കാരുണ്യവാൻ കോപിക്കുമോ !?
30-11-2023
Web Design
15 Comments
ഖുർആൻ പഠനം
ടി എച്ച് ദാരിമി
മുംതഹന 13
13. സത്യവിശ്വാസികളേ അല്ലാഹുവിന്റെ കോപത്തിനു വിധേയരായ ഒരു കൂട്ടരോട് നിങ്ങള്‍ സൗഹൃദബന്ധത്തിലേര്‍പെടരുത്. ശ്മശാനവാസികളുടെ കാര്യത്തില്‍ നിഷേധികള്‍ ഭഗ്നാശരായതുപോലെ അവര്‍ പാരത്രിക ലോകത്തെക്കുറിച്ച് നിരാശരായിക്കഴിഞ്ഞിരിക്കുന്നു.
അദ്ധ്യായത്തിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യം ഒന്നു കൂടി സൂചിപ്പിക്കുകയാണിവിടെ. പരലോകത്തെ സംബന്ധിച്ച് നിരാശപ്പെട്ടു എന്ന് പറഞ്ഞത് പരലോക നന്മയെതൊട്ട് നിരാശരായി എന്നത്രെ. ഖബ് റുകളിൽ ഉള്ളവരെ പറ്റി സത്യനിഷേധികൾ നിരാശപ്പെട്ടത് പോലെ എന്നാൽ മരിച്ചു മണ്ണടിഞ്ഞവർ ഇനി തിരിച്ചു വരുമെന്ന് അവർ പ്രതീക്ഷിക്കാത്തത് പോലെ പരലോക നമയെ തൊട്ടും അവർ നിരാശരാണെന്ന് സാരം ഖബ് റിലുള്ളവർ എല്ലാ നന്മയെ തൊട്ടും നിരാശരായത് പോലെ എന്നും വ്യഖ്യാനമുണ്ട് അല്ലാഹുവിന്റെയും നബി(സ)യുടെയും മുസ്‌ലിംകളുടെയും ശത്രുക്കളായ സത്യനിഷേധികളെ സംരക്ഷകരും കൈകാര്യകര്‍ത്താക്കളുമായി വരിക്കരുതെന്ന് നിരോധിച്ചുകൊണ്ട് ആരംഭിച്ച അതേ ശൈലിയില്‍ തന്നെ അധ്യായം അവസാനിക്കുകയാണ്. പാരത്രിക ലോക ജീവിതം നിശ്ശേഷം തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്തവരാണല്ലോ അവര്‍. തങ്ങളുടെ സ്വന്തക്കാര്‍ മരിച്ചു പോയാല്‍ പിന്നെ അവരെ പറ്റി യാതൊരു പാരത്രിക ചിത്രവും മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്നില്ല. അതിനെക്കുറിച്ചാണ് നിഷേധികള്‍ ആശമുറിഞ്ഞവരാണ് എന്നു പറഞ്ഞത്.
ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് പലപ്പോഴും ഉയരുന്ന ഒരു ചിന്തയും ചോദ്യവും ആണ് കാരുണ്യവാനായ അല്ലാഹുവിന് എങ്ങനെയാണ് കോപം ഉണ്ടാവുക എന്നത്.
ഈ ആയത്തിൽ മാത്രമല്ല പല ആയത്തുകളിലും അല്ലാഹു കോപിച്ചതായും അല്ലാഹുവിന്റെ കോപം വർഷിച്ചതായും അല്ലാഹുവിന്റെ കോപത്തിൽ നിന്ന് സുരക്ഷിതരായിരിക്കണം എന്ന് ഉദ്ബോധിച്ചതായമെല്ലാം വന്നിട്ടുണ്ട്. കോപമെന്നത് ഒരു അധമവികാരമായിരിക്കെ അതു അല്ലാഹുവിനുമേല്‍ ആരോപിക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തിന് എതിരല്ലേ എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്. അതില്ല എന്ന് വാദിക്കുവാനോ സമർഥിക്കുവാനോ ഒരിക്കലും കഴിയില്ല. കാരണം, അല്ലാഹു തന്നെയാണ് ആ വിശേഷണങ്ങള്‍ അവനിലുണ്ട് എന്ന് പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അവയെ നിഷേധിക്കുവാന്‍ ഒരു വിശ്വാസിക്കു പാടുള്ളതല്ല. ഈ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അല്ലാഹുവിന്റെ സ്വിഫത്തുകളാകുന്ന വിശേഷണങ്ങളെപറ്റി പഠിക്കുമ്പോള്‍ പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട പരമപ്രധാനമായ കാര്യം, അവയെ ഒരിക്കലും സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്കു സമാനമായി കാണരുതെന്നതാണ്. അല്ലാഹു സൃഷ്ടികളിൽ നിന്ന് എല്ലാ അർത്ഥത്തിലും വിഭിന്നനും വ്യതിരിക്തതയുള്ളവനുമാണ്. സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ സത്തയില്‍ വ്യത്യസ്തമാണ് എന്നത് സര്‍വാംഗീകൃതമായ അറിവാണ്. അല്ലാഹു പറയുന്നു: ”അവന് സമാനമായി ഒന്നും തന്നെയില്ല” (ഖുര്‍ആന്‍ 42:11). അപ്പോൾ പിന്നെ ഇത്തരം ഗുണഗണങ്ങളെ എല്ലാം അല്ലാഹുവിന്റെ മഹത്വത്തിനും പരിശുദ്ധിക്കും യോജിച്ച വിധം പരിപൂര്‍ണ്ണമായ വിശേഷണങ്ങളായാണ് ഉള്‍ക്കൊള്ളേണ്ടത്. ഈ പറഞ്ഞതിനർത്ഥം എല്ലാ അധമഗുണങ്ങളെയും നാം അല്ലാഹുവിന്റെ കാര്യത്തിൽ ആവുമ്പോൾ അതിനെ മഹത്വമായി ന്യായീകരിക്കണം എന്നല്ല. അത് സാധ്യമല്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്താൽ അതിന് മാന്യത മാത്രമല്ല, നിലയും വിലയും ഒന്നും ഉണ്ടാവില്ല. അപ്പോൾ പിന്നെ ഈ വിഷയത്തെ നാം വീണ്ടും വിഭജിക്കേണ്ടതായി വരും.
ആ വിഭജനം ഇങ്ങനെയായിരിക്കും. അർഥവത്തായി തന്നെ മഹത്വമായി വ്യാഖ്യാനിക്കുവാൻ പറ്റുന്നത്, പറ്റാത്തത് എന്നിങ്ങനെ. അതനുസരിച്ച് നാശം, മറവി, അജ്ഞത, ദുര്‍ബലത, അന്ധത, ബധിരത തുടങ്ങിയ കുറവുകള്‍ മാത്രം കുറിക്കുന്ന, ഒരു നിലക്കും പൂര്‍ണതയായി വ്യാഖ്യാനിക്കാൻ നിർവ്വാഹമില്ലാത്ത വിശേഷണങ്ങള്‍ അല്ലാഹുവിനുണ്ടാവില്ല. നിരുപാധികം നിന്ദ്യതയുടെ വിശേഷണങ്ങള്‍ സ്രഷ്ടാവിലേക്ക് ചേര്‍ക്കുന്നത് നിന്ദയാണ്. അങ്ങനെ വന്നാൽ ദൈവത്വമായിരിക്കും ആദ്യം തകരുക. എന്നാല്‍ കോപം എന്നത് അങ്ങനെ നിരുപാധികം നിന്ദ്യതയുടെയോ അധമത്വത്തിന്റെയോ വിശേഷണമാണെന്ന് പറയാവുന്ന ഒന്നല്ല. കാരണം കോപം എന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തിത്വത്തിൽ കൃത്യമായ അനുപാതവും അളവും അനുസരിച്ചുകൊണ്ട് ഉൾച്ചേർന്നിരിക്കേണ്ട ഒരു ഘടകമാണ്. കോപിക്കാനുള്ള കഴിവില്ലാത്ത മനുഷ്യൻ മാനുഷികമായ ദൗത്യങ്ങളിൽ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. ഇത് സൃഷ്ടികളുടെ കാര്യമാണ്. അഥവാ സൃഷ്ടികളുടെ സ്വത്വം അനുസരിച്ചുള്ള ഒരു നിഗമനമാണ്. എന്നാൽ സ്രഷ്ടാവിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. അത് പക്ഷേ എങ്ങനെ ആയിരിക്കും എന്ന് നമുക്ക് തീർത്തു പറയാൻ കഴിയില്ല. കാരണം സ്രഷ്ടാവിന്റെ സത്തയെ പറ്റി നമുക്ക് പരിപൂര്‍ണ്ണമായി അറിയില്ല; അറിയാന്‍ സാധ്യവുമല്ല. അപ്പോള്‍ പിന്നെ അവന്റെ സത്താപരമായ വിശേഷണങ്ങളെപ്പറ്റിയും പരിപൂര്‍ണ്ണമായി ഗ്രഹിക്കുവാനും സാധ്യമല്ല. അതുകൊണ്ടാണ് അല്ലാഹുവും റസൂലും അല്ലാഹുവിനുണ്ട് എന്നു പഠിപ്പിച്ച വിശേഷണങ്ങളെയും അവനു മേല്‍ നിഷേധിക്കപ്പെട്ട വിശേഷണങ്ങളെയും എല്ലാം അതുപോലെ അംഗീകരിച്ചു വിശ്വസിക്കുക എന്ന നിലപാടു മാത്രമാണ് സന്മാര്‍ഗ്ഗ പ്രാപ്തമെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്.
അല്ലാഹു സർവ്വാധികാരിയാണ്. എല്ലാ കാര്യങ്ങളും അവന്റെ നിയന്ത്രണത്തിലാണ്. ഈ നിയന്ത്രണാധികാരം അവൻ തീർത്തും അർഹിക്കുന്നതാണ്. കാരണം അവനല്ലാത്ത പ്രപഞ്ചത്തെ മുഴുവനും അവനാണ് പടച്ചതും പരിപാലിക്കുന്നതും. അവൻ പക്ഷേ ഭൗതിക ജീവിതത്തെ ഒരു പരീക്ഷണമായി നിശ്ചയിച്ചിരിക്കുകയാണ്. പരീക്ഷണം ശരിയും തെറ്റും സമ്മിശ്രമായി നൽകി അതിൽ നിന്ന് ശരി ശരിയായതിന്റെ പേരിൽ തിരഞ്ഞെടുക്കുകയും തെറ്റ് തെറ്റായതിന്റെ പേരിൽ ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ്. ഉണ്ട് എങ്കിലും ഇല്ല എങ്കിലും അതിന് പ്രതിഫലം നൽകേണ്ടതുണ്ട്. പ്രതിഫലത്തിന് സ്വാഭാവികമായും രണ്ട് വശങ്ങൾ ഉണ്ടായിരിക്കും. ഒന്ന് സുഖമുള്ളതാണെങ്കിൽ മറ്റേത് വേദന ഉള്ളതായിരിക്കും. വേദനയുള്ളത് നൽകുമ്പോൾ ഒപ്പം കോപം കലരേണ്ടതുണ്ട്. അല്ലെങ്കിൽ അതൊരു പ്രഹസനമായി തീരും. അതു മാത്രമല്ല, അല്ലാഹു കരുണയുടെ കേദാരമാണ്. അവൻെറ കാരുണ്യം അവർണ്ണനീയമാണ്. ഈ അവർണനീയത തെളിയുക അതിന്റെ നേരെ വിപരീത ഗുണങ്ങൾക്ക് അവന് കഴിയുമ്പോഴാണ്. ഇതു പറയാൻ മറ്റൊരു ന്യായം കൂടി നമുക്കുണ്ട്. അതെ ന്തെന്നാൽ, അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളത് എൻ്റെ കാരുണ്യം എൻ്റെ കോപത്തെ മറികടക്കുന്നു എന്നാണ്. ഈ ഖുദ്സിയായ ഹദീസിന്റെ ആശയം പുലരുന്നത് അല്ലാഹുവിന് കോപം കൂടിയുണ്ട് എന്ന് വരുമ്പോഴാണ്. കോപം ഇല്ലെങ്കിൽ പിന്നെ കാരുണ്യത്തെ വേർതിരിച്ചു കാണാൻ കഴിയില്ല. മാത്രമല്ല കാരുണ്യത്തിന് മറികടക്കാൻ മാത്രമുള്ള കരുത്തുണ്ട് എന്ന് കരുതാനും കഴിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് അല്ലാഹുവിനെ കോപം ഉണ്ട് എന്നും ഉണ്ടായിരിക്കേണ്ടതുണ്ട് എന്നും ആണ്. എന്നാൽ അത് സ്വന്തം നിയന്ത്രണത്തിലുള്ള ഒന്നാണ്. അഥവാ കോപമെന്നത് അല്ലാഹുവിന്റെ കര്‍മപരമായ വിശേഷണങ്ങളിലാണ് ഉള്‍പ്പെടുന്നത്. അവന്‍ ഇച്ഛിക്കുമ്പോള്‍ അതുണ്ടാവുന്നു. അവന്‍ ഇച്ഛിക്കാത്തപ്പോള്‍ അതുണ്ടാവുന്നില്ല. സൃഷ്ടികളുടേത് പോലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാവുകയും ഇറങ്ങുകയും പിന്നീട് ഖേദിക്കേണ്ടിവരികയും ചെയ്യുന്ന സ്വയം നിയന്ത്രിതമല്ലാത്ത കോപമല്ല അത്.
അല്ലാഹുവിന്റെ കോപത്തെ പറ്റി മനുഷ്യനെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. നൂറുകണക്കിന് ആയത്തുകൾ ഈ ആശയം ഉൾക്കൊള്ളുന്നുണ്ട്. മാത്രമല്ല മുൻ കഴിഞ്ഞ സമുദായങ്ങളിൽ നിന്ന് അതിന് നിരവധി ഉദാഹരണങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഹദീസുകളിലേക്ക് കടന്നാൽ അവിടെയും ഈ താക്കീത് കാണാൻ കഴിയും. അതിന്റെ പരമമായ ലക്ഷ്യം മുമ്പു സൂചിപ്പിച്ചതു പോലെ മനുഷ്യനെ സന്മാര്‍ഗ്ഗ ജീവിതത്തിലൂടെ വഴി നടത്താന്‍ ദൈവകോപമെന്ന പ്രചോദനത്തേക്കാള്‍ ശക്തമായ മറ്റൊരു മാര്‍ഗവും ഇല്ല എന്നതാണ്. തിന്മ പ്രവര്‍ത്തിക്കുവാനുള്ള അതിശക്തമായ ഉള്‍വിളിയെയും തീവ്രമായ തൃഷ്ണയെയും മെരുക്കിയെടുക്കാന്‍ ദൈവകോപത്തെ പറ്റിയുള്ള ഭീതി കൊണ്ടല്ലാതെ മനുഷ്യനു സാധ്യമല്ല തന്നെ. പിടിക്കപ്പെടുമെന്നോ അറിയപ്പെടുമെന്നോ ഭയമില്ലെങ്കില്‍ രാഷ്ട്രവും സമൂഹവും ഒരുക്കിയ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ മനുഷ്യന്‍ തയ്യാറാകുന്നതു പോലെ തന്നെയാണിത്.
ഈ സൂറത്തിന്റെ മൊത്തം ഉള്ളടക്കത്തെ രണ്ട് ഖണ്ഡങ്ങളായി തിരിക്കാം. പ്രഥമ ഖണ്ഡം ഈ സൂറയുടെ ആരംഭം മുതല്‍ 9-ാം സൂക്തം വരെ നീളുന്നു. സൂറയുടെ അന്ത്യത്തിലുള്ള 13-ാം സൂക്തവും ഇതുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഹാത്വിബുബ്നു അബീബല്‍തഅയുടെച നടപടിയെ രൂക്ഷമായി ആക്ഷേപിക്കുന്നുണ്ട്. അദ്ദേഹം സ്വന്തം കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി റസൂലി(സ)ന്റെ അതിപ്രധാനമായ ഒരു യുദ്ധരഹസ്യം ശത്രുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയായിരുന്നു. അതു തക്കസമയത്ത് വിഫലമാക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മക്കാവിമോചന വേളയില്‍ വമ്പിച്ച രക്തച്ചൊരിച്ചില്‍ നടക്കുമായിരുന്നു. മുസ്ലിംപക്ഷത്തുനിന്ന് വിലപ്പെട്ട പല ജീവനുകളും നഷ്ടപ്പെടുമായിരുന്നു. പില്‍ക്കാലത്ത് ഇസ്ലാമിന് മഹത്തായ സേവനങ്ങളര്‍പ്പിച്ച നിരവധി ഖുറൈശി പ്രമുഖരും കൊല്ലപ്പെടുമായിരുന്നു. മക്കയെ സമാധാനപരമായി മോചിപ്പിച്ചതിലൂടെ ലഭിച്ച നേട്ടങ്ങളൊക്കെ പാഴായിപ്പോവുകയും ചെയ്യുമായിരുന്നു. ഈ മഹാ നഷ്ടങ്ങള്‍ക്കെല്ലാം നിമിത്തമാകുമായിരുന്നത്, മുസ്ലിംകളിലൊരാള്‍ സ്വകുടുംബത്തെ യുദ്ധവിപത്തുകളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതുമാത്രമാണ്. ഈ ഭീമാബദ്ധത്തെക്കുറിച്ചുണര്‍ത്തിക്കൊണ്ട് എല്ലാ വിശ്വാസികളെയും അല്ലാഹു ഉപദേശിക്കുന്നു: യാതൊരു വിശ്വാസിയും ഒരവസ്ഥയിലും ഒരു ലക്ഷ്യത്തിനുവേണ്ടിയും, ഇസ്ലാമിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സത്യനിഷേധികളായ ശത്രുക്കളോട് മൈത്രിയും സുഹൃദ്ബന്ധവും പുലര്‍ത്തുകയോ, അവരും ഇസ്ലാമും തമ്മിലുള്ള സംഘട്ടനത്തില്‍ അവര്‍ക്ക് പ്രയോജനകരമായിത്തീരുന്ന വല്ല നടപടിയും സ്വീകരിക്കുകയോ ചെയ്തുകൂടാ. എന്നാല്‍, അവിശ്വാസികള്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതയിലും വിരോധത്തിലും വര്‍ത്തിക്കാതിരിക്കുമ്പോള്‍ അവരോട് സൌഹൃദപരമായ സമീപനവും നല്ല പെരുമാറ്റവും കൈക്കൊള്ളേണ്ടതാണ്.
10-11 സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രണ്ടാമത്തെ ഖണ്ഡം. അക്കാലത്ത്, വളരെ സങ്കീര്‍ണമായിത്തീര്‍ന്നിരുന്ന ഒരു സാമൂഹികപ്രശ്നത്തില്‍ തീരുമാനം കല്‍പിച്ചിരിക്കുകയാണിതില്‍. മക്കയില്‍ അവിശ്വാസികളായ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാരായി ധാരാളം മുസ്ലിം സ്ത്രീകളുണ്ടായിരുന്നു. ഈ സ്ത്രീകള്‍ എങ്ങനെയൊക്കെയോ ഹിജ്റ ചെയ്ത് മദീനയിലെത്തിയിരുന്നു. ഇതുപോലെ അവിശ്വാസിനികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരായി ധാരാളം മുസ്ലിം പുരുഷന്മാര്‍ മദീനയിലുമുണ്ടായിരുന്നു. അവരുടെ സ്ത്രീകള്‍ മക്കയില്‍തന്നെ പാര്‍ത്തുപോന്നു. ഇങ്ങനെയുള്ളവര്‍ തമ്മിലുള്ള ദാമ്പത്യബന്ധം നിലനില്‍ക്കുന്നുണ്ടോ എന്നതായിരുന്നു പ്രശ്നം. അല്ലാഹു അതേപ്പറ്റി ശാശ്വതമായ വിധി നല്‍കി: മുസ്ലിം സ്ത്രീകള്‍ക്ക് അവിശ്വാസിയായ ഭര്‍ത്താവ് അനുവദനീയമല്ല. വിഗ്രഹാരാധകയായ സ്ത്രീയെ ഭാര്യയായി പൊറുപ്പിക്കുന്നത് മുസ്ലിം പുരുഷന്നും അനുവദനീയമല്ല. ഈ വിധിക്ക് വമ്പിച്ച നിയമപരമായ പ്രത്യാഘാതങ്ങളുണ്ട്. വ്യാഖ്യാനക്കുറിപ്പുകളില്‍ നാമതു വിശദീകരിക്കുന്നതാണ്. 12-ാം സൂക്തമാണ് മൂന്നാം ഖണ്ഡം. അതില്‍ ഇസ്ലാം സ്വീകരിച്ച സ്ത്രീകളെക്കൊണ്ട് ജാഹിലിയ്യാ അറബിസമൂഹത്തിലെ സ്ത്രീകളില്‍ നടമാടിയിരുന്ന തിന്മകള്‍ വര്‍ജിക്കുമെന്നും ഭാവിയില്‍ അവര്‍ അല്ലാഹുവും പ്രവാചകനും കല്‍പിച്ച നന്മയുടേതായ എല്ലാ മാര്‍ഗങ്ങളും അനുധാവനം ചെയ്യുമെന്നും പ്രതിജ്ഞയെടുപ്പിക്കണമെന്ന് നബി(സ) യോട് ആവശ്യപ്പെടുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso