അഹങ്കാരത്തിന്റെ അനന്തരഫലങ്ങൾ
30-09-2023
Web Design
15 Comments
ടി എച്ച് ദാരിമി
അഹം എന്ന മലയാള ശബ്ദം ഞാൻ എന്ന അർഥത്തെയാണ് സൂചിപ്പിക്കുന്നത്. കാരം എന്നാൽ ഭാവം എന്നതിനെയും. അതിനാൽ അഹങ്കാരം എന്നാൽ ഞാൻ എന്ന ഭാവമാണ്. ഭാവം മനുഷ്യന്റെ ഒരു സ്വാഭാവിക മാനസിക പ്രകടനമാണ്. ഈ കഴിവ് ഉപയോഗിച്ചാണ് അവൻ തന്റെ വഴിയുടെയും പൊതുവായ വഴിയുടെയും രൂപകൽപന നടത്തുന്നത്. ഈ അർഥത്തിൽ വളരെ അനിവാര്യമായ ഒരു വികാരമാണ് എന്നതിനാൽ അവ അധികവും അനുകൂലവുമാണ്. ഇവക്ക് ഉദാഹരണമാണ് ആത്മവിശ്വാസം, ആത്മാഭിമാനം തുടങ്ങിയ വയൊക്കെ. ഇവ വളരെ പോസിറ്റീവ് ആയ സ്വഭാവ സവിശേഷതകളാണ്. എന്നാൽ ഭാവങ്ങളിൽ പെട്ട അഹങ്കാരം (Narcissism) എന്നത് ഒരു നെഗറ്റീവ് സ്വഭാവമായാണ് വ്യവഹരിക്കപ്പെടുന്നത്. ഈ സ്വഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇത് ഉളളവർ ഒരിക്കലും ഇത് അറിയുന്നില്ല എന്നതാണ്. നെഗറ്റീവായ സ്വഭാവങ്ങളുടെയെല്ലാം ഒരു പ്രത്യേകതയാണിത്. ഈ പ്രത്യേകത ഉള്ളതുകൊണ്ടാണ് അവ മനുഷ്യർക്കിടയിൽ വളരുന്നതും. ഇതിന്റെ മറ്റൊരു പ്രത്യേകത ഇതു മൂലം ഇവർക്ക് മറ്റുള്ളവരുമായി ഒരു ആരോഗ്യകരമായ മാനസിക ബന്ധം സ്ഥാപിക്കാൻ പറ്റാതെ വരികയും മറ്റുള്ളവർ ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യും എന്നതാണ്. അതിൽ ഇത്തരക്കാർക്ക് വേദന ഉണ്ടാവുകയുമില്ല. കാരണം താൻ മറ്റുള്ളവരേക്കാൾ മേലെയാണെന്ന ധാരണയിലാണല്ലോ അഹങ്കാരിയുടെ ഉള്ളം. അതിനാൽ തനിക്കു ചുറ്റുമുള്ള ലോകത്തെ അവന്റെ കണ്ണിൽ പെടുകയേ ഇല്ല. ഇങ്ങനെ പറയുമ്പോൾ ഇസ്ലാമിക പാഠങ്ങളിൽ പറയുന്ന നിർവ്വചനം പ്രസക്തമാകുന്നു. സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ അതിനെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത് എന്നാണ് ഹദീസ് പഠനങ്ങൾ പറയുന്നത്.
നെഗറ്റീവായ ഒരു മനോനിലയാണ് അഹങ്കാരം എന്ന് പറയുമ്പോൾ അതിനെ ഒരു രോഗമായി തന്നെ നാം പരിഗണിക്കേണ്ടതായി വരും. ഈ രോഗം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നത് നമ്മുടെ ഈ പഠനത്തിൽ ഒരു പ്രധാന ഭാഗമാണ്. എങ്ങനെയാണ് ഒരാൾ അഹങ്കാരിയായി മാറുന്നത് എന്നത് മന:ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് ശൈശവ കാലത്ത് വേണ്ടത്ര രക്ഷിതാക്കളുടെ പരിചരണത്തിന്റെ കുറവാണ്. നിരീക്ഷിച്ചാൽ അഹങ്കാരികളിൽ അധികവും ശൈശവത്തിൽ ഈ അനുഭവമുളളവരാണ് എന്ന് കാണാം. മറ്റൊരു കാരണം, അമിതമായ അഭിനന്ദനമാണ്. ഒരാളെ അളവറ്റ് അഭിനന്ദിക്കുമ്പൊൾ അയാൾ യാഥാർത്ഥ്യത്തിൽ
നിന്ന് അകലുകയും താൻ എന്തൊക്കെയോ ആയി വളർന്നിട്ടുണ്ട് എന്ന തെറ്റിദ്ധാരണയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇപ്രകാരം തന്നെയാണ് അളവറ്റ പ്രശംസ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നവരും അവരും പൊതുവെ അഹങ്കാരികളായി മാറാറുണ്ട്. ഇതേ കൂട്ടത്തിൽ പെട്ടതാണ് പരിധിവിട്ട വിമർശനവും. ചെറുപ്പകാലം തൊട്ട് കണ്ടതിനും കേട്ടതിനുമെല്ലാം പഴി കേൾക്കേണ്ടി വരുന്നവർ പ്രതിഷേധികളായി മാറും. എല്ലാറ്റിനോടുമുള്ള ഈ വെറുപ്പും വിദ്വേഷവും അവരെ പ്രതികാര ചിന്തയിലേക്കും തുടർന്ന് അഹങ്കാരത്തിലേക്കും നയിച്ചേക്കും. രക്ഷാകർത്താക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അതിരു കടന്ന സ്നേഹം നേടുന്നവരും ഇങ്ങനെയാണ്. സ്നേഹം പൊതുവേ കുട്ടിക്കാലത്താണ് കുട്ടിക്കാലത്ത് ലഭിക്കുന്നതാണ്. ജീവിതത്തിന്റെ യാഥാർഥ്യവുമായി കണ്ടുമുട്ടുമ്പോൾ അത് ശീലിച്ച അളവിൽ ലഭിച്ചു കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോൾ കക്ഷി അസ്വസ്ഥൻ ആവുകയും തുടർന്ന് അഹങ്കാരിയായി മാറുകയും ചെയ്തേക്കാം. കുട്ടിക്കാലത്ത് വഞ്ചന അനുഭവപ്പെട്ട അനുഭവം ഉള്ളവരും പൊതുവേ അഹങ്കാരികളായി തീർന്നേക്കാം. അപ്രകാരം തന്നെ രക്ഷിതാക്കളിൽ നിന്നോ എൻറെ ജീവിതവുമായി ഇഴുകിച്ചേർന്നു നിൽക്കുന്നവരിൽ നിന്നും അവർ പ്രകടിപ്പിച്ച സ്വഭാവങ്ങളിൽ ഏതെങ്കിലും ഒന്ന് കൃത്രിമമായിരുന്നു എന്ന് തിരിച്ചറിയേണ്ട വല്ല സാഹചര്യവും ഉണ്ടായാലും അതും അഹങ്കാരത്തിലേക്ക് എത്തിക്കാം. മൊത്തത്തിൽ സ്നേഹം, വാത്സല്യം, അംഗീകാരം തുടങ്ങിയ മാനസികമായ അടുപ്പങ്ങൾ, ആശംസ, പ്രശംസ, അഭിനന്ദനം തുടങ്ങിയ പ്രതികരണങ്ങൾ എന്നിവ ക്രമപ്രവൃദ്ധമായ അളവിൽ പുലർത്തുന്നതിലും അതിനെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്നതിലും വരുന്ന താളപിഴയാണ് ഇത്തരം സ്വഭാവങ്ങളിലേക്ക് ഒരാളെ കൊണ്ടെത്തിക്കുന്നത്. സമീപനത്തിലേയും അനുഭവത്തിലേയും പിഴവുകളാണ് എല്ലാ തരം നെഗറ്റീവ് ആയ ചിന്തകളിലേക്കും സ്വഭാവങ്ങളിലേക്കും മനോനിലകളിലേക്കും മനുഷ്യനെ എത്തിക്കുന്നത് എന്നത് മനശാസ്ത്ര ലോകത്തിൻെറ പൊതുവായ വിലയിരുത്തലാണ്.
അഹങ്കാരത്തെ നാം രോഗം എന്നു വിളിക്കുമ്പോൾ പിന്നെ ലക്ഷണങ്ങളും പ്രധാനമാണ്. മനഃശാസ്ത്രം തന്നെ അതും വിവരിക്കുന്നുണ്ട്. മറ്റുള്ളവരെ അമിതമായി നിയന്ത്രിക്കുക, കുറ്റപ്പെടുത്തുക, സ്വന്തം കാര്യം മാത്രം ചിന്തിക്കുക, മറ്റുള്ളവരോട് അസഹിഷ്ണുത പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക തുടങ്ങിയവയൊക്കെ അവയിൽ പ്രധാനമാണ്. ഒരു സ്വപ്ന ലോകത്തിൽ എന്ന പോലെ തന്റെ രൂപത്തിലുമായി ജീവിക്കുകയും സ്വഭാവത്തിലും ജീവിത രീതിയിലും താൻ മറ്റുള്ളവരേക്കാൾ മുകളിലാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നത് ഇവരുടെ സ്വഭാവമായിരിക്കും. ഇവർ എല്ലാവരുമായും ചേരുകയോ ചങ്ങാത്തം സ്ഥാപിക്കുകയോ ചെയ്യില്ല. തന്നേക്കാൾ ശക്തിയുള്ളവരേയും ജീവിത വിജയം നേടിയവരെയും തന്നേക്കാൾ ബുദ്ധിശക്തി ഉള്ളവരെയും തന്നെക്കാൾ ആകർഷണത്വമുള്ളവരെയും മാത്രമെ അംഗീകരിക്കുകയുള്ളൂ. ഇവർ മറ്റുള്ളവരിൽ നിന്ന് എപ്പോഴും അഭിനന്ദനവും പ്രശംസയും ആഗ്രഹിക്കുന്നവരായിരിക്കും. തന്റെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനെ ഒരു ഗുരുതരമായ തെറ്റായി അവർ കരുതില്ല. മറ്റുള്ളവരെ അസൂയയോട് നോക്കുകയൊ മറ്റുള്ളവർക്ക് തന്നോട് അസൂയ ആണെന്ന് കരുതുക, ആഢംബര ജീവിതം നയിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്യുക, മറ്റുള്ളവർ തന്നെ അപമാനിക്കുന്നു എന്ന തോന്നൽ വന്നാൽ രോഷാകുലരാകുക, എതിർക്കുക, അപമാനിക്കുന്നവരൊട് പ്രതികാരം ചെയ്യാൻ ശ്രമിക്കുക തുടങ്ങി ആ ലക്ഷണങ്ങൾ നീണ്ടുകിടക്കുന്നു. ഇത്തരത്തിലുള്ളവരെ മാറ്റിയെടുക്കാൻ വലിയ പാടാണ്. പക്ഷെ, അത് അവരെ എതിർത്തു കൊണ്ടോ ആവരുത്. അത് അവർ സഹിക്കില്ല. ഇത്തരത്തിലുള്ളവർ ആദ്യം നമ്മളോട് വന്ന് വളരെ ആകർഷകമായി പെരുമാറി നമ്മുടെ സ്നേഹം പിടിച്ചു പറ്റും. പിന്നീട് അവർ അവരുടെ തനിനിറം കാണിക്കും. ഇവരെ എതിർക്കുന്നതിനു പകരം അവഗണിക്കുകയൊ വേണ്ട ചികിത്സ കൃത്യമായി ചെയ്യുകയോ ആണ് ചെയ്യേണ്ടത്.
മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം അവർ ആദ്യം നേരിടേണ്ടി വന്ന രോഗം അഹങ്കാരമാണ്. ആദം നബിയെ അല്ലാഹു സൃഷ്ടിക്കുകയും ആദം നബിക്ക് അപ്പോൾ ഉണ്ടായിരുന്ന തന്റെ മറ്റു സൃഷ്ടികളെക്കാൾ പ്രത്യേകതയും പ്രാധാന്യവും ഉണ്ട് എന്ന് സ്ഥാപിക്കുകയും ചെയ്ത സമയത്ത് പിശാച് ആദമിന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പിച്ചപ്പോള്‍ വിസമ്മതിച്ചു. അഹങ്കാരമായിരുന്നു കാരണം.
അല്ലാഹു ചോദിച്ചു: 'ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സാഷ്ടാംഗം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത് ?അവന്‍ പറഞ്ഞു: 'ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്. അവനെ മണ്ണില്‍നിന്നും' (അല്‍അഅ്‌റാഫ് 12). ഈ അഹങ്കാരമാണ് പിശാചിന്റെ പതനത്തിന് പാതയൊരുക്കിയത്. അല്ലാഹു പറഞ്ഞു: 'നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. ഇവിടെ നിനക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. പോകണം പുറത്ത്, സ്വയം നിന്ദ്യത വരിച്ചവരില്‍പെട്ടവനാണ് നീ' (അല്‍അഅ്‌റാഫ് 13).
സമൂഹത്തിലേക്ക് നിയോഗിതനായ, ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ആദ്യത്തെ പ്രവാചകനാണല്ലോ ഹസ്രത്ത് നൂഹ്(അ). നൂഹിന്റെ ജനത അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി നശിപ്പിക്കപ്പെട്ടതും അഹങ്കാരത്താല്‍ തന്നെ. നൂഹ് പറഞ്ഞു: 'നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു' (നൂഹ്: 7). പ്രവാചകന്മാരെ ധിക്കരിക്കാന്‍ എക്കാലത്തേയും ജനങ്ങളെ പ്രേരിപ്പിച്ചത് അഹങ്കാരമായിരുന്നു. തങ്ങളില്‍നിന്നുള്ള ഒരാള്‍ ദൈവദൂതനായി നിയോഗിതനാവുന്നത് അംഗീകരിക്കാന്‍ അഹന്ത അവരെ അനുവദിച്ചില്ല. പ്രവാചകന്മാരോട് അവര്‍ പറഞ്ഞു: 'നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' (ഇബ്‌റാഹീം: 10). എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'ജനങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് തടസ്സമായത് 'അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്' എന്ന അവരുടെ വാദമല്ലാതൊന്നുമല്ല' (അല്‍ഇസ്‌റാഅ്: 94). തങ്ങളെപ്പോലുള്ള ഒരു സാധാരണ മനുഷ്യന്‍ ദൈവദൂതനായി നിയോഗിക്കപ്പെടുന്നത് സഹിക്കാനും സമ്മതിക്കാനും കൂട്ടാക്കാത്ത അഹങ്കാരികളാണ് പ്രവാചകന്മാരുടെ പ്രധാന പ്രതിയോഗികളെല്ലാം. അങ്ങനെ അവര്‍ അവിശ്വാസികളായിത്തീര്‍ന്നു. സ്വന്തത്തെ സംബന്ധിച്ച അതിരുകളില്ലാത്ത അഭിമാനവും അന്യരോടുള്ള അമിതമായ അവമതിയുമാണ് അവിശ്വാസത്തിന്റെ അടിവേരെന്നര്‍ഥം. പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന പ്രമാണി വര്‍ഗത്തിന്റെ പ്രതികരണം പരിശോധിച്ചാല്‍ ഇത് സുതരാം വ്യക്തമാകും. 'ഞങ്ങളിലേറ്റം അധഃസ്ഥിതരായ ആളുകളെയല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല' (ഹൂദ്: 27). ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന അഹങ്കാരം വിവരണമാവശ്യമില്ലാത്തവിധം വ്യക്തമാണല്ലോ. അഹങ്കാരത്തിന്റെ അനന്തരഫലം ഇവരെല്ലാം നേരിടേണ്ടി വന്ന ദുരന്തങ്ങളും ദുരിതങ്ങളുമാണ്.
നബി തിരുമേനി(സ) അഹങ്കാരത്തെ ശക്തമായാണ് അപലപിച്ചത്. റസൂൽ(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിവരിക്കുന്നു: 'ഹൃദയത്തിൽ ഒരിക്കലെങ്കിലും അഹങ്കാരമുള്ള ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാവില്ല'. ഇതു കേട്ട ഒരു സഹാബി പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ചില ആളുകൾക്ക് നല്ല വസ്ത്രങ്ങളും ഷൂകളും ഇഷ്ടമാണ്'. വിശുദ്ധ റസൂൽ പറഞ്ഞു: 'അല്ലാഹു സുന്ദരനാണ്, അവൻ ചാരുതയും സൗന്ദര്യവും ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നാൽ അഹങ്കാരം നിമിത്തം സത്യത്തെ നിരസിക്കുകയും മറ്റുള്ളവരെ താഴ്ന്നവരായി കണക്കാക്കുകയും ചെയ്യുക എന്നതാണ്'. (മുസ്ലിം) മനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ലോകം പറയുന്ന ഓരോ കാര്യങ്ങളും നബിയുടെ വാക്കുകൾ കൊത്ത് വരുന്ന കാഴ്ച ഈ വിഷയത്തിൽ മനോഹരമാണ്. അഹങ്കാരത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ അല്ലാഹുവിന്റെ റസൂൽ (സ) വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഹങ്കാരത്തിന്റെ ഒരു കണിക പോലും ഉള്ള ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നബി പറയുന്നു. ഒരു വിശ്വാസി തന്റെ എല്ലാം അല്ലാഹുവിന് മുമ്പിൽ സമർപ്പിക്കുന്നു. അതിനാൽ, ജീവിതകാലം മുഴുവൻ അടിമ എളിമയോടെ പെരുമാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഹങ്കാരത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ബദർ. അബൂ സുഫ്‌യാന്റെ കച്ചവട ഖാഫില സുരക്ഷിതമാണ് എന്നറിഞ്ഞപ്പോൾ എങ്കിൽ നമുക്ക് മടങ്ങാം എന്ന അഭിപ്രായം ഉയർന്നപ്പോൾ അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്ന അബൂജഹൽ അന്ന് പറഞ്ഞു. 'ഇല്ല ഇനി പിന്നോട്ടില്ല. ബദ്ര്‍ വരെ ഇവരെ ഞാന്‍ നയിക്കും. മൂന്ന് ദിവസം അവിടെ തങ്ങും. നൂറ് കണക്കിന് ഒട്ടകങ്ങളെ അറുത്തു ഭക്ഷണം വിളമ്പും. മദ്യം ഒഴുക്കും, ഗായികമാര്‍ പാട്ടുപാടി നൃത്തം വെക്കും. യോദ്ധാക്കള്‍ ആയുധ പ്രദര്‍ശനം നടത്തി വെല്ലുവിളിക്കും. അടുത്ത കാലത്തൊന്നും ഇനി ഖുറൈശികളോട് യുദ്ധത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും അറബ് സമൂഹത്തില്‍ ആരുമുണ്ടാവില്ല'. അബൂജഹൽ അഹങ്കാരത്തിന്റെ പടുകൂറ്റന്‍ മനക്കോട്ട കെട്ടി. പറഞ്ഞതുപോലെ ബദ്‌റിലെത്തി. പ്രതീക്ഷക്കു വിരുദ്ധമായി അബൂജഹൽ, ഉത്ബ, ശൈബ, വലീദ് അടക്കം എഴുപത് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത്രതന്നെ പേര്‍ തടവിലാക്കപ്പെട്ടു. അഹങ്കാരികള്‍ക്ക് അന്ത്യനാള്‍ വരെ പാഠമാകും വിധം നിരായുധരും പട്ടിണിപ്പാവങ്ങളുമായ മൂന്നൂറ്റി പതിമൂന്നു പേര്‍ വീര ചരിതം രചിക്കുകയും ചെയ്തു. ബദ്ര്‍ സത്യത്തിന്റെ വിജയമായിരുന്നു. അഹങ്കാരത്തിന്റെ പതനവും.
അഹങ്കരിക്കുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും ഓർമ്മിക്കുവാനെന്നോണം ഖുർആൻ കുറിച്ചിടുന്ന ഒരു പാഠമാണ് ഖാറൂനിന്റെ ദുരന്തപര്യവസാനം. സമ്പത്തിന്റെയും അധികാരത്തിന്റെയും ഗര്‍വില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും ദീനിനോടും വെല്ലുവിളി നടത്തിയാല്‍ അല്ലാഹു അവരെ വെറുതെ വിടില്ല എന്ന് ഖാറൂനിന്റെയും ഫിര്‍ഔനിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പും താക്കീതുമാണ്. വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ നബി അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ മറികടക്കുന്നവരായില്ല.(ഖു൪ആന്‍:29/39) മൂസാനബിയുടെ(അ) കുടുംബത്തില്‍ പെട്ടവനായിരുന്നു ഖാറൂനെന്നും മൂസാനബിയുടെ(അ) കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നുവെന്നും പല മുഫസ്സിറുകളും പ്രസ്താവിച്ചു കാണാം. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. പിന്നീട് സമ്പത്തും, ആഡംബരശേഷിയും വര്‍ദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്ത് അവന്‍ കപടവിശ്വാസിയും ശത്രുവുമായിത്തീര്‍ന്നു. ഖാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. അതു ഖുർആൻ വിവരിക്കുന്നത് തന്നെ അവൻറെ ഖജനാവുകൾ പറഞ്ഞു കൊണ്ടല്ല മറിച്ച് ആ ഖജനാവുകളുടെ താക്കോലുകളുടെ ഭാരം പറഞ്ഞു കൊണ്ടാണ്. തന്റെ (ഖജനാവിന്റെ) താക്കോലുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു എന്നാണ് ഖുർആൻ പരാമർശം. മൂസാനബിയുടെ(അ) കൂടെ ഉണ്ടായിരുന്ന സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും അഹന്തയും കാണിക്കാന്‍ തുടങ്ങി. തനിക്ക് ലഭിച്ച സമ്പല്‍സമൃദ്ധിയില്‍ അവന്‍ പുളകം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബിയും(അ) കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.
അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹിക ജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല (ഖു൪ആന്‍:28/77) എന്നവർ പറഞ്ഞു. ഖാറൂനിന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ഖാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘എന്റെ അറിവും കഴിവും കൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത്.’(ഖു൪ആന്‍:28/78)
സമ്പന്നതായി അഹങ്കരിച്ച അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി. ഖാറൂനിന്റെ ആ പ്രകടനം കണ്ടപ്പോള്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിലര്‍ ആശിച്ചു പോയി. സമ്പന്നതയില്‍ അഹങ്കാരം നടിച്ച ഖാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81) അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെ സമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി. ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇന്നലെ വരെ ഖാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതോടെ അതിലെ അപകടം തിരിച്ചറിഞ്ഞു.
ഖാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു: ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.(ഖു൪ആന്‍:28/83)
0
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso