Thoughts & Arts
Image

ചിരി ഒരു വരമാണ്

11-11-2023

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







മനുഷ്യൻ സൃഷ്ടാവിന്റെ നേർപ്രാതിനിധ്യം വഹിക്കുന്നു എന്ന് വിശുദ്ധ ഖുർആനിലെ ഉൽപ്പത്തി ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. പ്രതിനിധി എന്നാൽ കേവല പകരക്കാരനോ പണിക്കാരനോ അല്ല. പ്രതിനിധീകരിക്കുന്ന സൃഷ്ടാവിന്റെ മഹാത്മ്യങ്ങളുടെ ഏറ്റവും വലിയ സാക്ഷ്യം കൂടിയാണ്. അതായത് ദൈവീക ഗുണങ്ങളുടെ ഒരു ചെറിയ പ്രതിരൂപമാണ് മനുഷ്യൻ. തന്നിൽ ഉള്ളടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഓരോന്നിലൂടെയുമാണ് മനുഷ്യൻ അല്ലാഹുവിന്റെ മഹാത്മ്യങ്ങളെ തിരിച്ചറിയുന്നത്. ഉദാഹരണമായി സുഖം, വേദന തുടങ്ങിയവയെടുക്കാം. ചെറിയ ഒരു സുഖം അനുഭവപ്പെടുമ്പോൾ അതുവഴി ഇതിനേക്കാൾ എത്രയോ ഇരട്ടി വലുതും ഒരിക്കലും അവസാനിക്കാത്തതുമായ സുഖമായിരിക്കും അവനെ അനുസരിക്കുന്നവർക്ക് അല്ലാഹു നൽകുന്ന സുഖമെന്ന് മനുഷ്യന് മനസ്സിലാക്കാം. വേദന എന്ന ശിക്ഷയും അങ്ങനെ തന്നെ. ഒരാൾ സ്വന്തം ശരീരത്തെ മനസ്സിലാക്കിയാൽ അതുവഴി അവന് തന്റെ റബ്ബിനെ മനസ്സിലാക്കാൻ കഴിയും എന്നു പറയുന്നതിന്റെ പൊരുൾ ഇതാണ്. അല്ലാഹുവിന്റെ ഖലീഫ സ്ഥാനം ഏൽപ്പിക്കപ്പെട്ടവൻ എന്ന നിലക്ക് അതിന് പറ്റിയ ശാരീരിക പ്രകൃതവും കഴിവുകളുമാണ് മനുഷ്യന് അല്ലാഹു നൽകിയിരിക്കുന്നത്. ഈ കഴിവുകളിൽ ചില സവിശേഷമായ കഴിവുകളുണ്ട്. അഥവാ മനുഷ്യന് മാത്രമുള്ളതും ഒപ്പം ഒരുപാട് ശക്തിയും സ്വാധീനവും ചെലുത്തുന്നതുമായ ചില കഴിവുകൾ. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചിരിക്കാനുളള കഴിവ്. ജന്തുലോകത്ത് ചിരിക്കാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. ഒരക്ഷരം പോലും ഉരുവിടാതെ ഒരുപാട് ആശയങ്ങൾ പകരാൻ കഴിയുന്ന ഒരു ഭാവമാണ് ചിരി. മുഖത്ത് പ്രകടമാകുന്ന ചിരിയിലെ ഭാവവൈവിധ്യങ്ങളിലൂടെ തന്റെ നിലപാട് സംബോധിതനെ അറിയിക്കുവാനും അവന്റെ മാനസികനില തന്നെ മാറ്റിമറിക്കാനുമെല്ലാം മനുഷ്യന് സാധിക്കുന്നു. സ്വന്തം വ്യക്തിത്വത്തെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ വരച്ചു പിടിപ്പിക്കാനും അവരെ തന്റെ കരവലയത്തിൽ ഒതുക്കാനും ചെറിയൊരു പുഞ്ചിരി മാത്രം മതി. ചിരിയിൽ ചെറിയ ഒരു ഭാവമാറ്റം വരുത്തി അതിന്റെ കൊഞ്ഞനമാക്കി പ്രധിഷേധത്തിനും ഒരൽപ്പം വികൃതഹാസം ചേർത്ത് അധിക്ഷേപത്തിനും കണ്ണിന്റെ കൂടി സഹായത്തോടെ ഭീഷണിപ്പെടുത്താനും എല്ലാം ഉപയോഗിക്കാൻ കഴിയുന്നു എന്നു പറയുമ്പോൾ ചിരി ഒരു വരം തന്നെയെന്ന് ആരും സമ്മതിക്കും. എന്നാൽ ചിരിയുടെ കാര്യത്തിലും ചില നിയന്ത്രണങ്ങളെല്ലാം ഉണ്ട്. സൃഷ്ടാവ് തന്ന ഏത് അനുഗ്രഹത്തിനും അതിന്റേതായ നിയന്ത്രണങ്ങൾ ഉണ്ടല്ലോ. ആ നിയന്ത്രണങ്ങൾക്ക് വിധേയമായി ചിരിക്കുമ്പോൾ മാത്രമേ ഈ അനുഗ്രഹത്തെ നമുക്ക് ഉപയോഗപ്പെടുത്താനാകൂ. എപ്പോഴും ചിരിച്ചു നടക്കുന്നവന് ജീവിത ഗൗരവം നഷ്ടപ്പെടുന്നതും തീരെ ചിരിക്കാതെ മസിൽ പിടിച്ചു നടക്കുന്നവനോട് അടുപ്പം തോന്നാത്തതും എല്ലാം അതുകൊണ്ടാണ്.



ചിരിയെ പുഞ്ചിരിയായി മാത്രം ഉപയോഗിക്കുവാൻ ഇസ്ലാം താൽപര്യപ്പെട്ടു എന്നിടത്ത് നിന്നാണ് ഈ നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. വലിയ വായിൽ വലിയ ശബ്ദത്തോടെ പൊട്ടിച്ചിരിക്കുന്നത് നബിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. നബിയുടേത് പുഞ്ചിരി മാത്രമായിരുന്നു എന്നും വലിയ സന്തോഷാതിരേകമുണ്ടാകുമ്പോൾ നബിയുടെ കോട്ടുപല്ലുകൾ ചിലപ്പോൾ അല്പം കാണാവുന്ന അത്ര മാത്രമേ പരമാവധി വായ തുറക്കാറുണ്ടായിരുന്നുള്ളൂ എന്നും നബിയുടെ ചിരി കണ്ട പ്രിയപ്പെട്ട ആയിഷ ബീവി നമ്മോട് പറഞ്ഞു തന്നിട്ടുണ്ട്. ഈ വിധത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരുവാൻ കാരണമുണ്ട്. എപ്പോഴും ചിരിക്ക് കാരണമാകുന്ന ഒരു സന്തോഷം ഉണ്ടാകും. ആ സന്തോഷത്തിന്റെ പ്രകടനമാണ് ചിരി. ആ സന്തോഷത്തെ ചിരിയിലൂടെ പ്രകടിപ്പിക്കുമ്പോൾ പക്ഷേ എല്ലാം മറന്നാകരുത് എന്നും ഈ സന്തോഷത്തിന്റെ പിന്നിൽ അതിന്റെ ഒരു ദായകൻ ഉണ്ട് എന്നും ചിരിക്കുമ്പോൾ പോലും മറന്നുപോകരുത് എന്നും നിർബന്ധം ഉള്ളതുകൊണ്ടാണ് ഇസ്ലാം ചിരി പുഞ്ചിരിയേക്കാൾ വലുതാകരുതെന്ന് പറയുന്നത്. ഇത്തരത്തിലുളള പുഞ്ചിരി നിഷ്കപടമായിരിക്കണമെന്നും ഇസ്ലാം പറയുന്നു. നിഷ്കപടമായ ചിരിയെ ഒരു ധർമ്മമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞു: 'ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ കണ്ടുമുട്ടുന്നതു പോലും' (മുസ്‌ലിം). 'നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണ്' എന്ന് മറ്റൊരിക്കൽ നബി(സ) പറഞ്ഞു. ജരീര്‍(റ) പറയുന്നു: 'കാണുമ്പോഴൊക്കെ നബി(സ) എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുമായിരുന്നു'.(ബുഖാരി). അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: 'അല്ലാഹുവിന്റെ ദുതനെക്കാള്‍ കൂടുതല്‍ പുഞ്ചിരി തൂകുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല' (തിര്‍മിദി).



ചിരിക്കുന്നത് ഒട്ടും കാപട്യമില്ലാതെ ആയിരിക്കണം എന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. അകത്ത് ഒന്ന് വെച്ച് പുറത്ത് നേരെ വിപരീതമായ മറ്റൊന്ന് പ്രകടിപ്പിക്കുന്നതിനെയാണ് കാപട്യം എന്നു പറയുന്നത്. ഒരാളുടെ മുഖത്ത് നോക്കി അനുകൂലമായി പുഞ്ചിരിക്കുമ്പോൾ അതിൽ നിന്ന് സംബോധിതന് ഒരു സന്ദേശം ലഭിക്കുന്നുണ്ട്. ആ സന്ദേശം അനുകൂലമായിരിക്കും. അയാൾ താൻ പറഞ്ഞതിനോട് യോജിക്കുന്നു, അല്ലെങ്കിൽ ഞാൻ അവതരിപ്പിച്ച വിഷയത്തിൽ അയാൾ സംതൃപ്തനാണ് എന്നൊക്കെയാണ് അയാളുടെ പുഞ്ചിരിയുടെ അർത്ഥം. അതുുകരുതി അതിൽ വിശ്വസിച്ച് മുന്നോട്ടുപോകുമ്പോൾ അതേ കക്ഷിയിൽ നിന്ന് വിപരീതമായ പ്രകൃതവും പ്രതികരണവും ഉണ്ടാകുക എന്നതാണ് അയാളുടെ അന്നത്തെ പുഞ്ചിരി കാപട്യമായിരുന്നു എന്നതിന്റെ തെളിവ്. ഒരു കാര്യത്തിലും ഒരാളെയും ചതിക്കുവാൻ പാടില്ല എന്നു പറയുന്ന ഇസ്ലാം ആ കൂട്ടത്തിൽ ചിരിയേയും ഉൾപ്പെടുത്തുന്നുണ്ട്. സന്തോഷം പ്രകടിപ്പിച്ചു കൊണ്ടും അനുവാദം രേഖപ്പെടുത്തിക്കൊണ്ടും നമ്മൾ ഒരാളോടോ ഒരു വിഷയത്തോടോ പുഞ്ചിരിക്കുമ്പോൾ അത് നമ്മുടെ സമ്മതമായി തന്നെ കരുതണം. അല്ലാത്തതെല്ലാം വഞ്ചനയാണ് അത് പാടില്ലാത്തതാണ്. കാപട്യത്തിന്റെ ചിരിയെ പോലെ തന്നെ പരിഹാസത്തിന്റെ ചിരിയെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറ്റുള്ളവരുടെ ശരീരത്തിനോ സംസാരത്തിനോ വൈകല്യമുണ്ടെങ്കില്‍ അതുനോക്കി ചിരിക്കുന്നത് പരിഹാസച്ചിരിയാണ്. അത് ചിലപ്പോൾ വായ പൊത്തിയോ തല തിരിച്ചു പിടിച്ചോ ഒക്കെയാവാം. എന്നാലും അതു പാടില്ല. പരിഹാസത്തെ പോലെ തന്നെയാണ് ഇതിനെയും കാണുന്നത്. പരിഹാസത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: 'സത്യവിശ്വാസികളേ ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്; അവര്‍ ഇവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തെയും കളിയാക്കരുത്; അവര്‍ ഇവരെക്കാള്‍ ഉദാത്തരായേക്കാം' (ഹുജറാത്ത്: 11). മൂസാ നബി ഫിര്‍ഔനിന്റെയും പൗരപ്രമുഖരുടെയും അടുത്തുചെന്ന് ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു പറഞ്ഞപ്പോള്‍ അവര്‍ പരിഹസിച്ചു ചിരിച്ചതായി ക്വുര്‍ആന്‍ 43:47ല്‍ പറയുന്നുണ്ട്. ഒരാളോട് മനസ്സില്‍ പകവെച്ചുകൊണ്ട്; 'നിന്നെ ഞാന്‍ കാണിച്ചുതരാ'മെന്ന് ആത്മഗതം ചെയ്തുകൊണ്ട് ചിരിക്കുന്നവരുണ്ട്. അത്തരം ചിരിയും കള്ളച്ചിരിയാണ്; കാപട്യമാണ്.



ചിരിയെ സംബന്ധിച്ച് പറയുമ്പോൾ ഒപ്പം പറയേണ്ട ഒന്നാണ് ചിരി പടർത്തുന്ന തമാശകൾ. മാന്യമായും സത്യസന്ധമായും ചിരിക്കുവാൻ ഇസ്ലാം അനുവദിക്കുന്നുണ്ട് എങ്കിൽ ഇതേ അളവിലും ഇതേ ഗുണത്തിലും തമാശ പറയുവാനും കേൾക്കുവാനും ഇസ്ലാം അനുവദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നബി തിരുമേനി(സ). നബി തിരുമേനി പലപ്പോഴും നിർദോഷകമായ തമാശകൾ പറയുമായിരുന്നു. പക്ഷേ നബിയുടെ തമാശകൾ പ്രഥമ ഘട്ടത്തിൽ മാത്രം തമാശകൾ ആയി തോന്നുന്ന കാര്യങ്ങളായിരുന്നു. ഉദാഹരണമായി അനസില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ നബി(സ) തന്നെ ‘ഇരുചെവിയന്‍’ എന്ന് വിളിച്ചു. അബുഉസാമ പറയുന്നു : നബി(സ) അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്. കാരണം എല്ലാവരും ഇരു ചെവിയൻമാർ തന്നെയാണല്ലോ. (തി൪മിദി:49/4199). സഹ്ലി ബിൻ സഅദ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ നബി(സ) ഫാത്തിമയുടെ(റ) വീട്ടില്‍ വന്നു. അപ്പോള്‍ അലിയെ(റ) അവിടെ കണ്ടില്ല. നബി(സ) ചോദിച്ചു: നിന്റെ പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു: 'എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു ചെറിയ വഴക്കുണ്ടായി. എന്നിട്ട് എന്നോട് കോപിച്ച് അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക് ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട് തിരു നബി(സ) പറഞ്ഞു: അലി എവിടെയുണ്ടെന്ന് നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്. ഉടനെ നബി(സ) അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് തട്ടം താഴെ വീണുപോയിട്ടുണ്ട്. ശരീരത്തില്‍ മണ്ണു ബാധിച്ചിട്ടുമുണ്ട്. നബി(സ) അദ്ദേഹത്തിന്റെ ശരീരത്തിലെ മണ്ണ് തട്ടിനീക്കിക്കൊണ്ട് അബാതുറാബ് (മണ്ണിന്റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. (ബുഖാരി. 441) അനസില്‍(റ) നിന്ന് മറ്റൊരു നിവേദനം: ഒരു വ്യക്തി നബി(സ)യോട് തനിക്ക് യാത്രക്ക് ഒരു ഒട്ടകത്തെ തരണമെന്ന് ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: ‘ഞാന്‍ താങ്കളെ ഒരു പെണ്ണൊട്ടകക്കുട്ടിയുടെ പുറത്ത് കയറ്റിയയക്കാം.’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്?’ നബി(സ) പറഞ്ഞു: ‘ഒട്ടകങ്ങളെ പെണ്ണൊട്ടകങ്ങളല്ലാതെ പ്രസവിക്കുമോ?’ (ഒട്ടകം ചെറുതായാലും വലുതായാലും പെണ്ണൊട്ടകത്തിന്റെ കുട്ടി തന്നെയാണല്ലോ). ( അബൂദാവൂദ്). ഇങ്ങനെ സമാനമായ പല രംഗങ്ങളും ഹദീസുകളിൽ കാണാം.



സത്യവിശ്വാസികൾ എപ്പോഴും പ്രസന്നവദനരായിരിക്കും. കാരണം അവർ സൻമനസ്സുള്ളവരായിരിക്കും. അതിന്റെ പ്രധാന കാരണം അവരുടെ വിശ്വാസമാണ്. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന് അവർ ബലമായി വിശ്വസിക്കുന്നു. അതിനാൽ ചിരിയെ തടയുന്ന എന്തുകാര്യങ്ങൾ ജീവിതത്തിൽ വന്നാലും അവർക്ക് അതിനെയെല്ലാം സ്വന്തം വിശ്വാസങ്ങൾ കൊണ്ട് തടഞ്ഞുനിർത്താൻ ആകും. സന്മനസ്സുള്ളവര്‍ക്കേ പ്രസന്നവദനരാകാന്‍ സാധിക്കുകയുള്ളൂ എന്ന് മനശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്. അതിനാൽ പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അതിന്റെ മുമ്പിൽ നിഷ്കളങ്കമായി പുഞ്ചിരിക്കുവാൻ ഒരാൾക്ക് കഴിഞ്ഞാൽ അത് അയാളുടെ മനസ്സിന്റെ ശക്തിയും റബ്ബിൽ ഉള്ള വിശ്വാസത്തിന്റെ കരുത്തും തന്നെയാണ്. അതുകൊണ്ടാണ് നിറപുഞ്ചിരി ധര്‍മമാണെന്ന് നബി(സ) പറഞ്ഞതും. എന്നിട്ടും വരദാനമായി ലഭിച്ച ഈ ചിരിയെ മസിലുപിടിച്ച് മറച്ചുപിടിക്കുന്നവരാണ് പലരും. ഒന്നു ചിരിച്ചാല്‍ തന്റെ ഗൗരവം നഷ്ടപ്പെടുമെന്ന ആധിയാണിതിന് പ്രേരകം. മറ്റുള്ളവര്‍ ചിരിച്ചാല്‍ ഒരു മറുചിരി നല്‍കാന്‍ പോലും ലുബ്ധത കാണിക്കുന്നവരുണ്ട്. ഒരു പുഞ്ചിരിയിലൊതുങ്ങുന്ന നിരവധി പ്രശ്നങ്ങളാണ് ഈഗോയുടെ പേരില്‍ ആളിക്കത്തുക. ചിലര്‍ക്ക് ദുരഭിമാനമാണ് പുഞ്ചിരിക്ക് വിലങ്ങുതടിയാകുന്നത്. ഒരാള്‍ സ്വയം ചെറുതാകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ വലുതാക്കും. തനിക്കുള്ളതുപോലെ അന്യനും വ്യക്തിത്വവും മഹത്ത്വവുമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നവര്‍ വിനയാന്വിതരാവുന്നു. തന്മൂലം മറ്റുള്ളവരെ ഉള്‍ക്കൊള്ളാനവര്‍ തയ്യാറാകും. മറ്റുള്ളവരെ ഉള്‍ക്കൊള്ളുമ്പോഴാണ് മുഖത്ത് നിഷ്കപടമായ പുഞ്ചിരി പ്രകടമാവുക. ഹൃദയാന്തരങ്ങളില്‍ കുടികൊള്ളുന്ന അഹങ്കാരമാണ് ചിലരുടെയെങ്കിലും ചിരിയില്ലായ്മക്ക് കാരണം. 'പൂക്കള്‍ക്ക് സൂര്യപ്രകാശമേല്‍ക്കുംപോലെയാണ് മനുഷ്യരാശിക്ക് ചിരി’യെന്നാണ് പ്രസിദ്ധ ചിന്തകന്‍ ജോസഫ് ആഡിസണ്‍ പറഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ച് നമുക്കരികില്‍ കടന്നുവരുന്നവര്‍ക്ക് നല്‍കാനൊന്നുമില്ലെങ്കിലും ഹൃദ്യമായൊരു പുഞ്ചിരി മതിയാകും അവര്‍ക്ക് സ്വാന്തനമേകാന്‍. 'ഒരു മനുഷ്യനെ അടുത്തറിയണമെങ്കില്‍, അവന്റെ ആത്മാവിന്റെ അകക്കയങ്ങളില്‍ എത്തിനോക്കണമെങ്കില്‍, അവന്‍ ചിരിക്കുന്നതു മാത്രം നോക്കിയാല്‍ മതി. അകളങ്കമായും അകമഴിഞ്ഞുമാണ് ചിരിക്കുന്നതെങ്കില്‍ അവന്‍ തീര്‍ച്ചയായും നല്ലവനാണ്. മനുഷ്യപ്രകൃതത്തിന്റെ ഏറ്റവും നല്ല അളവുകോലാണ് ചിരി'' എന്ന് സാഹിത്യകാരനായ ദസ്തയെവ്‌സ്‌കി.(മനശ്ശാസ്ത്രം മാസിക 1990 മാര്‍ച്ച്).



ചിരിയും കരച്ചിലും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് പ്രതിഭാസങ്ങളാണ്. ഇവ രണ്ടിന്റെയും ഇടയിൽ ഒരു കൃത്യമായ അളവ് ജീവിതത്തിൽ സൂക്ഷിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. വെറും ചിരിച്ചും അല്ലെങ്കിൽ വെറും കരഞ്ഞും തീർക്കാനുള്ളതല്ല ജീവിതം. പക്ഷെ, മനുഷ്യന്‍ ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന അത്രതന്നെ കരയാന്‍ ആഗ്രഹിക്കുന്നില്ല. ചിരിമത്സരം സംഘടിപ്പിക്കുന്ന പോലെ കരച്ചില്‍ മത്സരം നടത്താറുണ്ടോ? മനുഷ്യന് കരയാന്‍ ഇഷ്ടമില്ല എന്നതാണു കാരണം. എങ്കിലും മനുഷ്യന്‍ ചിരിക്കുകയും കരയുകയും വേണം. അതാണ് സ്രഷ്ടാവിന്റെ നിശ്ചയം. ഖുര്‍ആന്‍ പറയുന്നു: 'അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തത്', 'നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്നു; നിങ്ങള്‍ കരയുന്നില്ല. നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയാണോ?'. അതായത് വരാനിരിക്കുന്ന ഭയാനകമായ നിമിഷങ്ങളെപ്പറ്റി അശ്രദ്ധരായി ചിരിയും കളിയും തമാശയുമായി കഴിച്ചുകൂട്ടുകയാണോ എന്നാണ് ഈ സന്ദര്‍ഭത്തിലെ ഉദ്ദേശ്യം. അപ്രകാരം തന്നെയാണ് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ വേണ്ടി കളവു പറയുന്നതും പാടില്ല. നബി(സ)പറഞ്ഞു: സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവ് പറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം. (അബൂദാവൂദ്). അബൂ ഉമാമയില്‍(റ) നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ നബി(സ) പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ് വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. (അബൂദാവൂദ്).





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso