വിരൽ തുമ്പിലുണ്ട് എല്ലാം
30-11-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
മനുഷ്യ സംസ്കാരത്തിന്റെ മടിത്തട്ട് എന്ന് പല വായനകളിലും ഈജിപ്തിനെ വിശേഷിപ്പിക്കാറുണ്ട്. അതിനെ അന്വർഥമാക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. മനുഷ്യൻെറ മുമ്പിൽ ആഴമേറിയ ശാസ്ത്ര ചിന്തകളുടെ വാതായനങ്ങൾ തുറന്നിടുകയും അതിലേക്ക് മനുഷ്യ ചിന്തയെ ആഗിരണം ചെയ്യുകയും ചെയ്തു എന്നതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അത്. ഈജിപ്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ മമ്മികൾ ആണ് ശാസ്ത്രത്തെ ഇന്നും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ണിനടിയിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം കണ്ടെടുക്കപ്പെടുന്ന ഈ ശവശരീരങ്ങൾ പുതിയ മനുഷ്യനെ പലതും പഠിപ്പിക്കുന്നുണ്ട്. മരിച്ച വ്യക്തിയുടെ മൃതദേഹം കേടുവരാതെ എമ്പാം ചെയ്തുവെക്കാനുള്ള വിദ്യ മുതൽ മൈലാഞ്ചിയുടെ വിദ്യ വരെ അതിൽ ഉൾക്കൊള്ളുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനമായി ഒരുകാലത്ത് അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് എന്തുകൊണ്ടാണ് മമ്മികളുടെ വിരലടയാളങ്ങൾക്ക് ഇത്ര വർഷമായിട്ടും മാറ്റം വരാത്തത് എന്ന ചിന്ത. ഇങ്ങനെ ആദ്യമായി ചിന്തിച്ചത് അർജൻറീനയിലെ ജുവാൻ യുസൈറ്റിച്ച് (1858-1925) എന്ന ശാസ്ത്രജ്ഞൻ ആയിരുന്നു. അദ്ദേഹം പക്ഷേ, ഈ വിഷയത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ആൾ ആയിരുന്നില്ല. നേരത്തെ പലരും ചിന്തിച്ചു വെച്ച ചിന്തയുടെ ജ്വാല മമ്മികളെ കുറിച്ചുള്ള നിരീക്ഷണം പുറത്തു വന്നപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ ഉണർന്നു എന്നു മാത്രം. 1880 ൽ ഫ്രാൻസിസ് ഗാൾട്ടനെന്ന ശാസ്ത്ര പ്രതിഭയായിരുന്നു വിരലടയാളങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ ആദ്യ വ്യക്തി. ഇദ്ദേഹം ചാൾസ് ഡാർവ്വിന്റെ ഒരു സഹോദരനായിരുന്നു. ഓരോ വ്യക്തിയുടെയും വിരലടയാളങ്ങൾ വ്യത്യസ്ഥമാണ് എന്നദ്ദേഹം കണ്ടെത്തി.
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വിരലടയാളങ്ങളെകുറിച്ച് ഗൗരവതരമായ പഠനങ്ങള്‍ ആരംഭിച്ചിരുന്നു. മാര്‍ക് ട്വൈന്‍ തന്റെ ഒരു നോവലില്‍ കഥാനായകന്‍ തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടെത്തിയത് വിരലടയാളം നോക്കിയാണെന്ന്‍ എഴുതിവച്ചു. മനുഷ്യരില്‍ ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണതെന്നും ഒരാളിന്റെതില്‍ നിനും വ്യത്യസ്തമായിരിക്കും മറ്റൊരാളിന്റെ വിരല്‍പ്പാടും എന്നുമെഴുതി. അതുപോലെ തന്നെ ഷെര്‍ലക് ഹോംസ് കഥകളില്‍ വിരലടയാളത്തിലൂടെ കുറ്റവാളിയെ തിരിച്ചറിയാമെന്ന്‍ ഹോംസിനെ ക്കൊണ്ട് കോനന്‍ ഡോയലും പ്രവചിച്ചു. സാഹിത്യകാരൻമാരുടെ ഇത്തരം കോറിയിടലുകളും ചിന്തകളും ഇതിൽ മുന്നോട്ടു പോകാൻ ഉള്ള പ്രചോദനം നൽകി. ഇവ തുറന്നിട്ട വഴിയിലൂടെ മുന്നോട്ടു പോയി ഈ വ്യതിരിക്തത കുറ്റാന്വേഷണ മേഖലയുമായി ശാസ്ത്രീയമായി ബന്ധിപ്പിക്കുവാൻ കഴിഞ്ഞാൽ അത് വലിയ ഉപകാരമായിത്തീരും എന്നു കണ്ട അദ്ദേഹം ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുകയുണ്ടായി. ഇതിനു വേണ്ടി അദ്ദേഹം നടത്തിയ എട്ടു വർഷത്തെ പരീക്ഷണങ്ങളെ മുൻനിർത്തി 1884ൽ അദ്ദേഹം 'വിരലടയാളം' എന്ന പേരിൽ ഒരു പുസ്തകം രചിച്ചു. എന്നാൽ, ഈ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചില്ല.
ഇതിനിടെ വിരലടയാളങ്ങളില്‍ നിന്നും അതിന്റെ ഉടമയെ കണ്ടെത്താമെന്ന്‍ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ സബ് കളക്ടറായി ജോലി നോക്കിയ വില്യം ഹെര്‍ഷല്‍ എന്ന യൂറോപ്യന്‍ ആയിരുന്നു. ഗ്രാമീണരുടെ വിരല്‍പ്പാടുകള്‍ മേശമേല്‍ പതിഞ്ഞതു ശ്രദ്ധിച്ച് അതില്‍ ഹരം കയറിയ ഹെര്‍ഷല്‍ വിരല്‍പ്പാടുകളെകുറിച്ച് പഠനമാരംഭിച്ചു. ഗ്രാമീണരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചെടുത്ത് അവയെ പഠിച്ചപ്പോള്‍ ആ വിരലടയാളങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന്‍ കണ്ടെത്തി. അതോടെ കൂടുതല്‍ ശ്രദ്ധ വിരലടയാളങ്ങളെക്കുറിച്ചുള്ള പഠനത്തിനായി നല്‍കി. വിരലടയാളങ്ങളില്‍ നിന്നും കൃത്യമായി ആള്‍ക്കാരെ മനസ്സിലാക്കാമെന്നും അതുവഴി കുറ്റവാളികളെ കണ്ടെത്താമെന്നു മനസ്സിലായ ഹെര്‍ഷല്‍ നാലഞ്ചുമാസം കഴിഞ്ഞ് അതിനെകുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി തന്റെ മേലധികാരിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പ്രബന്ധം ചവറ്റുകുട്ടയിലെറിയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഈജിപ്ഷ്യൻ മമ്മികൾ പഠന വിഷയമാകുന്നത് അവയുടെ വിരൽ അടയാളത്തെ കുറിച്ച് ജുവാൻ യുസൈറ്റിച്ച് (1858-1925) എന്ന ശാസ്ത്രജ്ഞൻ വിശദമായ പഠനങ്ങൾ നടത്തി. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് മമ്മികളുടെ വിരലടയാളങ്ങൾ മാറാത്തതെന്ന ചോദ്യമായിരുന്നു അദ്ദേഹത്തിനു മുന്നിൽ. വളരെ നിഗൂഢത നിറഞ്ഞതും അതിലേറെ സങ്കീർണ്ണവുമായതുമായിരുന്നു ഈ കണ്ടെത്തലുകളെ വിളക്കി ചേർക്കുവാൻ വേണ്ട വഴി. അതിനാൽ ജുവാൻ യുസൈറ്റിച്ചിനും ഇത് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. പക്ഷേ, അത് അപ്പോഴേക്കും ശാസ്ത്രത്തിന്റെ മേശപ്പുറത്ത് വലിയ ഒരു സാധ്യതയായി സ്വത്വം പ്രാപിച്ചു കഴിഞ്ഞിരുന്നു. അതിനാൽ പിന്നീട് എഡ്വേർഡ് ഹെൻട്രിയാണ് (1850-1931) വിരലടയാളത്തെ കുറ്റാന്വേഷണ ശാസ്ത്രവുമായി ബന്ധിപ്പിച്ചത്. ഇതോടെ ലോകത്തെ കുറ്റാന്വേഷണത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞു യാതൊരു തുമ്പും അവശേഷിക്കാതെ വിദഗ്ധമായി ഒളിപ്പിച്ചു ചെയ്ത കാര്യങ്ങൾ പോലും അനായാസം കണ്ടെത്തുവാൻ ഇതു വഴിയൊരുക്കി.
ലോകത്തുള്ള ഏത് രണ്ട് വ്യക്തികളെടുത്താലും ഒരേ രീതിയിലുള്ള വിരലടയാളം ദര്‍ശിക്കുക സാധ്യമല്ല. ഇക്കാരണത്താലാണ് ലോകത്തെല്ലായിടത്തുമുള്ള പോലീസ് സേന കുറ്റവാളികളെ കണ്ടെത്തുന്നതിനായി വിരലടയാളം ഉപയോഗികുന്നത്. ഈജിപ്തിലെ മമ്മികൾ എംബാം ചെയ്യപ്പെട്ടതിനാൽ അവയുടെ വിരലുകളിലെ അടയാളങ്ങൾ അതേപടി ഇപ്പോഴും നിൽക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത്
മരിച്ചുകഴിഞ്ഞാൽ തൊലി നശിക്കുന്നതുവരെയും വിരലടയാളങ്ങൾ നശിക്കില്ല എന്നാണ്. ഇനി ഇത് എത്രമാത്രം കുറ്റമറ്റതാണ്, ആധികാരികമാണ് എന്ന് നോക്കാം. നിലത്തോ പരുപരുത്ത പ്രതലത്തിലോ ശക്തമായി ഉരസി ഈ വര മാറ്റാൻ കഴിയില്ല. അപ്രകാരം തന്നെ ശസ്ത്രക്രിയയിലൂടെ ശാസ്ത്രീയമായും ഈ തൊലിയടയാളങ്ങൾ മാറ്റാൻ കഴിയില്ല. സത്യത്തിൽ ആധുനിക വൈദ്യശാസ്ത്രം ഇപ്പോൾ ഒരു മനുഷ്യൻെറ ഏത് ഭാഗത്തുള്ള തൊലിയും മാറ്റുവാനും പകരം വെക്കുവാനും എല്ലാം വേണ്ട ടെൽനോളജി വികസിപ്പിച്ചിരിക്കുന്നു. പക്ഷേ ആ വഴിക്ക് പോലും വിരലടയാളങ്ങളെ മാറ്റാൻ കഴിയില്ല എന്നിടത്താണ് അതിന്റെ ആധികാരികത കുടികൊള്ളുന്നത്. ശസ്ത്രക്രിയ ചെയ്തോ മറ്റോ വിരലടയാളത്തെ ഒരിക്കലും തന്നെ നമുക്ക് മായ്ചുകളയാൻ കഴിയില്ല. ഉദാഹരണത്തിന് വിരൽപ്പുറത്തെ തൊലി കളഞ്ഞാൽ വിരലടയാളം താൽക്കാലികമായി ഇല്ലാതാക്കാൻ കഴിയുമെങ്കിലും, തുടർന്ന് വരുന്ന തൊലിയിൽ അതുണ്ടാവും. ഒരു മൈേക്രാസ്കോപ്പെടുത്ത് വിരൽ പരിശോധിച്ചാൽ അകം തൊലിയിൽ വിരൽപ്പാടുകൾ തെളിഞ്ഞുകാണാൻ കഴിയും. ഗർഭാശയത്തിനുള്ളിൽ കുഞ്ഞിന് മൂന്നു മാസമാകുമ്പോൾ വിരലിൽ ഈ രേഖകൾ പ്രത്യക്ഷപ്പെടും. പിന്നെ വളർച്ചയുടെ ഘട്ടങ്ങൾ പോലും ഈ അടിസ്ഥാന അടയാളങ്ങളെ സ്വാധീനിക്കില്ല എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ കൗതുകം. വിരലടയാള ശാസ്ത്രത്തിന് ഡക്ടിലോഗ്രഫി (Dactylography) എന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രീക് പദമാണിത്. ഡക്ടിലിസ് എന്നാൽ ഗ്രീക്കിൽ വിരൽ എന്നു പറയും.
പുരാതന ബാബിലോണിയക്കാരാണ് ലോകത്താദ്യമായി വിരലടയാളം ഉപയോഗിച്ചുതുടങ്ങിയത് എന്നാണ് ചരിത്രം. ബാബിലോണിയ ഭരിച്ചിരുന്ന ഹമുറാബി ചക്രവർത്തി തന്റെ രാജ്യശാസനകളുടെ രേഖകളിൽ കൈമുദ്ര പതിപ്പിച്ചിരുന്നതായാണ് ചരിത്രം. ബാബിലോണിയയിലെ ഒന്നാം രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഹമ്മുറാബി. പിതാവായ സിൻ-മുബാലിറ്റിനു (Sin-Muballit) ശേഷം ബി.സി. 1792 മുതൽ ബി.സി. 1750 വരെ ബാബിലോണിയയിലെ രാജാവായി. അറിവും യുക്തിയും വിശ്വാസവും ഒരേ പോലെ പരിഗണിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഹമ്മുറാബി. ജപ്പാൻകാരും ചൈനക്കാരും വിരലടയാളം പണ്ടേ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിൽ കുറ്റവാളികളുടെ വിരൽപ്പാടുകൾ കുറ്റപത്രത്തിൽ പതിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ചൈനയിൽ നടത്തിയ ചില ഉദ്ഖനനങ്ങളിൽ കണ്ടെത്തിയ ചെമ്പ് തകിടിലും വിരലടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. അക്കാലത്തൊക്കെയും അത് കേവലം ഒരു ഒപ്പ് എന്ന അർത്ഥത്തിൽ മാത്രമായിരിക്കും കരുതപ്പെട്ടിരിക്കുക എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. ഇന്നത്തേത് പോലെ അക്ഷരങ്ങളും രൂപങ്ങളും ചേർത്ത് മനോഹരമായ ഒപ്പുകൾ ചാർത്താനുള്ള കഴിവോ വിദ്യയോ ആവശ്യമോ ആ കാലഘട്ടത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെയായിരിക്കണം ആ കാലഘട്ടത്തിലൊന്നും വിരൽ അടയാളം ഒരത്ഭുതമായി ചരിത്രാൽ ചരിത്ര അധ്യായങ്ങളിൽ എവിടെയും വരാതിരുന്നത്.
നമ്മുടെ ടെക്നോളജിയിൽ സാധാരണമാണ് വിവിധ കോഡുകൾ. അവയിൽ ആദ്യത്തേത് ബാർക്കോഡുകളായിരിക്കും. 1948-ലാണ് ബാർകോഡിന്റെ ആദ്യകാല രൂപം ജന്മമെടുക്കുന്നത്. ഒരിക്കൽ ഒരു കടയുടമ തന്റെ കടയിൽ വരുന്ന ഉത്പ്പന്നങ്ങളുടെ വിവരങ്ങൾ യാതൊരു പ്രയാസവും കൂടാതെ വായിച്ചെടുക്കാനുള്ള സമ്പ്രദായം നിർമ്മിക്കാൻ വല്ലവഴിയുമുണ്ടോയെന്ന് ചോദിച്ച് അമേരിക്കയിലെ ഫിലാഡെൽഫിയയിലെ ഡ്രെക്സൽ ഇൻസറ്റിറ്റ്യൂട്ടിൽ എത്തുകയും അവിടത്തെ ടെക്കികളുമായി ആശയവിനിമയം നടത്തുകയും വഴി തുടങ്ങിവെച്ച ഒരു നീക്കത്തിന്റെ വിജയമായിരുന്നു ബാർക്കോഡുകൾ. ഇത് വസ്തുക്കളെ വർഗ്ഗീകരിക്കുവാൻ ഉള്ളതാണ്. ഇതിനു ശേഷം ഈ ശ്രേണിയിൽ പിന്നീട് ഉണ്ടായതാണ് ക്യൂ ആർ കോഡുകൾ. ക്യൂ.ആർ. ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ.ആർ.കോഡ് എന്നു വിളിക്കുന്നത്. വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു.ആർ. കോഡുകൾ സാധാരണ ഉണ്ടാക്കുന്നത്. സാധാരണ എഴുത്തുകൾ, യു.ആർ.എൽ., മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്. അതായത് ക്യൂ ആർ കോഡുകൾ പ്രധാനമായും ഡാറ്റ റീഡ് ചെയ്യാനുള്ളതാണ്. ഇവയെല്ലാം കുറ്റമറ്റതാണ് എന്ന് നാം കരുതുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ചെറിയ ലാഗിംഗ് പോലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ട് എന്നത് അവിതർക്കിതമാണ്. ഒരുപാട് പേർ ഒന്നിച്ച് ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും സാങ്കേതിക വൈകലും മറ്റും നാം അനുഭവിക്കുന്നതാണ്.
എന്നാൽ വിരലടയാളം അങ്ങനെ ഒരു കേവല കോഡല്ല. അത് ഈ പ്രപഞ്ചത്തിൽ വന്നതും വരാനിരിക്കുന്നതുമായ ഓരോ മനുഷ്യനെയും വേർതിരിക്കുന്നുണ്ട്. ഈ ലോകത്ത് വന്നതും വരാനിരിക്കുന്നതുമായ മനുഷ്യർ എന്നു പറയുമ്പോൾ അത് ഒരു നിലക്കും എണ്ണിക്കണക്കാക്കുവാൻ കഴിയാത്ത ഒരു സംഖ്യയാണ്. ഇത്രയും എണ്ണം മനുഷ്യർ ഉണ്ടെങ്കിൽ അതിൽ ഏതെങ്കിലും രണ്ടു മനുഷ്യരുടെ വിരലടയാളം ഒരുപോലെ ആകാൻ ഉള്ള സാധ്യത വളരെ കുറവാണ് എന്നും അല്ലെങ്കിൽ ഇതുവരെ അങ്ങനെയൊന്ന് റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല എന്നും അറിയുമ്പോഴാണ് ഈ ഐഡിന്റിഫിക്കേഷൻ കോഡിന്റെ ശാസ്ത്രീയ ശക്തി നാം തിരിച്ചറിയുന്നത്. ഈ ശക്തിയുടെ രഹസ്യം തേടി നാം യാത്രയാകുമ്പോൾ തീർച്ചയായും നാം എത്തിച്ചേരുക അന്യൂനനായ സൃഷ്ടാവിന്റെ സൃഷ്ടി മഹാത്മ്യത്തിലേക്കാണ്. സൃഷ്ടാവിനെ തിരിച്ചറിയുവാനുളള മാർഗ്ഗങ്ങളിൽ ഒന്നായി സൃഷ്ടാവ് തന്നെ ഉൾപ്പെടുത്തിയ ഒരു ദൃഷ്ടാന്തമാണ് അൽഭുതങ്ങളുടെ കലവറയാണ് മനുഷ്യശരീരം. അല്ലാഹുവിന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിലെ അത്ഭുത ജീവിയായ മനുഷ്യ ശരീരത്തിൽ തന്നെ ചിന്തിക്കാൻ അനേകമുണ്ട്. അതിസങ്കീര്‍ണമാണ് മനുഷ്യ ശരീരഘടന. ഏകദേശം അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ഇന്ന് ഭൂമുഖത്തുള്ള ജനങ്ങളുടെയും മുൻ കഴിഞ്ഞവരുടെയുമെല്ലാം മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഓരോന്നും വ്യത്യസ്തമാണ്. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളെ കുറിച്ച് പഠനം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളിൽ പറയുന്നു: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ടുമനസ്സിലാക്കുന്നില്ലെന്നോ”. (അദ്ദാരിയാത്ത് : 20, 21) “അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും സംവിധാനിച്ചവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.” (അൽ മുഅമിനൂൻ: 78). അവയിലൊന്നാണ് വിരലയാളം. അതും അല്ലാഹു വിശുദ്ധ ഖുർആനിൽ സൂചിപിച്ചിട്ടുണ്ട്.
അത് ഏറെ ഖണ്ഡിതമായ സ്വരത്തിലാണ് ഈ വിഷയം അല്ലാഹു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ." [75: 3,4] മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നതെങ്ങിനെയെന്ന്‍ അവിശ്വാസികള്‍ വാദിക്കാറുണ്ട്. എന്നാല്‍ മരിച്ചവരുടെ എല്ലുകളെ ഒരുമിച്ച് കൂട്ടുക മാത്രമല്ല, അവരുടെ വിരലടയാളം പോലും അതേപടി അതേ പടി പൂര്‍ണ്ണമായും പുനസൃഷ്ടിക്കുവാന്‍ കൂടി സാധിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹു പ്രഖ്യാപിക്കുന്നു. അതോടെ അത് ദൈവാസ്തിക്യത്തിന്റെയും ഒപ്പം വിശുദ്ധ ഖുർആനിന്റെ അമാനുഷികതയുടെയും മറ്റൊരു തെളിവായി മാറുന്നു.
.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso