സത്യസന്ധതയുടെ സമകാലസാക്ഷ്യം
30-09-2023
Web Design
15 Comments
വെളളിത്തെളിച്ചം
ടി എച്ച് ദാരിമി
നബി(സ) തിരുമേനിയെ കുറിച്ചുളള ലോകത്തിന്റെ വിലയിരുത്തലുകളിൽ ഏറ്റവും അർഥപൂർണ്ണം കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഹെറാക്ലിയസ് എന്ന ഹിർഖലിന്റേതു തന്നെയായിരിക്കും. അതിന് പല ന്യായങ്ങളുമുണ്ട്. ഒന്നാമതായി, അത് നബി(സ)യുടെ പ്രബോധനം മുഴങ്ങിനിൽക്കുന്ന കാലത്തുണ്ടായതാണ്. ഫ്ലേവിയസ് അഗസ്റ്റസ് എന്ന ഹിർവൽ റോമാ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ എത്തുന്നത് എ ഡി 610 ലാണ്. എ ഡി 641 വരെ മൂന്നു ദശകങ്ങൾ നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം പോരാട്ടങ്ങളുടെ വലിയൊരു ശ്രംഖലയായിരുന്നു. യമൻ മുതൽ ഈജിപ്ത് വരെയും തുർക്കി മുതൽ ഇറാൻ വരെയും പടയോട്ടങ്ങളിലൂടെ അദ്ദേഹം പിടിച്ചടക്കി. ലോകം കണ്ട പടയോട്ടങ്ങളിലൊന്നായി ഇതിനെ ചരിത്രം വരവുവെക്കുന്നു. അക്കാലത്തും തുടരുന്നുണ്ടായിരുന്ന ക്രൈസ്തവ വിഭാഗങ്ങളിലൊന്നിന്റെ അമരത്വം കൂടി അദ്ദേഹത്തിൽ വന്നു ചേർന്നതോടെ മതപരമായ ഒരു ശ്രദ്ധ കൂടി അദ്ദേഹത്തിന് കൈവന്നു. ഇങ്ങനെയെല്ലാം ചരിത്രത്തിന്റെ സവിശേഷ ശ്രദ്ധ നേടിയ അദ്ദേഹം നബിയെ ഒരു മുൻധാരണയും ഇല്ലാതെയായിരുന്നു വിലയിരുത്തിയത്. അദ്ദേഹം തന്റെ വിലയിരുത്തലിനായി പുലർത്തിയ സമീപനവും ശാസ്ത്രീയമായിരുന്നു. കൃത്യമായ സ്രോതസ്സിൽ നിന്നായിരുന്നു ആ വ്യക്തിത്വത്തിന്റെ വേർതിരിച്ചെടുക്കൽ. അതും അതിനു വേണ്ടി ഉപയോഗപ്പെടുത്തിയ വ്യക്തിയുടെ ഗൂഢശ്രമങ്ങളെ പോലും വളഞ്ഞിട്ട് തടയുന്ന ക്രമത്തിൽ. സംഭവം രേഖപ്പെടുത്തുന്നത് സർവ്വാംഗീകൃതമായ ഇമാം ബുഖാരി തന്റെ സ്വഹീഹിലാണ്. ഇതെല്ലാം കാരണത്താലാണ് ഈ വിലയിരുത്തൽ സവിശേഷമാണ് എന്നു പറയുന്നത്. നിഷ്കളങ്കമായി നബി(സ) യുടെ അനുപമ വ്യക്തിത്വം കണ്ടെത്തുവാൻ ഇതു സഹായമാകും.
ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നത് ഹിജ്റ ആറിൽ നടന്ന ഹുദൈബിയ്യ സന്ധിക്കു ശേഷം നബി(സ) അക്കാലത്തെ ഭരണാധികാരികൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയതു മുതലാണ്. ദൂതൻമാർക്ക് സഞ്ചാര സ്വാതന്ത്രം കൈവന്നത് ഈ സന്ധിയോടെയായിരുന്നുവല്ലോ. ഹിർഖൽ ചക്രവർത്തിക്കുള്ള കത്തുമായി പോയത് ദിഹ് യത്തുൽ കൽ ബി(റ) ആയിരുന്നു. ബുസ്റായിലെ നാട്ടുപ്രധാനി വഴി കത്ത് ഹിർഖലിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പ്രതിനിധി ദിഹ് യതുല്‍ കല്‍ബി(റ)ന്റെ കൂടെ അദിയ്യ്ബ്നു ഹാതിം(റ)നെ കൂടെ പറഞ്ഞുവിട്ടു. ബഹുദൈവാരാധനാപരമായ പതിവു ആചാര മര്യാദകളൊന്നും പാലിക്കാതെ തന്നെ ദിഹ് യ ത്ത്(റ) കത്ത് ഹിർഖലിന്റെ സമീപത്തെത്തിച്ചു. കത്ത് കൈപ്പറ്റിയ അദ്ദേഹം അതു തുറന്നു വായിച്ച ശേഷം രണ്ടു കണ്ണുകള്‍ക്കു മീതെയും തലക്കു മീതെയും കത്ത് വെച്ച് അതില്‍ ചുംബിച്ചു ബഹുമാനം പ്രകടിപ്പിച്ചു. എന്നിട്ട് ഞാനിതിനെ കുറിച്ച് പഠിക്കുമെന്നു പറഞ്ഞു. ഈ കത്ത് കൈപ്പറ്റുന്ന സമയം അദ്ദേഹം ബൈത്തുല്‍ മുഖദ്ദസിലായിരുന്നു. പേര്‍ഷ്യയോട് നേടിയ ഒരു വിജയത്തില്‍ നന്ദി പ്രകടിപ്പിക്കാനായി മസ്ജിദുല്‍ അഖ്സയിലെത്തിയതായിരുന്നു. കത്തിലെ ആശയം ഗ്രഹിച്ചശേഷം വേണ്ടപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നറിയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ ഖുദ്സില്‍ മക്കക്കാര്‍ ആരെങ്കിലും കച്ചവടത്തിനെത്തിയിട്ടുണ്ടോ എന്നദ്ദേഹം അന്വേഷിച്ചു. അങ്ങനെ അബൂസുഫ് യാനടക്കമുള്ള ഒരു മക്കൻ വ്യാപാര സംഘമുണ്ടെന്നറിഞ്ഞു. അവരെ വിളിച്ചു വരുത്തി അദ്ദേഹം ഈ പുതിയ നബിയെ കുറിച്ച കാര്യങ്ങളന്വേഷിച്ചു. ആ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പഠനം. ആദ്യത്തെ ചോദ്യം നബിയുടെ കുടുംബത്തെ കുറിച്ചായിരുന്നു. അബൂ സുഫ്‌യാന്‍ പറഞ്ഞു: 'മുഹമ്മദ് ഞങ്ങളിലെ ഉന്നതകുലജാതന്‍ തന്നെയാണ്. അടുത്ത ചോദ്യം അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു. 'ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങള്‍ക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?' എന്നായിരുന്നു അത്. അതിന് അബൂസുഫ്‌യാന്‍ 'ഇല്ല' എന്ന് മറുപടി പറഞ്ഞു. അതല്ലാതെ മറ്റൊന്ന് പറയാൻ ഇല്ലല്ലോ. അടുത്ത ചോദ്യം 'അദ്ദേഹത്തിന്റെ പൂര്‍വികരില്‍ രാജാക്കന്മാരുണ്ടോ?' എന്നായിരുന്നു. അതിനും ഇല്ല എന്നു തന്നെയായിരുന്നു മറുപടി. ഇത്രയും ചോദ്യങ്ങളുടെ ധ്വനിയും വഴിയും തന്നെ കണ്ടാൽ അറിയാം, പ്രത്യേകമായ ഒരു ചുഴിഞ്ഞന്വേഷണം തന്നെയാണ് ഹിർഖൽ നടത്തുന്നത് എന്ന്.
അപ്പോൾ ഹിര്‍ഖലിന്റെ ചോദ്യം 'ജനങ്ങളില്‍ ശക്തരോ ദുര്‍ബലരോ ആരാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്?' എന്നായി.: 'ദുര്‍ബലരാണ്' എന്നാണ് അബൂസുഫ്‌യാന്‍ പറഞ്ഞത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ചേദ്യമായിരുന്നു പിന്നെ ഹിര്‍ഖല്‍ ചോദിച്ചത്. 'അവര്‍ വര്‍ധിക്കുകയോ ചുരുങ്ങുകയോ?' എന്ന്. അപ്പോൾ അങ്ങനെ പറയാൻ മനസ്സില്ലെങ്കിലും അബൂസുഫ്‌യാന് സത്യം തന്നെ സമ്മതിച്ചു പറഞ്ഞു: 'വര്‍ധിക്കുന്നു.' അറബികളുടെ ചോരയിൽ അലിഞ്ഞുചേർന്ന ഒരു വ്യക്തിത്വ ഗുണമാണ് കളവ് പറയാതിരിക്കുക എന്നത്. ഹിര്‍ഖല്‍ അടുത്ത ചോദ്യത്തിലും ഞെട്ടിച്ചു കളഞ്ഞു. അദ്ദേഹം ചോദിച്ചു: 'ആരെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ മതം പരിത്യജിച്ചിട്ടുണ്ടോ?' അബൂസുഫ്‌യാന്‍ പറഞ്ഞു: 'ഇല്ല.' ഇനി മറ്റൊരു ഭാഗത്തിലൂടെ അബൂ സുഫിയാനെ വളഞ്ഞിട്ടു പിടിക്കുകയാണ് ഹിര്‍ഖല്‍. അദ്ദേഹം ചോദിച്ചു : 'പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?' അതിനും ഇല്ലാ എന്നു പറയാനേ അബൂസുഫ്‌യാന് കഴിയുമായിരുന്നുളളൂ. 'അദ്ദേഹം വഞ്ചിച്ചിരുന്നോ? എന്നായിരുന്നു അടുത്ത ചോദ്യം. അതിനും ഇല്ല എന്നു പറഞ്ഞു അബൂ സുഫ്‌യാൻ. എങ്ങനെയെങ്കെലും മുഹമ്മദിനെ കുറിച്ച് ഒരു നെഗറ്റീവ് പറയുവാൻ അബൂ സുഫിയാന്റെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. പക്ഷെ, അതിനൊരു സാധ്യതയും ഒത്തുവരാത്തതിൽ അയാൾക്ക് ശക്തമായ ഇഛാഭംഗമുണ്ട്. അതിന്റെ കൂടി പരിഹാരമായി ഈ ഉത്തരത്തിൽ ഒരു നെഗറ്റീവ് ടിപ്പണി ചേർക്കുവാൻ അദ്ദേഹം ശ്രമം നടത്തി. അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് അതിലദ്ദേഹം എന്തുചെയ്യുമെന്നറിയില്ല.' ഹുദൈബിയ്യയിൽ വെച്ചു നടത്തിയ സന്ധിയാണ് പരാമർശം. അത് ലംഘിച്ചത് അവർ തന്നെയായിരുന്നു ഹിജ്റ എട്ടിൽ. അങ്ങനെയാണല്ലോ മക്കാ വിജയം സാദ്ധ്യമായത്. അത്തരം വില കുറഞ്ഞ ഇടപെടലിനൊന്നും ഹിര്‍ഖല്‍ ചെവിയോ വിലയോ കൊടുത്തതേയില്ല. ഗൗരവം ഒട്ടും ചേരാതെ വന്നു അടുത്ത ചോദ്യം: 'നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ?' അബൂസുഫ്‌യാന്‍ അതേ എന്നു പറഞ്ഞു. തെല്ലു ജിജ്ഞാസയോടെ യുദ്ധക്കൊതിയൻ കൂടിയായ ഹിര്‍ഖല്‍ ആരാഞ്ഞു: 'യുദ്ധം എങ്ങനെയായിരുന്നു?' അബൂസുഫ്‌യാന്‍ പറഞ്ഞു: 'യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും, ചിലപ്പോള്‍ അവരും.' ഹിജ്റ മൂന്നിൽ നടന്ന ഉഹദ് യുദ്ധത്തിൽ ഏതാനും സമയം നേടിയ മേൽകൈ ആണ് പൊതുവൽക്കരിച്ച് അബൂ സുഫ്‌യാൻ ആളാകാൻ മെനക്കെടുന്നത്. തുടർന്ന് 'അദ്ദേഹം എന്തൊക്കെയാണ് കല്‍പിക്കുന്നത്?' എന്നായി ഹെരാക്ലിയസ്.
അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. പൂര്‍വപിതാക്കളുടെ വാദഗതികള്‍ വര്‍ജിക്കുക. നമസ്‌കാരം, സത്യസന്ധത, ധാര്‍മികത, കുടുംബബന്ധം ചേര്‍ക്കല്‍ എന്നിവയെല്ലാമാണ് അദ്ദേഹം കല്‍പിക്കുന്നത്, മറുപടി കിട്ടി. ഇതേ സംഭവത്തിന്റെ ഇമാം സുഹ്‌രിയുടെ റിപ്പോര്‍ട്ട് പ്രകാരം, 'നിങ്ങള്‍ക്കിടയില്‍ മുഹമ്മദിന്റെ സത്യസന്ധത എങ്ങനെയാണ്' എന്ന് ഹിര്‍ഖല്‍ ചോദിച്ചപ്പോള്‍ അബൂസുഫ്‌യാന്‍ നല്‍കിയ മറുപടി, 'ഞങ്ങള്‍ അദ്ദേഹത്തെ അല്‍അമീന്‍ എന്നായിരുന്നു വിളിക്കാറുണ്ടായിരുന്നത്' എന്നത്രെ. മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ നാട്ടുകാര്‍ അല്‍അമീന്‍ എന്ന് വിളിച്ചിരുന്നില്ല, അത് മുസ്‌ലിംകളുടെ അവകാശവാദം മാത്രമാണ് എന്ന ഒരു വിമര്‍ശനം ഇസ്ലാമിനോട് കടുത്ത കലിപ്പുള്ളവർ ഉന്നയിക്കാറുള്ളതിന് ഇത് ഒരു മറുപടിയാണ്. സാധാരണഗതിയില്‍ പ്രവാചകത്വത്തിന് മുമ്പുള്ള സംഭവവികാസങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുക ഹദീസുകളില്‍നിന്നല്ല, ചരിത്ര കൃതികളില്‍നിന്നാണ്. എന്നാല്‍ ഈ വിഷയത്തിലുള്ള തെളിവുകള്‍ ആധികാരിക ചരിത്ര കൃതികളില്‍ മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട് എന്നതിന് കൂടി തെളിവാണിത്. സംഭാഷണം കഴിഞ്ഞപ്പോള്‍ ഹെറാക്ലിയസ് എന്ന രാജാവിലെ ചിന്ത ഉണര്‍ന്നു. അദ്ദേഹത്തിന് തന്‍റെ ചോദ്യങ്ങളിലടങ്ങിയ ആശയം വിവരിക്കാന്‍ കൗതുകം തോന്നി. മനഃസാക്ഷിയെ ഒരു മുൻധാരണക്കും നിരർഥകമായ പിടിവാശിക്കും അടിയറവ് വെക്കാതെ അദ്ദേഹം ചിലത് തുറന്നടിച്ചു.
അദ്ദേഹം തന്റെ പരിഭാഷകനിലൂടെ പറഞ്ഞു: ഞാനദ്ദേഹത്തിന്‍റെ കുലീനതയെക്കുറിച്ചു ചോദിച്ചു. എന്തെന്നാല്‍ നബിമാര്‍ കുലീന വംശത്തില്‍ പിറന്നവരായിരിക്കും. ഈ പ്രവാചകൻ ഉന്നതകുലജാതനാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. മുമ്പൊരിക്കല്‍ ഇവ്വിധം നബിത്വം അവര്‍ക്കിടയില്‍ അവകാശപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം നിഷേധാത്ഥത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. അങ്ങനെയായിരിക്കണവുമല്ലോ. മുമ്പാരെങ്കിലുമുന്നയിച്ച ഒരു അവകാശവാദത്തെ പിന്‍തുടരുന്നയാളൊന്നുമല്ല ഈ പ്രവാചകനെന്ന് ഇതോടെ വ്യക്തമായി. പിതാക്കളില്‍ രാജാധികാരമുള്ളവര്‍ ആരുമില്ലാത്തതും അതുപോലെ തന്നെ. തലമുറയിൽ രാജാക്കന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ അധികാരം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമമായി ഈ വാദം വ്യാഖ്യാനിക്കപ്പെടാം. അദ്ദേഹം കള്ളം പറയാറില്ല എന്ന് ഇദ്ദേഹം തന്നെ പറയുന്നു. ജനങ്ങളെക്കുറിച്ച് കളവു പറയാത്തവന്‍ പിന്നെ അങ്ങനെ ഒരാൾ ദൈവത്തെക്കുറിച്ച് കളവു പറയുമെന്ന് എങ്ങനെ സങ്കൽപ്പിക്കുവാനാകും ? പ്രമാണികളാണോ പാവങ്ങളാണോ അദ്ദേഹത്തോടൊപ്പമുള്ളത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇദ്ദേഹം കൃത്യമായിട്ട് തന്നെ പറഞ്ഞു. പാവങ്ങളാണ് ദൈവ ദൂതൻമാർക്ക് പിന്നില്‍ എന്നുമുണ്ടായിരുന്നത്. അവരുടെ എണ്ണം കൂടുകയാണ്, കുറയുകയല്ല എന്നതും പ്രധാനമാണ്. വിശ്വാസത്തിന്‍റെ കാര്യമങ്ങനെയാണ്. വളർന്ന് വളർന്ന് പൂര്‍ണമാകും വരേക്കും അത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. വിശ്വാസത്തിന്റെ ആനന്ദം ഹൃദയത്തില്‍ നിറഞ്ഞാല്‍ ആരും പിന്തിരിഞ്ഞ് മറ്റു വഴി തേടിപ്പോകയുമില്ല. അത് കൊണ്ടാണ് അദ്ദേഹത്തെ പിന്‍പറ്റിയ ആരും പിന്നെ പിന്തിരിഞ്ഞ് പോകാതെ ഉറച്ചു നില്‍ക്കുന്നത്. നബിമാര്‍ വഞ്ചിക്കുകയില്ല. കരാര്‍ ലംഘനം നടത്തുകയില്ല എന്നൊക്കെയുള്ള കൃത്യമായ ഉത്തരങ്ങള്‍ തന്നെ. ഏറെ പ്രധാനം അദ്ദേഹം പഠിപ്പിച്ചുതരുന്ന പാഠങ്ങളാണ്. ഏതു നബിയുടെയും പാഠം അതുതന്നെയാണ്. മനുഷ്യന്‍ ദൈവത്തിന് മാത്രം അടിമപ്പെട്ടു വണങ്ങുകയും അതില്‍ ഒരാള്‍ക്കും ഒന്നിനും പങ്കാളിത്തം കല്‍പിക്കാതിരിക്കുകയും ചെയ്യുക എന്ന ആശയം.
അതുകഴിഞ്ഞ് നിസ്കാരം. സത്യം മാത്രം പറയാനുള്ള ഉപദേശവും അടുത്തുള്ളവരോട് എപ്പോഴും നന്മയില്‍ വര്‍ത്തിക്കുക എന്നതുമെല്ലാം ദൈവ ദൂതൻമാരായ പ്രവാചകൻമാർ നല്‍കുന്ന പാഠങ്ങള്‍ തന്നെ. ഇത്രയും വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും ഹെരാക്ലിയസിന്റെ വൈകാരിക ഉണരുകയും ഉയരുകയും ചെയ്തു. വിജ്രംബിതമായി നിൽക്കുന്ന ആ മനസ്സ് പിന്നെ വിളിച്ചു പറഞ്ഞു: 'എന്‍റെ പാദസ്പര്‍ശമേറ്റ മണ്ണ്പോലും അദ്ദേഹത്തിന്‍റെ വരുതിയില്‍ വരും. ഒരു ദൂതന്‍ വരാനിരിക്കുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. അത് നിങ്ങളില്‍ നിന്നാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്നടുത്തെത്താനാവുമെന്ന്, എനിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഏത് ക്ലേശം സഹിച്ചും ഞാന്‍ എത്തുമായിരുന്നു. അടുത്തായിരുന്നെങ്കില്‍ അവിടുത്തെ തൃപ്പാദങ്ങള്‍ ഞാന്‍ കഴുകിക്കൊടുക്കുമായിരുന്നു!'
ഇത്തരം ഒരു വികാരം പ്രകടിപ്പിക്കപ്പെട്ടതോടെ ചക്രവർത്തിയുടെ കൊട്ടാരം അടക്കിപ്പിടിച്ച ശബ്ദങ്ങളാൽ മുഖരിതരമായി. പാതിരിമാർ അടക്കമുള്ള കൊട്ടാരത്തിലെ സിൽബന്ധികൾ മുറുമുറുത്തു. അതോടെ ബഹളവും ശബ്ദകോലാഹലവുമായി. ചക്രവർത്തി വിശ്വാസത്തിന്റെ മറുകണ്ടം ചാടിയേക്കുമെന്ന ആശങ്ക പരന്നു. അങ്ങനെ സംഭിവിച്ചാൽ അതിന് വലിയ വില നൽകേണ്ടിവരും എന്ന സൂചന ഉയർന്നതും ഞാൻ നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ എന്ന് പറഞ്ഞ് ഹെറാക്ളിയസ് നിറം മാറിയതും ഒന്നിച്ചായിരുന്നു. അതോടെ അറബി പ്രതിനിധികളെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി. അധികാരത്തോടുള്ള അഭിനിവേശത്തിൽ ഹിർഖൽ അങ്ങനെ ചെയ്തു എങ്കിലും മനസ്സിൽ ഈ പ്രവാചകനും അദ്ദേഹത്തിന്റെ സന്ദേശവും ഒരു തിരിച്ചറിവായി പതിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് ഹെറാക്ലിയസ് ഏഷ്യയിലൂടെയും ഏഷാ മൈനറിലൂടെയും നടത്തിയ പടയോട്ടങ്ങൾ യർമൂക്കിൽ വന്നെത്തുകയുണ്ടായി. യർമൂക്ക് യുദ്ധത്തിൽ പരാജയപ്പെട്ടതും പിന്നീട് അദ്ദേഹം മുസ്ലിം സേനയുമായി ഏറ്റുമുട്ടാൻ നിന്നില്ല, വന്നില്ല എന്നത് ഒരു അനുഭവമാണ്. ഉള്ളിലുള്ള തിരിച്ചറിവ് ആയിരിക്കാം ഇതിൽനിന്ന് തടയുന്ന വികാരമോ അല്ലെങ്കിൽ ശക്തി കളയുന്ന ഘടകമോ. ഈ സംഭവത്തിന്റെ അനന്തരമെന്നോണം അബൂസുഫിയാന്‍ കൂട്ടുകാരോട് പറഞ്ഞു: മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവര്ത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! ഇതോടെ ദൈവദൂതന്‍ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. ഈ സംഭവത്തിന്റെ കാലവും ഈ പറഞ്ഞതിന്റെ ധ്വനിയും വെച്ചു നോക്കിയാൽ അബു സുഫിയാന്റെ ഇസ്ലാമിക പ്രവേശനത്തിൽ വരെ ഈ അനുഭവ സാക്ഷ്യത്തിന് സ്വാധീനമുണ്ട് എന്നു കരുതാം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso