എനിക്കു വേണ്ടിയല്ല, അവർക്കു വേണ്ടി..
25-11-2023
Web Design
15 Comments
വിചാരം
മുഹമ്മദ് തയ്യിൽ
അക്ഷർധാം ക്ഷേത്ര സമുച്ചയത്തിൽ നിന്ന് പരിപാടി കഴിഞ്ഞ് ഇറങ്ങുകയായിരുന്ന രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിനോട് സ്വാമി ബ്രഹ്മവിഹാരി ലിഫ്റ്റിൽ വെച്ച് ആരാഞ്ഞു, അദ്ദേഹത്തിന്റെ ഈ ചടുലതയുള്ള ഉൻമേഷത്തിന്റെ രഹസ്യം. ഏതാണ്ട് എല്ലാ ഭാഗത്തേക്കും നോക്കി, കൈകൂപ്പി, ചിരിച്ച് ധൃതിയുള്ളതു പോലെയുള്ള അദ്ദേഹത്തിന്റെ നടത്തം. അനുഭവം ആവർത്തിക്കുന്നതു പോലെയുള്ള ശരീര ഭാഷയിലുള്ള അവതരണം, ക്ലാസെടുക്കുന്ന ഒരദ്ധ്യാപകനെ പോലെയുള്ള പൊതു പ്രസംഗം. ഓരോന്നും അറിഞ്ഞിരിക്കണമെന്ന പ്രകടമായ ജിജ്ഞാസ. ഇതെല്ലാം ചേർത്തൊട്ടിച്ച ജീവിതത്തിന്റെ ഉടമയിൽ നിന്ന് അറിയാൻ ആരും ആഗ്രഹിച്ചു പോകുന്ന ഒരു രഹസ്യം. ലിഫ്റ്റ് ലാന്റ് ചെയ്യുന്നതിനു മുമ്പെ പക്ഷെ, അബ്ദുൽ കലാം സ്വാമിജിക്ക് മറുപടി നൽകി. അതും ആ ചടുല ഉൻമേഷത്തിന്റെ നിദർശനം തന്നെ. ഉത്തരത്തിനു വേണ്ടി ഉഴലേണ്ട, എല്ലാം നാവിൻ തുമ്പിൽ തന്നെ എപ്പോഴും തയ്യാറാണ് എന്നാണല്ലോ അതു സൂചിപ്പിക്കുന്നത്. ആര് എന്നെ സമീപിച്ചാലും അയാൾക്ക് ഞാനെന്തു ചെയ്തു കൊടുക്കും, അയാളെ ഞാൻ എങ്ങനെ സന്തോഷിപ്പിക്കും എന്നായിരിക്കും ഞാൻ ആലോചിക്കുക എന്നായിരുന്നു മറുപടിയുടെ തുടക്കം.
ചോദ്യവും ഉത്തരവും തമ്മിൽ പൊരുത്തക്കുറവുണ്ടോ എന്നു ശങ്കിക്കുന്നുണ്ടെങ്കിൽ തെറ്റി. കാരണം അതങ്ങനെ തന്നെയാണ്. മറ്റൊരാൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണം, എങ്ങനെയെങ്കിലും മുമ്പിലുള്ള ആളെ സന്തോഷിപ്പിക്കണം എന്നൊക്കെ കരുതുന്നവന്റെ മനസ്സ് സദാ ഉണർന്നിരിക്കും. കാരണം അയാളുടെ മനസ്സ് ചികയുകയാണ്. അതും തന്റെ മനസ്സ് ആവേശം കാണുന്ന ഒരു ഒരു ലക്ഷ്യത്തിനു വേണ്ടി. മനസ്സിൽ നിറയെ പ്രതീക്ഷയും സ്വത്വം നിറയെ ശ്രമത്തിന്റെ നൈരന്തര്യവും നിറഞ്ഞു നിൽക്കുമ്പോൾ മനസ്സ് അങ്ങനെ ഉൻമേഷ ഭരിതമായിരിക്കും. അതിനാൽ സജീവവും സക്രിയവുമായ ഒരു മനസ്സുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ അതിനു വേണ്ടി ചെയ്യേണ്ടത് മറ്റുള്ളവരെയും അവരുടെ ആവശ്യങ്ങളെയും മനസ്സിലക്ക് ആവാഹിക്കുകയും അതിനെ ഒരു ത്വരയാക്കി മാറ്റുകയുമാണ്. ഇതാണ് ഈ വികാരങ്ങളെ ജനങ്ങളിൽ വളർത്തിയെടുക്കുന്നതിൽ മതങ്ങൾ കൂടുതൽ ശ്രദ്ധയൂന്നാൻ കാരണവും. ഊർജ്ജ്വസ്വലമായ ഒരു മനസ്സുണ്ടാക്കിയെടുത്താലേ ആദർശത്തിലുറച്ച വിശ്വാസികൾ ഉണ്ടാകൂ എന്നും എന്നാലേ സ്വന്തം ജീവിതത്തിന്റെ മൂല്യവും വിലയും തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ മനുഷ്യനു കഴിയൂ എന്നും മതങ്ങൾ കരുതുന്നു.
എ പി ജെ അബ്ദുൽ കലാമിനെ പോലെ ഒരു രാഷ്ട്രപതിയിൽ നിന്നുണ്ടായ ഊർജ്ജസ്വലതയുടെ ഈ ഉത്തരം നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരിടം സർക്കാർ മേശപ്പുറങ്ങളാണ്. അവിടെ ചുവപ്പുനാടകൾ നാടുവാഴുകയാണല്ലോ. കരുത്തുറ്റ ജനാധിപത്യവും വൈപുല്യമുളള ബ്യൂറോക്രസിയും പി ആർ പിന്നുണയുളള ഭരണപക്ഷങ്ങളും നിരൂപണ മികവുള്ള പ്രതിപക്ഷങ്ങളും എല്ലാം സജീവമായ നമ്മുടെ നാട്ടിൽ ഒരാളും ഒന്നിനും മുട്ടാതെ കയറിയ ഉടനെ ചിരിച്ച് കാര്യാലയങ്ങളിൽ നിന്നിറങ്ങേണ്ടതായിരുന്നു. പക്ഷെ, പരാതിയില്ലാത്ത പൗരൻമാരില്ല എന്നതാണ് അനുഭവവും സത്യവും. അഹിതമായതും അനർഹമായതും കിട്ടാത്തതിലുള്ള മുരളലല്ല അവരുടെ അന്തരംഗങ്ങളിൽ നിന്ന് ഉയരുന്നത്. എന്തെങ്കിലും കുത്തിന്റെയോ കോമയുടെയോ കുറവിന്റെ പേരിൽ, ഉദ്യോഗസ്ഥന് ഒഴിവോ, താൽപര്യമോ, സമയമോ ഇല്ലാത്തതിന്റെ പേരിൽ. മിക്ക ഉദ്യോഗസ്ഥരുടെയും വലിയ ദയാദാക്ഷിണ്യം ചെന്നു കയറുമ്പോഴേ അടുത്ത ആഴ്ച വരൂ എന്നു പറഞ്ഞ് മടക്കുന്നതായി മാറിയിരിക്കുന്നു. അങ്ങനെയുള്ളവർക്ക് ഈ സംഭവം ഒരു സന്ദേശമാണ്. എല്ലാവരും അങ്ങനെയെന്ന് പറഞ്ഞിട്ടുമില്ല, കരുതിയിട്ടുമില്ല. കാരണം സ്ഥലം മാറിപ്പോകുന്ന ഒരു വില്ലേജ് ഓഫീസർക്ക് ഗ്രാമത്തിലെ ഓരോ കൂട്ടായ്മകളും ഉജ്ജ്വല വികാരത്തോടെ യാത്രയയപ്പ് നൽകുന്നതും കണ്ടു. കാര്യമന്വേഷിച്ചപ്പോഴാണ് അദ്ദേഹം അങ്ങനെ ചിന്തിക്കുമായിരുന്നു എന്ന് മനസ്സിലായത്.
OO
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso