആ തിരിച്ചറിവ് ഒരു ജനതയുടെ മനസ്സിന് ഊർജ്ജം പകർന്നു. ശരിയായ ഊർജ്ജം ശരിയായ രീതിയിൽ സന്നിവേശിപ്പിച്ചത് കൊണ്ട് ആ മനസ്സുകൾ ഒരിക്കലും പഴയ ലോകത്തേക്ക് മടങ്ങിയില്ല. ഒരിക്കലും അവർ നബിയെയോ ആശയത്തെയോ കൈവിട്ടതുമില്ല. നബിയുടെ നബി പകർന്ന ഊർജ്ജത്തിൻറെ പ്രത്യേകത ഇതാണ്.
മനസ്സിന് കിട്ടുന്ന ഒരു പ്രധാന ഊർജ്ജമാണ് പ്രതീക്ഷകൾ. പ്രതീക്ഷയുള്ള പ്രതീക്ഷകൾ പകർന്നു കൊടുക്കുമ്പോൾ മനസ്സുകളെ അത് വല്ലാതെ സ്വാധീനിക്കും. പ്രവാചകന്റെ ഹിജ്റ യാത്രയിൽ ഒരു അനുഭവം ഉണ്ടായി. തങ്ങളുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയ മുഹമ്മദ് നബി (സ)യെയും അബൂബക്കർ(റ)യെയും ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊണ്ടു വരുന്നവർക്ക് 100 ഒട്ടകം ആയിരുന്നു അവർ പ്രഖ്യാപിച്ച ഇനാം. അതിൽ കണ്ണുവെച്ച സുറാഖ എന്ന ഒരാൾ അവസാനം നബിയെയും സഹചാരികളെയും കണ്ടുപിടിക്കുക തന്നെ ചെയ്തു. അയാൾക്ക് പക്ഷേ കരുതിയതൊന്നും നേടാൻ കഴിഞ്ഞില്ല. നബിക്കും സഹചാരികൾക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടായിരുന്നു. അവസാനം നബിയുടെ മുമ്പിൽ വിനീതനായി കൈകൂപ്പി നിൽക്കുന്ന ഒരു സാഹചര്യം വന്നു അയാൾക്ക്. ഈ നായകൻ അതിവിദൂരമല്ലാത്ത ഭാവിയിൽ ജനതയുടെ നായകനായി തീരും എന്ന് അപ്പോഴേക്കും അയാൾക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. അത്തരം ഒരു ഭാവിയിൽ തൻ്റെ നില ഉറപ്പുവരുത്തുവാനായി പിന്നെ അയാളുടെ ശ്രമം. അതിനിടയിൽ സുറാഖയുടെ കൈകളിലേക്ക് നോക്കി നബി ചോദിച്ചു: 'ഈ കൈകളിൽ കിസ്റയുടെ വളകൾ അണിഞ്ഞാൽ എന്തായിരിക്കും ഭംഗി' എന്ന്. പേർഷ്യൻ സാമ്രാജ്യം ഭരിക്കുന്ന ആളാണ് കിസ്റ ചക്രവർത്തി. കിസ്റ ചക്രവർത്തിയുടെ കൈവളകൾ കാണാൻ പോലും ഭാഗ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലാത്ത ദരിദ്രമായ ജീവിതത്തിന്റെ ഉടമയായ സുറാഖയുടെ മനസ്സിനെ അത് പകർന്നത് വലിയ ഊർജ്ജം തന്നെയായിരുന്നു. ആ ഊർജ്ജം അധികം വൈകാതെ സുറാഖയെ നബിയുടെ ആശയ ലോകത്ത് എത്തിച്ചു. പറഞ്ഞതുപോലെ നടക്കുകയും ചെയ്തു. കിസ്റയുടെ കൊട്ടാരം പിടിച്ചടക്കിയ മുസ്ലിം സേന ചക്രവർത്തിയുടെ വളകൾ തൻ്റെ മുമ്പിൽ കൊണ്ടുവന്ന് വെച്ചപ്പോൾ ഖലീഫ ഉമർ ചുറ്റും നോക്കി ഈ സുറാഖയെ പരതി, ആ വളകൾ അദ്ദേഹത്തിന്റെ കൈകളിൽ ഇട്ടു കൊടുക്കുവാൻ. ശാമിലെ സമ്പന്നനായിരുന്ന അദിയ്യു ബിൻ ഹാത്വിമടക്കം പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. എന്തിനധികം ! പീഡനങ്ങളുടെ വേദനയിൽ വിറച്ചു നിൽക്കുന്ന സ്വന്തം അനുയായികളിലെ ദുർബലർ കഅ്ബയുടെ നിഴലിൽ തന്റെ തട്ടം തലയിണയാക്കി കിടക്കുന്ന നബിയുടെ മുമ്പിൽ വന്ന്, അന്ന് പ്രാർത്ഥിക്കുന്നില്ലേ, ഞങ്ങളുടെ അവസ്ഥ കാണുന്നില്ലേ എന്ന് പരിഭവിക്കുമ്പോൾ അവരെ നബി(സ) ആശ്വസിപ്പിക്കുന്നതും ഇതേ ഊർജ്ജം പകർന്നു കൊടുത്തുകൊണ്ടായിരുന്നു. ഈ ദൗത്യം വിജയിക്കുക തന്നെ ചെയ്യും എന്ന് നബി(സ) അവരോടു പറഞ്ഞു. ഇങ്ങനെ പ്രതീക്ഷകൾ പകരുവാൻ പ്രചോദനം നബിയുടെ ഉള്ളുറപ്പ് തന്നെയായിരുന്നു. ആ ഉറപ്പ് എല്ലാ സന്ദേഹങ്ങളെയും അതിജയിക്കാൻ കരുത്തുള്ളതായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ, സാഹചര്യങ്ങളും വ്യവസ്ഥകളും ഒപ്പമുള്ളവരുടെ നിലപാടുകളും തീർത്തും പ്രതികൂലമായപ്പോഴും സുഹൈൽ ബിൻ അംറ് വെച്ചുനീട്ടിയ സന്ധിയിൽ അന്ന് ഹുദൈബിയയിൽ നബി തിരുമേനി ഒപ്പുവെച്ചത്. പ്രത്യക്ഷത്തിൽ മാനക്കേടും പരാജയവും മണക്കുന്ന ആ വ്യവസ്ഥകളെ നബി പക്ഷേ കണ്ടത് വിജയമായിട്ടായിരുന്നു. അതങ്ങനെ സംഭവിക്കുകയും ചെയ്തു. വിജയങ്ങളുടെ വിജയമായ മക്കാ വിജയം ഉണ്ടായത് ഈ കരാർ ഉണ്ടായതിനാൽ മാത്രമായിരുന്നല്ലോ.
വ്യക്തിഗതമായ വികാരങ്ങളെ പരിഗണിക്കുക എന്നത് മറ്റൊരു ഊർജ്ജദാനമാണ്. ഇത് നബിയുടെ സമീപനങ്ങളിൽ വളരെ വ്യക്തമായിരുന്നു. നേരത്തെ പറഞ്ഞ ഹുദൈബിയയിൽ നബിയോട് തൻ്റെ പ്രതിഷേധം തുറന്നുപറഞ്ഞ ഏക ആൾ ഉമർ(റ) ആയിരുന്നു. ഇത്രയും വലിയ സാമൂഹ്യ ശക്തി നേടിയിട്ടും, ഇത്രയും ഹീനമായി നമ്മെ അപമാനിക്കുന്ന വ്യവസ്ഥകൾ ഉണ്ടായിട്ടും ഈ സന്ധിയിൽ ഒപ്പിടുന്നത് നിന്ദ്യതയാണ് എന്ന് അദ്ദേഹം നബിയോട് നേർക്കുനേർ പറഞ്ഞു. നബി തങ്ങൾ ശാന്തനായി ഞാൻ അല്ലാഹുവിന് വഴിപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് ഒറ്റവാക്കിൽ പറഞ്ഞൊഴിഞ്ഞു. അധികം വൈകാതെ ഈ കരാർ വിജയമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂത് വന്നു. സൂറത്തുൽ ഫതഹിലെ ആ ആദ്യ ആയത്തുകൾ ലഭിച്ചപ്പോൾ അത് ആദ്യം ഓതി കൊടുത്തത് ഉമർ(റ)വിനായിരുന്നു. കാരണം, ഉമറിന്റെ മനസ്സ് ന്യായമായിട്ടാണെങ്കിൽ പോലും വേദനിക്കരുത് എന്നും ഉണ്ടായ വേദനകളിൽ നിന്ന് അതിവേഗം ഉമറിനെ പുറത്തുകൊണ്ടുവരേണ്ടതുണ്ട് എന്നും നബിക്ക് അറിയാമായിരുന്നു. സന്ധിയെ തുടർന്ന് പിറ്റേ വർഷം ദുൽഖഅ്ദ മാസത്തിൽ ഉംറത്തുൽ ഖദാഇന് പോകുമ്പോൾ കഴിഞ്ഞവർഷം ഹുദൈബിയയിൽ ഒപ്പമുണ്ടായിരുന്ന ഒരാളും വരാതിരിക്കരുത് എന്ന് നബി ശക്തമായി നിർദ്ദേശിച്ചത് കാണാം. അതും ഇതേ അർത്ഥത്തിലാണ്. അന്ന് മനസ്സ് വേദനിച്ച എല്ലാവരെയും അനുഭവത്തിലൂടെ സമാശ്വസിപ്പിക്കുകയായിരുന്നു നബിയുടെ ഉദ്ദേശം. ഇബ്നു മസ്ഊദ്(റ) മറ്റൊരു സഹാബിയുമായി ഒരിക്കൽ ഒരു തർക്കത്തിൽ ഏർപ്പെട്ടു. ഒരു ആയത്തിന്റെ പാരായണവുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. തർക്കം അവസാനം നബിയുടെ മുമ്പിൽ എത്തി. നബി ആ വിഷയത്തേക്കാൾ ഏറെ ആ സാഹചര്യത്തെയാണ് വായിച്ചത്. അവിടെ രണ്ടിൽ ഒരാളെ മാത്രം പരിഗണിക്കുന്നത് മറ്റേ ആളിൽ നിരാശയുണ്ടാകും എന്ന് നബി കണ്ടു. അതിനാൽ നബി(സ) പറഞ്ഞു, രണ്ടുപേരുടെയും പാരായണങ്ങൾ ഓരോ അർത്ഥങ്ങൾ നോക്കുമ്പോൾ ശരി തന്നെയാണ് എന്ന്. അതു പകർന്ന ഊർജ്ജമേറ്റ് അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ച് ആലിംഗനം ചെയ്തു പിരിയുകയും ചെയ്തു. നബി പകരുന്ന ഊർജ്ജം ഇങ്ങനെ അത്ഭുതങ്ങൾ കാണിച്ച രംഗങ്ങൾ നിരവധിയാണ്. മക്കാവിജയനാളിൽ വലിയ വീറോടും വാശിയോടും കൂടി അൻസാരികളുടെ നേതാവ് സഅ്ദ് ബിൻ ഉബാദ(റ) വാളും ചുഴറ്റി നടക്കുകയാണ്. 'ഇന്ന് മക്കക്കാരെ നിങ്ങളെ കാണിച്ചുതരാം' എന്ന മട്ടും ഭാവവുമായിരുന്നു ഈ യുദ്ധ നായകന്. ഇത് ഒരു സ്ത്രീയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ആ സ്ത്രീക്ക് അത് വിഷമമായി. നബിയുടെ മനസ്സും മട്ടും ആ സ്ത്രീക്ക് അറിയാം. വിശുദ്ധ ഹറമിൽ ഒരു ചോരപ്പുഴ ഒഴുകരുത് എന്ന് നബിക്ക് താല്പര്യമുണ്ട്. അത് നബിയുടെ ഓരോ ചലനത്തിലും പ്രകടവുമാണ്. എന്നാൽ ഇയാളുടെ വികാരവിക്ഷോഭങ്ങൾ കണ്ടാൽ ഇയാൾ ജനങ്ങളെ കൂട്ടക്കശപ്പ് ചെയ്തേക്കും എന്ന് ആ സഹോദരി ഭയപ്പെട്ടു. അവർ നേരെ നബിയുടെ അടുക്കലേക്ക് പോയി തൻ്റെ ആശങ്ക അറിയിച്ചു. നബി(സ)ക്ക് അത് ബോധ്യപ്പെട്ടു. പക്ഷേ ഒരു പ്രശ്നം. മദീനയിലെ ഈ ഏറ്റവും തലമുതിർന്ന നേതാവിനെ നായക സ്ഥാനത്ത് നിന്ന് എങ്ങനെയാണ് മാറ്റുക ?, അത് അയാളുടെ അദ്ദേഹത്തെ വേദനിപ്പിക്കില്ലേ ?. അപ്പോൾ നബിയുടെ മനസ്സിൽ ഒരു വഴി തെളിഞ്ഞു. നബി (സ) അദ്ദേഹത്തെ വിളിച്ചു. ഒപ്പം മകൻ ഖൈസിനെയും. നബി(സ) സഅ്ദ് ബിൻ ഉബാദയോട് : 'നമ്മളൊക്കെ മുതിർന്നവരാണ് ഇനി ഇവർ കുട്ടികൾ ഒക്കെ നേതൃത്വം നൽകട്ടെ' അതു പകർന്ന ഊർജ്ജം പിതാവിന്റെയും പുത്രന്റെയും മനസ്സുകളെ ഒരേ സമയം ഉത്തേജിപ്പിച്ചു.
ഈ ശ്രേണിയിലെ ഏറ്റവും വലിയ ഉത്തേജനത്തിന് ഉദാഹരണം ഹുനൈൻ യുദ്ധരംഗമാണ്. ഹിജ്റ 9 ൽ നടന്ന ഈ സംഭവത്തെ തുടർന്ന് നബിക്കും സേനക്കും ധാരാളം യുദ്ധാർജിത മുതലുകൾ ലഭിച്ചിരുന്നു. അവ വീതം വെക്കുമ്പോൾ നബി(സ) വാരിക്കോരി കൊടുത്തതെല്ലാം മക്കയിൽ നിന്നു വന്ന നവ മുസ്ലിങ്ങൾക്കായിരുന്നു. അവരെ മാത്രം പ്രത്യേകമായി പരിഗണിക്കുന്നത് മദീനയിൽ നിന്നു വന്ന അൻസാരികളെ വ്യാകുലപ്പെടുത്തി. അവർ വലിയ വിലകൾ നൽകി 9 വർഷമായി നബിയോടൊപ്പം നിൽക്കുന്നവരാണ്. വളരെ ദുർബലമായ വർഷങ്ങളിൽ ഒപ്പം നിന്നവരെ ഇത്തരം ഒരു സാഹചര്യത്തിൽ അവഗണിച്ചതിൽ അവർ വേദനിച്ചു. അവർ അവരുടെ വേദന ആദ്യം അവരുടെ നേതാവ് സഅ്ദ് ബിൻ ഉബാദയോട് പറഞ്ഞു. അദ്ദേഹം അത് നേരെ നബിയോടും പോയി പറഞ്ഞു. നബി(സ) അദ്ദേഹത്തോട് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ചോദിച്ചു. തനിക്കും അതേ അഭിപ്രായമാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ അൻസാരികളെ മുഴുവനും ഒരു സ്ഥലത്ത് വിളിച്ചു ചേർക്കൂ എന്നായി നബി തങ്ങൾ. അവരുടെ മനസ്സിൽ രൂപപ്പെട്ട ഈ വേദന ഒട്ടും ചെറുതല്ല. അതു മാത്രം മതി ഒരു വലിയ വിഭാഗീയതയായി വിഷയം കത്തി പടരുവാൻ. ഇത്തരം സാഹചര്യങ്ങളിൽ ആണ് സമൂഹങ്ങൾ പിളരുന്നതും തളരുന്നതും. ആയതിനാൽ അത് ഒറ്റയടിക്ക് പരിഹരിക്കണം എന്നായിരുന്നു നബിയുടെ താല്പര്യം. അതിനുവേണ്ടിയാണ് അവരെ വിളിച്ചു ചേർക്കുവാൻ പറഞ്ഞിരിക്കുന്നത്. അവരെ വിളിച്ചുചേർത്ത് നബി അവരെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുകയായിരിക്കും എന്ന് ചരിത്രം വായിക്കുന്നവർക്ക് തോന്നിയേക്കാം. അടുത്ത പ്രാവശ്യം പകരം നിങ്ങളെ നന്നായി പരിഗണിക്കാം എന്നു പറഞ്ഞോ അല്ലെങ്കിൽ അവർക്ക് കൊടുത്തതിൽ നിന്ന് ചെറിയ ഒരു ഭാഗം തിരിച്ചുപിടിച്ച് നിങ്ങൾക്കും തരാം എന്നു പറഞ്ഞോ നിങ്ങൾ വിഷമിക്കേണ്ട എന്ന് പറഞ്ഞായിരിക്കും നബിയുടെ സാന്ത്വനം എന്ന് നമുക്ക് തോന്നിയേക്കാം. പക്ഷേ, അങ്ങനെ പരിഹരിക്കുമ്പോൾ അതൊരു കേവലപരിഹാരം മാത്രമേ ആകൂ. പിന്നീട് ഒരു സാഹചര്യത്തിൽ സമാനമായ വൈകാരികത വീണ്ടും ഉണരുകയും വീണ്ടും പ്രശ്നമുണ്ടാക്കുകയും ചെയ്തേക്കാം. ആയതുകൊണ്ട് കേവലപരിഹാരമല്ല ഇവിടെ വേണ്ടത് എന്നെന്നേക്കുമായി ഈ ജനതയിലും ഇതറിയുന്ന ജനതയിലും പ്രതിഫലിക്കുന്ന ഒരു പരിഹാരമാണ് വേണ്ടത്. അത് അങ്ങനെ ആയിരിക്കുവാൻ നബി(സ) ആശ്രയിച്ച കാഴ്ചപ്പാട് പ്രത്യേകമായ ഊർജ്ജം നൽകി അൻസാരികളുടെ മനസ്സുകളെ നേടിയെടുക്കുക എന്നതായിരുന്നു. ഒരിടത്ത് ഒരുമിച്ചു കൂടിയ അവരുടെ മുമ്പിൽ എഴുന്നേറ്റു നിന്നുകൊണ്ട് നബി ഇങ്ങനെ പറഞ്ഞു: മക്കയിൽ നിന്ന് വന്നവർ ആടുമാടുകളെയും കൊണ്ട് മടങ്ങുന്നു, നിങ്ങൾ അൻസാരികളോ അല്ലാഹുവിന്റെ ദൂതനെയും കൊണ്ട് മടങ്ങുന്നു. ഇനി നിങ്ങൾക്കു തീരുമാനിക്കാം, ഈ രണ്ട് മടക്കയാത്രകളിൽ ഏതാണ് മൂല്യവത്തായത് എന്ന്.. നബി(സ) അത് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അൻസാരി സമൂഹം ഉള്ളുവിറച്ചുകൊണ്ട് എഴുന്നേറ്റ് കൈകൾ ഉയർത്തി പറഞ്ഞു: 'ഞങ്ങൾക്കൊന്നും വേണ്ട, അല്ലാഹുവിന്റെ ദൂതൻ മാത്രം മതി' അതോടെ ആ പ്രശ്നം അപ്പോഴേക്ക് മാത്രമല്ല എന്നെന്നേക്കുമായി അവസാനിച്ചു'. ആരുടെയും അസംതൃപ്തി അവശേഷിച്ചതും ഇല്ല. നബി(സ) പകർന്ന ഊർജ്ജത്തിന്റെ സവിശേഷത ഇതാണ്. അത് പ്രശ്നങ്ങളെ ശരിയായി സമീപിക്കുകയും കൃത്യമായി പരിഹരിക്കുകയും ചെയ്യുമായിരുന്നു. അതിന് കാരണമുണ്ട്, ആ ഊർജ്ജം ശരിക്കും വരുന്നത് അല്ലാഹുവിൽ നിന്ന് തന്നെയാണല്ലോ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso