ഇസ്ലാമിന്റെ വൈജ്ഞാനിക വിസ്ഫോടനം
11-11-2023
Web Design
15 Comments
ടി എച്ച് ദാരിമി
എ ഡി ഏഴാം നൂറ്റാണ്ടില്‍ നാം കാണുന്നത് അതുവരെ ലോകത്ത് സ്വാധീനം ചെലുത്തിയ ക്രൈസ്തവ-ഓര്‍ത്തഡോക്‌സ്-പേര്‍ഷ്യന്‍ നാഗരികതകള്‍ ഓരോന്നും ക്രമേണ ദുര്‍ബലമാവുന്നതാണ്. ആദ്യം യവന-റോമന്‍ നാഗരികതകൾക്കാണ് മങ്ങലേറ്റത്. അത് കത്തോലിക്കാ സഭയുടെ പിടിയില്‍പെട്ടായിരുന്നു. യവന-റോമൻ സംസ്കാരങ്ങൾ ഇതോടെ ജീര്‍ണ്ണിച്ചു പോയി. യൂറോപ്പ് ഇതോടെ ഇരുളിലായി. കത്തോലിക്കാ സഭ കാര്യങ്ങൾ കയ്യേറിയതോടെ ഫലത്തിൽ പൗരോഹിത്യമാണ് നാട് വാണിരുന്നത്. പൗരോഹിത്യം വാഴാൻ തുടങ്ങിയാൽ പിന്നീട് ഉണ്ടാകുന്ന ഒരു വലിയ വിപത്ത് മനുഷ്യന്റെ ചിന്താശേഷി നിലച്ചുപോകും എന്നതാണ്. പുരോഹിതന്മാരുടെ താൽപര്യങ്ങൾ, വികാരങ്ങൾ, ഇച്ഛകൾ തുടങ്ങിയവയെ മറികടക്കുന്ന വിധത്തിൽ ചിന്തിക്കുവാനോ ആലോചിക്കുവാനോ കണ്ടെത്തുവാനോ ഒന്നും പൊതുവെ അനുവദിക്കപ്പെടുകയില്ല. അതേസമയം അതിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങളോ ആസ്വാരസ്യ ശബ്ദങ്ങളോ ഉണ്ടായാൽ അവയെ ദൈവത്തിന്റെയും പള്ളിയുടെയും സഭയുടെയും പേര് പറഞ്ഞ് അവർ അടിച്ചൊതുക്കുകയും ചെയ്യുമായിരുന്നു. അതിനാലെല്ലാം ചിന്താപരമായ ഒരു നിശ്ചലത പൊതുവേ റോമാസാമ്രാജ്യത്തിലും അതിന്റെ അറിവ് പറ്റി കിടക്കുന്ന പേർഷ്യൻ അറേബ്യൻ പ്രദേശങ്ങളിലും കാണപ്പെട്ടു. ഇതിന് പിന്നെ മാറ്റം വന്നത് ഇസ്ലാമും ഖുർആനും വന്നതോടെ കൂടെയാണ്. അവ വന്നതാവട്ടെ സാംസ്കാരികമായി ഏറെ പുറകിലാണ് എന്ന് എല്ലാവരും കരുതിയിരുന്ന അറബ് ജനതയിലുമാണ്. അതിനാൽ തുടക്കത്തിലെ ഉണ്ടായത് വലിയ അത്ഭുതമായിരുന്നു. ആ അത്ഭുതത്തിന്റെ മറപറ്റി ഇസ്ലാം വളർന്നു. അവിടെ ചിന്താരാഹിത്യത്യത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
അറിവിന് ഊന്നല്‍ നല്‍കിയ ഇസ്‌ലാമിന്റെ വ്യാപനമാണ് ബൗദ്ധിക ജാഗരണത്തിനു കാരണമായത്. ഖുര്‍ആനായിരുന്നു അതിന് കാരണം. ഓരോ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാൻ ആഹ്വാനം ചെയ്യുകയും നിങ്ങൾ ചിന്തിക്കുന്നില്ലേ എന്ന് ആവർത്തിച്ചു ചോദിക്കുകയും ചെയ്യുന്നത് ഖുർആനിന്റെ രീതിയാണ്. എന്തും ഏതും ചിന്തിച്ച് കണ്ടെത്തി വിശ്വാസത്തെയും സമർപ്പണത്തെയും സ്വാംശീകരിക്കണം എന്ന് ഇസ്ലാമും ഖുർആനും താല്പര്യപ്പെടുന്നു. ജ്ഞാനം (ഇല്‍മ്) എന്ന പദം ഖുര്‍ആന്‍ ഏതാണ്ട് 750 തവണ ഉപയോഗിക്കുന്നുണ്ട്. പ്രവാചക വചനങ്ങളിലും ആ പദം ധാരാളമായി വരുന്നു. അറിവ് എന്നാല്‍ അനുഷ്ഠാനങ്ങളിലെ അറിവ് മാത്രമല്ല. യുക്തിചിന്ത മൂലമാണ് മനുഷ്യന്‍ മറ്റു ചരാചരങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ വിജ്ഞാനം ഇസ്‌ലാമിന്റെ പ്രാണനാണ്. അല്ലാഹുവിന്റെ യഥാര്‍ത്ഥ ഖലീഫകളായി ഭൂമിയില്‍ ജീവിക്കണമെങ്കില്‍ വിജ്ഞാനം കൂടിയേ തീരൂ. കാട്ടാള പ്രകൃതവുമായി ജീവിക്കുന്ന മനുഷ്യന്റെ സംസ്‌കാര സമ്പന്നമായ യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള പ്രയാണമാണ് വിജ്ഞാനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജ്ഞാനിയും അജ്ഞനും തുല്ല്യനല്ല എന്ന തിരിച്ചറിവ് ഖുര്‍ആന്‍ നമ്മോട് വിളിച്ചോതുന്നുണ്ട്. വിജ്ഞാനത്തില്‍ മതവും ഭൗതികവും തമ്മില്‍ വേര്‍ത്തിരിച്ച് കാണാതെ എല്ലാം അല്ലാഹുവിന്റെ പ്രകാശമാണെന്ന ബോധമാണ് വിശ്വാസിക്കുണ്ടാവേണ്ടത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായി ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ വെറും മതഗ്രന്ഥമായിട്ടല്ല അത് അവതീര്‍ണ്ണമായത്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ സമാഹാരമാണ്. 6000 ത്തില്‍ പരം ദൃഷ്ടാന്തങ്ങളടങ്ങിയ ഖുര്‍ആനില്‍ 1000 ത്തോളം ആയത്തുകൾ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.
ഉമവി ഖിലാഫത്തിന്റെ കാലഘട്ടത്തില്‍ തന്നെ ശാസ്ത്ര രംഗത്തേക്കുള്ള രംഗപ്രവേശം മുസ്‌ലിംകള്‍ക്ക് സാധിച്ചിരുന്നു. ഇതര രാഷ്ട്രങ്ങളില്‍ നിന്നും വിവിധ മേഖലകളിലെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അത് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് അവർ ശാസ്ത്ര രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോ, യൂക്ലിഡ്, ടോളമി, ഗാലന്‍, ഹിപ്പോക്രാറ്റസ് എന്നീ ശാസ്ത്രജ്ഞന്മാരുടെ കൃതികള്‍ അറബ് ലോകത്ത് പ്രചാരം നേടുന്നതും ഈ കാലഘട്ടത്തിലാണ്. തുടര്‍ന്ന് അബ്ബാസിയ്യ ഖിലാഫത്തിന്റെ കാലത്ത് നടത്തിയ മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍ ആധുനിക ശാസ്ത്രലോകത്തിന് വളരെയധികം മുതല്‍ കൂട്ടായിട്ടുണ്ട്. ഇന്ന് ഉത്തുംഗത പ്രാപിച്ചിരിക്കുന്ന ശാസ്ത്രരംഗങ്ങളുടെയെല്ലാം ശിലപാകിയത് അക്കാലത്തെ മുസ്ലിം ശാസ്ത്രജ്ഞന്മാരായിരുന്നു. തുടർന്ന് അറേബ്യയില്‍ നിന്ന് ഇസ്ലാം ലോകത്തിന്റെ നാനാ തുറകളിലേക്ക് വ്യാപിച്ചപ്പോള്‍ ലോകം വൈജ്ഞാനിക നവോത്ഥാനത്തിന്റെ പുത്തന്‍ ചുവടുവെപ്പുകള്‍ക്ക് വേദിയാവുകയായിരുന്നു. ലോകത്തിന് ശാസ്ത്ര പരമായും സംസ്‌കാരപരമായും സാമൂഹികപരമായും കൈവന്ന വികാസത്തിന്റെ അടിത്തറ പാകിയത് മുസ്ലിംകളാണെന്ന് നിഷ്പ്രയാസം നമ്മുക്ക് പറയാന്‍ സാധിക്കും. ശാസ്ത്ര രംഗത്ത് മുസ്ലിംകള്‍ നിര്‍മ്മിച്ച അടിത്തറ വികസിപ്പിച്ചെടുക്കുന്ന ജോലി മാത്രമായിരുന്നു പില്‍കാല ശാസ്ത്രജ്ഞന്മാര്‍ക്കുണ്ടായിരുന്നത്.
വൈദ്യ ശാസ്ത്രത്തെ കുറിച്ചുള്ള ബാലപാഠം പോലും യൂറോപ്യര്‍ക്ക് അജ്ഞാതമായിരുന്ന കാലത്താണ് മുസ്‌ലിംകള്‍ ഈ രംഗത്ത് വിജയക്കൊടി നാട്ടിയത്. മതത്തിന്റെ ഉരുക്കുമുഷ്ടിക്കുള്ളില്‍ കിടന്ന് വെന്തുനീറുകയായിരുന്ന യുറോപ്യന്‍ ജനതയുടെ പോപ്പും സീസറുമെല്ലാം അവിടുത്തെ പോപ്പുതന്നെയായിരുന്നു. കത്തോലിക്ക സഭ ജനങ്ങളുടെയും ശാസ്ത്രജ്ഞന്മാരുടെയും ചിന്തകള്‍ക്കും എല്ലാ വിധ പുരോഗതികള്‍ക്കും മുമ്പില്‍ വന്‍ കോട്ടകള്‍ പണിതു. ഇവിടേക്ക് സര്‍വ്വസ്വാതന്ത്ര്യത്തന്റെ മതമായി ഇസ്ലാം കടന്നുവന്നപ്പോള്‍ ജനങ്ങളെ ഹഠാദാകര്‍ഷിക്കുകയും ജനങ്ങള്‍ കുട്ടം കൂട്ടമായി ഇസ്ലാം പുല്‍കുകയും ചെയ്തു. അതിനു ശേഷം മുസ്‌ലിംകളുടെ ശാസ്ത്രീയ കണ്ടുപിടുങ്ങളുടെയും നവോത്ഥാനത്തിന്റെയും കാലഘട്ടമായിരുന്നു. ഇതിന്റെ ബാക്കിപത്രമായി മുസ്്‌ലിം സ്‌പെയ്‌നും കോര്‍ദോവയും അടങ്ങുന്ന വൈജ്ഞാനിക ഭൂമികകള്‍ രൂപപ്പെടുകയും ചെയ്തു. ശാസ്ത്രത്തിന്റെ നിഖില മേഖലകളിലും ഇദിച്ച് നില്‍ക്കുന്ന പല ശാസ്്ത്രജ്ഞന്മാരെയും ലോകത്തിന് സമര്‍പ്പിച്ചത് ഇസ്‌ലാമാണ്. ഇബ്‌നു സീന, ഇമാം റാസി, അലിയ്യുത്തബ്‌രി, ഹുനൈനുബ്നു ഇസ്ഹാഖ്, അലിയ്യുബ്‌നു ഇസ്ഹാഖ്, ഇബ്‌നു വാഫിദ് തുടങ്ങിയവര്‍ ഈ രംഗത്ത് പ്രശോഭിച്ച് നിന്ന വൈദ്യ ശാസ്ത്ര വിശാരദന്മാരാണ്. അബ്ബാസി ഖിലാഫത്തിന്റെ കാലത്താണ് വൈദ്യ ശാസ്ത്രം പുരോഗതിയുടെ ഉത്തുംഗതിയിലെത്തിയത്. അബ്ബാസീ ഖലീഫയായിരുന്ന അല്‍ മുഖ്തദിര്‍ ബില്ലാഹ് വൈദ്യ ശാസ്ത്രജ്ഞനായിരുന്ന സിനാനുബ്‌നു സാബിത്തിനോട് രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും പരീക്ഷ നടത്താനും അര്‍ഹരായവര്‍ക്ക് മാത്രം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താനും കല്‍പ്പിക്കുകയുണ്ടായി.
ഹുനൈനുബ്‌നു ഇസ്ഹാഖ് രചിച്ച 'അശ്‌റുമഖാലത്ത് ഫില്‍ ഐന്‍' എന്ന ഗ്രന്ഥം നേത്ര ചികിത്സാരംഗത്ത് പുത്തന്‍ ചുവടു വെപ്പായിരുന്നു. അലിയ്യുബ്നു ഈസാ എന്ന കണ്ണുരോഗ വിദഗ്ദന്റെ സംഭാവന ഇന്നും വൈദ്യ ശാസ്ത്ര രംഗത്ത് സ്മരിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ 'തദ്കിറത്തുല്‍ കുഹാലീന്‍' എന്ന കൃതി പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു.
അതുപോലെ തന്നെ പത്താം നൂറ്റാണ്ടുകാരനായ അലിയ്യുബ്‌നു അബ്ബാസ് രചിച്ച 'കാമിലുസ്സിനാഅ'യും ഇബ്‌നു മാസവൈഹിയുടെ 'ജാമിഉത്തിബ്ബും''തര്‍ക്കീബുത്വബാഖത്തില്‍ ഐനും' വൈദ്യ ശാസ്ത്ര രംഗത്തെ കുതിച്ചുചാട്ടങ്ങള്‍ക്ക് ശില പാകുകയുണ്ടായി.
മുസ്്‌ലിം വൈദ്യ ശാസ്ത്ര രംഗത്തെ അദ്വീതീയനായ വ്യക്തിത്വമാണ് ഇമാം റാസി. ഇദ്ദേഹത്തിന്റെ കാല്‍ചുവട്ടില്‍ നിന്നുമാണ് യൂറോപ്പ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികയില്‍ നിന്നും വൈദ്യ ശാസ്ത്രത്തിലും മറ്റിതര വിഷയങ്ങളിലുമായി 237 കൃതികള്‍ ജന്മം കൊണ്ടിട്ടുണ്ട്. മുപ്പതോളം വാള്യങ്ങളിലായി മഹാന്‍ രചിച്ച 'അല്‍ഹാവി' എന്ന വൈദ്യ ശാസ്ത്ര ഗ്രന്ഥം ഏറെ പ്രധാനപ്പെട്ട കൃതിയാണ്. 1486-ല്‍ ലാറ്റിന്‍ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്ത ഈ ഗ്രന്ഥത്തില്‍ രോഗ ചികിത്സ, ആരോഗ്യ സംരക്ഷണം, മുറിവ്, പ്ലാസ്റ്റര്‍, മരുന്ന്, ഭക്ഷണം, സംയുക്ത മരുന്നുകള്‍, മരുന്നു നിര്‍മ്മാണം, ശസ്ത്രക്രിയ തുടങ്ങിയവയെ കുറിച്ചെല്ലാം പ്രതിപാതിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പാഠ്യ വിഷയമായിരുന്ന 'അല്‍മന്‍സൂര്‍' എന്ന പത്ത് ഭാഗങ്ങള്‍ വരുന്ന ഗ്രന്ഥവും മഹാന്റെ സംഭാവനയാണ്. വസൂരിയെ കുറിച്ചും മ
അഞ്ചാം പനിയെ കുറിച്ചും പ്രതിപാതിക്കുന്ന ഇമാം റാസിയുടെ കൃതി ലാറ്റിന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ തരം രോഗങ്ങളെ കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും അതിനുള്ള ചികിത്സാ മുറകളെ സംബന്ധിച്ചും പറയുന്ന 'ത്വിബ്ബുല്‍ ഫുഖറാഅ്' എന്ന ഗ്രന്ഥവും മഹാന്റെ സംഭാവനയാണ്.
വൈദ്യ ശാസ്ത്ര രംഗത്ത് പ്രോജ്വലിച്ചു നിന്ന മറ്റൊരു വിഷാദരനാണ് ഇബ്‌നു സീന. അബൂ അലിയ്യുല്‍ ഹസന്‍ എന്നാണ് മഹാന്റെ യഥാര്‍ത്ഥ നാമം. കേവലം വൈദ്യ ശാസ്ത്ര രംഗത്ത് മാത്രമായിരുന്നില്ല മഹാന്റെ ഇടപെടല്‍. മറിച്ച് അന്ന് നിലവിലുണ്ടായിരുന്ന സകല വൈജ്ഞാനിക മേഖലകളിലും എന്നും സ്മരിക്കപ്പെടുന്ന കയ്യൊപ്പുകള്‍ ചാര്‍ത്താന്‍ ഇബ്‌നു സീനക്ക് സാധിച്ചു. അദ്ദേഹത്തിന്റെ 'അല്‍ ഖാനൂനുഫിത്തിബ്ബി'ന് മുമ്പില്‍ യൂറോപ്പ് നമ്രശിരസ്‌കരാവുകയാണ് ചെയ്തത്. അടുത്ത കാലം വരെ പാശ്ചാത്യ ലോകത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍ പാഠ്യ വിഷയമായിരുന്നു. പ്രമുഖ പാശ്ചാത്യ പണ്ഡിതനായ ഡോക്ടര്‍ ഓസ്ലര്‍ ഇബ്‌നു സീനയുടെ ഈ മാസ്റ്റര്‍ പീസ് കൃതിയെ കുറിച്ച് പറഞ്ഞത് കാലങ്ങളോളം ആധികാരികമായി നിലനിന്ന മെഡിക്കല്‍ ബൈബിള്‍ എന്നാണ്. കിതാബുല്‍ അഗ്തിയത്തില്‍ അദ്‌വിയ്യ, അദ്ദുസതൂറുത്ത്വിബ്ബീ, അല്‍ ഇഖ്‌റുബാദുയ്ന്‍, ഹിഫ്‌ളുസ്സിഹ, അദ്‌വിയതുല്‍ ഖല്‍ബ് എന്നിവയാണ് മഹാന്റെ മറ്റു വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍.
വൈദ്യ ശാസ്ത്രത്തെ പോലെ മുസ്‌ലിംകള്‍ അടിസ്ഥാനമിടുകയും വിജയക്കൊടി നാട്ടുകയും ചെയ്ത മേഖലയാണ് രസതന്ത്രം. മുസ്ലിംകൾ ഈ രംഗത്ത് സാന്നിധ്യം അറിയിക്കുന്ന കാലത്ത് യൂറോപ്പ് പോലും ഇക്കാര്യത്തിൽ അജ്ഞതയുടെ ഇരുട്ടിലായിരുന്നു. ജാബിറുബ്‌നു ഹയ്യാനാണ് ഈ രംഗത്തെ ഏറ്റവും പ്രമുഖനായ മുസ്ലിം രസതന്ത്ര ശാസ്ത്രജ്ഞന്‍. താഴ്ന്ന ലോഹ പദാര്‍ത്ഥങ്ങളെ ഉയര്‍ന്നതാക്കി മാറ്റാനായിരുന്നു അദ്ദേഹം രസതന്ത്രം ആദ്യമായി ഉപയോഗപ്പെടുത്തിയത്. ഇതു പക്ഷെ വിജയിച്ചില്ല. ഉത്തരം പരാജയങ്ങൾ പക്ഷേ ശാസ്ത്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം അനുകൂലമാണ്. ഉദ്ദേശിച്ച ലക്ഷ്യം നേടിയില്ലെങ്കിലും അതിനിടയിൽ മറ്റുപല കാര്യങ്ങളും കണ്ടെത്തുവാൻ ഇവ ഒരു വഴിയായി മാറുന്നു. പദാര്‍ത്ഥങ്ങളിലടങ്ങിയ ഘടകങ്ങള്‍ വേര്‍ത്തിരിക്കാന്‍ ഇത് സഹായകമായി. സോഡിയം കാര്‍ബണേറ്റ്, നൈട്രിക് ആസിഡ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവ ഉപയോഗപ്പെടുത്തി വസ്തുക്കളെ ഉരുക്കുകയും പൊട്ടാസ്യം കാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയവ ഉപയോഗിച്ച് കെമിക്കല്‍ മിശ്രിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു മഹാൻ. കിതാബുറഹ്മാന്‍, അസ്സബാഖുശര്‍ബി, കിതാബുത്തജസ്സി തുടങ്ങിയവ ജാബിറുബ്‌നുഹയ്യാന്റെ പ്രധാന രചനകളാണ്. പല രാസ പദാര്‍ത്ഥങ്ങളും അദ്ദേഹം തന്റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. നിഗൂഢതകള്‍ നിറഞ്ഞിരുന്ന പശ്ചാത്യ ലോകത്തെ രസതന്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സ്ഫുടം ചെയ്ത് കൊടുത്തത് മുസ്‌ലിംകളായിരുന്നു. മുഹമ്മദുല്‍ ഹാസിബ്, റാസി, ഇബ്‌നു സീന തുടങ്ങിയവരും ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്.
ജന്തു ശാസ്ത്രം, സസ്യ ശാസ്ത്രം എന്നീ ശാഖകളിലും മുസ്‌ലിംകളുടെ സാന്നിധ്യം മദ്ധ്യകാല യുഗത്തിനു മുമ്പെ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദുല്‍ ശാഫിഖിയുടെ 'അല്‍ അദ്‌വിയ്യത്തുല്‍ മുഫ്‌റദും' ഇബ്‌നു സീനയുടെ 'കിതാബുശിഫാ'യും ഇബ്‌നുല്‍ അവ്വാമിന്റെ 'അല്‍ഫലാഹും' അബ്ദുല്ലാ അഹ്മദുബ്‌നു ബൈത്താറിന്റെ 'അല്‍ മുഗ്‌നി ഫീ അദ്‌വിയ്യത്തില്‍ മുഫ്‌റദും' ഇബ്‌നു ഹബ്ശിയ്യയുടെ 'ഹിലാഹത്തുന്നബാത്തിയ്യ'യും സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം എന്നീ മേഖലകളില്‍ അതുല്ല്യമായ സംഭാവനകള്‍ അര്‍പ്പിച്ച കൃതികളാണ്. ഈ രംഗത്ത് ആധുനിക ശാസ്ത്രം ഇന്ന് അടിസ്ഥാനമായി സ്വീകരിക്കുന്ന പല സിദ്ധാന്തങ്ങളുടെയും പ്രപിതാക്കള്‍ മുസ്ലിംകളും അവരുടെ ഗ്രന്ഥങ്ങളുമായിരുന്നുവെന്ന് സുതരാം വ്യക്തമാണ്. അല്‍ഖവാരിസ്മി, സാബിത്തുബ്‌നുഖുറ, ഉമയ്യുബ്‌നു അബിസ്സ്വല്‍ത്തത് തുടങ്ങിയവര്‍ ഈ മേഖലയെ പ്രശോഭിപ്പിച്ചവരാണ്. അടിസ്ഥാന അക്കങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നത് മുസ്‌ലിംകളാണെന്നത് പശ്ചാത്യലോകം തന്നെ അംഗീകരിക്കുന്ന യാഥാര്‍ത്ഥമാണ്. ഖലീഫ മന്‍സൂറിന്റെ കാലഘട്ടത്തില്‍ ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞന്‍ സമര്‍പ്പിച്ച 'സിദ്ധാന്ത' എന്ന ഗ്രന്ഥത്തിലൂടെയാണ് അറബികള്‍ കുതിച്ച്ചാട്ടം നടത്തിയത് എന്നാണ് ചരിത്രം. ഖവാരിസ്മിയുടെ 'അല്‍ ജബറ് വല്‍ മുഖാബില' എന്ന കൃതി പശ്ചാത്യലോകത്ത് വലിയ സ്വാധീനമാണ് ചെലുത്തിയത്. 'അള്‍ജിബ്ര'യെന്ന പദം യൂറോപ്പിനനുഭവിക്കാനായത് ഈ കൃതിയിലൂടെയാണ്.
ഗോളശാസ്ത്ര രംഗത്തെ മുസ്ലിംകളുടെ ഇടപെടലുകള്‍ അത്ഭുതാവാഹകമാണ്. വിശുദ്ധ ഖുര്‍ആനിലെ ഇതു സംബന്ധിയായ നിരവധി ആയത്തുകള്‍ അവര്‍ക്ക് പ്രചോദനമേകുകയുണ്ടായി. ആരാധനാ കാര്യങ്ങളധികവും സമയം, കാലം, ദിക്ക്, ദിശ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാകയാൽ പ്രപഞ്ചത്തിന്റെ ഘടന, ചലനങ്ങൾ, ഭ്രമണങ്ങൾ എന്നിവ അവർക്ക് ഏറെ പ്രധാനമാണ്. അബ്ബാസീ ഖലീഫ മഅ്മൂന്റെ കാലത്ത് തന്നെ നിരവധി വാന നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നതായി ചരിത്രങ്ങളിൽ കാണാം. ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ ഇതിന് വേണ്ടി പ്രത്യേക ആളുകളെ തന്നെ ചുമതലപ്പെടുത്തുകയുണ്ടായി. അബുല്‍ അബ്ബാസ് മുബമ്മദുബ്‌നു ഖാദര്‍ അല്‍ ഫര്‍ഗാനിയുടെ നേതൃത്വത്തിലാണ് വാനനിരീക്ഷണം നടത്തിയിരുന്നത്. അദ്ധേഹത്തിന്റെ 'ഹറക്കാത്തുസ്സമാവിയ്യ വ ജാമിഉ ഇല്‍മിന്നുജൂം' എന്ന കൃതി ഈ രംഗത്ത് വലിയ സംഭാവനയാണര്‍പ്പിച്ചത്. ഈ മേഖലയില്‍ മുസ്ലിംകള്‍ അര്‍പ്പിച്ച ഏറ്റവും വലിയ സംഭാവനയാണ് ആസ്‌ട്രോലാബുകള്‍. ഗൃഹങ്ങളുടെ കൃത്യമായ നിലകൾ അറിയുവാൻ രൂപകൽപ്പന ചെയ്ത ഒരു തരം ഉപകരണമാണിത്. വലിയ ഇസ്ലാമിക പാഠശാലകളിൽ ഇപ്പോഴും ഇതു പ്രയോഗിച്ചു വരുന്നുണ്ട്. സാമൂഹ്യ ശാസ്ത്രത്തിന്റെ വിവിധ ശാഖകളിലേക്ക് പകരുമ്പോൾ അവിടെ ഇബ്‌നുഖല്‍ദൂനെ പോലുള്ള സോഷ്യോളജിസ്റ്റുകളെ ഇസ്ലാമിക നാഗരികതയുടെ സംഭാവനകളായി കാണാം. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ലോക ചരിത്രത്തിന്റെ വികാസത്തില്‍ ചെലുത്തിയ സ്വാധീനം അദ്വീതീയമാണ്.
ഒരു ഭാഗത്ത് ഈ ബൗദ്ധിക ശാസ്ത്രങ്ങൾ വളർച്ച തേടുമ്പോൾ മറുഭാഗത്ത് ഇസ്ലാമികരാജ്യം അതിരുകൾ അകറ്റി വികാസം പ്രാപിക്കുന്നുണ്ടായിരുന്നു. ഇസ്ലാം ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരാന്‍ തുടങ്ങിയതോടെ വിവിധ വിജ്ഞാനീയങ്ങളും പുഷ്ടിപ്പെടാന്‍ തുടങ്ങി. ധൈഷണിക വ്യാപാരത്തിന്റെ കേന്ദ്രങ്ങളായി പുതിയ മേഖലകള്‍ ഇസ്ലാമിക നാഗരികതയിലേക്ക് രംഗപ്രവേശം ചെയ്തു. അതിന്റെ കൃത്യമായ ഉദാഹരണമാണ് മുസ്ലിം സ്‌പെയ്‌ൻ. കോര്‍ദോവയും ഗ്രാനഡയും ടോളിഡോയും മുസ്ലിം വിജ്ഞാനീയങ്ങളുടെ ലോകത്തേക്ക് തുറന്നു വെച്ച വാതിലുകളായി മാറി. ബഗ്ദാദിനെ പോലും വെല്ലുന്ന രീതിയില്‍ പ്രഭ പരത്തിയിരുന്ന നഗരമായിരുന്നു കോര്‍ദോവയെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തന്റെ 'ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി'യില്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ, വേദകരമെന്നു പറയട്ടെ, അതേ സ്പെയിൻ തന്നെ ഇസ്ലാമിക ബൗദ്ധിക വ്യവഹാരങ്ങളുടെ ശവപ്പറമ്പുമായി മാറി. ഭരണാധികാരികൾ അധികാരത്തിന്റെ മത്ത് തലക്കുപിടിച്ച് തമ്മിൽ തല്ലാൻ തുടങ്ങിയതോടെ എല്ലാ പ്രതാപവും കെട്ടടങ്ങി. അഹ്മദ് ശൗഖി വിലപിക്കുന്നതു പോലെ ഓരോ കുടുംബത്തിലും ഓരോ സിംഹാസനവും ഓരോ അമീറുൽ മുഅ്മിനീനും എന്നതായിരുന്നു അവസ്ഥ. സ്‌പെയ്‌നിന്റെ തകര്‍ച്ചയോടെ മുസ്‌ലിംകളുടെ വൈജ്ഞാനിക സ്ഥാനം പശ്ചാത്യര്‍ കയ്യടക്കുകയായിരുന്നു. അതോടെ മുസ്ലിംകളുടെ ശോഭനമായ അന്തരീക്ഷത്തിന് മങ്ങലേല്‍ക്കുകയുണ്ടായി. അറബികള്‍ രചിച്ച ശാസ്ത്രകൃതികള്‍ പശ്ചാത്യര്‍ അവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തുകയും മുസ്ലിംകളുടെ പങ്ക് തിരസ്‌കരിക്കുകയും എല്ലാത്തിന്റെയും പിതൃത്വം അവര്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന വിരോധാഭാസകരമായ രംഗങ്ങള്‍ക്കാണ് പിന്നീട് ചരിത്രം സാക്ഷിയായത്. അതേ സമയത്ത് സ്പെയിനിന് പുറത്താണെങ്കിൽ രൂക്ഷമായ അധികാര തർക്കങ്ങളും കലാപങ്ങളും നടക്കുകയുമായിരുന്നു. അവിടെ അറിവിനെയും പണ്ഡിതരെയും പരിഗണിക്കപ്പെട്ടതേയില്ല. സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും പേരിൽ സ്വാലിഹുകളായ ജ്ഞാനികൾ വല്ലതും എതിരു പറഞ്ഞാൽ അവരെ വേട്ടയാടുക പതിവായിരുന്നു. അതിനാലെല്ലാം ഇസ്ലാമിന്റെയും മുസ്ലിംകളുടെയും വൈജ്ഞാനിക കോയ്മ നഷ്ടപ്പെട്ടു.
ഇത്രയും പറഞ്ഞത് ഭൗതികം എന്നോ ബൗദ്ധികം എന്നോ വ്യവഹരിക്കാവുന്ന വിജ്ഞാനീയങ്ങളെ കുറിച്ചാണ്. അതേ സമയം മതബന്ധിയായ വൈജ്ഞാനിക ശാഖകളുടെ കാര്യം അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അവ സമുദായത്തോടൊപ്പം ചുവടുവെച്ച് വളർന്നു വന്നതാണ് അനുഭവം. ഓരോ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതനുസരിച്ച് ഈ ഇൽമുകൾ വളർന്നുവന്നു. ഇവയിൽ ആദ്യം ഉണ്ടായത് ഖുർആൻ പാരായണ ശാസ്ത്രവും അറബി ഭാഷാശാസ്ത്രവുമാണ്. ഇസ്ലാം വിവിധ അനറബി പ്രദേശങ്ങൾ കീഴടക്കിയതോടെ അവിടങ്ങളിൽ മതത്തിന്റെ അടിസ്ഥാനപ്രമാണമായ വിശുദ്ധ ഖുർആൻ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകത പ്രകടമായി. പ്രത്യേകിച്ചും നിർബന്ധമായ നിസ്കാരത്തിന് ഇത് അനിവാര്യമായതിനാൽ. ആയതിനാൽ ആദ്യത്തിൽ സാധാരണക്കാരെ അത് പഠിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. എന്നാൽ ആ വിഷയത്തിൽ തുടക്കത്തിൽ ഗ്രന്ഥങ്ങളെ ആശ്രയിക്കുമായിരുന്നില്ല. അനുകരണത്തിലൂടെയാണ് പാരായണം പഠിപ്പിക്കപ്പെട്ടിരുന്നത്. ഖലീലുബ്നു അഹ്മദ് അല്‍ഫറാഹിദി (മരണം ഹിജ്‌റ 175) യാണ് ആദ്യമായി തജ്‌വീദ് നിയമങ്ങള്‍ രേഖപ്പെടുത്തിയത്. അബൂ ഉബൈദ് ഖാസിം ഇബ്നു സല്ലാം (മരണം ഹിജ്‌റ 224) എന്ന പണ്ഡിതനാണ് ‘കിതാബുല്‍ ഖുര്‍ആന്‍’ എന്ന പേരില്‍ ആദ്യമായി ഇവ്വിഷയകമായി ഗ്രന്ഥരചന നടത്തിയത്. അറബി ഭാഷ ശാസ്ത്ര രചനകളും ഇത്തരം പശ്ചാത്തലത്തിൽ തന്നെയാണ് ഉണ്ടായിത്തുടങ്ങിയത്. അനറബികളുമായി നടക്കുന്ന ഔദ്യോഗികമോ അല്ലാത്തതോ ആയ വ്യവഹാരങ്ങളിൽ തെറ്റുകളും പിശകുകളും വരാൻ തുടങ്ങിയതോടെയാണ് അറബി ഭാഷാ ശാസ്ത്രം അനിവാര്യമായത്. അലി(റ), അബുൽ ഹസൻ ദുഅലി തുടങ്ങിയവരുടെ പേരുകളാണ് പൊതുവേ പറയപ്പെടാറുള്ളത്. മധ്യയുഗങ്ങളില്‍ അറബിഭാഷ മുസ്‌ലിം ലോകത്തുമാത്രമല്ല യൂറോപ്പിലും മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്നു. ലത്തീന്‍ പകരം വരുന്നത് വരെ പല യൂറോപ്പ്യന്‍ സര്‍വ്വകലാശാലകളിലും അറബിയായിരുന്നു പഠന മാധ്യമം. തുടക്കം മുതലേ ഇസ്‌ലാമിക സമൂഹം വായനക്ക് പ്രാധാന്യം നല്‍കിയിരുന്നത് വലിയ പ്രചോദനം ചെലുത്തി. യൂറോപ്പില്‍ വായിക്കാനുള്ള ശേഷി പുരോഹിതന്മാര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ അറിവിന് വിലക്കേര്‍പ്പെടുത്തിയില്ല. ഇസ്‌ലാമില്‍ പൗരോഹിത്യമില്ലാത്തതിനാല്‍ ഏവര്‍ക്കും വായിക്കാനും പഠിക്കാനും പറ്റിയ പാഠശാലകള്‍ വ്യാപകമായി. റാഷിദീ ഭരണാധികാരികളുടെ അവസാന ഘട്ടത്തിലും അമവിയുഗത്തിലും സാങ്കേതിക ശാസ്ത്രങ്ങളിൽ ഇങ്ങനെ ചില ശാസ്ത്രങ്ങൾ മാത്രമേ പ്രധാനമായും വികസിച്ചിട്ടുള്ളൂ. അതേ സമയം തഫ്സീർ, ഹദീസ് തുടങ്ങിയ മതശാസ്ത്രങ്ങൾ അമവികളുടെ കാലത്തേ തുടക്കം കുറിച്ചിട്ടുണ്ട്.
എന്നാൽ ഇസ്ലാമിക ചരിത്രത്തിലെ മതപരവും അല്ലാത്തതുമായ അറിവുകളുടെ സുവര്‍ണ കാലമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രത്യൂത, വൈജ്ഞാനിക പ്രസരണത്തിനു കൂടിയായിരുന്നു പ്രാമുഖ്യം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് അതുല്യവും അനിര്‍വചനീയവുമായ സംഭാവനകള്‍ ഇക്കാലത്തുണ്ടായിരുന്നു വെന്നതിന്‍റെ ഉദാഹരണമാണ് ബഗ്ദാദ്. ബഗ്ദാദിന് പുറമെ കൂഫ, ബസ്വറ തുടങ്ങിയ നഗരങ്ങളും അക്കാലഘട്ടത്തിലെ വിശ്രുതമായ വിജ്ഞാന കേന്ദ്രങ്ങളായിരുന്നു. അബ്ബാസിയ കാലഘട്ടത്തില്‍ മതകീയ വിജ്ഞാനങ്ങള്‍ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ഇക്കാലത്തെ മുസ്ലിം പണ്ഡിതന്മാര്‍ അഗ്രേസരന്മാരും പ്രഗത്ഭരുമായത് കൊണ്ട് മതവൈജ്ഞാനിക രംഗത്ത് വലിയ സംഭാവന അവര്‍ നല്‍കിയിട്ടുണ്ട്. തഫ്സീര്‍, ഫിഖ്ഹ്, ഹദീസ് എന്നീ വിജ്ഞാന ശാഖകളിലായിരുന്നു പണ്ഡിതന്മാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അത്കൊണ്ട് തന്നെ ഈ മേഖലയില്‍ ധാരാളം പഠനങ്ങള്‍ നടത്തുകയും അനവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിലെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളായിരുന്നു പിന്‍തലമുറക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത്. മാത്രമല്ല, ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രധാന സ്രോതസ്സുകളായി കണക്കാക്കുന്ന ഗ്രന്ഥങ്ങളധികവും ഈ കാലത്തെ രചനകളായിരുന്നു.
ഫിഖ്ഹിൽ മുസ്ലിം പണ്ഡിതന്മാര്‍ കര്‍മ്മശാസ്ത്ര രംഗത്തെ നിയമങ്ങളെ ക്രോഡീകരിക്കുകയായിരുന്നു ഈ കാലത്ത് ചെയ്തിരുന്നത്. അപ്രകാരം അവര്‍ ക്രോഡീകരിച്ച കര്‍മ്മശാസ്ത്ര സരണികളാണ് മദ്ഹബ് എന്നറിയപ്പെടുന്നത്. വിശ്രുതമായ ഹനഫീ, മാലിക്കി, ശാഫിഈ, ഹമ്പലി എന്നീ നാല് സരണികള്‍ ഇക്കാലഘട്ടത്തിലാണ് ജډമെടുക്കുന്നത്. ഇവയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അനുയായികളുളള ഹനഫീ മദ്ഹബിന്‍റെ ഉപജ്ഞാതാവ് അബൂഹനീഫ(നുഅ്മാനുബ്നു സാബിത്ത്,ഹി.80-150) അബ്ബാസിയ കാലഘട്ടത്തിലെ പണ്ഡിതരിലെ പ്രധാനിയായിരുന്നു. മഹാന് പുറമെ ഹനഫീ മദ്ഹബിന്‍റെ പ്രചാരത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ഹനഫീ ഫിഖ്ഹില്‍ 25ലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത പ്രമുഖ ഹനഫീ പണ്ഡിതനാണ് ഇമാം മുഹമ്മദ്(റ). അദ്ദേഹമാണ് ഹനഫീ മദ്ഹബിന്‍റെ യഥാര്‍ത്ഥ അടിസ്ഥാനത്തെ ജനങ്ങളിലെത്തിച്ചത്. മാത്രമല്ല,ഖാളി അബൂയൂസുഫ്(ഹി. 113-183), ഇമാം മുഹമ്മദ് ബ്നു ഹസന്‍ ശൈബാനി(ഹി. 132-159) എന്നിവരും ഈ മദ്ഹബിന്‍റെ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിച്ച പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു. ഇസ്ലാമിക ലോകത്ത് ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുളളത് ഇമാം ശാഫിഈ(റ)(ഹി. 150-204)ന്‍റെ ശാഫിഈ മദ്ഹബാണ്. ചരിത്രം ചികയുമ്പോള്‍ വളരെ സുസമ്മതനും പാണ്ഡിത്യത്തിന്‍റെ ഔന്നിത്യത്തില്‍ വിരാചിച്ച മഹാ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് കാണാം. അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ കിതാബുല്‍ ഉമ്മ്, അരിസാല പോലുള്ള വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ അബ്ബാസിയ കാലഘട്ടത്തിലെ വിരചിത സംഭാവനകളാണ്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ)(ഹി.164-241) ആണ് ഹമ്പലി മദ്ഹബിന്‍റെ ഉപജ്ഞാതാവ്. ഒരു ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. നാല്‍പ്പതിനായിരം ഹദീസുകളുടെ ബൃഹത്തായ സമാഹരണമായ മുസ്നദ് അദ്ദേഹത്തിന്‍റെ പ്രയത്നമാണ്.
ഹദീസ് വിജ്ഞാന ശാഖയിലും ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കുകയും അനവധി മുഹദ്ദിസുകള്‍ ജൻമമെടുക്കുകയും ചെയ്തിട്ടുണ്ട് ഈ കാലത്ത്. ഇസ്ലമാമിക പ്രമാണങ്ങളിലെ രണ്ടാം സ്രോതസ്സായി ഗണിക്കുന്ന വിശുദ്ധ ഹദീസിലെ പ്രബല ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി അബ്ബാസിയ കാലഘട്ടത്തിലെ സംഭാവനയാണ്. ഹദീസ് വിശാരദനായ ഇമാം ബൂഖാരി(റ)(ഹി,194-256)യാണ് പ്രസുതുത ഗ്രന്ഥത്തിന്‍റെ സമാഹരണം നിര്‍വഹിച്ചിട്ടുളളത്. മുപ്പത് വര്‍ഷത്തെ കഠിനയത്നത്തിലൂടെ ക്രോഡീകരിച്ച, സുബദ്ധമായ ഹദീസുകള്‍ മാത്രമാണ് അദ്ദേഹം തന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുളളത്. ഈ മൂന്ന് സ്വഹീഹുകള്‍ കൂടാതെ ഇമാം അബൂദാവൂദ്(റ)(ഹി.202-75),ന്‍റെ സുനനു അബീദാവൂദും ഇമാം ഇബ്നു മാജ(റ)(ഹി.209-273)ന്‍റെ സുനനു ഇബ്നു മാജയും ഇമാം നസാഈ(റ)(ഹി. 221-303)ന്‍റെ സുനനു നസാഈയും അബ്ബാസിയ കാലത്തെ മറ്റ് വ്യഖ്യാത ഹദീസ് സമാഹരങ്ങളാണ്. മാത്രമല്ല, ഹദീസ് സംശോദനയുടെ ശാസ്ത്രീയ മാനദണ്ഡങ്ങളായി കണക്കാക്കുന്ന ഉസൂലുല്‍ ഹദീസിന്‍റെ ഉത്ഭവവും ഇക്കാലഘട്ടത്തിലായിരുന്നു. അപ്രകാരം തന്നെ ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ വലിയ പണ്ഡിതനും ചരിത്രകാരനുമാണ് ഇമാം ത്വബ്രി(റ). അദ്ദേഹം രചിച്ച വിശുദ്ധ ഖുര്‍ആന്‍റെ ബൃഹത്തായ തഫ്സീര്‍ ഗ്രന്ഥം(തഫ്സീറു ത്വബ്രി) അബ്ബാസിയ കാലഘട്ടത്തിലെ മതവൈജ്ഞാനിക രംഗത്തെ അതുല്യ ഗ്രന്ഥമാണ്. ഇത്തരത്തില്‍ മതവിജ്ഞാനത്തിന്‍റെ പ്രഫുല്ലമായ യുഗമായിരുന്നു അബ്ബാസിയ ഖിലാഫത്ത്.
അടിസ്ഥാനപരമായ ഭാഷാ ശാസ്ത്രം നേരത്തെ നാം പറഞ്ഞതുപോലെ അമ്മ യുഗത്തിൽ തന്നെ രൂപപ്പെട്ടിരുന്നു എങ്കിലും അത് സാഹിത്യത്തോളം വളർന്നതും അബ്ബാസികളുടെ കാലത്താണ്. അറബി ഭാഷയുടെ വികസനത്തിനായി വ്യാകരണം, ഭാഷാ ശാസ്ത്രം (ഇല്‍മുലുഗ), അലങ്കാര ശാസ്ത്രം(ബലാഗ) എന്നീ മേഖലകൾ വികസിപ്പിച്ചത് ഇക്കാലഘട്ടത്തിലാണ്. ഈ വിജ്ഞാന ശാഖകളിലെ വിദഗ്ദരായി ഗണിക്കുന്നത് ഖലീല്‍ നഹവി, അസ്മാഈ, സീബവൈഹി തുടങ്ങിയവരാണ്. ഇവരെ കൂടാതെ വ്യാകരണ പണ്ഡിതരായ കിസാഈ, ഫര്‍റാഅ്, ഇബ്നുസ്വീക്കിത് എന്നിവര്‍ ജീവിച്ചതും ഇക്കാലത്താണ്. പദ്യസാഹിത്യത്തില്‍ വിശ്രുതരായ അനവധി കവികളും ഇക്കാലത്തുണ്ടായിരുന്നു. അബൂതമാം, അബൂ നവാസ്, റഖാശി, അബൂ ദൂലാമ, മുതനബ്ബി, ബൂസ്വീരി, തുടങ്ങിയവരാണ് അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവികളായി ചരിത്രം രേഖപ്പെടുത്തുന്നത്. ഇങ്ങനെയാണ് ഇസ്ലാം വൈജ്ഞാനിക വിസ്ഫോടനം സാധ്യമാക്കിയത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso