Thoughts & Arts
Image

ചിന്തകൾ നുരയുന്ന പാൽ വിശേഷങ്ങൾ

08-10-2023

Web Design

15 Comments

ടി എച്ച് ദാരിമി
ഇഅ്ജാസ്







പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'കാലികളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ വയറ്റിനുള്ളില്‍ നിന്നും മലത്തിനും രക്തത്തിനുമിടയില്‍ കൂടി പരിശുദ്ധവും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാല്‍ നിങ്ങളെ നാം കുടിപ്പിക്കുന്നു' (സൂറത്തുന്നഹൽ: 66). പാൽ എന്ന പോഷകദായനി തന്നെ പ്രത്യക്ഷത്തിൽ തന്നെ വലിയൊരു അത്ഭുതമാണ്. ധാരാളം പ്രോട്ടീനുകൾ കൊണ്ട് സമ്പന്നമായതും എല്ലാതരം ജനങ്ങൾക്കും ഗുണകരമായതും ഔഷധ തുല്യമായതുമായ പാൽ വരുന്നത് സസ്തനികളുടെ ശരീരത്തിന്റെ ഉള്ളിൽ നിന്നാണ് എന്നു പറയുന്നതിൽ തന്നെ വലിയ അത്ഭുതങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. അകിടിൽ നിന്ന് കറന്നെടുക്കുന്ന, മറ്റൊന്നും ചേർക്കാതെ തന്നെ മേൽപ്പറഞ്ഞ ഗുണങ്ങൾ തരുന്ന ഈ അമൃത് ജീവനുള്ള ഒരു ജീവിയുടെ ഉള്ളിൽ നിന്ന് മുല ഞെട്ടുകളിലൂടെ വരുന്നതാണ് എന്ന് പറയുമ്പോൾ തന്നെ ആ അത്ഭുതം ആരംഭിക്കുന്നു. വിശുദ്ധ ഖുർആൻ ഇത് പറയുന്ന കാലത്ത് തന്നെ ഈ അത്ഭുതം പ്രകടമായിരുന്നു. പുല്ലും വൈക്കോലും കാടി വെള്ളവും കഴിക്കുന്ന മൃഗത്തിന്റെ ആമാശയത്തില്‍ അത് ദഹിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു ഭാഗത്ത് രക്തം ഉത്പാദിപ്പിക്കപ്പെടുകയും മറുഭാഗത്ത് വേസ്റ്റ് ചാണകമായി മാറുകയും ചെയ്യുന്നു. ഇതിനിടയില്‍ നിന്നാണ് രണ്ടിന്റേയും കലര്‍പ്പില്ലാത്ത അഥവാ രക്തത്തിന്റെ നിറമോ ചാണകത്തിന്റെ ഗന്ധമോ രുചിയോ ഒന്നും ഒട്ടും ഇല്ലാത്ത ഒന്നാം തരം സമീകൃതാഹാരമായ പാല് രൂപപ്പെടുന്നത്. ഇത് വെറുതെ ആലോചിച്ചാൽ തന്നെ മഹാ അദ്ഭുതമാണ്. സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ അനാവരണം ചെയ്യുന്ന ഒരു ദൃഷ്ടാന്തവുമാണ്. അല്ലാഹുവിന്റെ സൃഷ്ടി വൈഭവമാണ് വിളംബരപ്പെടുത്തുന്നത് എന്ന് സ്വഹാബി വര്യനായ ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട്. ഇക്കാര്യക്കിൽ മറിച്ചൊരു വാദം ഉന്നയിക്കുവാനോ ഇതിൽ സൃഷ്ടാവിന്റെ റോൾ നിരാകരിക്കുവാനോ ഒരാൾക്കും സാദ്ധ്യവുമല്ല. കാരണം അത്രയും വ്യക്തമാണിത്.



ഈ അൽഭുതം പക്ഷെ പ്രപഞ്ചത്തിൽ കാണപ്പെടുന്ന അനേകായിരം പ്രതിഭാസങ്ങളിൽ ഒന്നായി മാത്രം നൂറ്റാണ്ടുകൾ കിടന്നു എന്നതാണ് സത്യം. പിന്നീട് ഈ വിഷയം കുറച്ചു കൂടി ആഴമുള്ള ചിന്തയും അർത്ഥവും ഉള്ളതായി മാറിയത് രക്തത്തെ കുറിച്ചുള്ള പഠനങ്ങൾ വന്നതിനുശേഷം ആണ്. രക്തത്തെ കുറിച്ചുള്ള പഠനങ്ങൾ ആദ്യം കണ്ടെത്തിയതും പുറത്തുകൊണ്ടുവന്നതും 1578 ൽ ജനിച്ച വില്യം ഹാർവി എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ്. രക്ത ചംക്രമണത്തെയും ഗുണത്തെയും വിവരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഹാർവിയുടെ കണ്ടുപിടുത്തങ്ങൾ ഖുർആൻ പറഞ്ഞതിനെ തിരുത്തിയില്ല എന്നു മാത്രമല്ല, ഖുർആനിലെ പ്രയോഗങ്ങളെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകി ബലപ്പെടുത്തുക കൂടി ചെയ്തു. സസ്തിനികളിൽ ഉള്ള
സസ്തന ഗ്രന്ഥികളിൽ ആണ് പാൽ സമന്വയിപ്പിക്കപ്പെടുന്നതും ഉൽപാദിപ്പിക്കപ്പെടുന്നതും. സസ്തന ഗ്രന്ഥിക്കുള്ളിൽ ഒരു പാൽ നിർമ്മാണ യൂണിറ്റ് തന്നെ ഉണ്ട്. ഒരു ഡെസ്ക്ക് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹ്യൂമൻ എന്ന കേന്ദ്രസംഭരണ പ്രദേശത്തെ വലയം ചെയ്യുന്ന എപ്പിത്തീലിയൽ ഗ്രന്ഥിയിൽ സ്രവിക്കുന്ന കോശങ്ങളുടെ ഒറ്റ പാളി ഇതിൽ അടങ്ങിയിരിക്കുന്നു. മയോപിത്തീലിയൽ കോശങ്ങളുടെയും രക്ത കാപ്പിലറികളുടെയും ഒരു പാളിയാൽ ഇവ വലയം ചെയ്യപ്പെട്ടിരിക്കുന്നു. പാൽ ഉൽപാദനത്തിന് ഉത്തരവാദികളായ പ്രധാന കോശങ്ങളെ അൽവിയോളാർ സെല്ലുകൾ എന്ന് വിളിക്കുന്നു, അവ സസ്തനഗ്രന്ഥിക്കുള്ളിൽ അൽവിയോളി എന്ന് വിളിക്കപ്പെടുന്ന ക്ലസ്റ്ററുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കോശങ്ങൾ പ്രോലക്റ്റിൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകളാൽ സജീവമാക്കപ്പെടുന്നു, ഇത് പാൽ ഉൽപാദനവും പുറന്തള്ളലും ഉത്തേജിപ്പിക്കുന്നു. മുലയൂട്ടുന്ന സമയത്ത്, ആൽവിയോളാർ കോശങ്ങൾ പ്രോട്ടീൻ, പഞ്ചസാര, കൊഴുപ്പ് തുടങ്ങിയ പാൽ ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നു, അവ പാൽ നാളങ്ങളിലേക്ക് കൊണ്ടുപോകുകയും ഒടുവിൽ മുലക്കണ്ണിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. പാലിന്റെ ഇനം, മുലയൂട്ടുന്ന ഘട്ടം, അമ്മയുടെ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പാലിന്റെ കൃത്യമായ ഘടന വ്യത്യാസപ്പെടാം. പാൽ ഉൽപാദനത്തിനു വേണ്ടിയുള്ള അസംസ്കൃത വസ്തുക്കൾ രക്തപ്രവാഹത്തിലൂടെയാണ് കോശങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഒരു ലിറ്റർ പാലിന്റെ ഘടകങ്ങൾ എത്തിക്കാൻ 400 മുതൽ 800 ലിറ്റർ വരെ രക്തം വേണ്ടിവരും എന്നാണ് ശാസ്ത്രത്തിന്റെ നിഗമനം.



ചുരുക്കത്തിൽ, ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു പാനീയവുമായ പാല്‍ കാലികള്‍ മേഞ്ഞുതിന്നുന്ന സസ്യഭക്ഷണങ്ങള്‍ അവയുടെ ദഹനേന്ദ്രിയങ്ങളില്‍ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേര്‍തിരിയുകയും സത്തില്‍നിന്നു രക്തവും പാലും ഉണ്ടാകുകയും ചണ്ടിയില്‍നിന്നു ചാണകവും മൂത്രവും ഉരുത്തിരിയുകയുമാണ്. എന്നാൽ രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലര്‍പ്പൊന്നും കലരാതെ, തനി ശുദ്ധമായ പാല്‍ അവയ്ക്കിടയില്‍നിന്നു അവയുടെ അകിടുകളിലൂടെ പുറത്തു വരുന്നു. മാത്രമല്ല, ശരീര വളർച്ചയുടെ അനിവാര്യ ഘടകങ്ങളായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, ധാരാളം വിറ്റാമിനുകൾ, വെള്ളം എന്നിവ അടങ്ങിയതാണ് പാല്. ഇവയെല്ലാം മൃഗങ്ങളുടെ പോഷണത്തിൽ നിന്ന് സ്വമേധയാ വേർതിരിച്ചെടുക്കപ്പെടുന്നു എന്നിട്ടത്താണ് അൽഭുതം കുടികൊള്ളുന്നത്. വെളുത്തപാൽ ചുവന്ന രക്തത്തിന്റെ ഭാഗമാണ് എന്ന് പണ്ട് അറിയില്ലായിരുന്നു. ഇത്രയും ശാസ്ത്രീയവും സങ്കീർണ്ണവുമായ ഈ പ്രക്രിയയുടെ ഉള്ളറകളിലേക്ക് ഈ കണ്ടെത്തലുകളെല്ലാം നടത്തുന്നതിന് മുമ്പു തന്നെ വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടിയിട്ടുണ്ട് എന്നതാണ് ഖുർആനിന്റെ അമാനുഷികതയുടെ മറ്റൊരു തെളിവ്. ഇങ്ങനെയൊക്കെ കണ്ടെത്തിയെങ്കിലും മൃഗങ്ങളുടെ ആമാശയത്തില്‍ നിന്നോ രക്തത്തില്‍ നിന്നോ നേരിട്ട് പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ മനുഷ്യന് സാധ്യമല്ല. ഇവയില്‍ ഏതെങ്കിലും ഒന്നിന് മനുഷ്യന്‍ ശ്രമിച്ചാല്‍ അത് മാരകമായ ഭക്ഷ്യവിഷബാധക്കും മരണത്തിനും വരെ കാരണമാകും. എന്നാല്‍ അതി സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ പോഷക സമ്പുഷ്ടമായ പാല്‍ ഉല്‍പാദിപ്പിച്ച അല്ലാഹു എല്ലാ കാര്യത്തിലും കഴിവുള്ളവനാകുന്നു.



ഈ പാലിനെ ബന്ധത്തിന്റെ ആണിക്കല്ലായി ഇസ്ലാം നിശ്ചയിച്ചത് ഈ പഠനത്തോട് ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്. ഇതിൽ നിന്ന് പാലിൽ അടങ്ങിയിരിക്കുന്നത് വെറും ശാരീരിക പോഷണങ്ങൾ മാത്രമല്ല, മാനസികവും ജീൻ വകയായതുമായ ബന്ധങ്ങൾക്ക് ഈ പാൽ നിദാനമാകുന്നു. അത് ഈ വിഷയത്തിലെ രണ്ട് പ്രധാന നിയമങ്ങളിൽ ഏറെ പ്രകടമാണ്. നവജാത ശിശുവിന് മാതാവ് കൊടുക്കുന്ന മഞ്ഞപ്പാൽ ആണ് അവയിൽ ഒന്ന്. കഞ്ഞിന് ഇത് കൊടുക്കുക എന്നത് മാതാവിന് നിർബന്ധമാണ്. കാരണം അത് കുഞ്ഞിന്റെ പ്രതിരോധ ശേഷിക്കും ആരോഗ്യപരമായ നിലനിൽപ്പിനു തന്നെയും അനിവാര്യമാണ്. മഞ്ഞപ്പാൽ അഥവാ കൊളോസ്ട്രം പോഷക സമൃദ്ധവും ഇമ്യൂണോ ഗ്ലോബുലിൻ മുതലായവ അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധശേഷി ദായകവുമാണ്. പ്രസവിക്കുന്നതിന് തൊട്ട് മുന്‍പ് തന്നെ എല്ലാ സ്ത്രീകളിലും കൊളസ്ട്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ധാരാളം ആന്റി ബോഡികൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനെ ഏറ്റവും അധികം സഹായിക്കുന്നവയാണ്. ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും. ഇളം മഞ്ഞ നിറത്തിലുള്ള പാലാണ് കൊളസ്ട്രം. എന്നാൽ മൃഗങ്ങളിൽ കൊളസ്ട്രത്തിന്റെ അളവിൽ കൊഴുപ്പാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. ഇത് സൃഷ്ടാവിന്റെ ഒരു കരുതലാണ് എന്നു കരുതാം. കൊഴുപ്പിനെ അലിയിക്കാൻ കഴിയുന്ന ആരോഗ്യ - ശാരീരിക പ്രത്യേകതകളുടെ കാര്യത്തിൽ മൃഗങ്ങളുടെയും മനുഷ്യന്റെയും ഇടയിലെ വ്യത്യാസം ഇവിടെ പാലിച്ചിരിക്കുന്നു. കൊളസ്ട്രം കുഞ്ഞിന് നിർബന്ധമായും നൽകേണ്ടതാണ് എന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ തടയുന്നു, കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ കാര്യക്ഷമമാക്കുന്നു, രോഗാണുക്കളിൽ നിന്ന് സംരക്ഷിച്ച് കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു തുടങ്ങി ധാരാളം ഗുണങ്ങൾ ഈ മഞ്ഞപ്പാലിനുണ്ട്. ഇബ്‌നുഹജര്‍(റ) പറയുന്നു:’കുട്ടിക്ക് മഞ്ഞപ്പാല്‍ നല്‍കല്‍ മാതാവിന്റെ മേല്‍ ബാധ്യതയാണ്. പ്രസവത്തിന്റെ ഉടനെ ചുരത്തുന്ന പാലാണിത്. ഇതെത്രകാലം നല്‍കണമെന്നത് അതുസംബന്ധമായി പരിജ്ഞാനമുള്ളവര്‍ പറയുന്നതിനനുസരിച്ചായിരിക്കും. മൂന്നു ദിവസമെന്നും ഏഴു ദിവസമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതുകൂടാതെ സാധാരണയില്‍ കുട്ടി ജീവിക്കുകയില്ലെന്നതാണതിന്റെ കാരണം'(തുഹ്ഫ 8/350)



മുലപ്പാലിൽ പടച്ചുവെച്ചിരിക്കുന്ന ഔഷധ പോഷകങ്ങൾ കുഞ്ഞിന് ലഭിച്ചു എന്ന് ഉറപ്പുവരുത്തുവാനുള്ള ഇസ്ലാമിന്റെ താൽപര്യമാണ് മറ്റൊന്ന്. അതിന് കാലവും കൂലിയും നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. രണ്ടു വയസ്സുവരെയാണ് മുലയൂട്ടല്‍ കാലം. മാതാവ് കൂലിയാവശ്യപ്പെട്ടാല്‍ പിതാവിനാകുമെങ്കില്‍ അയാള്‍ അതു വകവെച്ചുകൊടുക്കണം. മാതാവല്ലാത്ത സ്ത്രീകളെ കൊണ്ടും മുലയൂട്ടിക്കാവുന്നതാണ്. നബി(സ്വ)ക്ക് മുലയൂട്ടിയത് ഹലീമ ബീവിയായിരുന്നല്ലോ. ഇതെല്ലാം ആ ജാഗ്രതയാണ് ഉൾക്കൊള്ളുന്നത്. മുലയൂട്ടുന്നതിന്റെ അനിവാര്യത വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു വര്‍ഷം മുലയൂട്ടണം. പൂര്‍ണമായി മുലകൊടുക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്ക് ഉള്ളതാണിത്. എന്നാല്‍ മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടും മുലകുടി നിര്‍ത്തുന്നതിന് ആഗ്രഹിച്ചാല്‍ അത് കുറ്റകരമല്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (പോറ്റുമ്മയെവെച്ച്)മുലകുടിപ്പിക്കണമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ സമ്മതിച്ചത്(മൂല്യം / കൂലി) നീതിപൂര്‍വം കൊടുത്താല്‍ അതിലും കുറ്റമില്ല. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നവനാണെന്ന് മനസ്സിലാക്കുക'(അല്‍ബഖറ: 233).



0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso