Thoughts & Arts
Image

പ്രപഞ്ചം എന്ന പുസ്തകം

30-11-2023

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും സംഘടനകളും സംവിധാനങ്ങളും അടുത്ത വർഷത്തേക്ക് വേണ്ട കലണ്ടറുകൾ ഇതിനകം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞു. അടുത്ത വർഷത്തിലെ തീയതികളും പരമ്പരാഗത ആഘോഷങ്ങളും അവധി ദിനങ്ങളും മാത്രമല്ല അടുത്ത വർഷം നടക്കാനിരിക്കുന്ന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും വേലിയേറ്റവും ഞാറ്റുവേലയും അടക്കം പല കാര്യങ്ങളും അതിൽ ഗണിച്ച് കുറിച്ചിട്ടുണ്ട്. ഇവയൊക്കെയും പ്രപഞ്ചത്തിന്റെ ചലനം, ഭ്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. സാധാരണ തിയ്യതികൾ എന്ന രാപ്പലുകൾ തന്നെ ഭൂഗോളത്തിൽ അനുഭവപ്പെടുന്ന ഉദയാസ്തമയങ്ങളെ ആധാരമാക്കിയുള്ള ഗണനയാണല്ലോ. എന്നാൽ ഇവയൊന്നും നിശ്ചയിക്കുന്നതോ നിയന്ത്രിക്കുന്നതോ നമ്മളോ നാം ചുമതലപ്പെടുത്തുന്നവരോ അല്ല താനും. എന്നിട്ടും ഇങ്ങനെ കൃത്യമായി ഗണിച്ചു പറയാൻ കഴിയുന്നത് പ്രപഞ്ചത്തിന്റെ ചലനങ്ങൾ കൃത്യവും കണിശവും ആയതു കൊണ്ടു മാത്രമാണ്. ഒരു കലണ്ടർ തയ്യാറാക്കി പ്രവചനം പോലെ അതു പ്രസിദ്ധീകരിക്കുവാൻ ഈ പ്രപഞ്ചം പകരുന്ന ഈ ധൈര്യത്തിന്റെ അടിസ്ഥാന സ്രോതസ്സ് അല്ലാഹുവിന്റെ സൃഷ്ടി വൈഭവം തന്നെയാണ്. അവൻ ഇങ്ങനെ തന്റെ സൃഷ്ടികളിൽ ഒന്നിനെയും ഏൽപ്പിക്കുകയോ സഹായത്തിനു കൂട്ടുകയോ ചെയ്യാതെ സ്വന്തമായി ഇത്ര കണിശമായി കാര്യങ്ങൾ നിവൃത്തി ചെയ്യുന്നത് അവനു മേനി നടിക്കാനും അഹങ്കരിക്കാനുമല്ല. മറിച്ച് അവന്റെ അടിമകളായ മനുഷ്യരെ അവനിലേക്ക് മാനസികമായി തിരിച്ചു വിടാനാണ്. അല്ലാഹു തന്റെ കലാമായ വിശുദ്ധ ഖുർആനിലൂടെ മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും ഉണര്‍ത്താന്‍ അവന്റെ ചുറ്റുപാടുകളിലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചു ചിന്തിക്കാനാവശ്യപ്പെടുന്നത് ഇതുകൊണ്ടാണ്.



ദൈവിക ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായ രണ്ട് പുസ്തകങ്ങള്‍ ദൈവം മനുഷ്യനു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഒന്ന് ഖുര്‍ആന്‍ ആണെങ്കില്‍ മറ്റൊന്ന് പ്രപഞ്ചമാകുന്ന പുസ്തകമാണ്. രണ്ടിനെ കുറിച്ചും ചിന്തിക്കാനും സൃഷ്ടാവിനെ അതിലൂടെ കൂടുതല്‍ അറിയാനും അല്ലാഹു ആവശ്യപ്പെടുന്നു. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് അറബിയില്‍ ‘ആയത്ത്’എന്നാണ് ഉപയോഗിക്കുന്നത്. അതേ വാക്കുതന്നെയാണ് പ്രാപഞ്ചികദൃഷ്ടാന്തങ്ങളെ കുറിച്ച് സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്. ദൃഷ്ടാന്തം, അടയാളം എന്നെല്ലാമാണ് ‘ആയത്ത്’ എന്ന വാക്കിനര്‍ഥം. അഥവാ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെ അറിയാനുള്ള ചൂണ്ടുപലകയാണെങ്കില്‍ അതേ റബ്ബിലേക്കുള്ള ചൂണ്ടുപലകകള്‍ തന്നെയാണ് നമുക്ക് ചുറ്റും കാണുന്ന മുഴുവന്‍ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും. പ്രപഞ്ചം പക്ഷേ ചലനാത്മകമാണ്. അതുകൊണ്ടുതന്നെ അത് സദാ വളരുകയും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ആയതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ എല്ലാ അത്ഭുതങ്ങളെ കുറിച്ചും അവയുടെ സാരാംശങ്ങളെ കുറിച്ചും പരിപൂർണ്ണമായി ഖുർആനിൽ പറയുക സാധ്യമല്ല. അതിനാൽ ഖുർആനിൽ അവയിലേക്കുള്ള സൂചനകളാണ് ഉള്ളത്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ശാസ്ത്രഗ്രന്ഥമല്ല വിശുദ്ധ ഖുര്‍ആന്‍. പകരം അതിനെ സൂചനാഗ്രന്ഥം എന്നു വിളിക്കാം.



ഈ സംവിധാനങ്ങളുടെ രഹസ്യം തേടി നാം യാത്രയാകുമ്പോൾ തീർച്ചയായും നാം എത്തിച്ചേരുക അന്യൂനനായ സൃഷ്ടാവിന്റെ സൃഷ്ടി മഹാത്മ്യത്തിലേക്കാണ്. സൃഷ്ടാവിനെ തിരിച്ചറിയുവാനുളള മാർഗ്ഗങ്ങളിൽ ഒന്നായി സൃഷ്ടാവ് തന്നെ ഉൾപ്പെടുത്തിയ ദൃഷ്ടാന്തമാണ് ഈ പ്രപഞ്ചത്തിൽ നിറഞ്ഞു കിടക്കുന്ന അൽഭുതങ്ങൾ. അല്ലാഹുവിന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന അനേകായിരം ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിലെ അത്ഭുത ജീവിയായ മനുഷ്യ ശരീരത്തിൽ തന്നെ ചിന്തിക്കാൻ അനേകമുണ്ട്. അതിസങ്കീര്‍ണമാണ് മനുഷ്യ ശരീരഘടന. ഏകദേശം അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ഇന്ന് ഭൂമുഖത്തുള്ള ജനങ്ങളുടെയും മുൻ കഴിഞ്ഞവരുടെയുമെല്ലാം മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഓരോന്നും വ്യത്യസ്തമാണ്. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളെ കുറിച്ച് പഠനം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളിൽ പറയുന്നു: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ടുമനസ്സിലാക്കുന്നില്ലെന്നോ”. (അദ്ദാരിയാത്ത് : 20, 21). പ്രപഞ്ച ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. അതാവട്ടെ ഒരു സമയം ആധുനിക ശാസ്ത്രത്തിലെ സ്ഥിരപ്പെട്ട സത്യങ്ങളോട് വൈരുദ്ധ്യമായിത്തീരുന്നില്ല. പരസ്പരം യോജിച്ചു പോവുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് മുതല്‍ ആകാശത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയും പര്‍വതങ്ങളെപ്പറ്റിയും ഒട്ടകങ്ങളെപ്പറ്റിയും മഴയെപ്പറ്റിയും ഇടിയെപ്പറ്റിയും മിന്നലിനെ പ്പറ്റിയും എന്നുവേണ്ട മണ്ണിൽ നിന്ന് സസ്യലതാദികൾ മുളപൊട്ടുന്ന കാഴ്ച വരെ ഖുർആൻ മനുഷ്യന് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. ഓരോന്നും ചൂണ്ടിക്കാണിച്ചു തന്ന് അല്ലാഹു മനുഷ്യനോട് ചിന്തിക്കാനാവശ്യപ്പെടുന്നു.



മനുഷ്യൻ കാലങ്ങളായി ആവിഷ്കരിക്കുകയും രൂപീകരിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രങ്ങളിലേക്ക് എല്ലാം പ്രപഞ്ചം എന്ന പുസ്തകവും ഒപ്പം ഖുർആൻ എന്ന പുസ്തകവും കൈപിടിച്ച് ആനയിക്കുന്നുണ്ട്. ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ശാസ്ത്രവിജ്ഞാനീയങ്ങളില്‍ പ്രപഞ്ചത്തെയും മനുഷ്യനെയും ഉള്‍ക്കൊള്ളുന്ന ജ്യോതിശാസ്ത്രം, പ്രപഞ്ചോല്‍പത്തി വിജ്ഞാനം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭ്രൂണശാസ്ത്രം, ഫോസില്‍ പഠനം, പുരാവസ്തു ശാസ്ത്രം, ഭൂഘടനാശാസ്ത്രം, സമുദ്രശാസ്ത്രം, പ്രാണിശാസ്ത്രം, മനുഷ്യശരീര ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ആരോഗ്യശാസ്ത്രം, പ്രകാശ വിജ്ഞാനീയം, പുരാവസ്തു വിജ്ഞാനം, പക്ഷിശാസ്ത്രം, ജല വിജ്ഞാനീയം, ഭൂഗര്‍ഭ ജലവിജ്ഞാനീയം, പാരിസ്ഥിതിക ശാസ്ത്രം, അന്തരീക്ഷ ശാസ്ത്രം തുടങ്ങിയ വിജ്ഞാനീയങ്ങളിലേക്ക് തുറക്കുന്ന കവാടങ്ങൾ ഖുര്‍ആനിലുണ്ട്. എന്നു മാത്രമല്ല പലപ്പോഴും ലോകത്തി നിലവിലുള്ള ധാരണയെ ഒട്ടും മാനിക്കാതെ തികച്ചും വിഭിന്നമായ മറ്റൊരു വഴിയിലൂടെ ഖുർആൻ മനുഷ്യനെ തിരിച്ചു വിടുക കൂടി ചെയ്യുന്നുണ്ട്. അതിനൊക്കെ വലിയ ആധികാരികമായ ധൈര്യം തന്നെ വേണ്ടതുണ്ട്. ഒരു ഉദാഹരണം പറയാം. സൂര്യന് ചുറ്റും വലയം വെക്കുന്ന ഏഴ് നക്ഷത്രങ്ങളെക്കുറിച്ചായിരുന്നു ജാഹിലീ അറബികളും പൗരാണിക ഗോളവിശാരദൻമാരും ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതോടെ അവരുടെ ചര്‍ച്ച പുതിയ ദിശയിലേക്കു തിരിഞ്ഞു. യൂസുഫ് പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു എന്ന് യൂസുഫ് നബിയെ ഉദ്ധരിക്കുമ്പോൾ 7 പതിനൊന്നിലേക്ക് മാറുകയാണ്. എന്നാലോ പിന്നീടത് ശരിയായി അംഗീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ഗോളങ്ങളെ നിരീക്ഷിക്കുന്ന ആധുനിക ടെലസ്‌കോപ്പുകള്‍ പതിനൊന്ന് നക്ഷത്രങ്ങളെ ഭൂമിയോടും ചന്ദ്രനോടും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നു എന്ന് പിന്നീട് അറിവായി. മറ്റൊരു ഉദാഹരണമാണ് ആകാശത്ത് നിന്ന് ഇറക്കപ്പെട്ടതാണ് ഇരുമ്പ് എന്നത്. ഇത് സാമാന്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. ഇതു പറയുമ്പോൾ അത് ഉൾക്കൊള്ളാൻ മാത്രമുള്ള മാനസിക വികാസം അറിവിന്റെ മേഖലയിൽ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇരുമ്പിന്റെ അയിര് ആകാശത്തുനിന്നുമാത്രം ഇറങ്ങുന്ന പ്രത്യേക വസ്തുക്കളില്‍ നിന്നാണ് രൂപപ്പെടുന്നതെന്ന് ശാസ്ത്രം പിന്നീട് കണ്ടെത്തുകയുണ്ടായി. സൂപ്പര്‍നോവ ഉല്‍ക്കകള്‍ പൊട്ടിത്തെറിച്ച് ഭൂമിയിലേക്ക് പതിക്കുന്ന കഠിനമായ ചൂടുള്ള പദാര്‍ത്ഥ കണികകള്‍ ഭൂമിയെ പിളര്‍ത്തി ഉള്ളിലെ ഖനികളിലേക്ക് എത്തിച്ചേരുകയും അവിടെ വെച്ച് സംയോജിച്ച് ഇരുമ്പ് രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തിലെ ആധുനിക ശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍.



ശാസ്ത്രസൂചനകള്‍കൊണ്ടും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കൊണ്ടും ഖുര്‍ആൻ ലക്ഷ്യമാക്കുന്നത് എന്താണ് എന്നും അവയെക്കുറിച്ച് ഇത്രക്കും വിശദമായി സംസാരിക്കുന്നത് എന്തിനാണ് എന്നും ചോദിച്ചാൽ പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ അതിനു പിന്നില്‍ കാണാവുന്നതാണ്. ഒന്നാമത്തേത് സ്രഷ്ടാവിനെ കണ്ടെത്താന്‍ മനുഷ്യനെ സഹായിക്കുക എന്നതാണ്. ഈ അനന്തവിശാലമായ പ്രപഞ്ചം വെറുതെ ഉണ്ടായിവന്നതല്ലെന്നും അതിന് പിന്നിലെല്ലാം കൃത്യമായ ആസൂത്രണവും ആലോചനയും ലക്ഷ്യനിര്‍ണയവും നടന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതിന് പിന്നില്‍ ഒരു അസ്തിത്വം ഉണ്ടെന്നും അവ നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. രണ്ടാമത്തേത് ഖുര്‍ആനിന്റെ ദൈവികത സ്ഥാപിക്കുക എന്നതാണ്.
ഈ വേദ ഗ്രന്ഥവുമായി കടന്നു വന്ന മുഹമ്മദ് നബി(സ) തന്റെ എന്തെങ്കിലും താല്പര്യത്തിന് വേണ്ടി സ്വന്തം ഇഷ്ടപ്രകാം എഴുതിയുണ്ടാക്കിയ ഒന്നല്ല ഖുര്‍ആന്‍ എന്ന് ബോധ്യമാക്കാന്‍ ഇവ പറയുന്നത്. ഖുര്‍ആന്‍ ഒരു മാനുഷിക സൃഷ്ടിയായിരുന്നുവെങ്കിൽ സ്വാഭാവികമായും അത് പ്രസിദ്ധീകരിച്ച കാലത്തെ അബന്ധ സങ്കല്‍പങ്ങള്‍ അതില്‍ തീര്‍ച്ചയായും കാണണമായിരുന്നു. പക്ഷെ, അങ്ങിനെയൊന്നു കണ്ടെത്താനായില്ല എന്നത് മാത്രമല്ല അതിലെ പരാമർശങ്ങളെല്ലാം നിരൂപിക്കാൻ ആവാത്ത പരമമായ സത്യങ്ങളാണ് എന്നും മനുഷ്യന് ബോധ്യമാകുന്നു. പ്രത്യക്ഷത്തിൽ മനുഷ്യന് അംഗീകരിക്കുവാൻ കഴിയാത്ത വല്ലതും വന്നാൽ തന്നെ അത് മനുഷ്യനെ കൊണ്ട് അംഗീകരിക്കുന്ന അനുഭവം കൂടി ഈ ഗ്രന്ഥത്തോട് ചേർന്ന് നിൽക്കുമ്പോൾ ഈ ഗ്രന്ഥം ദൈവീകമാണ് എന്ന് അംഗീകരിക്കാതിരിക്കുവാൻ ആർക്കും കഴിയാതെ വരും.



മൂന്നാമത്തേത് ഈ പ്രതിഭാസങ്ങൾ ഓരോന്നും മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുവാനും അതുവഴി ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാൻ മനുഷ്യനെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അനേകം കോടി അനുഗ്രഹങ്ങളെ കുറിച്ച് ഖുര്‍ആന്‍ അനുസ്മരിക്കുന്നുണ്ട്. അവയെല്ലാം നിങ്ങള്‍ ഏതേത് സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെയായാലും നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുകയില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ഭൂമി, ആകാശം, മഴ, കാറ്റ് , മിന്നല്‍, സസ്യങ്ങള്‍, ജീവജാലങ്ങള്‍, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം എന്ന് തുടങ്ങി അനേകം മേഖലകളെ കുറിച്ച് കുറിച്ച് ചിന്തിക്കുവാന്‍ കൂടി ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിലൂടെ സൃഷ്ടാവായ അല്ലാഹുവിനെ സ്തുതിക്കുവാനും നന്ദിയുള്ളവരാവാനും വേണ്ടയാണ് ഇപ്രകാരം വിവരിക്കുന്നത്. പരലോക ചിന്തയെ ഉണര്‍ത്താന്‍ വേണ്ടി എന്നതാണ് നാലാമത്തേത്. ഇത്രയും കൃത്യമായി പ്രപഞ്ചത്തെയും അതിസൂഷ്മമായി മനുഷ്യനെയും മനുഷ്യന്റെ വിരലടയാളം പോലും കണിശമായും സൃഷ്ടിക്കുവാന്‍ അല്ലാഹുവിന് സാധിക്കുമെങ്കില്‍ എന്തു കൊണ്ട് മരിച്ചു മണ്‍മറഞ്ഞാലും ദൈവത്തിന് പുന:സൃഷ്ടി സാധ്യമാകില്ല? വറ്റി വരണ്ടുണങ്ങിയ ഭൂമിയില്‍ തെളിനീരിറങ്ങുന്നതോടെ മൃതമായി കിടക്കുന്ന ഭൂമി സജീവമാകുന്നതിനെ ഉദാഹരിച്ചു കൊണ്ട് ഖുര്‍ആന്‍ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത്, എന്തു കൊണ്ട് ദൈവത്തിന് പുന:സൃഷ്ടി സാധ്യമല്ലെന്നതാണ്. നിങ്ങളെ സൃഷ്ടിക്കുന്നതാണോ അതല്ല ഈ അണ്ഡകടാഹം സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസം എന്ന ഖുര്‍ആനിന്റെ ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്.
.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso