Thoughts & Arts
Image

ജൂതരും അവരുടെ ഉള്ളിലിരിപ്പും

19-11-2023

Web Design

15 Comments

വെളളിത്തെളിച്ചം
ടി എച്ച് ദാരിമി



ഇതാണ് സയണിസ്റ്റ് ജൂതരുടെ ഉള്ളിലിരിപ്പ്



ലോകം കണ്ട ഏറ്റവും വലിയ രക്തദാഹികൾ ചെങ്കിസ്ഖാനും ഹിറ്റ്ലറും ഒക്കെയാണ് എന്നത് പാഠപുസ്തകങ്ങളിലെ പ്രസ്താവന മാത്രമായി മാറിയിരിക്കുന്നു. അവരെല്ലാം മനുഷ്യ സഹജീവികളോട് തുല്യതയില്ലാത്ത ക്രൂരതകൾ കാണിച്ചത് അവഗണിക്കാനാവാത്ത അനുഭവചരിത്രം തന്നെയാണ്. പക്ഷേ, അവരൊക്കെയും തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് വേണ്ടി മുന്നേറുമ്പോൾ ചില ധാർമികതകൾ പാലിക്കുമായിരുന്നു എന്നത് സമ്മതിച്ചു കൊടുക്കാതെ വയ്യ. നിരായുധരെയോ പ്രതിരോധിക്കാൻ കഴിയാത്ത അശ്രദ്ധരെയോ അശക്തരെയോ അവർ നിരന്തരമായി ഉന്നം വെക്കുമായിരുന്നില്ല. എല്ലാം ചവിട്ടിമെതിച്ച് കടന്നു പോകുമ്പോൾ അറിയാതെയോ മറ്റോ മേൽപ്പറഞ്ഞ നിരപരാധർ ദുരന്തങ്ങൾ അനുഭവിക്കുമായിരുന്നു എന്നത് സത്യമാകാമെങ്കിലും. ഇവിടെ ജൂത സയണിസ്റ്റുകൾ പക്ഷേ അവരെയൊക്കെ കടത്തിവെട്ടുകയാണ്. തങ്ങൾക്കെതിരെ കാഞ്ചി വലിച്ചവരെ ലക്ഷ്യമിടുന്നതിനേക്കാൾ അവർ തങ്ങളുടെ തോക്കിൻ കുഴലുകൾ തിരിച്ചു പിടിച്ചിരിക്കുന്നത് കൊച്ചുകുഞ്ഞുങ്ങളിലേക്കും ആശുപത്രികളിലേക്കും അഭയാർത്ഥി ക്യാമ്പുകളിലേക്കും മാത്രമാണ്. ഇങ്ങനെ ഒരു യുദ്ധം ലോകത്തിന്റെ ചരിത്രത്തിൽ ഇതു മാത്രമാണ് എന്ന് പറയുന്നതിൽ ഒരു ഭയവും കരുതേണ്ടതില്ല. കാരണം വസ്തുത അതാണ്. നിരപരാധരെ ഇങ്ങനെ ക്രൂരമായി വേട്ടയാടുന്ന അനുഭവം ലോകത്ത് ഇതു മാത്രമേ ഉള്ളൂ. തികച്ചും വേറിട്ട ഈ കാഴ്ച നിരന്തരമായി കാണുമ്പോൾ സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്ന ആരും സ്വാഭാവികമായും ചോദിച്ചു പോകും, സത്യത്തിൽ ഇവരുടെ യഥാർത്ഥ ലക്ഷ്യം എന്താണ് എന്ന്. ഹമാസ് തുടങ്ങിവെച്ച ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് ഇത് എന്ന് പറഞ്ഞാൽ അതാരും സമ്മതിച്ചു തരില്ല. തങ്ങളുടെ ബന്ദികളെ തിരിച്ചുപിടിക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് എന്ന് പറഞ്ഞാലും ആരും സമ്മതിച്ചു തരില്ല കാരണം അത്തരം ന്യായങ്ങളുടെ പരിധികളിൽ നിന്നെല്ലാം ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു ജൂദായിസത്തിന്റെ ഈ നരനായാട്ട്.



മാത്രമല്ല ഇത് കഴിഞ്ഞ ഏഴിന് തുടങ്ങിയതൊന്നുമല്ലല്ലോ. 1948 ൽ സ്വന്തം മണ്ണില്ലാതെ ഉഴലുകയും അലയുകയും ചെയ്തിരുന്ന ഇവരെ അന്താരാഷ്ട്ര സാമ്രാജ്യത്വ കപടന്മാർ അറബികളുടെ തലയിൽ കെട്ടി വെച്ചതു മുതൽ തുടങ്ങിയതാണ് ഈ ന്യായീകരിക്കാൻ കഴിയാത്ത അതിക്രമങ്ങൾ. അപ്പോൾ പിന്നെ ഇത്രയും വലിയ വൈരാഗ്യത്തിനും വിരോധത്തിനും മറ്റെന്തെങ്കിലും ഒക്കെ കാരണമുണ്ടാകും എന്നത് ഉറപ്പാണ്. അല്ലെങ്കിൽ ഇത് തീരേണ്ടതായിരുന്നുവല്ലോ. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ വരെ തീർന്നിട്ടുള്ളതാണ്. തീരാത്ത ഒരു യുദ്ധമാണ് ഇവരുടേത് എന്ന് വരുമ്പോൾ അതിന്റെ പിന്നാമ്പുറം നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതു പഠിക്കുമ്പോൾ ആദ്യം നാം തിരിച്ചറിയുക ഇത് കേവല രാഷ്ട്രീയ പ്രശ്നമല്ല എന്നതാണ്. മതം കലർന്ന, അല്ലെങ്കിൽ മതത്തിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രശ്നമാണ് ഇത്. ഈ കൊടും ക്രൂരതകൾക്ക് അവരെ പ്രേരിപ്പിക്കുന്നത് മൂന്ന് വിശ്വാസങ്ങളാണ്. അവയിൽ ഒന്നാമത്തേത്, ഈ പ്രദേശം ദൈവം തങ്ങൾക്ക് വാഗ്ദത്തം ചെയ്ത തങ്ങളുടെ വാഗ്ദത്ത ഭൂമിയാണ് എന്നതാണ്. അതിനാൽ അവിടെ നിന്ന് തങ്ങളല്ലാത്ത മറ്റുള്ള എല്ലാവരെയും പടിയിറക്കേണ്ടത് തങ്ങളുടെ മതപരമായ ലക്ഷ്യവും ഉത്തരവാദിത്വവുമാണ് എന്നവർ വിശ്വസിക്കുന്നു. അതിനാൽ അവർക്ക് അതിൽ വിട്ടുവീഴ്ച സാധ്യമല്ല. അതാകട്ടെ പലസ്തീനിൽ മാത്രമൊതുങ്ങുന്നില്ല. ഇവിടെ തുടങ്ങി മക്കയും മദീനയും അടക്കം ഇറാക്കും ഷാമും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ജൂതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇത് തികച്ചും ബാലിശവും തെറ്റുമായ ഒരു വാദമാണ്. ഇസ്രയേൽ സന്തതികളെ അല്ലാഹു തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചു എന്നത് ശരിയാണ്. ഇത് വിശുദ്ധ ഖുർആനും ശരിവെക്കുന്നുണ്ട്. കാരണം ഇസ്രയേൽ എന്നത് യഅ്ക്കൂബ് നബിയുടെ മറ്റൊരു പേരാണ്. യൂസഫ് നബി ഈജിപ്തിൽ എത്തിപ്പെടുകയും അവിടെ ഭരണാധികാരിയായി മാറുകയും ചെയ്ത ചരിത്രം വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്. അദ്ദേഹം അവിടെ രാജാവായതോടെ തന്റെ പിതാവിനെയും സഹോദരങ്ങളേയും അവരുടെ നാടായ കൻആനിൽ നിന്നും ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ചരിത്രം.



യൂസഫ് നബിയുടെ കാലശേഷം അദ്ദേഹത്തിന്റെ സന്തതി പരമ്പരയാണ് ഈജിപ്ത് ഭരിച്ചിരുന്നത്. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക-നാഗരിക-സാമ്പത്തിക ശക്തിയായിരുന്ന ഈജിപ്തിന്റെ അധികാരം യഅ്ക്കൂബ് നബിയുടെ മക്കളായ ഇസ്രായേൽ സന്തതികളെ ആ കാലഘട്ടത്തിന്റെ അധിപന്മാരാക്കി മാറ്റി. പക്ഷേ കാലക്രമത്തിൽ അവരിൽ അഹങ്കാരികളും ഭരണ ഗുണമില്ലാത്തവരുമായ പലരും അധികാരം വാണു. അപ്പോൾ തദ്ദേശീയരായ ഖിബ്ത്വികൾ പ്രതികരിക്കുകയും ഭരണകൂടത്തിനെതിരെ രംഗത്തുവരികയും ചെയ്തു. അതിൽ തദ്ദേശീയർ വിജയിക്കുകയും അധികാരം അവരുടെ കരങ്ങളിൽ എത്തിപ്പെടുകയും ചെയ്തു. ഏതാണ്ട് നാല് തലമുറകളുടെ കാലമായിരുന്നു ഇസ്രയേൽ സന്തതികളുടെ ഈജിപ്ത് ഭരണകാലം എന്ന് ചരിത്രങ്ങൾ അനുമാനിക്കുന്നുണ്ട്. അവരിൽ നിന്നുള്ള ഭരണാധികാരികളാണ് ഫറോവമാർ എന്ന് അറിയപ്പെടുന്നത്. ഫറോവമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് ഇസ്രയേൽ സന്തതികളോടുള്ള പ്രതികാരത്തിലായിരുന്നു. അതിനാൽ അവരുടെ അധികാരം ഇസ്രയേൽ സന്തതികളെ അടിമകളാക്കി മാറ്റി. കൂലി ഇല്ലാതെ തൊഴിൽ ചെയ്യുവാനും അവകാശ അധികാരങ്ങൾ ഇല്ലാതെ പുറത്തുവന്നു പുറത്തുനിന്നു വന്നവരായി മുദ്ര അടിക്കപ്പെടാനും ഇതുവഴി വച്ചു. ജീവിതത്തിലെ ഏറ്റവും വലിയ യാതനകൾക്ക് അവർ വിധേയരായപ്പോൾ അവരുടെ പ്രാർത്ഥന അള്ളാഹു കേൾക്കുകയും അവരെ മോചിപ്പിക്കാൻ മൂസാ നബിയെ നിയോഗിക്കുകയും ചെയ്തു. മൂസാ നബി അവരുമായി നൈലും ചെങ്കടലും കടന്ന് നാട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ അല്ലാഹു മൂസാനബിക്ക് നൽകിയ ദൗത്യത്തെയാണ് അവർ ദൈവത്തിന്റെ വാഗ്ദത്തമായി എടുത്തു കാണിക്കുന്നത്. വാഗ്ദത്ത ഭൂമിയിലേക്ക് അവരെ മൂസാ നബി കൊണ്ടുവരാൻ ശ്രമിച്ചതായിരുന്നു. പക്ഷേ സീനാ മരുഭൂമിയിൽ വെച്ച് അവർ ദൈവനിന്ദ കാണിക്കുകയും മൂസാനബിയെ ധിക്കരിക്കുകയും ചെയ്തു. അതിനുള്ള ശിക്ഷ എന്നോണം അവരെ അല്ലാഹു ആ മരുഭൂമിയിൽ ഇട്ട് വട്ടം കറക്കി. അതിനാൽ ഹാറൂൺ നബിയുടെ കാലത്തും മൂസാ നബിയുടെ കാലത്തും അവർക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമിയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. പിന്നെ അവരെ ഒരു വിധത്തിൽ തങ്ങളുടെ നാട്ടിൽ എത്തിച്ചതും കുടിയിരുത്തിയതും യൂശഅ് ബിൻ നൂൻ എന്ന പ്രവാചകനാണ്. ഇതോടുകൂടി സത്യത്തിൽ അല്ലാഹു അവർക്ക് നൽകിയ വാഗ്ദത്വം പാലിക്കപ്പെട്ടത് തന്നെയാണ്. അതോടെ ആ വിഷയം സത്യത്തിൽ തീരേണ്ടതാണ്. പക്ഷേ അത് അവിടെ തീരുന്നില്ല എന്നു മാത്രമല്ല അവർ അതിൽ തൃപ്തിപ്പെടുന്നുമില്ല. അവർ പറയുന്നത് സർവ്വാധികാരങ്ങളോടു കൂടെയുമുള്ള ഒരു കുടിയിരുത്തലാണ് തങ്ങൾക്ക് നൽകിയ വാഗ്ദത്തം എന്നാണ്.



ഇനി ഒരു വാദത്തിനു വേണ്ടി അത് സമ്മതിച്ചു കൊടുക്കാം എങ്കിലും അവർ പിന്നെയും മുരണ്ടു നിൽക്കുകയാണ്. അതും പോരാത്തതുപോലെയാണ് അവരുടെ നിൽപ്പ്. കാരണം നിങ്ങളെ നാം അധികാരികൾ ആക്കാം എന്ന ആ വാഗ്ദത്വവും നേരത്തെ പാലിക്കപ്പെട്ടിട്ടുണ്ട്. ബി സി 900ത്തിൽ ദാവൂദ് നബിയും പിന്നീട് സുലൈമാൻ നബിയും എൺപതോളം വർഷങ്ങൾ ഭരണം നടത്തിയ ആ ഭരണമായിരുന്നു അവരുടെ വാഗ്ദത്ത അധികാരം. അത് അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ബലക്ഷയം കാരണമാണ്. അവരുടെ പോരായ്മ കാരണം നഷ്ടപ്പെട്ടതിന് ലോകത്തോട് മുഴുവനും പ്രതികാരം ചെയ്യുന്നത് ബുദ്ധി ഹീനതയാണ്. രണ്ടാമത്തെ അവരുടെ ലക്ഷ്യം ബൈത്തുൽ മുഖദ്ദസ് നിലനിൽക്കുന്ന സ്ഥലത്ത് ഹൈക്കൽ സുലൈമാൻ എന്ന സോളമൻ ക്ഷേത്രം സ്ഥാപിക്കുക എന്നതാണ്. ഇപ്പോള്‍ നിലവില്‍ ഡോം ഓഫ് റോക്ക്, അഖ്‌സ്വാ പള്ളി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ടെമ്പിൾ മൗണ്ട് എന്ന മേഖലയാണ് അതിന്റെ നിര്‍ദ്ദിഷ്ട സ്ഥലം. അവ തകര്‍ത്ത് മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ.



ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവൂദ് നബിയുടെ ആദ്യ നടപടി ജറൂസലം കീഴടക്കി തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഏകദേശം ബി സി 1004 -ൽ അതു സാധ്യമായതോടുകൂടെ അദ്ദേഹം തന്റെ കൈവശമുള്ള താബൂത്ത് സൂക്ഷിക്കുവാൻ ഒരു ആരാധനാലയം പണിയുവാൻ തീരുമാനിക്കുകയുണ്ടായി. പക്ഷേ, അതിന് ദൈവാനുവാദം ലഭിച്ചില്ല. എന്നാൽ സുലൈമാൻ നബിക്ക് അതിനുള്ള അനുവാദം നൽകുകയും അദ്ദേഹം അങ്ങനെ ഒരു ആരാധനാലയം സ്ഥാപിക്കുകയും ചെയ്തു എന്നാണ് ബൈബിൾ അധിഷ്ഠിത പഠനങ്ങൾ പറയുന്നത്. ജറൂസലമിലെ മോറിയ പർവ്വതത്തിലായിരുന്നു അതിന്റെ സ്ഥാനം എന്നും ആ പഠനങ്ങളിൽ ഉണ്ട്.
ബി സി പത്താം നൂറ്റാണ്ടിൽ ഏഴു വർഷത്തിനുള്ളിൽ ആണ് ഈ ആദ്യത്തെ ആരാധനാലയം നിർമ്മിച്ചത് എന്നാണ്. പുരാതന യഹൂദമതത്തിന്റെ കേന്ദ്രമായിരുന്നു ഇത്. ഈ ആരാധനാലയം ബി സി 586 -ൽ ബാബിലോണിയക്കാർ നശിപ്പിക്കുകയും എഴുപത് വർഷങ്ങൾക്ക് ശേഷം പുനർനിർമിക്കുകയും ചെയ്തു. ഇതു രണ്ടാം സോളമൻ ക്ഷേത്രം എന്നറിയപ്പെടുന്നു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം, ഏകദേശം ബി സി 20 -ൽ ഹെരോദാവ് ഇത് പുതുക്കിപ്പണിതു. ഈ രണ്ടാമത്തെ ക്ഷേത്രം പിന്നീട് എ ഡി 70-ൽ റോമാക്കാർ തകർത്തു. അതിന്റെ ഒരു മതിൽ മാത്രം അവശേഷിക്കുന്നുണ്ട് എന്നാണ് ജൂദായിസത്തിലെ വിശ്വാസം. ആ മതിലിൽ തല വെച്ച് ദുഃഖം വിലപിക്കുകയും ശാപം പ്രാകുകയും ചെയ്യുക എന്നത് അവർ എപ്പോഴും പിന്തുടരുന്ന ഒരു ആരാധനയാണ്. അവരുടെ ഈ ചരിത്രം ശരിയാണെങ്കിൽ തന്നെ അതിനെ മുസ്ലിങ്ങളും അവരുടെ കുട്ടികളും സ്ത്രീകളും വില നൽകേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്നാം ക്ഷേത്രം നശിപ്പിച്ചത് ആരായിരുന്നു, എന്തുകൊണ്ടായിരുന്നു എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ഇല്ല. അതിനാൽ ആ കാലഘട്ടത്തിലെ വലിയ സാമ്രാജ്യ ശക്തിയായിരുന്ന ബാബിലോണിയക്കാരുടെ തലയിൽ അത് കെട്ടിവെക്കാറാണ് പതിവ്. എന്നാൽ രണ്ടാമതും പുതുക്കി പണിത ഈ ആരാധനാലയം എഡി 70 ൽ തകർത്തത് റോമൻ ക്രൈസ്തവരാണ് എന്നത് അവിതർക്കിതമായ ഒരു ചരിത്രമാണ്. എന്നിട്ടും അവരുടെ ബൈഡനും ബ്ലിങ്കനുമൊക്കെയാണ് പലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലാൻ വെടിമരുന്നു നൽകുന്നത് നാം സഹിക്കേണ്ടുന്ന പല വൈരുദ്ധ്യങ്ങളിലും വിചിത്രതകളിലും ഒന്നാണ്.



മൂന്നാമത്തെ അവരുടെ ലക്ഷ്യം വാഗ്ദത്ത മസീഹിന് വേണ്ടി വാഗ്ദത്ത ഭൂമിയുടെ സിംഹാസനം തയ്യാറാക്കി വെക്കുക എന്നതാണ്. അവർ വാഗ്ദത്ത മസീഹിൽ വിശ്വസിക്കുകയും അങ്ങനെ ഒരാളെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. തൗറാത്തിൽ വാഗ്ദത്വം ചെയ്യപ്പെട്ടതാണ് ഈ മസീഹ്. ഇത് സത്യത്തിൽ ഈസാ നബി ആയിരുന്നു. പക്ഷേ യഹൂദർ ഈസാ നബി വന്നപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. യേശുവിന്നു ശേഷം നീണ്ട 2000 വര്‍ഷമായി യഹൂദര്‍ ഈ മസീഹിനെ പ്രതീക്ഷിക്കുന്നു. ഈ മസീഹിന്റെ വരവിനായി വാഗ്ദത്ത ഭൂമി ഒരുക്കി കൊടുക്കുക എന്നത് സയണിസത്തിന്റെ ആശയ അടിത്തറയാകുന്നു. മുഹമ്മദ്‌ നബി(സ) ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്: യഹൂദര്‍ പ്രതീക്ഷിക്കുന്ന മസീഹ്, കപട മസേഹ് (ദജ്ജാല്‍ - Anti Christ) എന്ന പേരില്‍ ഇസ്രയെല്യരുടെ നേതാവാകും. അയാള്‍ വളരെ ക്രൂരനായിരിക്കും. അവൻ ലോകത്ത് കനത്ത നാശം വിതക്കും. അദ്ദേഹത്തെ വധിക്കാന്‍ ദൈവം യഥാര്‍ത്ഥ മസീഹി(ഇസാ നബിയെ) നെ ഇറക്കും. അദ്ദേഹം ദാമാസ്ക്കസില്‍ ഇറങ്ങും. അദ്ധേഹം ലുദ് എന്ന സ്ഥലത്ത് വെച്ച് കപട മസീഹിനെ സ്വന്തം കരത്താല്‍ വധിക്കും (ലുദ്‌ ഇപ്പോള്‍ ഇസ്രായേലില്‍ ഉള്ള ഒരു എയര്‍ പോര്‍ട്ടാണ്). 40 വര്‍ഷം ഈസാ നബി ഇസ്ലാമിക വ്യവസ്ഥ നടപ്പില്‍ വരുത്തും. (ഹദീസുകളുടെ സംക്ഷിപ്തം). ഇതൊക്കെയാണ് ജൂത സയണിസ്റ്റുകളുടെ ഉള്ളിലിരുപ്പ് എങ്കിൽ സമാധാനകാംക്ഷികളുടെ ലോകത്ത് ഉച്ചകോടികൾക്കൊന്നും ഒരു വിലയും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. ഇതെല്ലാം വളരെ വ്യക്തമായി അറിയുന്നവരായിട്ട് പോലും ലോകത്തെ സാമ്രാജ്യ ശക്തികൾ ഈ ഗൂഢമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പിൻവാതിൽ മുൻവാതിൽ സഹായങ്ങൾ ചെയ്യുന്നത് കാണുമ്പോൾ നാം മനുഷ്യന്മാർ തലതാഴ്ത്തുക അല്ലാതെ മറ്റെന്തു ചെയ്യും.



O






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso