ഖുർആനും ഹോളോകോസ്റ്റും
17-10-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത ജൂത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്. ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ്. കൊല്ലുന്നതിനു പിന്നിലെ കാരണം അവർ ഒരു പ്രത്യേക വംശത്തിൽ ജനിച്ചുപോയി എന്നത് മാത്രമാകയാൽ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്. 1933 -ൽ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ തൊണ്ണൂറു ലക്ഷമായിരുന്നു. അവരുടെ കഷ്ടകാലത്തിന് രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ സിംഹഭാഗവും കഴിഞ്ഞിരുന്നത്. 1945 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമ്മൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു. എല്ലാ വർഷവും ജനുവരി 27ന് ഹോളോകോസ്റ്റ് അനുസ്മരണദിനമായി ലോകമാകെ ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇനിയൊരു ഹോളോകോസ്റ്റ് ലോകത്ത് ഉണ്ടാകരുതെന്ന സന്ദേശം വരുംതലമുറയ്ക്ക് പകരുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ജൂതർ തങ്ങളുടെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ദുരന്തം ആയിട്ടാണ് ഹോളോകോസ്റ്റിനെ അവരും ലോകവും കാണുന്നത്. വിശുദ്ധ ഖുർആൻ പക്ഷേ ഉദ്ദേശിക്കുന്നത് അതായിരിക്കണം എന്നില്ല. ഏതായാലും വലിയ രണ്ട് മഹാദുരന്തങ്ങൾ അവരെ കാത്തിരിക്കുന്നുണ്ട് എന്ന് വിശുദ്ധ ഖുർആൻ പ്രവചിക്കുന്നുണ്ട്. ഖുർആനിന്റെ പ്രവചനങ്ങളിൽ ഒന്നും പിഴച്ചിട്ടില്ല എന്ന യാഥാർത്ഥ്യം വെച്ച് നോക്കുമ്പോൾ നമുക്ക് പറയുവാൻ കഴിയുക, അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഹോളോ കോസ്റ്റ് അവസാനിച്ചിട്ടില്ല എന്നാണ്.
വിശുദ്ധ ഖുർആൻ ഈ വിഷയം സൂചിപ്പിക്കുന്നത് സൂറത്തുൽ ഇസ്റാഇലാണ്. ഈ സൂറത്ത് നബി(സ) തിരുമേനിയുടെ നിശാപ്രയാണത്തെയും ആകാശ ആരോഹണത്തെയും പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. ജൂതരുടെ ആവാസ കേന്ദ്രമായിരുന്ന പലസ്തീനിലെ ജറൂസലം വഴിയായിരുന്നു നബിയുടെ ആകാശ ആരോഹണയാത്ര. ഇത് മറ്റൊരു സൂചന നൽകുന്നുണ്ട്. പ്രവാചകന്മാരുടെ ജനനവും മരണവും കണ്ട പലസ്തീൻ ദേശത്തിന്റെ നേതൃത്വവും അധികാര അവകാശവും പ്രവാചകനായ മുഹമ്മദ് നബി(സ)യിലേക്ക് കൈമാറുന്നതിന്റെ ഒരു ചടങ്ങായി കൊണ്ടാണ് ഈ യാത്രയെ വിശ്വാസികൾ മനസാ സ്വീകരിക്കുന്നത്. അങ്ങനെ ഒരു ഉദ്ദേശം ഇല്ലായിരുന്നുവെങ്കിൽ അല്ലാഹുവിന് തന്റെ പ്രവാചകനെ അവരുടെ നാടായ മക്കയിൽ നിന്ന് തന്നെ നേരെ ആകാശ വിഹായസ്സിലേക്ക് കൊണ്ടുപോകാൻ കഴിയുമായിരുന്നു. എന്നിട്ടും ആ യാത്ര ബൈത്തുൽ മുഖദ്ദസ് വഴി ആയതും അവിടെ ഇതുവരെ കടന്നുപോയ പ്രവാചകന്മാരെ എല്ലാം വരുത്തിയതും അവർക്ക് ഇമാമായി നബി നിസ്കരിച്ചതും എല്ലാം മേൽപ്പറഞ്ഞ അധികാര കൈമാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ്. നമ്മുടെ വിഷയം ഇപ്പോൾ അതല്ല. ഈ സൂറത്തിൽ അല്ലാഹു ജൂത സമുദായത്തിന് രണ്ട് മഹാവിപത്തുകൾ വരാനിരിക്കുന്നുണ്ട് എന്ന് പ്രവചിക്കുന്നുണ്ട്. ഈ രണ്ടു വിപത്തുകൾ ഏതെല്ലാം ആണ് എന്നത് ഖുർആനിൽ നേരിട്ട് പറയുന്നില്ല. ഖുർആൻ വ്യാഖ്യാതാക്കൾക്കാണെങ്കിൽ ഈ വിഷയത്തിൽ വിഭിന്നമായ സ്വരവും നിലപാടും ആണ് ഉള്ളത്. ചിലർ പണ്ടു രാജാക്കന്മാരുടെ കാലത്തു നടന്ന ജൂത നിഷ്കാസനമാണ് ഇതിൽ പറയുന്ന ഒന്നാമത്തെ ഘട്ടം എന്നു പറയുന്നു. ത്വാലൂത്ത് ജാലൂത് പ്രശ്നവും ബുഖ്തുനസ്വര്‍ ജൂതരെ നശിപ്പിച്ചതുമാണ് ഈ ഘട്ടങ്ങള്‍ എന്ന് പറഞ്ഞവരുണ്ട്. ക്രിസ്തുവർഷം 70ൽ റോമൻ ചക്രവർത്തി ടൈറ്റസ് അവരുടെ രാജ്യം പിടിച്ചടക്കി കണ്ണിൽ കണ്ട ജൂതന്മാരെ മുഴുവൻ കൊന്നൊടുക്കി എന്ന ചരിത്രവുമുണ്ട്. പിന്നീട് ടെെറ്റസ് ജറുസലേമിലെ അവരുടെ പുണ്യഗേഹം തച്ചുതകർത്തു. അതിൽ അവശേഷിച്ച മതിലാണ് ‘വിലാപ മതിൽ’. ഇതുമാവാം ഒന്നാം ദുരന്തം. പക്ഷെ, ഖുർആനിന്റെ ധ്വനിയനുസരിച്ച് മറ്റൊരു വ്യാഖ്യാനമാണ് ഏറ്റവും ചേരുക.
ആദ്യം ഇതു പറഞ്ഞ സൂക്തം പരിശോധിക്കാം. അല്ലാഹു പറയുന്നു: 'ഇസ്രയേല്യര്‍ക്ക് തൗറാത്തില്‍ നാം ഇങ്ങനെ വിധി കല്‍പിച്ചു: നിശ്ചയം, നിങ്ങള്‍ രണ്ടുവട്ടം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതും മികച്ച ആഢ്യത്വം നടിക്കുന്നതുമാണ്. അതില്‍ ആദ്യത്തേതിന്റെ സന്ദര്‍ഭമായിക്കഴിഞ്ഞാല്‍ തീവ്രമായ ആക്രമണ ശേഷിയുള്ള നമ്മുടെ ചില ദാസരെ നിങ്ങളിലേക്ക് നാം നിയോഗിക്കുന്നതും വീടുകള്‍ക്കിടയില്‍ കടന്ന് നിങ്ങളെയവര്‍ തെരഞ്ഞു പിടിക്കുന്നതുമാണ്. പ്രയോഗവല്‍കൃതമാകുന്ന ഒരു വാഗ്ദാനമാണിത്. പിന്നീട് അവര്‍ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്കു നാം സന്ദര്‍ഭം തരും. സമ്പത്തുകളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം സഹായിക്കുന്നതും പൂര്‍വോപരി സംഘശേഷിയുള്ളവരാക്കുന്നതുമാണ്. നന്മചെയ്താല്‍ അതിന്റെ ഗുണവും തിന്മചെയ്താല്‍ അതിന്റെ ദൂഷ്യവും നിങ്ങള്‍ക്കു തന്നെ. പിന്നീട് രണ്ടാം കുഴപ്പത്തിന്റെ സന്ദര്‍ഭമാകുമ്പോള്‍ നിങ്ങളെ അപമാനിതരാക്കാനും ആദ്യവട്ടം പള്ളിയില്‍ കടന്നപോലെത്തന്നെ രണ്ടാംവട്ടം കടക്കാനും അവര്‍ കൈയടക്കിയതിനെയത്രയും സംഹരിക്കാനും വേണ്ടി (വേറെ ശക്തിയെ നിയോഗിക്കും.(സൂറത്തു ഇസ്റാഅ് 4-7). ഇസ്റയേൽ സന്തതികൾ രണ്ടു വട്ടം ക്രൂരമായ കുഴപ്പങ്ങൾക്കു വിധേയരാകും എന്നാണ് ഈ ആയത്ത് പറയുന്നത്. എന്നാൽ അവ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കുന്നുമില്ല. ഇത് പൊതുവെയുള്ള ഖുർആനിന്റെ ഒരു ശൈലിയാണ്. ഇത് ഒരിക്കലും ഒരു ന്യൂനതയല്ല. അല്ലാഹു ഇത്തരം നീക്കങ്ങളിലൂടെ മനുഷ്യന് ചിന്തയുടെ ജാലകങ്ങൾ തുറന്നിടുകയാണ്. ഇതുവഴി എല്ലാ കാലത്തിനും അതിനെ വ്യാഖ്യാനിക്കാനും കഴിയും. ഒരു കാലത്ത് ഒരു വ്യാഖാനം മാത്രം രൂപപ്പെട്ടാൽ പിന്നീട് മനുഷ്യന്റെ അന്വേഷണ ത്വര, ചിന്താ വികാസം, സാമൂഹ്യ വളർച്ച തുടങ്ങിയവക്കൊന്നും ഒരു സ്വാധീനവും ഇല്ലാതെ വരും.
ഈ വിഷയത്തിലേക്കു വരാൻ ആദ്യം ഇസ്റയേൽ സന്തതികളെ പരിജയപ്പെടണം. ഇസ്റാഈല്‍ എന്നത് യഅ്ഖൂബ് നബി (അ)യുടെ പേരാണ്. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്റാഈല്‍. യൂസുഫ് നബിയോട് അസൂയ വന്ന സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റില്‍ ഉപേക്ഷിച്ചതു മുതല്‍ തുടങ്ങുന്നു ഇവര്‍ വരുത്തി വെച്ച കുഴപ്പങ്ങള്‍. പിന്നീട് ഈ യൂസുഫ് നബി ഈജിപ്തിലെ ഭരണാധികാരിയായി മാറി. അതോടെ പിതാവടക്കമുള്ള തന്റെ കുടുംബത്തെ അങ്ങോട്ട് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അവിടത്തുകാർ യൂസുഫ് നബിയുടെ കുടുംബത്തിന് വേണ്ടുവോളം ആദരവും പരിഗണനയും നല്‍കിവന്നു. പക്ഷെ, കാലക്രമത്തിൽ ഇവരുടെ തലമുറ അക്രമികളായി മാറി. അതോടെ തദ്ദേശീയരായ കോപ്റ്റിക്കുകൾ അവരെ മറികടന്ന് അധികാരത്തിലെത്തുകയും അതോടെ ഭരണ വിഭാഗത്തിന്‍റെ അടിമകളായി ബനൂ ഇസ്റാഈല്‍ മാറുകയും ചെയ്തു. നിരന്തരമായ അടിച്ചമര്‍ത്തലുകളുടെ നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ വിമോചകനായി വരുന്നത് മൂസ(അ) ആണ്. ഫിര്‍ഔനുമായുള്ള പോരാട്ട ശേഷം തന്‍റെ സമുദായവുമായി മൂസ(അ) ചെങ്കടല്‍ കടന്നു. തീഹ് മരുഭൂമിയിലൂടെ ഒരുപാട് അലഞ്ഞു. ഇന്നും രാജ്യമില്ലാതെ അലയുന്നവരായി അവര്‍ മാറിയതങ്ങനെയാണ്. അലച്ചിൽ അവർ അന്നു തുടങ്ങിയതാണ്. അതിനെ അവർക്ക് അല്ലാഹു നൽകിയ ഒരു ശിക്ഷയായും കാണാവുന്നതാണ്. കാരണം വാഗ്ദത്ത ഭൂമിയിലേക്കുള്ള ഈ വരവിനിടെയായിരുന്നു അവർ തങ്ങൾക്ക് അല്ലാഹുവിനെ നേർകണ്ണിൽ കാണണം എന്നൊക്കെ ആവശ്യപ്പെട്ടത്. മാത്രമല്ല അല്ലാഹുവിനോടും മൂസാനബിയോടും അവർ പല അക്രമങ്ങളും കാണിക്കുകയുണ്ടായി. അല്ലാഹുവിനെ കോപിപ്പിക്കുകയും മൂസാ നബിയെ നിരാശപ്പെടുത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു അവ.
രണ്ടു ഘട്ടം നിങ്ങള്‍ കുഴപ്പമുണ്ടാക്കുമെന്ന പ്രയോഗത്തിലെ ഈ രണ്ടു ഘട്ടങ്ങള്‍ ഏതാണെന്നതില്‍ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഖുര്‍ആന്‍റെ പ്രയോഗമനുസരിച്ച് രണ്ട് ഘട്ടങ്ങളും നബി(സ്വ)യുടെ കാലഘട്ടത്തിലാണ് എന്നതാണ് ഏറ്റവും അധികം ഗ്രാഹ്യമാകുന്ന വ്യാഖ്യാനം. ഇസ്റാഅ് – മിഅ്റാജ് സംഭവത്തിനോടനുബന്ധിച്ചാണ് സൂറത്തു ഇസ്റാഈലില്‍ ഈ ആയത് വരുന്നത് എന്നു നാം പറഞ്ഞുവല്ലോ. നബിയുടെ 53-ാം വയസ്സിലാണ് മദീനാ ഹിജ്റ നടക്കുന്നത്. അതിന് മുന്നോടിയായി ഏതാണ്ട് 52-ാം വയസ്സിലാണ് ഇസ്റാഅ് നടക്കുന്നത്. ജൂതരുടെ സംസ്കാരവും മദീനയിലെ ജൂത വാസസ്ഥലങ്ങളും മുത്ത് നബിയെ പരിചയപ്പെടുത്തുകയായിരുന്നു ഇസ്റാഇലൂടെ അല്ലാഹു ചെയ്തത്. മാത്രമല്ല, ഇനി ഈ പ്രവാചകന്നാണ് ഈ മണ്ണിന്റെയും അധികാരം എന്ന് സ്ഥാപിക്കുകയും അല്ലാഹുവിന്റെ ഉദ്ദേശമായിരുന്നു. തുടർന്ന് നബി(സ്വ) മദീനയിലെത്തി. അവിടെ പ്രധാനമായും മൂന്ന് ജൂത കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ബനൂ നളീര്‍, ബനൂ ഖൈനുഖാഅ്, ബനൂ ഖുറൈള. ഇവര്‍ നബിയുമായി ഉടമ്പടിയിലായി. ആ കരാറനുസരിച്ച് ജീവിച്ച കാലത്തോളം മുസ്ലിംകള്‍ അവരെ മാനിക്കുകയും എല്ലാവിധ സഹകരണങ്ങളോടെയും മുന്നോട്ട് പോകുകയും ചെയ്തു. പക്ഷെ ജൂതര്‍ കരാര്‍ ലംഘനം നടത്തി. ബദർ യുദ്ധത്തിനു ശേഷം മദീനാ ചാർട്ടർ എന്ന കരാർ ലംഘിച്ച ജൂത ഗോത്രമായ ബനൂ ഖൈനുഖാഇന്റെയും ഉഹദിനു ശേഷം കരാർ ലംഘിച്ച ബനൂ നളീറിന്റെയും അഹ്സാബ് യുദ്ധത്തിനു ശേഷം അത് ലംഘിച്ച ബനൂ ഖുറൈളയുടെയും ചരിത്രം നമുക്ക് ഓർമ്മയുള്ളതാണ്. അതിന്റെ പേരിൽ അവരൊക്കെ നാടുവിടേണ്ടി വന്നു. നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് ജൂതൻമാർ കരാറിൽ ഏർപ്പെടുക എന്നും തരപ്പെടുന്ന ആദ്യ ഘട്ടത്തിൽ തന്നെ തങ്ങൾ അതു ലംഘിക്കുമായിരുന്നു എന്നും മുസ്ലിമായതിനുശേഷം അബ്ദുല്ലാഹി ബിൻ സലാം(റ) തന്റെ അനുഭവം പറയുന്നുണ്ട്. അപ്പോള്‍ ഇവരുടെ വീടുകളില്‍ കയറി അവരെ കുടിയൊഴിപ്പിച്ച് മദീനയില്‍ നിന്ന് പുറത്താക്കി. ഇതാണ് ഖുര്‍ആന്‍ പറഞ്ഞ ആദ്യഘട്ടം.
പിന്നീട് നിങ്ങള്‍ക്ക് അവരുടെ മേല്‍ തിരിച്ച് വരാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ചത് സുമ്മ എന്നാണ്. ഒന്നാം ഘട്ടത്തില്‍ നിന്നും കാലദൈര്‍ഘ്യമുണ്ട് രണ്ടാം ഘട്ടത്തിന് എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. സന്താനം കൊണ്ടും സമ്പത്ത് കൊണ്ടും നിങ്ങളെ നാം സഹായിക്കും എന്ന് പറയുന്നുണ്ട് ഖുര്‍ആന്‍. ജൂതര്‍ അത്രത്തോളം ആള്‍ബലവും സാമ്പത്തിക ബലവും കരഗതമാക്കിയിട്ടുണ്ട്. ലോകോത്തര ബ്രാന്‍റുകളെല്ലാം ഇസ്രാഈലിന്‍റെതാണ്. ഉയര്‍ന്ന സാലറി സ്കേലിലധികവും ഉള്ളത് ജൂതരാണ്. നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ധാരാളം നല്‍കും എന്നതും പുലര്‍ന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ ചെയ്യുന്നത് കൊടും ക്രൂരതകളാണെന്നറിഞ്ഞിട്ടും അവയൊരിക്കലും നീതികരിക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടും ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനായി പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. യു.എന്‍ പോലും കൃത്യമായി ഇടപെടുന്നില്ല. യഥാര്‍ത്ഥത്തില്‍ ജൂതര്‍ അശക്തരും പേടിയുള്ളവരുമാണ്. മറ്റുള്ളവരുടെ ചൂളം വിളിയുടെ ധൈര്യത്തില്‍ നിലനില്‍ക്കുന്നവരാണ്. ഖുര്‍ആനത് പലയിടത്തും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ തരത്തില്‍ ജൂതര്‍ വളരുകയും മുസ്ലിംകളുടെ മേല്‍ അധികാരം പ്രയോഗിക്കുകയും ചെയ്യും. ആ അധികാരമുള്ള സമയത്ത് നിങ്ങള്‍ നല്ല രീതിയില്‍ നിന്നാല്‍ നിങ്ങള്‍ക്ക് നന്ന്. നിങ്ങള്‍ മോശമായാല്‍ നിങ്ങള്‍ക്ക് ദോഷകരമാകും. അങ്ങനെ അവസാനത്തതിന്‍റെ സമയമാകുമ്പോള്‍ അവര്‍ നിങ്ങളെ മുഖം കെടുത്തുകയും അവര്‍ പള്ളിയില്‍ പ്രവേശിക്കുകയും അവര്‍ പടുത്തുയര്‍ത്തിയതിനെ തകര്‍ക്കുകയും ചെയ്യും. ഇവിടെ രണ്ടാമത്തെ ഘട്ടത്തെ അവസാനത്തെ എന്ന ഖുര്‍ആനിന്‍റെ പദപ്രയോഗം അടിവരയിടേണ്ടതാണ്. മസ്ജിദുല്‍ അഖ്സയില്‍ മുമ്പ് കയറിയ മുസ്ലിംകള്‍ക്ക് കയറാന്‍ അവസരമുണ്ടാകും. അവര്‍ കെട്ടിപടുത്തതിനെ തകര്‍ക്കും എന്നിടത്ത് യഥാര്‍ത്തില്‍ നിങ്ങള്‍ കെട്ടിപടുത്തത് എന്നാണ് ഉപയോഗിക്കേണ്ടിയിരുന്നത്. പക്ഷെ ഖുര്‍ആന്‍ മനഃപൂര്‍വ്വം ആ പദ പ്രയോഗിക്കത്തിലൂടെ ഇസ്രയേലിന്‍റെ അധികാരമൊന്നും ജൂതര്‍ പടുത്തുയര്‍ത്തിയതല്ലെന്നും മറ്റുള്ളവരുടെ പിന്തുണകൊണ്ട് നേടിയതാണെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഇനി അവരെ കാത്തിരിക്കുന്നത് ഖിയാമത്തിന്റെ തൊട്ടു മുമ്പുള്ള ഹോളോ കോസ്റ്റ് തന്നെയായിരിക്കും.
ഇക്കാര്യം നബി(സ) തങ്ങളും പറയുന്നുണ്ട്. അനസ് (റ)വില്‍ നിന്നും വന്ന ഹദീസിൽ നബി(സ) പറയുന്നു: അന്ത്യനാളിനോടടുത്ത് മുസ്ലിംകളും ജൂതരും യുദ്ധത്തിലാവുകയും ജൂതരെ കീഴിപെടുത്തുകയും ചെയ്യാതെ ലോകം അവസാനിക്കില്ല. അവര്‍ കല്ലിന്‍റെയും മരത്തിന്‍റെയും പിന്നില്‍ ഒളിക്കും. അപ്പോള്‍ ആ കല്ലുകളും മരങ്ങളും മുസ്ലിംകളോട് വിളിച്ച് പറയും: ഏ മനുഷ്യാ..ഈ ജൂതനിതാ എന്‍റെ പിന്നില്‍ ഒളിച്ച് നില്‍ക്കുന്നു. ഖര്‍ഖദ് മരങ്ങളൊഴികെ. (സ്വഹീഹ് മുസ്ലിം). അവ ജൂതര്‍ അവരുടെ സംരക്ഷണത്തിനായി വളര്‍ത്തിയ മുള്‍മരങ്ങളാണ്.
വിശുദ്ധ ഖുര്‍ആനും തിരുഹദീസും വ്യക്തമാക്കുന്നത് ജൂതര്‍ തകര്‍ക്കപ്പെടുമെന്നും നിന്ദ്യരാവുമെന്നാണ്. ഒലീവുകള്‍ ഇനിയും തളിര്‍ക്കും. ഒലീവിലകൾ കടിച്ചു പിടിച്ച വെള്ള പ്രാവുകൾ ഇനിയും ഫലസ്തീനിന്റെ വിഹായസ്സിലൂടെ പറന്നുതുടങ്ങും. ഫലസ്തീനികളുടെ പുഞ്ചിരി കാണാതെ ലോകം അവസാനിക്കില്ല.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso